മനസ്സു മനസ്സിന്റെ കാതിൽ രഹസ്യങ്ങൾ മന്ത്രിക്കും മധുവിധുരാത്രി

സിനിമയുടെ വ്യവസായ സ്വഭാവത്തെ പൂർണമായും അവഗണിച്ച് രൂപപ്പെടുത്തിയ നവധാരാ സിനിമ ‘കബനീനദി ചുവന്നപ്പോൾ’ പി.എ. ബക്കർ സംവിധാനംചെയ്തു. പിൽക്കാലത്ത് പ്രശസ്ത സംവിധായകനായി വളർന്ന ടി.വി. ചന്ദ്രൻ ഈ സിനിമയിൽ നായകനായ നക്സലൈറ്റിന്റെ ഭാഗം അഭിനയിച്ചു -സംഗീതയാത്ര തുടരുന്നു. 1976 ജൂലൈ 16ന് കേരളത്തിലെ തിയറ്ററുകളിലെത്തിയ ‘കബനീനദി ചുവന്നപ്പോൾ’ ഒരു രാഷ്ട്രീയ സിനിമയായിരുന്നു. സെൻസർ കുരുക്കുകളിൽപെട്ട ഈ ചിത്രം വൈകിയാണ് പ്രദർശനത്തിനെത്തിയത്. സിനിമയുടെ വ്യവസായ സ്വഭാവത്തെ പൂർണമായും അവഗണിച്ച് രൂപപ്പെടുത്തിയ ഈ നവധാരാ സിനിമ പി.എ. ബക്കറാണ് സംവിധാനംചെയ്തത്. പിൽക്കാലത്ത് പ്രശസ്ത സംവിധായകനായി വളർന്ന ടി.വി. ചന്ദ്രൻ ഈ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
സിനിമയുടെ വ്യവസായ സ്വഭാവത്തെ പൂർണമായും അവഗണിച്ച് രൂപപ്പെടുത്തിയ നവധാരാ സിനിമ ‘കബനീനദി ചുവന്നപ്പോൾ’ പി.എ. ബക്കർ സംവിധാനംചെയ്തു. പിൽക്കാലത്ത് പ്രശസ്ത സംവിധായകനായി വളർന്ന ടി.വി. ചന്ദ്രൻ ഈ സിനിമയിൽ നായകനായ നക്സലൈറ്റിന്റെ ഭാഗം അഭിനയിച്ചു -സംഗീതയാത്ര തുടരുന്നു.
1976 ജൂലൈ 16ന് കേരളത്തിലെ തിയറ്ററുകളിലെത്തിയ ‘കബനീനദി ചുവന്നപ്പോൾ’ ഒരു രാഷ്ട്രീയ സിനിമയായിരുന്നു. സെൻസർ കുരുക്കുകളിൽപെട്ട ഈ ചിത്രം വൈകിയാണ് പ്രദർശനത്തിനെത്തിയത്. സിനിമയുടെ വ്യവസായ സ്വഭാവത്തെ പൂർണമായും അവഗണിച്ച് രൂപപ്പെടുത്തിയ ഈ നവധാരാ സിനിമ പി.എ. ബക്കറാണ് സംവിധാനംചെയ്തത്. പിൽക്കാലത്ത് പ്രശസ്ത സംവിധായകനായി വളർന്ന ടി.വി. ചന്ദ്രൻ ഈ സിനിമയിൽ നായകനായ നക്സലൈറ്റിന്റെ ഭാഗം അഭിനയിച്ചു. സലാം കാരശ്ശേരി, ജെ. സിദ്ദിഖ്, രവീന്ദ്രൻ, ശാലിനി തുടങ്ങിയവരും നടീനടന്മാരുടെ കൂട്ടത്തിലുണ്ടായിരുന്നു. പവിത്രനാണ് ഈ സിനിമ നിർമിച്ചത്.
ജീവിതം യഥാർഥമായി ചിത്രീകരിക്കപ്പെട്ട ഈ സിനിമയിൽ പാട്ടുകൾ ഉണ്ടായിരുന്നില്ല. ജി. ദേവരാജനാണ് സംഗീത സംവിധായകൻ. പശ്ചാത്തല സംഗീതത്തിന്റെ (റീ റെക്കോഡിങ്) ഭാഗമായി സ്ത്രീ ശബ്ദത്തിലുള്ള ഹമ്മിങ് അവിടവിടെയായി ഉപയോഗിച്ചിരുന്നു. മാധുരിയുടെ സ്വരമാണ് ഇതിനായി ഉപയോഗിച്ചത്. പുരസ്കാരങ്ങൾ ലഭിച്ചെങ്കിലും ചിത്രം തിയറ്ററുകളിൽനിന്ന് വളരെവേഗം നീക്കപ്പെട്ടു. പല തിയറ്ററുകളിലും നൂൺഷോ മാത്രമായാണ് പ്രദർശനം നടന്നത്.
