മായക്കാഴ്ചയായി ഒരു ഗോൾ


പെലെയുടെ ഐതിഹാസികവും ഏറ്റവും അവിശ്വസനീയവുമായ ഗോൾ പിറന്നത് മാറക്കാന സ്റ്റേഡിയത്തിലാണ്- 1961 മാർച്ച് 5ന്. ആ ഗോളിനെക്കുറിച്ചും പിന്നീട് ആ ചരിത്രഗോളിനോട് കിടപിടിക്കുന്ന വേറെയും ഗോളുകെളക്കുറിച്ചും എഴുതുന്നു.കണ്ട ഗോളുകളെക്കാൾ മനോഹരമാണ് കാണാത്ത ഗോളുകൾ എന്ന് തോന്നും ചിലപ്പോൾ; കേട്ട പാട്ടുകളെക്കാൾ മധുരതരം കേൾക്കാത്ത പാട്ടുകൾ എന്നു പറയുംപോലെ.പെലെയുടെ ഐതിഹാസിക...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
പെലെയുടെ ഐതിഹാസികവും ഏറ്റവും അവിശ്വസനീയവുമായ ഗോൾ പിറന്നത് മാറക്കാന സ്റ്റേഡിയത്തിലാണ്- 1961 മാർച്ച് 5ന്. ആ ഗോളിനെക്കുറിച്ചും പിന്നീട് ആ ചരിത്രഗോളിനോട് കിടപിടിക്കുന്ന വേറെയും ഗോളുകെളക്കുറിച്ചും എഴുതുന്നു.
കണ്ട ഗോളുകളെക്കാൾ മനോഹരമാണ് കാണാത്ത ഗോളുകൾ എന്ന് തോന്നും ചിലപ്പോൾ; കേട്ട പാട്ടുകളെക്കാൾ മധുരതരം കേൾക്കാത്ത പാട്ടുകൾ എന്നു പറയുംപോലെ.
പെലെയുടെ ഐതിഹാസിക ഫുട്ബാൾ ജന്മത്തിലെ ഏറ്റവും അവിശ്വസനീയ ഗോൾ പിറന്നത് 1961 മാർച്ച് 5ന് റിയോ െഡ ജനീറോയിലെ മാറക്കാന സ്റ്റേഡിയത്തിലാണെന്നാണ് ചരിത്രം. ഗോളിന്റെ മായികലഹരിയിൽ അന്ന് സ്വയം മറന്ന് ഗാലറിയിൽ ചുവടുവെച്ച ആയിരങ്ങളോട് കടുത്ത അസൂയയുണ്ടിപ്പോഴും. അവരുടെ കണ്ണുകൾക്ക് മാത്രം വീണുകിട്ടിയ അപൂർവ സൗഭാഗ്യമായിരുന്നല്ലോ ആ മില്യൺ ഡോളർ കാഴ്ച.
റിയോ-സാവോപോളോ ലീഗ് ടൂർണമെന്റിന്റെ കലാശ റൗണ്ടിൽ ഫ്ലുമിനീസിനെ നേരിടുകയാണ് പെലെയുടെ സാന്റോസ്. നാൽപതാം മിനിറ്റിൽ ഫ്ലുമിനീസിന്റെ ഒരു മുന്നേറ്റം തടഞ്ഞ സാന്റോസ് ഗോളി ലെർസിയോ പന്ത് ഡിഫൻഡർ ദൽമോക്ക് തട്ടിയിട്ടുകൊടുക്കുന്നു. ബോക്സിനു തൊട്ടുപുറത്തു മാർക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന പെലെയുടെ ഊഴമായിരുന്നു പിന്നെ. ദൽമോയിൽനിന്ന് ലഭിച്ച പാസുമായി ഫ്ലുമിനീസിന്റെ മിഡ്ഫീൽഡിലൂടെ ഒരു ഏകാന്ത മുന്നേറ്റത്തിന് തുടക്കമിടുന്നു പെലെ. പ്രവചനാതീതമായ ശരീരചലനങ്ങളോടെ ആറു എതിർകളിക്കാരെ വഴിക്കുവഴിയായി മറികടക്കുകയും ബാക്കി നാലുപേരെ നിശ്ചലശിൽപങ്ങളാക്കി നിർത്തുകയും ചെയ്തശേഷം പെനാൽറ്റി ബോക്സിൽ കുതിച്ചെത്തി പന്ത് പോസ്റ്റിലേക്ക് തൂക്കുന്നു സാന്റോസിന്റെ സുവർണമുത്ത്. പറന്നുയർന്ന ഫ്ലുമിനീസ് ഗോൾകീപ്പർ കാസ്റ്റിലോയെയും കടന്ന് പന്ത് വലയിലേക്ക്.
