Begin typing your search above and press return to search.

പിന്നണിഗായകൻ ഉദയഭാനുവിന്റെ ഈണങ്ങൾ

പിന്നണിഗായകൻ ഉദയഭാനുവിന്റെ ഈണങ്ങൾ
cancel

ശ്രീസായ് പ്രൊഡക്ഷൻസിന്റെ ഉടമ ആർ.എസ്. ശ്രീനിവാസൻ നിർമിച്ച് എ.ബി. രാജ് സംവിധാനംചെയ്‌ത സിനിമയാണ് ‘സീമന്തപുത്രൻ’. വി.പി. സാരഥി എഴുതിയ കഥക്ക് എം.ആർ. ജോസഫ് തിരക്കഥയും സംഭാഷണവും രചിച്ചു -സംഗീതയാത്ര തുടരുന്നു. കലാരത്നം ഫിലിംസിന്റെ പേരിൽ പ്രശസ്ത നൃത്തസംവിധായകൻകൂടിയായ കെ. തങ്കപ്പൻ സംവിധാനംചെയ്ത മൂന്നാമത്തെ ചിത്രമാണ് ‘സമസ്യ’. ടി. സുരേന്ദ്രനാണ് നിർമാതാവ്. കെ.എസ്. നമ്പൂതിരിയുടെ ഇതേ പേരിലുള്ള നാടകത്തിന്റെ ചലച്ചിത്രഭാഷ്യമാണിത്. നാടകകൃത്ത് തന്നെ തിരക്കഥയും സംഭാഷണവും രചിച്ചു. മധു, കമൽഹാസൻ, ശ്രീവിദ്യ, ബാലൻ കെ. നായർ, പ്രേംജി, കുതിരവട്ടം പപ്പു തുടങ്ങിയവർ പ്രധാന അഭിനേതാക്കളായിരുന്നു. മൂന്നു ഗാനരചയിതാക്കളും...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
ശ്രീസായ് പ്രൊഡക്ഷൻസിന്റെ ഉടമ ആർ.എസ്. ശ്രീനിവാസൻ നിർമിച്ച് എ.ബി. രാജ് സംവിധാനംചെയ്‌ത സിനിമയാണ് ‘സീമന്തപുത്രൻ’. വി.പി. സാരഥി എഴുതിയ കഥക്ക് എം.ആർ. ജോസഫ് തിരക്കഥയും സംഭാഷണവും രചിച്ചു -സംഗീതയാത്ര തുടരുന്നു.

കലാരത്നം ഫിലിംസിന്റെ പേരിൽ പ്രശസ്ത നൃത്തസംവിധായകൻകൂടിയായ കെ. തങ്കപ്പൻ സംവിധാനംചെയ്ത മൂന്നാമത്തെ ചിത്രമാണ് ‘സമസ്യ’. ടി. സുരേന്ദ്രനാണ് നിർമാതാവ്. കെ.എസ്. നമ്പൂതിരിയുടെ ഇതേ പേരിലുള്ള നാടകത്തിന്റെ ചലച്ചിത്രഭാഷ്യമാണിത്. നാടകകൃത്ത് തന്നെ തിരക്കഥയും സംഭാഷണവും രചിച്ചു. മധു, കമൽഹാസൻ, ശ്രീവിദ്യ, ബാലൻ കെ. നായർ, പ്രേംജി, കുതിരവട്ടം പപ്പു തുടങ്ങിയവർ പ്രധാന അഭിനേതാക്കളായിരുന്നു. മൂന്നു ഗാനരചയിതാക്കളും രണ്ടു സംഗീതസംവിധായകരും ചിത്രത്തിനുവേണ്ടി ഗാനങ്ങളൊരുക്കി. പി. ഭാസ്കരൻ, ഒ.എൻ.വി, ബിച്ചു തിരുമല എന്നിവരാണ് ഗാനരചയിതാക്കൾ. ശ്യാം, കെ.പി. ഉദയഭാനു എന്നിവർ സംഗീതസംവിധായകരും. പ്രശസ്ത പിന്നണിഗായകനായ കെ.പി. ഉദയഭാനുവാണ് ചിത്രത്തിലെ ഏഴു പാട്ടുകളിൽ അഞ്ചിനും ഈണം നൽകിയത്. യേശുദാസ്, പി. സുശീല, രവീന്ദ്രൻ (കുളത്തുപ്പുഴ രവി), ലേഖ കെ. നായർ എന്നിവർ പാട്ടുകൾ പാടി. ഒ.എൻ.വി എഴുതി കെ.പി. ഉദയഭാനു ഈണം നൽകിയ ‘‘കിളി ചിലച്ചു...’’ എന്നു തുടങ്ങുന്ന പാട്ട് ഹിറ്റ് ചാർട്ടിലെത്തി.

