Begin typing your search above and press return to search.

ഇറാനും അമേരിക്കയും പിന്നെ എം.എൻ. നമ്പ്യാരും

ഇറാനും അമേരിക്കയും   പിന്നെ എം.എൻ. നമ്പ്യാരും
cancel

ലോകകപ്പ് സ്‌പെഷൽ ഡെസ്കിന്റെ ഭാഗമായി ചെന്നൈ ഇന്ത്യൻ എക്സ്പ്രസ് ഓഫിസിൽ ഒരുമാസം ചെലവിടേണ്ടി വന്നപ്പോൾ എം.എൻ. നമ്പ്യാരുമായി നടത്തിയ ആ മറക്കാനാവാത്ത കൂടിക്കാഴ്ചയെക്കുറിച്ചും 1998ലെ ലോകകപ്പ് ‘യുദ്ധ’ത്തെക്കുറിച്ചും എഴുതുകയാണ് മുതിർന്ന മാധ്യമപ്രവർത്തകൻ കൂടിയായ ലേഖകൻ. പരസ്പരം കടിച്ചുകീറുകയാണ് ഇറാനും അമേരിക്കയും. യുദ്ധം ആസ്വദിച്ചുകൊണ്ട് ടെലിവിഷനു മുന്നിൽ അതിഭീകര വില്ലന്മാരുടെ ഒരു അദൃശ്യനിര: ‘കുടിയിരുന്ത കോവിലി’ലെ ഭൂപതി, ‘മന്ത്രികുമാരി’യിലെ രാജഗുരു, ‘നിനൈത്തതേ മുടിപ്പവനി’ലെ മോഹൻ, ‘ഉരിമൈക്കുരളി’ലെ ദുരൈസാമി, ‘രാജാപ്പാർട്ട് രംഗദുരൈ’യിലെ സോമസുന്ദരം, ‘പല്ലാണ്ട് വാഴ്‌ക’യിലെ ഭൈരവൻ,...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
ലോകകപ്പ് സ്‌പെഷൽ ഡെസ്കിന്റെ ഭാഗമായി ചെന്നൈ ഇന്ത്യൻ എക്സ്പ്രസ് ഓഫിസിൽ ഒരുമാസം ചെലവിടേണ്ടി വന്നപ്പോൾ എം.എൻ. നമ്പ്യാരുമായി നടത്തിയ ആ മറക്കാനാവാത്ത കൂടിക്കാഴ്ചയെക്കുറിച്ചും 1998ലെ ലോകകപ്പ് ‘യുദ്ധ’ത്തെക്കുറിച്ചും എഴുതുകയാണ് മുതിർന്ന മാധ്യമപ്രവർത്തകൻ കൂടിയായ ലേഖകൻ.

പരസ്പരം കടിച്ചുകീറുകയാണ് ഇറാനും അമേരിക്കയും. യുദ്ധം ആസ്വദിച്ചുകൊണ്ട് ടെലിവിഷനു മുന്നിൽ അതിഭീകര വില്ലന്മാരുടെ ഒരു അദൃശ്യനിര: ‘കുടിയിരുന്ത കോവിലി’ലെ ഭൂപതി, ‘മന്ത്രികുമാരി’യിലെ രാജഗുരു, ‘നിനൈത്തതേ മുടിപ്പവനി’ലെ മോഹൻ, ‘ഉരിമൈക്കുരളി’ലെ ദുരൈസാമി, ‘രാജാപ്പാർട്ട് രംഗദുരൈ’യിലെ സോമസുന്ദരം, ‘പല്ലാണ്ട് വാഴ്‌ക’യിലെ ഭൈരവൻ, ‘ഉത്തമപുത്രനി’ലെ നാഗനാഥൻ, ‘അമരദീപ’ത്തിലെ സുകുമാർ, ‘തങ്കമലൈ രഹസ്യ’ത്തിലെ ആദിത്യൻ, ‘പാശമലരി’ലെ രത്തിനം, ‘ലക്ഷ്മീകല്യാണ’ത്തിലെ സുരുട്ടു സുന്ദരം പിള്ളൈ.... പല ദേശക്കാർ, പല രൂപക്കാർ, പല ഭാവക്കാർ. ചിലർ പൊട്ടിച്ചിരിക്കുന്നു, ചിലർ പല്ലിറുമ്മുന്നു, മറ്റു ചിലർ മീശ പിരിക്കുന്നു....

