Begin typing your search above and press return to search.

യൂസഫലിയും എം.എസ്. വിശ്വനാഥനും ഒരുമിച്ചപ്പോൾ

യൂസഫലിയും   എം.എസ്. വിശ്വനാഥനും   ഒരുമിച്ചപ്പോൾ
cancel

സുപ്രിയാ ഫിലിംസിനുവേണ്ടി ഹരിപോത്തൻ നിർമിച്ച ‘പഞ്ചമി’ എന്ന സിനിമ ഹരിഹരൻ സംവിധാനംചെയ്‌തു. യൂസഫലി കേച്ചേരിയും എം.എസ്. വിശ്വനാഥനും ചേർന്ന് പാട്ടുകളൊരുക്കിയ പ്രഥമചിത്രം എന്ന പ്രത്യേകത ‘പഞ്ചമി’ എന്ന സിനിമക്കുണ്ട്. ആറു ഗാനങ്ങളുള്ള ഈ സിനിമയിലെ ഏറ്റവും മികച്ച ഗാനം ആലപിച്ചത് ജോളി അബ്രഹാം ആണ് –സംഗീതയാ​ത്ര തുടരുന്നു.‘അ’ എന്ന അക്ഷരത്തിൽ ആരംഭിക്കുന്ന പേരുകളുള്ള കുറെ ചിത്രങ്ങൾ ഐ.വി. ശശി സംവിധാനംചെയ്യുകയുണ്ടായി. ആദ്യ സ്വരാക്ഷരത്തിൽ സിനിമയുടെ പേരു തുടങ്ങിയാൽ കൂടുതൽ ശ്രദ്ധിക്കപ്പെടും എന്ന വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. ഈ പരമ്പരയിലെ ആദ്യ സിനിമയാണ് ‘അനുഭവം’. വ്യത്യസ്‌തയായ ഒരു സ്ത്രീയുടെ...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
സുപ്രിയാ ഫിലിംസിനുവേണ്ടി ഹരിപോത്തൻ നിർമിച്ച ‘പഞ്ചമി’ എന്ന സിനിമ ഹരിഹരൻ സംവിധാനംചെയ്‌തു. യൂസഫലി കേച്ചേരിയും എം.എസ്. വിശ്വനാഥനും ചേർന്ന് പാട്ടുകളൊരുക്കിയ പ്രഥമചിത്രം എന്ന പ്രത്യേകത ‘പഞ്ചമി’ എന്ന സിനിമക്കുണ്ട്. ആറു ഗാനങ്ങളുള്ള ഈ സിനിമയിലെ ഏറ്റവും മികച്ച ഗാനം ആലപിച്ചത് ജോളി അബ്രഹാം ആണ് –സംഗീതയാ​ത്ര തുടരുന്നു.

‘അ’ എന്ന അക്ഷരത്തിൽ ആരംഭിക്കുന്ന പേരുകളുള്ള കുറെ ചിത്രങ്ങൾ ഐ.വി. ശശി സംവിധാനംചെയ്യുകയുണ്ടായി. ആദ്യ സ്വരാക്ഷരത്തിൽ സിനിമയുടെ പേരു തുടങ്ങിയാൽ കൂടുതൽ ശ്രദ്ധിക്കപ്പെടും എന്ന വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. ഈ പരമ്പരയിലെ ആദ്യ സിനിമയാണ് ‘അനുഭവം’. വ്യത്യസ്‌തയായ ഒരു സ്ത്രീയുടെ പ്രത്യേകതകളുള്ള അനുഭവം പറയുന്ന ഈ ചിത്രത്തിൽ ഷീലയായിരുന്നു നായിക. എം.ജി. സോമൻ, വിൻ​െസന്റ്, ജയഭാരതി, അടൂർ ഭാസി, ശങ്കരാടി, മല്ലിക, ടി.ആർ. ഓമന തുടങ്ങിയവരും ‘അനുഭവ’ത്തിൽ ഉണ്ടായിരുന്നു. ഷീല അമ്മയുടെ വേഷത്തിലും ജയഭാരതി മകളുടെ വേഷത്തിലും അഭിനയിച്ച ചിത്രമാണ് ‘അനുഭവം’. പ്രാർഥനാ ആർട്സ് എന്ന ബാനറിൽ എം.പി. രാമചന്ദ്രൻ ഈ സിനിമ നിർമിച്ചു.

