വയലാർ രചനകൾ വീണ്ടും...

വയലാർ ഇഹലോകവാസം വെടിഞ്ഞതിനു ശേഷവും ചില ചിത്രങ്ങളിൽ അദ്ദേഹം രചിച്ച ചില ഗാനങ്ങൾ പ്രത്യക്ഷപ്പെടുകയുണ്ടായി. അങ്ങനെയൊരു സിനിമയാണ് ‘കേണലും കളക്ടറും’. പ്രശസ്‌ത നായകനടൻ സത്യന്റെ അനുജനായ എം.എം. നേശൻ സംവിധാനം ചെയ്‌ത സിനിമയാണിത് –സംഗീതയാത്ര തുടരുന്നു. പ്രശസ്ത സംവിധായക നിർമാതാവായ പി. സുബ്രഹ്മണ്യം (നീലാ പ്രൊഡക്ഷൻസ് -മെറിലാൻഡ് സ്റ്റുഡിയോ) പ്രധാന ശിൽപിയായി പുറത്തുവന്ന സിനിമയാണ് ‘അംബ, അംബിക, അംബാലിക.’ ‘മഹാഭാരത’ത്തിലെ ഒരു പ്രധാന കഥാപാത്രമായ ഭീഷ്മരും (ഗംഗാദത്തൻ എന്നും ദേവവ്രതൻ എന്നും ഇദ്ദേഹത്തിന് പേരുകളുണ്ട്) അംബ എന്ന രാജകുമാരിയും തമ്മിലുള്ള ബന്ധവും പകതീരാത്ത അംബ അടുത്ത ജന്മത്തിൽ ശിഖണ്ഡിയായി...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
വയലാർ ഇഹലോകവാസം വെടിഞ്ഞതിനു ശേഷവും ചില ചിത്രങ്ങളിൽ അദ്ദേഹം രചിച്ച ചില ഗാനങ്ങൾ പ്രത്യക്ഷപ്പെടുകയുണ്ടായി. അങ്ങനെയൊരു സിനിമയാണ് ‘കേണലും കളക്ടറും’. പ്രശസ്‌ത നായകനടൻ സത്യന്റെ അനുജനായ എം.എം. നേശൻ സംവിധാനം ചെയ്‌ത സിനിമയാണിത് –സംഗീതയാത്ര തുടരുന്നു.
പ്രശസ്ത സംവിധായക നിർമാതാവായ പി. സുബ്രഹ്മണ്യം (നീലാ പ്രൊഡക്ഷൻസ് -മെറിലാൻഡ് സ്റ്റുഡിയോ) പ്രധാന ശിൽപിയായി പുറത്തുവന്ന സിനിമയാണ് ‘അംബ, അംബിക, അംബാലിക.’ ‘മഹാഭാരത’ത്തിലെ ഒരു പ്രധാന കഥാപാത്രമായ ഭീഷ്മരും (ഗംഗാദത്തൻ എന്നും ദേവവ്രതൻ എന്നും ഇദ്ദേഹത്തിന് പേരുകളുണ്ട്) അംബ എന്ന രാജകുമാരിയും തമ്മിലുള്ള ബന്ധവും പകതീരാത്ത അംബ അടുത്ത ജന്മത്തിൽ ശിഖണ്ഡിയായി ജനിച്ച് കുരുക്ഷേത്ര യുദ്ധത്തിൽവെച്ച് നിരായുധനായി നിൽക്കുന്ന ഭീഷ്മരെ വധിക്കുന്നതുമാണ് ഭീഷ്മർ-അംബ ബന്ധത്തിന്റെ കഥയുടെ രത്നച്ചുരുക്കം. നാഗവള്ളി ആർ.എസ്. കുറുപ്പ് തിരക്കഥയും സംഭാഷണവും തയാറാക്കിയ ചിത്രത്തിൽ ശ്രീവിദ്യ, റാണി ചന്ദ്ര, ഉണ്ണിമേരി, ഉഷാകുമാരി, രാഘവൻ, സുധീർ, കൊട്ടാരക്കര ശ്രീധരൻ നായർ, കവിയൂർ പൊന്നമ്മ, ജോസ് പ്രകാശ്, ശങ്കരാടി, കുതിരവട്ടം പപ്പു തുടങ്ങിയവർ അഭിനയിച്ചു.