ഒരൊറ്റ മിനിറ്റ് മാത്രം നീണ്ടുനിന്ന, ഫ്ലുമിനീസിന്റെ ഹൃദയം ഭേദിച്ചുകൊണ്ടുള്ള, ആ കുതിച്ചോട്ടം ഇന്ന് ചരിത്രത്തിന്റെ ഭാഗം. കാണികൾ ഒന്നടങ്കം എഴുന്നേറ്റു നിന്ന് ഹർഷാരവം മുഴക്കിയാണ് ഗോളിനെ വരവേറ്റതെന്ന് സാക്ഷ്യപ്പെടുത്തുന്നു മത്സരം റിപ്പോർട്ട് ചെയ്ത ‘ഓ ഗ്ലോബോ’ പത്രത്തിന്റെ ലേഖകൻ. ആതിഥേയരായ ഫ്ലുമിനീസിന്റെ ആരാധകർക്കായിരുന്നു ഗാലറികളിൽ മുൻതൂക്കം. പക്ഷേ, ഗോളാഘോഷത്തിൽ വിവേചനമൊന്നും കാണിച്ചില്ല അവർ; മത്സരം ഒടുവിൽ 3-1ന് ജയിച്ചത് സാന്റോസ് ആണെങ്കിലും.
ടെലിവിഷൻ കവറേജ് ഇല്ലാത്തതിനാൽ ഒരിക്കലും സ്ക്രീനിൽ കാണാൻ ഭാഗ്യമുണ്ടായിട്ടില്ലാത്ത ആ ഗോളിന് മാറക്കാനയിൽ മനോഹരമായ ഒരു സ്മാരകമുണ്ട്; ചെമ്പിൽ തീർത്ത ഫലകം. ‘എസ്റ്റേഡിയോ മാറക്കാനയുടെ ചരിത്രത്തിലെ ഏറ്റവും മനോഹരമായ ഗോൾ’ എന്നാണ് ഫലകത്തിലെ വിശേഷണം.

പെലെയുടെ ഗോളിന്റെ സ്മരണയിൽ മാറക്കാനയിൽ ഒരുക്കിയ ഫലകം.
ആ ഫലകത്തിന് പിന്നിലുമുണ്ടൊരു കഥ. സാവോപോളോവിലെ ‘ഓ എസ്പോർട്ടോ’ പത്രത്തിന്റെ ഫുട്ബാൾ റിപ്പോർട്ടറായിരുന്ന ജോൽമിർ ബെറ്റിങ് പത്രപ്രവർത്തന ജീവിതത്തിന്റെ തുടക്കത്തിൽ ഒരു വിശേഷ ദൗത്യവുമായി റിയോ െഡ ജനീറോയിലെത്തുന്നു. പ്രമുഖ നാടകകൃത്തും പന്തുകളി പ്രേമിയുമായ നെൽസൺ റോഡ്രിഗ്സിനെ ഇന്റർവ്യൂ ചെയ്യുക.
ഫ്ലുമിനീസ്-സാന്റോസ് മത്സരം നടക്കാനിരിക്കുകയാണ് മാറക്കാനയിൽ. എന്നാൽപിന്നെ കളി കണ്ടുകൊണ്ടാവട്ടെ അഭിമുഖം എന്ന് കളിക്കമ്പക്കാരൻകൂടിയായ റോഡ്രിഗ്സ്. നിറഞ്ഞ മനസ്സോടെ ആ നിർദേശം സ്വീകരിക്കുന്നു കൗമാരക്കാരൻ ബെറ്റിങ്.
