Begin typing your search above and press return to search.

രണ്ടു നക്ഷത്രങ്ങൾ കണ്ടുമുട്ടി

രണ്ടു നക്ഷത്രങ്ങൾ കണ്ടുമുട്ടി
cancel

‘വഴിവിളക്ക്’​, ‘കന്യാദാനം’, ‘രാത്രിയിലെ യാത്രക്കാർ’ എന്നീ സിനിമകളിലെ പാട്ടുകളെക്കുറിച്ചും പിന്നണിയെക്കുറിച്ചുമാണ്​ ഇത്തവണ ‘സംഗീതയാത്ര’യിൽ എഴുതുന്നത്​ഹിന്ദിയടക്കമുള്ള വിവിധ ഭാഷകളിലെ സിനിമാ നിർമാതാക്കൾക്ക് പണം കടംകൊടുക്കുന്ന പ്രശസ്തനായ ഫിനാൻസിയർ സുന്ദർലാൽ നഹാത്തയും എസ്. സൗന്ദപ്പനും ചേർന്നു നിർമിച്ച മലയാള ചിത്രമാണ് ‘വഴിവിളക്ക്’. പി. ഭാസ്കരൻ സംവിധാനംചെയ്‌ത ഈ ചിത്രത്തിന് തിരക്കഥയും സംഭാഷണവും രചിച്ചത് ശ്രീകുമാരൻ തമ്പിയാണ്. പ്രേംനസീർ, ജയഭാരതി, എം.ജി. സോമൻ, നന്ദിതബോസ്, തിക്കുറിശ്ശി, കവിയൂർ പൊന്നമ്മ, ശങ്കരാടി, വീരൻ, സുമിത്ര, മല്ലിക, കുതിരവട്ടം പപ്പു തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിന്...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
‘വഴിവിളക്ക്’​, ‘കന്യാദാനം’, ‘രാത്രിയിലെ യാത്രക്കാർ’ എന്നീ സിനിമകളിലെ പാട്ടുകളെക്കുറിച്ചും പിന്നണിയെക്കുറിച്ചുമാണ്​ ഇത്തവണ ‘സംഗീതയാത്ര’യിൽ എഴുതുന്നത്​

ഹിന്ദിയടക്കമുള്ള വിവിധ ഭാഷകളിലെ സിനിമാ നിർമാതാക്കൾക്ക് പണം കടംകൊടുക്കുന്ന പ്രശസ്തനായ ഫിനാൻസിയർ സുന്ദർലാൽ നഹാത്തയും എസ്. സൗന്ദപ്പനും ചേർന്നു നിർമിച്ച മലയാള ചിത്രമാണ് ‘വഴിവിളക്ക്’. പി. ഭാസ്കരൻ സംവിധാനംചെയ്‌ത ഈ ചിത്രത്തിന് തിരക്കഥയും സംഭാഷണവും രചിച്ചത് ശ്രീകുമാരൻ തമ്പിയാണ്. പ്രേംനസീർ, ജയഭാരതി, എം.ജി. സോമൻ, നന്ദിതബോസ്, തിക്കുറിശ്ശി, കവിയൂർ പൊന്നമ്മ, ശങ്കരാടി, വീരൻ, സുമിത്ര, മല്ലിക, കുതിരവട്ടം പപ്പു തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിന് സംവിധായകനായ പി. ഭാസ്കരൻതന്നെ പാട്ടുകൾ എഴുതി. വി. ദക്ഷിണാമൂർത്തിയുടെ സംഗീതസംവിധാനത്തിൽ യേശുദാസ്, വാണിജയറാം, അമ്പിളി, ആലപ്പി ജയശ്രീ, പട്ടം സദൻ, ഷക്കീല ബാലകൃഷ്ണൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. യേശുദാസും ആലപ്പി ജയശ്രീയും ശബ്ദം നൽകിയ ഗാനം ശ്രദ്ധേയമാണ്. ‘‘ഹരി ഓം’’ എന്നു ചൊല്ലിയതിനു ശേഷം ‘ഋഗ്വേദ’ത്തിലെ ആദ്യത്തെ ശ്ലോകത്തിലാണ് ഗാനം തുടങ്ങുന്നത്.

‘‘അഗ്നിമീളേ പുരോഹിതം/ യജ്ഞസ്യദേവം റിത്വിജം/ ഹോതാരം രത്നധാതമം (ഇത് ‘ഋഗ്വേദ’ത്തിലെ ആദ്യത്തെ ഋക് ആണ്.)

