സുജാത പാടിയ ആദ്യ സിനിമാഗാനം

യുവത്വത്തിലേക്കു കടക്കുമ്പോൾതന്നെ വലിയ സാമ്പത്തികനഷ്ടം വരുത്തിവെച്ച തൃശൂർ സ്വദേശിയായ പി. രാമദാസിന് തുടർന്നുള്ള ജീവിതം അത്ര സമാധാനപരമായിരുന്നില്ല. എന്നിട്ടും ആദ്യചിത്രം നിർമിച്ച് 20 വർഷങ്ങൾക്കു ശേഷം ഒരു സിനിമകൂടി നിർമിക്കാൻ അദ്ദേഹം തയാറായി. അപ്പോഴും താരമൂല്യമുള്ള ഒരു കച്ചവട സിനിമ നിർമിക്കാൻ അദ്ദേഹം ശ്രമിച്ചില്ല –സംഗീതയാത്രയിൽ പി. രാമദാസും സുജാതയും കടന്നുവരുന്നു. 1975 ഏപ്രിൽ 25ന് കേരളത്തിലെ തിയറ്ററുകളിൽ പ്രദർശനമാരംഭിച്ച ‘നിറമാല’ എന്ന ചിത്രം നിർമിച്ചതും സംവിധാനം ചെയ്‌തതും തൃശൂർ സ്വദേശിയായ പി. രാമദാസ് ആണ്. ഇരുപതോ ഇരുപത്തൊന്നോ വയസ്സുള്ളപ്പോഴാണ് പി. രാമദാസ് ‘ന്യൂസ്‌പേപ്പർ ബോയ്’...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
യുവത്വത്തിലേക്കു കടക്കുമ്പോൾതന്നെ വലിയ സാമ്പത്തികനഷ്ടം വരുത്തിവെച്ച തൃശൂർ സ്വദേശിയായ പി. രാമദാസിന് തുടർന്നുള്ള ജീവിതം അത്ര സമാധാനപരമായിരുന്നില്ല. എന്നിട്ടും ആദ്യചിത്രം നിർമിച്ച് 20 വർഷങ്ങൾക്കു ശേഷം ഒരു സിനിമകൂടി നിർമിക്കാൻ അദ്ദേഹം തയാറായി. അപ്പോഴും താരമൂല്യമുള്ള ഒരു കച്ചവട സിനിമ നിർമിക്കാൻ അദ്ദേഹം ശ്രമിച്ചില്ല –സംഗീതയാത്രയിൽ പി. രാമദാസും സുജാതയും കടന്നുവരുന്നു.
1975 ഏപ്രിൽ 25ന് കേരളത്തിലെ തിയറ്ററുകളിൽ പ്രദർശനമാരംഭിച്ച ‘നിറമാല’ എന്ന ചിത്രം നിർമിച്ചതും സംവിധാനം ചെയ്‌തതും തൃശൂർ സ്വദേശിയായ പി. രാമദാസ് ആണ്. ഇരുപതോ ഇരുപത്തൊന്നോ വയസ്സുള്ളപ്പോഴാണ് പി. രാമദാസ് ‘ന്യൂസ്‌പേപ്പർ ബോയ്’ എന്ന നിയോറിയലിസ്റ്റ് ചിത്രം നിർമിച്ച് സംവിധാനംചെയ്തത്. യുവത്വത്തിലേക്കു കടക്കുമ്പോൾതന്നെ വലിയ സാമ്പത്തികനഷ്ടം വരുത്തിവെച്ച ആ സാഹസികന് തുടർന്നുള്ള ജീവിതം അത്ര സമാധാനപരമായിരുന്നില്ല. എന്നിട്ടും ആദ്യചിത്രം നിർമിച്ച് ഇരുപതു വർഷങ്ങൾക്കുശേഷം ഒരു സിനിമകൂടി നിർമിക്കാൻ അദ്ദേഹം തയാറായി. അപ്പോഴും താരമൂല്യമുള്ള ഒരു കച്ചവടസിനിമ നിർമിക്കാൻ അദ്ദേഹം ശ്രമിച്ചില്ല. ഉപാസന എന്ന ബാനറിൽ നിർമിച്ച ‘നിറമാല’ എന്ന സിനിമക്ക് സ്വാഭാവികമായും വിതരണക്കാരെ ലഭിച്ചില്ല. ഉപാസന എന്ന കമ്പനിയുടെ പേരിൽ രാമദാസ് തന്നെ തന്റെ സിനിമ തിയറ്ററുകളിൽ എത്തിച്ചു. വീണ്ടും അദ്ദേഹത്തിന് സാമ്പത്തിക നഷ്ടമുണ്ടായി. കെ.ബി. ശ്രീദേവിയുടെ ഒരു നോവലിനെ അടിസ്ഥാനമാക്കിയാണ് ‘നിറമാല’ എന്ന ചിത്രം നിർമിച്ചത്. ആലപ്പി ഷെരീഫ് തിരനാടകം തയാറാക്കി. ഷെരീഫും പി. രാമദാസും ചേർന്ന് സംഭാഷണം എഴുതി.
