വയലാറിനും യേശുദാസിനും കാത്തിരിക്കേണ്ടി വന്നു

മലയാള സിനിമകളുടെ പാട്ടുചരിത്രത്തെ മാറ്റിയെഴുതിയ വയലാറും യേശുദാസും കടന്നുവരുന്ന കാലത്തെക്കുറിച്ച് എഴുതുന്നു. പ്രതിഭാധനർ തിളങ്ങിനിന്ന കാലത്ത് ഇരുവർക്കും തങ്ങളുടെ കഴിവ് തെളിയിക്കാൻ കാത്തിരിക്കേണ്ടിവന്ന നാളുകളെയും അക്കാലത്ത് വിസ്മയം തീർത്ത ഗാനങ്ങളെക്കുറിച്ചുമാണ് ഇത്തവണ എഴുതുന്നത്.പി. ഭാസ്കരൻ ഗാനരചയിതാവ് എന്ന നിലയിൽ അജയ്യനായി നിൽക്കുമ്പോഴാണ് വയലാർ രാമവർമയുടെ വരവ്....
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
മലയാള സിനിമകളുടെ പാട്ടുചരിത്രത്തെ മാറ്റിയെഴുതിയ വയലാറും യേശുദാസും കടന്നുവരുന്ന കാലത്തെക്കുറിച്ച് എഴുതുന്നു. പ്രതിഭാധനർ തിളങ്ങിനിന്ന കാലത്ത് ഇരുവർക്കും തങ്ങളുടെ കഴിവ് തെളിയിക്കാൻ കാത്തിരിക്കേണ്ടിവന്ന നാളുകളെയും അക്കാലത്ത് വിസ്മയം തീർത്ത ഗാനങ്ങളെക്കുറിച്ചുമാണ് ഇത്തവണ എഴുതുന്നത്.
പി. ഭാസ്കരൻ ഗാനരചയിതാവ് എന്ന നിലയിൽ അജയ്യനായി നിൽക്കുമ്പോഴാണ് വയലാർ രാമവർമയുടെ വരവ്. 'കൂടപ്പിറപ്പി'ലും 'ചതുരംഗ'ത്തിലും വയലാറിന്റെ മനോഹരഗാനങ്ങൾ ഉണ്ടായിരുന്നു. എന്നിട്ടും അർഹമായ അംഗീകാരം നേടാൻ അദ്ദേഹത്തിനുപോലും കാത്തിരിക്കേണ്ടി വന്നു. ഈ കാലഘട്ടത്തിലാണ് അഭയദേവിന്റെ രണ്ടാം വരവ്. കെ.എസ്. സേതുമാധവൻ സ്വതന്ത്ര സംവിധായകനായി രംഗപ്രവേശം ചെയ്ത 'ജ്ഞാനസുന്ദരി'ക്കു വേണ്ടി അഭയദേവ്-ദക്ഷിണാമൂർത്തി ടീം ഒരുക്കിയ എല്ലാ പാട്ടുകളും രചനയിലും സംഗീതത്തിലും മികച്ചുനിന്നു. കമുകറ പുരുഷോത്തമനും പി. ലീലയുമാണ് ഗാനങ്ങൾ പാടിയത്.
''മിണ്ടാത്തതെന്താണു തത്തേ –ഒന്നും/മിണ്ടാത്തതെന്താണു തത്തേ/ നീ ഗാനം മറന്നോ നാണം വന്നോ..?'' എന്ന ഗാനം ഇന്നും ജനങ്ങൾ കേൾക്കുന്നുണ്ട്. ''കതിർമണ്ഡപത്തിലെ/കനകവിളക്കുകൾ/ കളകാന്തി ചിന്തിയ രാവിൽ / പല നാളു ഞാൻ കണ്ട/ സ്വപ്നങ്ങൾ വന്നെന്നെ / മലർമാലയണിയിച്ച രാവിൽ -ഒന്നും/ മിണ്ടാത്തതെന്താണു തത്തേ... '' എന്നിങ്ങനെ വളരെ ലളിതമായും മധുരമായുമാണ് അഭയദേവ് എഴുതിയത്. ജ്ഞാനസുന്ദരിയുടെ കൈകൾ നഷ്ടപ്പെടുമ്പോൾ ഉറങ്ങിക്കിടക്കുന്ന ഭാര്യയെ നോക്കി ഭർത്താവ് പാടുന്ന ഗാനം അതിമനോഹരവും അർഥദീപ്തവുമാണ്.
''പനിനീർമലരിനൊരിതൾ കൊഴിഞ്ഞാലും/ കാന്തി കുറഞ്ഞിടുമോ / നിൻ തളിർമെയ്യിനു കൈ പോയാലും ചന്തം കുറഞ്ഞിടുമോ ?'' എന്ന പാട്ടിലും പക്വതയുള്ള ഗാനരചയിതാവിന്റെ സ്പർശം പ്രകടമായിരുന്നു. ''പറന്നു പോയോ ഇണക്കുയിലേ...നീ..?'' എന്ന ശോകഗാനവും കമുകറ തന്നെയാണ് പാടിയത്. പി. ലീല പാടിയ ''കന്യാമറിയമേ, തായേ .../ എനിക്കെന്നാളും ആശ്രയം നീയേ...'' എന്ന ഭക്തിഗാനവും സ്വാമിസംഗീതസ്പർശത്താൽ മികവുറ്റതായി.
