Begin typing your search above and press return to search.

സി. രാധാകൃഷ്ണന്റെ തിരക്കഥയിൽ ‘പാൽക്കടൽ’

സി. രാധാകൃഷ്ണന്റെ തിരക്കഥയിൽ ‘പാൽക്കടൽ’
cancel

1976 ജനുവരി 30ന് തിയറ്ററുകളിൽ എത്തിയ ‘പാൽക്കടൽ’ തിരക്കഥയുടെ മികവിനാൽ ശ്രദ്ധിക്കപ്പെട്ട സിനിമയാണ്. പാട്ടുകളും നിലവാരമുള്ളതായിരുന്നു. ചിത്രം സാമ്പത്തികമായും തീരെ മോശമായില്ല. സംഗീതയാത്ര തുടരുന്നു. പ്രശസ്ത സാഹിത്യകാരൻ സി. രാധാകൃഷ്ണന്റെ തിരക്കഥയിൽ രൂപംകൊണ്ട സിനിമയാണ് ‘പാൽക്കടൽ’. സംഗീത പിക്‌ചേഴ്‌സിന്റെ പേരിൽ എൻ.എൻ. ശങ്കരൻ നായരും കെ.കെ.എസ്. കൈമളും ചേർന്നു നിർമിച്ച ഈ ചിത്രം ടി.കെ. പ്രസാദ് സംവിധാനംചെയ്തു. കഥയും സംഭാഷണവും രചിച്ചതും സി. രാധാകൃഷ്ണൻതന്നെ. ശ്രീകുമാരൻ തമ്പി രചിച്ച ഗാനങ്ങൾക്ക് സംഗീതം നൽകിയത് എ.ടി. ഉമ്മറാണ്. യേശുദാസ്, ജയചന്ദ്രൻ, വാണി ജയറാം, മാധുരി എന്നിവർ പിന്നണിയിൽ പാടി. ഷീല, ശാരദ, മോഹൻ ശർമ, എം.ജി....

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
1976 ജനുവരി 30ന് തിയറ്ററുകളിൽ എത്തിയ ‘പാൽക്കടൽ’ തിരക്കഥയുടെ മികവിനാൽ ശ്രദ്ധിക്കപ്പെട്ട സിനിമയാണ്. പാട്ടുകളും നിലവാരമുള്ളതായിരുന്നു. ചിത്രം സാമ്പത്തികമായും തീരെ മോശമായില്ല. സംഗീതയാത്ര തുടരുന്നു.

പ്രശസ്ത സാഹിത്യകാരൻ സി. രാധാകൃഷ്ണന്റെ തിരക്കഥയിൽ രൂപംകൊണ്ട സിനിമയാണ് ‘പാൽക്കടൽ’. സംഗീത പിക്‌ചേഴ്‌സിന്റെ പേരിൽ എൻ.എൻ. ശങ്കരൻ നായരും കെ.കെ.എസ്. കൈമളും ചേർന്നു നിർമിച്ച ഈ ചിത്രം ടി.കെ. പ്രസാദ് സംവിധാനംചെയ്തു. കഥയും സംഭാഷണവും രചിച്ചതും സി. രാധാകൃഷ്ണൻതന്നെ. ശ്രീകുമാരൻ തമ്പി രചിച്ച ഗാനങ്ങൾക്ക് സംഗീതം നൽകിയത് എ.ടി. ഉമ്മറാണ്. യേശുദാസ്, ജയചന്ദ്രൻ, വാണി ജയറാം, മാധുരി എന്നിവർ പിന്നണിയിൽ പാടി. ഷീല, ശാരദ, മോഹൻ ശർമ, എം.ജി. സോമൻ, രാഘവൻ, ജയൻ, കൊട്ടാരക്കര ശ്രീധരൻ നായർ, ശങ്കരാടി, പ്രേമ, ബഹദൂർ, മണവാളൻ ജോസഫ് എന്നിവരായിരുന്നു അഭിനേതാക്കൾ. ‘പാൽക്കടലി’ൽ നാലു പാട്ടുകൾ ഉണ്ടായിരുന്നു. യേശുദാസ് ആലപിച്ച ‘‘രതിദേവതാശിൽപമേ...’’ എന്ന പാട്ട് പ്രശസ്തി നേടി. ‘‘രതിദേവതാ ശിൽപമേ/ രംഗമണ്ഡപരോമാഞ്ചമേ/ അജന്താഗുഹയിലെ സംഗീതമേ/ അമ്പലച്ചുവരിലെ ശൃംഗാരമേ...’’ എന്ന് പല്ലവി. ആദ്യ ചരണം ഇങ്ങനെ: ‘‘മന്വന്തരങ്ങളെ മടിയിൽ വളർത്തിയ/ മന്ത്രവാദിനികൾ/ സംസ്കാരത്തിന്നഴികളുയർത്തിയ/ സിന്ധു ഗംഗാനദികൾ/ അവരുടെ ഗാനങ്ങൾ കേട്ടുവളർന്നോ-/ രഹല്യയല്ലേ നീ... കവിയുടെ ദാഹം രൂപമായി/ കല്ലിൽ തുളുമ്പും ഗാനമായി.’’ ജയചന്ദ്രൻ പാടിയ ഗാനവും ശ്രോതാക്കൾ ഇഷ്ടപ്പെട്ടു.

