അളകനർത്തകിയും അളകാനർത്തകിയും

1970ൽ സ്വപ്ന പിക്ചേഴ്സിന്‍റെ പേരിൽ ‘കാക്കത്തമ്പുരാട്ടി’ എന്ന ചിത്രവുമായി സിനിമാരംഗത്ത് പ്രവേശിച്ച പി.സി. ഇട്ടൂപ്പ്, ബേബി എന്നീ സുഹൃത്തുക്കൾ പിന്നീട് തമ്മിൽ പിരിഞ്ഞു. അവരിൽ ഒരാളായ ബേബി സ്വന്തമായി തുടങ്ങിയ നിർമാണക്കമ്പനിയാണ് സ്വപ്ന പ്രൊഡക്ഷൻസ് -സംഗീതയാത്ര തുടരുന്നു. ശങ്കർ-ഗണേഷ് ടീമിന്റെ ഈണങ്ങൾക്കനുസരിച്ച് യൂസഫലി കേച്ചേരി ഗാനങ്ങളെഴുതിയ മലയാള ചിത്രമാണ് ‘ചിരിക്കുടുക്ക’. സ്വപ്ന പ്രൊഡക്ഷൻസിനുവേണ്ടി ബേബി നിർമിച്ച ഈ ചിത്രം എ.ബി. രാജ് സംവിധാനംചെയ്തു. 1970ൽ സ്വപ്ന പിക്ചേഴ്സിന്‍റെ പേരിൽ ‘കാക്കത്തമ്പുരാട്ടി’ എന്ന ചിത്രവുമായി സിനിമാരംഗത്ത് പ്രവേശിച്ച പി.സി. ഇട്ടൂപ്പ്, ബേബി എന്നീ സുഹൃത്തുക്കൾ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
1970ൽ സ്വപ്ന പിക്ചേഴ്സിന്‍റെ പേരിൽ ‘കാക്കത്തമ്പുരാട്ടി’ എന്ന ചിത്രവുമായി സിനിമാരംഗത്ത് പ്രവേശിച്ച പി.സി. ഇട്ടൂപ്പ്, ബേബി എന്നീ സുഹൃത്തുക്കൾ പിന്നീട് തമ്മിൽ പിരിഞ്ഞു. അവരിൽ ഒരാളായ ബേബി സ്വന്തമായി തുടങ്ങിയ നിർമാണക്കമ്പനിയാണ് സ്വപ്ന പ്രൊഡക്ഷൻസ് -സംഗീതയാത്ര തുടരുന്നു.
ശങ്കർ-ഗണേഷ് ടീമിന്റെ ഈണങ്ങൾക്കനുസരിച്ച് യൂസഫലി കേച്ചേരി ഗാനങ്ങളെഴുതിയ മലയാള ചിത്രമാണ് ‘ചിരിക്കുടുക്ക’. സ്വപ്ന പ്രൊഡക്ഷൻസിനുവേണ്ടി ബേബി നിർമിച്ച ഈ ചിത്രം എ.ബി. രാജ് സംവിധാനംചെയ്തു. 1970ൽ സ്വപ്ന പിക്ചേഴ്സിന്‍റെ പേരിൽ ‘കാക്കത്തമ്പുരാട്ടി’ എന്ന ചിത്രവുമായി സിനിമാരംഗത്ത് പ്രവേശിച്ച പി.സി. ഇട്ടൂപ്പ്, ബേബി എന്നീ സുഹൃത്തുക്കൾ പിന്നീട് തമ്മിൽ പിരിഞ്ഞു. അവരിൽ ഒരാളായ ബേബി സ്വന്തമായി തുടങ്ങിയ നിർമാണക്കമ്പനിയാണ് സ്വപ്ന പ്രൊഡക്ഷൻസ്. പ്രേംനസീർ, വിധുബാല, സുധീർ, റാണിചന്ദ്ര, തിക്കുറിശ്ശി, ജോസ്പ്രകാശ്, കെ.പി.എ.സി ലളിത, ടി.ആർ. ഓമന, മല്ലിക, പട്ടം സദൻ തുടങ്ങിയവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തമിഴിലെ തിരക്കഥാകൃത്തും സംവിധായകനുമായ ദാദാമിറാസി എഴുതിയ കഥക്ക് എം.ആർ. ജോസഫ് തിരക്കഥയും സംഭാഷണവും രചിച്ചു. ‘ചിരിക്കുടുക്ക’യിൽ അഞ്ചു ഗാനങ്ങൾ ഉണ്ടായിരുന്നു. യേശുദാസ് ആലപിച്ച ‘‘ചിത്രകന്യകേ...’’ എന്ന ഗാനം ഇങ്ങനെ തുടങ്ങുന്നു.