രാമു കാര്യാട്ട് സംവിധാനം ചെയ്ത 'മുടിയനായ പുത്രൻ' ആണ് 1961ൽ പുറത്തുവന്ന അവസാന ചിത്രം. പി. ഭാസ്കരൻ- ബാബുരാജ് ടീം ഒരിക്കൽകൂടി നല്ല സംഗീതവിരുന്നൊരുക്കി. തോപ്പിൽഭാസിയുടെ വിഖ്യാത നാടകത്തിന്റെ ചലച്ചിത്രാവിഷ്കരണമായതുകൊണ്ട് ഗാനങ്ങളുടെ നിലവാരവും ഉയർന്നിരിക്കണമെന്നു സംഗീത ശിൽപികൾക്കും നിർബന്ധമുണ്ടായിരുന്നു എന്നു തോന്നും. ബാബുരാജ് തന്റെ ഉത്തരേന്ത്യൻ ശൈലി പാടേ ഉപേക്ഷിച്ച് തികച്ചും മലയാള ശൈലിയിൽ ഈ ചിത്രത്തിലെ പാട്ടുകൾ ഒരുക്കിയിരിക്കുന്നു.
പി. ലീല പാടിയ ''പൊട്ടിച്ചിരിക്കരുതേ -ചിലങ്കേ /പൊട്ടിച്ചിരിക്കരുതേ/ കെട്ടിപ്പിടിച്ചെന്റെ കൊച്ചുപാദങ്ങളിൽ/ പൊട്ടിച്ചിരിക്കരുതേ/ ജീവന്റെ ജീവനിൽ നീറുന്ന വേദന/ പാവം നീയെന്തറിഞ്ഞു...ചിലങ്കേ പൊട്ടിച്ചിരിക്കരുതേ/പൊട്ടാത്ത പൊൻകമ്പിക്കൂട്ടിൽ കിടക്കുന്ന/ തത്തമ്മ പൈങ്കിളി ഞാൻ പുഷ്പസുരഭില വാസന്തമണ്ഡപ/നൃത്തം മറന്നുവല്ലോ -ചിലങ്കേ/ പൊട്ടിച്ചിരിക്കരുതേ എന്ന ഗാനത്തിന്റെ തുടർന്നുള്ള വരികളും 'മുടിയനായ പുത്രനി'ലെ നായികയുടെ ഹൃദയവ്യഥ പൂർണമായും ഉൾക്കൊള്ളുന്നു. പി. ഭാസ്കരൻ എന്ന ഗാനരചയിതാവിന്റെ ഗരിമ ഇതിലെ ഗാനങ്ങളുടെ വൈവിധ്യത്തിലും പദപ്രയോഗങ്ങളിലും തിളങ്ങി വിളങ്ങുന്നു. ശാന്താ പി. നായർ പാടിയ തേങ്ങിടല്ലേ തേങ്ങിടല്ലേ തേൻകുയിലെ നിൻ പൂങ്കിനാവിൻ പുല്ലുമാടം / ചാമ്പലായല്ലോ –വെറും/ ചാമ്പലായല്ലോ.../ കോളു കൊണ്ട കായലിൽ/ നിൻ കൊതുമ്പുവള്ളം / ആരുമാരുമാറിയാതെയടിഞ്ഞു പോയി എന്ന ഗാനവും അവിസ്മരണീയമാണ്. നാടൻ പാട്ടുകളുടെ ശൈലിയിൽ പി. ഭാസ്കരൻ എഴുതിയ പാട്ടുകളും തനിമ നിറഞ്ഞവയായിരുന്നു.
മയിലാടും മല മാമല പൂമല/മലയിലിരിക്കണ മണ്ണാത്തി/ മണ്ണാത്തിക്കിളി മണ്ണാത്തിക്കിളി/നിന്നോടക്കുഴലെവിടെപ്പോയ്-നിൻ/ പൊന്നോടക്കുഴലെവിടെപ്പോയ്? എന്ന പാട്ടും ശാന്താ പി. നായർ ആണ് പാടിയത്.
''എല്ലാരും തട്ടണ് മുട്ടണ് / എങ്ങോട്ടാണീ വെട്ടുവഴി.../ നാടിന്റെ മാറത്ത് / പൊന്നുകൊണ്ടുള്ളൊരു നാടയെപ്പോലുള്ള വെട്ടുവഴി... /നന്മയുണ്ടാക്കണ/ പുത്തൻയുഗത്തിന്റെ / പൊന്മണിത്തേരിങ്ങു പോരേണ്ടെ ..? / പോരാനായിട്ടൊരു പാത വേണ്ടേ ..?'' എന്ന സംഘഗാനത്തിലും ''പച്ചനെല്ലേ... ഏലേലം / പൈങ്കിളിയേ...ഏലേലം / പച്ചനെല്ലേ പൈങ്കിളിയേ ...ഏലേലം / പണ്ടത്തെ കഥ കേളെടീ പനംകുറത്തീ / ആദിയിൽ ഞങ്ങടെ കണ്ടമിരുന്നിടം/ അഞ്ജനപ്പാറ ചെമ്പാറ / മലയുടച്ച് ...ഏലേലം/ കരി നടത്തി ...ഏലേലം/മലയുടച്ച് കരിനടത്തിയതാരാണ് / കന്നു പൂട്ടി കട്ട തല്ലിയതാരാണ് / ഞാനാണ് /ഞാനാണ് ഞങ്ങളാണ്'' എന്ന നാടൻ പാട്ടിലും തികഞ്ഞ മലയാളിയായ സംഗീതജ്ഞൻ എം.എസ്. ബാബുരാജിനെ കാണാം.