‘‘ഇന്ദ്രനീലാംബരമന്നുമിന്നും/ നിന്നിലുമെന്നിലും അലയടിച്ചു.../ അന്നു നിൻ കണ്ണിലെ സ്വപ്നമായി/ ഇന്നെന്നിൽ ഓർമതൻ ഗാനമായി.

ആദ്യ ചരണം ‘‘ചുംബിച്ചുണർത്തിയ സ്വർണാധരങ്ങളിൽ...’’ എന്നു തുടങ്ങുന്നു.

‘‘ചുംബിച്ചുണർത്തിയ സ്വർണാധരങ്ങളിൽ/ പുഞ്ചിരിയായ് നിന്നു പൊൻപരാഗം/ ആ പരാഗത്തിൻ പദ്‌മരാഗദ്യുതി/ ആറാടി നിൽക്കയാണിന്നുമെന്നിൽ/ ആയിരം താരകൾ തോൽക്കും മട്ടിൽ/ എൻ ചുണ്ടിലിന്നുമാ ദാഹമൂറും/ നിൻ ചുണ്ടിലാ പദ്‌മരാഗമുണ്ടോ...’’

വാണി ജയറാം പാടിയ ‘‘കുങ്കുമപ്പൊട്ടിലൂറും കവിതേ...’’ എന്ന ഗാനവും പുതുമയുള്ളതായിരുന്നു. വാണി ജയറാമിന്റെ ആലാപനവും മികച്ചതായി.

‘‘കുങ്കുമപ്പൊട്ടിലൂറും കവിതേ/ നിന്റെ മഞ്ജീരത്തിൻ മൗനനാദം/ എല്ലാ സ്മരണയും വിടർത്തി -എന്നിൽ/ എല്ലാ മോഹവും ഉണർത്തി.’’

ആദ്യചരണം ഇങ്ങനെ: ‘‘കതിർമണ്ഡപത്തിലേ കനകത്തൂണുകൾ/ കദളിപ്പൂങ്കുലയണിയവേ/ നിലവിളക്കുകൾ പൂത്തുനിൽക്കവേ/ നെല്ലിൻ പൂക്കുലയാടവേ/ അഷ്ടമംഗല്യം വഴിയൊരുക്കിടും/ അരികിലാ മനം പാടിടും/ ആ മലർമിഴിയിലെൻ ഭാവി ഞാൻ/ ആർദ്രഭാവമായ് കണ്ടിടും.’’