‘‘ചിത്രകന്യകേ നിൻമുഖം കാണുമ്പോൾ/ ചിന്തയ്ക്കു ചിറകുകൾ വിടരുന്നു -എന്റെ/ ചിന്തയ്ക്കു ചിറകുകൾ വിടരുന്നു/ വിടരുന്നു വിടരുന്നു വിടരുന്നു.’’ ആദ്യചരണം ഇപ്രകാരം: ‘‘നീലസാഗരം തുളുമ്പി നിൽപ്പൂ നിന്റെ നീൾമിഴിപ്പൂവിൽ/ എന്തു മോഹം എന്തു ദാഹം/ നിന്നിലലിയാനോമലേ...’’
യേശുദാസും പട്ടം സദനും സംഘവും പാടിയ ഗാനം ‘‘ചിരിക്കുടുക്കേ...’’ എന്ന് തുടങ്ങുന്നു.
‘‘ചിരിക്കുടുക്കേ തങ്കച്ചിരിക്കുടുക്കേ... ഹാ ഹാ/ ചിരിക്കുടുക്കേ തങ്കച്ചിരിക്കുടുക്കേ/ പൊട്ടിച്ചിരിയുടെ മാലപ്പടക്കം/ പൊട്ടിത്തെറിക്കട്ടെ...’’
ഗാനം ഇങ്ങനെ തുടരുന്നു: ‘‘പോയാൽ വരാത്ത ജന്മം വെറുതേ പൊട്ടിക്കരയാനല്ലല്ലോ/ കരഞ്ഞുംകൊണ്ടു പിറന്നത് പിന്നെ/ കരയാതിരിക്കാനാണല്ലോ...’’
യേശുദാസ് ശബ്ദം നൽകിയ ചിത്രത്തിലെ മൂന്നാമത്തെ ഗാനം ഇതാണ്: ‘‘കുളിരു കോരണ് കരളു തുടിക്കണ്/ കൂട്ടുകാരീ... ഓ... കൂട്ടുകാരീ/ മാറിൽ ഒരുപിടി ചൂട് പകരൂ മാൻകിടാവേ... ഓ... മാൻ കിടാവേ...’’
ഗാനം ഇങ്ങനെ തുടരുന്നു: ‘‘കണ്ണിനമൃതാണോമനേ നിൻ/ നനഞ്ഞ സൗന്ദര്യം/ മഞ്ഞുതുള്ളികൾ വീണുചിന്നിയ/ മഞ്ജുമലർ പോലെ -എന്റെ/ മാനസത്തിൻ കൂട്ടിനുള്ളിൽ/ വന്നിരുന്നാട്ടെ -നീയെൻ/ താമരക്കിളിയേ...’’
‘‘മധുരമധുരമെൻ ഹൃദയവീണയിൽ’’ എന്നാരംഭിക്കുന്ന പാട്ട് എസ്. ജാനകി ആലപിച്ചു.
‘‘മധുരമധുരമെൻ ഹൃദയവീണയിൽ/ മയങ്ങിയുണരുമീ രാഗം/ മൃദുല മൃദുലമായ് സ്വപ്നസീമയിൽ/ വിടർന്നു വന്നതൊരു പൂവോ മുത്തോ/ പ്രിയതോഴീ...’’
‘‘ചെമ്പകമോ പ്രിയാ നിൻ ചുണ്ടിണയോ/ ചന്ദ്രികയോ പ്രിയാ നിൻ പുഞ്ചിരിയിൽ/ മനസ്സിൽ വന്നു വസന്തം/ നിനക്കായ് തന്നു ഹൃദന്തം...’’
ജയചന്ദ്രനും സുശീലയും ചേർന്നു പാടിയ ഗാനമാണ് അടുത്തത്.