''ചഞ്ചല ചഞ്ചല സുന്ദരപാദം / കൊഞ്ചിടും വീണ തൻ വിരഹീ ഗീതം / തധിമി തധിമി ധിമി / തധിമി തധിമി ധിമി/ താളമനോഹര മൃദംഗനാദം'' എന്ന ഗാനത്തിൽ കർണാടകസംഗീതജ്ഞനെയും കാണാം. ഒരു ഇടവേളക്കു ശേഷം കവിയൂർ സി.കെ. രേവമ്മ പാടിയ- ''ഓണത്തുമ്പി...ഓണത്തുമ്പി / ഓടിനടക്കും വീണക്കമ്പി / നീരാടാൻ പൂങ്കുളമുണ്ടേ/ നൃത്തമാടാൻ പൂക്കളമുണ്ടേ/ പൂ ചൂടാൻ പൂമരമുണ്ടേ/ പുതിയൊരു ഗാനം മൂളെടി തുമ്പീ...'' എന്ന ഗാനം ഒരു യാത്രാമൊഴിയുടെ നാന്ദിയായിരുന്നു. പി. ലീല, കവിയൂർ സി.കെ. രേവമ്മ, ജിക്കി എന്നീ മൂന്നു ഗായികമാരാണ് അമ്പതുകളിൽ മലയാളസിനിമയിൽ പിന്നണിഗാനരംഗത്ത് നിറഞ്ഞുനിന്നിരുന്നത്. ഇവരിൽ ഒന്നാം സ്ഥാനത്ത് പി. ലീലയായിരുന്നു. തമിഴിലും തെലുങ്കിലും പി. ലീല പാടിയിരുന്നു. തെലുങ്കിലും തമിഴിലും പി. ലീല ഒന്നാംസ്ഥാനത്തുനിന്ന ഒരു കാലഘട്ടവും ഉണ്ടായിരുന്നു. 1960ൽ പി. സുശീലയും എസ്. ജാനകിയും മലയാളസിനിമയിൽ പ്രവേശിച്ചു. ആദ്യകാലസിനിമകളിൽ അനേകം ഹിറ്റുകൾ പാടിയ കവിയൂർ സി.കെ. രേവമ്മ അറുപതുകളുടെ തുടക്കത്തിൽതന്നെ പി. സുശീലയോടും എസ്. ജാനകിയോടും മത്സരിക്കാൻ നിൽക്കാതെ യാത്രപറയുകയും ഉപരിപഠനം നടത്തി വിദ്യാഭ്യാസരംഗത്ത് ഉന്നതമായസ്ഥാനത്ത് എത്തുകയും ചെയ്തു, ആ പഴയ പിന്നണിഗായിക കേരള ഗവൺമെന്റിൽ കോളജിയറ്റ് എജുക്കേഷൻ ഡയറക്ടർ സ്ഥാനം അലങ്കരിച്ചു.
യേശുദാസ് ആദ്യമായി പാടിയ ഗാനം ശബ്ദലേഖനം ചെയ്യപ്പെട്ടത് 1961ൽ ആയിരുന്നെങ്കിലും 'കാൽപ്പാടുകൾ' എന്ന ചിത്രം അടുത്ത വർഷം, അതായത് 1962ലാണ് തിയറ്ററുകളിൽ എത്തിയത്. ശ്രീനാരായണാ സിനി പ്രൊഡക്ഷൻസ് നിർമിച്ച് കെ.എസ്. ആന്റണി സംവിധാനംചെയ്ത 'കാൽപ്പാടുകൾ' എന്ന ചിത്രത്തിനു വേണ്ടി പി. ഭാസ്കരനും നിർമാതാവായ ആർ. നമ്പിയത്തും ഗാനങ്ങൾ എഴുതി. കൂട്ടത്തിൽ ശ്രീനാരായണഗുരു എഴുതിയ വരികളും ഉപയോഗിച്ചു. യേശുദാസ് രണ്ടാമത് പാടിയ 'ശ്രീകോവിൽ' എന്ന സിനിമയാണ് ആദ്യം റിലീസ് ചെയ്തത്. ആ ചിത്രത്തിന്റെ സംഗീതസംവിധായകൻ വി. ദക്ഷിണാമൂർത്തിയായിരുന്നു. അഭയദേവ് ആണ് ഗാനങ്ങൾ രചിച്ചത്. എസ്.എൽ. പുരം സദാനന്ദൻ സംഭാഷണം എഴുതിയ പ്രഥമചിത്രം എന്ന പ്രത്യേകതയും 'ശ്രീകോവിൽ' എന്ന സിനിമക്കുണ്ട്. ലോട്ടസ് പിക്ചേഴ്സിന്റെ ബാനറിൽ എൻ. കൃഷ്ണൻ നിർമിച്ച 'ശ്രീകോവിൽ' എസ്. രാമനാഥനും പി.എ. തോമസും ചേർന്നാണ് സംവിധാനം ചെയ്തത്. സത്യൻ, അംബിക, തിക്കുറിശ്ശി, പി.എ. തോമസ് തുടങ്ങിയവർ അഭിനയിച്ചു. ഈ ചിത്രത്തിൽ യേശുദാസ് രണ്ടു ഗാനങ്ങൾ പാടി.
