‘കറുകറുത്തൊരു പെണ്ണു’മായി മുല്ലനേഴിയുടെ വരവ്

‘‘1976 മേയ് 28ന് പ്രദർശനം തുടങ്ങിയ ‘ഞാവൽപഴങ്ങൾ’ എന്ന സിനിമ വ്യത്യസ്തതയുള്ളതായിരുന്നു. എസ്.കെ. പൊറ്റെക്കാട്ടിന്റെ കഥയുടെ ഭംഗിയും കാടിന്റെ ഭംഗിയും ഭേദപ്പെട്ട ഗാനങ്ങളും ആകർഷക ഘടകങ്ങളായിരുന്നു. എങ്കിലും ചിത്രം സാമ്പത്തികവിജയം നേടിയില്ല’’ –സംഗീതയാത്ര തുടരുന്നു. ‘സെക്‌സില്ല, സ്റ്റണ്ടില്ല’ എന്ന ചിത്രം ജയ് മാരുതി പ്രൊഡക്ഷൻസിനുവേണ്ടി ടി.ഇ. വാസുദേവൻ നിർമിച്ചതാണ്. വിൻെസന്റ്, ജയഭാരതി, അടൂർ ഭാസി, കെ.പി.എ.സി ലളിത, ജഗതി ശ്രീകുമാർ, കുതിരവട്ടം പപ്പു തുടങ്ങിയവർ അഭിനയിച്ചു. നിർമാതാവിന്റെ കഥക്ക് ജഗതി എൻ.കെ. ആചാരി തിരക്കഥയും സംഭാഷണവും രചിച്ചു. ഛായാഗ്രാഹകൻകൂടിയായ ബി.എൻ. പ്രകാശ് ആണ് ചിത്രം സംവിധാനംചെയ്തത്....
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
‘‘1976 മേയ് 28ന് പ്രദർശനം തുടങ്ങിയ ‘ഞാവൽപഴങ്ങൾ’ എന്ന സിനിമ വ്യത്യസ്തതയുള്ളതായിരുന്നു. എസ്.കെ. പൊറ്റെക്കാട്ടിന്റെ കഥയുടെ ഭംഗിയും കാടിന്റെ ഭംഗിയും ഭേദപ്പെട്ട ഗാനങ്ങളും ആകർഷക ഘടകങ്ങളായിരുന്നു. എങ്കിലും ചിത്രം സാമ്പത്തികവിജയം നേടിയില്ല’’ –സംഗീതയാത്ര തുടരുന്നു.
‘സെക്‌സില്ല, സ്റ്റണ്ടില്ല’ എന്ന ചിത്രം ജയ് മാരുതി പ്രൊഡക്ഷൻസിനുവേണ്ടി ടി.ഇ. വാസുദേവൻ നിർമിച്ചതാണ്. വിൻെസന്റ്, ജയഭാരതി, അടൂർ ഭാസി, കെ.പി.എ.സി ലളിത, ജഗതി ശ്രീകുമാർ, കുതിരവട്ടം പപ്പു തുടങ്ങിയവർ അഭിനയിച്ചു. നിർമാതാവിന്റെ കഥക്ക് ജഗതി എൻ.കെ. ആചാരി തിരക്കഥയും സംഭാഷണവും രചിച്ചു. ഛായാഗ്രാഹകൻകൂടിയായ ബി.എൻ. പ്രകാശ് ആണ് ചിത്രം സംവിധാനംചെയ്തത്. ശ്രീകുമാരൻ തമ്പിയും വി. ദക്ഷിണാമൂർത്തിയും ചേർന്ന് പാട്ടുകളൊരുക്കി. സിനിമയിൽ ആറു ഗാനങ്ങൾ ഉണ്ടായിരുന്നു.
‘‘അവളൊരു കവിത, പ്രേമകവിത...’’ എന്നു തുടങ്ങുന്ന ഗാനം പി. ജയചന്ദ്രൻ പാടി.