അർജുനൻ സംഗീതസംവിധാനം നിർവഹിച്ച ‘നിറമാല’യുടെ പ്രധാന ഗാനരചയിതാവ് യൂസഫലി കേച്ചേരിയായിരുന്നു. സംവിധായകൻ പി. രാമദാസും ഒരു ഗാനം രചിക്കുകയുണ്ടായി.
രാഘവൻ, രവിമേനോൻ, ലത, സുജാത, സുകുമാരി, കെ.പി.എ.സി ലളിത, പ്രേംജി, നെല്ലിക്കോട് ഭാസ്കരൻ, ജമീലാ മാലിക്, ക്ഷേമാവതി, ശാന്താദേവി തുടങ്ങിയവർ ചിത്രത്തിൽ അഭിനയിച്ചു.
ചിത്രത്തിലെ ആറു ഗാനങ്ങളിൽ അഞ്ചെണ്ണവും രചിച്ചത് യൂസഫലിയാണ്. ആറാമത്തെ ഗാനം ഇംഗ്ലീഷിലാണ്. ഈ ഇംഗ്ലീഷ് ഗാനമാണ് പി. രാമദാസ് എഴുതിയത്.
‘‘ഇന്നലെയെന്ന സത്യം മരിച്ചു/ നാളെയെന്ന മിഥ്യയോ പിറന്നില്ല/ ഇന്നിന്റെ മുമ്പിൽ വെറുതേ/ കണ്ണീരും കയ്യുമായ്/ ഇനിയും നിൽക്കുവതെന്തേ/ എല്ലാ മോഹവും പൂത്തുവിടർന്നാൽ/ ഈശ്വരനെവിടെ, വിധിയെവിടെ’’ എന്ന ഗാനം യേശുദാസ് ആലപിച്ചു. യേശുദാസ് പാടിയ രണ്ടാമത്തെ ഗാനം ‘‘കണ്ണീരിൻ കവിതയിതേ’’ എന്ന് തുടങ്ങുന്നു. ‘‘കണ്ണീരിൻ കവിതയിതേ/ കര കവിയും കദനമിതേ/ വേർപാടിൻ വേദിയിതേ/ വേദന തൻ വേദമിതേ...’’
ആദ്യ ചരണം ഇങ്ങനെ: ‘‘തിരതല്ലും ഹൃദതമിതേ/ തിരിയണയും ദീപമിതേ/ ആത്മാവിൻ നാദമിതേ/ അന്ത്യമാം ഗീതമിതേ ...’’ പി. ജയചന്ദ്രൻ പാടിയ ഗാനമിതാണ്: ‘‘പറയാൻ നാണം പറയാതിരുന്നാൽ/ കരളിനകത്തൊരു തീനാളം/ പ്രാണസഖീ എൻ മൗനാനുരാഗം/ പ്രേമലേഖനമായ് വിടർന്നു -ഒരു/ കാമലേഖനമായ് വിടർന്നു...’’
പ്രേമഗാനം ഇങ്ങനെ തുടരുന്നു: ‘‘അനുരാഗദൂതിനു വാക്കുകളാകും/ അരയന്നങ്ങൾക്കു നാണം/ പറയാതെയറിയാൻ വഴിയൊന്നും ഈശ്വരൻ/ അരുളീല, ഞാനെന്തു വേണം -സഖീ/പരവശൻ ഞാനെന്തു വേണം...’’