''എല്ലാർക്കും എന്നെ കണ്ടാൽ/ എന്തോ ഒരു സന്തോഷം/ പഞ്ചാരപ്പുഞ്ചിരി തൂകും/ തഞ്ചത്തിൽ കൊഞ്ചിവരും.
സ്ത്രീശബ്ദത്തിനു പ്രാധാന്യമുള്ള ഈ ഗാനത്തിൽ യേശുദാസിനു പാടാൻ വരികളില്ല. അദ്ദേഹത്തിന് 'ഹമ്മിങ് മാത്രമേയുള്ളൂ. ശ്രീകോവിലിനു വേണ്ടി യേശുദാസ് ഒറ്റക്ക് പാടിയ ഗാനം താഴെ ചേർക്കുന്നു. ''വേദവാക്യം നരനൊന്നേയത് / മാതൃവാക്യം തന്നെ. /അതിനെ മറന്നാൽ അപജയമാകും /അറിയുക നീ കുഞ്ഞേ.../ പെറ്റുവളർത്തിയ നിൻ മാതാവിനെ/ വെടിഞ്ഞു പോകാതെ/ ഉറ്റവരായില്ലാരും പാരിൽ/മാതാവല്ലാതെ! / നീ വഴിതെറ്റുകിൽ മാതാവിൻ കരങ്ങൾ / നീറുന്നതു നീയറിയുന്നോ..?/ നീ നന്നാവുകിൽ ആ കരളിന്നെഴും/ ആനന്ദം നീയറിയുന്നോ/ വേദന നീങ്ങാനാ ചരണങ്ങളിൽ/ വീണു നമിക്കുകയെന്നും നീ/ വിശ്വം നമിക്കുമാ ശ്രീകോവിലിൽ/ വിളക്കു വെക്കുകയെന്നും നീ.''
ഈ ഗാനം ഞാൻ പൂർണമായി ഉദ്ധരിച്ചതിനു മതിയായ കാരണമുണ്ട്. 'കാൽപ്പാടുകൾ' എന്ന ചിത്രത്തിൽ ശ്രീനാരായണ ഗുരുവിന്റെ ''ജാതിഭേദം മതദ്വേഷം'' എന്ന ശ്ലോകവും ''അറ്റെൻഷൻ പെണ്ണേ...'' എന്നാരംഭിക്കുന്ന ഒരു ഹാസ്യഗാനവുമാണ് യേശുദാസ് പാടിയത്. ആ പാട്ടിൽ ശാന്ത പി. നായരാണ് ചേർന്നു പാടിയത്. ശ്രീകോവിലിലെ ''വേദവാക്യം...'' എന്ന പാട്ടാണ് യേശുദാസ് പാടിയ എല്ലാ വിധത്തിലും പൂർണതയുള്ള ആദ്യഗാനം. തന്റെ അച്ഛൻ നായകനായി അഭിനയിച്ച 'നല്ലതങ്ക' എന്ന ചിത്രത്തിൽ പ്രവർത്തിച്ച അഭയദേവ്-ദക്ഷിണാമൂർത്തി ടീം ആണ് ഈ പാട്ടിന്റെ സ്രഷ്ടാക്കൾ എന്ന കാര്യവും കാലത്തിന്റെ ഗണിതവിദ്യയുടെ ചാരുത നമ്മെ ബോധ്യപ്പെടുത്തുന്നു. 'ശ്രീകോവിൽ' എന്ന സിനിമയിൽ അന്ന് മുന്നണിയിൽ നിന്നിരുന്ന ഉദയഭാനുവും ശാന്താ പി. നായരും പാടിയിട്ടുണ്ട്. ''അഴകിൽ മയങ്ങാതാരുണ്ട് /പെൺമിഴിയിൽ അനങ്ങാതാരുണ്ട് /മാനവനില്ല ദാനവനില്ല/മാനവ ജാതിയിലാരുണ്ട്?'' എന്ന ഗാനം ശാന്താ പി. നായർ ആണ് പാടിയത്.