പി. ഭാസ്കരന്റെ വരികൾ ഇനിയാണ് തുടങ്ങുന്നത്. ‘‘സുരഭീമാസ വിലാസത്താലേ/ സുന്ദരിയായ വനാന്തം/ കലികകളാൽ അണിമലരുകളാൽ നവ/ കാവ്യം തീർത്ത വസന്തം/ മധുകര മൃദുരവ മുരളിക കേൾക്കേ/ മധുരിതമായ ഹൃദന്തം/ സുരഭീമാസവിലാസത്താലേ/ സുന്ദരിയായ വസന്തം/ അകലേക്കെറിയുക ഗന്ധം/ അരുളുക നിൻ പരബന്ധം.../ ദേവയാനിയെ മാറോടണയ്ക്കുക/ ജീവിതേശ്വരാ ദേവാ...’’ (കചനും ദേവയാനിയും തമ്മിലുള്ള പ്രണയമാണ് ഈ ഗാനത്തിലെ പ്രതിപാദ്യം. എന്നാൽ ‘വഴിവിളക്ക്’ പൂർണമായും ഒരു കുടുംബകഥയാണ് പറയുന്നത്.)

യേശുദാസ് ശബ്ദം നൽകിയ രണ്ടാമത്തെ ഗാനവും ശ്രോതാക്കൾക്ക് ഇഷ്ടമായി. ‘‘സീമന്തരേഖയിൽ -നിന്റെ/ സിന്ദൂരരേഖയിൽ/ മന്ദസമീരനായ് ഇന്നലെ ഞാൻ വന്നു/ ചുംബിച്ചു ചുംബിച്ചുണർത്തി -നിന്നെ/ ചുംബിച്ചു ചുംബിച്ചുണർത്തി’’ എന്ന ലളിതമായ പല്ലവി. ഗാനം ഇങ്ങനെ തുടരുന്നു: ‘‘നീയുണർന്നപ്പോൾ നീയറിയാതെ ഞാൻ/ നീലനിലാവിലലിഞ്ഞു/ പ്രാലേയ ശീതള ചന്ദ്രകിരണമായ്/ നീലാളകങ്ങളെ ഞാൻ തഴുകി.’’

ആലപ്പി ജയശ്രീ പാടിയ ‘‘സമയം ചൈത്ര സായന്തനം...’’ എന്നാരംഭിക്കുന്ന പാട്ടും മികച്ചതാണ്. ‘‘സമയം ചൈത്ര സായന്തനം/ സ്ഥലമോ പൂത്ത പൂങ്കാവനം/ സുന്ദരിയാം ശകുന്തള വന്നരികിൽ നിന്നിട്ടും/ കണ്ണു മൂടിയിരിക്കുന്നു ദുഷ്യന്തൻ... -തന്റെ /കണ്ണു മൂടിയിരിക്കുന്നു ദുഷ്യന്തൻ’’ എന്നു പല്ലവി.

ആദ്യചരണം ഇങ്ങനെ ആരംഭിക്കുന്നു: ‘‘ആനന്ദമാലിനീതീരം മനസ്സിൽ/ ആഷാഢപഞ്ചമിനേരം/ ചാരുമുഖി മിഴികളാൽ മാടിമാടി വിളിച്ചിട്ടും/ മാറിമാറി നടക്കുന്നു ദുഷ്യന്തൻ/ ഏതോ മാമുനിയാണിന്നെന്റെ ദുഷ്യന്തൻ...’’

വാണി ജയറാമും അമ്പിളിയും ചേർന്നു പാടിയ ‘‘ഉണർന്നു, ഞാനുണർന്നു...’’ എന്ന് തുടങ്ങുന്ന ഗാനമാണ് അടുത്തത്. ‘‘ഉണർന്നു ഞാനുണർന്നു/ ഉദയത്തിൻ മടിയിൽ ഞാനുണർന്നു/ അരുണ കിരണമായ് പ്രണയകിരണമായ്/ ദേവൻ വന്നെന്നെയുണർത്തി.’’

ഗാനം ഇങ്ങനെ തുടരുന്നു: ‘‘വനാന്തവീഥിയിൽ ഓടിനടന്നൊരു/ വാനമ്പാടി ഞാൻ/ വാനവീഥിയിലെന്നെ വിളിച്ചു/ വാസന്തചന്ദ്രലേഖ/ രജനീഗന്ധിയായ് ഞാൻ മയങ്ങി/ ചങ്ങലവട്ടയായ് എന്നെ വിളിച്ചു/ ചൈത്രസുന്ദര താരം...’’