ഫ്ലുമിനീസിന്റെ ഉറച്ച ആരാധകനെങ്കിലും പെലെയുടെ പത്തരമാറ്റുള്ള ഗോളിന്റെ മായക്കാഴ്ചയിൽ മതിമറന്നവരിൽ റോഡ്രിഗ്സും ഉണ്ടായിരുന്നു. ‘‘ഈ അനർഘനിമിഷം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടില്ല എന്നതാണ് എന്റെ ഏറ്റവും വലിയ ദുഃഖം. തെളിവില്ലല്ലോ’’ -റോഡ്രിഗ്സ് ദുഃഖത്തോടെ പറഞ്ഞ ആ വാചകം കൗമാരക്കാരനായ റിപ്പോർട്ടറുടെ മനസ്സിനെ തൊട്ടു. പെലെയുടെ ഇതിഹാസ തുല്യമായ ഗോൾ എങ്ങനെ ചരിത്രത്തിൽ അടയാളപ്പെടുത്തും എന്നായിരുന്നു ബെറ്റിങ്ങിന്റെ അടുത്ത ചിന്ത.
പോംവഴി ബെറ്റിങ് തന്നെ കണ്ടെത്തുന്നു: സ്വന്തം പത്ര മുതലാളിമാരെ സ്വാധീനിച്ച് മാറക്കാനയിൽ ഒരു ഗോൾഫലകം സ്ഥാപിക്കുക. വിഖ്യാതമായ ‘ഗോൾ ഡി പ്ലാക്ക’യുടെ പിറവി അങ്ങനെയാണ്. റോഡ്രിഗ്സും ബെറ്റിങ്ങും കഥാവശേഷരായെങ്കിലും മാറക്കാനയിലെ ഗോൾഫലകം കാലത്തെ അതിജീവിച്ച് ഇന്നും തലയുയർത്തി നിൽക്കുന്നു; ലോകത്തിന്റെ മുക്കിലും മൂലയിലും നിന്നെത്തുന്ന ഫുട്ബാൾ തീർഥാടകർക്ക് ആവേശം പകർന്നുകൊണ്ട്.

നെൽസൺ റോഡ്രിഗ്സ്
ആറു പതിറ്റാണ്ടിനിടെ ഫുട്ബാൾ ഏറെ മാറി. പെലെയുടെ ചരിത്രഗോളിനോട് കിടപിടിക്കുന്ന വേറെയും ഗോളുകൾ കണ്ടു ലോകം. 1986ലെ മെക്സികോ ലോകകപ്പിൽ ഇംഗ്ലണ്ടിനും െബൽജിയത്തിനുമെതിരെ ഡീഗോ മറഡോണ നേടിയ ഗോളുകൾ ഓർമയിലുണ്ട്. ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ ഫൈനലിൽ വിവാദ ‘ഹാൻഡ് ഓഫ് ഗോഡ്’ ഗോളിലൂടെ സ്വന്തം ടീമിനെ മുന്നിലെത്തിച്ച് നാല് മിനിറ്റിനകം പന്ത് വീണ്ടും മറഡോണയുടെ കാലുകളിൽ കുരുങ്ങുന്നു, മധ്യരേഖക്ക് തൊട്ടടുത്തുവെച്ച് ലഭിച്ച പാസുമായി കുതികുതിക്കവേ, ഇംഗ്ലീഷ് ഡിഫൻഡർമാരെ ഒന്നൊന്നായി തന്നിലേക്ക് ആകർഷിക്കുന്നു മറഡോണ; വിശ്രുത ഫുട്ബാൾ ലേഖകൻ ബ്രയൻ ഗ്ലാൻവിലിന്റെ പ്രയോഗം കടമെടുത്താൽ, എട്ടുകാലി അതിന്റെ ഇരകളെ എന്നപോലെ. പിന്നെ സമർഥമായ ശരീരചലനങ്ങളാൽ അവരെ അനായാസം മറികടക്കുന്നു. കെന്നി സാൻസം, ടെറി ബുച്ചർ, ടെറി ഫെൻവിക്... ആർക്കുമില്ല മറഡോണക്കുതിരയെ പിടിച്ചുകെട്ടാനുള്ള തന്റേടം.