ആലപ്പി ഷെരീഫ് കഥയും തിരക്കഥയും സംഭാഷണവും തയാറാക്കിയ ഈ പടത്തിലെ പാട്ടുകൾ എഴുതിയത് ബിച്ചു തിരുമലയാണ്. എ.ടി. ഉമ്മർ ആയിരുന്നു സംഗീതസംവിധായകൻ. ബിച്ചുവും ഉമ്മറും ചേർന്നൊരുക്കിയ പാട്ടുകളിൽ കൂടുതൽ ശ്രദ്ധേയം എന്നുപറയാവുന്ന ‘‘വാകപ്പൂമരം ചൂടും വാരിളം പൂങ്കുലയ്ക്കുള്ളിൽ’’ എന്നു തുടങ്ങുന്ന ഗാനം ‘അനുഭവ’ത്തിലുള്ളതാണ്. പാട്ടിന്റെ പൂർണ പല്ലവിയിങ്ങനെ.

‘‘വാകപ്പൂമരം ചൂടും വാരിളം പൂങ്കുലയുള്ളിൽ/ വാടകയ്‌ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ -പണ്ടൊരു/ വടക്കൻ തെന്നൽ.’’ തുടർന്നുള്ള വരികൾ ഇനി പറയുന്നു:

‘‘വാതിലിൽ വന്നെത്തിനോക്കിയ/ വസന്ത പഞ്ചമിപ്പെണ്ണിൻ/വളകിലുക്കം കേട്ടു കോരിത്തരിച്ചു നിന്നു/ തെന്നൽ തരിച്ചുനിന്നു/ വിരൽ ഞൊടിച്ചു വിളിച്ചനേരം/ വിരൽ കടിച്ചവൾ അരികിൽ വന്നു/ വിധുവദനയായ് വിവശയായവൾ ഒതുങ്ങിനിന്നു / നാണം കുണുങ്ങിനിന്നു...’’

എസ്. ജാനകി പാടിയ ‘‘കുരുവികൾ ഓശാന പാടും വഴിയിൽ...’’ എന്ന ഗാനത്തിന്റെ പല്ലവിയിങ്ങനെ: ‘‘കുരുവികൾ ഓശാന പാടും വഴിയിൽ/ കുരിശുപള്ളിത്താഴ്വരയിൽ/ ഇല്ലിത്തണ്ടിലൊരീണവുമായെൻ/ ഹൃദയകുമാരൻ വന്നു –ഇതിലേ വന്നു.../ വികാരമുണരും മിഴിമുനയിണകൾ/ വീണ്ടും പ്രഹരം ചൊരിയുമ്പോൾ’’ എന്നിങ്ങനെ ആദ്യചരണം തുടങ്ങുന്നു.

യേശുദാസ് ആലപിച്ച ഈ സിനിമയിലെ രണ്ടാമത്തെ ഗാനം ‘‘ഒരു മലരിൽ, ഒരു തളിരിൽ...’’ എന്നാണ് ആരംഭിക്കുന്നത്.

‘‘ഒരു മലരിൽ ഒരുതളിരിൽ/ ഒരു പുൽക്കുടിൽത്തുമ്പിൽ/ ഒരു ചെറുഹിമകണമണിയായ്/ ഒതുങ്ങിനിന്നു -ശിശിരം ഒതുങ്ങിനിന്നു.../ പരിസരം എത്ര സുഖകരം -എന്തു/ പരിമളം നിന്റെ മേനിയിൽ സഖീ...’’

യേശുദാസും എസ്. ജാനകിയും ബേബി അനിതയും ചേർന്നു പാടിയ പാട്ട് ആരംഭിക്കുന്നതിങ്ങനെ: ‘‘സൗരമയൂഖം സ്വർണം പൂശിയ/ സ്വരമണ്ഡലമീ ഭൂമി/ ഇവിടെ മനുഷ്യനു കരമൊഴിവായൊരു/ തീറാധാരം നൽകി.../ അനുഭവം അനുഭവം അനുഭവം...’’ ഇത് ചിത്രത്തിന്റെ പ്രമേയഗാനമാണെന്നു പറയാം.

