നടി ഷീല സംവിധായികയാകുന്നു

തമിഴ് പത്രപ്രവർത്തകനായ മതിയൊളി ഷൺമുഖം നിർമിച്ച ‘യക്ഷഗാന’ത്തിൽ ഷീല തന്നെയായിരുന്നു നായിക. മധു നായകനായി. മേധാവി എഴുതിയ കഥക്ക് എസ്.എൽ. പുരം സദാനന്ദൻ തിരക്കഥയും സംഭാഷണവും രചിച്ചു. ഗാനങ്ങൾ വയലാർ എഴുതി. ചിത്രത്തിൽ നാലു പാട്ടുകൾ ഉണ്ടായിരുന്നു –സംഗീതയാത്ര തുടരുന്നു. വർഷം 1976 ജനുവരിയിൽ ആദ്യമായി പുറത്തുവന്ന മലയാള ചിത്രം ‘അഗ്നിപുഷ്പം’ ആണ്. ഗിരീഷ് മൂവി മേക്കേഴ്സിനുവേണ്ടി ഡി.പി. നായർ നിർമിച്ച ‘അഗ്നിപുഷ്പം’ എന്ന സിനിമയുടെ സംവിധായകൻ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
തമിഴ് പത്രപ്രവർത്തകനായ മതിയൊളി ഷൺമുഖം നിർമിച്ച ‘യക്ഷഗാന’ത്തിൽ ഷീല തന്നെയായിരുന്നു നായിക. മധു നായകനായി. മേധാവി എഴുതിയ കഥക്ക് എസ്.എൽ. പുരം സദാനന്ദൻ തിരക്കഥയും സംഭാഷണവും രചിച്ചു. ഗാനങ്ങൾ വയലാർ എഴുതി. ചിത്രത്തിൽ നാലു പാട്ടുകൾ ഉണ്ടായിരുന്നു –സംഗീതയാത്ര തുടരുന്നു.
വർഷം 1976 ജനുവരിയിൽ ആദ്യമായി പുറത്തുവന്ന മലയാള ചിത്രം ‘അഗ്നിപുഷ്പം’ ആണ്. ഗിരീഷ് മൂവി മേക്കേഴ്സിനുവേണ്ടി ഡി.പി. നായർ നിർമിച്ച ‘അഗ്നിപുഷ്പം’ എന്ന സിനിമയുടെ സംവിധായകൻ ജേസിയായിരുന്നു. ജേസി സംവിധാനം നിർവഹിച്ച ‘അശ്വതി’ എന്ന ചിത്രത്തിന്റെ നിർമാതാക്കളിലൊരാൾ ഡി.പി. നായർ ആയിരുന്നു. സംവിധായകൻ എഴുതിയ കഥക്ക് എസ്.എൽ. പുരം സദാനന്ദൻ തിരനാടകവും സംഭാഷണവും രചിച്ചു. കമൽഹാസനും ജയഭാരതിയുമാണ് പ്രധാന കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെട്ടത്. എം.ജി. സോമൻ, സുധീർ, തിക്കുറിശ്ശി, ജോസ് പ്രകാശ്, സുകുമാരി, കെ.പി.എ.സി ലളിത, ശങ്കരാടി, അടൂർ ഭവാനി, റീന, എൻ. ഗോവിന്ദൻ കുട്ടി, ടി.പി. രാധാമണി, മാസ്റ്റർ രഘു, കുതിരവട്ടം പപ്പു, മണവാളൻ ജോസഫ് എന്നിങ്ങനെ ഒട്ടേറെ അഭിനേതാക്കൾ ചിത്രത്തിലുണ്ടായിരുന്നു. ആദ്യമായി സംവിധാനംചെയ്ത ‘ശാപമോക്ഷം’ എന്ന സിനിമയിലൂടെ ജേസി അവതരിപ്പിച്ച കൃഷ്ണൻ നായർ എന്ന ജയനും ഒരു ചെറിയ കഥാപാത്രമായി ‘അഗ്നിപുഷ്പ’ത്തിൽ ഉണ്ടായിരുന്നു. ഒ.എൻ.വി. കുറുപ്പ് എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം.കെ. അർജുനൻ ആണ്. ചിത്രത്തിൽ അഞ്ചു പാട്ടുകളാണ് ഉണ്ടായിരുന്നത്. യേശുദാസ് രണ്ടു ഗാനങ്ങൾ പാടി.