ആദ്യകാലത്ത് അടൂർ ഗോപാലകൃഷ്ണന്‍റെ സഹപ്രവർത്തകനായിരുന്ന കെ.പി. കുമാരൻ ‘അതിഥി’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായതെന്ന് അറിയാമല്ലോ. കെ.പി. കുമാരൻ സംവിധാനംചെയ്‌ത ചിത്രമാണ് ‘ലക്ഷ്മീവിജയം’. സമരിയാസ് റിലീസിന്റെ പേരിൽ എ.ജി. അബ്രഹാം നിർമിച്ച ചിത്രമാണിത്. സുകുമാരൻ, റാണിചന്ദ്ര, ആലുമ്മൂടൻ, ബേബി ജയശാന്തി തുടങ്ങിയവർ അഭിനയിച്ച ‘ലക്ഷ്മീവിജയ’ത്തിന്റെ കഥ നിർമാതാവായ എ.ജി. അബ്രഹാമിന്റേതാണ്. വി.ടി. നന്ദകുമാർ തിരക്കഥയും സംഭാഷണവും രചിച്ചു. മുല്ലനേഴിയുടെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ശ്യാം ആണ്. ചിത്രത്തിലെ നാലു പാട്ടുകൾ യേശുദാസ്, വാണി ജയറാം, ബ്രഹ്മാനന്ദൻ എന്നിവരാണ് പാടിയത്.
‘‘പകലിന്റെ വിരിമാറിൽ നിഴലു നീ പാതിരാവിൽ ഇരുളു നീ പാരിൽ പിറക്കാത്ത സ്വപ്‌നങ്ങൾ തേടി പദയാത്ര തുടരുന്നു ...നിന്നെ ഞാൻ ജീവിതമെന്നു വിളിച്ചോട്ടെ.’’
എന്ന ഗാനം യേശുദാസ് പാടിയതാണ്. യേശുദാസ് ശബ്ദം നൽകിയ രണ്ടാമത്തെ ഗാനം ‘‘രാവുറങ്ങീ താഴെ’’ എന്ന് ആരംഭിക്കുന്നു.
‘‘രാവുറങ്ങീ താഴെ/ ഉഷസ്സുണർന്നു മേലേ/
രാഗമുണർന്നു/ നീലവാനം നീർമിഴികൾ തുറന്നു/ പ്രാവുകൾ പറപറന്നു/ പ്രാതലിനു വഴി തെളിഞ്ഞു...’’ എന്നിങ്ങനെ പല്ലവി.
‘‘ഒഴുകുന്ന പുഴയൊടുവിൽ/ കടലിൽ ചെല്ലും/ തിരമാലകൾ കൈനീട്ടി സ്വീകരിക്കും...’’ എന്നിങ്ങനെ ആദ്യചരണം തുടങ്ങുന്നു.
‘‘മാനത്തു താരങ്ങൾ പുഞ്ചിരിച്ചു/ താഴത്തു താഴ്വര പൂത്തു നിന്നു/ പ്രാണനിൽ ഗാനം തുളുമ്പി വന്നു/ പൗർണമീ രാവതു കണ്ടു നിന്നു’’ എന്നു തുടങ്ങുന്ന ഗാനം ബ്രഹ്മാനന്ദൻ പാടി.
വാണിജയറാം ആലപിച്ച ഗാനമിതാണ്.
‘‘നായകാ... പാലകാ/ മനുജസ്നേഹ ഗായകാ’’ എന്നൊരു ചെറു പല്ലവി.
അതു കഴിഞ്ഞുള്ള വരികൾ ഇങ്ങനെ: ‘‘അക്ഷരമാലയിൽ ഉണരുന്നു/ വിദ്യാലോകമതത്ഭുതമേ/ അവിടേക്കായ് നാമണയുന്നു/ അറിയുന്നോരുമിതരുളുന്നു/ പാരായ പാരിൽ സുഗന്ധം വിതറുന്ന/ പാരിജാതം നീ...’’
