Begin typing your search above and press return to search.

ചിത്തിരത്തോണിയിലെ നാട്ടുപാട്ടുകൾ

ചിത്തിരത്തോണിയിലെ   നാട്ടുപാട്ടുകൾ
cancel

മലയാളത്തിന്റെ നാടൻ പ്രണയങ്ങളെയും ജീവിതത്തെയും പാട്ടിലേക്കാവാഹിച്ച ഗാനരചയിതാവാണ് പൂവച്ചൽ ഖാദർ.നാടും നാടിന്റെ സാമൂഹിക ജീവിതവുമെല്ലാം മനോഹരമായി പകർത്തിയ പൂവച്ചലിന്റെ പാട്ടുകളെയും എഴുത്ത് ജീവിതത്തെയും സവിശേഷമായി വേറിട്ട രീതിയിൽ വായിക്കുകയാണ് ലേഖകൻ. പൂവച്ചൽ ഖാദർ ഒരു അവാർഡ് ദാനച്ചടങ്ങിൽ നിൽക്കുന്നു. ഗൗരവത്തിൽ, കുറച്ചപ്പുറം ശ്രീകുമാരൻ തമ്പിയുമുണ്ട്. മഹാരഥന്മാരുടെ അടുത്ത് ചെല്ലാൻ സ്വതവേ മടിയുണ്ട്. പറഞ്ഞിട്ടും തിരിച്ചറിഞ്ഞില്ലെങ്കിലോ എന്ന ചമ്മലുണ്ട്. തിരിച്ച്, അവർ കനപ്പെട്ട വല്ലതും പറഞ്ഞാൽ താങ്ങാനുള്ള ശക്തിയുണ്ടാകുമോ എന്ന ഉൾഭയവുമുണ്ട്. മേൽപറഞ്ഞ കാരണങ്ങളാൽ, കണ്ടിട്ടും...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
മലയാളത്തിന്റെ നാടൻ പ്രണയങ്ങളെയും ജീവിതത്തെയും പാട്ടിലേക്കാവാഹിച്ച ഗാനരചയിതാവാണ് പൂവച്ചൽ ഖാദർ.നാടും നാടിന്റെ സാമൂഹിക ജീവിതവുമെല്ലാം മനോഹരമായി പകർത്തിയ പൂവച്ചലിന്റെ പാട്ടുകളെയും എഴുത്ത് ജീവിതത്തെയും സവിശേഷമായി വേറിട്ട രീതിയിൽ വായിക്കുകയാണ് ലേഖകൻ.

പൂവച്ചൽ ഖാദർ ഒരു അവാർഡ് ദാനച്ചടങ്ങിൽ നിൽക്കുന്നു. ഗൗരവത്തിൽ, കുറച്ചപ്പുറം ശ്രീകുമാരൻ തമ്പിയുമുണ്ട്. മഹാരഥന്മാരുടെ അടുത്ത് ചെല്ലാൻ സ്വതവേ മടിയുണ്ട്. പറഞ്ഞിട്ടും തിരിച്ചറിഞ്ഞില്ലെങ്കിലോ എന്ന ചമ്മലുണ്ട്. തിരിച്ച്, അവർ കനപ്പെട്ട വല്ലതും പറഞ്ഞാൽ താങ്ങാനുള്ള ശക്തിയുണ്ടാകുമോ എന്ന ഉൾഭയവുമുണ്ട്. മേൽപറഞ്ഞ കാരണങ്ങളാൽ, കണ്ടിട്ടും അടുത്തുചെല്ലാതെ നിന്നപ്പോൾ, ശ്രീകുമാരൻ തമ്പി ഇങ്ങോട്ടുവന്ന്, ചുമലിൽ പിടിച്ച് സംസാരിച്ചുതുടങ്ങി.

‘‘പൂവച്ചൽ ഖാദർ അല്ലേ. പാട്ടുകൾ ശ്രദ്ധിക്കുന്നുണ്ട്. ഇതേ നിലവാരം തുടർന്നുകൊണ്ടുപോകണം. എന്നാലേ ഇവിടെ പിടിച്ചുനിൽക്കാൻ പറ്റൂ.’’