മറ്റൊരു ലോകകപ്പ് ഫുട്‍ബാൾ പോരാട്ടവും അത്രയും ആസ്വദിച്ചിരുന്നു കണ്ടിട്ടുണ്ടാവില്ല. തെന്നിന്ത്യൻ സിനിമയിലെ എത്രയോ പ്രതിനായക കഥാപാത്രങ്ങൾക്ക് വെള്ളിത്തിരയിൽ ഉയിരേകിയ ഇതിഹാസതുല്യനായ നടനാണ് തൊട്ടരികെ; മഞ്ഞേരി നാരായണൻ നമ്പ്യാർ എന്ന എം.എൻ. നമ്പ്യാർ. മക്കൾ തിലകം എം.ജി.ആറിനെയും നടികർ തിലകം ശിവാജി ഗണേശനെയും ജയശങ്കറിനെയും നമ്മുടെ പ്രേംനസീറിനെയുമൊക്കെ തോക്കു ചൂണ്ടിയും വാൾ വീശിയും മുഷ്ടി ചുരുട്ടിയും വിരട്ടിയ മഹാവില്ലനൊപ്പമിരുന്ന് ടെലിവിഷനിൽ കളി കാണാൻ ഭാഗ്യമുണ്ടാവുമെന്ന് ആരോർത്തു -അതും ചരിത്രത്തിന്റെ ഭാഗമായ ഒരു ലോകകപ്പ് മത്സരം. സ്വപ്നങ്ങളിൽപോലുമില്ലാതിരുന്ന ഒരു വിചിത്ര നിയോഗമായിരുന്നു അത്.

അവസാന നിമിഷങ്ങളിൽ ഡിഫൻഡർ ഡേവിഡ് റെജിസിനെ കബളിപ്പിച്ച് അമേരിക്കൻ പെനാൽറ്റി ബോക്സിൽ നുഴഞ്ഞുകയറി ഇറാന്റെ മെഹ്ദി മഹ്ദവികിയ പോസ്റ്റിലേക്ക് നിറയൊഴിച്ചപ്പോൾ തലയിൽ കൈ​െവച്ചു കേണു നമ്പ്യാർ: ‘‘സ്വാമീ, എല്ലാം പോച്ച്...’’ ചിരി വന്നുപോയി എന്നത് സത്യം. ഗോളടിച്ച ഇറാന്റെ ഭാഗത്താണല്ലോ ഞാൻ; നമ്പ്യാർ തോറ്റുകൊണ്ടിരുന്ന അമേരിക്കയുടെയും.

ഗോൾകീപ്പർ കേസി കെല്ലറെയും കടന്നു പന്ത് വലയിൽ ചെന്നൊടുങ്ങുമ്പോൾ കളി തീരാൻ കഷ്ടി ആറു മിനിറ്റ്. മത്സരത്തിൽ അമേരിക്കക്ക് ഇനി ഒരു ഉയിർത്തെഴുന്നേൽപിന് സ്കോപ്പില്ലെന്ന് മനസ്സുകൊണ്ട് തീരുമാനിച്ചുറച്ചിരുന്നു നമ്പ്യാർ. മടക്കമില്ലാത്ത രണ്ടു ഗോളിന് മുന്നിലാണ് അപ്പോൾ ഇറാൻ. അവസാന നിമിഷങ്ങളിൽ ബ്രയൻ മക്ബ്രൈഡിലൂടെ യു.എസ് ഒരു ഗോൾ മടക്കിയെങ്കിലും ഫലമുണ്ടായില്ല. ലോങ് വിസിൽ മുഴങ്ങുമ്പോൾ ഇറാൻ 2-1ന് മുന്നിൽ. ടെലിവിഷൻ ഓഫാക്കി നിരാശയോടെ കസേരയിൽനിന്ന് എഴുന്നേൽക്കവേ എന്നെ നോക്കി ‘ആയിരത്തിൽ ഒരുവനി’ലെ കടൽക്കൊള്ളക്കാരനെപ്പോലെ കണ്ണിറുക്കി, കൃത്രിമഗൗരവത്തിൽ നമ്പ്യാർ ചോദിച്ചു: ‘‘തോൽപിക്കാൻ വേണ്ടി വന്നതാണ്. അല്ലേ?’’