യേശുദാസിന്റെ ശബ്ദം മലയാളസിനിമാസ്വാദകർ ആദ്യമായി കേട്ട വർഷം എന്ന നിലയിൽ മാത്രമല്ല 1962നു പ്രാധാന്യമേറുന്നത്. അനവധി മികച്ച സിനിമകൾ നിർമിക്കപ്പെട്ട വർഷംകൂടിയാണത്. പുതിയ ആകാശം പുതിയ ഭൂമി, പാലാട്ട് കോമൻ, ശ്രീരാമപട്ടാഭിഷേകം, കണ്ണും കരളും, ഭാഗ്യജാതകം , വിയർപ്പിന്റെ വില, ഭാര്യ തുടങ്ങിയ സിനിമകളെല്ലാം ഈ കൊല്ലമാണ് പുറത്തിറങ്ങിയത്. യേശുദാസ് പാടിത്തുടങ്ങിയെങ്കിലും ആദ്യമൊന്നും ആ ശബ്ദത്തിന് അർഹമായ അംഗീകാരം കിട്ടിയില്ല. പി. ഭാസ്കരൻ സംവിധാനം ചെയ്ത 'ലൈലാമജ്നു' സംഗീതത്തിന് വളരെ പ്രാധാന്യം നൽകിയെടുത്ത സിനിമയാണ്. പി. ഭാസ്കരൻ-എം.എസ്. ബാബുരാജ് ടീമിന്റെ മനോഹരഗാനങ്ങൾ വീണ്ടും പിറവിയെടുത്തു. ആ ഗാനങ്ങളിൽ പലതും ചിരന്തന മൂല്യമുള്ളവയാണ്. മെഹ്ബൂബും കെ.എസ്. ജോർജും സംഘവും പാടിയ ''അന്നത്തിനും പഞ്ഞമില്ല,സ്വർണത്തിനും പഞ്ഞമില്ല /മന്നിതിൽ കരുണയ്ക്കാണു പഞ്ഞം -സഹോദരരേ / മന്നിതിൽ കരുണയ്ക്കാണു പഞ്ഞം! /ഇല്ലാത്തോൻ കൈ നീട്ടിയാൽ /വല്ലതും കൊടുക്കുന്നവർ/ അല്ലാഹുവിൻ പ്രിയദാസൻ -സഹോദരരേ/അല്ലാഹുവിൻ പ്രിയദാസൻ... എന്ന ഗാനവും അതേ ഗായകർ തന്നെ പാടിയ
''കണ്ണിനകത്തൊരു കണ്ണുണ്ട് -/അതു കണ്ടുപിടിച്ചു തുറക്കുക നീ / എന്നാൽ സോദരാ, വിശ്വാസികളുടെ/ സുന്ദരനഗരം മെക്കാ കാണാം'' എന്ന ഗാനവും വിശ്വാസികൾക്കും സാധാരണക്കാർക്കും ഒരുപോലെ ഇഷ്ടമായി. എങ്കിലും 'ലൈലാമജ്നു'വിലെ പ്രണയഗാനങ്ങളാണ് ഏറ്റവും പ്രശസ്തി നേടിയത്. ഉദയഭാനുവും പി. ലീലയും ചേർന്നു പാടിയ
''താരമേ, താരമേ, നിന്നുടെ നാട്ടിലും/തങ്കക്കിനാവുകളുണ്ടോ... അനുരാഗലഹരിയിൽ / അലിയുമ്പോൾകാണുന്ന/ കനകക്കിനാവുകളുണ്ടോ...ഉണ്ടോ..?'' എന്ന പാട്ടും ''പവനുരുക്കി പവനുരുക്കി /പഞ്ചമിരാവൊരു പവനുരുക്കി/ പലപല പണ്ടം പണിതൊരുക്കി / പഞ്ചമിരാവൊരു പവനുരുക്കി'' എന്ന പാട്ടും പി. ലീല പാടിയ ''സ്നേഹത്തിൻ കാനനച്ചോലയിൽ/ദാഹിച്ചു ദാഹിച്ചു ചെന്നു ഞാൻ/ ആശിച്ചു നീട്ടിയ കുമ്പിളിൽ/ ആഴക്കു കണ്ണുനീർ മാത്രമോ..?'' എന്ന പാട്ടും ഒരു കാലത്ത് കേരളം മുഴുവൻ അലയടിച്ചു എന്നത് സത്യം. ഉദയഭാനു എന്ന ഗായകന്റെ ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്നായി കരുതിപ്പോരുന്ന ''ചുടുകണ്ണീരാലെൻ ജീവിതകഥ ഞാൻ / മണ്ണിതിലെഴുതുമ്പോൾ/കരയരുതാരും കരളുകളുരുകി/ കരയരുതേ വെറുതേ...ആരും/ കരയരുതേ വെറുതേ...'' എന്ന ശോകഗാനവും 'ലൈലാമജ്നു'വിലെ ഗാനമാണ്. ശാന്ത പി. നായർ പാടിയ ''ഒരു കുല പൂ വിരിഞ്ഞാൽ/ഓടിവരും പൂമ്പാറ്റേ/ഒരു മലർ മണ്ണടിഞ്ഞാൽ/ ഓടിപ്പോകും പൂമ്പാറ്റേ... / എത്ര നാൾ പൂവു നിന്നെ/കാത്തിരുന്നു കാണാതെ /എത്രയെത്ര പൊൻകിനാക്കൾ/ കോർത്തു െവച്ചു വാടാതെ...'' എന്ന ഗാനത്തെക്കുറിച്ചും പറയാതെ പോകുന്നതു ശരിയല്ല. 'ലൈലാമജ്നു'വിൽ ആകെ പന്ത്രണ്ടു പാട്ടുകൾ ഉണ്ടായിരുന്നു.