ശ്രീകുമാരൻ തമ്പി ഗാനരചനയും ജി. ദേവരാജൻ സംഗീതസംവിധാനവും നിർവഹിച്ചു. ‘അംബ, അംബിക, അംബാലിക’യിൽ ആറു ഗാനങ്ങൾ ഉണ്ടായിരുന്നു. യേശുദാസ്, പി. സുശീല, മാധുരി, അമ്പിളി എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്. യേശുദാസ്, മാധുരി, അമ്പിളി എന്നിവർ ഒരുമിച്ചു പാടിയ ‘‘ചന്ദ്രകിരണതരംഗിണിയൊഴുകി...’’ എന്ന പാട്ട് പ്രശസ്തമാണ്.
‘‘ചന്ദ്രകിരണതരംഗിണിയൊഴുകി/ സാന്ദ്രനീല നിശീഥിനിയൊരുങ്ങി/ കേളീശയനമൊരുക്കുക വേഗം/ കോമളാംഗികളേ...’’ എന്ന് പല്ലവി.
ആദ്യചരണം ഇങ്ങനെ: ‘‘അന്തപ്പുരത്തിലെ സ്വർണവിളക്കുകൾ/ എന്തിനുറക്കമിളയ്ക്കുന്നു... നീരജദള നീരാളച്ചുരുളുകൾ/ നിർവൃതിയറിയാതുഴറുന്നു/ മണിദീപങ്ങൾ മയങ്ങട്ടെ/ മദനരശ്മികൾ മലരട്ടെ...’’
പി. സുശീലയും മാധുരിയും അമ്പിളിയും ചേർന്നു പാടിയ ഗാനം ‘‘സപ്തസ്വരങ്ങൾ പാടും ചിത്രപതംഗികൾ...’’ എന്ന് തുടങ്ങുന്നു.
‘‘സപ്തസ്വരങ്ങൾ പാടും ചിത്രപതംഗികൾ/ സ്വപ്‌നങ്ങൾ പോലലയും ഉദ്യാനം/ രത്നങ്ങൾ പതിച്ച പൂമച്ചകംപോൽ വാനം/ കൽപനാകേളി കാണും സായാഹ്നം.’’
വരികൾ ഇങ്ങനെ തുടരുന്നു: ‘‘മൂന്നു മുഖങ്ങൾപോലെ മുത്തണിവള്ളിയിൽ/ മുത്തമിട്ടുലയുന്നു മൂന്നു പൂക്കൾ... നമ്മളെ കണ്ടവർ വിടർന്നിരിക്കാം/ നമ്മുടെ സങ്കൽപം കവർന്നിരിക്കാം...’’
അംബ, അംബിക, അംബാലിക എന്നീ സഹോദരികൾ ചേർന്നു പാടുന്ന പാട്ടായാണ് ഇത് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്.
ചിത്രത്തിലെ മറ്റൊരു പ്രശസ്‌ത ഗാനം യേശുദാസ് പാടിയതാണ്. ‘‘താഴികക്കുടങ്ങൾ തകർന്നുവീണു...’’ എന്നാരംഭിക്കുന്ന ഈ ഗാനം. സിനിമയിലെ ഏറ്റവും വികാരഭരിതമായ മുഹൂർത്തത്തിൽ വരുന്നതാണ്.
‘‘താഴികക്കുടങ്ങൾ തകർന്നു വീണു/ താമരമാലകൾ കരിഞ്ഞുവീണു/ തകർന്ന സ്വപ്‌നങ്ങൾ തൻ മണിയറ വിട്ടു നീ/ ഇനിയെങ്ങു പോകുന്നു രാജപുത്രീ...’’ എന്ന് പല്ലവി. ഗാനത്തിലെ തുടർന്നുള്ള വരികൾ ഇങ്ങനെ: ‘‘സ്വയംവരമാല്യം കൊതിച്ചവരെത്ര/ മുഖസ്‌തുതി പാടിയോരെത്ര/ അശ്വരഥങ്ങളാ വഴികൾ മറന്നു/ അരങ്ങുകളിൽ ആളൊഴിഞ്ഞു/ ദേവിയെ ശ്രീകോവിൽ മറക്കുംപോലെ/ അംബയെ സ്വാല്വൻ മറന്നു.’’