‘‘കിളി ചിലച്ചു... കിലുകിലെ/ കൈവള ചിരിച്ചു/ കളമൊഴീ നിൻ കയ്യിലൊരു/ കുളിരുമ്മ വെച്ചു.’’

വരികൾ ഇങ്ങനെ തുടരുന്നു: ‘‘കതിർ ചൂടും പുന്നെല്ലിൻ മർമരമോ/ കരളിലെ പുളകത്തിൻ മൃദുമന്ത്രമോ/ മധുരമൊഴീ കാതോർത്തു നീ നുകർന്നു/ ഇതിലേ വാ നിലാവേ നീ ഇതിലേ വരൂ/ ഇവളെ നിൻ പൂക്കളാൽ അലങ്കരിക്കൂ.’’

ഒ.എൻ.വിയും ഉദയഭാനുവും ചേർന്നൊരുക്കിയ മറ്റൊരു ഗാനം പി. സുശീലയാണ് പാടിയത്.

‘‘നിറപറ ചാർത്തിയ പൂക്കുലപോലെ നീ/ തിരുവാതിരമുറ്റത്തൊരുങ്ങി നിന്നു/ തിരിമലർനാളങ്ങൾ ഊതിക്കെടുത്തിയ/ നിലവിളക്കായ് നീ മാറിനിന്നു... വീണ്ടും തപസ്സിൽ നിന്നു.’’

ഇതേ കൂട്ടുകെട്ടൊരുക്കിയ മൂന്നാമത്തെ പാട്ട് രവീന്ദ്രനും സംഘവുമാണ് പാടിയത്.

‘‘പൂജയും മന്ത്രവും കുത്തകയാക്കിയ/ പൂണൂൽക്കാരേ വഴി മാറൂ. വരുന്നു പുതിയൊരു പൂജാരി/ വരുന്നു പുതിയൊരു പൂജാരി.’’

ഇങ്ങനെ പല്ലവി: ‘‘വയലേലയുടെ മക്കൾ ഞങ്ങൾ/ വയലരിയും മക്കൾ’’ എന്നിങ്ങനെ ചരണം ആരംഭിക്കുന്നു.

ഒ.എൻ.വി എഴുതിയ ‘‘അഭയം നീയേ...’’ എന്നു തുടങ്ങുന്ന പ്രാർഥനാഗാനവും ഉദയഭാനുവാണ് ചിട്ടപ്പെടുത്തിയത്. ലേഖ കെ. നായർ എന്ന ഗായിക ഈ ഗാനത്തിന് ശബ്ദം നൽകി.

‘‘അഭയം നീയേ ആശ്രയം നീയേ/ ഗുരുവായൂരപ്പാ/ അഴലിന്നലകടൽ നടുവിലീ ഞങ്ങൾ...ക്കഭയവും ആശ്രയവും നീയേ...’’ എന്നിങ്ങനെ പാട്ട് തുടങ്ങുന്നു.

ഒ.എൻ.വിയും ഉദയഭാനുവും ചേർന്നൊരുക്കിയ നാലാമത്തെ ഗാനം ഒരു സംഘഗാനമായിരുന്നു. ഈ പാട്ടിനു ലേഖ കെ. നായർ എന്ന ഗായിക പ്രധാന ശബ്ദം നൽകി.

‘‘മംഗലയാതിരരാത്രി/ നിൻ പുകൾപാടുന്നിതാ/ സുമംഗലിമാർ തിരുവാതിരനടനമാടി/ അമ്പിളിക്കല ചൂടുന്ന തമ്പുരാന്റെ തിരുമാറിൽ/ അന്പാർന്നു ഭഗവതി മാലയുമിട്ടു/ കണ്ണിണ തെല്ലു കൂമ്പി കൈകൂപ്പി ദേവിയും/ മുക്കണ്ണന്റെ മുന്നിൽ നിന്നാൾ വിഗ്രഹംപോലെ.’’

