വിരുന്നുകാരായ കൊക്കുകൾ

അൽഐനിൽ എത്തുന്നവർക്ക് വർഷങ്ങളായി മനോഹരവും അതിശയോക്തി നിറഞ്ഞതുമായ കാഴ്ചയൊരുക്കുന്ന ഒരു മരമുണ്ട് അൽഐൻ-അബൂദബി റോഡിൽ മഖാം പ്രദേശത്തെ സിഗ്‌നലിനടുത്ത്. നേരം ഇരുട്ടി തുടങ്ങുന്നതോടെ ഈ ‘അറേബ്യൻ ഗം’ മരം ശുഭ്ര തൂവൽ ധാരികളായ കൊക്കുകളെകൊണ്ട് നിറയും. എന്നാൽ ഈ ശൈത്യകാലത്ത് ഈ മരത്തിൽ പുതിയ അതിഥികൾകൂടി വിരുന്നെത്തിയിട്ടുണ്ട്. ആഫ്രിക്കൻ സേക്രഡ് ഐബിസ് ഇനത്തിൽപെട്ട നീണ്ട് വളഞ്ഞ കറുത്ത കൊക്കുകളോട് കൂടിയ വലിയ ഇനം കൊക്കുകളാണ് ഇവർ.
കറുത്ത തലയും കഴുത്തും വാലിലും ചിറകിനറ്റവും കറുത്ത തൂവലുകളുമുള്ള ഇവയുടെ മറ്റു ശരീര ഭാഗങ്ങൾ മുഴുവനായി വെളുത്തതാണ്. പുതിയ അതിഥികൾ എത്തിയതോടെ സ്ഥിരവാസക്കാരായ വെള്ള കൊക്കുകൾ ഇവർക്കായി താമസ സ്ഥലം ഒഴിഞ്ഞുകൊടുത്തിരിക്കുകയാണ് ഇപ്പോൾ. പൂർണമായും വെളുത്ത കൊക്കുകൾ എണ്ണത്തിൽ വളരെ കുറവാണ് ഈ സമയം. തിരക്കുപിടിച്ച റോഡും സിഗ്നലും ഈ മരത്തിൽ താമസിക്കുന്ന കൊക്കുകൾക്ക് സുരക്ഷിത സങ്കേതം ഒരുക്കുകയാണ്.
ഇരുൾ വ്യാപിക്കുന്നതോടെ സിഗ്നലിൽനിന്നുള്ള പച്ചയും ചുവപ്പും മഞ്ഞയും വെളിച്ചം ഈ കൊക്കുകളിൽ പതിക്കുമ്പോൾ ദീപാലങ്കാരങ്ങൾകൊണ്ട് അലങ്കരിക്കപ്പെട്ടതായി തോന്നും. കൊക്കുകളുടെ ചിറകടിയും കലപില ശബ്‌ദവുംകൂടിയാകുമ്പോൾ ഒരു ഉത്സവാന്തരീക്ഷം തന്നെ സൃഷ്‌ടിക്കപ്പെടും. പകൽ അന്നം തേടിപ്പോകുന്ന കൊക്കുകൾ രാത്രി ഇരുട്ടുന്നതോടെ വിശ്രമിക്കാൻ എത്തുന്നതാണ് ഈ മരത്തിൽ. കൊക്കുകൾ മുഴുവൻ മരത്തിൽ ചേക്കേറുന്നതോടെ മരം വെളുപ്പണിയും. രാത്രികാലങ്ങളിൽ മഖാമിലെ ഈ സിഗ്നലിലൂടെ കടന്നുപോകുന്നവർക്ക് വർണ്ണ കാഴ്ചയാണിത്. സിഗ്നൽ പച്ചയാകുന്നതും കാത്തുനിൽക്കുമ്പോൽ ആരും ഒന്ന് നോക്കിപ്പോകും ഈ മരത്തിലെ കൊക്കുകളെ. മരുഭൂമിയിൽ ഇത്രയേറെ കൊക്കുകളെ ഒരുമിച്ചുകാണുന്നത് ആരിലും കൗതുകമുണർത്തും. സിഗ്നലിനോട് ചേർന്ന് റോഡരികിൽ വേറെയും ധാരാളം മരങ്ങളുണ്ടെങ്കിലും കൊക്കുകൾക്ക് പ്രിയം ഈ മരത്തോട് മാത്രമാണ്.
ഈ മരത്തിൽ വർഷങ്ങളായി താമസക്കാരാണ് ഇവർ. പകൽ സമയങ്ങളിൽ അബൂദബി, ദുബൈ, ഷാർജ തുടങ്ങിയ സ്ഥലങ്ങളിലെ പുൽത്തകിടുകളിലും പാർക്കുകളിലും പാർക്കുകളിലും ഇരതേടി അലയുന്ന വെള്ള കൊക്കുകളെ ധാരാളമായി കാണാറുണ്ടെങ്കിലും അൽഐനിൽ പൊതുവെ അങ്ങനെ കാണാറില്ല. എന്നാൽ, സന്ധ്യ മയങ്ങുന്നതോടെ അൽഐനിന്‍റെ പല ഭാഗത്തുനിന്നായി മഖാമിലെ ഈ മരത്തിൽവന്ന് കൊക്കുകൾ നിറയുകയാണ്. നേരം പുലരുന്നതോടെ ഇര തേടി പറന്നകലുന്ന ഇവ മരത്തെ ചേതോഹരമാക്കാൻ സന്ധ്യയാകുന്നതോടെ വീണ്ടുമെത്തും.