1976 ജൂലൈ രണ്ടിന് പുറത്തുവന്ന ‘ലക്ഷ്മീവിജയം’ സാമ്പത്തികമായി വലിയ വിജയം നേടിയില്ല.
ജീവൻ പിക്‌ച്ചേഴ്‌സിന് വേണ്ടി എസ്.എസ്. നായർ സംവിധാനം ചെയ്‌ത ‘റോമിയോ’ എന്ന സിനിമയിൽ ഷീല, എം.ജി. സോമൻ, രവികുമാർ, തിക്കുറിശ്ശി, കവിയൂർ പൊന്നമ്മ, ജയസുധ, ബഹദൂർ തുടങ്ങിയവർ പ്രധാന അഭിനേതാക്കളായി. പത്രപ്രവർത്തകനും നാടകകൃത്തുമായ കല്ലട വാസുദേവനാണ് ‘റോമിയോ’യുടെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയത്. വയലാർ-ദേവരാജൻ ടീമിന്റെ ഗാനങ്ങൾ ചിത്രത്തിൽ ഇടംപിടിച്ചു. ചിത്രത്തിന്റെ പ്രാഥമിക ജോലികൾ വയലാർ വിടപറയുന്നതിനു മുമ്പുതന്നെ തുടങ്ങിയിരുന്നു എന്നതാണ് കാരണം. (സംവിധായകൻ എസ്.എസ്. നായർ പ്രശസ്ത നൃത്തസംവിധായകനും സംവിധായകനുമായ ഡാൻസർ തങ്കപ്പന്റെ അനുജനാണ്, സംവിധായകൻ ആകുന്നതിനു മുമ്പ് അദ്ദേഹം ചില ചിത്രങ്ങളിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് ആയി പ്രവർത്തിച്ചിരുന്നു. ശിവൻ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.) ‘റോമിയോ’യിൽ ആറു പാട്ടുകളുണ്ടായിരുന്നു. യേശുദാസ്, മാധുരി, ശ്രീകാന്ത് എന്നിവരാണ് പിന്നണിയിൽ പാടിയത്. യേശുദാസ് ശബ്ദം നൽകിയ ഗാനം ‘‘ചാരുലതേ...’’ എന്നു തുടങ്ങുന്നു.
‘‘ചാരുലതേ.../ ചന്ദ്രിക കൈയിൽ കളഭം നൽകിയ ചൈത്രലതേ/ എന്റെ മുല്ലപ്പന്തലിൽ നീ പടരൂ/ ഇന്നെല്ലാമെല്ലാമെനിക്കു തരൂ/ ചാരുലതേ...’’
വരികൾ ഇങ്ങനെ തുടരുന്നു: ‘‘ഈറൻ ചുരുൾമുടി തുമ്പുകൾ കെട്ടി/ ഇലഞ്ഞിപ്പൂ ചൂടി/ വ്രീളാവതിയായ് അകലെ നിൽക്കും നീ/ വേളിപ്പെണ്ണല്ലേ/ പ്രതിശ്രുതവരനെ പെണ്ണുങ്ങൾ പണ്ടും/ പൂജിച്ചിട്ടില്ലേ...’’
എൽ. ശ്രീകാന്ത് ഈ ചിത്രത്തിനുവേണ്ടി രണ്ടു പാട്ടുകൾ പാടി.
‘‘മൃഗാംഗ ബിംബമുദിച്ചു... ഭുവനം/ മൃതസഞ്ജീവനി നുകർന്നു/ ഭൂമിക്കു താരുണ്യം നൽകിയ ദേവാ/ പൗർണമിയല്ലേ നിൻ ജന്മദിനം..?’’
എന്ന പല്ലവിപോലെ തന്നെ മികച്ച വരികളാണ് തുടർന്നും വരുന്നത്: ‘‘സ്വർഗമേഘങ്ങൾ നിൻ ശിരസ്സിൽ/ സ്വർണകലശങ്ങളാടി/ അശ്വതിഭരണികാർത്തികമാർ നിൻ/ ചുറ്റുവിളക്കുകളായി...’’ എന്നിങ്ങനെ ചരണം തുടരുന്നു.
ശ്രീകാന്ത് ശബ്ദം നൽകിയ അടുത്തഗാനം ‘‘പുഷ്‌പോത്സവപ്പന്തലിനുള്ളിലെ പത്മലേഖേ’’ എന്നാരംഭിക്കുന്നു.