യേശുദാസും പട്ടം സദനും ചേർന്നു പാടിയ ഹാസ്യഗാനവും രസകരമാണ്. ‘‘ഹലോ മാഡം നായർ ഞാൻ നിന്റെ നായർ/ ഗുഡ് ഈവനിങ് ഗുഡ് ഈവനിങ്/ ഗുഡ് ഈവനിങ്.../ലണ്ടൻ ബഹറിൻ കെയ്‌റോ പാരീസ്/ ഹോങ്കോങ് ന്യൂയോർക് വാഷിങ്ടൺ/ ഗോവാ ബോംബെ കാസർകോട്/ കൊച്ചി ഊട്ടി വെല്ലിങ്‌ടൺ/ എല്ലാ നാടും സ്വന്തം എല്ലാ ഭാഷയും സ്വന്തം/തട്ടും തടവും വെട്ടും വെടിയും/ പടവും പദവും പഠിച്ചു നമ്മൾ/ ഹലോ മാഡം നായർ ഞാൻ നിന്റെ നായർ/ ഗുഡ് ഈവനിങ് ഗുഡ് ഈവനിങ്/ ഗുഡ് ഈവനിങ്...’’

‘വഴിവിളക്കി’ലെ ആറാമത്തെ ഗാനം ഷക്കീല ബാലകൃഷ്ണൻ എന്ന ഗായികയാണ് പാടിയത്. ഇത് ഒരു ദേശഭക്തി ഗാനമാണ്.

‘‘യുവഭാരത ശിൽപികളേ/ നവഭാരത ശിൽപികളേ/ യുവാക്കളേ യുവതികളേ/ ജനജീവിത ശിൽപികളേ...’’ എന്ന് തുടങ്ങുന്ന ഗാനം.

ആദ്യ ചരണം ഇങ്ങനെ: ‘‘ചോര തുളുമ്പും കയ്യുകളാലീ/ ഭാരതസൗധം പണിയുക നാം -നവ/ ഭാരതസൗധം പണിയുക നാം/ ഓരോ കുടിലുകൾതോറും സമത്വ/ സൂരജകിരണം പുലരട്ടെ/ ഓരോ ചാളയിൽനിന്നും പട്ടിണി-/യോടിയൊളിക്കട്ടെ...’’ 1976 ആഗസ്റ്റ് ആറിനാണ് ‘വഴിവിളക്ക് ’ തിയറ്ററുകളിൽ എത്തിയത്. ചിത്രം ഭേദപ്പെട്ട സാമ്പത്തികവിജയം നേടി.

എം.എസ് പ്രൊഡക്ഷൻസ് നിർമിച്ച ‘കന്യാദാനം’ ഹരിഹരനാണ് സംവിധാനംചെയ്‌തത്‌. തുടക്കത്തിൽ കെ.എസ്. സേതുമാധവനും തുടർന്ന് ശശികുമാറുമാണ് എം.എസ് പ്രൊഡക്ഷൻസിന്റെ സിനിമകൾ സംവിധാനംചെയ്തത്. അതിനൊരു മാറ്റമായിരുന്നു ഈ ഹരിഹരൻ ചിത്രം.

എസ്.എൽ. പുരം സദാനന്ദൻ തിരക്കഥയും സംഭാഷണവും എഴുതിയ കന്യാദാനത്തിൽ പ്രേംനസീർ, മധു, ശാരദ, വിധുബാല, കവിയൂർ പൊന്നമ്മ, അടൂർ ഭാസി, ബഹദൂർ, ശങ്കരാടി, മീന, ശ്രീലത തുടങ്ങിയവർ അഭിനയിച്ചു. ശ്രീകുമാരൻ തമ്പി-അർജുനൻ കൂട്ടുകെട്ടിന്റേതായിരുന്നു പാട്ടുകൾ. യേശുദാസ്, ജയചന്ദ്രൻ, പി. സുശീല, വാണി ജയറാം എന്നിവർ ഗാനങ്ങൾ ആലപിച്ചു. യേശുദാസും പി. സുശീലയും പ്രത്യേകം പ്രത്യേകം പാടിയ ‘‘രണ്ടു നക്ഷത്രനാൾ കണ്ടുമുട്ടി, ചന്ദ്രോദയം പുഷ്പമാല നീട്ടി’’ എന്ന സൂപ്പർഹിറ്റ് ഗാനം ഈ സിനിമയിലേതാണ്.

