ദേവരാജ സംഗീതത്തിൽ ‘അയൽക്കാരി’യും ‘നീ എന്റെ ലഹരി’യും

‘അയൽക്കാരി’, ‘നീ എന്റെ ലഹരി’, ‘രാജാങ്കണം’, ‘അമ്മിണി അമ്മാവൻ’ എന്നീ സിനിമകളിലെ ഗാനങ്ങളെക്കുറിച്ചും പിന്നണിയിലെ കഥകളെക്കുറിച്ചും എഴുതുന്നു. ഐ.വി. ശശി സംവിധാനംചെയ്‌ത ‘അയൽക്കാരി’ മികച്ച ഗാനങ്ങളടങ്ങിയ ഒരു വ്യത്യസ്‌ത സിനിമയായിരുന്നു. ദേശീയ പുരസ്കാരം നേടിയ ‘തുറക്കാത്ത വാതിൽ’, മമ്മൂട്ടി ആദ്യമായി ഒരു ചെറിയ കഥാപാത്രമായി പ്രത്യക്ഷപ്പെട്ട ‘കാലചക്രം’ തുടങ്ങിയ ഒട്ടനേകം നല്ല സിനിമകളുടെ നിർമാതാവായ എ. രഘുനാഥ് (സഞ്ജയ് പ്രൊഡക്ഷൻസ്) നിർമിച്ച താരതമ്യേന ചെലവ് കുറഞ്ഞ ചിത്രമായിരുന്നു ‘അയൽക്കാരി’. തുടക്കത്തിൽ ചെലവ് കുറഞ്ഞ ചിത്രങ്ങളുടെ സംവിധായകൻ എന്ന നിലയിലാണ് ഐ.വി. ശശി അറിയപ്പെട്ടതും പൊതുവെ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
‘അയൽക്കാരി’, ‘നീ എന്റെ ലഹരി’, ‘രാജാങ്കണം’, ‘അമ്മിണി അമ്മാവൻ’ എന്നീ സിനിമകളിലെ ഗാനങ്ങളെക്കുറിച്ചും പിന്നണിയിലെ കഥകളെക്കുറിച്ചും എഴുതുന്നു.
ഐ.വി. ശശി സംവിധാനംചെയ്‌ത ‘അയൽക്കാരി’ മികച്ച ഗാനങ്ങളടങ്ങിയ ഒരു വ്യത്യസ്‌ത സിനിമയായിരുന്നു. ദേശീയ പുരസ്കാരം നേടിയ ‘തുറക്കാത്ത വാതിൽ’, മമ്മൂട്ടി ആദ്യമായി ഒരു ചെറിയ കഥാപാത്രമായി പ്രത്യക്ഷപ്പെട്ട ‘കാലചക്രം’ തുടങ്ങിയ ഒട്ടനേകം നല്ല സിനിമകളുടെ നിർമാതാവായ എ. രഘുനാഥ് (സഞ്ജയ് പ്രൊഡക്ഷൻസ്) നിർമിച്ച താരതമ്യേന ചെലവ് കുറഞ്ഞ ചിത്രമായിരുന്നു ‘അയൽക്കാരി’. തുടക്കത്തിൽ ചെലവ് കുറഞ്ഞ ചിത്രങ്ങളുടെ സംവിധായകൻ എന്ന നിലയിലാണ് ഐ.വി. ശശി അറിയപ്പെട്ടതും പൊതുവെ സ്വീകാര്യനായതും. എന്നാൽ ഏറ്റവും കൂടുതൽ മുതൽമുടക്കുള്ള ‘അങ്ങാടി’, ‘ഏഴാംകടലിനക്കരെ’, ‘1921’ തുടങ്ങിയ വൻബജറ്റ് സിനിമകളുടെ ശിൽപിയായി അദ്ദേഹം വളർന്നു എന്നതും ചരിത്രം. ആലപ്പി ഷെരീഫ് എന്ന തിരക്കഥാകൃത്തും ഐ.വി. ശശി എന്ന സംവിധായകനും ഒരുമിച്ചു പ്രവർത്തിക്കുന്ന കാലമായിരുന്നു അത്. ‘അയൽക്കാരി’ എന്ന ചിത്രത്തിനും ഷെരീഫ് തന്നെയാണ് രചന നിർവഹിച്ചത്.