കുതിപ്പിനൊടുവിൽ, ഗോൾമുഖത്ത് മറഡോണയും ഗോളി പീറ്റർ ഷിൽട്ടണും മുഖാമുഖം. ഇത്തവണ ഗോളടിക്കാൻ മുമ്പത്തെപ്പോലെ കൈ ഉപയോഗിക്കേണ്ടി വന്നില്ല ഡീഗോക്ക്, കാലും ‘തല’യും തന്നെ ധാരാളമായിരുന്നു. ഓടുന്ന ഓട്ടത്തിൽ കിടിലനൊരു ഡമ്മി. പന്തിന്റെ ദിശയെക്കുറിച്ചുള്ള ജഡ്ജ്മെന്റ് പാളിയതോടെ പതറിപ്പോയ ഷിൽട്ടൺ ഇല്ലാത്ത ഷോട്ട് തടയാൻ കുതിച്ചപ്പോൾ, ഇപ്പുറത്ത് ഒഴിഞ്ഞുകിടന്ന പോസ്റ്റിലേക്ക് പന്ത് തട്ടിയിട്ടു മറഡോണ. പൂ നുള്ളിയെറിയുംപോലെ.
െബൽജിയത്തിനെതിരായ സെമിഫൈനലിലും കണ്ടു അതേ ഡീഗോ മാജിക്. അന്ന് മന്ത്രവാദത്താൽ മറഡോണ മൺപ്രതിമകളാക്കി മാറ്റിയത് െബൽജിയത്തിന്റെ എണ്ണം പറഞ്ഞ പ്രതിരോധഭടന്മാരെയാണ് - സ്റ്റെഫാൻ ഡിമോൾ, ജോർജ് ഗ്രൻ, പാട്രിക് വെർവൂട്ട്, എറിക് ഗെരറ്റ്സ്. മറഡോണയുടെ ഫുട്ബാൾ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഗോളുകളിലൊന്ന്.
ലയണൽ മെസ്സിയുടെ ഏറ്റവും മികച്ച രണ്ടു ഗോളുകൾ പിറന്നത് സോളോ റെയ്ഡുകളിലൂടെ ആയിരുന്നു. 2007ലെ കോപ്പ ഡെൽ റെയ് ടൂർണമെന്റിന്റെ സെമിഫൈനലിൽ ഗെറ്റാഫെക്കെതിരെ ബാഴ്സലോണക്കു വേണ്ടി നേടിയ ഗോളായിരുന്നു കൂട്ടത്തിൽ മാരകം. മുപ്പതാം മിനിറ്റിൽ മധ്യരേഖക്കടുത്തുവെച്ച് പന്ത് വരുതിയിലാക്കിയ മെസ്സി നാല് ഡിഫൻഡർമാരെയും ഗോളിയെയും സമർഥമായി ഡ്രിബിൾ ചെയ്ത് മറികടന്ന് പോസ്റ്റിലേക്ക് നിറയൊഴിക്കുന്നു. ലോക ഫുട്ബാളിൽ പുതിയ താരോദയം കുറിച്ച ഗോൾ.
എട്ടു വർഷം കഴിഞ്ഞു അതേ ടൂർണമെന്റിന്റെ ഫൈനലിൽ അത്ലറ്റികോ ബിൽബാവോക്കെതിരെയും ആ പാറ്റേൺ ആവർത്തിച്ചു മെസ്സി. ഇത്തവണ വലതു വിങ്ങിൽനിന്ന് ഡാനി ആൽവസിന്റെ പാസ് സ്വീകരിച്ച് മധ്യരേഖയിൽനിന്ന് കുതിച്ച മെസ്സിയുടെ ഓട്ടം അവസാനിച്ചത് ബിൽബാവോയുടെ ശൂന്യമായ ഗോൾ പോസ്റ്റിന് മുന്നിലാണ്. അതിനകം നാല് എതിർ പ്രതിരോധ ഭടന്മാരെയും ഗോളി ലാഗോ ഹെരേറിനെയും നിഷ്പ്രഭരാക്കിയിരുന്നു മെസ്സി.
ഇനിയും വന്നേക്കാം അത്തരം ഗോളുകൾ. പക്ഷേ, മാറക്കാനയിലെ ഫലകത്തിലെന്നപോലെ കളിക്കമ്പക്കാരുടെ മനസ്സിലും ജ്വലിച്ചുനിൽക്കുക പെലെയുടെ ആ ‘കാണാഗോൾ’ തന്നെ. സ്വപ്നവും സത്യവും തമ്മിലുള്ള അതിർരേഖകൾ മായ്ച്ചു കളഞ്ഞ ഗോളായിരുന്നല്ലോ അത്.