‘‘റിക്ഷാവാലാ... ഓ റിക്ഷാവാലാ/ കണ്ണു തുറക്കൂ ഓ റിക്ഷാവാലാ/ നിന്റെ ജീവിതയാതനയിൽ/ നീറിപ്പുകയും വേദനയിൽ/ നീലനിലാവിൻ കുളിരലയായ് ഞാൻ വന്നു/ നിനക്കു നൽകാൻ ഉപഹാരവുമായ് ഞാൻ വന്നു.’’
എന്ന് സ്ത്രീശബ്ദം, അതിനു മറുപടിയായി പുരുഷശബ്ദത്തിൽ വരികൾ ഇങ്ങനെ:
‘‘വേണ്ട വേണ്ട വേണ്ടെനിക്കീയുപഹാരം/ വെറുതെയെന്തിന് വ്യാമോഹം...’’
1976 ഏപ്രിൽ 30ന് റിലീസ് ചെയ്‌ത ‘ചിരിക്കുടുക്ക’ സാമാന്യവിജയം നേടി.
നീല പ്രൊഡക്ഷൻസിന്റെ (മെറിലാൻഡ് സ്റ്റുഡിയോ) സഹനിർമാണക്കമ്പനിയായ ശ്രീകുമാർ പ്രൊഡക്ഷൻസ് നിർമിച്ച ചിത്രമാണ് ‘ഉദ്യാനലക്ഷ്മി’. സംവിധായക നിർമാതാവായ പി. സുബ്രഹ്മണ്യത്തിന്റെ സഹായിയായിരുന്ന കെ.എസ്. ഗോപാലകൃഷ്ണനാണ് ഈ ചിത്രം സംവിധാനംചെയ്തത്. അദ്ദേഹത്തോടൊപ്പം മെറിലാൻഡിലെ മറ്റൊരു സഹസംവിധായകനായ സുഭാഷും ഉണ്ടായിരുന്നു. (പ്രശസ്ത ഹാസ്യനടൻ എസ്.പി. പിള്ളയുടെ മകനാണ് സുഭാഷ്. എന്തുകൊണ്ടോ അദ്ദേഹം സിനിമാരംഗത്ത് ഉയർന്നുവന്നില്ല.)
സുധീർ, റാണിചന്ദ്ര, മോഹൻശർമ, ശുഭ, ജി.കെ. പിള്ള, കെ.പി.എ.സി ലളിത, വൈക്കം മണി, കുതിരവട്ടം പപ്പു തുടങ്ങിയവരോടൊപ്പം മലയാള സിനിമയിലെ ആദ്യകാല നായകനടൻ വഞ്ചിയൂർ മാധവൻ നായരും ‘ഉദ്യാനലക്ഷ്മി’യിൽ അഭിനയിച്ചു. പാപ്പനംകോട് ലക്ഷ്മണൻ കഥയും തിരക്കഥയും സംഭാഷണവും രചിച്ചു.
ചിത്രത്തിൽ ആറു ഗാനങ്ങൾ ഉണ്ടായിരുന്നു. ശ്രീകുമാരൻ തമ്പിയുടെ രചനയും ജി. ദേവരാജന്റെ ഈണവും. യേശുദാസും മാധുരിയും ചേർന്ന് ആലപിച്ച ‘‘ദേവീവിഗ്രഹമോ...’’ എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടു.
‘‘ദേവീവിഗ്രഹമോ... അനുരാഗ പൂജാവിഗ്രഹമോ/ പ്രണയലോലയായ് പൂമാല കോർക്കും/ പ്രേമസന്യാസിനീ/ ആരാധകനെ അനുഗ്രഹിക്കും/ ആനന്ദസോപാനമോ/ കാർത്തികദീപങ്ങൾ കണ്ണിലൊതുക്കും/ ചിത്രാപൗർണമിയോ/ നീയാര് നീയാര് നിരുപമലാവണ്യമേ...’’
എന്നിങ്ങനെ തുടരുന്ന പ്രണയഗാനം.
ജയചന്ദ്രനും സംഘവും പാടിയ പ്രാർഥനാ സംഘഗാനം ‘‘ആദിലക്ഷ്മി ധാന്യലക്ഷ്മീ...’’ എന്ന് തുടങ്ങുന്നു.