എം.ജി. സോമൻ, ജയഭാരതി, വിൻെസന്റ്, റാണിചന്ദ്ര, രവികുമാർ, അടൂർ ഭാസി, ബഹദൂർ, ശങ്കരാടി, ജനാർദനൻ, മീന, ഉഷാറാണി, മണവാളൻ ജോസഫ് തുടങ്ങിയവർ അഭിനയിച്ചു. ശ്രീകുമാരൻ തമ്പിയും ജി. ദേവരാജനും ചേർന്നാണ് പാട്ടുകൾ ഒരുക്കിയത്. ശ്രീകുമാരൻ തമ്പി ഗാനരചന നിർവഹിച്ച ആദ്യത്തെ ഐ.വി. ശശി ചിത്രമാണ് ‘അയൽക്കാരി’.
ഈ സിനിമയിലെ രണ്ടു പാട്ടുകൾ സൂപ്പർഹിറ്റുകളായി. ‘‘ഇലഞ്ഞിപ്പൂമണം ഒഴുകിവരുന്നു...’’ എന്ന പാട്ടും ‘‘വസന്തം നിന്നോടു പിണങ്ങി’’ എന്ന പാട്ടും.
ചിത്രത്തിൽ വേറെ രണ്ടു പാട്ടുകളുണ്ടായിരുന്നു. ഗാനസന്ദർഭങ്ങളുമായി ഇണങ്ങിച്ചേർന്നതിനാൽ അവയും ശ്രദ്ധിക്കപ്പെട്ടു. യേശുദാസ് ആലപിച്ച ‘‘ഇലഞ്ഞിപ്പൂമണം’’ എന്നു തുടങ്ങുന്ന പാട്ടിന്റെ ഈണം ദേവരാജൻ മാസ്റ്ററിന്റെ ഒന്നാംകിട ഈണങ്ങളിൽ ഒന്നാണെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്.
‘‘ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നു/ ഇന്ദ്രിയങ്ങളിൽ അതു പടരുന്നു/ പകൽക്കിനാവിൻ പനിനീർമഴയിൽ/ പണ്ടു നിൻ മുഖം പകർന്ന ഗന്ധം.../ ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നു...’’ ആദ്യചരണം ഇങ്ങനെ ആരംഭിക്കുന്നു. ‘‘രജതരേഖകൾ നിഴലുകൾ പാകി/ രജനീഗന്ധികൾ പുഞ്ചിരി തൂകി/ ഈ നിലാവിൻ നീലഞൊറികളിൽ/ ഓമനേ നിൻ പാവാടയിളകി...’’
യേശുദാസ് തന്നെ പാടിയ ‘‘വസന്തം നിന്നോടു പിണങ്ങി’’ എന്ന ഗാനം ‘‘ഇലഞ്ഞിപ്പൂമണം’’ എന്ന ഗാനവുമായുള്ള താരതമ്യത്തിൽ രണ്ടാം സ്ഥാനത്തായെങ്കിലും അതിന്റെ ഈണവും മികച്ചതു തന്നെയായിരുന്നു.
‘‘വസന്തം നിന്നോടു പിണങ്ങി -അതിൻ/ സുഗന്ധം നിൻ ചുണ്ടിൽ ഒതുങ്ങി/ വർണരാജി തൻ ഇന്ദ്രധനുസ്സുകൾ/ കണ്ണിലും കവിളിലും തിളങ്ങി...’’ എന്നാണ് പല്ലവി.