വയലാറിനെപ്പോലെ ഒരു അതികായൻ ദേവരാജൻ മാഷെപ്പോലൊരു സംഗീത സംവിധായകന്‍റെ കൂടെ അശ്വമേധം നടത്തുന്നതിനിടയിൽ, അക്ഷരത്തിന്‍റെയും തന്‍റേടത്തിന്‍റെയും കരുത്തുകൊണ്ട് സ്വന്തം ഇടമുണ്ടാക്കിയ ശ്രീകുമാരൻ തമ്പിയാണ് പറയുന്നത്!

പിന്നീട് പൂവച്ചൽ ഖാദർതന്നെ, തന്‍റെ ഗുരുക്കന്മാരുടെ കൂട്ടത്തിൽ തമ്പി സാറിനെയും ചേർത്തുപറയുന്നുണ്ട്.

‘ഈ കാര്യത്തിൽ എനിക്ക് തമ്പി സാറാണ് ഗുരു.’ ‘ഈ കാര്യത്തിൽ എനിക്ക് വയലാറാണ് ഗുരു' എന്ന മട്ടിലായിരുന്നു ഗുരുവരണം.

‘‘വയലാർ, ഞാൻ എന്ന ഏകലവ്യന്‍റെ ഗുരുവായ ദ്രോണരാണ്.’’

എങ്ങനെയാണ് ശ്രീകുമാരൻ തമ്പി ഗുരു ആകുന്നത് എന്ന് അറിയാൻ, ശ്രീകുമാരൻ തമ്പിയുടെ ചില പാട്ടും പൂവച്ചൽ ഖാദറിന്‍റെ ചില പാട്ടും ഒന്നോർത്തുവരണം.

‘ഭാര്യമാർ സൂക്ഷിക്കുക’ എന്ന ചിത്രത്തിൽ, തമ്പി എഴുതിയത്, ‘‘വൈക്കത്തഷ്ടമി നാളിൽ ഞാനൊരു വഞ്ചിക്കാരിയെ കണ്ടു...’’ ശ്രീകുമാരൻ തമ്പിയുടെ ഭാര്യയുടെ വീട് വൈക്കത്താണ്.

‘ഡെയ്ഞ്ചർ ബിസ്കറ്റി’ലെ പാട്ടിൽ, ‘‘അശ്വതി നക്ഷത്രമേ എൻ അഭിരാമസങ്കൽപമേ’’ എന്നും എഴുതി.

‘കായലും കയറും’ എന്ന സിനിമയിൽ, പൂവച്ചൽ ഖാദർ എഴുതി: ‘‘ചിത്തിരത്തോണിയിലക്കരെപ്പോവാൻ എത്തിടാമോ പെണ്ണേ/ ചിറയിൻകീഴിലെ പെണ്ണേ...’’

പൂവച്ചൽ ഖാദറിന്‍റെ ഭാര്യ ചിറയിൻകീഴുകാരിയാണ്. ശ്രീകുമാരൻ തമ്പി വീട്ടുകാരേക്കുറിച്ച് പാട്ടിൽ കുറിക്കുന്നപോലെ, തന്‍റെ മക്കളെക്കുറിച്ചും പൂവച്ചൽ എഴുതി.

‘വീണ്ടും ലിസ’ എന്ന ചിത്രത്തിലെ പാട്ട് ഇപ്രകാരം:

‘‘തുഷാരമുതിരും താഴ്‌വരയിൽ/ പ്രസൂനമുതിരും മേഖലയിൽ...’’ പൂവച്ചൽ ഖാദറിന്‍റെ രണ്ട് മക്കളുടെ പേരാണ് തുഷാര എന്നതും പ്രസൂന എന്നതും.

ഇപ്രകാരം ഓരോ ഘട്ടത്തിലും ആരാണ് തന്‍റെ മാതൃക എന്നും, ആരായിരുന്നു വഴികാട്ടി എന്നും, ആരാണ് തന്നെ കൈപിടിച്ചുയർത്തിയത് എന്നും പൂവച്ചൽ ഖാദർ, നന്ദിയോടെ, ജീവിതം മുഴുവൻ പറഞ്ഞുകൊണ്ടിരുന്നു.