‘‘നാദബ്രഹ്മമയീ –മാനസ/ നാളീകത്തെയുണർത്തുമനശ്വര/ നാദബ്രഹ്മമയീ/ നാവിൽ നടമാടും നീ/ നാദബ്രഹ്മമയീ’’ എന്നാരംഭിക്കുന്ന സരസ്വതീസ്തുതി ഇങ്ങനെ തുടരുന്നു: ‘‘പ്രഭാമരീചികൾ തന്ത്രികൾ ചാർത്തിയ/ പ്രപഞ്ചമല്ലോ നിൻ വീണ -നിന്റെ മണിവീണ.../ തഴുകുമ്പോൾ -നീ തഴുകുമ്പോഴതു/ തളിർത്തുനിൽക്കുന്നു -അതു /തളിർത്തു പൂക്കുന്നു.../ അതിലൊരു പൂമലരല്ലോ, ഞാനൊരു/ മധുകണമല്ലോ ഞാൻ.’’
യേശുദാസ് ആലപിച്ച അടുത്ത ഗാനം ‘‘ഏദൻതോട്ടത്തിൻ ഏകാന്തതയിൽ...’’ എന്നാരംഭിക്കുന്നു. ‘‘ഏദൻതോട്ടത്തിൻ ഏകാന്തതയിൽ/ ആദം ദുഃഖിതനായി നിന്നു/ ആ ദുഃഖത്തിൻ അഗ്നി കെടുത്തിയ/ മാദക ലാവണ്യമേ -സ്ത്രീയെന്ന/ മാദകലാവണ്യമേ...’’ എന്നിങ്ങനെ പല്ലവി. ആദ്യചരണവും ആകർഷകം...
‘‘ആദം നിന്നെ പ്രണയിച്ചു/ ആദികവി നിന്നെ പ്രണമിച്ചു.../ പുണ്യത്തിൻ പുഷ്പകിരീടവും പാപത്തിൻ/ മുൾമുടിയും നിന്നെയണിയിച്ചു.../ ജീവിതമണിയിച്ചു.’’
പി. സുശീലയും സെൽമ ജോർജും ചേർന്നു പാടിയ ഒരു കുട്ടിക്കഥപ്പാട്ടാണ് അടുത്ത ഗാനം. ‘‘മാനും മയിലും തുള്ളും കാട്ടിൽ/ മാതളക്കനി തുള്ളും കാട്ടിൽ/ പണ്ടു പണ്ടൊരു മയിലമ്മ/ കണ്ടാൽ നല്ലൊരു മയിലമ്മ/ അവൾ പെറ്റ മക്കളെ/ അഴകുള്ള മക്കളെ/ അരികിൽ പിച്ചനടത്തി വന്നു.../ മഞ്ഞിൻ തുള്ളികൾ കറുകപ്പുല്ലിൻ/ നെഞ്ഞിൽ മയങ്ങും മലർമേട്ടിൽ/ തള്ള വെടിഞ്ഞൊരു കൈക്കുഞ്ഞപ്പോൾ/ ഇള്ളേ ഇള്ളേ കരയുന്നു.../ കുഞ്ഞിക്കൈവിരൽ നുണയുന്നു/ തെല്ലമ്മിഞ്ഞക്കായ് കരയുന്നു...’’
ഇത്രയും കഴിയുമ്പോൾ കുട്ടിയുടെ ചോദ്യം ഗദ്യത്തിൽ. ‘‘അയ്യോ... -പാവം; അമ്മിഞ്ഞ കൊടുക്കാത്ത അമ്മ ചീത്ത അല്ലേ.’’ കണ്വമുനിയുടെ കാരുണ്യത്തിന്റെ കഥ പറയുന്ന കുട്ടിക്കഥയാണ് ഇവിടെ പാട്ടിലൂടെ ആവിഷ്കരിക്കുന്നത്.