വാണിജയറാമും മാധുരിയും ചേർന്നു പാടിയ ‘‘ദിവാസ്വപ്നമിന്നെനിക്കൊരു തേരു തന്നു’’ എന്ന ഗാനമാണ് ‘പാൽക്കടലി’ലെ നാലാമത്തെ പാട്ട്. ‘‘ദിവാസ്വപ്നമിന്നെനിക്കൊരു തേരു തന്നു/ ഭാവനകൾ തോരണങ്ങൾ കോർത്തു തന്നു’’

എന്ന് ഒരാൾ പാടുമ്പോൾ അടുത്തയാൾ ഇങ്ങനെ മറുപടി പറയുന്നു:

‘‘പകൽക്കിനാവിൽ പതുങ്ങി നിൽക്കാൻ എനിക്കു വയ്യെടീ/ പാതിരാവിൻ പൂവിരിയാണെന്റെ ചങ്ങാതി.’’

എ.ടി. ഉമ്മറിന്റെ ഈണങ്ങൾ നാലും മോശമായില്ല. ‘‘രതിദേവതാ ശിൽപമേ’’ എന്ന സെമി ക്ലാസിക്കൽ ഗാനം എ.ടി. ഉമ്മറിന്റെ പതിവുശൈലിയിൽനിന്നു തികച്ചും വ്യത്യസ്തമായിരുന്നു. യേശുദാസിന്റെ ആലാപനത്തിൽ അത് ഏറെ മികച്ചതായി.

1976 ജനുവരി 30ന് തിയറ്ററുകളിൽ എത്തിയ ‘പാൽക്കടൽ’ തിരക്കഥയുടെ മികവിനാൽ ശ്രദ്ധിക്കപ്പെട്ട സിനിമയാണ്. പാട്ടുകളും നിലവാരമുള്ളതായിരുന്നു. ചിത്രം സാമ്പത്തികമായും തീരെ മോശമായില്ല.

ജയ്‌ദേവി മൂവീസ് എന്ന ബാനറിൽ പ്രശസ്‌ത നിർമാതാവും എഴുത്തുകാരനുമായ കെ.പി. കൊട്ടാരക്കര നിർമിച്ച സിനിമയാണ് ‘അമ്മ’.

ഗണേഷ് പിക്ചേഴ്സ് എന്ന ബാനറിലാണ് അദ്ദേഹം അധികം ചിത്രങ്ങളും നിർമിച്ചിട്ടുള്ളത്. 1950കളുടെ തുടക്കത്തിൽ അസോസിയേറ്റഡ് പ്രൊഡ്യൂസേഴ്‌സിന്റെ ബാനറിൽ ടി.ഇ. വാസുദേവൻ നിർമിച്ച അദ്ദേഹത്തിന്റെ ആദ്യ ചിത്രത്തിന്റെ പേരും ‘അമ്മ’ എന്നായിരുന്നു. ഈ പുതിയ ‘അമ്മ’യെ ഒരുക്കിയത് സംവിധായകൻ എം. കൃഷ്ണൻ നായരാണ്.

1962ൽ എ.വി.എം പിക്ചേഴ്സ് നിർമിച്ച് കൃഷ്ണൻ-പഞ്ചു കൂട്ടുകെട്ടിൽ സംവിധാനം ചെയ്ത ‘അന്നൈ’ എന്ന ചിത്രത്തിന്റെ കഥ വിലക്ക് വാങ്ങിയാണ് ‘അമ്മ’ എന്ന ചിത്രം നിർമിച്ചത്.

ഈ തമിഴ് കഥക്ക് മലയാളത്തിൽ തിരക്കഥയും സംഭാഷണവും രചിച്ചത് നിർമാതാവായ കെ.പി. കൊട്ടാരക്കര തന്നെയാണ്. മധു, കെ.ആർ. വിജയ, ശ്രീവിദ്യ, രവികുമാർ, റോജാ രമണി, അടൂർ ഭാസി, ജോസ് പ്രകാശ്, കുഞ്ചൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ശ്രീകുമാരൻ തമ്പി ഗാനരചനയും എം.കെ. അർജുനൻ സംഗീതസംവിധാനവും നിർവഹിച്ചു. ഇവർ ഒരുക്കിയ അഞ്ചു പാട്ടുകൾ ചിത്രത്തിൽ ഉണ്ടായിരുന്നു. ‘ഗീതഗോവിന്ദ’ത്തിലെ (അഷ്ടപദി) ‘‘രതിസുഖസാരേ...’’ എന്നാരംഭിക്കുന്ന ഏതാനും വരികളും വാണി ജയറാമിന്റെ ശബ്ദത്തിൽ ‘അമ്മ’ എന്ന ചിത്രത്തിൽ ഇടംപിടിച്ചിരുന്നു.