നീലാ പ്രൊഡക്ഷൻസിന്റെ 'സ്നേഹദീപം' എന്ന സിനിമയിൽ പി. ഭാസ്കരൻ എഴുതിയ പാട്ടുകൾക്ക് എം.ബി. ശ്രീനിവാസൻ ആണ് ഈണമിട്ടത്. (എം.ബി. ശ്രീനിവാസൻ സംഗീതസംവിധായകനായി പുറത്തു വന്ന ആദ്യ ചിത്രം 'സ്നേഹദീപം' ആണ്. 'സ്നേഹദീപം' 1962 മാർച്ച് 31നു തിയറ്ററുകളിൽ എത്തി. 'കാൽപ്പാടുകൾ' അതിനു ശേഷമാണ് റിലീസ് ആയത്. ) ഈ ചിത്രത്തിൽ ലതാരാജു കുട്ടിക്കു വേണ്ടി പാടിയ
''ഒന്നാംതരം ബലൂൺ തരാം / ഒരു നല്ല പീപ്പീ തരാം / ഓടിയോടി വന്നൊരു മുത്തം തന്നാട്ടെ / ചക്കരമുത്തം തന്നാട്ടെ... / പാട്ടു പാടും പെട്ടി തരാം / താളം മുട്ടാൻ ചെണ്ട തരാം /ചോട് വച്ചു ചോട് വച്ചു/ കളി നടക്കട്ടെ ...നിന്റെ/ കളി നടക്കട്ടെ...'' എന്ന ഗാനമായിരുന്നു ഏറെ ശ്രദ്ധേയം. കമുകറ പുരുഷോത്തമനും എസ്. ജാനകിയും ചേർന്നു പാടിയ ''ചന്ദ്രന്റെ പ്രഭയിൽ/ചന്ദനമഴയിൽ/സുന്ദരരാവിൻ /പുഞ്ചിരിയിൽ /മറന്നു നമ്മൾ മറന്നു നമ്മൾ / മണ്ണും വിണ്ണും പ്രാണസഖീ'' എന്ന ഗാനവും ഒട്ടൊക്കെ പ്രശസ്തി നേടി.
'വിധി തന്ന വിളക്ക്' എന്ന സിനിമക്കും പി. ഭാസ്കരൻ ഗാനങ്ങളെഴുതി. വി. ദക്ഷിണാമൂർത്തിയായിരുന്നു സംഗീതസംവിധായകൻ. യേശുദാസും പി. ലീലയും ചേർന്നു പാടിയ ''കണ്ണടച്ചാലും കനകക്കിനാക്കൾ/കണ്ണു തുറന്നാലും കനകക്കിനാക്കൾ'' എന്ന് തുടങ്ങുന്ന പ്രേമഗാനം മാത്രമേ ആ ചിത്രത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ ഓർമവരുകയുള്ളൂ...
എം.ബി. ശ്രീനിവാസൻ സംഗീതസംവിധായകൻ എന്ന നിലയിൽ വളർന്നുതുടങ്ങുന്ന കാലമായിരുന്നു അത്. കറതീർന്ന കമ്യൂണിസ്റ്റായ എം.ബി. ശ്രീനിവാസൻ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ഡൽഹി ഓഫിസ് സെക്രട്ടറി ആയിരുന്നു. അവിടെനിന്നും മദ്രാസിലെത്തിയ അദ്ദേഹം അസംഘടിതരായ സംഗീതരംഗത്തെ തൊഴിലാളികളെ സംഘടിപ്പിച്ച് സൗത്ത് ഇന്ത്യൻ സിനി മ്യൂസിഷ്യൻസ് യൂനിയൻ എന്ന സംഘടനയുണ്ടാക്കാനുള്ള ശ്രമം തുടങ്ങി. അങ്ങനെയൊരു യൂനിയൻ വന്നതിനു ശേഷമാണ് റെക്കോഡിങ്ങിൽ പങ്കെടുക്കുന്ന ഗായകർക്കും ഓർക്കസ്ട്ര വായിക്കുന്നവർക്കും 'സ്പോട്ട് പേയ്മെന്റ്' എന്ന അവകാശം സ്ഥാപിതമായത്.
ഗാനരചയിതാക്കളുടെയും സംഗീതസംവിധായകരുടെയും പകർപ്പവകാശസംരക്ഷണത്തിനായി ഇന്ത്യൻ പെർഫോമിങ് റൈറ്റ്സ് സൊസൈറ്റി (I.P.R.S) എന്ന സ്ഥാപനം തുടങ്ങാൻ ഉത്തരേന്ത്യൻ സിനിമയിലെ സംഗീതപ്രവർത്തകരുമായി ആശയവിനിമയം നടത്തിയതും എം.ബി. ശ്രീനിവാസൻ ആണ്. ഇന്ന് ഐ.പി.ആർ.എസ് കേന്ദ്രഗവണ്മെന്റിന്റെ അംഗീകാരം നേടിയ വലിയ പ്രസ്ഥാനമായി മാറിക്കഴിഞ്ഞു. യേശുദാസിനെ പിന്നണിഗാനരംഗത്ത് അവതരിപ്പിച്ച സംഗീതസംവിധായകൻ എന്ന നിലയിലും എം.ബി. ശ്രീനിവാസന് സംഗീതപ്രിയരുടെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്. തോപ്പിൽ ഭാസിയുടെ പ്രശസ്തനാടകമായ 'പുതിയ ആകാശം പുതിയ ഭൂമി' ടി.ഇ. വാസുദേവൻ ചലച്ചിത്രമാക്കി. ഇതിൽ പി. ഭാസ്കരനും എം.ബി. ശ്രീനിവാസനുമാണ് സംഗീതവിഭാഗം കൈകാര്യം ചെയ്തത്. ഉദയഭാനുവും പി. ലീലയും ചേർന്നു പാടിയ ''താമരത്തുമ്പീ...വാ/താലോലമാട്ടാൻ വാ / താളം പിടിക്കാം ഞാൻ ...കരൾ/തംബുരു മീട്ടാം ഞാൻ''എന്ന ഗാനമാണ് ഒന്നാം സ്ഥാനത്ത്. ജമുനാറാണി എന്ന ഗായിക പാടിയ
''ആശ തൻ പൂന്തേൻ / അറിയാതെ മോന്തി ഞാൻ / ആനന്ദലഹരിയിൽ/അറിയാതെ നീന്തി ഞാൻ / കാലിടറി കാലിടറി/ വീഴുമോ ഞാൻ..?''