ഇത്തരം കലാകാരന്മാർ അപൂർവമാണ്. ഈ സൗഭാഗ്യങ്ങളെല്ലാം താൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ് എന്നുപറഞ്ഞ് മേനി നടിക്കാനാണ് പലർക്കും ഇഷ്ടം. എന്നാൽ, ഖാദർ അങ്ങനെയായിരുന്നില്ല. അദ്ദേഹം വഴി, ഇദ്ദേഹം വഴി, അങ്ങനെയിങ്ങനെയങ്ങനെയാണ് ഞാൻ അവിടെയെത്തുന്നത് എന്ന്, കൃത്യമായും വ്യക്തമായും പറഞ്ഞ കലാകാരൻ!

1948 ഡിസംബർ 25ന് തിരുവനന്തപുരത്തെ കാട്ടാക്കടക്ക് സമീപമുള്ളതും അത്രയൊന്നും പ്രശസ്തമല്ലാത്തതുമായ ഒരു മലയോര ഗ്രാമത്തിൽ; അതായത്, പൂവച്ചലിലാണ് ജനനം.

അബൂബക്കർ പിള്ളയുടെയും റാബിയത്തുൽ അദബിയ ബീവിയുടെയും ആറ് മക്കളിൽ അഞ്ചാമൻ. ശരിക്കുമുള്ള പേര് മുഹമ്മദ് അബ്ദുൽ ഖാദർ. വലിയ കഷ്ടപ്പാടൊന്നുമുള്ള കുടുംബമായിരുന്നില്ല. ആര്യനാട് ഗവ. ഹൈസ്കൂളായിരുന്നു സ്കൂൾകാലം. കവിയാവണം എന്നും പാട്ടെഴുത്തുകാരനാവണം എന്നും ഉള്ളിൽ ആഗ്രഹം ഉണ്ടായി.

കവിയാവാനുള്ള ആഗ്രഹം മനസ്സിലിട്ടുകൊടുത്തത് ഹൈസ്കൂൾകാലത്ത്, വിശ്വേശ്വരൻ നായർ എന്ന ട്യൂഷൻ മാഷാണ്. പാട്ടെഴുത്തുകാരനാവണം എന്ന ആഗ്രഹം രണ്ടു വഴിക്കാണ് ഉണ്ടാവുന്നത്. അതിലൊന്ന്, ഒരു ഗ്രാമഫോൺ തുറന്നുകൊടുത്ത വഴിയാണ്.

സഹോദരിയുടെ ഭർത്താവിന് സ്വന്തമായി ഒരു ഗ്രാമഫോൺ ഉണ്ടായിരുന്നു. നാട്ടിൻപുറത്തെ എല്ലാ കല്യാണവീട്ടിലേക്കും ഈ ഗ്രാമഫോൺ എന്ന കോളാമ്പിപ്പാട്ടും പെട്രോമാക്സ് വിളക്കും വിശിഷ്ടാതിഥിയായി പോകുന്ന കാലം. ഒരു ഗ്രാമഫോണിനും അതിലൂടെ ഒഴുകിവരുന്ന പാട്ടിനും ജനങ്ങൾ നൽകുന്ന ബഹുമാനവും ഇഷ്ടവും മുഹമ്മദ് അബ്ദുൽ ഖാദറിനെ വല്ലാതെയങ്ങ് ആകർഷിച്ചു.