മാധുരി തനിച്ചു പാടിയ ‘‘ഓളങ്ങളേ കുഞ്ഞോളങ്ങളേ...’’ എന്ന ഗാനത്തിന്റെ പൂർണ പല്ലവിയിങ്ങനെ:
‘‘ഓളങ്ങളേ കുഞ്ഞോളങ്ങളേ/ ഓടിവാ, തുള്ളിയൊഴുകി വാ/ മുല്ലപ്പൂനുര വിതറി ഓടിവാ/ മുത്താരത്തോരണമായ് ഒഴുകി വാ...’’
ആദ്യചരണം ‘‘കാടുകൾ വസന്തത്തിൻ കസവുചുറ്റി/ കടമ്പിനും കല്യാണപ്പുടവ കിട്ടി/ കാറ്റിന്റെ മുരളികൾ കുരവയിട്ടു/ കസ്തൂരി പൂക്കൈത വയസ്സറിഞ്ഞു...’’ എന്നിങ്ങനെ തുടങ്ങുന്നു.
മാധുരി പാടിയ ‘‘മുരുകാ... മുരുകാ...’’ എന്ന പ്രാർഥനയും ശ്രദ്ധേയം.
‘‘മുരുകാ മുരുകാ ദയ ചൊരിയൂ മുരുകാ... ഓംകാരപ്പൊരുളറിഞ്ഞവനേ/ ഗാംഗേയനേ കാർത്തികേയനേ/ കല്യാണ മലർമാല്യം കരിനാഗമായ് തീർന്ന/ കന്യക ഞാൻ നിത്യകന്യക ഞാൻ.../ വേൽമുരുകാ വേൽമുരുകാ ദയ ചൊരിയൂ.’’
യേശുദാസും മാധുരിയും ചേർന്നു പാടിയ ഗാനമാണ് അടുത്തത്.
‘‘രാജകുമാരീ... ആ... ദേവകുമാരീ... ആ/ രാഗമാലികയായ് വിടരും നീ/ രാസലീലാ വന്ദനമാല...’’ എന്നാണു ഗാനം തുടങ്ങുന്നത്. തുടർന്നുള്ള വരികൾ ഇങ്ങനെ: ‘‘പുഷ്യരാഗത്തിൻ ഒളിപൂക്കും പുഞ്ചിരി/ പുഷ്‌പകാലത്തിൻ ആദ്യത്തെ പുലരി/ ആ... / ലജ്ജയിലലിയും മുഖമൊരു ലഹരി/ ലളിതേ ലതികേ നീയുഷമലരി/ ആ.../ സുരലോക രതിവീണ മധുവാണി നീ/ സാല്വന്റെ നാളത്തെ യുവറാണി നീ.’’
ഗാനത്തിലെ വരികൾ യേശുദാസും ഗാനത്തിലുടനീളം പടരുന്ന ഹമ്മിങ് മാധുരിയുമാണ് പാടിയത്.

പി. സുബ്രഹ്മണ്യം,നിലമ്പൂർ കാർത്തികേയൻ
യേശുദാസ് ആലപിക്കുന്ന ‘‘കാലവൃക്ഷത്തിൻ ദളങ്ങൾ കൊഴിഞ്ഞു...’’ എന്നു തുടങ്ങുന്ന ഗാനം കഥാമുഹൂർത്തങ്ങൾ കടന്നുപോകുന്നത് ചുരുക്കമായി വിവരിക്കുന്ന പശ്ചാത്തല ഗാനമാണ്. ‘‘കാലവൃക്ഷത്തിൻ ദളങ്ങൾ കൊഴിഞ്ഞു/ വാനവനാദ്യന്തം സാക്ഷിയായ് നിന്നു/ കൗരവ പാണ്ഡവ യുദ്ധം തുടങ്ങി/ പാണ്ഡവർക്കായ് കണ്ണൻ തേരു തെളിച്ചു/ ധാർത്തരാഷ്ട്രന്മാരെ ഭീഷ്മർ നയിച്ചു/ ധർമത്തിൻ ക്ഷേത്രം രുധിരത്തിൽ മുങ്ങി/ ജന്മം കഴിഞ്ഞും പുകഞ്ഞുയരുന്നു/ പകതൻ അഗ്നിനാളം...’’ ഈ ഗാനത്തിൽ ചില സംഭാഷണശകലങ്ങളും അടങ്ങുന്നു.
