‘മധുമതി’ ‘വനദേവത’യായപ്പോൾ

ഒരു കാലഘട്ടത്തിൽ ഇന്ത്യയിലെ സിനിമാപ്രേമികളെ മുഴുവൻ ആകർഷിക്കുകയും അത്ഭുതപ്പെടുത്തുകയുംചെയ്ത ഹിന്ദി സിനിമയാണ് ബിമൽ റോയ് നിർമിച്ച് സംവിധാനംചെയ്ത ‘മധുമതി’ (1958). ‘മധുമതി’യുടെ കഥയെ അടിസ്ഥാനമാക്കി അഞ്ജന ഫിലിംസിന്റെ പേരിൽ കവിയും ഗാനരചയിതാവുമായ യൂസഫലി കേച്ചേരി നിർമിച്ച് സംവിധാനംചെയ്ത ചിത്രമാണ് ‘വനദേവത’ -സംഗീതയാത്ര തുടരുന്നു.
പ്രശസ്ത നാടകകൃത്തായ കെ.ടി. മുഹമ്മദിന്റെ ‘സൃഷ്ടി’ എന്ന നാടകത്തിന്റെ ചലച്ചിത്രരൂപം അദ്ദേഹംതന്നെയാണ് തയാറാക്കിയത്. കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും കെ.ടി. മുഹമ്മദിന്റേത് തന്നെ, കമേഴ്സ്യൽ സാധ്യതകളെപ്പറ്റി ചിന്തിക്കാതെ തികച്ചും വ്യത്യസ്തമായ ശൈലിയിലാണ് കെ.ടി. മുഹമ്മദ് ഈ സിനിമ ഒരുക്കിയത്. സാഹിത്യകാരനായ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയാണ് ഈ ചിത്രത്തിലെ പ്രധാന നടൻ (അതിനു മുമ്പ് ഈ ലേഖകൻ സംവിധാനംചെയ്ത ‘തിരുവോണം’ എന്ന സിനിമയിൽ ഒരു കപടസാഹിത്യകാരന്റെ വേഷത്തിൽ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി പ്രത്യക്ഷപ്പെട്ടിരുന്നു). എഴുത്തുകാരനും നടനുമായ സുരാസു, വിജയൻ, തൃശൂർ എൽസി, പി.കെ. വിക്രമൻ നായർ, അടൂർ ഭവാനി, രവി ആലുംമൂട് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ഒ.എൻ.വി കുറുപ്പിന്റെ ഗാനങ്ങൾക്ക് എം.എസ്. ബാബുരാജ് സംഗീതം നൽകി. കാവ്യഭംഗി നിറഞ്ഞ ആദ്യഗാനം ഈ സിനിമയുടെ നിലവാരത്തിനൊപ്പം നിന്നു. യേശുദാസ് ശബ്ദം നൽകിയ ‘‘സൃഷ്ടി തൻ സൗന്ദര്യമുന്തിരിച്ചാറിനായ്’’ എന്നു തുടങ്ങുന്ന ഗാനം ഉദാത്തമായ കവിത തന്നെ.
‘‘സൃഷ്ടി തൻ സൗന്ദര്യമുന്തിരിച്ചാറിനായ്/ കൈക്കുമ്പിൾ നീട്ടുന്നു നിങ്ങൾ/ വേദനയിൽ, സർഗവേദനയിൽ എന്റെ ചേതന വീണെരിയുന്നു. -സൃഷ്ടി തൻ/ വേദനയാരറിയുന്നു.”
എല്ലാ വരികളും ഉദ്ധരിക്കാൻ കഴിയാത്തതിൽ ദുഃഖമുണ്ട്. എങ്കിലും അവസാനത്തെ ചരണം ഉദ്ധരിച്ചില്ലെങ്കിൽ അനീതിയാകും. ആ വരികൾ ഇങ്ങനെയാണ്.
‘‘ഈ യുഗത്തിൻ ഇതിഹാസത്തിലുണ്ടെന്റെ/ ഈ വീരസാഹസചരിത്രം/ ഒരു തത്ത്വശാസ്ത്രത്തിന് തയ് നട്ടു ഞാൻ/ എന്നും പിഴുതുനോക്കുന്നു വേരെണ്ണാൻ...’’
ചിത്രത്തിന്റെ ഗൗരവസ്വഭാവം നിലനിർത്താൻ ഈയൊരു ഗാനം മതിയായിരുന്നു. മറ്റു മൂന്നു ഗാനങ്ങൾ ഒഴിവാക്കാമായിരുന്നു എന്നു നിരൂപകർ അഭിപ്രായപ്പെട്ടു.