ഏത് നേരവും മൊബൈലും കൊണ്ടിരിക്കുന്ന കുട്ടികൾക്ക് ഇന്ന് ചീത്ത കേൾക്കുന്നതുപോലെ, കുറച്ചുകാലം മുമ്പിലെ കുട്ടികൾക്ക്, ‘‘ഏതുനേരവും ടീവിടെ മുന്നിലിരിക്കാതെ!’’ എന്ന് ചീത്ത കേൾക്കുംപോലെ. അന്ന്, ഈ കോളാമ്പിക്കുമുന്നിൽ സദാസമയം ഇരിക്കുന്നതിനായിരുന്നു ഖാദർ അടക്കമുള്ള കുട്ടികൾ ചീത്ത കേട്ടിരുന്നത്. പാട്ടിലേക്കുള്ള ഒരാകർഷണം കുട്ടിക്കാലത്തേ ഈ ഗ്രാമഫോണാണ് പകർന്നുകൊടുത്തത്. കേട്ട പാട്ടുകളിൽ, ‘‘അമ്പിളിയമ്മാവാ തിരിഞ്ഞുനിന്നൻപിനോടൊന്നു ചൊല്ല്’’ എന്ന അഭയദേവിന്‍റെ ഗാനവും ‘വിശപ്പിന്‍റെ വിളി’യിലെ, ‘‘കരയാതെന്നോമനക്കുഞ്ഞേ എന്‍റെ കരളായ് വളർത്തു’’ എന്ന ഗാനവും പാടിനടന്നു.

 

പ്രേംനസീറിനൊപ്പം പൂവച്ചൽ ഖാദർ

ട്യൂഷൻ മാഷായ വിശ്വേശ്വരൻ നായർ എന്ന അധ്യാപകൻ, ഹൈസ്കൂൾ കാലത്തുതന്നെ ഖാദറിനെ സാഹിത്യലോകത്തേക്ക് കൈപിടിച്ചുകയറ്റി. ഇദ്ദേഹത്തിന്‍റെ പ്രേരണയാൽ വായനശാലയിൽനിന്നും പുസ്തകങ്ങൾ എടുത്ത് വായന തുടങ്ങി.

‘എന്നും പഠിപ്പ് കഴിഞ്ഞ് രാത്രി ഉറങ്ങുംമുമ്പ് പത്ത് മിനിറ്റെങ്കിലും പുസ്തകം വായിക്കണം’ എന്ന് നിർദേശിച്ചത് വിശ്വേശ്വരൻ നായരാണ്. ഇപ്രകാരം വായിച്ച, മുട്ടത്തുവർക്കിയുടെ ‘അക്കരപ്പച്ച’ എന്ന നോവലിൽനിന്നാണ് ‘സിനിമക്ക് പാട്ടെഴുത്ത്’ എന്ന സ്വപ്നം തലക്ക് പിടിക്കുന്നത്. സിനിമ എന്ന സ്വപ്നലോകത്ത് എത്തിച്ചേരലെല്ലാം അപ്രാപ്യമാണ് എന്നറിയാമെങ്കിലും ഈ നോവലിലെ കഥാപാത്രമായ ഗാനരചയിതാവിനെ മനസ്സിലങ്ങ് കൊണ്ടുനടന്നു. നോവലിലെ ഒരു സന്ദർഭത്തിൽ, സിനിമക്കുവേണ്ടി ഈ ഗാനരചയിതാവ് എഴുതിയ പാട്ടായ;

‘‘അങ്ങ് കിഴക്കേ മാമലയിൽ/ മഞ്ഞുപുതച്ചൊരു താഴ്‌വരയിൽ/ കനകച്ചാലുകൾ ഊട്ടിവളർത്തിയ/ പറുദീസയിലെ മഴവില്ലേ’’ എന്ന ഗാനം ഒരു മോഹമായി മനസ്സിൽ കയറി. ഈ ഗാനരചയിതാവിനെപ്പോലെ ആവുക എന്നതായി മനസ്സിലെ ലക്ഷ്യം.

സ്വപ്നങ്ങളുടെ വിത്ത് മനസ്സിൽ വീണാൽപ്പിന്നെ, കാലം അതിനുവേണ്ട വിഭവങ്ങളും വെള്ളവും വളവുമായി പിറകെവരും എന്ന യാഥാർഥ്യം നേരിട്ടനുഭവിച്ചറിഞ്ഞ കലാകാരനാണ് പൂവച്ചൽ ഖാദർ.

പതിനഞ്ചാം വയസ്സിൽ നാട്ടിലെ വായനശാലയുടെ വാർഷികത്തിന് ഒരു കൈയെഴുത്തു മാസിക ഇറക്കാൻ തീരുമാനമാകുന്നു.