‘‘പനിനീർപ്പൂവിനി വിടരേണ്ട -നിൻ/ പവിഴാധരമെൻ അരികിലില്ലേ..?’’ എന്നിങ്ങനെ ആദ്യ ചരണം തുടങ്ങുന്നു. ചിത്രത്തിൽ അവശേഷിക്കുന്ന രണ്ടു പാട്ടുകളിൽ ഒന്ന് നാടൻപാട്ടിന്റെ ശൈലിയിൽ ഉള്ളതും മറ്റൊന്ന് ഹാസ്യഗാനവുമാണ്. ‘‘ഒന്നാനാം അങ്കണത്തിൽ/ ഒന്നല്ലോ കൊച്ചുമുല്ല/ കൊച്ചുമുല്ല പൂത്തതെല്ലാം/ കുഞ്ഞുപെണ്ണിൻ സ്വപ്നമല്ലോ...’’
ചരണം ഇങ്ങനെ തുടങ്ങുന്നു: ‘‘ഒന്നാനാം കൊച്ചുമുല്ല/ പൂത്തതെല്ലാം പൂ ചൊരിഞ്ഞു/ പൊന്നോല പൂക്കൈതയോല ഇട്ടു കന്നി കുട മെനഞ്ഞു...’’
നാടൻ ശൈലിയിൽ എഴുതപ്പെട്ട ഈ ഗാനം പാടിയത് മാധുരിയും നിലമ്പൂർ കാർത്തികേയനും ചേർന്നാണ്. സി.ഒ. ആന്റോ, നിലമ്പൂർ കാർത്തികേയൻ, പരമശിവം എന്നിവർ ശബ്ദം നൽകിയ ഹാസ്യഗാനമിതാണ്.
‘‘തട്ടല്ലേ മുട്ടല്ലേ തപ്പു കൊട്ടല്ലേ/ തട്ടിൻപുറത്തുണ്ടൊരു മാലാഖ/ എപ്പോഴും കലി തുള്ളും മാലാഖ.../ താഴെയിറങ്ങി വരും / സരിഗമപധനിസ പാടും/ ഇടയിളക്കിയാടും/ കണ്ടാലേ കാലൊടിയും ചാട്ടം/ കരളിന്റെ ക്ലെച്ചിളക്കും നോട്ടം/ തന്തന്നാര തന്തന്നാര തന്തന്നാര.../ തന്തന്നാര തന്തന്നാര തന്തന്നാര...’’ 1976 സെപ്റ്റംബർ 24നു തിയറ്ററുകളിൽ എത്തിയ ഈ ചിത്രം നല്ല സാമ്പത്തിക വിജയം നേടി.
‘അയൽക്കാരി’ക്കു ശേഷം മലയാളത്തിൽ വന്ന സിനിമ ‘നീ എന്റെ ലഹരി’ ആണ്. ഈ ചിത്രത്തിനും ശ്രീകുമാരൻ തമ്പി-ജി. ദേവരാജൻ കൂട്ടുകെട്ടാണ് ഗാനങ്ങൾ സൃഷ്ടിച്ചത്. ശ്രീഗണേഷ് സിനി എന്റർപ്രൈസസ് എന്ന ബാനറിൽ ജി. കോലപ്പൻ ഈ ചിത്രം നിർമിച്ചു. ‘ഒഴുക്കിനെതിരെ’ എന്ന ചിത്രത്തിലൂടെ സംവിധായകനായ പി.ജി. വിശ്വഭരൻ സംവിധാനം നിർവഹിച്ച രണ്ടാമത്തെ സിനിമയാണിത്. കഥയും വിശ്വംഭരന്റേതായിരുന്നു. എസ്.എൽ. പുരം സദാനന്ദൻ തിരനാടകവും സംഭാഷണവും എഴുതി. ജയഭാരതിയും കമൽഹാസനുമായിരുന്നു നായികാ നായകന്മാർ. തമിഴ്‌നടി ജയചിത്ര, കെ.പി. ഉമ്മർ, ജോസ് പ്രകാശ്, ശങ്കരാടി തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിച്ചു. ശ്രീകുമാരൻ തമ്പി എഴുതി ദേവരാജൻ ചിട്ടപ്പെടുത്തിയ ആറു പാട്ടുകൾ (ഒരു ഗാനം ആവർത്തനം) യേശുദാസും മാധുരിയും ആലപിച്ചു. ‘‘നീയെന്റെ ലഹരി നീ മോഹമലരി...’’ എന്നു തുടങ്ങുന്ന ഗാനം യേശുദാസും മാധുരിയും പാടുന്നുണ്ട്.