എസ്. ജാനകി പാടിയ ഗാനത്തിന്റെ പല്ലവിയിങ്ങനെ:
‘‘നിത്യകാമുകീ നിന്നെ തിരഞ്ഞു ഞാൻ/ എത്ര ജന്മങ്ങളലഞ്ഞു/ നിദ്രയിൽ മധുരസ്വപ്നംപോലെ/ മറ്റൊരു ജന്മമണഞ്ഞു.’’
ചിത്രത്തിലെ അടുത്ത രണ്ടു പാട്ടുകൾ കൊച്ചിൻ ഇബ്രാഹിമും എൽ.ആർ. ഈശ്വരിയും ചേർന്നാണ് പാടിയത്.
‘‘ആയിരം പൊൻപണം വീണുകിട്ടി -നമുക്കായിരം പൊൻപണം വീണുകിട്ടി/ ആലിപ്പഴംപോലെ ഞാവൽപ്പഴംപോലെ/ ആയിരം പൊൻപണം വീണുകിട്ടി/ ആനയ്ക്കെടുപ്പതു പൊന്നു കിട്ടി -ഏഴാനയെ ചമയിക്കും പൊന്നു കിട്ടി/ ആടെടീ പൈങ്കിളി പാടെടീ പൈങ്കിളീ/ ആകാശപ്പൊൻപണം പെയ്തുകിട്ടി’’ എന്നു തുടങ്ങുന്നു ഇവർ പാടിയ ആദ്യഗാനം.
എൽ.ആർ. ഈശ്വരിയും കൊച്ചിൻ ഇബ്രാഹിമും ചേർന്നു പാടിയ രണ്ടാമത്തെ ഗാനമിതാണ്: ‘‘ലഹരി മാദകലഹരി/ ലഹരി നീയെന്റെ ലഹരി/ സൗന്ദര്യ ലഹരി/ ലഹരി ലഹരി ലഹരി.’’ ഈ പല്ലവിയെ തുടർന്നുവരുന്ന വരികൾ: ‘‘ഈ നഗരിയിൽ എൻ പ്രേമനഗരിയിൽ/ നീയൊരു സ്വപ്നസഞ്ചാരി/ മുന്തിരിയിലകൊണ്ടു നഗ്നത മൂടിയൊരു/ സൗന്ദര്യം ഞാൻ കണ്ടു.’’
1976 ഫെബ്രുവരി 20ന് ‘സൃഷ്ടി’ പുറത്തുവന്നു. നാടകത്തിനു കിട്ടിയ പ്രശസ്തി ചലച്ചിത്രത്തിന് ലഭിച്ചില്ല.
ഒരു കാലഘട്ടത്തിൽ ഇന്ത്യയിലെ സിനിമാപ്രേമികളെ മുഴുവൻ ആകർഷിക്കുകയും അത്ഭുതപ്പെടുത്തുകയുംചെയ്ത ഹിന്ദി സിനിമയാണ് ബിമൽ റോയ് നിർമിച്ച് സംവിധാനംചെയ്ത ‘മധുമതി’ (1958). ദിലീപ് കുമാറും വൈജയന്തിമാലയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ‘മധുമതി’ അതിമനോഹരമായ ഒരു പ്രണയകഥയാണ് പറയുന്നത്. പുനർജന്മമുണ്ടെന്നു സ്ഥാപിക്കുന്ന കഥ കൂടിയാണിത്. പിൽക്കാലത്ത് ഇന്ത്യൻ സിനിമയിലെ അത്യുജ്ജ്വല പ്രതിഭകളായി വളർന്ന ഋത്വിക് ഘട്ടക്, രാജേന്ദർ സിങ് ബേഡി, ശൈലേന്ദ്ര, സലിൽ ചൗധരി, ഋഷികേശ് മുഖർജി തുടങ്ങിയവർ ഒരുമിച്ച ചിത്രംകൂടിയാണ് ‘മധുമതി’. ഋത്വിക് ഘട്ടക് കഥയും തിരക്കഥയും എഴുതി. രാേജന്ദ്രസിങ് ബേഡി സംഭാഷണം രചിച്ചു, രാജ്കപൂറിന്റെ ഇഷ്ടകവിയായ ശൈലേന്ദ്ര പാട്ടുകളെഴുതി. സലിൽ ചൗധരി സംഗീതസംവിധായകനായി. ഋഷികേശ് മുഖർജി ചിത്രം എഡിറ്റ് ചെയ്തു. ‘മധുമതി’യിലെ പാട്ടുകൾ ഒരു കാലഘട്ടത്തെ തന്നെ കീഴടക്കിയെന്നു പറയാം.