അബ്ദുൽ ഖാദറിന്‍റെ ട്യൂഷൻ മാഷായ വിശ്വേശ്വരൻ നായരാണ് പത്രാധിപർ. അദ്ദേഹം ഖാദറിനോട്, മാസികയിലേക്ക് എന്തെങ്കിലും എഴുതിത്തരാൻ പറയുന്നു. ‘അയ്യോ മാഷേ, ഞാൻ ഇതുവരെ ഒന്നും എഴുതിയിട്ടില്ല!’ എന്ന് ഖാദർ. ‘എന്തെഴുതും!?’ എന്ന് അമ്പരന്നുനിന്ന ഖാദറിനോട്, ‘ഇഷ്ടമുള്ളത് എഴുതൂ’ എന്നു മാത്രമാണ് മാഷ് പറഞ്ഞത്.

ഖദർ എഴുതി. ഒരു സന്ധ്യക്കാണ് വരി ഒഴുകിയെത്തിയത്. ആദ്യ കവിത വിടരുകയാണ്! ‘കൈരളി’ എന്ന വായനശാലയെപ്പറ്റിത്തന്നെയായിരുന്നു കവിത.

വരികൾ ഇപ്രകാരം:

‘‘ഉണരൂ നീ കൈരളീ

ഉണരൂ നീ വേഗം

നെടുമോഹനിദ്രവിട്ടുണരൂ നീ വേഗം.’’

എഴുതി മുഴുമിച്ച കവിത ആദ്യം കാണിച്ചത് ജ്യേഷ്ഠനെയാണ്. ആദ്യകവിതയുടെ ആദ്യനിരൂപകനായ ജ്യേഷ്ഠൻ പറഞ്ഞു; ‘കൊള്ളാം നന്നായിട്ടുണ്ട്.’ പിന്നെ, ധൈര്യപൂർവം മാഷെ ഏൽപിച്ചു. മാഷ് ഖാദറിനോട്, സ്വന്തം കൈപ്പടയിൽത്തന്നെ മാഗസിനിൽ എഴുതാൻ ആവശ്യപ്പെട്ടു.

ഈ മാസിക കണ്ട കെ.സി. കാട്ടാക്കട എന്ന അന്നത്തെ കവി , ഈ കവിതയുടെ കവിയെ അന്വേഷിച്ചു.

‘മുഹമ്മദ് അബ്ദുൽ ഖാദർ. നമ്മടെ ഹനീഫടെ അനിയനാ’ എന്ന വിവരം കാട്ടാക്കടക്ക് കിട്ടുന്നു. കാട്ടാക്കട, ഖാദറിനോട് തന്നെ വന്നുകാണാൻ പറയുന്നു. ഖാദർ കാട്ടാക്കടസമക്ഷം എത്തുന്നു.

‘‘നേരത്തേ എഴുതുമോ?’’

‘‘ഇല്ല. ഇതാദ്യമായി എഴുതിയതാ.’’

‘‘തുടർന്നെഴുതണം. കവിതയിൽ ശ്രദ്ധിക്കണം. ഞാൻ കുറച്ച് പുസ്തകങ്ങൾ പറഞ്ഞുതരാം.’’

അങ്ങനെ ചങ്ങമ്പുഴ, ഇടപ്പള്ളി, വള്ളത്തോൾ, ഉള്ളൂർ, കുമാരനാശാൻ എന്നിവരുടെ കൃതികളുമായി ചങ്ങാത്തത്തിലായി. കാട്ടാക്കടയും ട്യൂഷൻ മാഷും പറഞ്ഞതനുസരിച്ച് ഭാരതീയ ഇതിഹാസങ്ങളായ രാമായണവും ഭാഗവതവും കൃഷ്ണഗാഥയും വായിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ്, തൃശൂർ ജില്ലയിലെ തൃപ്രയാറുള്ള ശ്രീരാമ പോളിടെക്നിക്കിൽ ഡിപ്ലോമക്ക് ചേരുന്നു. ആർട്സ് ഡേയിൽ കവിതാ രചന മത്സരവും നാടകത്തിനുവേണ്ടി പാട്ടെഴുത്തുമൊക്കെയായി കലാലയ കലാജീവിതം മുന്നോട്ട്. ചങ്ങമ്പുഴയും വള്ളത്തോളും വഴങ്ങിയപ്പോഴും ഇടഞ്ഞുനിന്ന ഉള്ളൂരും ആശാനും ഈ കാലഘട്ടത്തിലാണ് വഴങ്ങിക്കിട്ടുന്നത്.

