Begin typing your search above and press return to search.

മാധവീലത

മാധവീലത
cancel

നമ്മുടെ നാട്ടിൽ കാണപ്പെടുന്ന പല സസ്യങ്ങളും സ്ത്രീകളുടെ പേരിൽ അറിയപ്പെടുന്നുണ്ട്. കല്യാണി, നാരായണി, മാലതി, മാധവി, യശോദ, സീതപ്പൂ എന്നിങ്ങനെ. പൗരാണിക ഭാരതീയ ഉദ്യാനങ്ങളിൽ അലങ്കാര സസ്യമായി നട്ടുപിടിപ്പിച്ചിരുന്ന ചെടികളിൽ ഒന്നാണ് മാധവീലത. ഈ സസ്യത്തെക്കുറിച്ച് പുരാണത്തിലൊരു കഥയുണ്ട്. സ്വന്തം പുത്രന്റെ യൗവനം ദാനമായി സ്വീകരിച്ച യയാതിയുടെ മകളാണ് മാധവി. സുന്ദരിയായ മാധവിയിൽ അനുരക്തനായ പ്രജാപതി ഒരു തേന്മാവായി ഭൂമിയിൽ ജന്മമെടുത്തുവത്രേ. പ്രണയാതുരയായ മാധവിയാകട്ടെ ഒരു ലതയായി ആ തേന്മാവിൽ പടർന്നുകയറി. മാധവിയെന്ന മുല്ലവള്ളിയും തേന്മാവും അനശ്വരപ്രണയത്തിന്റെ പ്രതീകവുമായി. ഏഷ്യൻ സ്വദേശിയായ...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

നമ്മുടെ നാട്ടിൽ കാണപ്പെടുന്ന പല സസ്യങ്ങളും സ്ത്രീകളുടെ പേരിൽ അറിയപ്പെടുന്നുണ്ട്. കല്യാണി, നാരായണി, മാലതി, മാധവി, യശോദ, സീതപ്പൂ എന്നിങ്ങനെ.

പൗരാണിക ഭാരതീയ ഉദ്യാനങ്ങളിൽ അലങ്കാര സസ്യമായി നട്ടുപിടിപ്പിച്ചിരുന്ന ചെടികളിൽ ഒന്നാണ് മാധവീലത. ഈ സസ്യത്തെക്കുറിച്ച് പുരാണത്തിലൊരു കഥയുണ്ട്. സ്വന്തം പുത്രന്റെ യൗവനം ദാനമായി സ്വീകരിച്ച യയാതിയുടെ മകളാണ് മാധവി. സുന്ദരിയായ മാധവിയിൽ അനുരക്തനായ പ്രജാപതി ഒരു തേന്മാവായി ഭൂമിയിൽ ജന്മമെടുത്തുവത്രേ. പ്രണയാതുരയായ മാധവിയാകട്ടെ ഒരു ലതയായി ആ തേന്മാവിൽ പടർന്നുകയറി. മാധവിയെന്ന മുല്ലവള്ളിയും തേന്മാവും അനശ്വരപ്രണയത്തിന്റെ പ്രതീകവുമായി.

ഏഷ്യൻ സ്വദേശിയായ മാധവീലത ഇന്തോ-മലേഷ്യൻ മേഖലകളിലും ചൈനയിലും വളരുന്നുണ്ട്. കേരളത്തിലെ നിത്യഹരിതവനങ്ങളിലും അർധ നിത്യഹരിതവനങ്ങളിലും പുഴയോരങ്ങളിലും കാവുകളിലും വളരുന്ന ചിരസ്ഥായിയായ ഒരു വള്ളിച്ചെടിയാണിത്. മരങ്ങളിലേക്ക് പിടിച്ചുകയറി വളരുന്ന ഇതിന്റെ ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. മീനാകാരത്തിലുള്ള ഇലകൾക്ക് 7-12 സെന്റിമീറ്റർ നീളവും 2.5-5 സെന്റിമീറ്റർ വീതിയും കാണും. മഞ്ഞയും പിങ്കും കലർന്ന വിചിത്രരൂപിയായ വെള്ളപ്പൂക്കൾക്ക് മാമ്പഴത്തിന്റെ നേർത്ത സുഗന്ധമാണ്.