‘‘ആദിലക്ഷ്മീ ധാന്യലക്ഷ്മീ/ ധൈര്യലക്ഷ്മീ ധനലക്ഷ്മീ/ വിജയലക്ഷ്മീ വിദ്യാലക്ഷ്മീ/ വരലക്ഷ്മീ ശുഭലക്ഷ്മീ...’’ തുടർന്ന് വരുന്ന വരികൾ: ‘‘അംബികേ നിൻ പാദകമലം/ അഭയമലരായ് വിടരണം/ തമ്പുരാട്ടീ നിന്റെ നടയിൽ/ സങ്കടങ്ങൾ മറക്കണം.’’ ശേഷിക്കുന്ന നാല് പാട്ടുകളും മാധുരിയാണ് പാടിയത്.
‘‘ഏഴു നിറങ്ങൾ വിളക്കുെവച്ചു/ ഏഴു സ്വരങ്ങളും അലയടിച്ചു/ മൂകാംബികയുടെ തിരുസന്നിധിയിൽ/ മുഗ്ധ പാദമലർ ചിലങ്ക െവച്ചു... താളം ആദിതാളം/ തരംഗ നർത്തനമേളം... ഏഴു നിറങ്ങൾ വിളക്കു െവച്ചു... ജനനീ ജഗദീശ്വരീ/ നിൻ പാദയുഗളമെൻ ശരണമായ്/ കണ്ടുവന്നേൻ/ ജനനീ ജഗദീശ്വരീ...’’
ഗാനത്തിന്റെ രണ്ടാം പകുതിയിൽ താളം മാറുന്നു: ‘‘താതെയ്യം താതെയ്യം തിന്തിമി തിന്തിമിത്തോം/ തെറ്റിമൂട്ടിൽ കുടികൊള്ളും ഭദ്രകാളീ/ തെറ്റിപ്പൂമാല ചൂടും ഭദ്രകാളീ’’ എന്നിങ്ങനെ ദ്രുതതാളത്തിൽ ഗാനം തുടരുന്നു.
‘‘രാജയോഗം എനിക്ക് രാജയോഗം...’’ എന്ന പാട്ടും മാധുരി പാടിയിരിക്കുന്നു.
‘‘രാജയോഗം... എനിക്കു രാജയോഗം/ രാഗലോലുപനെനിക്കു തന്നു/ പ്രേമകിരീടം രത്നകിരീടം/ എന്റെ രാഗത്തിൻ മണിമാളിക/ ഏഴുനിലമാളിക/ പവിഴം തിളങ്ങും മച്ചകങ്ങൾ/ പിച്ചകം വളരും അങ്കണങ്ങൾ/ രാഗപീലികൾ വിടർത്തിയാടാൻ/ രാജസാരസങ്ങൾ...’’
മാധുരി ആലപിച്ച അടുത്ത ഗാനത്തിന്റെ പല്ലവിയിതാണ്.
‘‘നായകനാര് പ്രതിനായകനാര്/ നാടകത്തിൽ നർത്തകിയാം നായികയാര്/ അണിയറയിൽ വാഴും ചെകുത്താന്മാർ/ അരങ്ങത്ത് വന്നാൽ ദൈവങ്ങൾ...’’ ആദ്യ ചരണം ഇങ്ങനെ: ‘‘സത്യമെന്ന സുന്ദരിക്കു വയസ്സായി/ സൽക്കാരം നൽകുവാൻ കഴിയാതെ പോയ്/ പുരാണങ്ങൾ ഉറങ്ങുന്നു/ പുണ്യചിന്ത മയങ്ങുന്നു/ നാണയത്തിലൊളിക്കുന്നു നന്മതിന്മകൾ...’’
മാധുരി ശബ്ദം നൽകിയ ഒടുവിലത്തെ ഗാനം പൂക്കാരി പാടുന്ന പാട്ടാണ്.
‘‘തുളസിമാല മുല്ലമാല തെച്ചിമാല/ തുളുമ്പിവരും ആരാമപൊൻ തിരമാല/ താമരമൊട്ടുണ്ട് താരകപ്പൊട്ടുണ്ട്/ താഴികക്കുടങ്ങളുണ്ട് -വാസന്തത്തിൻ/ താഴികക്കുടങ്ങളുണ്ട്...’’