മാധുരി പാടിയ ‘‘മൊട്ടുവിരിഞ്ഞു’’ എന്ന ഗാനം പുതുമയുള്ളതാണ്. ‘‘മൊട്ടു വിരിഞ്ഞു മലർമൊട്ടു വിരിഞ്ഞു/ മാരൻ തൊട്ടപ്പൊളെൻ കുഞ്ഞാറ്റോല പെണ്ണേ/ നിൻ കവിളിൽ മൊട്ടു വിരിഞ്ഞു/ ടിങ്ക ടിങ്ക ടിങ്ക ടിങ്ക ടിങ്ക ടിങ്ക ടോയ്/ ടിങ്ക ടിങ്ക ടിങ്ക ടിങ്ക ടിങ്ക ടിങ്കടോയ് -ഹോയ്’’ എന്നിങ്ങനെ ആരംഭിക്കുന്ന ഗാനം.
പത്മനാഭൻ (ഉദയൻ) ആലപിച്ച പാരഡി ഗാനം ഇങ്ങനെ ആരംഭിക്കുന്നു: ‘‘പോനാൽ പോകട്ടും പോടാ/ ഈ പരീക്ഷയിൽ മുഴുവൻ/ ജയിച്ചവൻ ആരെടാ/ പോനാൽ പോകട്ടും പോടാ...’’
സംവിധായകൻ രാമദാസ് രചിച്ച ഇംഗ്ലീഷ് ഗാനം എൽ.ആർ. ഈശ്വരിയും സംഘവുമാണ് പാടിയത്. അതിന്റെ പല്ലവി ഇംഗ്ലീഷിൽതന്നെ കൊടുക്കുന്നു: ‘‘There was a tree/ The tree was on the valley/ And the green grass grew/ And the green grass grew around...’’
തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ ‘നിറമാല’ എന്ന സിനിമ സാമ്പത്തികവിജയം നേടിയില്ല. ‘ന്യൂസ് പേപ്പർ ബോയ്’ എന്ന സിനിമ നൽകിയ സൽപ്പേര് നിലനിർത്താനും രാമദാസിന് കഴിഞ്ഞില്ല.

സുജാത മോഹൻ
പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ‘സ്വയംവരം’ എന്ന സിനിമയിൽ തിരക്കഥാരചനയിലും സംവിധാനത്തിലും അടൂർ ഗോപാലകൃഷ്ണന്റെ സഹായിയായിരുന്ന കെ.പി. കുമാരൻ സ്വന്തമായി സംവിധാനം നിർവഹിച്ച പ്രഥമ കഥാചിത്രമാണ് ‘അതിഥി’. അതിനുമുമ്പ് അദ്ദേഹം ചില ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും സംവിധാനംചെയ്തിട്ടുണ്ട്. ‘അതിഥി’ എന്ന ചിത്രത്തിന് കഥയും തിരനാടകവും സംഭാഷണവും രചിച്ചത് കെ.പി. കുമാരൻതന്നെ. രചന ഫിലിംസിന്റെ പേരിൽ എം.പി. രാമചന്ദ്രനാണ് സിനിമ നിർമിച്ചത്. ഷീല, കൊട്ടാരക്കര ശ്രീധരൻ നായർ, പി.ജെ. ആന്റണി, ബാലൻ കെ. നായർ, സന്ധ്യ, ശാന്താദേവി, പി.കെ. വേണുക്കുട്ടൻ നായർ, കെ.പി.എ.സി സണ്ണി തുടങ്ങിയവരാണ് അഭിനേതാക്കൾ. വയലാർ എഴുതി ദേവരാജൻ ഈണം പകർന്ന മൂന്നു പൂർണ ഗാനങ്ങളും ഒരു ഗാനശകലവും ചിത്രത്തിലുണ്ടായിരുന്നു. യേശുദാസ് പാടിയ ‘‘സീമന്തിനീ നിന്റെ ചൊടികളിലാരുടെ പ്രേമമദസ്മേരത്തിൻ സിന്ദൂരം..?’’ എന്നു തുടങ്ങുന്ന ഗാനം ജനപ്രീതി നേടി.