 

പുറത്തായിക്കഴിഞ്ഞ രണ്ടു ടീമുകൾ തമ്മിലുള്ള വഴിപാടു മത്സരം എന്നതിനപ്പുറത്ത് 1998ലെ ഫ്രാൻസ് ലോകകപ്പിലെ ആ ഇറാൻ-യു.എസ് പോരാട്ടത്തിന് രാഷ്ട്രീയമാനങ്ങൾ ഏറെയുണ്ടായിരുന്നു. ഇറാനിലെ അമേരിക്കൻ എംബസിക്ക് നേരെയുള്ള ആക്രമണവും ഇറാഖ് യുദ്ധത്തിലെ അമേരിക്കൻ നിലപാടിനെതിരായ രോഷവുമൊക്കെ ചേർന്ന് അറബ് നാടുകളിലൊന്നടങ്കം വീറും വാശിയും ഉണർത്തിയ പോരാട്ടം. ‘‘ദി മോസ്റ്റ് പൊളിറ്റിക്കലി ചാർജ്ഡ് മാച്ച് ഇൻ വേൾഡ് കപ്പ് ഹിസ്റ്ററി’’ എന്ന് ‘ഗാർഡിയൻ’ പത്രം എഴുതിയത് വെറുതെയല്ല. ഇന്നും തുടരുകയാണല്ലോ ആ വൈരം.

ലോകകപ്പ് സ്‌പെഷൽ ഡെസ്കിന്റെ ഭാഗമായി ചെന്നൈ ഇന്ത്യൻ എക്സ്പ്രസ് ഓഫിസിൽ ഒരു മാസം ചെലവിടേണ്ടി വന്നപ്പോഴായിരുന്നു എം.എൻ. നമ്പ്യാരുമായുള്ള ആ മറക്കാനാവാത്ത കൂടിക്കാഴ്ച. മുൻകൂട്ടി നിശ്ചയിച്ച അഭിമുഖത്തിനുവേണ്ടി ഗോപാലപുരത്തെ വീട്ടിലെത്തുമ്പോൾ പുലർച്ചെ നടന്ന ലോകകപ്പ് ഗ്രൂപ് മത്സരത്തിന്റെ പുനഃസംപ്രേഷണം കാണാൻ ടെലിവിഷന് മുന്നിലിരിക്കുകയാണ് ജന്മംകൊണ്ട് കണ്ണൂർക്കാരനും (ചെറുകുന്ന്) കളിക്കമ്പക്കാരനുമായ എമ്മെൻ. വാതിൽ തുറന്നുതന്ന ഭൃത്യൻ പറഞ്ഞു: ‘‘അയ്യാ ബിസി ആണ്. വെയിറ്റ് ചെയ്യാൻ പറഞ്ഞു...’’