ജനുവരി മുതൽ ആഗസ്റ്റ് വരെയാണ് പൂക്കാലം. ഒരു കുലയിൽതന്നെ 10-30 പൂക്കൾ ഉണ്ടായിരിക്കും. ഹെലികോപ്ടറിന്റെ പ്രൊപ്പല്ലറിനെ അനുസ്മരിപ്പിക്കുന്ന മൂന്ന് ചിറകുകളുള്ള ഫലമാണ് ഇതിനുള്ളത്. കാറ്റു വഴി വിത്തുവിതരണം നടത്താനുള്ള ഒരു അനുകൂലനമാണിത്. മാധവി, മധുമലർ, മധുമാലതി, പന്നിവള്ളി, ചന്ദ്രവള്ളി, സീതാമ്പൂ, ചിറ്റിലക്കൊടി എന്നീ പേരുകളിലും ഈ സസ്യം അറിയപ്പെടുന്നുണ്ട്. തെക്കൻ കേരളത്തിൽ ചിലയിടത്ത് ഞരമ്പോടൽ ആയി ഈ സസ്യം ഉപയോഗിക്കുന്നുണ്ട്. മാൽപ്പീജിയേസിയേ (Malpighiaceae) സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം ഹിപ്റ്റേജ് ബെൻഗാലെൻസിസ് (Hiptage benghalensis) എന്നാണ്. ഗ്രീക്ക് ഭാഷയിൽ പറക്കുന്നത് (flying) എന്നർഥം വരുന്ന ‘Hiptamai’ എന്ന വാക്കിൽനിന്നാണ് ഇതിന്റെ ജനുസ്സ് നാമം സ്വീകരിച്ചിരിക്കുന്നത്. ബംഗാളിൽനിന്നുള്ളത് എന്നാണ് സ്പീഷീസ് പേര് സൂചിപ്പിക്കുന്നത്. ഇംഗ്ലീഷിൽ Helicopter Flower, Clustered Hiptage എന്നീ പേരുകളുണ്ട്. മാധവീ എന്നാണ് സംസ്കൃതനാമം.

 

സുഗന്ധമുള്ള പൂക്കൾക്കുവേണ്ടി ചില ദേശങ്ങളിൽ ഇത് അലങ്കാരസസ്യമായി നട്ടുവളർത്താറുണ്ട്. ഇതിന്റെ ഇലയും തൊലിയും ഔഷധയോഗ്യങ്ങളാണ്. ചുമ, നെഞ്ചെരിച്ചിൽ, കുഷ്ഠം എന്നീ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിച്ചിരുന്നു.

1686ൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഹോർത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥത്തിന്റെ ആറാം വാല്യത്തിൽ സീതപ്പൂ എന്നാണ് ഈ സസ്യത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. പൂക്കളുടെ ഭംഗിയും സുഗന്ധവും മൂലമാകാം ഈ പേര് ലഭിച്ചത്. തവിടൻ ആര (Brown Awl), പൊന്നാര (Orange Awlet), തീവാലൻ ആര (Orangetai lAwl) എന്നീ ചിത്രശലഭങ്ങളുടെ ലാർവാ ഭക്ഷണസസ്യമാണിത്.

1905ലെ കുറിയേടത്തു താത്രിയുടെ സ്മാർത്തവിചാരത്തിൽ അച്ഛൻ കൽപകശ്ശേരി അഷ്ടമൂർത്തി നമ്പൂതിരിയും (ഭാരതപ്പുഴയോരത്തെ ആറങ്ങോട്ടുകര കാർത്യായനീ ക്ഷേത്രത്തിൽ ശാന്തിക്കാരനായിരുന്നു) ഭ്രഷ്ടാക്കപ്പെട്ടതോടെ കാർത്യായനീ ക്ഷേത്രത്തിലെ കളിമൺ വിഗ്രഹം ഉടഞ്ഞുപോയെന്നാണ് പറയപ്പെടുന്നത്. ഈ വിഗ്രഹത്തിന്റെ സ്ഥാനത്ത് മുളച്ചുപൊന്തിയ മാധവീലതക്കാണ് ഇപ്പോൾ പൂജ നടക്കുന്നത്. ക്ഷേത്രത്തിനകത്ത് ഈയൊരു സസ്യം ആരാധനാമൂർത്തിയായിരിക്കുന്നു.

News Summary - Madhavi A Vine Worshipped as Goddess