‘‘രണ്ടു നക്ഷത്രങ്ങൾ കണ്ടുമുട്ടി/ ചന്ദ്രോദയം പുഷ്പമാല നീട്ടി/ അടുക്കുവാനാകാതെ രൂപങ്ങൾ നിന്നു/ ആത്മാവിൽ രശ്‌മികൾ അലയടിച്ചുയർന്നു.../ രണ്ടു നക്ഷത്രങ്ങൾ കണ്ടുമുട്ടി/ ചന്ദ്രോദയം പുഷ്പമാല നീട്ടി.’’ ഗാനം ഇങ്ങനെ തുടരുന്നു: ‘‘ചാമരമേഘങ്ങൾ ചാഞ്ചാടി നടന്നു/ സന്ദേശകാവ്യത്തിൻ പൂവിളിയുയർന്നു/ മാനത്തെ പൊന്നോണം മനസ്സിൽ വന്നെങ്കിൽ/ നമ്മളാ താരങ്ങളായ് മാറിയെങ്കിൽ’’ എന്ന് ആദ്യചരണം.

 

പി. ഭാസ്കരൻ   

യേശുദാസ് പാടിയ ചിത്രത്തിലെ രണ്ടാമത്തെ ഗാനം ‘‘ആടാതെ തളരുന്ന മണിചിലങ്ക...’’ എന്നാണ് തുടങ്ങുന്നത്.

‘‘ആടാതെ തളരുന്ന മണിചിലങ്ക -നീ/ പാടാതെ തകരുന്ന വീണക്കമ്പി/ കതിർമണ്ഡപം നിൻ തടവറയായ്/ കല്യാണമാല്യം കൈവിലങ്ങായ്’’ എന്ന പല്ലവിക്കു ശേഷം ആദ്യചരണം ഇങ്ങനെ: ‘‘ഒരുപോലെ ചുവപ്പണിഞ്ഞൊരുപോലെ ചിരിക്കും/ ഉഷസ്സിനും സന്ധ്യയ്ക്കുമിടയിൽ/ പകലായെരിയുന്നു നീ/ പാപം ചെയ്യാത്ത വെളിച്ചം/ നീ തേടിയതാരേ നേടിയതാരേ/ നിൻ ജീവിതമാം ചതുരംഗക്കളത്തിൽ/ കാലം കള്ളക്കരു നീക്കി...’’

യേശുദാസ് പാടിയ ‘‘വിധുമുഖീ നിൻ ചിരി കണ്ടു വിടർന്നു...’’ എന്ന് തുടങ്ങുന്ന ഗാനവും ജനപ്രീതി നേടി.

‘‘വിധുമുഖീ നിൻ ചിരികണ്ടു വിടർന്നു/ വൃശ്ചികത്തൃക്കാർത്തിക/ ലക്ഷം ദീപങ്ങൾ ഒരുമിക്കും വദനം/ ലക്ഷം പുഷ്പങ്ങൾ അർച്ചിക്കും നയനം...’’ ആദ്യചരണത്തിലെ വരികൾ: ‘‘ഷണ്മുഖപ്രിയരാഗം നാഗസ്വരത്തിൽ/ സങ്കീർത്തനാരവം നാലമ്പലത്തിൽ/ വേലായുധൻ വന്നു മയിൽവാഹനത്തിൽ/ ആരാധിക നിന്നു കൂത്തമ്പലത്തിൽ/ ഇരുട്ടിൽ നക്ഷത്രക്കതിർപോൽ നീ വിളങ്ങി/ തീവെട്ടികൾ നിന്റെ മുഖം കണ്ടു മങ്ങി.’’

‘‘സ്വരങ്ങൾ നിൻ പ്രിയസഖികൾ...’’ എന്നാരംഭിക്കുന്ന ഗാനം ജയചന്ദ്രനാണ് പാടിയത്.

‘‘സ്വരങ്ങൾ നിൻ പ്രിയസഖികൾ/ നിറങ്ങൾ നിൻ ഭാവലയങ്ങൾ/ പ്രപഞ്ചം നിൻ പ്രേമമഞ്ചം/ പ്രഭാതമേ നവ വിഭാതമേ ...’’ എന്ന പല്ലവിക്ക് ശേഷം ചരണം തുടങ്ങുന്നു: ‘‘ഭൂപാളരാഗം തുയിലുണർത്തും/ ഭൂമിമയൂഖം പീലി നീർത്തും/ പുളകങ്ങളാകും നീഹാരമാലയിൽ/ പൂവുകൾ പുഞ്ചിരി പെയ്തുണരും/ സർവം ശാന്തം സുന്ദരം/ സച്ചിദാനന്ദ ബ്രഹ്മമയം...’’