‘‘സീമന്തിനീ.../ സീമന്തിനീ നിൻ ചൊടികളിലാരുടെ/ പ്രേമമദസ്മേരത്തിൻ സിന്ദൂരം/ ആരുടെ കൈ നഖേന്ദുമരീചികളിൽ കുളി-/ച്ചാകെ തളിർത്തു നിൻ കൗമാരം...’’ ചരണം ഇങ്ങനെ തുടങ്ങുന്നു: ‘‘വെൺചിറകൊതുക്കിയ പ്രാവുകൾപോലുള്ള/ ചഞ്ചല പദങ്ങളോടെ/ നീ മന്ദം മന്ദം നടക്കുമ്പോൾ/ താനേ പാടുമൊരു/ മൺ വിപഞ്ചികയീ ഭൂമി/ എന്നെയതിൻ മാറിലെ ഇഴകളാക്കൂ/ എന്നെ നിന്നനുരാഗ പല്ലവിയാക്കൂ...’’
മാധുരി ആലപിച്ച ഗാനമിങ്ങനെ ആരംഭിക്കുന്നു: ‘‘തങ്കത്തിങ്കൾ താഴികക്കുടമുള്ള നഗരം/ സങ്കൽപങ്ങൾക്കു ചിറകുകൾ നൽകിയ/ സ്വപ്നനഗരം/ ആയിരം മുഖമുള്ള/ മുഖം തോറുമഴകുള്ള/ മായാനഗരം...’’
അയിരൂർ സദാശിവൻ, മനോഹരൻ, തോമസ്, ചിറയിൻകീഴ് സോമൻ എന്നീ ഗായകർ ചേർന്നു പാടിയ ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘അഹം ബ്രഹ്‌മാസ്‌മി ബ്രഹ്‌മാസ്‌മി ബ്രഹ്‌മാസ്‌മി/ വ്യാമോഹം എല്ലാമെല്ലാമൊരു വ്യാമോഹം/ ഇരുട്ടിന്റെ ചാക്കിലെ ഇല്ലത്തെ പൂച്ചയെ/ തിരയുന്നോരന്ധന്റെ വ്യാമോഹം...’’ ആദ്യചരണം ഇങ്ങനെ: ‘‘എന്റെ മനസ്സിലൊരു പ്രാവ്/ നിന്റെ മനസ്സിലൊരു പ്രാവ്/ മനം മടുത്താൽ പുണർന്നുറങ്ങാൻ/ തടസ്സമായി നിൽക്കുമീ/ മാംസത്തിൻ ചുമരുകൾ...’’
അടുത്ത നാല് വരികൾ ഏറെ ശ്രദ്ധേയം. ‘‘ഇടിച്ചുമാറ്റാം നമുക്കിടിച്ചു മാറ്റാം/ മരിച്ചുകിടക്കുന്ന ദൈവത്തിനിത്തിരി/ ചരസ്സു കൊടുത്തു നമുക്കുണർത്താം.../ നമുക്കുണർത്താം...’’
‘ചരസ്സ്’ എന്ന പദം ഒരു സിനിമാ ഗാനത്തിൽ 1975ൽ പ്രത്യക്ഷപ്പെട്ടു എന്നത് ചിന്തനീയം. നാലാമത്തേത് ഒരു പൂർണഗാനമല്ല. ഗ മ ധ നി സ എന്ന സ്വരങ്ങളിൽ തുടങ്ങുന്ന ഒരു ഗാനശകലം യേശുദാസും മാധുരിയും ചേർന്നു പാടിയിരിക്കുന്നു.
1975 മേയ് രണ്ടിന് തിയറ്ററുകളിൽ എത്തിയ ‘അതിഥി’ ഒരു മികച്ച സിനിമയായിരുന്നു, അതിനു പല പുരസ്കാരങ്ങൾ ലഭിച്ചു.പക്ഷേ, സാമ്പത്തികവിജയം നേടിയില്ല.