എം.കെ. അർജുനൻ,അമ്പിളി
‘‘നീയെന്റെ ലഹരി/ നീ മോഹമലരി നിന്നിലെൻ പുലരികൾ പൂക്കുന്നു/ നിന്നിലെൻ സന്ധ്യകൾ തുടുക്കുന്നു...’’ ആദ്യചരണം ഇങ്ങനെ: ‘‘നിത്യാനുരാഗത്തിൻ നൃത്ത നിർഝരി -നീ/ നിരവദ്യഭാവനാ പുഷ്‌പമഞ്ജരി/ നിൻ ഗന്ധമലയടിക്കും ഭൂമിയിൽ ഞാനൊരു/ സ്വർണപതംഗമായ് പറക്കുന്നു/ നീയാകും പൂനിലാപ്പാലാഴിയിൽ ഞാൻ/ നിശാഗന്ധിയായ് അലിയുന്നു...’’
യേശുദാസ് പാടിയ അടുത്ത പാട്ട് ‘‘നീലനഭസ്സിൽ...’’ എന്നു തുടങ്ങുന്നു. ‘‘നീലനഭസ്സിൽ നീരദസരസ്സിൽ/ നിരുപമസുന്ദര രജതസദസ്സിൽ/ ചന്ദനച്ചാർത്തിൽ രതിനൃത്തമാടും/ ഇന്ദുലേഖേ പ്രിയ ചന്ദ്രലേഖേ...’’
ആദ്യചരണം ഇങ്ങനെ തുടങ്ങുന്നു: ‘‘സ്വർണകല്ലോല കിരണങ്ങളാൽ നീ/ മൗനസംഗീത മാധുരി തൂകും/ ആ സ്വരഹാരങ്ങൾ ചാർത്തിയുറങ്ങുവാൻ/ മോഹം വസുന്ധരയാകും –എന്നുടെ/ മോഹം വസുന്ധരയാകും...’’
യേശുദാസ് ഈ സിനിമക്കുവേണ്ടി പാടിയ അടുത്ത ഗാനം ‘‘കാലത്തിൻ കളിവീണ പാടി...’’ എന്നു തുടങ്ങുന്നു. ‘‘കാലത്തിൻ കളിവീണ പാടി/ താളത്തിൽ ഹൃദയങ്ങളാടി/ ഉദയാസ്തമയങ്ങൾ തൻ ഉപവനഛായയിൽ/ കവിത പോൽ ജീവിതം ഒഴുകി’’ എന്നു പല്ലവി. ‘‘വാനം വരച്ചു മായ്ക്കും ചിത്രങ്ങൾ കണ്ടു/ വർണോത്സവങ്ങൾ കണ്ടു/ പ്രാണനും പ്രാണനും പുണർന്നു നീന്തുന്നു/വാനത്തിലേക്കുയരുന്നു...’’ എന്നിങ്ങനെ വരികൾ തുടരുന്നു...