പി. ഭാസ്കരൻ എഴുതി ശ്യാം ഈണം നൽകിയ പ്രാർഥനഗീതം എസ്. ജാനകി ആലപിച്ചു.

‘‘അടി തൊട്ടു മുടിയോളം/ തിരുവുടൽ തൊഴുന്നേൻ/ അച്യുത ഗോവിന്ദ നന്ദകിശോരാ/ മണിനൂപുരമണിഞ്ഞ മലർക്കാലടിയും/ മഞ്ഞമുണ്ടുടുത്തൊരു ജഘനമണ്ഡലവും/ നീലമനോഹരമേനിയും തൊഴുന്നേൻ/ മാലകളിളകും വിരിമാറും തൊഴുന്നേൻ.’’

ബിച്ചു തിരുമലയാണ് ചിത്രത്തിലെ ഏഴാമത്തെ ഗാനം രചിച്ചത്. ഈ ഗാനവും ഒരുങ്ങിയത് ശ്യാമിന്റെ സംഗീതത്തിലാണ്.

‘‘മൃഗമദസുഗന്ധ തിലകം ചാർത്തി/ മൃണാളമിഴികളിൽ അഞ്ജനമെഴുതി/ പുലർവേളയിൽ നീയരികിൽ വരുമ്പോൾ/ പുണരാനെന്നിൽ അസുരവികാരം’’ എന്നിങ്ങനെ തുടങ്ങുന്ന ഗാനം യേശുദാസ് പാടി.

1976 ഫെബ്രുവരി 27ന് ‘സമസ്യ’ പുറത്തുവന്നു. ചിത്രം ശരാശരി വിജയം നേടി. ഈ ചിത്രത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം ഓർമയിൽ വരുന്നത് ‘‘കിളി ചിലച്ചു, കൈവള ചിരിച്ചു...’’ എന്ന ഗാനമാണ്.

ശ്രീസായ് പ്രൊഡക്ഷൻസിന്റെ ഉടമ ആർ.എസ്. ശ്രീനിവാസൻ നിർമിച്ച് എ.ബി. രാജ് സംവിധാനംചെയ്‌ത സിനിമയാണ് ‘സീമന്തപുത്രൻ’. വി.പി. സാരഥിയെഴുതിയ കഥക്ക് എം.ആർ. ജോസഫ് തിരക്കഥയും സംഭാഷണവും രചിച്ചു. പ്രേംനസീർ, ജയഭാരതി, എം.ജി. സോമൻ, അടൂർ ഭാസി, കെ.പി.എ.സി ലളിത, ജോസ് പ്രകാശ്, ജി.കെ. പിള്ള, ശ്രീലത, തമിഴ്‌നടി കുട്ടിപദ്‌മിനി തുടങ്ങിയവർ ചിത്രത്തിൽ അഭിനയിച്ചു. ശ്രീകുമാരൻ തമ്പി-അർജുനൻ ടീമിന്റെ നാലു ഗാനങ്ങൾ ഈ ചിത്രത്തിൽ ഉണ്ടായിരുന്നു. രണ്ടു പാട്ടുകൾ യേശുദാസും രണ്ടു പാട്ടുകൾ പി. സുശീലയും ആലപിച്ചു. നാല് പാട്ടുകളും ജനപ്രീതി നേടി.

യേശുദാസ് പാടിയ ‘‘സങ്കൽപത്തിൻ സ്വർണമരം പൂവണിഞ്ഞു...’’ എന്ന ഗാനം ഹിറ്റായി.

‘‘സങ്കൽപത്തിൻ സ്വർണമരം പൂവണിഞ്ഞു... നമ്മൾ/ സംഗീതപ്പക്ഷികളായ് വാനിലുയർന്നു/ ആശകൾ തൻ വഴിയിൽ അനുരാഗത്തേരിൽ/ അണയുകയായ് അണയുകയായ് രാജകുമാരൻ’’ എന്ന പല്ലവി ഗാനാസ്വാദകർക്കു സുപരിചിതമാണ്. ആദ്യചരണം ഇങ്ങനെ: ‘‘ആലവട്ടം വീശും മേഘങ്ങൾ/ വെൺചാമരം വീശും/ ആലോലക്കുരുവികൾ കുരവയിടും/ എന്റെ സ്വപ്നവും നിന്റെ സ്വപ്നവും/ താലപ്പൊലിയെടുക്കും.’’