എ.ബി. രാജ് സംവിധാനം നിർവഹിച്ച ‘ടൂറിസ്റ്റ് ബംഗ്ലാവ്’ എന്ന സിനിമ എച്ച്.ആർ ഫിലിംസിന്റെ പേരിൽ ഹസനും റഷീദും ചേർന്നാണ് നിർമിച്ചത്. ബാലുമഹേന്ദ്രയുടെ കഥക്ക് ശ്രീമൂലനഗരം വിജയൻ തിരക്കഥയും സംഭാഷണവും രചിച്ചു. ഒ.എൻ.വി കുറുപ്പ് പാട്ടുകൾ എഴുതി. എം.കെ. അർജുനൻ സംഗീതം നൽകി. യേശുദാസ്, പി. ജയചന്ദ്രൻ, ബേബി സുജാത, എൽ.ആർ. ഈശ്വരി, കൊച്ചിൻ ഇബ്രാഹിം, സീറോബാബു എന്നിവർ പാട്ടുകൾ പാടി.
പ്രേംനസീർ, ജയഭാരതി, എം.ജി. സോമൻ, വിൻെസന്റ്, കവിയൂർ പൊന്നമ്മ, കെ.പി.എ.സി ലളിത, എൻ. ഗോവിന്ദൻകുട്ടി, അടൂർ ഭാസി, ബഹദൂർ, ജയകുമാരി തുടങ്ങിയവരാണ് താരനിരയിൽ. ‘‘കളിവിളക്കിൻ മുന്നിൽ...’’ എന്ന് ആരംഭിക്കുന്ന ഗാനം യേശുദാസ് ആണ് ആലപിച്ചത്. ‘‘കളിവിളക്കിൻ മുന്നിൽ നിന്റെ/ കമലദളമുദ്ര കണ്ടു/ കളമൊഴി കിളിമൊഴി/ കദളിത്തേൻമൊഴി നിൻ/ കമലദള മുദ്ര കണ്ടു...’’ പാട്ട് ഇങ്ങനെ തുടരുന്നു: ‘‘കാൽ നഖേന്ദുരശ്മികളാൽ നീ/ കളമെഴുതിയ മണ്ഡപത്തിൽ/ കളനൂപുര നാദങ്ങൾ കഥ പറഞ്ഞു/ കൺകേളീ ചെമ്പകങ്ങൾ/ പൂ ചൊരിഞ്ഞോരാങ്കണത്തിൽ/ ശൃംഗാരലഹരിയിൽ നൃത്തമാടി...’’

അയിരൂർ സദാശിവൻ,കൊച്ചിൻ ഇബ്രാഹിം
പി. ജയചന്ദ്രൻ പാടിയ ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘ചെല്ലൂ ചെല്ലൂ മേനകേ നീ ചെല്ല്/ കളി ചൊല്ലും കൈവള ചാർത്തി/ അല്ലിപ്പൂമുത്തു ചാർത്തി/ ചെല്ലൂ നീ ചെല്ലൂ നീ ചെല്ല് മേനകേ ...’’ ഗാനം ഇങ്ങനെ തുടരുന്നു: ‘‘കളമധുരം കാൽച്ചിലമ്പു പാടും -ഒരു/ കവിത പോലേ നീ നടനമാടും/ കാമിനി നിൻ ലാവണ്യജ്വാലയിൽ/ വീണെരിയും മാമുനിമാനസംപോലും/ അളിവേണീ കളവാണീ/ അണിഞ്ഞു ചെല്ല് അണിഞ്ഞു ചെല്ല്/ കിത്നാ സുന്ദർ ഹേ ബേട്ടീ...’’
സുജാത പാടിയ ‘‘കണ്ണെഴുതി പൊട്ടുതൊട്ട്...’’ എന്ന് തുടങ്ങുന്ന ഗാനം പ്രശസ്തമാണ്. ‘‘കണ്ണെഴുതി പൊട്ടുതൊട്ട്.../ കല്ലുമാല ചാർത്തിയപ്പോൾ/ കണ്ണാന്തളിപ്പൂവിനെന്തേ നാണം/ ഒരു കല്യാണപ്പെണ്ണിന്റെ നാണം...’’