ഡിപ്ലോമക്കുശേഷം തിരുവനന്തപുരം എൻജിനീയറിങ് കോളജിൽനിന്ന് എ.എം.ഐ.ഇ പാസായി എൻജിനീയറാവുന്നു. പൊതുമരാമത്ത് വകുപ്പിൽ ഓവർസീയറായി ജോലിക്ക് കയറുന്നു. കോഴിക്കോടാണ് ജോലി. കഴിഞ്ഞ ജീവിതകാലത്ത് സംഭരിച്ച കവിത്വവും കാൽപനികതയും പദസമ്പത്തും പുരാണപരിചയവും ഏറ്റവും ഫലപ്രദമായി പ്രയോഗിക്കാൻ പറ്റിയ ഇടം കോഴിക്കോടാണ് എന്ന് തിരിച്ചറിഞ്ഞ ദൈവം, ഖാദറിനെ ആ തട്ടകത്തിൽത്തന്നെ എത്തിക്കുന്നു.

ഈ കോഴിക്കോടൻ ജീവിതമാണ് ഖാദറിന്‍റെ ജീവിതത്തിലെ വഴിത്തിരിവാകുന്നത്. ഈ കാലഘട്ടത്തിൽ ഖാദർ കോഴിക്കോട് ആകാശവാണിയിൽ സ്ഥിരമായി ലളിതഗാനങ്ങൾ എഴുതിത്തുടങ്ങുന്നു. രാഘവൻ മാഷാണ് അന്ന് നിലയത്തിലെ മ്യൂസിക് കമ്പോസർ.

 

‘‘തുറന്നുനോക്കുക തുറന്നുനോക്കുക ഹൃദയകവാടങ്ങൾ

തുടച്ചുമാറ്റുക നിങ്ങൾ വരക്കും കറുത്ത രൂപങ്ങൾ’’

എന്ന പാട്ടാണ് ആകാശവാണിയിൽ വന്ന ആദ്യ ലളിതഗാനം. തുടർന്ന്, മാഷുമായി ചേർന്ന്, അനേകം ഗാനങ്ങൾ ചെയ്തു.

മാഷ് ലളിതസംഗീതം പഠിപ്പിച്ച സംഗീതപാഠത്തിൽ വന്നതും പിന്നീട് ബ്രഹ്മാനന്ദൻ പാടിയതുമായ, ‘‘നിറകതിർ താലം കൊണ്ടു നിലാവിറങ്ങി/നിന്‍റെ വീണാ സ്വരം കേട്ടു പ്രിയസഖി ഞാനുറങ്ങി’’ എന്ന പാട്ടും;

‘‘പാടാത്ത പാട്ടിൻ മധുരം

എന്റെ മാനസമിന്നു നുകർന്നു...

ചൂടാത്ത പൂവിൻ സുഗന്ധം

എ​ന്റെ ജീവനിലാരോ പകർന്നു’’ എന്ന പാട്ടും

‘‘ഓരോ കിനാവിന്‍റെ ചന്ദനക്കാവിലും ഓടിവരും മണിമാരൻ

ഓരിലക്കുമ്പിളിൽ തീർഥവുമായെന്നെ വാരിപ്പുണരുന്നതെന്തേ നിദ്രയിൽ വാരിപ്പുണരുന്നതെന്തേ!?’’

എന്ന ഗാനവുമൊക്കെ ജനഹൃദയങ്ങൾക്ക് പാടി മതിയാകാത്ത ഗാനങ്ങളായി മാറി.