‘മധുമതി’യുടെ കഥയെ അടിസ്ഥാനമാക്കി അഞ്ജന ഫിലിംസിന്റെ പേരിൽ കവിയും ഗാനരചയിതാവുമായ യൂസഫലി കേച്ചേരി നിർമിച്ച് സംവിധാനംചെയ്ത ചിത്രമാണ് ‘വനദേവത’. തിരക്കഥയും സംഭാഷണവും അദ്ദേഹത്തിന്റേതുതന്നെ. യൂസഫലി കേച്ചേരിയുടെ ഗാനങ്ങൾക്ക് ജി. ദേവരാജൻ ഈണം നൽകി. പാട്ടുകൾ മികച്ചവയായിരുന്നു.
പ്രേംനസീർ നായകനും ഉത്തരേന്ത്യക്കാരിയായ മധുശാല എന്ന പുതുമുഖനടി നായികയുമായി. കെ.പി. ഉമ്മർ, ടി.എസ്. മുത്തയ്യ, അടൂർ ഭാസി, എൻ. ഗോവിന്ദൻകുട്ടി, പട്ടം സദൻ, കെ.പി.എ.സി അസീസ് തുടങ്ങിയവർ അഭിനേതാക്കളായി.
‘വനദേവത’യിൽ എട്ടു പാട്ടുകൾ ഉണ്ടായിരുന്നു. മാധുരിയുടെ ഒരു ഗാനം പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയില്ലാതെ ആവർത്തിക്കുന്നുണ്ട്. അതുകൂടിയുൾപ്പെടുത്തിയാൽ ഗാനങ്ങൾ ഒമ്പതാകും. യേശുദാസും മാധുരിയും മാത്രമാണ് ഗായകർ.
യേശുദാസ് പാടിയ ‘‘സ്വർഗം താണിറങ്ങി വന്നതോ’’ എന്നാരംഭിക്കുന്ന ഗാനം വളരെ പ്രസിദ്ധമാണ്.
‘‘സ്വർഗം താണിറങ്ങി വന്നതോ/ സ്വപ്നം പീലിനീർത്തി നിന്നതോ/ ഈശ്വരന്റെ സൃഷ്ടിയിൽ/ അഴകെഴുന്നതത്രയും/ ഇവിടെയൊന്നുചേർന്നലിഞ്ഞതോ...’’ എന്ന് പല്ലവി. ആദ്യചരണം ഇങ്ങനെ: ‘‘വണ്ടണഞ്ഞാൽ പൂവിനൊരു ചാഞ്ചാട്ടം/ ചുണ്ടിനുള്ളതിൽ പുഞ്ചിരിയുടെ തിരനോട്ടം/ മനമറിയാതെ എൻ തനുവറിയാതെ/ ഒരു ലഹരിയിൽ ഒഴുകിടുന്നു ഞാൻ...” യേശുദാസ് പാടിയ രണ്ടാമത്തെ ഗാനവും പ്രശസ്തമാണ്. ‘‘മന്മഥന്റെ കൊടിയടയാളം/ മത്സ്യമെന്നു കേട്ടൂ ഞാൻ/ എൻ പ്രിയേ നിൻ കണ്ണിൽ ഇന്നാ/ പൊൻപതാക കണ്ടൂ ഞാൻ.’’ എന്ന പല്ലവിക്കുശേഷം ചരണം ഇങ്ങനെ തുടങ്ങുന്നു: ‘‘കാമദേവനേന്തും ചാപം/ കരിമ്പെന്നു കേട്ടൂ ഞാൻ/ മധുമൊഴീ നിൻ ചുണ്ടിൽ നിന്നാ/ മധുരമാസ്വദിച്ചു ഞാൻ.”
യേശുദാസ് ശബ്ദം നൽകിയ മൂന്നാമത്തെ ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘വിടരും മുമ്പേ വീണടിയുന്നൊരു/ വനമലരാണീയനുരാഗം/ കണ്ണീർക്കടലിൻ തിരകളിലലിയും/ പുഞ്ചിരിയാണീയനുരാഗം.”
യേശുദാസ് ആലപിച്ച നാലാമത്തെ ഗാനം ‘‘നിൻ മൃദുമൊഴിയിൽ നറുതേനോ...’’ എന്നു തുടങ്ങുന്നു.