രണ്ടാമത്തെ ചരണം കുറേക്കൂടി ഹൃദ്യമാണ്. യേശുദാസ് ആലപിച്ച രണ്ടാമത്തെ പാട്ട് ഇങ്ങനെ ആരംഭിക്കുന്നു.

‘‘നാടും വീടുമില്ലാത്ത തെരുവുതെണ്ടി/ നാൽക്കവലയിൽ വീണുറങ്ങും തെരുവുതെണ്ടി/ നാലു മുഴം കയറു വാങ്ങാൻ കഴിവില്ലാതെ/ ജീവിതത്തെ പണ്ടൊരിക്കൽ സ്നേഹിച്ചു.’’

താരതമ്യേന ദൈർഘ്യം കൂടിയ ഈ പാട്ടിൽ മൂന്നു ചരണങ്ങളുണ്ട്. ആദ്യ ചരണം ഇങ്ങനെയാണ്.

‘‘ഇരവിനവൻ പകലെന്നു പേരിട്ടു... ഇരുട്ടവനെ സ്നേഹിതനായ് സ്വീകരിച്ചു...’’

‘‘തടവറയിൽ ഭാവനകൾ കൊഴിഞ്ഞുവീണു/ തളിരിടാതെ മോഹമുല്ല കരിഞ്ഞുവീണു...’’

പി. സുശീല ആലപിച്ച രണ്ടു പാട്ടുകളും ജനപിന്തുണ നേടി. ആദ്യ ഗാനം ഇങ്ങനെ തുടങ്ങുന്നു:

‘‘സ്നേഹത്തിൻ കോവിലിൽ/ പൂത്താലമേന്താൻ/ സ്ത്രീജന്മം തന്നു ദൈവം -നമ്മൾക്ക്/ സ്ത്രീജന്മം തന്നു ദൈവം/ സൗന്ദര്യം തന്നു, സങ്കൽപം തന്നു/ സങ്കടങ്ങൾ തന്നു... ദൈവം സങ്കടങ്ങൾ തന്നു.’’

 

കെ.പി. ഉദയഭാനു,കെ.ജി. ജോർജ്

പി. സുശീല പാടിയ രണ്ടാമത്തെ പാട്ടും ഏറെ പ്രശസ്തമാണ്. ഇത് കുട്ടികൾക്ക് നൽകുന്ന സ്നേഹോപദേശമാണ്. അതേസമയം ഒരു താരാട്ടുമാണ്.

‘‘പൂക്കളെ പോലെ ചിരിക്കേണം...നീ/ പൂവാടിപോലെ വളരേണം/ സ്നേഹനിറങ്ങൾ വിടർത്തേണം/ സേവനഗന്ധം പരത്തേണം.’’ വരികൾ ഇങ്ങനെ തുടരുന്നു: ‘‘വാക്കുകൾ വാസനത്തേനാകണം -മനം/ വാസന്തചന്ദ്രിക പോലാകണം/ നാടിനും വീടിനും തുണയാകണം/ നന്മ തൻ പാൽക്കടലമൃതാകണം/ രാരോ...രാരോ...രാരോ...’’

1976 മാർച്ച് മാസം അഞ്ചിന് തിയറ്ററുകളിലെത്തിയ ഈ കുടുംബചിത്രം സാമ്പത്തികവിജയം നേടി.