വാണി ജയറാമും കൂട്ടരും ആലപിച്ച ഗാനമിതാണ്: ‘‘വാസരസങ്കൽപത്തിൻ വർണമയിൽപ്പീലികൾ/ വാർതിങ്കൾ തോഴിയിവൾ ഒളിച്ചു​െവച്ചു.../ ഞങ്ങൾ കണ്ടു ഞങ്ങൾ കണ്ടു/ പെറ്റുപെരുകുമാ പീലികൾ/ ഞങ്ങൾ കണ്ടു... ഞങ്ങൾ കണ്ടു...’’ ചരണം ഇങ്ങനെ: ‘‘കുരുത്തോലത്തോരണക്കതിർമണ്ഡപം/ നിറപറ വരവേൽക്കും സ്വരമണ്ഡപം/ അഷ്ടമംഗല്യത്തിൻ പുഷ്‌പപ്രകാശത്തിൽ/ അടിവെച്ചടുക്കുന്ന വധുവിൻ മുഖം/ ഞങ്ങൾ കണ്ടു ഞങ്ങൾ കണ്ടു.../ നാണം മുഴുക്കാപ്പു ചാർത്തിയ കണ്മണി തൻ മുഖം/ ഞങ്ങൾ കണ്ടു... ഞങ്ങൾ കണ്ടു.’’

‘കന്യാദാന’ത്തിലെ ഗാനങ്ങൾ പൊതുവെ ജനപ്രീതി നേടിയെന്നു പറയാം. 1976 ആഗസ്റ്റ് 12ന് പ്രദർശനമാരംഭിച്ച ‘കന്യാദാനം’ സാമ്പത്തികമായും വിജയം വരിച്ചു.

‘ഉദ്യോഗസ്ഥ’ എന്ന വിജയചിത്രത്തിലൂടെ സംവിധാനരംഗത്ത് നിലയുറപ്പിക്കുകയും സി.ഐ.ഡി നസീർ ചിത്രപരമ്പരയിലൂടെ മലയാള വ്യവസായിക സിനിമയിലെ സ്ഥിരസാന്നിധ്യമാവുകയുംചെയ്‌ത പി. വേണു (പി. വേണുഗോപാല മേനോൻ) സംവിധാനംചെയ്‌ത സിനിമയാണ് ‘രാത്രിയിലെ യാത്രക്കാർ’. അശ്വതി എന്ന ബാനറിൽ സംവിധായകന്റെ അനുജനായ പി. സുകുവാണ് ഈ ചിത്രം നിർമിച്ചത്. കഥയും തിരക്കഥയും സംഭാഷണവും സി.പി. ആന്റണി എഴുതി. വിൻ​െസന്റ്, ജയഭാരതി, അടൂർ ഭാസി, കെ.പി. ഉമ്മർ, സാധന, ശ്രീലത തുടങ്ങിയവർ അഭിനേതാക്കളായി. ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ ജി. ദേവരാജന്റെ സംഗീതത്തിൽ യേശുദാസ്, ജയചന്ദ്രൻ, സി.ഒ. ആന്റോ, മാധുരി എന്നിവർ പാടി. ചിത്രത്തിൽ അഞ്ചു പാട്ടുകൾ ഉണ്ടായിരുന്നു.

യേശുദാസ് ശബ്ദം നൽകിയ ഗാനമിതാണ്: ‘‘ഇണങ്ങിയാലെൻ തങ്കം ചിരിക്കുടുക്ക -ഒന്നു/ പിണങ്ങിയാൽ പായുന്ന പടക്കുതിര/ കഥയറിയാതെ നീ കയർക്കരുതേ -ഈ/ കല്യാണച്ചെറുക്കനെ വലയ്ക്കരുതേ...’’ പാട്ടിന്റെ ആദ്യചരണം ഇപ്രകാരം: ‘‘അപരാധം ചെയ്യില്ലെന്നാണയിടാം/ ആയിരത്തൊന്നു വട്ടം ഏത്തമിടാം/ സ്വപ്‌നങ്ങൾ വിൽക്കുമെൻ ഇണക്കുയിലേ/ സ്വർഗത്തിൻ കിളിവാതിൽ അടയ്ക്കരുതേ...’’