ഇന്നത്തെ പ്രശസ്ത തെന്നിന്ത്യൻ ഗായികയായ സുജാത മോഹൻ ബേബി സുജാത എന്ന പേരിൽ ആലപിച്ച ആദ്യഗാനമാണിത്. എം.കെ. അർജുനൻ മാസ്റ്ററാണ് സുജാതയെ പിന്നണിഗാനരംഗത്ത് അവതരിപ്പിച്ചത്. ബേബി സുജാതയെ തന്റെ ഗാനമേളകളിൽ ഉൾപ്പെടുത്തി പ്രശസ്തിയിലേക്ക് കൊണ്ടുവന്നത് യേശുദാസാണ്. ഈ ഗാനത്തിന്റെ തുടർന്നുള്ള വരികൾ ഇങ്ങനെ.
‘‘താമരത്തോണിയുള്ള കുളിർകാറ്റു വന്നു നിന്നെ/ പ്രേമിച്ചതോർത്തു കൊണ്ടോ/ കളിവാക്കോതി കവിളിൽ നുള്ളി/ കൈകൊട്ടി ചിരിച്ചതും ഓർത്തുകൊണ്ടോ/ നാണം ഈ നാണമെന്തേ/ കാണാനഴകു=ള്ള കാട്ടുപൂവേ...’’ കൊച്ചിൻ ഇബ്രാഹിമും സീറോബാബുവും ചേർന്ന് പാടിയത് ഒരു ഹാസ്യഗാനമാണ്.
‘‘പ്രേമത്തിന് കണ്ണില്ല -/ അയ്യയ്യേ ഇങ്ങേർക്ക് നാണമില്ലേ.../ പ്രേമത്തിന് കണ്ണില്ല മൂക്കില്ല നാക്കില്ല/ പ്രണയത്തിനു പ്രായമില്ല/ ആണും പെണ്ണും ഭേദമില്ല/ ആകയാൽ നാം പ്രണയത്തെ വാഴ്ത്തി പാടാം/ ഏദൻ തോട്ടത്തിലാരംഭം പിന്നെ/ തൊഴുത്തിലും തൊടിയിലും/ കുളത്തിന്റെ പടിയിലും/ എഴുത്തുപള്ളിയിലും തുടരുന്നു/ പ്രണയം രാജ്യം ഭരിക്കുന്നു/ എന്റെയള്ളോ നിന്റെ പ്രേമം/ എന്റെയെല്ലൊടിക്കുന്നു...’’
എൽ.ആർ. ഈശ്വരി പാടിയതാണ് ചിത്രത്തിലെ അഞ്ചാമത്തെ ഗാനം. അത് ഇങ്ങനെ തുടങ്ങുന്നു: ‘‘കാനൽ ജലത്തിൻ പിമ്പേ പായും/ കാമചാരികളേ/ ഒരു നിമിഷം ഒരു നിമിഷം ഒരു / മധുരനിമിഷമിതാ...’’
ഗാനം ഇങ്ങനെ തുടരുന്നു: ‘‘കൈക്കുമ്പിളിൽ അമൃതവുമായി / നിൽക്കുവതാരോ/ മൈക്കണ്ണാൽ മാടി മാടി/ വിളിക്കുവതാരോ / ഇതിലേ ഇതിലേ ഇതിലേ/ ഹൃദയമുള്ളവരേ...’’ 1975 മേയ് രണ്ടിനു തന്നെയാണ് ‘ടൂറിസ്റ്റ് ബംഗ്ലാവും’ പ്രദർശനത്തിനെത്തിയത്. ചിത്രം സാമ്പത്തികവിജയം നേടി.
വി.എ.വി പിക്ചേഴ്സ് നിർമിച്ച ‘കല്യാണ സൗഗന്ധികം’ എന്ന സിനിമ പി. വിജയൻ സംവിധാനംചെയ്തു. വിൻെസന്റ്, സുജാത, പ്രേംനവാസ്, അടൂർ ഭാസി, തിക്കുറിശ്ശി സുകുമാരൻ നായർ, ജയകുമാരി, വീരൻ, പറവൂർ ഭരതൻ, ശ്രീലത, പട്ടം സദൻ തുടങ്ങിയവർ അഭിനയിച്ചു. പുകഴേന്തി സംഗീതസംവിധായകനായ ചിത്രത്തിൽ നാല് പാട്ടുകൾ ഉണ്ടായിരുന്നു.