പി. ജയചന്ദ്രനും സംഘവും ആലപിച്ച ‘‘ജനനി ജയിക്കുന്നു...’’ എന്ന ഗാനം ഇങ്ങനെ തുടങ്ങുന്നു.

‘‘ജനനി ജയിക്കുന്നു/ ഭാരത ജനനി ജയിക്കുന്നു/ ജനനി ജയിക്കുന്നു/ മാനവ ധർമം ജയിക്കുന്നു.../ ജനനി ജയിക്കുന്നു/ ഭാരത ജനനി ജയിക്കുന്നു.’’

ആദ്യചരണം ഇങ്ങനെ: ‘‘സമത്വ ജ്യോതിസ്സുയരുന്നു/ പുതുചരിത്രമിവിടെ തെളിയുന്നു... അഴിമതി തന്നുടെ ഭൂതത്താന്മാർ/ കടലിൽ താഴുന്നു.../ അറബിക്കടലിൽ താഴുന്നു/ ഭാരതമുണരുന്നു.../ നവഭാരതമുണരുന്നു/ ജനാധിപത്യ പൊൻകൊടിയേന്തും/ ജനതതിയുണരുന്നു.’’

‘‘രാഗദേവത ദീപം കൊളുത്തും’’ എന്നാരംഭിക്കുന്ന ഗാനം യേശുദാസിന്റെ ശബ്ദത്തിലാണ്.

‘‘രാഗദേവത ദീപം കൊളുത്തും/ നീലലോചനനട നീ തുറക്കൂ/ ലജ്ജാലഹരിയിൽ അടയും മാമക/ സ്വപ്നക്കോവിൽ നട നീ തുറക്കൂ.../ രാഗദേവത ദീപം കൊളുത്തും/ നീലലോചനനട നീ തുറക്കൂ.’’

ആദ്യ ചരണം ‘‘നിന്റെ ഭാവനാ ലോകത്തെ...’’ എന്നാരംഭിക്കുന്നു. ‘‘നിന്‍റെ ഭാവനാലോകത്തെ ജയിക്കാൻ/ നോമ്പു നോറ്റു തളർന്ന വസന്തം/ സ്വർണരേഖാചിത്രങ്ങളെഴുതും/ വർണരാജി തൻ കാവ്യങ്ങളെഴുതും/ നീയാം... നീയാം യൗവന സംഗീതകാവ്യം/ നിത്യസുരഭീസംഗീതമാകും...’’

‘‘പൂത്തുലയും പൂമരമൊന്നക്കരെ...’’ എന്നാരംഭിക്കുന്ന പാട്ട് പി. സുശീലയാണ് പാടിയത്. ചിത്രത്തിന്റെ കഥയുടെ കേന്ദ്രബിന്ദു ഈ ഗാനത്തിൽ അടങ്ങുന്നു.

‘‘പൂത്തുലയും പൂമരമൊന്നക്കരെ/ പൂകാണാക്കിളിമരമൊന്നിക്കരെ/ ഓമനിക്കാനാരുമില്ല/ ഓർമ വെയ്ക്കാനൊന്നുമില്ല/ ഒരു പൂവിരന്നുവാങ്ങി കിളിമരം...’’

പ്രഥമ ചരണം ഇങ്ങനെ: ‘‘നിന്നെ തഴുകിപ്പടർന്നൊരു മാലതി/ തന്ന പൊന്നോമനപ്പൂവോ/ നീ മാറിൽ ചേർത്തിന്നു താരാട്ടും പൂക്കൾ/ ഈ മൂകരജനീനിലാവോ/ ആരിരാരോ.... ആരാരോ/ ആരിരാരോ ആരാരോ...’’