മലയാളത്തിലെ നവധാരാ സിനിമയുടെ വക്താക്കളിലൊരാളായ കെ.ജി. ജോർജ് സംവിധാനംചെയ്‌ത പ്രഥമ സിനിമയാണ് ‘സ്വപ്നാടനം’. ടി. മുഹമ്മദ് ബാപ്പുവാണ് ചിത്രം നിർമിച്ചത്. റാണിചന്ദ്ര നായികയായി അഭിനയിച്ച ഈ ചിത്രത്തിൽ പുതുമുഖമായ ഡോ. മോഹൻദാസ് നായകനായി. എം.ജി. സോമൻ, പി.കെ. എബ്രഹാം മല്ലിക, പ്രേമ, പി.കെ. വേണുക്കുട്ടൻ നായർ, ടി.ആർ. ഓമന തുടങ്ങിയവരും അഭിനേതാക്കളായി ഉണ്ടായിരുന്നു. സൈക്കോ മുഹമ്മദ് എഴുതിയ കഥക്ക് പ്രശസ്ത നോവലിസ്റ്റ് പമ്മനും (ആർ.പി. മേനോൻ) കെ.ജി. ജോർജും ചേർന്ന് തിരനാടകവും സംഭാഷണവും എഴുതി. പി.ജെ. ഈഴക്കടവ് എഴുതിയ ഗാനങ്ങൾക്ക് പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സംഗീതവിഭാഗം തലവനായിരുന്ന ഭാസ്കർ ചന്ദവർക്കർ ഈണം നൽകി. (ഭാസ്കർ ചന്ദവർക്കർ മലയാളത്തിൽ ആദ്യമായി ഈണം നൽകിയത് ശ്രീകുമാരൻ തമ്പി എഴുതിയ ഗാനങ്ങൾക്കായിരുന്നു. ‘നിന്റെ രാജ്യം വരണം’ എന്ന പ്രസ്തുത ചിത്രത്തിലെ പാട്ടുകളുടെ ഗ്രാമഫോൺ ഡിസ്‌ക്കുകളും പുറത്തിറങ്ങി. എന്നാൽ, സിനിമയുടെ നിർമാണം പൂർത്തിയായില്ല.)

‘സ്വപ്നാടന’ത്തിൽ നാല് ഗാനങ്ങൾ ഉണ്ടായിരുന്നു. പി.ബി. ശ്രീനിവാസ്, പി. സുശീല, എസ്. ജാനകി, കെ.പി. ബ്രഹ്മാനന്ദൻ എന്നിവരാണ് പിന്നണി ഗായകർ. ‘‘കണ്ണീർക്കടലിൽ’’ എന്നാരംഭിക്കുന്ന ഗാനമാണ് പി.ബി. ശ്രീനിവാസ് പാടിയത്. പി. സുശീല ശബ്ദം നൽകിയ പാട്ട് ‘‘പണ്ട്‌ പണ്ടൊരു...’’ എന്നാരംഭിക്കുന്നു. ‘‘സ്വർഗഗോപുര വാതിൽ’’ എന്നാണ് എസ്. ജാനകി പാടിയ പാട്ടിന്റെ തുടക്കം. ബ്രഹ്മാനന്ദൻ പാടിയ പാട്ട് ‘‘വേദന നിന്ന് വിതുമ്പുന്ന...’’ എന്നാണു തുടങ്ങുന്നത്. പി.ബി. ശ്രീനിവാസ് പാടിയ ഗാനമിതാണ്.

‘‘കണ്ണീർകടലിൻ കല്ലോലമാലയിൽ/ കളിയോടം തുഴയുന്നു/ കരകാണാതെയുഴലുന്നു/ വിധിയുടെ വിലാസലീലകളാലെത്ര/ ജീവിതം തകരുന്നു/ വേദന തിന്നു മരിക്കുന്നു.’’

പി. സുശീല ആലപിച്ച പാട്ടിന്റെ പല്ലവിയിങ്ങനെ: ‘‘പണ്ടു പണ്ടൊരു പാലച്ചില്ലയിൽ/ കൂടുവെച്ചൊരു പൈങ്കിളി/ കൂട്ടിൽ കിനാവുമായ് കാത്തിരുന്നപ്പോൾ/ കൂട്ടിനു കുയിൽ വന്നു/ പൂങ്കുയിൽ വന്നു.’’