പി. സുബ്രഹ്മണ്യം നിർമിച്ച് അദ്ദേഹം തന്നെ സംവിധാനംചെയ്ത മിക്കവാറും എല്ലാ പുരാണ സിനിമകളും ജനപ്രീതി നേടിയിട്ടുണ്ട്. ഈ ചിത്രവും വിജയം നേടി. 1976 സെപ്റ്റംബർ നാലിനാണ് ‘അംബ അംബിക അംബാലിക’ തിയറ്ററുകളിൽ എത്തിയത്.
തുടർച്ചയായി സാമ്പത്തിക വിജയം നേടുന്ന സിനിമകളുടെ സംവിധായകനായ എ.ബി. രാജ് തന്റെ സ്വന്തം നിർമാണക്കമ്പനിയായ കലാരഞ്ജിനിയുടെ പേരിൽ നിർമിച്ച് സംവിധാനംചെയ്ത സിനിമയാണ് ‘ലൈറ്റ് ഹൗസ്’.
എ.ബി. രാജിന്റെ കഥക്ക് എം.ആർ. ജോസഫ് തിരക്കഥയും സംഭാഷണവും എഴുതി. പ്രേംനസീർ, ജയഭാരതി, രാഘവൻ, ജയൻ, അടൂർ ഭാസി, ബഹദൂർ, ശങ്കരാടി, കെ.പി.എ.സി. ലളിത, ജോസ് പ്രകാശ്, ജി.കെ. പിള്ള, മീന, ശ്രീലത തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന നടീനടന്മാർ. ശ്രീകുമാരൻ തമ്പി-അർജുനൻ ടീം പാട്ടുകളൊരുക്കി. അഞ്ചു പാട്ടുകളാണ് ‘ലൈറ്റ് ഹൗസി’ൽ ഉണ്ടായിരുന്നത്. യേശുദാസ് പാടിയ രണ്ടു ഗാനങ്ങൾ ഹിറ്റുകളായി:
‘‘സൂര്യകാന്തിപ്പൂ ചിരിച്ചു...’’ എന്ന ഗാനവും ‘‘ആദത്തിൻ അചുംബിത മൃദുലാധരത്തിൽ’’ എന്ന് തുടങ്ങുന്ന ഗാനവും.
‘‘സൂര്യകാന്തിപ്പൂ ചിരിച്ചു... അതിൽ നിന്റെ സ്വർണ മുഖബിംബം ലയിച്ചു/ കാറ്റു കസ്തൂരി വിതച്ചു... അതു നിന്റെ കബരീഭാരത്തെയുലച്ചു...’’ എന്ന പല്ലവി ഏറെ പ്രശസ്തം.
‘‘മണൽപ്പരപ്പിൽ നിഴലുകൾ പാകി/ മാദക നീരദമാലകൾ ഒഴുകി...’’ എന്നിങ്ങനെ ചരണം തുടങ്ങുന്നു.
‘‘ആദത്തിൻ അചുംബിതമൃദുലാധരത്തിൽ/ ആദ്യമായ് തുളുമ്പിയ മധുരനാദം/
ഹവ്വ തൻ സിരകളിൽ അഗ്നി പടർത്തിയ/ യൗവന സുരഭില പുഷ്പഗന്ധം/ അനുരാഗം അതാണനുരാഗം’’ എന്നാരംഭിക്കുന്നു യേശുദാസ് പാടിയ രണ്ടാമത്തെ ഗാനം.

ജയചന്ദ്രൻ ശബ്ദം നൽകിയ ‘‘നിശാസുന്ദരീ നിൽക്കൂ’’ എന്നു തുടങ്ങുന്ന പാട്ടിന്റെ പല്ലവിയിങ്ങനെ.
‘‘നിശാസുന്ദരീ നിൽക്കൂ... നിൽക്കൂ.../ നിശാസുന്ദരീ നിൽക്കൂ/ നിൻ പ്രേമഗായകൻ വരുന്നു.../ നിൻ പ്രേതകാമുകൻ വരുന്നു.../ സ്വീകരിക്കൂ എന്നെ സ്വീകരിക്കൂ.’’