‘‘അങ്കിൾ സാന്റാക്ലോസ്’’ എന്നു തുടങ്ങുന്ന പാട്ട് ക്രിസ്മസ് പശ്ചാത്തലത്തിലുള്ളതാണ്.

 

എ.ടി. ഉമ്മർ,ബിച്ചു തിരുമല

‘‘അങ്കിൾ സാന്റാക്ലോസ്, കം വിത്ത് അസ് ഇൻ ദിസ് നൈറ്റ്

ഹേ ഹേ ഹേ ഹേ/ ഹേ –മഞ്ഞിനുപോലും കോച്ചുന്നു ലല്ല ലല്ല ലാ/ ഹേ –മരങ്ങൾപോലും കുളിരുന്നു ലല്ല ലല്ല ലാ/ നക്ഷത്രങ്ങൾ വഴികാണിക്കും/ ക്രിസ്തു പിറന്ന മഹാരാത്രി/ ഡിസംബർമാസ മഹാരാത്രി –ഇത്/ ക്രിസ്ത്യാനികളുടെ ശിവരാത്രി.../ വാ വാ അങ്കിൾ സാന്റാക്ലോസ്’’ എന്നിങ്ങനെ തുടരുന്ന സംഘഗാനം കൊച്ചിൻ ഇബ്രാഹിം, സി.ഒ. ആന്റോ, സീറോ ബാബു, പി.കെ. മനോഹരൻ എന്നിവർ ചേർന്നാണ് പാടിയത്.

‘ഉത്സവം’ എന്ന ചിത്രത്തിലൂടെ തന്റെ പ്രതിഭ തെളിയിച്ച ഐ.വി. ശശിയുടെ ഈ സിനിമയും തികച്ചും വ്യത്യസ്‌തമായിരുന്നു. മദ്യപാനത്തിന് അടിമയായ ഒരു സ്ത്രീയുടെ വേഷത്തിൽ ഷീല ഭംഗിയായി അഭിനയിച്ചു. അബ്രാർ ആൽവിയുടെ സംവിധാനത്തിൽ ഗുരുദത്ത് നായകനായി അഭിനയിച്ച (നിർമാതാവും ഗുരുദത്ത് തന്നെ.) ‘സാഹിബ് ബീവി ഔർ ഗുലാം’ (1962) എന്ന ഹിന്ദി ചിത്രത്തിലെ മദ്യപയായ നായികയുടെ വേഷംചെയ്ത മീനാകുമാരിയുടെ പ്രകടനം സിനിമാപ്രേമികൾ ഓർക്കുന്നുണ്ടാവും. 1976 ജൂൺ 10ന് റിലീസായ ‘അനുഭവം’ ഭേദപ്പെട്ട വിജയം നേടി.

സുപ്രിയാ ഫിലിംസിനുവേണ്ടി ഹരിപോത്തൻ നിർമിച്ച ‘പഞ്ചമി’ എന്ന സിനിമ ഹരിഹരൻ സംവിധാനംചെയ്‌തു. യൂസഫലി കേച്ചേരിയും എം.എസ്. വിശ്വനാഥനും ചേർന്ന് പാട്ടുകളൊരുക്കിയ പ്രഥമചിത്രം എന്ന പ്രത്യേകത ‘പഞ്ചമി’ എന്ന സിനിമക്കുണ്ട്. പ്രേംനസീർ, ജയൻ, ജയഭാരതി, അടൂർ ഭാസി, കൊട്ടാരക്കര ശ്രീധരൻ നായർ, ബാലൻ കെ. നായർ, ബഹദൂർ, ശങ്കരാടി, മാസ്റ്റർ രഘു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ പ്രതിനിധാനംചെയ്തത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് മലയാറ്റൂർ രാമകൃഷ്ണൻ. ആറു ഗാനങ്ങളുള്ള ഈ സിനിമയിലെ ഏറ്റവും മികച്ച ഗാനം ആലപിച്ചത് ജോളി അബ്രഹാം ആണ്.