ജയചന്ദ്രനും ചിറയിൻകീഴ് മനോഹരനും സെൽമയും ചേർന്നു പാടിയ ‘‘ചിങ്ങക്കൂളിർകാറ്റേ...’’ എന്നു തുടങ്ങുന്ന ഗാനവും ലളിതവും സുന്ദരവുമാണ്.
‘‘ചിങ്ങക്കൂളിർകാറ്റേ നീ/ എങ്ങുനിന്നു വരുന്നു.../ അങ്ങകലെ അങ്ങകലെ/ ചങ്ങമ്പുഴയുടെ പാട്ടുകൾ മൂളും/ കുഞ്ഞാറ്റക്കിളിയുണ്ടോ/ കുഞ്ഞാറ്റക്കിളിമകളുണ്ടോ..?/ ഞാലിപ്പൂവൻ വാഴക്കുലകൾ/ ഞാന്നു കളിക്കാറുണ്ടോ -അവിടെ/ ഞാന്നു കളിക്കാറുണ്ടോ.../ അതിന്റെ സ്വാദോർത്തവിടെ കിടാങ്ങള്/ കൊതിച്ചു തുള്ളാറുണ്ടോ...’’ എന്നിങ്ങനെ നീളുന്നു ഈ പാട്ട്. താരതമ്യേന ദൈർഘ്യം കൂടിയ പാട്ടാണിത്.
ജയചന്ദ്രനും വാണി ജയറാമും ചേർന്നു പാടിയ ഒരു ഗാനവും ‘അഗ്നിപുഷ്പം’ എന്ന സിനിമയിലുണ്ട്. ‘‘അനുരാഗത്തിൻ അനുരാഗം’’ എന്നാണു പാട്ടിന്റെ തുടക്കം. ബാക്കിയുള്ള വരികൾ ലഭ്യമല്ല. ചിത്രത്തിന്റെ പാട്ടുപുസ്തകവും കിട്ടാനില്ല. (ഈ പാട്ടിലെ വരികൾ കൈവശമുള്ളവർക്ക് വായനക്കാരുടെ പംക്തിയിലേക്ക് അയച്ചുകൊടുക്കാവുന്നതാണ്.)
1976 ജനുവരി ഒമ്പതിന് പുറത്തുവന്ന ‘അഗ്നിപുഷ്പം’ എന്ന ചിത്രം സാമ്പത്തികമായി ഉന്നതവിജയം നേടിയില്ല. ഒ.എൻ.വിയും അർജുനനും ചേർന്നൊരുക്കിയ പാട്ടുകളും വേണ്ടതുപോലെ ഹിറ്റുകളായില്ല.
ജയ് മാരുതി പ്രൊഡക്ഷനുവേണ്ടി പ്രശസ്ത നിർമാതാവായ ടി.ഇ. വാസുദേവൻ നിർമിച്ച ചിത്രമാണ് ‘പ്രിയംവദ’. കെ.എസ്. സേതുമാധവൻ സംവിധാനംചെയ്ത ഈ ചിത്രത്തിന്റെ മൂലകഥ ഒരു തമിഴ് സിനിമയുടേതാണ്. എസ്.എൽ. പുരം സദാനന്ദൻ തിരക്കഥയും സംഭാഷണവും രചിച്ചു. ലക്ഷ്മി, മോഹൻശർമ, വിൻസെന്റ്, കവിയൂർ പൊന്നമ്മ, കെ.പി.എ.സി ലളിത, അടൂർ ഭാസി, ശങ്കരാടി, പ്രേമ, കുതിരവട്ടം പപ്പു, പറവൂർ ഭരതൻ എന്നിവർ അഭിനയിച്ചു.
ശ്രീകുമാരൻ തമ്പി എഴുതി വി. ദക്ഷിണാമൂർത്തി സംഗീതം പകർന്ന അഞ്ചു ഗാനങ്ങൾ ‘പ്രിയംവദ’യിൽ ഉണ്ടായിരുന്നു. ഒരു ഗാനം ആവർത്തനമാണ്. അതായത് ഒരു ഗാനംതന്നെ ആഹ്ലാദത്തിലും ദുഃഖത്തിലും പാടുന്നു.