‘‘പുഷ്‌പോത്സവപ്പന്തലിനുള്ളിലെ പത്മലേഖേ/ നിന്റെ യൗവനം ലഹരികൾ പതയും മുന്തിരിക്കിണ്ണം’’ എന്നു പല്ലവി.
മാധുരി ‘റോമിയോ’ക്കു വേണ്ടി മൂന്നു ഗാനങ്ങൾ ആലപിച്ചു.
‘‘കാലത്തെ മഞ്ഞുകൊണ്ടു/ കല്ലുവെച്ച കമ്മല് തീർക്കും/ കന്നിയിളം കറുകംപൂവേ... പൂവേ.../ നാളത്തെ കല്യാണത്തിനു/ നാലുനിലപ്പന്തലു കെട്ടാൻ/ നീ കൂടെ പോരെടീ പൂവേ നിലം പൂവേ’’ എന്നിങ്ങനെ തുടങ്ങുന്നു ആദ്യഗാനം.
പാട്ടിലെ ചരണങ്ങളും ആകർഷകങ്ങൾതന്നെ. മാധുരി പാടിയ രണ്ടാമത്തെ ഗാനത്തിന്റെ തുടക്കം ഇങ്ങനെയാണ്: ‘‘നൈറ്റ് ഈസ് യങ് ഔവർ ലൈഫ് ഈസ് യങ്/ മൈ ബോയ്ഫ്രണ്ട് മൈ ബോയ്ഫ്രണ്ട്/ യു കം ടു മീ...’’ എന്നു പല്ലവി.
‘‘നൈലോൺ വിളക്കുകൾ മന്ദഹസിക്കും/ നഗരനിരത്തുകളിൽ/ ചിറകുള്ള മെയ്യുകൾ/ തമ്മിലുരുമ്മിക്കൊണ്ടൊരുമിച്ചു/ പറക്കാൻ വരൂ...’’ എന്നിങ്ങനെ ചരണം തുടങ്ങുന്നു.
‘‘സ്വിമ്മിങ് പൂൾ/ ലവ് ലി ലവ് ലി ലവ് ലി ലവ് ലി/ സ്വപ്നത്തിൽപോലും കാണാത്തതാണീ/ സ്വിമ്മിങ് പൂൾ… സ്വിമ്മിങ് പൂൾ...’’
ഈ ഗാനത്തിൽ ഉടനീളം മാധുരിയുടെ ‘‘ലാലാലാലാ ലല ലാലാലാലാ ലല...’’ എന്ന ഹമ്മിങ് നിറഞ്ഞിരിക്കുന്നു.
ആദ്യചരണം ഇങ്ങനെ തുടങ്ങുന്നു: ‘‘നാടൻഡ്രസിൽ നാണമൊതുക്കും നീയൊരു കൺട്രിഫുൾ...’’ വീണ്ടും ‘‘ലലലലാ...’’ എന്നു തുടങ്ങുന്നു മാധുരിയുടെ സ്വരം.

പി. മാധുരി, വാണി ജയറാം
വയലാർ-ദേവരാജൻ ടീം ഒരുക്കിയിട്ടും ‘റോമിയോ’യിലെ പാട്ടുകൾക്ക് ഉന്നതനിലവാരം നിലനിർത്താൻ സാധിച്ചില്ല. യേശുദാസ് ആലപിച്ച ‘‘ചാരുലതേ... ചന്ദ്രിക കയ്യിൽ കളഭം നൽകിയ ചൈത്രലതേ...’’ എന്ന പാട്ടാണ് കുറെയൊക്കെ ശ്രദ്ധിക്കപ്പെട്ടത്. 1976 ജൂലൈ 30ന് കേരളത്തിൽ പ്രദർശനം തുടങ്ങിയ ഈ ചിത്രത്തിന് ജനപ്രീതി നേടിയെടുക്കാൻ സാധിച്ചില്ല.
പത്തിലധികം ഗാനങ്ങളുള്ള ഭക്തിചിത്രമാണ് ‘ചോറ്റാനിക്കര അമ്മ’. ആക്ഷൻ ചിത്രങ്ങൾക്ക് പ്രാധാന്യം നൽകുന്ന സംവിധായകനും നിർമാതാവുമായ ക്രോസ്സ്‌ബെൽറ്റ് മണി തിരുവോണം പിക്‌ചേഴ്‌സ് എന്ന ബാനറിൽ നിർമിച്ച ചിത്രമാണിത്. ചോറ്റാനിക്കര അമ്മയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾ ചേർത്ത് തയാറാക്കിയ കഥക്ക് നാഗവള്ളി ആർ.എസ്. കുറുപ്പ് തിരക്കഥയും സംഭാഷണവും എഴുതി. ഭരണിക്കാവ് ശിവകുമാർ രചിച്ച ഗാനങ്ങൾക്ക് ഹൃദ്യമായ ഈണങ്ങൾ നൽകിയത് ആർ.കെ. ശേഖർ ആണ്.