എന്ന പാട്ട് രചനകൊണ്ടും ഈണംകൊണ്ടും വ്യത്യസ്തമായിരുന്നു. മെഹ്ബൂബ് പാടിയ ''പണ്ട് പണ്ട് നമ്മടെ പേര് ശങ്കരച്ചാര് / ഇന്നു വന്നു നമ്മടെ പേര് ഗോപകുമാറ് /പണ്ടുപണ്ട് ഞാനോ പാരിനൊരു ഭാരം/ ഇന്നു കാണും ഞാനോ സിനിമാതാരം / സാക്ഷാൽ സിനിമാതാരം'' എന്ന ഹാസ്യഗാനവും കെ.എസ്. ജോർജും സംഘവും പാടിയ ''നേരം പോയ് തണ്ണി നേരെ പോ/ ദൂരത്തെ പുഞ്ചയ്ക്കു തേവാൻ വാ / മാറാട്ടപ്പഞ്ഞം മാറട്ടെ...കതിർ ചൂടട്ടെ, വയൽ ചൂടട്ടെ ...'' എന്ന സംഘഗാനവും ഒരു ഇടവേളക്കു ശേഷം പി. ലീലയും കവിയൂർ സി.കെ. രേവമ്മയും ചേർന്നു പാടിയ ഒരു പ്രാർഥനാഗീതവും ഈ ചിത്രത്തിൽ ഉണ്ടായിരുന്നു. പ്രാർഥന ഇങ്ങനെ തുടങ്ങുന്നു. ''മുരളീമോഹനകൃഷ്ണാ/ ഗുരുവായൂർ ഉണ്ണികൃഷ്ണാ /കരതാരിൽ വെണ്ണ തരാം / കണി കാണാൻ വന്നുവെങ്കിൽ/ ഒരു കൊച്ചു വേണു തരാം /ഓടിയെന്റെ മുന്നിൽ വന്നാൽ.''
'ഉമ്മിണിത്തങ്ക' നിർമിച്ച പി.കെ. സത്യപാൽ ഓറിയന്റൽ ഫിലിംസിന്റെ മേൽവിലാസത്തിൽ നിർമിച്ച 'വേലുത്തമ്പി ദളവാ'യിൽ അഭയദേവ് ഗാനരചനയും ദക്ഷിണാമൂർത്തി സംഗീതസംവിധാനവും നിർവഹിച്ചു. നിർമാതാവുമായി അഭിപ്രായവ്യത്യാസം വന്നപ്പോൾ സ്വാമി പിൻവാങ്ങുകയും പാർഥസാരഥി എന്നയാൾ ബാക്കിയുള്ള ഒരു ഗാനം ചിട്ടപ്പെടുത്താൻ ക്ഷണിക്കപ്പെടുകയും ചെയ്തു. പി. ലീല പാടിയ ''കാത്തുകൊൾക ഞങ്ങളെ പരദേവതേ / കാൽത്തളിർ വണങ്ങുന്നു കരുണാമയേ /അത്തലൊക്കെ നീങ്ങുവാൻ കനിവേകണേ /ചിത്തസൗഖ്യമാളുവാൻ തുണയാകണേ''എന്ന പ്രാർഥനാഗാനമാണ് ഈ സിനിമയിലെ മികച്ച ഗാനമായി അംഗീകരിക്കപ്പെട്ടത്. നല്ല ഫലിതഗാനങ്ങൾ പാടാനും പി. ലീലക്കു കഴിയുമെന്ന് ഈ ചിത്രത്തിലെ "വിരലൊന്നില്ലെങ്കിലും /വീരനല്ലെങ്കിലും /ഭർത്താവ് നിങ്ങൾ മതി'' എന്ന ഗാനത്തിലൂടെ തെളിയിക്കപ്പെട്ടു. അടൂർ ഭാസിയും സുകുമാരിയുമാണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചത്.