യേശുദാസ് പാടിയ നാലാമത്തെ ഗാനം ഇങ്ങനെ: ‘‘വസന്തമേ.../ വസന്തമേ... പ്രേമവസന്തമേ/ മടങ്ങിവരില്ലേ നീ/ കരിഞ്ഞുണങ്ങുമീ ചില്ലയിൽ കുളിരായ്/ തിരിച്ചുവരില്ല നീ... വസന്തമേ.../ എത്ര നിറങ്ങൾ നീ വിടർത്തി/ എത്ര സ്വപ്നങ്ങളെ നീ വളർത്തി/ എന്നുമാ സൗരഭസാഗരവീചിയിൽ/ എന്റെ മനസ്സിനെ തോണിയാക്കി/ എങ്ങുപോയ് നീ എങ്ങുപോയ് നീ/ എല്ലാം മറന്നെന്റെ ജീവന്റെ ജീവനേ/ എങ്ങുപോയ് നീ..?’’ യേശുദാസ് ആലപിച്ച ‘‘നീ എന്റെ ലഹരി നീ മോഹമലരി’’' എന്നു തുടങ്ങുന്ന പ്രമേയഗാനം മാധുരിയും പാടുന്നുണ്ട്. വരികളിൽ മാറ്റമില്ല. മാധുരി പാടിയ ‘‘മണ്ണിൽ വിണ്ണിൻ സങ്കൽപമെഴുതിയ മഹാകാവ്യമേ, മലയാളമേ...’’ എന്ന ഗാനം പ്രശസ്തി നേടി.

‘‘മണ്ണിൽ വിണ്ണിൻ സങ്കൽപമെഴുതിയ/ മഹാകാവ്യമേ മലയാളമേ.../മലയാളമേ... എന്റെ മലയാളമേ...’’ എന്നിങ്ങനെയാണ് പല്ലവി. ഗാനത്തിലെ വരികൾ ഇങ്ങനെ തുടരുന്നു: ‘‘എള്ള് പൂത്തുലയുന്ന വയലേല കാറ്റിൽ/ പുള്ളുവൻപാട്ടിലെ കഥ പാടിയാടും/ തുള്ളിക്കളിക്കുന്ന കളമൊഴിച്ചോലയിൽ/ വള്ളംകളിപ്പാട്ടിൻ പനിനീരു മണക്കും/ കണിവയ്ക്കും കാവൽമരങ്ങൾ/ കാഞ്ചനക്കതിർമണ്ഡപങ്ങൾ/ എന്തെന്തു ചിത്രങ്ങൾ/ എല്ലാം എല്ലാം എല്ലാം രത്നങ്ങൾ...’’ പാട്ടുകൾക്ക് പ്രാധാന്യമുള്ള സിനിമയായിരുന്നു ‘നീയെന്റെ ലഹരി’. തീർച്ചയായും ചിത്രത്തിലെ ഗാനങ്ങൾ ആരാധകരെ നിരാശപ്പെടുത്തിയില്ല. ചിത്രം തരക്കേടില്ലാത്ത വിജയം നേടിയതിൽ ഗാനങ്ങളുടെ സംഭാവന ചെറുതല്ല, 1976 സെപ്റ്റംബർ 24നാണ് ‘നീയെന്റെ ലഹരി’യും പുറത്തുവന്നത്.
ചിത്രരേഖ എന്ന നിർമാണക്കമ്പനിക്കു വേണ്ടി ജേസി സംവിധാനംചെയ്ത സിനിമയാണ് ‘രാജാങ്കണം’. എൻ. ഗോവിന്ദൻകുട്ടി കഥയും തിരനാടകവും സംഭാഷണവും എഴുതി. ഷീല, എം.ജി. സോമൻ, ജയഭാരതി, വിൻസെന്റ്, ജയൻ, കെ.പി. ഉമ്മർ, ജോസ് പ്രകാശ്, കെ.പി.എ.സി. ലളിത, തോപ്പിൽ കൃഷ്ണപിള്ള, മീന തുടങ്ങിയവരായിരുന്നു ചിത്രത്തിലെ അഭിനേതാക്കൾ.