യേശുദാസും പി. സുശീലയും ചേർന്നു പാടിയ ‘‘മനസ്സ് മനസ്സിന്റെ കാതിൽ രഹസ്യങ്ങൾ മന്ത്രിക്കും മധുവിധു രാത്രി...’’ എന്ന ഗാനം വമ്പിച്ച ജനപ്രീതി നേടുകയുണ്ടായി. ഗാനം ഇങ്ങനെ ആരംഭിക്കുന്നു: ‘‘മനസ്സ് മനസ്സിന്റെ കാതിൽ രഹസ്യങ്ങൾ/ മന്ത്രിക്കും മധുവിധുരാത്രി/ നഖമുള്ള നമ്മുടെ രാഗവികാരങ്ങൾ/ നീഹാരമണിയുന്ന രാത്രി...’’
ഗാനത്തിലെ വരികൾ എല്ലാവർക്കും സുപരിചിതമാണ്.
‘‘കതിരുപോലുള്ള നിൻ താരുണ്യത്തിന്റെ/ കദളീമുകുളങ്ങളിൽ വിരൽനഖപ്പാടുകൾ ഞാൻ തീർക്കും/ ഈ മലരിൽ മലർ പൂക്കും രാവിൽ... അപ്പോൾ മദനധനുസ്സുകൾ ഒടിയും/ എന്നിൽ നീ നീലസർപ്പമായ് ഇഴയും...’’
‘‘ആദിപരാശക്തി അമൃതവർഷിണീ/ ആനന്ദരൂപിണീ ദേവീ/ സാവിത്രി, ഹിമശൈലപുത്രി, മായേ സർവേശ്വരീ ശങ്കരീ...’’ എന്നു തുടങ്ങുന്ന സംഘഗാനം ജയചന്ദ്രനും കൂട്ടരും ചേർന്നു പാടി.
ഇതേ ഗാനം ആലപ്പി ജയശ്രീയും പാടിയിട്ടുണ്ട്. വരികളിൽ മാറ്റമില്ല.
‘‘ചോറ്റാനിക്കര ഭഗവതീ കാരണരൂപിണീ...’’ എന്ന ഗാനവും യേശുദാസ് ആണ് പാടിയത്.
‘‘ചോറ്റാനിക്കര ഭഗവതീ/ കാരണരൂപിണീ/ കാരുണ്യശാലിനീ/ ഞങ്ങളെ കാത്തരുളൂ അമ്മേ/ ഞങ്ങളെ കാത്തരുളൂ...’’ എന്നു തുടങ്ങുന്ന ഗാനത്തിലെ തുടർന്നുള്ള വരികൾ: ‘‘ഓംകാര രൂപിണീ ത്രൈലോക്യനന്ദിനീ/ ആസുരശിക്ഷിണീ ശ്രീദേവീ/ നിന്നുടെ തൃപ്പാദം കുമ്പിടും ഞങ്ങളെ/ എന്നും അനുഗ്രഹിക്കൂ ദേവീ...’’
വാണി ജയറാം, ആലപ്പി ജയശ്രീ, അമ്പിളി എന്നിവർ ചേർന്നു പാടിയ ‘‘പഞ്ചമിച്ചന്ദ്രികയിൽ... ഈ പാലാഴിവെൺതിരയിൽ/ ശൃംഗാരനൃത്തത്തിനൊരുങ്ങി വന്നൊരു ശ്രീകലയാകും രംഭ ഞാൻ...’’ എന്ന ഗാനം രംഭ, തിലോത്തമ, ഉർവശി എന്നിവർ പാടുന്ന നൃത്തഗാനമാണ്.
‘‘പത്മദള കുട നിവർത്തിയ പവിഴമാനത്ത്/ പഞ്ചബാണൻ തപസ്സു ചെയ്യും പുഷ്പമേഘത്ത്/ പുഷ്പശരചെപ്പുലച്ച് മദനരാഗം മാറിലേറ്റി/ പുഷ്പവതിയായി വന്ന തിലോത്തമ ഞാൻ.’’

ബ്രഹ്മാനന്ദൻ, പി. സുശീല
ഇതുപോലെ ഉർവശിയുടെ വരവുമുണ്ട്.