‘‘രജനീഗന്ധി വിടർന്നു/ അനുരാഗസൗരഭം പടർന്നു/ കടമിഴിയിൽ സ്വപ്നം നിരന്നു -നിന്റെ/ കാൽച്ചിലങ്കകളുണർന്നു’’ എന്നു പല്ലവിയുള്ള ഈ ഗാനത്തിന്റെ ആദ്യചരണം ഇങ്ങനെ തുടങ്ങുന്നു: ‘‘നീലക്കാടിൻ രോമാഞ്ചമേ ഞാൻ/ നിന്നെ തേടിയലഞ്ഞു / ഹൃദയത്തുടിപ്പിൻ താളം കേട്ടെൻ/ കാനനക്കുയിലേ നീ വന്നു.’’

യേശുദാസ് പാടിയ ഗാനം ആഹ്ലാദം നിറഞ്ഞ ഒരു ഹമ്മിങ്ങിലാണ് തുടങ്ങുന്നത്. പല്ലവിയിലെ വരികൾ: ‘‘അനുരാഗസുരഭില നിമിഷങ്ങളേ/ ആനന്ദപുളകങ്ങളേ/ മാനസമരുഭൂമി മലർവാടിയാക്കും/ മധുര തരംഗങ്ങളേ/ സ്വർഗീയസന്ദേശം പാരിന്നു നൽകുന്ന/ സ്വർണമരാളങ്ങളേ/ അനുരാഗത്തിന്റെ ഗന്ധം കലർന്ന നിമിഷങ്ങളേ...’’ ഗാനരചയിതാവ് ഇങ്ങനെ വിവിധ രീതികളിൽ സംബോധന ചെയ്യുന്നു. ഈ പാട്ടിന്റെ പല്ലവി ദീർഘവും ചരണം താരതമ്യേന ചെറുതുമാണ്. ആദ്യചരണം ഇങ്ങനെ:

‘‘വീണയിലുയരുന്ന നാദംപോലെ/ വിണ്ണിലെ പൂന്തിങ്കൾക്കല പോലെ/ നീയെന്റെ ഭാവനാസീമയിലുണർന്നു/ നീലനിലാവൊളി പോലെ.’’

ജയചന്ദ്രൻ ഈ സിനിമക്കുവേണ്ടി രണ്ടു ഗാനങ്ങൾ ആലപിച്ചു. ആദ്യഗാനം ‘‘പഞ്ചമിപ്പാലാഴി...’’ എന്നു തുടങ്ങുന്നു: ‘‘പഞ്ചമിപ്പാലാഴി/ പുഞ്ചിരിപ്പാലാഴി/ പാതിരാക്കുയിൽ പാടും പാട്ടിന്റെ പാലാഴി/ പാരാകെ പാലാഴി...’’

ജയചന്ദ്രൻ പാടിയ രണ്ടാമത്തെ ഗാനം താളപ്രാധാന്യമുള്ളതാണ്. ഈ ഗാനം ജനപ്രീതി നേടിയിട്ടുണ്ട്. ‘‘വന്നാട്ടെ ഓ മൈ ഡിയർ ബട്ടർ ​ൈഫ്ല/ മലനാടൻകാട്ടിലെയോമന ബട്ടർ ​ൈഫ്ല/നെഞ്ചിലിരിക്കണ തേനുണ്ണാൻ/ പ്രേമത്തിന്റെ വിരുന്നുണ്ണാൻ -വന്നാട്ടെ/ കൊഞ്ചിക്കുഴയാൻ നിൽക്കാതെ/ കൊല്ലാക്കൊല നീ ചെയ്യാതെ... വന്നാട്ടെ./ കുരുവീ കുരുവീ കുഞ്ഞിക്കുരുവീ...’’ എന്നിങ്ങനെ ചരണം തുടങ്ങുന്നു.