എം.കെ. അർജുനൻ സംഗീതസംവിധായകനായ ‘രാജാങ്കണ’ത്തിനു പാട്ടുകൾ എഴുതിയത് കവി അപ്പൻ തച്ചേത്തും നെൽസൺ ഫെർണാണ്ടസുമാണ്. നെൽസൺ എന്ന ഗാനരചയിതാവ് നാടകരംഗത്ത് അറിയപ്പെടുന്ന ഗാനരചയിതാവാണ്. അദ്ദേഹം അർജുനനുമൊത്ത് പല നാടകങ്ങൾക്കും ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ‘രാജാങ്കണ’ത്തിലെ നാലു ഗാനങ്ങളിൽ രണ്ടെണ്ണം അപ്പൻ തച്ചേത്തും രണ്ടെണ്ണം നെൽസണും രചിച്ചു. യേശുദാസ് പാടിയ ‘‘ഇന്ദ്രനീലത്തുകിലുകൾ ചാർത്തി’’ എന്നു തുടങ്ങുന്ന ഗാനം അപ്പൻ തച്ചേത്തിന്റെ രചനയാണ്.
‘‘ഇന്ദ്രനീലത്തുകിലുകൾ ചാർത്തി/ ചന്ദ്രകിരണാവലികൾ വിടർത്തി/ ഉത്സവപ്പന്തലിൽ ഉല്ലാസയാമിനീ/ ഉന്മാദനൃത്തം തുടരൂ... നിൻ/ ശൃംഗാരമഞ്ജിമ പകരൂ’’ എന്നിങ്ങനെ പല്ലവി. ആദ്യചരണം ഇങ്ങനെ: ‘‘വികാരരാഗ തരംഗമുയർത്തി/ വിലാസയൗവന സ്വപ്നമുണർത്തി/ പ്രണയപരാഗം പ്രാണനിൽ വിതറി/ പ്രപഞ്ചദാഹമേ യാഗം തുടരൂ...’’

ഐ.വി. ശശി,ആലപ്പി ശരീഫ്
പി. ജയചന്ദ്രനും അമ്പിളിയും ചേർന്നു പാടിയ ഗാനവും അപ്പൻ തച്ചേത്താണ് എഴുതിയത്. ‘‘സന്ധ്യ തൻ കവിൾ തുടുത്തു/ സിന്ദൂരസാഗരത്തിൻ കരൾ തുടിച്ചു/ പ്രേമാനുഭൂതി തൻ ഓരോ നിമിഷവും/ ഓമനേ നിൻ കണ്ണിൽ കഥയെഴുതി’’ എന്നിങ്ങനെ തുടങ്ങുന്ന ഗാനത്തിലെ വരികൾ ഇപ്രകാരം തുടരുന്നു: ‘‘കനകത്തിരകളിൽ ആലോലമാടി/ കാറ്റിൻ കൈകളിൽ അമ്മാനമാടി/ ഒരു കളിത്തോണിയിൽ/ ഒരു സ്വപ്നസീമയിൽ/ ഒരുമിച്ചിരുന്നൊന്നു തുഴയുവാൻ മോഹം...’’ നെൽസൺ എഴുതിയ ഒന്നാമത്തെ ഗാനം പി. സുശീലയാണ് പാടിയത്.
‘‘ഓർശലേമിൻ നായകാ –ജീവനായകാ/ വേദഗ്രന്ഥത്തിൻ ഇതൾ വിരിയും/ വെറോണിക്കായുടെ രോമഹർഷം/ എന്റെ ആത്മാവിൻ പട്ടുതൂവാലയിൽ/ തിരുമുഖഛായ പതിച്ചു.../ ഓർശലേമിൻ നായകാ...’’