ജയചന്ദ്രൻ ആലപിച്ച ഗാനം ‘‘കാവ്യഭാവനാ മഞ്ജരികൾ...’’ എന്നു തുടങ്ങുന്നു.

‘‘കാവ്യഭാവനാ മഞ്ജരികൾ/ കൽപന തൻ മധുമഞ്ജുഷകൾ/കനകവും വെണ്ണയും ചാലിച്ചു ചേർത്ത നിൻ/ കമലപ്പൂമേനി കാണാൻ തപസ്സിരുന്നു.../ കാവ്യഭാവനാ മഞ്ജരികൾ...’’

ചരണം ഇങ്ങനെ തുടങ്ങുന്നു: ‘‘പൂവെയിൽ കൊള്ളാനും വിടില്ല നിന്നെ/ പൂന്തനു വെണ്ണനെയ്യുരുകിയാലോ.../ തൂവെണ്ണിലാവിലും വിടില്ല നിന്നെ/ പൂവുടൽ പനിനീരായ് ഒഴുകിയാലോ...’’

‘‘രോഹിണീ നക്ഷത്രം’’ എന്നു തുടങ്ങുന്ന ഗാനം മാധുരി ആലപിച്ചു. ‘‘രോഹിണീ നക്ഷത്രം സാക്ഷി നിന്നപ്പോൾ/ മോഹത്തിൻ പിച്ചകം ഞാൻ നട്ടു -എൻ/ മോഹത്തിൻ പിച്ചകം ഞാൻ നട്ടു/ ജീവനിൽ പൊട്ടിക്കിളിർത്തു വളരുമെൻ/ ഭാവനാ ചൈതന്യ വല്ലരി...’’

‘‘അശോകവനത്തിൽ...’’ എന്നു തുടങ്ങുന്ന പാട്ടും മാധുരിയാണ് പാടിയത്.

 

 വി. ദക്ഷിണാമൂർത്തി,  ഹരിഹരൻ

‘‘അശോകവനത്തിൽ പൂവുകൾ കൊഴിഞ്ഞു/ അശ്രുത്തിരകളിൽ മൈഥിലി പിടഞ്ഞു/ അവളുടെ ഗദ്ഗദഗാനശലാകകൾ/ആനന്ദരൂപനെ തേടിയലഞ്ഞു...’’ ആദ്യചരണം ഇങ്ങനെയാണ്: ‘‘കാമത്തിൻ വിളക്കേറ്റും കൺകളുമായി/ അഴകിയ രാവണൻ പിന്നെയും വന്നു/ ഇരുട്ടിന്റെ മുന്നിൽ വിറയ്ക്കുന്ന സന്ധ്യയായ്/ ഇന്ദീവരമിഴി മുഖം താഴ്ത്തി നിന്നു/ രാമാ രഘുരാമാ രാജീവനയനാ/ ജാനകിക്കഭയം തരൂ തരൂ...’’

സ്ത്രീലമ്പടനും ദുഷ്ടനുമായ രാവണന്റെ തടങ്കലിൽപെട്ട അവസ്ഥ നേരിടുന്ന സ്ത്രീ കഥാപാത്രത്തിന്റെ മനോനിലയാണ് ഈ ഗാനത്തിലൂടെ വിദലിതമാകുന്നത്.

സി.ഒ. ആന്റോ പാടിയ ഒരു ഹാസ്യഗാനവും ഈ സിനിമയിൽ ഉണ്ടായിരുന്നു. അത് ഇങ്ങനെ ആരംഭിക്കുന്നു: ‘‘അമ്മിണീ എന്റെയമ്മിണീ -നിന്റെ/ കൈകളിൽ തൊട്ടാലും കവിളിൽ തൊട്ടാലും / കറന്റടിക്കും -പെണ്ണേ, കറന്റടിക്കും/ കണ്ണേ പൊന്നേ നിന്റെ കണ്ണൊരു ചിമ്മിനിവിളക്ക്/ പ്രേമം നിറച്ച പൂവിളക്ക്.../ ഒന്നു തൊടുവാൻ മോഹം/ കെട്ടിപ്പിടിക്കാൻ മോഹം/ ഓമനേയീ കറന്റിത്തിരി ഓഫ് ചെയ്യാമോ...’’ എന്നിങ്ങനെ ഈ ഗാനം തുടരുന്നു. 1976 ആഗസ്റ്റ് 20ന്​ റിലീസായ ‘രാത്രിയിലെ യാത്രക്കാർ’ ശരാശരി വിജയം നേടിയെന്നു പറയാം.

(തുടരും)

News Summary - Malayalam film songs history