‘‘വണ്ണാത്തിക്കിളി വായാടീ...’’ എന്നാരംഭിക്കുന്ന പാട്ട് പി. സുശീലയാണ് പാടിയത്. ‘‘വണ്ണാത്തിക്കിളി വായാടിക്കിളി/ വർണപ്പൈങ്കിളിയേ/ ചെപ്പുകിലുക്കി പാറിനടക്കണ/ ചെല്ലപ്പൈങ്കിളിയേ/ വന്നേ പോ ഒന്നു നിന്നേ പോ...’’ പാട്ടു തുടരുന്നു: ‘‘കിടന്നുറങ്ങും നേരത്തിരവിൽ/ കിനാവു കാണാറുണ്ടോ -തങ്ക/ ക്കിനാവ് കാണാറുണ്ടോ/ കുരുന്നു കരളും കുഞ്ഞിച്ചിറകും/ കോരിത്തരിക്കാറുണ്ടോ -ചൊല്ല്/ കോരിത്തരിക്കാറുണ്ടോ...’’

വാണിജയറാം ശബ്ദം നൽകിയ ‘‘തെയ്യത്തോം തെയ്യത്തോം...’’ എന്നാരംഭിക്കുന്ന പാട്ടാണ് ചിത്രത്തിൽ അവശേഷിക്കുന്നത്‌. ഇത് ഒരു ചടുല നൃത്തഗാനമാണ്.

 

ഹരി പോത്തൻ,ഹരിഹരൻ,ഐ.വി. ശശി

‘‘തെയ്യത്തോം തെയ്യത്തോം താലപ്പൊലി/ തേവനും തേവിക്കും താലപ്പൊലി/ താലപ്പൊലി താലപ്പൊലി/ തെയ്യത്തോം തെയ്യത്തോം തെയ്യത്തോം/ തകധിമി തകജനു തക/ തെയ്യത്തോം തെയ്യത്തോം താലപ്പൊലി/ തേവനും തേവിക്കും താലപ്പൊലി.../ തെന്മല വാഴണ തേവനാണേ/ തേവന്നൂയിരായ തേവിയാണേ/ മാമലത്തേവർക്കു മോന്തിക്കുടിക്കുവാൻ/ മെയ്യിലെ ചോര തുടിതുടിച്ചേ...’’ ഈ ഗാനവും ജനപ്രീതി നേടിയിട്ടുണ്ട്.

1976 ജൂൺ 24ാം തീയതി പ്രദർശനം തുടങ്ങിയ ‘പഞ്ചമി’ സാമ്പത്തികമായി വിജയിച്ച സിനിമയാണ്.

കെ.പി.എ.സി അവതരിപ്പിച്ച തോപ്പിൽ ഭാസിയുടെ പ്രധാന നാടകങ്ങളിൽ ഒന്നാണ് ‘സർവ്വേക്കല്ല്’. തോപ്പിൽ ഭാസിയുടെ രചനയിലും സംവിധാനത്തിലുംതന്നെ ഈ നാടകം സിനിമയായി. ചിത്രമാല എന്ന ബാനറിൽ പുറത്തിറങ്ങിയ ഈ സിനിമയിൽ ലക്ഷ്മി, എം.ജി. സോമൻ, മോഹൻ ശർമ, കെ.പി.എ.സി ലളിത, ശങ്കരാടി, മണവാളൻ ജോസഫ് തുടങ്ങിയവർ അഭിനയിച്ചു. ഒ.എൻ.വിയുടെ ഗാനങ്ങൾക്ക് സംഗീതം നൽകിയത് ജി. ദേവരാജൻ. യേശുദാസ്, ജയചന്ദ്രൻ, മാധുരി എന്നിവരാണ് പിന്നണിഗായകർ. യേശുദാസ് പാടിയ ആദ്യഗാനം ഇങ്ങനെ തുടങ്ങുന്നു.

‘‘മന്ദാകിനീ ഗാനമന്ദാകിനീ/ മഞ്ജുളമധുവാണീ/ നിൻ അന്തരംഗം ഞാൻ കണ്ടു -വിശുദ്ധി തൻ/ വെൺതാമരപ്പൂക്കൾ കണ്ടു-/ നിന്നിൽ തുടിക്കുന്ന പ്രേമാനുഭൂതി തൻ/ സ്വർണമത്സ്യങ്ങളെ കണ്ടു/ നിന്നെ ഞാൻ കണ്ടു നിൻ മന്ദഹാസം കണ്ടു/ നിന്നിൽ ഞാൻ എന്നെ കണ്ടു...’’