എസ്. ജാനകി പാടിയ പാട്ടിന്റെ പല്ലവിയിങ്ങനെ: ‘‘സ്വർഗഗോപുര വാതിലിൽ ഞാനൊരു/ സ്വർണഗോപുരം കണ്ടു/ രാഗമനോഹര ഗാനം കേട്ട്/ അനുരാഗവതിയായ് നിന്നു.’’ ആദ്യചരണം ഇങ്ങനെ: ‘‘മഞ്ഞക്കിളികൾ മാദകലഹരിയിൽ/ മാനത്തേക്കു പറന്നു/ മനസ്സിനിണങ്ങിയ ദേവനു ഞാൻ/ മണിമാലയൊരുക്കിയിരുന്നു.’’ ഗാനങ്ങളിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ബ്രഹ്മാനന്ദൻ പാടിയ പാട്ടാണ്.

‘‘വേദന നിന്നു വിതുമ്പുന്ന ഹൃത്തിൽ/ കൂരമ്പെയ്യുന്ന പാഴ്കി നാക്കളേ/ നീറിപ്പുകയുന്ന മാനസവേദിയിൽ/ മാറിമാറിവരും വർണ ചിത്രങ്ങളേ...’’ എന്ന് പല്ലവി. പാട്ട് ഇങ്ങനെ തുടരുന്നു: ‘‘സങ്കൽപസൗധം തകർന്നെൻ കരളിലെ/ തങ്കക്കിനാക്കൾ ഇരുളിൽ മറഞ്ഞുപോയ്/ മണിവീണ മീട്ടുവാൻ മധുമാസരാവുകൾ/ അണയുകില്ലിനിയും കുളിർ പകരുകിലിനിയും...’’

1976 മാർച്ച് 12ന് ‘സ്വപ്നാടനം’ കേരളത്തിൽ പ്രദർശനം തുടങ്ങി.തിയറ്ററിൽനിന്ന് ചിത്രത്തിന് വേണ്ടത്ര കലക്ഷൻ ലഭിച്ചില്ല. പക്ഷേ ചിത്രം സംസ്ഥാനതലത്തിലും ദേശീയതലത്തിലും പുരസ്കാരങ്ങൾ നേടി.

സലിൽ ചൗധരിയുടെ സംഗീതത്തിൽ വയലാർ, ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി എന്നിവർ ഗാനങ്ങൾ രചിച്ച ‘തുലാവർഷം’ എന്ന സിനിമ ശോഭന പരമേശ്വരൻ നായരും പ്രേം നവാസും ചേർന്നാണ് നിർമിച്ചത്. ഈ സിനിമക്ക് വേണ്ടി പി. ഭാസ്കരനും രണ്ടു ഗാനങ്ങളെഴുതി. വി. ദക്ഷിണാമൂർത്തിയാണ് ഈ പാട്ടുകൾ ചിട്ടപ്പെടുത്തിയത്. എൻ. ശങ്കരൻ നായർ ഈ ചിത്രം സംവിധാനംചെയ്തു. കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് സി. രാധാകൃഷ്ണനാണ്.

പ്രേംനസീർ, ശ്രീദേവി, സുധീർ, ടി.എസ്. മുത്തയ്യ, ബഹദൂർ, ഹേമാ ചൗധരി, പ്രേംജി, പ്രേമ, ആലുമ്മൂടൻ, ഷക്കീല തുടങ്ങിയവർ അഭിനയിച്ചു. വയലാർ എഴുതി യേശുദാസ് പാടിയ ‘‘കേളീനളിനം വിടരുമോ..?’’ എന്നു തുടങ്ങുന്ന പാട്ട് വളരെ പ്രശസ്തമാണ്.

‘‘കേളീനളിനം വിടരുമോ/ ശിശിരം പൊതിയും കുളിരിൽ നീ/ വ്രീളാവതിയായ് ഉണരുമോ/ മയങ്ങും മനസ്സിൻ സരസ്സിൽ നീ’’ എന്ന് പല്ലവി. ആദ്യചരണം ഇങ്ങനെ ആരംഭിക്കുന്നു: ‘‘നിശാനൃത്തസോപാനത്തിൽ/ തുഷാരാർദ്ര ശിൽപംപോലെ/ ഒരിക്കൽ ഞാൻ കണ്ടു നിന്നെ/ ഒരു വജ്രപുഷ്പം പോലെ...’’

വയലാർതന്നെ എഴുതിയ ‘‘യമുനേ നീയൊഴുകൂ...’’ എന്നാരംഭിക്കുന്ന ഗാനം യേശുദാസും എസ്. ജാനകിയും ചേർന്നു പാടി. ഈ ഗാനവും ഹിറ്റാണ്.