ആദ്യചരണം ആരംഭിക്കുന്നതിങ്ങനെ: ‘‘യക്ഷിപ്പാലകൾ പൂക്കും രാവിൽ/ ലക്ഷം വിളക്കുകൾ എരിയും മിഴികൾ/ ദേവതേ നിന്നെ തേടി... ഭൂതങ്ങൾ/ ശോകരാഗങ്ങൾ പാടി...’’
അടുത്ത പാട്ട് ജയചന്ദ്രൻ, സി.ഒ. ആന്റോ, അമ്പിളി എന്നിവർ ചേർന്നാണ് പാടിയത്.
‘‘മത്സരിക്കാൻ ആരുണ്ട്/ ലക്ഷമെറിയാൻ ആരുണ്ട്... മരതകമാറുള്ള മാന്ത്രികവിഗ്രഹം/ മാണിക്യവിഗ്രഹം, മായാവിഗ്രഹം/ കണ്ണുകൾ മുത്തുകൾ/ ചുണ്ടുകൾ വൈരങ്ങൾ/ കവിളുകൾ വൈഡൂര്യക്കളിവീടുകൾ...’’
ഗാനം ഇങ്ങനെ തുടരുന്നു: ‘‘കാശ്മീരിൽനിന്നു വന്ന കോടീശ്വരൻ/ കാണാനൊരഞ്ചുകൊല്ലം തപസ്സിരുന്നു... ഈ പ്രതിമ കണ്ടു പ്രേമദാഹം പൂണ്ടു/ പണ്ടൊരാൾ തൻ പ്രിയതമയെ പറഞ്ഞയച്ചു.’’
സി.ഒ. ആന്റോയും ചിറയിൻകീഴ് മനോഹരനും ചേർന്നു പാടിയതും ഹാസ്യഗാനമാണ്.
‘‘ഓടിക്കോ/ ഓടിക്കോ/ നാട്ടുകാരേ/ ഓമനക്കുട്ടൻ വരുന്നേ... ഞങ്ങടെ ഓമനക്കുട്ടൻ വരുന്നേ... ക്ലച്ചില്ലാ –കബഡി കബഡി കബഡി/ ഗിയറില്ല... കബഡി കബഡി കബഡി/ ഓട്ടുന്ന പയ്യനും ബ്രേക്കില്ല/ ഓടിക്കോ ഓടിക്കോ നാട്ടുകാരേ...’’
വൈവിധ്യമുള്ള പാട്ടുകളായിരുന്നു ‘ലൈറ്റ് ഹൗസി’ലേത്. കമേഴ്‌സ്യൽ ചിത്രമെന്ന യിൽ ‘ലൈറ്റ് ഹൗസ്’ ഒരു വിജയമായിരുന്നു. 1976 സെപ്റ്റംബർ 17നാണ് ഈ സിനിമ പുറത്തുവന്നത്.
വയലാർ ഇഹലോകവാസം വെടിഞ്ഞതിനു ശേഷവും ചില ചിത്രങ്ങളിൽ അദ്ദേഹം രചിച്ച ചില ഗാനങ്ങൾ പ്രത്യക്ഷപ്പെടുകയുണ്ടായി. അങ്ങനെയൊരു സിനിമയാണ് ‘കേണലും കളക്ടറും’. പ്രശസ്‌ത നായകനടൻ സത്യന്റെ അനുജനായ എം.എം. നേശൻ സംവിധാനംചെയ്‌ത സിനിമയാണ് ‘കേണലും കളക്ടറും’. വി.എസ് സിനി ആർട്സിന്റെ പേരിൽ പി. സുകുമാരനാണ് ഈ ചിത്രം നിർമിച്ചത് (നേശൻ സംവിധാനംചെയ്‌ത പ്രഥമചിത്രം ‘ചെകുത്താന്റെ കോട്ട’ (1967) ആയിരുന്നു... ‘വെള്ളിയാഴ്ച’ (1969) ആയിരുന്നു രണ്ടാമത്തെ ചിത്രം. ഈ രണ്ടു സിനിമകളിലും സത്യനായിരുന്നു നായകൻ. നേശൻ സംവിധാനംചെയ്ത ‘അക്കരപ്പച്ച’ 1972ൽ പുറത്തുവന്നു.)