‘‘അവളൊരു കവിത പ്രേമകവിത/ അനുരാഗതരംഗം മധുതരംഗം/ ആ പൂന്തനുവിൻ ഓരോയിതളിലും/ അനുപമമധുരാക്ഷരങ്ങൾ/ അലങ്കാര മംഗല്യത്തുടികൾ’’ എന്നു പല്ലവി. ചരണം തുടരുന്നതിപ്രകാരം: ‘‘കാവ്യകലയുടെ കർപ്പൂരമണം/ കന്യകയിവളിലുണർന്നു/ ദേഹവാടി തൻ ശിൽപകാന്തിയാൽ/ ദേവതയായി തീർന്നു –അവളൊരു/ ദേവതയായി തീർന്നു.../ വർണനകൾക്കുമതീതം –വര/ വർണിനി തന്നുടെ രൂപം.’’
‘‘എനിക്കും കുളിരുന്നു, നിനക്കും കുളിരുന്നു’’ എന്നാരംഭിക്കുന്ന ഗാനം ബോംബെ കുരുവിള എന്ന ഗായകനാണ് പാടിയത്.
‘‘എനിക്കും കുളിരുന്നു/ നിനക്കും കുളിരുന്നു/ എന്നെയും നിന്നെയും കൂട്ടിയിണക്കും/ ഏകാന്ത രജനിക്കും കുളിരുന്നു –ഈ/ പൂവാലിപ്പശുവിനും കുളിരുന്നു.’’ ആദ്യചരണം ഇങ്ങനെ ആരംഭിക്കുന്നു: ‘‘ജലപുഷ്‌പങ്ങൾ മാലകളെറിയും രാവിൽ/ ഉതിർമണി ചൂടി മൺതരി പാടും രാവിൽ/ ഉടലിൽ രോമാഞ്ചമൊട്ടുകൾ പാടി/ വിടരാനവ നിൻ ചുംബനം തേടി...’’
അമ്പിളി ആലപിച്ച ഗാനം ഇങ്ങനെയാണ് തുടങ്ങുന്നത്: ‘‘പഞ്ചവാദ്യം കൊട്ടിപ്പാടും പൊന്നമ്പലം/ പൊന്നമ്പലത്തിലൊരു ചുറ്റമ്പലം/ ചുറ്റമ്പലത്തിലെ കൂത്തമ്പലത്തിൽ/ കുമ്മിയാടിപ്പാടാൻ വാ തോഴിമാരേ.’’ പാട്ട് തുടരുന്നതിങ്ങനെ: ‘‘മനസ്സിലും നഭസ്സിലും താലപ്പൊലി/ മഹാദേവി തൻ നടയിൽ ദീപാവലി/ ഉറക്കം നിൽക്കുമീ രജനിക്കും നമ്മൾക്കും/ ഉദയം പൂക്കുവോളം ഉത്സവം...’’
ആലപ്പി ജയശ്രീ എന്ന ഗായിക (വി. ദക്ഷിണാമൂർത്തിയുടെ ശിഷ്യ) ആലപിച്ച പാട്ടും ശ്രദ്ധേയമായി. ‘‘ഉത്തരാഗാരത്തിൽ ഉഷ/ നിദ്രവിട്ടുണർന്നു മെല്ലെ മെല്ലെ/ പുഷ്‌പകത്തിൽ വന്ന ദേവൻ/ സ്വപ്നലോകം കവർന്നല്ലോ.’’