ആദ്യചരണത്തിന്റെ ആരംഭം ഇങ്ങനെയാണ്: ‘‘ജോർദാന്റെ കരയിലും/ ഗലീലിയാ കടലിലും/ നിന്നെ തിരഞ്ഞു ഞാൻ വന്നു.’’ നെൽസൺ എഴുതിയ രണ്ടാമത്തെ ഗാനം ‘‘വെളിച്ചമെവിടെ..?’’ എന്നു തുടങ്ങുന്നു: ‘‘വെളിച്ചമെവിടെ വിളക്കുകളെവിടെ/ ഈ ഇരുട്ടുഭൂമിയിൽ എവിടേ/ പ്രകാശം പ്രകാശം പ്രകാശം/ ഗുഹാന്തരത്തിലെ ഇരുളാണീ/ മന്ദിരത്തിൽ നിറയെ.../ മന്ദിരത്തിൽ നിറയെ.../ വെളിച്ചമെവിടെ..?’’ ചരണത്തിലും ശ്രദ്ധേയമെന്നു പറയാവുന്ന വരികളുണ്ട്. 1976 ഒക്ടോബർ ഒന്നിന് റിലീസ് ചെയ്ത ‘രാജാങ്കണം’ ശരാശരി വിജയം നേടി.
ഹാസ്യത്തിനു പ്രാധാന്യം നൽകി ഹരിഹരൻ സംവിധാനം ചെയ്‌ത സിനിമയാണ് ‘അമ്മിണി അമ്മാവൻ’. പി.എൻ. മേനോൻ സംവിധാനം ചെയ്‌ത ‘ദർശനം’ എന്ന ചിത്രം നിർമിച്ച ജോർജ് ആണ് ഈ ചിത്രത്തിന്റെ നിർമാതാവ്. വിതരണക്കാരായ തിരുമേനി പിക്ചേഴ്സിനു നിർമാണത്തിൽ പങ്കുണ്ടെന്നാണ് അറിവ്. പമ്മൻ എഴുതിയ കഥക്ക് ഹരിഹരൻ തിരക്കഥയും ടി. ദാമോദരൻ സംഭാഷണവും രചിച്ചു. പ്രേംനസീർ, ജയഭാരതി, കെ.പി. ഉമ്മർ, തിക്കുറിശ്ശി, അടൂർ ഭാസി, ബഹദൂർ, ശങ്കരാടി, ബാലൻ കെ. നായർ, പ്രേമ, ശ്രീലത, മാസ്റ്റർ രഘു, പട്ടം സദൻ തുടങ്ങിയവർ അഭിനയിച്ചു. മങ്കൊമ്പ് ഗോപാലകൃഷ്ണൻ രചിച്ച ഗാനങ്ങൾക്ക് ജി. ദേവരാജൻ ഈണം പകർന്നു. ചിത്രത്തിൽ അഞ്ചു പാട്ടുകൾ ഉണ്ടായിരുന്നു. യേശുദാസ്, പി. ലീല, ജയചന്ദ്രൻ, മാധുരി എന്നിവരാണ് പിന്നണിഗായകർ.
‘‘രാജസൂയം കഴിഞ്ഞു –എന്റെ/ രാജയോഗം തെളിഞ്ഞു/ രുഗ്മിണീ ഞാൻ നിൻ ഋതുശാന്തിമണ്ഡപത്തിൽ/ പുഷ്പരഥത്തിൽ വന്നണഞ്ഞു’’ എന്നിങ്ങനെ ഗാനപല്ലവി.
‘‘അനുരാഗവിവശയാം നിൻ അന്തരംഗത്തിൽ/ അഭിഷേകപൂജകൾ സഫലമായി’’ എന്ന് ആദ്യചരണം തുടങ്ങുന്നു.
യേശുദാസും ജയചന്ദ്രനും ചേർന്ന് പാടിയ ‘‘പെണ്ണിന്റെ ഇടനെഞ്ചിൽ ഇലത്താളം’’ എന്ന പാട്ട് ഹാസ്യപ്രധാനമാണ്.