ചുമരിൽ ചില്ലിട്ടുവെച്ചിരുന്ന നമ്പ്യാരുടെ വൈവിധ്യമാർന്ന കഥാപാത്രങ്ങളെ കൗതുകത്തോടെ നോക്കി സ്വീകരണമുറിയിലിരിക്കേ തെല്ലും നിനച്ചിരിക്കാതെ കഥാപുരുഷൻതന്നെ പുറത്തിറങ്ങി വരുന്നു. പിന്നെ, അസ്സൽ കണ്ണൂർ ഭാഷയിൽ ഒരു ചോദ്യം: ‘‘ങ്ങക്ക് പന്തുകളി ഇഷ്ടാ? ഇഷ്ടാണെങ്കിൽ അകത്തേക്ക് പോരൂ. മ്മക്ക് വേൾഡ് കപ്പ് കാണാം...’’

ആനന്ദലബ്ധിക്കിനി എന്തുവേണം? നമ്പ്യാരിലെ അസ്സൽ പന്തുകളിഭ്രാന്തൻ പീലിവിടർത്തിയാടുന്നതാണ് പിന്നെ കണ്ടത്. ഓരോ അമേരിക്കൻ നീക്കത്തിനും കൈയടി, വിസിലടി. അവസരങ്ങൾ തുലച്ചവർക്ക് രൂക്ഷമായ ഭാഷയിൽ ശകാരം. ഇടക്ക് വിദഗ്ധനായ പരിശീലകന്റെ റോളിലേക്ക് മാറി കളിക്കാർക്ക് കോച്ചിങ്. ചില്ലറ ചരിത്രപാഠങ്ങളും.

സർവ മത്സരങ്ങളുടെയും മാതാവ് (ദി മദർ ഓഫ് ഓൾ ഗെയിംസ്) എന്നായിരുന്നു ലിയോണിലെ ഗെർലാൻഡ് സ്റ്റേഡിയത്തിൽ നടന്ന ആ യു എസ്-ഇറാൻ പോരാട്ടത്തിന് മാധ്യമലോകം ചാർത്തിക്കൊടുത്ത വിശേഷണം. തെല്ലും അതിശയോക്തി കലർന്നിരുന്നില്ല അതിൽ. അത്രയും വഷളായിക്കഴിഞ്ഞിരുന്നു ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം. മുഹമ്മദ് മൊസദ്ദെഗിന്റെ ജനാധിപത്യ ഭരണകൂടത്തെ 1953ൽ ബ്രിട്ടനുമായി കൂട്ടുചേർന്ന് അമേരിക്ക അട്ടിമറിച്ചതു മുതൽ തുടങ്ങുന്നു സ്പർധയുടെ ചരിത്രം. അമേരിക്കൻ പിന്തുണയുള്ള ഷാ മുഹമ്മദ് റെസ പഹ്‌ലവിയെ ജനകീയ വിപ്ലവത്തിലൂടെ 1979ൽ ഇറാനിയൻ ജനത സ്ഥാനഭ്രഷ്ടനാക്കിയതോടെ ശത്രുതയുടെ ആക്കം കൂടി. 1980 മുതൽ 88 വരെ നീണ്ട ഇറാൻ-ഇറാഖ് യുദ്ധത്തിൽ ഇറാഖിനെ അമേരിക്ക പിന്തുണക്കുക കൂടി ചെയ്തതോടെ സ്ഥിതിഗതികൾ വീണ്ടും കലുഷം. സ്ഫോടനാത്മകമായ ആ അന്തരീക്ഷത്തിലായിരുന്നു 1998ലെ ലോകകപ്പ് ‘യുദ്ധ’ത്തിന്റെ കിക്കോഫ്.