വയലാർ രാമവർമ എന്ന സർഗധനന്റെ എല്ലാ കഴിവുകളും പുറത്തുവന്നത് അദ്ദേഹം ഉദയാ സ്റ്റുഡിയോയുടെ സിനിമകളിൽ പ്രവർത്തിച്ചുതുടങ്ങിയതിനു ശേഷമാണ്. അതുപോലെ ഉദയാചിത്രങ്ങൾ വയലാറിന്റെ ഗാനരചനാവൈദഗ്ധ്യംകൊണ്ട് തുടർച്ചയായി സമ്പന്നമാവുകയും ചെയ്തു. വയലാർ ആദ്യമായി പാട്ടുകൾ എഴുതിയ ഉദയാചിത്രം 'പാലാട്ട് കോമൻ' ആണ്. എം.എസ്. ബാബുരാജാണ് വയലാറിന്റെ പാട്ടുകൾക്ക് ഈണം പകർന്നത്. മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ചില വരികളും ഈണങ്ങളും ഈ സിനിമയിലുണ്ട്. പി. ലീലയും ജിക്കിയും ചേർന്ന് പാടിയ ''പൂവേ നല്ല പൂവേ നല്ല/ വെള്ളത്താമരപ്പൂവേ /ആരോമൽ പൂങ്കവിളിൽ/ പൊട്ടു കുത്തിയതാര് ആരോടും ചൊല്ലാതെ/ അല്ലി നുള്ളിയതാര് ..?'' എന്ന ഗാനത്തിന്റെ മധുരിമയും ലാളിത്യവും എത്ര ഉന്നതമാണ്.

എ.എം. രാജയും പി. സുശീലയും ചേർന്നു പാടിയ ഒരു യുഗ്മഗാനത്തിന്റെ മധുരിമ അഞ്ചിലധികം ദശാബ്ദങ്ങൾക്കും മാറ്റാൻ കഴിഞ്ഞിട്ടില്ല. ''ചന്ദനപ്പല്ലക്കിൽ വീട് കാണാൻ വന്ന /ഗന്ധർവ രാജകുമാരാ...''എന്ന് സുശീല പാടുമ്പോൾ ''പഞ്ചിമചന്ദ്രിക പെറ്റുവളർത്തിയ / അപ്സരരാജകുമാരീ...'' എന്ന് എ.എം. രാജ പാടുന്നു. നല്ല വരികളും ലഹരി പടർത്തുന്ന സംഗീതവും! തുടർന്നുള്ള വരികളുടെ ഭംഗി നോക്കൂ:
''പൂവായ പൂവെല്ലാം പൊന്നൂഞ്ഞാലാടുമ്പോൾ / പൂവാംകുരുന്നില ചൂടേണം /പാതിരാപ്പൂവിന്റെ പനിനീർപന്തലിൽ/പാലയ്ക്കാമോതിരം മാറേണം. / തങ്കത്തംബുരു മീട്ടുക മീട്ടുക / ഗന്ധർവ രാജകുമാരാ /അപ്സര രാജകുമാരീ.''
യേശുദാസിനു ബാബുരാജ് ഈ ചിത്രത്തിൽ പാടാൻ അവസരം നൽകിയെങ്കിലും ''ആനക്കാരാ ആനക്കാരാ / ആരെ കാണാൻ വന്നൂ നീ/ പെണ്ണുങ്ങൾ നീരാടും കടവിൽ/ ആരെ കാണാൻ വന്നു നീ'' എന്നു തുടങ്ങുന്ന ആ പാട്ട് രചനയിലും സംഗീതത്തിലും ചിത്രത്തിലെ ഇതരഗാനങ്ങളുടെ നിലവാരം പുലർത്തിയില്ല. അതേസമയം ആ കാലഘട്ടത്തിൽ ബാബുരാജിന്റെ പ്രിയഗായകനായിരുന്ന ഉദയഭാനു പാടിയ ''മനസ്സിനകത്തൊരു പെണ്ണ് / മയിൽപ്പീലിക്കണ്ണ് / മാമ്പുള്ളി ചൊണങ്ങ് /മെയ്യാസകലം പൊന്ന്'' എന്ന ഗാനമാകട്ടെ, സൂപ്പർഹിറ്റ് ആവുകയും ചെയ്തു. പാലാട്ടുകോമനിലെ മറ്റൊരു പ്രശസ്തഗാനം ഇതായിരുന്നു.
''ഉരുകുകയാണൊരു ഹൃദയം /ഓരോ നിമിഷവും ഓരോ നിമിഷവും/ഉരുകുകയാണൊരു ഹൃദയം / ഇന്ദ്രനീലപന്തലിലിന്നലെ/വന്നുവിടർന്ന നിലാവേ /എരിതീക്കനലിൽ എണ്ണയുമായി /എന്തിനു വീണ്ടും വന്നു..?''
നിർമാതാവായ കുഞ്ചാക്കോയുടെ ഇഷ്ടഗായികയായി മാറിയ പി. സുശീലയാണ് ഈ ഗാനം പാടിയത്. വയലാർ ആദ്യമായി ഉദയാക്കു വേണ്ടി പാട്ടുകൾ എഴുതിയ ചിത്രമാണ് 'പാലാട്ടുകോമൻ'. പിന്നീട് അകാലത്തിൽ യാത്ര പറയുംവരെ അദ്ദേഹത്തിന്റെ വരികൾ മാത്രമാണ് ഉദയാചിത്രങ്ങളിൽ നാം കേട്ടത്. അത്ര ദൃഢമായിരുന്നു കുഞ്ചാക്കോയും വയലാറും തമ്മിലുള്ള ബന്ധം. ചിത്രങ്ങളുടെ സാമ്പത്തികവിജയത്തിന് വയലാറിന്റെ പാട്ടുകൾ അനിവാര്യമാണെന്ന് കുഞ്ചാക്കോ എന്ന നിർമാതാവ് അനുഭവത്തിലൂടെ അറിഞ്ഞിരിക്കണം. (തുടരും)