യേശുദാസും എസ്. ജാനകിയും ചേർന്നു പാടിയ ‘‘മാണിക്യശ്രീകോവിൽ നീയെങ്കിൽ -അതിൽ/ മായാവിഗ്രഹം ഞാനല്ലേ’’ എന്ന പാട്ട്. ‘‘മാണിക്യശ്രീകോവിൽ നീയെങ്കിൽ -അതിൽ മായാവിഗ്രഹം ഞാനല്ലേ’’ എന്നു ഗായകൻ പാടുമ്പോൾ ഗായികയുടെ മറുപടി ഇങ്ങനെ: ‘‘കാഞ്ചനമണിദീപം നീയെങ്കിൽ -അതിൻ/ കർപ്പൂരത്തിരിനാളം ഞാനല്ലേ..?’’ ചരണത്തിലെ വരികൾ ഇങ്ങനെ: ‘‘എൻ നെഞ്ചിൽ തുടികൊട്ടും ചിന്തകളെല്ലാം/ നിൻ നാവിൽ പുഷ്പിക്കും വാക്കുകളായ്/ എന്നന്തരാത്മാവിൻ ആനന്ദരശ്മികൾ/ നിൻ അധരം ചൂടും ചന്ദ്രികയായ്/ നിൻ മിഴി തൻ മൗനസങ്കീർത്തനം/ എൻ മനസ്സിൻ തിരുവാഭരണം.’’ പാട്ട് ആവർത്തിക്കപ്പെടുമ്പോൾ വരികൾ മാറുന്നില്ല. യേശുദാസ് തനിച്ചു പാടിയ ‘‘മുരളീഗാനത്തിൻ കല്ലോലിനി’’ എന്ന പാട്ടും പ്രശസ്തമാണ്.
‘‘മുരളീഗാനത്തിൻ കല്ലോലിനി/ മധുരസ്വരരാഗ മന്ദാകിനി/ പ്രണയാമൃതം പകരും പ്രവാഹിനി/ പ്രിയരാധയ്ക്കതു മൃതസഞ്ജീവനി.’’ ആദ്യചരണം ഇങ്ങനെ: ‘‘യമുന തൻ അലകൾ വീണകളായി/ പവനതരംഗങ്ങൾ വിരലുകളായി/ ലവംഗലതാവലി മൃദംഗങ്ങളായി/ അവൻ പാടും ഗാനത്തിൻ മേളങ്ങളായി/ ഉണർന്നില്ലേ രാധികേ നിൻ ഹൃദയം/ ഉണർന്നില്ലേ -പിണക്കം മറന്നില്ലേ..?’’
‘‘തിരുവാതിര മനസ്സിൽ നവമാലിക’’ എന്നു തുടങ്ങുന്ന ഗാനം പി. സുശീലയും ബി. വസന്തയും ചേർന്നാണ് പാടിയത്.
‘‘തിരുവാതിര മനസ്സിൽ നവമാലിക/ തിരുവൈക്കത്തപ്പനിന്നു നിറമാലിക/ ശ്രീപരമേശ്വരനിന്നാട്ടപ്പിറന്നാൾ/ ശ്രീപാർവതി ജയിക്കും പൊന്നും തിരുനാൾ...’’
ആദ്യചരണം ഇങ്ങനെ: ‘‘ശശിലേഖ ചൂടുന്ന തമ്പുരാൻ തൻ/ പദകമലങ്ങൾ പൂജിക്കും കാമേശ്വരി/ വിശ്വേശ്വരസഖി വിശ്വകാരിണീ/ വിശ്വനാരീകുല മൗലീമണി/ പ്രതിഭ നീ പ്രകൃതി നീ/ പുരുഷന്റെ ശക്തി നീ/ പുണ്യമലർ വിടർത്തും പൂവാടി നീ/ ജയിക്ക കരുണാലയേ/ ജയിക്ക ജഗദംബികേ...’’