“നിൻ മൃദുമൊഴിയിൽ നറുതേനോ.../ നീലമിഴിയിൽ കരിമീനോ/ മൽസഖി നിന്നുടെ പൂങ്കവിളിണയിൽ/ മഴവിൽക്കൊടിയോ പൂങ്കൊടിയോ..? വർണങ്ങളായിരം ചാലിച്ചെഴുതി/ വരവർണിനീ നിൻ രൂപം ഞാൻ...” എന്ന് ചരണം ആരംഭിക്കുന്നു. മാധുരി പാടിയ ആദ്യഗാനം ഇങ്ങനെ: “തുടുതുടെ തുടിക്കും മോഹം/ തടവിൽ കഴിയും മോഹം/ കുളിരല ചൂടാൻ കൂടെ വന്നിരിക്കാൻ/ എവിടെ നീയെവിടെ...’’
‘‘പ്രാണേശ്വരാ... പ്രാണേശ്വരാ’’ എന്നാരംഭിക്കുന്നു മാധുരി പാടിയ മൂന്നാമത്തെ പാട്ട്. പല്ലവിയിങ്ങനെ: ‘‘പ്രാണേശ്വരാ പ്രാണേശ്വരാ/ ആശകളിൽ തേൻ ചൊരിയൂ. മാനസം നിറയും കൂരിരുളിൽ/ സ്നേഹത്തിൻ കതിരൊളി വീശിവരൂ.’’ ആദ്യചരണം ഇങ്ങനെ ആരംഭിക്കുന്നു: ‘‘ഏറിയ ജന്മം തേടിയലഞ്ഞു/ ഏകാകിനിയായ് ഞാനിവിടെ. ഇരവുകളിൽ നറുപകലൊളിയിൽ/ കനവുകളിൽ എൻ നിനവുകളിൽ/ കണ്ടു നിൻ മുഖം ഞാൻ/ പനിനീരലർമുഖം ഞാൻ.’’
മാധുരിയും സംഘവും പാടിയ മറ്റൊരു പാട്ട് ഇങ്ങനെ തുടങ്ങുന്നു: ‘‘കറുത്താലും വേണ്ടില്ല വെളുത്താലും വേണ്ടില്ല/ കണ്ടാൽ കാമദേവൻ/ എൻ കണ്ണിനവൻ കണ്ടാൽ കാമദേവൻ. കാണായ കാമദേവൻ.’’
മാധുരി പാടിയ ഒരു ഹിന്ദി ഗാനവും ‘വനദേവത’യിൽ ഉണ്ടായിരുന്നു.
‘‘ഹുസ്നേ ചാഹേ തോ ഫലാം/ ചാന്ദ്സെ തും പ്യാർ കരോ/ ദൗലത്ത് ചാഹേ തോ/ ഖസാനെ സെ ഹേ തും പ്യാർ കരോ/ ഇഷ്ക് ചാഹേ തോ/ ആവോ മുജ്സെ പ്യാർ കരോ’’ എന്നിങ്ങനെ തുടങ്ങുന്നു ഈ ഗാനം.
‘വനദേവത’ എന്ന സിനിമ 1976 ഫെബ്രുവരി 20ന് റിലീസ് ചെയ്തു. ചിത്രം സാമ്പത്തികവിജയം നേടിയില്ല.
ക്രോസ്ബെൽറ്റ് മണി സംവിധാനം നിർവഹിച്ച ‘യുദ്ധഭൂമി’ എന്ന ചിത്രം തിരുവോണം പിക്ചേഴ്സ് ആണ് നിർമിച്ചത്. മണിയുടെ സ്വന്തമാണ് ആ നിർമാണക്കമ്പനി. കാക്കനാടൻ ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും എഴുതി. കാക്കനാടൻ ഒരു ആക്ഷൻ സിനിമക്ക് കഥയെഴുതിയെന്നു പറഞ്ഞാൽ പലരും വിശ്വസിച്ചെന്നു വരില്ല. വിൻെസന്റ്, വിധുബാല, കെ.പി. ഉമ്മർ, രവി മേനോൻ, ബാലൻ കെ. നായർ, രാജകോകില, റീന, മീന, ശ്രീലത, ബഹദൂർ, കുതിരവട്ടം പപ്പു, കൊച്ചിൻ ഹനീഫ, വെട്ടൂർ പുരുഷൻ തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിന്റെ സംഗീതസംവിധായകൻ ആർ.കെ. ശേഖറാണ്. മങ്കൊമ്പ് ഗോപാലകൃഷ്ണനും ഭരണിക്കാവ് ശിവകുമാറും പാട്ടുകളെഴുതി. മങ്കൊമ്പ് എഴുതി ആർ.കെ. ശേഖറിന്റെ സംഗീതത്തിൽ വാണി ജയറാം പാടിയ ‘‘ആഷാഢമാസം ആത്മാവിൽ മോഹം’’ എന്ന് തുടങ്ങുന്ന പ്രശസ്ത ഗാനം ‘യുദ്ധഭൂമി’യിൽ ഉള്ളതാണ്.