കെ.പി. ഉമ്മർ, വിൻസെന്റ്, വിജയനിർമല, റാണിചന്ദ്ര, പണ്ഡരീഭായി, കൊട്ടാരക്കര ശ്രീധരൻ നായർ, കെ.പി.എ.സി. ലളിത, എസ്.പി. പിള്ള, ബഹദൂർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
ജഗതി എൻ.കെ. ആചാരി കഥയും തിരക്കഥയും സംഭാഷണവും തയാറാക്കി, ദേവരാജന്റെ സംഗീതത്തിൽ വയലാർ രാമവർമ രചിച്ച മൂന്നു ഗാനങ്ങളും മങ്കൊമ്പ് ഗോപാലകൃഷ്ണൻ എഴുതിയ രണ്ടു ഗാനങ്ങളും ഈ സിനിമയിൽ ഉണ്ടായിരുന്നു. യേശുദാസ്, നിലമ്പൂർ കാർത്തികേയൻ, മാധുരി എന്നിവരാണ് ഗായകർ.
‘‘അമ്പലപ്പുഴ കൃഷ്ണാ...’’ എന്നു തുടങ്ങുന്ന ഗാനം മാധുരി പാടി. ഇത് വയലാറിന്റെ രചനയാണ്.
‘‘അമ്പലപ്പുഴ കൃഷ്ണാ... കൃഷ്ണാ.../ അവിടുത്തെ ശ്രീകോവിൽ ഗോശാല/ ഗോശാലകൃഷ്ണനെ തേടിവരുന്നൊരു/ ഗോപകന്യക ഞാൻ.../ പണ്ടു നീയെൻ മൺകുടത്തിലെ പാൽ കുടിച്ചു/ ഇന്നു നിന്റെ പാൽപ്പായസത്തിനു വന്നു ഞാൻ.../ മൺകലവുമായ് വന്നു ഞാൻ.’’
വയലാർ എഴുതിയ രണ്ടാമത്തെ ഗാനം ഇങ്ങനെ ആരംഭിക്കുന്നു. യേശുദാസാണ് ഈ ഗാനം പാടിയത്.
‘‘നക്ഷത്രചൂഡാമണികൾ ചാർത്തിയ/ നർത്തകീ യക്ഷനർത്തകീ/ സ്വപ്നങ്ങൾക്കു സുഗന്ധം –നിന്റെ സ്വരങ്ങൾക്കും സൗന്ദര്യം.’’
ഗാനം ഇങ്ങനെ തുടരുന്നു: ‘‘നീലമേഘപുരികുഴലാലേ/ നിതംബ പാർശ്വംമൂടി/ ചഞ്ചല പദനഖചന്ദ്രക്കലകൾ/ സഞ്ചാരവീഥിയിൽ കൊളുത്തി/ നൃത്തമാടവേ പുരികക്കൊടിയിൽ/ പുഷ്‌പസായകം വിടർന്നു... എന്നിൽ ഉതിർന്നു...’’
വയലാർ രചിച്ച മൂന്നാമത്തെ ഗാനമിതാണ്: ‘‘തളിരോടു തളിരിടും അഴകേ... നൃത്തകലയുടെ ഗന്ധർവ കവിതേ/ അടിമുടി നീയെനിക്കു കുളിര്... എന്റെ അകതാരിൽ പ്രണയത്തിന്നഴക്.../തളിരോടു തളിരിടും അഴകേ...’’
നിലമ്പൂർ കാർത്തികേയനാണ് ഈ ഗാനം ആലപിച്ചത്. വയലാർ അന്തരിച്ചതിനു ശേഷവും ഒന്നിലധികം സിനിമകളിൽ അദ്ദേഹത്തിന്റെ രചനകൾ പ്രത്യക്ഷപ്പെട്ടതെങ്ങനെ..?