യേശുദാസ് ആലപിച്ച ചിത്രത്തിലെ രണ്ടാമത്തെ ഗാനത്തിൽ മാധുരിയുടെ ശബ്ദവും ചേരുന്നുണ്ട്. ‘‘പൂത്തുമ്പീ... പൂവൻ തുമ്പീ’’ എന്നാണ് ഈ ഗാനം ആരംഭിക്കുന്നത്. ‘‘പൂത്തുമ്പീ പൂവൻ തുമ്പീ/ നീയെന്തേ തുള്ളാത്തൂ തുള്ളാത്തൂ/ പൂവ് പോരാഞ്ഞോ പൂക്കുല പോരാഞ്ഞോ/ നീയെന്തേ തുള്ളാത്തൂ... തുള്ളാത്തൂ...’’

ആദ്യചരണം ഇങ്ങനെ തുടങ്ങുന്നു: ‘‘ഞായറുദിച്ചല്ലോ -മണ്ണിലെ/ ഞാവൽപ്പഴവും തുടുത്തല്ലോ/ ആറ്റിൻകരയിലെ കാവൽമാടത്തിൽ/ ആരോ ചൂളമടിച്ചല്ലോ/ പാട്ടിൻ തേൻകുടം കൊണ്ടുനടക്കുന്ന/ ഞാറ്റുവേലക്കിളിയാണല്ലോ...’’

‘സർവ്വേക്കല്ലി’ലെ രണ്ടു പാട്ടുകൾക്കു കൂടി മാധുരി ശബ്‌ദം നൽകി. ‘‘കനകത്തളികയിൽ കണിമലരും/ കളഭവുമായ് വന്ന വനജ്യോൽസ്നേ/ മനസ്സിലെ മദനനു കണിവയ്ക്കാനൊരു/ മല്ലികപ്പൂ തരൂ...’’ എന്നിങ്ങനെ തുടങ്ങുന്നു ഒരു ഗാനം.

മാധുരി പാടിയ അടുത്ത പാട്ട് ‘‘വിപഞ്ചികേ വിപഞ്ചികേ/ വിടപറയും മുമ്പൊരു/ വിഷാദഗീതം കൂടി... ഒരു/ വിഷാദഗീതം കൂടി’’ എന്ന് തുടങ്ങുന്നു.

ആദ്യചരണം ആകർഷകമാണ്. ‘‘ഇത്തിരിപ്പൂക്കളും തുമ്പികളും/ വളപ്പൊട്ടുകളും വർണപ്പീലികളും/ ഒത്തുകളിച്ചു നാൾ/ പൊട്ടിച്ചിരിച്ച നാൾ/ തൊട്ടുവിളിച്ചു ഞാൻ അന്നു നിന്നെ/ നിന്നിലെൻ വിരലുകൾ നൃത്തംവെച്ചു/ നിന്നെയെൻ നിർവൃതിപ്പൂ ചൂടിച്ചു/ പൂ ചൂടിച്ചു...’’

ജയചന്ദ്രനും മധുരിയും ചേർന്നു പാടിയ ഗാനമാണ് അവശേഷിക്കുന്നത്. ആ ഗാനമിതാണ്. ‘‘തെന്മലയുടെ മുല ചുരന്നേ തെയ് തെയ് തെയ്/ തേനൊഴുകണ് പാലോഴുകണ് തെയ് തെയ് തെയ്/ തേക്കുപമ്പരത്തേരിലെന്റെ തേൻകുളിരേ വാ/ തെന്നിവാ തെറിച്ചു വാ/ തെളിനീരേ വാ...’’

പല്ലവി കേൾക്കുമ്പോൾതന്നെ ഇതൊരു നൃത്തഗാനമാണെന്ന് വ്യക്തമാകും. ഗാനം ഇങ്ങനെ തുടരുന്നു: ‘‘നരിമടകൾക്കപ്പുറത്ത് നാഗമടയ്ക്കപ്പുറത്ത്/ നാഴൂരി വെട്ടംകൊണ്ട് കുരുതിയൂത്ത്/ കണ്ടാലഴകുള്ള കതിർമണിയുണ്ടേ/ കതിരോനെ കണ്ടുണരോ വയലമ്മേ...’’