മൂന്നെണ്ണം പി. ഭാസ്കരനും ഒരു ഗാനം മങ്കൊമ്പ് ഗോപാലകൃഷ്ണനും എഴുതി. പി. ഭാസ്കരൻ എഴുതി എസ്. ജാനകിയും എസ്.ടി. ശശിധരനും പാടിയ ഗാനമിതാണ്.
‘‘ചന്ദനമുകിലിൻ ചെവിയിൽ/ ചന്ദ്രലേഖ ചോദിച്ചു/ മയങ്ങി മയങ്ങിയൊന്നു കിടന്നോട്ടെ -നിൻ/ മണിമാർത്തടത്തിൽ ഞാൻ.../നിമിഷം പറന്നുപോയാലും/ ദിവസം കൊഴിഞ്ഞു പോയാലും / നിത്യത തന്നുടെ വസന്തവനിയിൽ/ നീയും ഞാനും മാത്രം...’’
‘‘നീരാട്ടു കടവിലെ നീരജങ്ങൾ’’ എന്നാരംഭിക്കുന്ന ഗാനം ജയചന്ദ്രൻ ആലപിച്ചു. ഇതും ഒരു ഭാസ്‌കര രചനയാണ്. ‘‘നീരാട്ടു കടവിലെ നീരജങ്ങൾ നിന്നെ/ കാണാൻ മിഴി തുറന്നു/ കാനനപ്പച്ചയിലെ മലരും തളിരും/ കാണുവാനായ് ഒളിച്ചുനിന്നു...’’ ഗാനം ഇങ്ങനെ തുടരുന്നു: ‘‘ആറ്റിൽ നീന്തും കളഹംസത്തിനു/ കൂട്ടു വന്നൊരു കുഞ്ഞോളം/ കാതിലെന്തേ ചൊല്ലി കണ്മണീ/ കലപില കലപില കിന്നാരം/ കലപില കലപില കിന്നാരം...’’
ഈ ചിത്രത്തിനുവേണ്ടി പി. ഭാസ്കരൻ രചിച്ച മൂന്നാമത്തെ ഗാനം എൽ.ആർ. ഈശ്വരിയും അയിരൂർ സദാശിവനും ചേർന്നു പാടി. ‘‘ഗാനമധു വീണ്ടും വീണ്ടും/ മോന്തി രസിക്കാൻ വരൂ വരൂ വരൂ/ ആനന്ദലഹരിയാം മാരുതനിൽ ഞാൻ/ മലർക്കൊടി... മലർക്കൊടി/ ഹാ ഹാ ഹാ ഹാ/ താരുണ്യ വസന്തവനിയിൽ/ താളമേളം മുറുകുന്നു/ മാരന്റെ ചാപല്യങ്ങൾ/ മനസ്സിനുള്ളിൽ പെരുകുന്നു/ പാട്ടിന്റെ പാൽക്കടലിൽ ഞാൻ/ നീന്തിനീന്തി പോകുന്നു...’’
മങ്കൊമ്പ് ഗോപാലകൃഷ്ണൻ എഴുതിയ പാട്ട് യേശുദാസ് പാടി.
‘‘കല്യാണസൗഗന്ധികപ്പൂവല്ലയോ/ കാമനു നേദിച്ച മധുവല്ലയോ/ കമനീമണി നീയെന്റെ മനസ്സിലെ/ കതിര്കാണാക്കിളിയല്ലയോ..?’’ എന്ന് പല്ലവി.
ആദ്യ ചരണം ഇങ്ങനെ: ‘‘പരിഭവിച്ചോമനേ പിണങ്ങുകയോ നീ/ പകൽക്കിനാവ് കണ്ടുറങ്ങുകയോ/ വൃശ്ചികക്കുളിരത്തീ/ പച്ചിലക്കുടക്കീഴിൽ/ ചിത്രശലഭമായ് മരുവുകയോ...’’
1975 മേയ് ഒമ്പതിന് റിലീസ് ചെയ്‌ത ‘കല്യാണ സൗഗന്ധികം’ എന്ന ചിത്രം ശരാശരി വിജയം നേടിയെന്നു പറയാം.