ഉഷയും അനിരുദ്ധനും തമ്മിലുള്ള പ്രണയവും ആ പ്രണയം സഫലമാകാൻ ഉഷയുടെ തോഴിയായ ചിത്രലേഖ ചെയ്യുന്ന സഹായവുമാണ് ഈ പാട്ടിന്റെ പശ്ചാത്തലം. പാട്ടിന്റെ ആദ്യചരണമിങ്ങനെയാണ്:
‘‘പാർവണേന്ദുമുഖം മിന്നി/ പങ്കജനയന ചൊല്ലി/ തോഴീ ചിത്രലേഖേ നീയെൻ/ ജീവനെ തിരഞ്ഞീടേണം/ പഞ്ചസായകനെൻ നെഞ്ചിൽ/ കഞ്ജബാണമെയ്തീടുന്നു/ നെഞ്ചകം മദനമലർ/ മഞ്ചമായ് ചമഞ്ഞീടുന്നു...’’
എൽ.ആർ. ഈശ്വരി പാടിയ ഗാനം ‘‘അന്തപ്പുരത്തിൽ’’ എന്നാരംഭിക്കുന്നു: ‘‘അന്തപ്പുരത്തിൽ എൻ അന്തപ്പുരത്തിൽ -ഒരു/ഗന്ധർവമണിവീണ -ഒരു/ ചന്ദനമണിവീണ.’’ ആദ്യചരണത്തിലാണ് അർഥം കൂടുതൽ വ്യക്തമാവുക. ‘‘പ്രണയി തൻ പൂവിരൽ തൊട്ടാൽ/ പ്രമദവിപഞ്ചികയുണരും -ഉണരും/ തന്ത്രികളിൽ രാഗപംക്തികളുയരും/ ഇന്ദ്രജാലം നടക്കും.’’
എസ്. ജാനകി പാടിയ ഇസ്‌ലാം സംസ്കാരം തുടിക്കുന്ന ഒരു പാട്ടും ഈ സിനിമയിലുണ്ട്. ‘‘യാ ഇലാഹി പൊൻവെളിച്ചം ചൊരിഞ്ഞീടുന്നേ/ പരിപൂർണ സൗഖ്യത്തിങ്കൾ ഉദിച്ചീടുന്നേ/ ഭൂമി കാക്കും നവാബിന്റെ കഴൽപ്പൂക്കളിൽ/ വാനലോകം ഏഴും വന്നു വണങ്ങീടുന്നേ...’’ എന്നിങ്ങനെയാണ് ഈ ഗാനത്തിന്റെ പല്ലവി. ‘‘സഫായി മലക്കുകൾ/ സൂഫി ഉലമാക്കൾ/ സദസ്സിൽ വന്നരചനെയനുഗ്രഹിക്കും’’ എന്നിങ്ങനെ ചരണം ആരംഭിക്കുന്നു. 1976 മേയ് 22ന് പ്രദർശനമാരംഭിച്ച ഈ ചിത്രം വാണിജ്യവിജയം നേടി.
എം.കെ. കുഞ്ഞുമുഹമ്മദ് നിർമിച്ച് പി.എം.എ. അസീസ് സംവിധാനം നിർവഹിച്ച ‘ഞാവൽ പഴങ്ങൾ’ എന്ന സിനിമയിലൂടെ മുല്ലനേഴി എന്ന ഗാനരചയിതാവ് രംഗപ്രവേശംചെയ്തു. സുകുമാരൻ, വിധുബാല, മോഹൻ ശർമ, ബാലൻ കെ. നായർ, സുകുമാരി, കുതിരവട്ടം പപ്പു, പി.കെ. വേണുക്കുട്ടൻ നായർ, മഞ്ജു ഭാർഗവി, കുഞ്ഞാവ തുടങ്ങിയവർ അഭിനയിച്ചു. എസ്.കെ. പൊറ്റെക്കാട്ടിന്റെ കഥക്ക് തിരക്കഥയും സംഭാഷണവും രചിച്ചത്, സംവിധായകനായ അസീസ് തന്നെയാണ്. ശ്യാമിന്റെ സംഗീതത്തിൽ മുല്ലനേഴി എഴുതിയ എട്ടു പാട്ടുകൾ യേശുദാസ്, ജയചന്ദ്രൻ, എസ്. ജാനകി, എൽ.ആർ. ഈശ്വരി, സി.ഒ. ആന്റോ, അമ്പിളി എന്നിവർ പാടി. യേശുദാസ് ആലപിച്ച ‘‘കറുകറുത്തൊരു പെണ്ണാണ്...’’ എന്ന സൂപ്പർഹിറ്റ് ഗാനം ഈ ചിത്രത്തിലുള്ളതാണ്.