1976 ജൂലൈ രണ്ടിന്​ പ്രദർശനം തുടങ്ങിയ ‘സർവ്വേക്കല്ല്’ പ്രതീക്ഷിച്ച സാമ്പത്തിക വിജയം നേടിയില്ല. പരാജയപ്പെട്ടതുമില്ല. നാടകം വന്ന കാലഘട്ടവും സിനിമ വന്ന കാലഘട്ടവും രണ്ടായിരുന്നല്ലോ.

പ്രശസ്‌ത സംവിധായകനായ കെ.എസ്. സേതുമാധവന്റെ കുടുംബസ്ഥാപനമായ ചിത്രാഞ്ജലിയുടെ പേരിൽ അദ്ദേഹത്തിന്റെ അനുജൻ കെ.എസ്.ആർ. മൂർത്തി നിർമിച്ച സിനിമ എം. മസ്‍താൻ സംവിധാനംചെയ്‌തു. കമൽഹാസൻ, ശ്രീദേവി, എം.ജി. സോമൻ, വിധുബാല, കെ.പി. ഉമ്മർ, ബഹദൂർ, ശങ്കരാടി, രാജകോകില, എൻ. ഗോവിന്ദൻകുട്ടി തുടങ്ങിയവർ അഭിനയിച്ചു.

ബി. രാധാകൃഷ്ണന്റെ കഥക്ക് സംവിധായകനായ എം. മസ്‍താൻ തന്നെ തിരക്കഥ തയാറാക്കി. മങ്കൊമ്പ് ഗോപാലകൃഷ്ണൻ സംഭാഷണവും ഗാനങ്ങളും രചിച്ചു. എം.എസ്. വിശ്വനാഥൻ സംഗീതസംവിധാനം നിർവഹിച്ചു. ‘കുറ്റവും ശിക്ഷയും’ എന്ന ചിത്രത്തിൽ ആകെ അഞ്ചു പാട്ടുകൾ ഉണ്ടായിരുന്നു. യേശുദാസ്, ജയചന്ദ്രൻ, പി. ലീല, പി. സുശീല, എസ്. ജാനകി, വാണി ജയറാം എന്നിവരോടൊപ്പം സംഗീതസംവിധായകനായ എം.എസ്. വിശ്വനാഥനും തെന്നിന്ത്യൻ സിനിമയിലെ പ്രശസ്‌ത ഗിറ്റാർവാദകനായ സായ് ബാബയും ഈ സിനിമയിൽ പാടി. തമിഴിലും തെലുഗുവിലും പ്രശസ്തി നേടിയ കിടയറ്റ സ്വഭാവനടനായ ടി.എസ്. ബാലയ്യയുടെ മകനാണ് സായ് ബാബ.

യേശുദാസ് ആലപിച്ച ‘‘സ്വയംവരത്തിരുനാൾ രാത്രി...’’ എന്ന ഗാനം ഒട്ടൊക്കെ പ്രശസ്തി നേടി. ‘‘സ്വയംവരത്തിരുനാൾ രാത്രി -ഇന്നു/ സ്വർഗം തുറക്കുന്ന രാത്രി/ മംഗളം വിളയും ശൃംഗാര രാത്രിയിൽ/ മണവാളനെന്താണ് സമ്മാനം...’’ വരികൾ ഇങ്ങനെ തുടരുന്നു: ‘‘അരയന്നപ്പിടയുടെ നാണമോടെ/ അരഞ്ഞാണം കിലുങ്ങുന്ന നടയോടെ/ അരികത്തൊഴുകി വരും യൗവനമേ -നിന്നെ/ മിഴികളാൽ ഞാൻ കോരിക്കുടിക്കട്ടെ -നിന്റെ/ അധരസിന്ദൂരം ഞാനണിയട്ടെ.’’

പി. ലീലയും പി. സുശീലയും ചേർന്നു പാടിയ ഗാനത്തിലെ ആദ്യ വരികൾ: ‘‘കണ്ണനാമുണ്ണീ കണ്ണിലുണ്ണീ/ കണ്ണുകൾക്കാരോമൽ പൊന്നുണ്ണീ/ അമ്പാടിക്കണ്ണനെപ്പോൽ നിനക്കും/ അമ്മമാർ രണ്ടല്ലോ താലോലിക്കാൻ.’’