വിവിധയിനം പൂവുകളെ പ്രകീർത്തിക്കുന്ന ഈ ഗാനം ഇങ്ങനെ തുടരുന്നു.
‘‘മഞ്ഞിന്റെ കുളിരണിയും കുറുമൊഴികൾ/ കണികാണാൻ കണിക്കൊന്നക്കതിർമണികൾ/ കാമുകിയ്ക്കു നൽകുവാൻ പിച്ചിപ്പൂവ്/ കല്യാണപ്പെണ്ണിന് പനിനീർപ്പൂവ്/ ചെമ്പകം ജേമന്തി ചെമ്പരത്തി/ എന്തിനും ഏതിനും പൊന്നരളി...’’
മാധുരി പാടിയ ഈ പൂ വിൽപനപ്പാട്ടു പ്രശസ്തി നേടുകയുണ്ടായി.
1976 മേയ് ആറിന് തിയറ്ററുകളിൽ വന്ന ‘ഉദ്യാനലക്ഷ്മി’ ചെലവുകുറച്ചു നിർമിച്ച ചിത്രമാണ്. അതുകൊണ്ട് നിർമാതാവിന് നഷ്ടം നേരിട്ടില്ല.
അൻവർ ക്രിയേഷൻസ് എന്ന ബാനറിൽ സഹോദരന്മാരായ അൻവറും സുബൈറും ചേർന്ന് നിർമിച്ച സിനിമയാണ് ‘പുഷ്പശരം’. ശശികുമാർ സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും എഴുതിയത് നിർമാതാക്കൾ തന്നെയാണ്. അവർതന്നെ പാട്ടുകളും രചിച്ചു. എം.എസ്. ബാബുരാജ് ആണ് സംഗീതസംവിധായകൻ.

എം.ബി. രാജ്,പട്ടം സദൻ,പി.ജി. വിശ്വംഭരൻ
പ്രേംനസീർ, ജയഭാരതി, ശ്രീവിദ്യ, എം.ജി. സോമൻ, ടി.എസ്. മുത്തയ്യ, എസ്.പി. പിള്ള, അടൂർ ഭാസി, ബഹദൂർ, മീന, സാധന തുടങ്ങിയവരാണ് അഭിനേതാക്കൾ. യേശുദാസ്, ജയചന്ദ്രൻ, വാണി ജയറാം, അമ്പിളി, ശ്രീലത എന്നിവർ ഗാനങ്ങൾ പാടി.
യേശുദാസ് ആലപിച്ച ആദ്യഗാനത്തിന്റെ പല്ലവിയിങ്ങനെ: ‘‘ആരോമൽ പൈതലിനായി/ ആയിരം പൂക്കൾ വിരിഞ്ഞു/ ഓരോ മലരിലും ഓരോ തളിരിലും/ ഓമനച്ചിരി നിന്നു തുടിച്ചു.’’
ആദ്യചരണം ‘‘കാറ്റിലിളകും പൂക്കളെ നോക്കി...’’ എന്ന് തുടങ്ങുന്നു.
‘‘കാറ്റിലിളകും പൂക്കളെ നോക്കി/ കണ്മണിക്കുഞ്ഞു മൊഴിഞ്ഞു/ നിറവും മണവും എനിക്കും വേണം/ നിങ്ങളിലൊന്നായി വിരിയേണം...’’
ഇതേ ഗാനം ദുഃഖഭാവത്തിലും യേശുദാസ് പാടിയിട്ടുണ്ട്. വരികളിൽ വ്യത്യാസമില്ല. യേശുദാസും വാണിജയറാമും പാടിയ യുഗ്മഗാനം ഇങ്ങനെ തുടങ്ങുന്നു.
‘‘ചന്ദ്രികച്ചാർത്തിന്റെ ചന്തം വിണ്ണിൽ/ ചന്ദനച്ചാറൊഴുകുന്നു... വിണ്ണിൽ/ ചന്ദനച്ചാറൊഴുകുന്നു/ ഇന്ദുമുഖീ നിൻ ചഞ്ചലമിഴികളിൽ/ ഇന്ദ്രനീലങ്ങൾ ഞാൻ കണ്ടു... ഇന്നനുരാഗദീപ്തികൾ ഞാൻ കണ്ടു...’’