‘‘കറുകറുത്തൊരു പെണ്ണാണ്/ കടഞ്ഞെടുത്തൊരു മെയ്യാണ്/ കാടിന്റെയോമന മോളാണ്/ ഞാവൽപഴത്തിന്റെ ചേലാണ്/ എള്ളിൻ കറുപ്പു പുറത്താണ്/ ഉള്ളിന്റെയുള്ളു തുടുത്താണ്’’ എന്ന പല്ലവിയും തുടർന്നുള്ള ചരണങ്ങളും കവിത തുളുമ്പുന്നവയാണ്.
‘‘ഇരുണ്ട മാനത്ത് പൊട്ടിവിരിയണ ചുവന്ന പൂവ്/ കറുത്ത ചന്തത്തിനകത്തുരുകണ കനവിൻ നോവ്/ മാമലനീലിമ പെറ്റൊരു വെള്ളിച്ചോല/ ഈ മലപ്പെണ്ണിന്റെ കരളിലെ രാഗച്ചോല/ കറുത്ത ചിപ്പിതൻ അകത്തുറയണ വെളുത്ത മുത്ത്/ നീയാം ചിപ്പിയിൽ നീറ്റിയെടുത്തോരനുരാഗസത്ത്...’’ ജയചന്ദ്രനും എസ്. ജാനകിയും ചേർന്നു പാടിയ ‘‘അമ്മേ... അമ്മേ...’’ എന്ന പാട്ടും ശ്രദ്ധേയം.
‘‘അമ്മേ... അമ്മേ... അമ്മേ.../ മക്കൾ വിളിക്കുന്നമ്മേ/ വെള്ളമുകിൽപ്പൂ മുടിയിൽ തിരുകി/ വെള്ളിപ്പൂഞ്ചേല തൻ മാറിലും ചാർത്തി/ ചുറ്റിലും നിന്നു വിളികേൾക്കുമെല്ലാർക്കും/ പോറ്റമ്മയായുള്ളോരമ്മയാരാണ്..?/ അമ്മേ... അമ്മേ... അമ്മേ.../ മക്കൾ വിളിക്കുന്നമ്മേ... അമ്മേ...’’
അമ്പിളി പാടിയ ആദ്യഗാനം ‘‘ചെല്ലക്കാറ്റു വരണൊണ്ട്...’’ എന്ന് തുടങ്ങുന്നു: ‘‘ചെല്ലക്കാറ്റു വരണൊണ്ട്/ കാറ്റിനു പൂമണം നീ/ ചെമ്മാനക്കാടുണരണൊണ്ട്/ കാടിനു പുഞ്ചിരി നീ/ കന്നിപ്പെണ്ണു കിനാക്കണ്ട്/ പെണ്ണിനു പൂമെത്ത നീ/ പൂമണം പുഞ്ചിരി പൂമെത്ത/ പൂക്കണ മുല്ലേ നീളെത്താ...’’ എന്നിങ്ങനെ പോകുന്നു ലളിതമധുരമായ ഈ ഗാനം.
അമ്പിളി പാടിയ രണ്ടാമത്തെ ഗാനം ഇങ്ങനെ ആരംഭിക്കുന്നു.
‘‘ഏഴുമലകൾക്കപ്പുറത്തു നിന്ന്/ എഴുന്നള്ളി നിൻ മണിമാരനിന്ന്/ എഴുന്നള്ളി നിൻ മണിമാരൻ/ മാരനെയെതിരേൽക്കും പെരുമ്പറ കൊട്ടണ/ കരളുമായ് കാത്തുനിന്നു പെണ്ണ്.../ കരളറയിലവനെ കുടിയിരുത്താൻ ഇമ-/ ക്കതവ് തുറന്നിടുന്നു കണ്ണ്/ കതവ് തുറന്നീടുന്നു...