‘‘യമുനേ നീയൊഴുകൂ/ യാമിനീ യദുവംശമോഹിനീ/ ധനുമാസപ്പൂവിന് പോകും യാമം/ ഇതിലേ നീയൊഴുകൂ.’’

ഗാനം ഇങ്ങനെ തുടരുന്നു: ‘‘കുളിർതെന്നൽ നിന്റെ നേർത്ത മുണ്ടുലച്ചിടുമ്പോൾ/ കവിളത്തു മലർക്കുടങ്ങൾ ചുവന്നു വിടർന്നിടുമ്പോൾ/ തുളുമ്പുന്ന സോമരസത്തിൽ തളിർക്കുമ്പിൾ നീട്ടിക്കൊണ്ടീ/ തേർ തെളിക്കും പൗർണമാസി/ പഞ്ചശരൻ പൂക്കൾ നുള്ളും കാവിൽ/ അന്തപ്പുരവാതിൽ തുറക്കൂ നീ/ വിലാസിനി സ്വപ്നവിഹാരിണീ...’’

സലിൽ ചൗധരിയുടെ ഈണത്തിൽ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി എഴുതിയ ഗാനം ‘‘സ്വപ്നാടനം’’ എന്ന് തുടങ്ങുന്നു. ‘‘സ്വപ്നാടനം ഞാൻ തുടരുന്നു -എന്റെ/ സ്വപ്നാടനം ഞാൻ തുടരുന്നു/ വിട തന്നാലും വിട തന്നാലും... എന്റെ/ വിരഹദുഃഖ സ്മരണകളേ... സ്മരണകളേ...’’ ഈ ഗാനവും ഓർമയിൽ നിൽക്കുന്നുണ്ട്.

 

ശ്യാം

പി. ഭാസ്കരൻ എഴുതിയ ‘‘മാടത്തക്കിളിപ്പെണ്ണേ...’’ എന്നാരംഭിക്കുന്ന ഗാനം സംവിധായകൻ കെ.ജി. ജോർജിന്റെ ഭാര്യയായ സെൽമ ജോർജ് പാടി.

‘‘മാടത്തക്കിളിപ്പെണ്ണേ മടിച്ചിക്കോതേ/ പാടാൻ മറന്നതെന്തേ കൊതിച്ചിക്കോതേ/ മകരത്ത് മണിക്കാറ്റേ/ മരുതുമല കുളിർകാറ്റേ/ മുടിയാട്ടം തുള്ളാനും മറന്നുപോയോ..?’’

ഇങ്ങനെ തുടരുന്ന ഈ ഗാനത്തിന് ഈണം പകർന്നത് വി. ദക്ഷിണാമൂർത്തിയാണ്. പി. ഭാസ്കരനും ദക്ഷിണാമൂർത്തിയും ചേർന്നൊരുക്കിയ മറ്റൊരു ഗാനം ഇങ്ങനെ: ‘‘പാറയിടുക്കിൽ മണ്ണുണ്ടോ/ ചെമ്മണ്ണുണ്ടോ മാളോരേ/ ചെമ്മണ്ണില്ല പൂവാണേ തെച്ചിപ്പൂവാണേ/ തെച്ചിപ്പൂവിൽ തേനുണ്ടോ/ മധുരത്തേനുണ്ടോ/ തേനുണ്ടേ പൂമ്പൊടിയുണ്ടേ/ ചോണനെറുമ്പുണ്ടേ.’’

എസ്. ജാനകി, സെൽമാ ജോർജ്, കമല എന്നീ ഗായികമാർ ചേർന്നാണ് ഈ ഗാനം പാടിയത്.

‘തുലാവർഷം’ എന്ന സിനിമ 1976 മാർച്ച് 19ന് പുറത്തുവന്നു. ഭേദപ്പെട്ട തിരക്കഥയും പാട്ടുകളും ഉണ്ടായിരുന്നിട്ടും ചിത്രം സാമ്പത്തികമായി ശരാശരി വിജയമേ നേടിയുള്ളൂ.

(തുടരും)

News Summary - Malayalam film songs history