ചിത്രത്തിലെ ഹാസ്യഗാനം ആലപിച്ചത് ശ്രീലതയാണ്. ‘‘അറിയാമോ നിങ്ങൾക്കറിയാമോ/ പതിനേഴിൻ പടികടന്നാൽ/ പ്രണയപ്പനി പിടിച്ച പിള്ളേർ/ കാട്ടിക്കൂട്ടും കുണ്ടാമണ്ടികൾ അറിയാമോ...’’ എന്നിങ്ങനെ തുടങ്ങുന്ന പാട്ട്. തുടർന്നുള്ള ചില വരികൾ: ‘‘തനിച്ചിരുന്നു പിറുപിറുക്കും/ തന്നോടായി പുഞ്ചിരിക്കും/ കണ്ണടയ്ക്കാതിരുന്നുറങ്ങും/ നിന്നുറങ്ങും നടന്നുറങ്ങും/ കരയാതെ കണ്ണീർ വരും/ കുളിരാതെ കോരിത്തരിക്കും.../ ഭക്തിമാർഗം സ്വീകരിക്കും/ ക്ഷേത്രം പുതിയ ഭവനമാക്കും എന്നിങ്ങനെ തുടരുന്നു ഈ തമാശപ്പാട്ട്.
1976 ജനുവരി 16നാണ് ‘പ്രിയംവദ’ റിലീസ് ആയത്. ചിത്രം ഭേദപ്പെട്ട വിജയം നേടിയെടുത്തു എന്നുതന്നെ പറയാം. നടി ഷീല സംവിധാനം ചെയ്ത പ്രഥമ ചിത്രമാണ് അപ്സരാ കംബൈൻസിന്റെ ‘യക്ഷഗാനം’. തമിഴ് പത്രപ്രവർത്തകനായ മതിയൊളി ഷൺമുഖം നിർമിച്ച ഈ സിനിമയിൽ ഷീല തന്നെയായിരുന്നു നായിക. മധു നായകനായി. കെ.പി. ഉമ്മർ, തിക്കുറിശ്ശി, ടികെ. ബാലചന്ദ്രൻ, ഉഷാനന്ദിനി, സാധന, അടൂർ ഭാസി, അടൂർ പങ്കജം, ടി.പി. മാധവൻ, മണവാളൻ ജോസഫ് തുടങ്ങിയവരായിരുന്നു ഇതര നടീനടന്മാർ. മേധാവി എഴുതിയ കഥക്ക് എസ്.എൽ. പുരം സദാനന്ദൻ തിരക്കഥയും സംഭാഷണവും രചിച്ചു.

ഗാനങ്ങൾ വയലാർ എഴുതി. എം.എസ്. വിശ്വനാഥൻ സംഗീതസംവിധാനം നിർവഹിച്ചു. ചിത്രത്തിൽ നാലു പാട്ടുകൾ ഉണ്ടായിരുന്നു. യേശുദാസും പി. സുശീലയും ചേർന്ന് ഒരു ഗാനവും എസ്. ജാനകി രണ്ടു ഗാനങ്ങളും ആലപിച്ചു. ഒരു പാട്ടിന് എൽ.ആർ. ഈശ്വരി ശബ്ദം നൽകി. യേശുദാസും പി. സുശീലയും ആലപിച്ച ‘‘തേൻകിണ്ണം... പൂങ്കിണ്ണം’’ എന്നു തുടങ്ങുന്ന പാട്ടും എസ്. ജാനകി പാടിയ ‘‘നിശീഥിനീ... നിശീഥിനീ...’’ എന്നാരംഭിക്കുന്ന പാട്ടും ഹിറ്റുകളായി. ‘‘തേൻകിണ്ണം പൂങ്കിണ്ണം/ താഴേക്കാട്ടിലെ താമരക്കുളമൊരു/ തേൻകിണ്ണം പൂങ്കിണ്ണം...’’ എന്ന പല്ലവിക്കുശേഷം ആദ്യചരണം ഇങ്ങനെ: ‘‘പൂവുകളിൽ ദേവതമാർ/ ഇവിടെ ജനിക്കുന്നു/ താഴ്വരയിൽ പൊൻതിങ്കൾ/ തേച്ചുകുളിക്കുന്നു.../ കുളിരിന്മേൽ കുളിർകോരും കാട്ടിൽ- ഈ/ കുരുവികളും ഉറങ്ങാത്ത കാട്ടിൽ/ വില്ലും ശരവുമായ് മന്മഥനൊളിക്കും/ പല്ലിയം കുന്നുകളിൽ/ പടരാം പടരാം/ പടരുന്ന പടരുന്ന/ പഞ്ചേന്ദ്രിയങ്ങളിൽ/ പ്രണയപ്രസാദങ്ങൾ അണിയാം അണിയാം...’’