‘‘പെണ്ണിന്റെ ഇടനെഞ്ചിൽ ഇലത്താളം/ കരളിന്റെ ഉള്ളറയിൽ ശുദ്ധമദ്ദളം/ ആത്മാവിൽ ആറാട്ടിൻ വെടിക്കെട്ട്/ ആഹ്ലാദംകൊണ്ടാകെ തുടികൊട്ട്’’ എന്നിങ്ങനെയാണ് ഗാനം തുടങ്ങുന്നത്. ‘‘നരനായിങ്ങനെ ജനിച്ചുഭൂമിയിൽ’’ എന്നാരംഭിക്കുന്ന പാട്ടും യേശുദാസാണ് പാടിയത്. പരമ്പരാഗതമായി വൈക്കത്തപ്പന്റെ ഭക്തർ പാടിവരുന്ന ഗാനത്തിൽ ഗാനരചയിതാവ് ഏതാനും വരികൾ കൂട്ടിച്ചേർത്തിരിക്കുന്നു.
‘‘നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ/ നരകവാരിധീ നടുവിൽ ഞാൻ/ നരകത്തിൽനിന്നും കരകേറ്റീടണം/ തിരുവൈക്കം വാഴും ശിവശംഭോ...’’ ഈ വരികളോടൊപ്പം ഗാനരചയിതാവ് എഴുതിച്ചേർത്തിരിക്കുന്ന വരികളുടെ തുടക്കം ഇങ്ങനെയാണ്: ‘‘നീണ്ട താടി ജടാനഖങ്ങൾ ശ്രീ/ നീലകണ്ഠന്റെ ഭക്തരോ...ഇവർ/ വാനപ്രസ്ഥ നിർവാണസിദ്ധി തൻ/ വാല്മീകത്തിലെ മുനിമാരോ.../ ശിവശംഭോ... ശിവശംഭോ...’’

ദേവരാജൻ,കെ. ജയചന്ദ്രൻ
ഇതേ രീതിയിൽ ഒരു ചരണംകൂടി മങ്കൊമ്പ് എഴുതിയിട്ടുണ്ട്.തിരുവാതിരയെ പറ്റിയുള്ള ഗാനം പി. ലീലയും മാധുരിയും പാടിയിരിക്കുന്നു. ‘‘തങ്കക്കണിക്കൊന്നപ്പൂ വിതറും/ ധനുമാസത്തിലെ തിരുവാതിര/ സ്വർഗത്തിലും ഭൂമിയിലും ഇന്ന്/ ഭഗവാന്റെ തിരുനാളല്ലോ...’’ ധനുമാസത്തിൽ കൊന്ന പൂക്കുമോ എന്നൊരു ചോദ്യമുയരാം. കവിയുടെ സങ്കൽപം എന്നു സമാധാനിക്കുക. കേരളത്തിലെ ചിലയിടങ്ങളിൽ വിഷുവെത്തുന്നതിനു മുമ്പു തന്നെ കൊന്നകൾ പൂക്കാറുണ്ട്.
യേശുദാസും മാധുരിയും ചേർന്നു പാടിയ ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘കണ്ണാം പൊത്തിയിലേലേ/ കാട്ടുകുറിഞ്ഞിയിലേലേ/ ഞാൻ വിട്ട കള്ളനെ ഓടിച്ചാടി/ പിടിച്ചോണ്ടു വാ പിടിച്ചോണ്ടു വാ...’’ ഗാനത്തിന്റെ ആദ്യചരണം ഇങ്ങനെ: ‘‘ഒളിച്ചോളൂ പോയൊളിച്ചോളൂ/ അമ്മച്ചിപ്ലാവിന്റെ പിന്നാലെ/ കട്ടുറുമ്പിറുക്കിയാലും മിണ്ടരുതേ/ അമ്മാവൻ വന്നാലും അനങ്ങരുതേ/ ഓടിക്കോ... ഓടിക്കോ...’’ 1976 ഒക്ടോബർ രണ്ടിന് പ്രദർശനം തുടങ്ങിയ ‘അമ്മിണി അമ്മാവൻ’ എന്ന ചിത്രം സാമ്പത്തിക വിജയം നേടി.