വാണിജയറാമും ശ്രീകാന്തും ചേർന്നു പാടിയ ‘‘ചന്ദ്രകിരണങ്ങൾ രാഗങ്ങളായി...’’ എന്നു തുടങ്ങുന്ന പാട്ട് കൂടുതൽ ഹിറ്റ് ആയെന്നു പറയാം.

‘‘ചന്ദ്രകിരണങ്ങൾ രാഗങ്ങളായി/ ഇന്ദ്രനീലിമ താളങ്ങളായി/ രജതതാരകൾ ശ്രോതാക്കളായി/ രജനി സംഗീതമണ്ഡപമായി’’ എന്ന പല്ലവിക്കു ശേഷം ആദ്യചരണം ഇങ്ങനെ: ‘‘മൗനം വാചാലമാകുന്ന വേള/ മനസ്സിൽ വർണങ്ങൾ ഇളകുന്ന വേള/ വന്നു ഞാൻ നിന്റെ മലർവള്ളിക്കുടിലിൽ/ വന്നു ഞാൻ രാഗകല്ലോലമായി/ നീ വളർത്തുന്ന കളിത്തത്ത ചൊല്ലി/ നീരജാക്ഷീ നിനക്കായീ രാത്രി.’’

ഇതു കഴിഞ്ഞാൽ വീണ്ടും പല്ലവി: ‘‘നിധിയുംകൊണ്ടു കടക്കുന്നു...’’ എന്നു തുടങ്ങുന്ന, ജയചന്ദ്രൻ പാടിയ ഈ പശ്ചാത്തല ഗാനം കഥയിലെ ഒരു നിർണായക മുഹൂർത്തത്തിൽ വരുന്നതാണ്. ‘‘നിധിയുംകൊണ്ടു കടക്കുന്നു... നീ/ നിന്നിൽ നിന്നൊളിച്ചോടുന്നു/ നീയോടുന്നു മുൻപേ/ നിൻ മനസ്സാക്ഷി പിൻപേ.’’

ഗാനത്തിലെ ആദ്യ ചരണം ഇങ്ങനെയാണ്: ‘‘പത്തുമാസം ചുമന്നവൾ എവിടെ/ പോറ്റിവളർത്തിയ നീയെവിടെ/ വിരഹത്തീയിൽ പെറ്റമ്മയെരിഞ്ഞു/ വിലയ്ക്കു വാങ്ങി മാതൃത്വം/ നീ അമ്മയാണോ... ഇതു ധർമമാണോ..?’’

1976 ഫെബ്രുവരി അഞ്ചിന്​ റിലീസ് ആയ ‘അമ്മ’ സാമ്പത്തികവിജയം നേടി.

കമൽഹാസനും ജയഭാരതിയും പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ‘അപ്പൂപ്പൻ’ എന്ന ചിത്രം പി. ഭാസ്കരൻ സംവിധാനംചെയ്തു. ആദ്യം ഈ ചിത്രത്തിന് ‘ചരിത്രം ആവർത്തിക്കുന്നില്ല’ എന്ന പേരാണ് നൽകിയിരുന്നത്. ചിത്രം മുരുകൻ മൂവീസ് നിർമിച്ചു. പി. ഭാസ്കരൻ പറഞ്ഞ ആശയത്തെ വികസിപ്പിച്ച് തിരക്കഥയും സംഭാഷണവും എഴുതിയത് എസ്.എൽ. പുരം സദാനന്ദൻ ആണ്. കെ.പി. ഉമ്മർ, തിക്കുറിശ്ശി, കവിയൂർ പൊന്നമ്മ, സുകുമാരി, സുമിത്ര, ശങ്കരാടി എന്നിവരോടൊപ്പം തമിഴ്-തെലുഗ​ു സിനിമകളിലെ പരിചയസമ്പന്നയായ നടി രാജാസുലോചനയും ‘അപ്പൂപ്പൻ’ എന്ന പി. ഭാസ്കരൻ ചിത്രത്തിൽ അഭിനയിച്ചു. പി. ഭാസ്കരൻ എഴുതിയ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് എം.എസ്. ബാബുരാജ് ആണ്. സാമാന്യം ദീർഘമായ ഇടവേളക്ക് ശേഷമാണ് ഇവർ രണ്ടുപേരും വീണ്ടും ഒരുമിച്ചത്. പി. ഭാസ്കരൻ-ബാബുരാജ് ടീമിന്റെ നിലവാരം കുറയാതിരിക്കാൻ ഇരുവരും ശ്രദ്ധിച്ചു എന്നു പറയാം. യേശുദാസ്, പി. ജയചന്ദ്രൻ, എസ്. ജാനകി, പി. ലീല, എൽ.ആർ. ഈശ്വരി, സി.ഒ. ആന്റോ, കുളത്തുപ്പുഴ രവി (രവീന്ദ്രൻ) എന്നിവർ പിന്നണിയിൽ പാടി. ചിത്രത്തിൽ ആറു പാട്ടുകൾ ഉണ്ടായിരുന്നു. യേശുദാസും എൽ.ആർ. അഞ്ജലിയും ചേർന്നു പാടിയ ‘‘ഇടവപ്പാതിക്കു കുടയില്ലാതെ...’’ എന്നു തുടങ്ങുന്ന ഗാനം പ്രസിദ്ധി നേടി.