ജയചന്ദ്രൻ ശബ്ദം നൽകിയ ഗാനത്തിന്റെ പല്ലവിയിങ്ങനെ: ‘‘എങ്ങുപോയ് എങ്ങുപോയ് ഇത്രയും നാളു നീ/ ഞങ്ങൾ അറിയാതൊളിച്ചിരുന്നു/ നിന്നെ പുണരുവാൻ ചക്രവാളങ്ങളെ/ പിന്നിട്ടു വന്നതാണീ സ്വർഗസീമയിൽ...’’
യേശുദാസ് ഈ ചിത്രത്തിനുവേണ്ടി ആലപിച്ച അടുത്ത ഗാനം ഇങ്ങനെ ആരംഭിക്കുന്നു.
‘‘കവിളിണയിൽ മാതളപ്പൂ വിടർന്നു/ കരളിൽ ഇടിമിന്നലുകൾ തുടികൊട്ടിയുറഞ്ഞു/ കരിമിഴികളിൽ ചെന്തീക്കനലുകൾ കത്തിയെരിഞ്ഞു/ അരുതരുതേ... സാഹസമരുതേ/ അരുതരുതേ... മഹിഷാസുരമർദിനി സാഹസമരുതേ...’’
തുടർന്നുള്ള വരികൾകൂടി കേൾക്കുക: ‘‘പണ്ടു പരമേശ്വരൻ തിരുമുടിക്കെട്ടിൽ/ രണ്ടാം വേളിയെ ഒളിച്ചുവെച്ചു/ പാർവതി കണ്ടു വെളിച്ചത്തായി/ പാവമീശൻ വെള്ളത്തിലായി/ പെണ്ണു രണ്ടില്ല എനിക്കു പ്രേമം വേറില്ല...’’
നടൻ കൊല്ലം ജി.കെ. പിള്ള, അമ്പിളി, ശ്രീലത എന്നിവർ ചേർന്ന് പാടിയ ഒരു ഹാസ്യഗാനവും ഈ സിനിമയിലുണ്ട്. ‘‘കൊത്തി കൊത്തി മുറത്തിൽ കേറി കൊത്തരുതേ/ ചുമ്മാ കൊത്തരുതേ/ കൊഴുപ്പു കൂടിയാൽ കൊഴപ്പമാണെടീ/ പോ ദൂരെ മാറിപ്പോ ദൂരെ.’’ പാട്ട് ഇങ്ങനെ തുടരുന്നു: ‘‘ഓ പിന്നേ... വിളച്ചിൽ കാട്ടി വീമ്പിളക്കും/ വിലാസിനിപ്പെണ്ണേ/ വക്കാണത്തിനു വന്നാലൂക്കൻ വീക്ക് മേടിക്കും/ മൂക്കിന് വീക്കു മേടിക്കും/ അതിനുമുണ്ട് മറുപടി. എന്നാ നിന്റെ നാക്കു ഞാനറുത്തിടും...’’ സാമാന്യം ദീർഘമായ ഒരു ഹാസ്യഗാനമാണിത്. സുബൈർ-അൻവർ നിർമിച്ച സിനിമകൾക്കെല്ലാം അവർതന്നെയാണ് പാട്ടുകൾ എഴുതിയിട്ടുള്ളത്.
1976 മേയ് 14ന് റിലീസായ ‘പുഷ്പശരം’ പരാജയമായില്ല. വലിയ വിജയം നേടിയതുമില്ല.