വാണിജയറാം പാടിയ ഗാനം ‘‘മലരിലും മനസ്സിലും’’ എന്ന് ആരംഭിക്കുന്നു. ‘‘മലരിലും മനസ്സിലും മധുമാസകാലം/ മകരന്ദമൊഴുകുന്ന മധുവിധുയാമം/ ഇതളിന്മേൽ ഇതളിടും സംഗമമേളം/ മണിച്ചെപ്പു കിലുക്കുന്ന കനവിന്റെ താളം/ ഹൃദയം ഹൃദയത്തെ പുണർന്നു -നമ്മുടെ /ചിറകു ചിറകിന്മേൽ പടർന്നു...’’

ജയചന്ദ്രനും പി. സുശീലയും പാടിയ യുഗ്മഗാനം ‘‘ആവണിപ്പൂർണ ചന്ദ്രോദയത്തിൽ...’’ എന്ന് തുടങ്ങുന്നു. ‘‘ആവണിപ്പൂർണ ചന്ദ്രോദയത്തിൽ/ അമൃതുമായ് പൊന്തിയ സൗന്ദര്യമേ/ സ്വപ്‌നങ്ങൾ വിടരുമെൻ മാനസത്തിൽ/ പുഷ്‌പോത്സവങ്ങൾക്കു നീ വന്നു...’’

 

ചിത്രത്തിലെ ഹാസ്യഗാനം അക്കാലത്ത് പുതുമയുള്ളതായിരുന്നു. എം.എസ്. വിശ്വനാഥനും സായ്ബാബയും ചേർന്നാണ് ഈ പാട്ടു പാടിയിരിക്കുന്നത്.

‘‘കൃഷ്ണാ മുകുന്ദാ മുരാരേ -ജയ/ കൃഷ്ണാ മുകുന്ദാ മുരാരേ.../ കുടിവെട്ടി മൂടിയോരെന്റെ രഹസ്യമെന്നെ/ കുഴിയിലാക്കാതെ നീ കാത്തീടണേ.../ വിടവിനിടയ്ക്കു സ്വന്തവാൽ വീണു ചതയുന്ന/ വാനരനായ ഞാൻ പിടയുമ്പോൾ/ കംസനെപ്പോലെന്നെ ഇഞ്ചിഞ്ചായ് കൊല്ലുന്ന/ മരുമോനിൽനിന്നെന്നെ രക്ഷിക്കണേ -ഈ / അസുരവിത്തിൽനിന്നെന്നെ രക്ഷിക്കണേ...’’

ആവശ്യം വരുമ്പോൾ ഗാനത്തിനിടയിൽ പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദം സ്വന്തം കണ്ഠംകൊണ്ട് സൃഷ്ടിച്ചു ചേർക്കാൻ സമർഥനായിരുന്നു നമ്മുടെ നടനും ഗായകനുമായ പട്ടം സദൻ. അതുപോലെ ഗിറ്റാറിൽ വ്യത്യസ്ത നാദങ്ങൾ സൃഷ്ടിക്കാൻ പാടവമുള്ള സംഗീതജ്ഞനായിരുന്നു സായ്ബാബ.

‘കുറ്റവും ശിക്ഷയും’ എന്ന ചിത്രം തന്റെ നിലവാരമൊത്ത് ഉയരുകയില്ല എന്നറിയാവുന്നതുകൊണ്ടാണ് കെ.എസ്. സേതുമാധവൻ മാറിനിന്ന് സിനിമ ഛായാഗ്രാഹകനായ എം. മസ്താനെ സംവിധാനച്ചുമതല ഏൽപിച്ചത് എന്നാണ് ഈ ലേഖകൻ മനസ്സിലാക്കിയത്. വാണിജ്യവിജയം ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ‘കുറ്റവും ശിക്ഷയും’ ഒരു രീതിയിലും മികച്ചതായില്ല. സാമ്പത്തികമായും ചിത്രം കാര്യമായ നേട്ടമുണ്ടാക്കിയില്ല. 1976 ജൂലൈ ഒമ്പതിനാണ് ചിത്രത്തിന്റെ പ്രദർശനം തുടങ്ങിയത്.

(തുടരും) 

News Summary - When Yusufali and M.S. Viswanathan come together