 

സി. രാധാകൃഷ്ണൻ,പി. ഭാസ്കരൻ,എം.എസ്. ബാബുരാജ്,കെ.പി. കൊട്ടാരക്കര,രവീന്ദ്രൻ മാസ്റ്റർ

‘‘ഇടവപ്പാതിക്കു കുടയില്ലാതെ/ ഇലഞ്ഞിമരച്ചോട്ടിൽ നിന്നില്ലേ- നാം/ ഇലഞ്ഞിമരച്ചോട്ടിൽ നിന്നില്ലേ.../ കുടവുമെടുത്തൊരു കാർമുകിൽ നമ്മേ/ കുളിപ്പിച്ചില്ലേ, പെണ്ണേ കുളിപ്പിച്ചില്ലേ...’’ എന്ന പല്ലവിക്കുശേഷം വരുന്ന ആദ്യ ചരണം ഇങ്ങനെ: ‘‘ദാവണിത്തുമ്പ് നീയഴിച്ചു നീർത്തീ/ പൂവേണിച്ചുരുളുകൾ പിഴിഞ്ഞുതോർത്തി/ എന്റെ കണ്ണിനുത്സവം മദനോത്സവം/ നിൻ കവിളിൽ നാണത്തിൻ സിന്ദൂരം... സിന്ദൂരം.’’

യേശുദാസും എൽ.ആർ. അഞ്ജലിയും ചേർന്നു പാടിയ രണ്ടാമത്തെ ഗാനം ഇങ്ങനെ ആരംഭിക്കുന്നു:

‘‘ലോകം വല്ലാത്ത ലോകം/ ആഹാ വല്ലാത്ത ലോകം വല്ലാത്ത ശോകം/ മർത്ത്യന്റെ പ്രാണവേദന കണ്ടിട്ട്/ പൊട്ടിച്ചിരിക്കുന്ന ദുഷ്ടപ്രപഞ്ചമേ...’’

ഗാനം ഇങ്ങനെ തുടരുന്നു:‘‘പാലുകൊടുത്തൊരു കയ്യിൽ കടിക്കുന്ന/ പാമ്പിന്റെ മാളമീ ലോകം/ നെഞ്ചിന്റെ ദാഹം ശമിപ്പിച്ച ചോലയിൽ/ നഞ്ചു കലക്കുന്നു ലോകം... ആഹാ വല്ലാത്ത ലോകം.’’ജയചന്ദ്രനും എൽ.ആർ. അഞ്ജലിയും പാടിയ യുഗ്മഗാനവും ലളിത സുന്ദരമായിരുന്നു.

‘‘ആറ്റിറമ്പിലെ സുന്ദരീ/ ആങ്ങളമാർ എങ്ങുപോയ്’’ എന്ന് പുരുഷശബ്ദത്തിൽ ചോദ്യം.