പി.ജി. വിശ്വംഭരൻ സംവിധാനം നിർവഹിച്ച ആദ്യ സിനിമയാണ് ‘ഒഴുക്കിനെതിരെ’. 1961ൽ സേലം എം.എ.വി പിക്ചേഴ്സ് എന്ന ബാനറിൽ എം.എ. വേണു നിർമിച്ച ‘പണം പന്തിയിലേ’ എന്ന തമിഴ് സിനിമയുടെ കഥ വിലയ്ക്കു വാങ്ങി മലയാളത്തിൽ കാമാക്ഷി മൂവി മേക്കേഴ്‌സ് നിർമിച്ച ചിത്രമാണ് ‘ഒഴുക്കിനെതിരെ’. ഇരാ..ചെഴിയന്‍റെ കഥക്ക് മലയാളത്തിന് ആവശ്യമായ മാറ്റങ്ങളോടെ തിരക്കഥയും സംഭാഷണവും എഴുതിയത് ശ്രീകുമാരൻ തമ്പിയാണ്. ശ്രീകുമാരൻ തമ്പിയുടെ പാട്ടുകൾക്ക് എം.കെ. അർജുനൻ സംഗീതം നൽകി. പ്രേംനസീർ, ജയഭാരതി, കെ.പി. ഉമ്മർ, അടൂർ ഭാസി, ടി.എസ്. മുത്തയ്യ, ജോസ്പ്രകാശ്, ശ്രീമൂലനഗരം വിജയൻ, ശ്രീലത തുടങ്ങിയവർ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ‘ഒഴുക്കിനെതിരെ’ എന്ന സിനിമയിൽ ആറു പാട്ടുകൾ ഉണ്ടായിരുന്നു. ജയചന്ദ്രൻ ആലപിച്ച ഹിറ്റുകളിലൊന്നായ ‘‘ഒരു പ്രേമഗാനത്തിൻ പൂഞ്ചിറകിൽ’’ എന്നാരംഭിക്കുന്ന ഗാനം ഈ ചിത്രത്തിലുള്ളതാണ്.
‘‘ഒരു പ്രേമഗാനത്തിൻ പൂഞ്ചിറകിൽ/ ഒരുമിച്ചുയരാമെൻ ഓമലാളേ/ ആ രാഗത്തിൻ മയിൽവാഹനത്തിൽ/ ആടിപ്പറക്കാമെന്നോമലാളേ...’’ എന്നു പല്ലവി. ആദ്യചരണം കൂടി ഇവിടെ പകർത്താം. ‘‘സങ്കൽപജാലം വിടർത്തുമാ വാനിലെ/ ചന്ദ്രക്കല തങ്കത്തൊട്ടിലാക്കാം/ സ്വർണം വിതയ്ക്കുന്ന നക്ഷത്ര ബിന്ദുക്കൾ/ വർണ മലർപന്തൽ പൂക്കളാക്കാം/ നീ വരുന്നോ പ്രിയേ നീ വരുന്നോ.../ പ്രിയേ... പ്രിയേ... നീ വരുന്നോ..?’’ അമ്പിളി ആലപിച്ച കൃഷ്ണഭക്തിഗാനം ഇങ്ങനെ ആരംഭിക്കുന്നു: ‘‘ഗുരുവായൂരപ്പാ... അഭയം നീയേ മുകിൽവർണാ.../ ഉരുകുമെൻ ഹൃദയമാം തൂവെണ്ണയാലേ/ ഉടയാട ചാർത്തുന്നേൻ.’’
ഗാനത്തിലെ തുടർന്നുള്ള വരികൾ ഇങ്ങനെ: ‘‘ശകുനികൾ ചതുരംഗക്കരു നീക്കിടുമ്പോൾ/ വെളിച്ചത്തിൻ വസന്തങ്ങൾ ഒടുങ്ങുമ്പോൾ/ കയറുമീയശ്രുവിൻ പ്രളയജലധിയിൽ/ അഭയമാം ആലിലയൊഴുക്കിയാലും/ കൃഷ്ണാ ഗോപാലകൃഷ്ണാ/ കൃപ തൻ തോണിയുമായ് അണഞ്ഞാലും.’’
യേശുദാസ് പാടിയ പ്രണയഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘തരംഗമാലകൾ പാടി... നിന്റെ/ തരിവളക്കുയിലുകൾ ഏറ്റുപാടി.../ അളകനർത്തകികൾ ആടി.../ നിന്റെ തിരുനെറ്റി ശൃംഗാരവേദിയായി.’’
അളകങ്ങളാകുന്ന നർത്തകികൾ നിന്റെ നെറ്റിയിൽ നൃത്തം ചെയ്തു എന്നാണു സാരം. പക്ഷേ ‘‘അളകാനർത്തകികൾ ആടി’’ എന്നാണു യേശുദാസ് പാടിയിരിക്കുന്നത്. അതായത് അളകാപുരിയിലെ നർത്തകികൾ എന്നു സാരം.