അമ്പിളി ആലപിച്ച ശ്രദ്ധേയമായ ഒരു ഗാനം ‘‘പുള്ളിപ്പശുവിന്റെ കുഞ്ഞേ...’’ എന്ന് ആരംഭിക്കുന്നു. ‘‘പുള്ളിപ്പശുവിന്റെ കുഞ്ഞേ/ പൂവാലിപ്പശുവിന്റെ കുഞ്ഞേ/ നന്ദിനിപ്പശു പെറ്റ സുന്ദരിയോ.../ നീ നന്ദകുമാരന്‍റെ കണ്മണിയോ...?’’
ബ്രഹ്മാനന്ദൻ സ്വരം നൽകിയ ഗാനം ‘‘രതിദേവി എഴുന്നള്ളുന്നു’’ എന്നു തുടങ്ങുന്നു. ‘‘രതിദേവി എഴുന്നള്ളുന്നു/ മദഘോഷം മുഴങ്ങീടുന്നു/ മലർബാണൻ ചാപത്തിന്മേൽ/ മലരമ്പു ചേർത്തീടുന്നു...’’
പാട്ടിലെ വരികൾ ഇങ്ങനെ തുടരുന്നു: ‘‘അണിവൈരത്തുകിൽ പാറുന്നു/ അരഞ്ഞാണം തിളങ്ങീടുന്നു/ രതിലീല ദേഹങ്ങളിൽ/ രഹസ്യങ്ങൾ കൈമാറുന്നു...’’
ബ്രഹ്മാനന്ദൻ പാടിയ രണ്ടാമത്തെ പാട്ടിതാണ്. ‘‘ശാരദ ചന്ദ്രാനനേ ശ്രീദേവീ/ ശ്യാമളരൂപാംഗനെ/ രാവിൽ ശ്രീബലിനാദവും നുകരും/ ദേവീവിഗ്രഹം നീയേ... ഗിരിസുതതനയേ വളരൊളി നീയേ... അമ്മേ നാരായണാ/ കാവിലമ്മേ നാരായണാ/ ദേവീ ദാക്ഷായണീ/ സത്യവാഹീ കാർത്ത്യായനീ...’’
ചിത്രത്തിനുവേണ്ടി യേശുദാസിന്റെ ശബ്ദം ഉപയോഗിച്ച മൂന്നാമത്തെ ഗാനം ‘‘വന്ദേ മാതരം അംബികാം ഭഗവതി...’’ എന്നു തുടങ്ങുന്നു.
‘‘വന്ദേ മാതരം അംബികാം ഭഗവതി/ വാണീന്ദ്രമാ സേവിതാം/ കല്യാണീ കമനീയ കൽപലതികാം...’’
‘‘കൈലാസനാഥപ്രിയാം...’’ എന്നു തുടങ്ങുന്ന വരികൾ പരമ്പരാഗതമാണ്.
ഇതുപോലെ കാളിദാസ കൃതിയായ, ‘‘മാണിക്യവീണാം ഉപലാളായന്തീം/ മദാലസാം മഞ്ജുള വാഗ്വിലാസാം’’ എന്നു തുടങ്ങുന്ന ദേവീസ്തുതിയുടെ ആദ്യഭാഗവും സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. വേണു നാഗവള്ളിയാണ് ഈ ശ്ലോകം പാടിയത്. ഗായകനായിട്ടാണ് വേണു നാഗവള്ളി കലാരംഗത്ത് പ്രവേശിച്ചതെന്ന വിവരം പലർക്കും അറിയില്ല. നടനാകുന്നതിനു മുമ്പ് വേണു ഒന്നാംതരമായി പാടുമായിരുന്നു.
അഷ്ടപദിയിലെ (ഗീത ഗോവിന്ദം) ചില വരികളും ചിത്രത്തിൽ ഒരുഭാഗത്ത് ഉപയോഗിച്ചിട്ടുണ്ട്. ‘‘ജയജഗദീശഹരേ...’’ എന്നു തുടങ്ങുന്ന ഈ വരികളെ ഒരു ഗാനമായി ഉൾപ്പെടുത്തേണ്ടതില്ല. 1976 ആഗസ്റ്റ് ആറാം തീയതി തിയറ്ററുകളിലെത്തിയ ‘ചോറ്റാനിക്കര അമ്മ’ നല്ല സാമ്പത്തികവിജയം നേടുകയുണ്ടായി.