‘‘തുറക്കൂ... മിഴി തുറക്കൂ...’’ എന്നാരംഭിക്കുന്ന ഗാനം എസ്. ജാനകി ആലപിച്ചു. ‘‘തുറക്കൂ മിഴിതുറക്കൂ/ ഉള്ളിൽ നിറയ്‌ക്കൂ രാഗം നിറയ്‌ക്കൂ/ പുണരൂ എന്നെ പുണരൂ/ മദമധുപംപോലെ പുണരൂ.../ പുണരൂ... പുണരൂ...’’
ആദ്യചരണം ഇങ്ങനെയാണ്: ‘‘കണ്ണും വിണ്ണും നിറഞ്ഞുനിൽക്കും വസന്തകാലം/ മണ്ണിൽ പൂക്കും തുടിച്ചുനിൽക്കും/ യൗവനകാലം/ ഇവിടെ കാമൻ തുറന്നുവയ്ക്കും/ പ്രപഞ്ചസൗന്ദര്യം/ മലരിനും തളിരിനും മോഹം മലരിടും/ മധുരിതം കാലം/ ജലധതരുണിയെ വാനിൽ ശിഖരം ഉമ്മവയ്ക്കുന്നു.../ തേരേറി കാമായനം.’’
എൽ.ആർ. ഈശ്വരി പാടിയ ഗാനത്തിന്റ പല്ലവിയിങ്ങനെ: ‘‘ഊരുവിട്ടു പാരു വിട്ടു പറപറന്നവനേ/ ഇരുളിലെങ്ങൾ ഉഴറുകയാണറിയുകില്ലേ/ അറിയുകയില്ലേ/ ഈ മലകൾക്കകലെയൊരു ദേവലോകത്തിൽ -നിന്റെ/ ജീവനിടം തീർത്തിടുന്ന ദേവതമാരുണ്ട്.’’
സി.ഒ. ആന്റോ പാടിയ ഗാനവും നന്ന്. ഗാനം ഇങ്ങനെ തുടങ്ങുന്നു. ‘‘കണ്ണു കൊതിക്കണ ചേലുള്ള പെണ്ണുണ്ടോ/ മണ്ണ് മെതിക്കാൻ കരുത്തുള്ള പെണ്ണുണ്ടോ/ എങ്ങടെയൂരിന്റെ കണ്ണായ ചെക്കന്/ നന്ദില്ലൂരില് പെണ്ണുണ്ടോ -ഞങ്ങടെ/ നന്ദില്ലൂരില് പെണ്ണുണ്ടോ...’’
ചില ഗായകർ സംഘമായി ചേർന്ന് പാടിയ ഒരു ഗാനവും ‘ഞാവൽപഴങ്ങൾ’ എന്ന സിനിമയിലുണ്ട്.
‘‘മലകളേഴും മാനമേഴും മക്കളെങ്കളേയും/ മനമറിഞ്ഞു കാത്തുപോരും ദേവതമാർക്കുള്ളം/ തെളിയുവാനായ്/ വലികളും മുടിയാട്ടവും നടത്തിയാറെ/ വെളിപ്പെടുന്നതെന്തുമെങ്കൾ/ തിരുനടയിൽ കാഴ്ചവയ്ക്കാം.’’
1976 മേയ് 28ന് പ്രദർശനം തുടങ്ങിയ ‘ഞാവൽപഴങ്ങൾ’ എന്ന സിനിമ വ്യത്യസ്തതയുള്ളതായിരുന്നു. എസ്.കെ. പൊറ്റെക്കാട്ടിന്റെ കഥയുടെ ഭംഗിയും കാടിന്റെ ഭംഗിയും ഭേദപ്പെട്ട ഗാനങ്ങളും ആകർഷക ഘടകങ്ങളായിരുന്നു. എങ്കിലും ചിത്രം സാമ്പത്തികവിജയം നേടിയില്ല.