അളകാപുരിയിലെ നർത്തകികൾ എങ്ങനെയാണ് കാമുകിയുടെ നെറ്റി നൃത്തവേദിയാക്കുന്നത്? പാട്ടു റെക്കോഡ് ചെയ്തത് ഗാനരചയിതാവിന്റെ അസാന്നിധ്യത്തിലാണ്. അതുകൊണ്ടാണ് പാട്ടിലെ വരികൾ പറഞ്ഞുകൊടുത്ത സംവിധായകനും പാടിയ ഗായകനും തെറ്റ് സംഭവിച്ചത്. പാട്ടുപുസ്തകത്തിലും ‘അളക നർത്തകികൾ’ എന്നത് ‘അളകാ നർത്തകികൾ’ എന്നാണ് അച്ചടിച്ചിട്ടുള്ളത്.
ചിത്രം റിലീസ് ചെയ്തതിനു ശേഷമാണ് ഗാനമെഴുതിയ ഈ ലേഖകൻ പാട്ടു കേട്ടത്. പിന്നീട് തെറ്റ് തിരുത്തുക അസാധ്യമായിരുന്നു. പാട്ടിലെ തുടർന്നുള്ള വരികൾ താഴെ: ‘‘കളകളമൊഴുകും കാട്ടാറും/ കമനീ നിൻ പ്രായവും ഒരുപോലെ/ കുതിക്കും കുതറിത്തെറിക്കും...കുണുങ്ങിച്ചിരിക്കും പിന്നെ കരയും/ ചിരിക്കും ചിണുങ്ങും നടുങ്ങും/ ചിലപ്പോൾ പരിഭവം പറയും...’’

ചിത്രത്തിനുവേണ്ടി യേശുദാസ് ശബ്ദം നൽകിയ രണ്ടാമത്തെ ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘സത്യമാണ് ദൈവം എന്നു പാടി/ മർത്ത്യനെ വഞ്ചിച്ച യോഗിമാരേ/ സ്വർഗകഥകൾ മാതൃകയായ് ഏറ്റുചൊല്ലി/ നിങ്ങൾ വാഗ്‌ദാനം നൽകിയ പുലരിയെവിടെ.../ എവിടെ... എവിടെ.../ നാണയവും കടലാസും പൊട്ടിച്ചിരിക്കുന്നു/ നായ്ക്കളെപ്പോൽ മനുഷ്യവർഗം പാഞ്ഞടുക്കുന്നു/ ധർമനീതികൾ പോർക്കളത്തിൽ തോറ്റു/ പുണ്യപുരാണത്തിലുറങ്ങുന്നു...’’ എന്നിങ്ങനെ ആദ്യചരണം തുടങ്ങുന്നു.
അടുത്ത ഗാനം സെൽമ ജോർജും വിനയനും ചേർന്നാണ് പാടിയത്. നാടൻപാട്ടിന്റെ ശൈലിയിൽ എഴുതിയ ഗാനമാണിത്. ‘‘തെയ്യക തെയ്യക തകതാം തെയ് തെയ് തെയ്/ ഏതേതു പൊന്മലയിൽ പൂ വിരിയുന്നു/ ഏഴാം മണിമല മുകളിൽ പൂവിരിയുന്നു.../ ഏതേത് പൂവിൽ നിന്നും മണമൊഴുകുന്നു/ ഏഴിലംപാലപ്പൂവിൻ മണമൊഴുകുന്നു...’’
ജയചന്ദ്രൻ പാടിയ ‘‘മണിയടി എങ്ങും മണിയടി’’ എന്ന ഗാനവും ജനപ്രിയമായി. ‘‘മണിയടി എങ്ങും മണിയടി/ അമ്പലത്തിൽ മണിയടി/ പള്ളികളിൽ മണിയടി/ പള്ളിക്കൂടത്തിൽ മണിയടി/ എല്ലാ കോണിലും മണിയടി... മണികൾ പലതരം/ ലോഹമണി സൈക്കിൾമണി/ ടെലഫോൺ മണി കൈമണി/ മണിയടി എങ്ങും മണിയടി/ മണിയടി എങ്ങും മണിയടി.’’ 1976 മേയ് 21ാം തീയതി പ്രദർശനമാരംഭിച്ച ഈ സിനിമ ഭേദപ്പെട്ട സാമ്പത്തികവിജയം നേടി.