പല്ലവിയുടെ പൂർണരൂപം ഇങ്ങനെ: ‘‘ആഷാഢമാസം ആത്മാവിൽ മോഹം/ അനുരാഗമധുരമാമന്തരീക്ഷം/ വിധുരയാം രാധയെപ്പോലെനിക്കെന്നിട്ടും/ വിലപിക്കാൻ മാത്രമാണു യോഗം.’’
പല്ലവിയിൽ വന്ന ഈ ഗാനാത്മകത തുടർന്നുള്ള വരികളിൽ കാണുന്നില്ല. ‘‘അർഹതപ്പെട്ടതല്ലെങ്കിലും ഞാനെന്റെ അന്തരംഗം നിനക്കായ് തുറന്നുവെച്ചു...’’ എന്നിങ്ങനെയാണ് ചരണം ആരംഭിക്കുന്നത്. എങ്കിലും ഈ ഗാനം സൂപ്പർഹിറ്റ് ആയി. ആർ.കെ. ശേഖറിന്റെ ഏറ്റവും മികച്ച പാട്ടുകളിലൊന്നാണിത്.
ബിമൽ റോയ്,യൂസഫലി കേച്ചേരി
മങ്കൊമ്പ് രചിച്ച മറ്റൊരു ഗാനം കെ.പി. ബ്രഹ്മാനന്ദൻ പാടി. ‘‘കാമന്റെ കൊടിയുടെയടയാളം/ കാമിനീ നിൻ കാർകൂന്തൽ/ രാസലീലയിലലിയുമ്പോഴൊരു/ രാജമല്ലിപ്പൂ ചൂടിക്കാം’’ എന്നിങ്ങനെയാണ് പല്ലവി. ആദ്യചരണം ഇങ്ങനെയാണ്: ‘‘അനങ്ങുമ്പോൾ തുളുമ്പും നിൻ പളുങ്കുഗോളം/ അകതാരിലുണർത്തുന്നൊരിലത്താളം/ അരഞ്ഞാണം കിലുങ്ങുന്നൊരരക്കെട്ട്/ ആവേശമുണർത്തുന്നൊരങ്കത്തട്ട്...’’
മങ്കൊമ്പ് രചിച്ച ചിത്രത്തിലെ മൂന്നാമത്തെ പാട്ട് ‘‘അരുവി പാലരുവീ’’ എന്ന് തുടങ്ങുന്നു. ‘‘അരുവീ പാലരുവീ/ കുരുവീ പൂങ്കുരുവീ/ കരളിൻ കലികയിൽ നീ താ/ കരിമ്പുനീരെനിക്കു താ...’’ ഗാനം ഇങ്ങനെ തുടരുന്നു: ‘‘കുഴലീ വാർകുഴലീ/ കുറുമൊഴിത്തേൻ മലരീ/ മധുരം മധുരം നീ പകരൂ/ പഞ്ചമിച്ചെടിയിലെ/ പുഞ്ചിരിചൊടിയിലെ/ തിരുവമൃതുംകൊണ്ടു നീ/ വന്നാലും നൂറുമ്മ തന്നാലും.’’
ചിത്രത്തിലെ നാലാമത്തെ പാട്ട് ഭരണിക്കാവ് ശിവകുമാർ എഴുതി. ഇതൊരു ഹാസ്യഗാനമാണ്. ഈ ഗാനം ജയചന്ദ്രനും ബ്രഹ്മാനന്ദനും ചേർന്നാണ് പാടിയത്.
‘‘ആഹാ ലൗലിപ്പെണ്ണേ ലില്ലിപ്പെണ്ണേ/ ലഹരിപ്പൂ വിടർത്തുന്ന പെണ്ണേ/ ലവ് ബേഡായ് നല്ല ഡ്രീംഗേളായ്/ മദനപ്പൂ ചൊരിയുന്ന പെണ്ണേ/ ഹരേ രാമാ ഹരേ രാമാ/ ഹരേ കൃഷ്ണ ഹരേ കൃഷ്ണ’’ എന്നിങ്ങനെ തുടങ്ങുന്നു ഈ തമാശപ്പാട്ട്.
1976 ഫെബ്രുവരി 27ന് ‘യുദ്ധഭൂമി’ റിലീസ് ആയി. ചിത്രം സാമാന്യവിജയം നേടി.