‘‘ആങ്ങളമാർ ആ മലയിൽ/ ആഞ്ഞിലി വെട്ടാൻ പോയിക്കഴിഞ്ഞു’’ എന്നു സ്ത്രീശബ്ദത്തിൽ ഉത്തരം.

‘‘കാട്ടിലെ തേനും കന്മദവുംകൊണ്ടു/ കാണാൻ ഞാനൊന്നു വന്നോട്ടെ’’ എന്നു പുരുഷശബ്ദത്തിൽ ചോദ്യം. ‘‘കാട്ടിലെ തേൻ വേണ്ട കന്മദവും വേണ്ട/ കല്ലേം മാലേം തന്നാട്ടെ... കല്ലേം മാലേം തന്നാട്ടെ’’ എന്ന് സ്ത്രീശബ്ദത്തിൽ ഉത്തരം.

പാട്ടിലെ രണ്ടാം ചരണവും മൂന്നാം ചരണവും ഇതുപോലെ തന്നെ രസകരമാണ്.

എസ്. ജാനകി ആലപിച്ച ‘‘ആനന്ദക്കുട്ടനിന്നു പിറന്നാള്’’ എന്നു തുടങ്ങുന്ന പാട്ടും സന്ദർഭത്തിനു തികച്ചും അനുയോജ്യം.

‘‘ആനന്ദക്കുട്ടനിന്നു പിറന്നാള്/ ആയില്യം മകത്തിനു പിറന്നാള്/ ആനന്ദക്കുട്ടനിന്നു പിറന്നാള്/ അച്ഛന്റെ കണ്ണിലെ കണ്മണിയായി/ അമ്മ തൻ കരളിലെ തേൻകണിയായി/ അയലത്തുകാർക്കെന്നും പൂക്കണിയായി/ ആരോമൽ പൊന്നുണ്ണീ നീ വളരാവൂ.../ ആനന്ദക്കുട്ടനിന്നു പിറന്നാള്...’’

യേശുദാസ് ആലപിച്ച ‘‘ഉത്തരം കിട്ടാത്ത ചോദ്യം...’’ എന്ന ഗാനമാണ് മറ്റൊന്ന്. ‘‘ഉത്തരം കിട്ടാത്ത ചോദ്യം... മനുഷ്യൻ/ ഉത്തരം കിട്ടാത്ത ചോദ്യം/ തൊട്ടിലിൽ കിടത്തിയതു ജനനി/ താലി കെട്ടിച്ചയച്ചതു താതൻ/ കട്ടിലിൽ കിടത്തിയതു കാന്തൻ -ഇനി പട്ടടയ്ക്കു തീ കൊളുത്താനാരോ... അമ്മേ, നിൻ/ പട്ടടയ്ക്കു തീ കൊളുത്താനാരോ..?’’

പി. ലീലയും രവീന്ദ്രനും സി.ഒ. ആന്റോയും ചേർന്നു പാടിയ പാട്ട് ഇങ്ങനെ തുടങ്ങുന്നു: ‘‘നില്ലെടീ നില്ലെടീ നീയല്ലയോ ഇന്നു/ കൊല്ലാതെ കൊന്നതെൻ ചെല്ലമാം പുത്രിയെ/ തല്ലെടീ ചൂലിനാൽ എല്ലാത്തിനേം... വെറും പുല്ലാണ് പുല്ലാണ് കാശും പ്രതാപവും.’’

‘അപ്പൂപ്പൻ’ എന്ന ചിത്രത്തിലെ പാട്ടുകൾ വ്യത്യസ്തങ്ങളായിരുന്നു. എന്നാൽ ഓർമകളിൽ അലയടിക്കുന്ന പി. ഭാസ്കരൻ-ബാബുരാജ് കൂട്ടുകെട്ടിന്റെ പഴയ പാട്ടുകളുമായി താരതമ്യംചെയ്യാൻ ശ്രമിക്കരുത്‌. 1976 ഫെബ്രുവരി 13ന് റിലീസ് ആയ ‘അപ്പൂപ്പൻ’ സാമ്പത്തികമായി വിജയിച്ച ചിത്രമാണ്.

(തുടരും)

News Summary - malayalam film songs history