ഇതോടൊപ്പം, ചന്ദ്രിക ആഴ്ചപ്പതിപ്പിൽ സ്ഥിരമായി കവിതകളും പ്രസിദ്ധീകരിക്കുന്നു. ഇതിലൂടെ, ചന്ദ്രിക ആഴ്ചപ്പതിപ്പിന്‍റെ എഡിറ്ററായിരുന്ന കാനേഷ് പൂനൂർ, പൂവച്ചൽ ഖാദറിന്‍റെ ഉറ്റസുഹൃത്തായി മാറുന്നു. കാനേഷ് പൂനൂരിന്‍റെ സുഹൃത്തായിരുന്നു ഐ.വി. ശശി. ഐ.വി. ശശി അന്ന് ആർട്ട് ഡയറക്ടറാണ്. ചില സിനിമകളിൽ അസോസിയേറ്റ് ഡയറക്ടറുമാണ്. സിനിമയിലെത്തും മുമ്പുതന്നെ ശശി, ചന്ദ്രിക ആഴ്ചപ്പതിപ്പിൽ ഇലസ്ട്രേഷൻസ് ചെയ്തിരുന്നു. ഐ.വി. ശശി അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ‘കവിത’ എന്ന സിനിമക്ക് ഏതാനും കവിതകൾ വേണം.

ഐ.വി. ശശി, കാനേഷ് പൂനൂരിനെയാണ് കവിതയെഴുതാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ, പൂനൂർ തനിക്കുവന്ന അവസരം തന്‍റെ സുഹൃത്തായ പൂവച്ചൽ ഖാദറിന് കൈമാറുന്നു. ‘ഭാർഗവീനിലയ’ത്തിലെ നായികയായ വിജയ നിർമല സംവിധാനം ചെയ്ത ചിത്രമാണ് ‘കവിത.’ ഐ.വി. ശശി ഇതിൽ അസോസിയേറ്റ് ഡയറക്ടറുമാണ്, ആർട്ട് ഡയറക്ടറുമാണ്. ഷെറീഫാണ് സ്ക്രിപ്റ്റ്. ഷെറീഫ്, ചന്ദ്രികയിൽ സ്ഥിരമായി നോവലുകൾ എഴുതിക്കൊണ്ടിരിക്കുന്ന കാലമാണ്. ഷെറീഫ് എഴുതിയ നിറങ്ങൾ, നിറങ്ങളുടെ സംഗീതം എന്നീ നോവലുകളെല്ലാം അന്ന് ജനപ്രിയങ്ങളായിരുന്നു.

 

ഷെറീഫ് കാനേഷ് പൂനൂരിന്‍റെ സുഹൃത്ത്.

ഐ.വി. ശശിയും പൂനൂരിന്‍റെ സുഹൃത്ത്.

പൂവച്ചൽ ഖാദറും പൂനൂരിന്‍റെ സുഹൃത്ത്.

അങ്ങനെ, സിനിമാവഴി തുറക്കപ്പെടുകയാണ്.

1972ൽ ‘കവിത’ എന്ന സിനിമക്ക് കവിതകൾ എഴുതിക്കൊണ്ട് സിനിമയിലെ രംഗപ്രവേശം. സംഗീതം രാഘവൻ മാഷ്. രാഘവൻ മാഷെ ആകാശവാണിയിൽവെച്ച് നേരത്തേതന്നെ പരിചയവുമുണ്ട്.

ഈ ചലച്ചിത്ര ബന്ധങ്ങൾക്കിടയിൽ സിനിമയിൽ പാട്ടെഴുതാൻ താൽപര്യം പ്രകടിപ്പിച്ചപ്പോൾ അന്ന് ഐ.വി. ശശി പറഞ്ഞു.