അഞ്ചു ഗാനരചയിതാക്കൾ രചിച്ച ഗാനങ്ങളുമായി പുറത്തുവന്ന മലയാളസിനിമയാണ് ‘സിന്ദൂരം’. ഭരണിക്കാവ് ശിവകുമാർ, സത്യൻ അന്തിക്കാട്, അപ്പൻ തച്ചേത്ത്, കോന്നിയൂർ ഭാസ്, ശശികല മേനോൻ എന്നിവരാണ് ഈ അഞ്ചു പേർ. എ.ടി. ഉമ്മർ ആണ് സംഗീതസംവിധായകൻ.
ഡോ. ബാലകൃഷ്ണൻ കഥയും തിരക്കഥയും സംഭാഷണവും എഴുതി നിർമിച്ച ‘സിന്ദൂരം’ സംവിധാനംചെയ്തത് ജേസിയാണ്. എം.ജി. സോമൻ, വിൻെസന്റ്, സുധീർ, ജയഭാരതി, ശങ്കരാടി, ജോസ് പ്രകാശ്, കെ.പി.എ.സി ലളിത, റാണിചന്ദ്ര, മല്ലിക, മാള അരവിന്ദൻ തുടങ്ങിയവർ അഭിനയിച്ചു.
ഭരണിക്കാവ് ശിവകുമാർ രചിച്ച ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘സിന്ദൂര പുഷ്പവനചകോരം/ സീതപ്പൈങ്കിളിയോട് ചൊല്ലി/ നീ പാടും ഗാനത്തിൻ ആനന്ദലഹരിയിൽ/ എല്ലാം മറന്നു ഞാൻ ഉറങ്ങട്ടെ... ഉറങ്ങട്ടെ...’’
ഗാനം ഇങ്ങനെ തുടരുന്നു: ‘‘ആയില്യം മാനത്തിൻ കുടയുടെ കീഴിൽ/ ആതിരാപ്പൂമഴക്കുളിർ ചൂടി/ സഹതാപാർദ്ര സുഗന്ധച്ചൊടികളാൽ/ സൗമ്യവതിയായ് കിളി പാടി.../ അവളുടെ മനസ്സപ്പോഴും മന്ത്രിച്ചു/ പ്രിയചകോരം ഒരിക്കലുമൊരിക്കലും ഉറങ്ങല്ലേ.../ പ്രിയചകോരം പ്രിയചകോരം.’’
പിൽക്കാലത്ത് മികച്ച സംവിധായകനായി വളർന്ന സത്യൻ അന്തിക്കാട് ആദ്യകാലത്ത് രചിച്ച പാട്ടുകളിൽ ഏറ്റവും മികച്ചതെന്ന് കരുതപ്പെടുന്ന ‘‘ഒരു നിമിഷം തരൂ നിന്നിലലിയാൻ...’’ എന്ന് തുടങ്ങുന്ന ഗാനം ഈ സിനിമയിലുള്ളതാണ്.
‘‘ഒരു നിമിഷം തരൂ നിന്നിലലിയാൻ/ ഒരു യുഗം തരൂ നിന്നെയറിയാൻ/ നീ സ്വർഗരാഗം ഞാൻ രാഗമേഘം...’’ എന്ന പല്ലവി പ്രസിദ്ധമാണ്.