എസ്. ജാനകി പാടിയ ‘‘നിശീഥിനീ... നിശീഥിനി...’’ എന്ന പാട്ട് ഒരു പ്രേതഗാനമാണ്.
‘‘നിശീഥിനീ... നിശീഥിനീ/ ഞാനൊരു രാപ്പാടി/ പാടാം പാടാം എൻ വിരഹഗാനം/ പ്രാണനിലുണരും യക്ഷഗാനം.’’ ഗാനം ഇങ്ങനെ തുടരുന്നു: ‘‘സ്വപ്നം കരിഞ്ഞ ചിതാഭസ്മധൂളികൾ/ പുഷ്പങ്ങളാകുമീ രാവിൽ -സ്വർഗ/ പുഷ്പങ്ങളാകുമീ രാവിൽ/ മേദിനീ മേദിനീ -നിൻ/ മേഘത്തൂവൽ ചിറകുള്ള തേരിൽ ഞാൻ/ പ്രേമപൂജയ്ക്കു വരുന്നു -വീണ്ടുമെൻ/ പ്രേമപൂജയ്ക്കു വരുന്നു.../ തരുമോ മൃതസഞ്ജീവനി/ തരുമോ തരുമോ തരുമോ...’’

എസ്. ജാനകി പാടിയ രണ്ടാമത്തെ ഗാനം ‘‘പോകാം... പോകാം...’’ എന്നു തുടങ്ങുന്നു.
‘‘പോകാം... പോകാം/ പോകാം നമുക്ക് പോകാം/ ഏകാന്തതയുടെ/ ഗോമേദക മണിഗോപുരം/ തേടിപ്പോകാം -അവിടെ/ പഞ്ചേന്ദ്രിയങ്ങൾ തുന്നിത്തന്നൊരീ/ പഴയ ചിറ്റാടകൾ മാറ്റാം...’’
എൽ.ആർ. ഈശ്വരി പാടിയ പാട്ട് ‘‘അറുപത്തിനാല് കലകൾ...’’ എന്നു തുടങ്ങുന്നു. ‘‘അറുപത്തിനാലു കലകൾ/ അവയുടെ മുഖങ്ങളിൽ നവരസങ്ങൾ/ കലകളിൽ കാമമൊരപ്സരസ്ത്രീ/ രസങ്ങളിൽ ശൃംഗാരം ചക്രവർത്തി.’’
നൃത്തഗാനമെന്ന നിലയിൽ ഇതും സന്ദർഭത്തോട് നീതിപുലർത്തി. പൊതുവെ പറഞ്ഞാൽ ‘യക്ഷഗാനം’ എന്ന ചിത്രത്തിലെ നാലു ഗാനങ്ങളും രചനയിലും ഈണത്തിലും തെല്ലും മോശമായില്ലെന്നു പറയാം. 1976 ജനുവരി 23ന് തിയറ്ററുകളിലെത്തിയ ‘യക്ഷഗാനം’ സാമ്പത്തികമായി പരാജയപ്പെട്ടില്ല. വൻവിജയവുമായില്ല. മൂന്നു വർഷങ്ങൾക്കു ശേഷമാണ് ‘ശിഖരങ്ങൾ’ എന്ന ചിത്രവുമായി ഷീല സംവിധാനരംഗത്ത് വീണ്ടും എത്തിയത്.