‘‘മൂന്നുനാല് സ്ക്രിപ്റ്റ് കൈയിലുണ്ട്. പക്ഷേ, നിർമാതാവില്ലാതെ എന്ത് ചെയ്യും!’’ അധികം വൈകിയില്ല. ഐ.വി. ശശി അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച, ‘കാറ്റു വിതച്ചവൻ’ എന്ന സിനിമയിലേക്ക് പാട്ടെഴുതാൻ ശശി വഴി ഖാദറിന് അവസരം ലഭിക്കുന്നു. ചന്ദ്രികയിൽ വന്ന ഷെറീഫിന്‍റെ ‘നിറങ്ങൾ’ എന്ന നോവലാണ് ‘കാറ്റു വിതച്ചവൻ’ എന്ന സിനിമയാകുന്നത്. അങ്ങനെ, സ്വപ്നം കണ്ട സിനിമാലോകത്തേക്ക്, മദ്രാസിലെ കോടമ്പാക്കത്തേക്ക് പാട്ടെഴുതാൻ കോഴിക്കോടുനിന്ന് ആദ്യയാത്ര! ‘കാറ്റു വിതച്ചവൻ’ എന്നത് ഒരു ക്രിസ്ത്യൻകഥയായിരുന്നു. റവറന്റ് സുവി എന്ന പേരുള്ള, ‘കാട്ടൂരച്ചൻ’ എന്നറിയപ്പെടുന്ന ക്രിസ്ത്യൻ ഫാദറായിരുന്നു സംവിധാനം. ക്രിസ്ത്യൻ ആർട്സ് എന്നതിന്‍റെ ചുരുക്കമായ ‘ക്രിസ് ആർട്സ്’ ആണ് നിർമാണക്കമ്പനി.

വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടറായിരുന്ന കാട്ടൂരച്ചൻതന്നെയായിരുന്നു സിനിമാ ഡയറക്ടറും. ഈ സിനിമയിലെ സംഗീതം പീറ്റർ റൂബ് ആയിരുന്നു. ഈ സിനിമയിലെ ‘നീയെന്‍റെ പ്രാർഥന കേട്ടു’ എന്ന ഗാനവും ‘മഴവില്ലിനജ്ഞാത വാസം കഴിഞ്ഞൂ’ എന്ന പാട്ടും ഏറെ ശ്രദ്ധേയമായി.

കുടിക്കാൻ വെള്ളമില്ലാത്ത രണ്ട് ദ്വീപുകളുടെ കഥ പറഞ്ഞ ഐ.വി. ശശിയുടെ ‘ഉത്സവം’ എന്ന സിനിമക്ക് 1975ൽ ഗാനരചയിതാവാകുമ്പോഴേക്കും ഖാദർ അറിയപ്പെടുന്ന പാട്ടെഴുത്തുകാരനായി മാറിക്കഴിഞ്ഞിരുന്നു.

ഐ.വി. ശശി സ്വതന്ത്ര സംവിധായകനായ ചിത്രമായിരുന്നു ‘ഉത്സവം.’ എ.ടി. ഉമ്മറാണ് സംഗീതം.

‘‘ഏകാന്തതയുടെ കടവിൽ’’, ‘‘ആദ്യ സമാഗമ ലജ്ജയിലാതിരാ താരകം കണ്ണടയ്ക്കും’’, ‘‘സ്വയംവരത്തിനു പന്തലൊരുക്കി നമുക്കു നീലാകാശം’’, ‘‘കരിമ്പുകൊണ്ടൊരു നയമ്പുമായ്’’ എന്നീ പാട്ടുകൾ സൂപ്പർ ഹിറ്റുകളായി.

അതായത്, വിവിധ ഭാഷകളിലായി നൂറ്റമ്പത് പടം സംവിധാനം ചെയ്ത ഐ.വി. ശശിയുടെ ആദ്യചിത്രത്തിൽ പാട്ടെഴുതിയത് പൂവച്ചൽ ഖാദറായിരുന്നു എന്നത് അവർക്കിടയിലെ ഇഷ്ടത്തിന്‍റെ ആഴം വ്യക്തമാക്കുന്നു.

രസകരമായ കാര്യം, ഇതിലെ പാട്ടുകൾ കമ്പോസ് ചെയ്ത എ.ടി. ഉമ്മറിനെ പൂവച്ചൽ ഖാദർ നേരിട്ട് കാണുന്നത്, സിനിമയിറങ്ങി പാട്ടുകൾ ഹിറ്റായ ശേഷമാണ് എന്നതാണ്.

(തുടരും)

News Summary - Poovachal Khader: Lyrics and Music