പാട്ടിലെ ആദ്യചരണം ഇങ്ങനെയാണ്: ‘‘നീലാംബരത്തിലെ നീരദകന്യകൾ/ നിൻ നീലമിഴി കണ്ടു മുഖം കുനിച്ചു/ ആ നീലമിഴികളിൽ ഒരു നവസ്വപ്നമായ്/ നിർമലേയെൻ അനുരാഗം തളിർത്തുവെങ്കിൽ...’’ എ.ടി. ഉമ്മർ ഈ വരികൾക്ക് നൽകിയ ഈണവും ഏറെ മികച്ചതായി. യേശുദാസാണ് ഈ ഗാനത്തിന് ശബ്ദം നൽകിയത്.
അപ്പൻ തച്ചേത്ത് എഴുതിയ ഗാനത്തിന്റെ തുടക്കം ഇങ്ങനെയാണ്: ‘‘കാഞ്ചനത്താരകൾ കണ്ണുകൾ ചിമ്മി/ കരളിലെ പൂവനം കസ്തൂരി ചാർത്തി/ കടലും കരയും പതിവായെന്നും/ കളിയും ചിരിയും തുടരും രാവിൽ.’’ ഗാനം തുടരുന്നതിപ്രകാരം: ‘‘പ്രണയം നവരത്ന വീണമീട്ടി/ പ്രായം നമ്മൾക്കു തേങ്കനി നീട്ടി/ ഓരോ രാവും ഓമനേ നിന്റെ/ ഓർമകളെന്നെ ഗന്ധർവനാക്കി.’’ ഈ ഗാനം പാടിയതും യേശുദാസ് തന്നെ.

മുല്ലനേഴി,ആലപ്പി ജയശ്രീ,ജേസി
മറ്റൊരു നവാഗത ഗാനരചയിതാവായ കോന്നിയൂർ ഭാസ് രചിച്ച ഗാനം പാടിയതും യേശുദാസ് തന്നെയാണ്.
‘‘വൈശാഖയാമിനി വിരുന്നുവന്നു/ വാസന്തസന്ധ്യകൾ നിറം ചൊരിഞ്ഞു/ വൈഖരിയിൽ നാദഭൈരവിയിൽ നാം/ ഒന്നിച്ചു ചേർന്നു ലയിച്ചിരുന്നു.’’ ആദ്യചരണമിതാണ്... മാസ്‌മരമോഹന നയനത്തിലെന്റെ/ മോഹസീമ തൻ സായൂജ്യം കണ്ടു/ ആയിരം സങ്കൽപതാരകൾ പൂക്കും/ ആരാമമായെന്റെ മാനസം വീണ്ടും.’’
ചിത്രത്തിലെ അഞ്ചാമത്തെ പാട്ട് ശശികല മേനോൻ രചിച്ചു. ഇതൊരു പ്രാർഥനാ ഗാനമാണ്. പ്രശസ്ത നടിയും ഗായികയുമായ ശ്രീലത ഈ ഗാനം പാടി. ‘‘യദുകുലമാധവാ ഗോകുലപാലകാ/ യശോദാനന്ദനാ ശ്രീകൃഷ്ണാ/ കണ്ണാ മണിവർണാ...’’ ഗാനം തുടരുന്നു:
‘‘നിലവിളക്കിൻ സ്വർണക്കതിരൊളിയിൽ/ നിറമാല തോരണ പ്രഭാകാന്തിയിൽ/ തിളങ്ങുന്നൊരഞ്ജന തിരുരൂപസന്നിധിയിൽ/ അഞ്ജലിപ്പൂക്കളായ് നിൽക്കുന്നു/ ഞങ്ങൾ നിൽക്കുന്നു.../ ഹരേ കൃഷ്ണ ഹരേ കൃഷ്ണ/ കൃഷ്ണകൃഷ്ണ ഹരേ ഹരേ...’’
1976 ജൂൺ നാലിന് റിലീസ് ചെയ്‌ത ‘സിന്ദൂരം’ എല്ലാ രീതിയിലും ഒരു ശരാശരി സിനിമയായിരുന്നു. ചിത്രം സാമ്പത്തികലാഭം നേടിയില്ല എന്നാണറിവ്.