എം.എം. നേശൻ,എം.ബി. രാജ്
ദേവരാജൻ സംഗീതം നൽകിയ ചിത്രങ്ങൾക്കുവേണ്ടി വയലാർ എഴുതിയ അപൂർവം ചില ഗാനങ്ങൾ ഉപയോഗിക്കപ്പെടാതെ പോയിട്ടുണ്ടാവാം. ഈ ഗാനങ്ങളുടെ കൈയെഴുത്തുപ്രതികൾ സംഗീതസംവിധായകൻ സൂക്ഷിച്ചിരിക്കാം. അനുകൂലമായ അവസരം വന്നപ്പോൾ അദ്ദേഹം അവ ഉപയോഗിച്ചിരിക്കാം. ഈ അറിവ് സത്യമാണോയെന്ന് നിശ്ചയമില്ല. ഈ വിഷയം ദേവരാജൻ മാസ്റ്ററോട് നേരിട്ട് സംസാരിച്ച് ഉറപ്പുവരുത്താൻ ഈ ലേഖകന് സാധിച്ചിട്ടില്ല.
മങ്കൊമ്പ് ഗോപാലകൃഷ്ണൻ എഴുതിയ രണ്ടു പാട്ടുകളാണ് ‘കേണലും കളക്ടറും’ എന്ന സിനിമയിലുള്ളത്. യേശുദാസ് പാടിയ ‘‘ശ്രീകോവിൽച്ചുമരുകൾ ഇടിഞ്ഞുവീണു...’’ എന്ന ഗാനം നിലവാരമുള്ളതാണ്.
‘‘ശ്രീകോവിൽ ചുമരുകളിടിഞ്ഞു വീണു/ ശ്രീദേവീ വിഗ്രഹം തകർന്നുടഞ്ഞു/ പൊട്ടിത്തകർന്നൊരെൻ ജീവാഭിലാഷത്തിൻ/ പട്ടടപ്പറമ്പിൽ ഞാൻ മാത്രമായി’’ എന്നു പല്ലവി.
‘‘കാലമെൻ മനസ്സിന്റെ തൊടിയിൽ നിറച്ചത്/ കടലാസുപൂവുകളായിരുന്നു.../ ജീവിതം കൈതട്ടിയെന്നെ വിളിച്ചത്/ മോഹിപ്പിക്കുവാനായിരുന്നു...’’ എന്നിങ്ങനെ ആദ്യചരണം.
‘‘കായാമ്പൂവർണന്റെ കാഞ്ചന ചിലമ്പിന്റെ കാംബോജി കേട്ടുണരും കാളിന്ദി ഞാൻ...’’ എന്നാരംഭിക്കുന്ന ഗാനം തുടങ്ങുന്നത് ഒരു വിരുത്തത്തിലാണ്. ആ വിരുത്തം ഇങ്ങനെയാണ്: ‘‘സിന്ദൂരാരുണ ലജ്ജ പൂത്തു വിടരാറാകും/ മുഹൂർത്തങ്ങളിൽ/ മന്ദസ്മേര മനോജ്ഞമാദക സുധാസാരത്തോടെൻ മാധവാ/ വന്നാലും മമ പഞ്ചലോഹാരചനാ മഞ്ചത്തിലെന്നേക്കുമായ്/ തന്നാലും തവ ചാരുരൂപ മധുര പ്രേമാർദ്രമാം ദർശനം.’’
പല്ലവിയിലെ ‘‘കാംബോജി കേട്ടുണരും കാളിന്ദി’’ എന്ന വരിയിലെ ‘കാംബോജി’ എന്ന പദം അവസാനം പല്ലവി പാടുമ്പോൾ ‘കളരവം’ എന്നു മാറ്റുന്നുണ്ട്. 1976 സെപ്റ്റംബർ 17നാണ് ‘കേണലും കളക്ടറും’ റിലീസ് ചെയ്തത്. എ.ബി. രാജിന്റെ ആക്ഷൻ-കോമഡി ചിത്രമായ ‘ലൈറ്റ് ഹൗസു’മായി നടന്ന നേരിട്ടുള്ള മത്സരത്തിൽ ഈ ചിത്രത്തിന് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല.
ക്രമേണ എം.എം. നേശൻ എന്ന സംവിധായകൻ സിനിമാവേദിയിൽനിന്ന് പിൻവാങ്ങുന്ന കാഴ്ചയാണ് കണ്ടത്. അനശ്വര നടനായ സത്യന്റെ സ്വന്തം സഹോദരനായിട്ടും എം.എം. നേശന് സംവിധാന രംഗത്ത് ഉയരാൻ കഴിഞ്ഞില്ല.