കളിക്കളത്തിലും കണ്ടു രാഷ്ട്രീയവൈരത്തിന്റെ മാറ്റൊലി. മത്സരത്തിന് മുമ്പുള്ള ഔപചാരിക ഹസ്തദാനത്തിൽനിന്നായിരുന്നു വിവാദങ്ങളുടെ തുടക്കം. ഫിഫ നിയമാവലി അനുസരിച്ച് ‘ടീം ബി’ ആണ് ‘ടീം എ’യെ ചെന്നുകണ്ട് അഭിവാദ്യമർപ്പിക്കേണ്ടത്. ഇവിടെ ഇറാനാണ് ടീം ബി. എന്നാൽ, അമേരിക്കൻ ടീമിന് അങ്ങോട്ടുചെന്ന് കൈകൊടുക്കേണ്ട ഗതികേട് ഇറാനില്ലെന്ന് ആത്മീയ നേതാവ് ആയത്തുല്ല ഖുമൈനി പ്രഖ്യാപിച്ചതോടെ സംഘാടകർ കുഴങ്ങി. പ്രശ്‌നം പരിഹരിക്കാൻ ഇടപെട്ടത് ഇറാൻകാരനായ ഫിഫയുടെ മീഡിയ ഓഫിസർ മെഹർദാദ് മസൂദിയാണ്. മസൂദിയുടെ അഭ്യർഥന മാനിച്ച് ഇറാൻ ടീമിനെ അങ്ങോട്ടുചെന്ന് അഭിവാദ്യം ചെയ്യാനും ഹസ്തദാനം നൽകാനും സമ്മതിക്കുന്നു യു.എസ്.

തീർന്നില്ല. സുരക്ഷയായിരുന്നു അതിലും വലിയ വെല്ലുവിളി. മത്സരത്തിന്റെ ഏഴായിരം ടിക്കറ്റ് ഒരു ഇറാഖി ഭീകര സംഘടന മുൻകൂട്ടി സ്വന്തമാക്കിയ വിവരം സംഘാടകർ മണത്തറിഞ്ഞത് അവസാനനിമിഷമാണ്. ഭീകരർക്ക് സ്റ്റേഡിയത്തിൽ പ്രവേശനം നിഷേധിക്കുക പ്രയോഗികമായിരുന്നില്ല. പകരം അക്കൂട്ടത്തിലെ കുപ്രസിദ്ധരെ കണ്ടെത്തി, അവരുടെ ഫോട്ടോ ടെലിവിഷൻ കാമറാ ക്രൂവിന് കൈമാറി. അത്തരക്കാരുടെ പ്രതിഷേധ പ്രകടനങ്ങളും ബാനറുകളും കാമറയിൽപെടാതെ ശ്രദ്ധിക്കണമെന്നായിരുന്നു കർശന നിർദേശം. ഗാലറിയിലെ പ്രതിഷേധം ഫലിക്കാതെ വന്നാൽ അക്രമികൾ കളിക്കിടെ മൈതാനത്തേക്ക് ഇരച്ചുകയറാനും ശ്രമിച്ചേക്കുമെന്ന് ഇന്റലിജൻസ് ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. അത്തരം ആക്രമണങ്ങൾ തടയാൻ സ്റ്റേഡിയത്തിനകത്തെ സുരക്ഷാസന്നാഹം ഇരട്ടിയാക്കി.

ഭാഗ്യവശാൽ പ്രതീക്ഷിച്ചത്ര സ്ഫോടനാത്മകമായില്ല മത്സരാന്തരീക്ഷം. കൈകളിൽ വെണ്മയാർന്ന പനിനീർപുഷ്പങ്ങളുമായാണ് ഇറാനിയൻ കളിക്കാർ ഗ്രൗണ്ടിലേക്കിറങ്ങിവന്നത്. സമാധാനത്തിന്റെ പ്രതീകമായി എതിരാളികൾക്ക് പൂക്കൾ സമ്മാനിച്ച ശേഷമേ അവർ കളി തുടങ്ങിയുള്ളൂ. അമേരിക്കൻ കളിക്കാരുമായി ചേർന്നുനിന്ന് ഗ്രൂപ് ഫോട്ടോയിലും പങ്കാളികളായി ഗോൾകീപ്പർ അഹ്‌മദ്‌ റെസ ആബിദ്സാദേ നയിച്ച ഇറാനിയൻ ടീം. കളിക്കളത്തിൽ ആ ‘‘സൗഹൃദഭാവം’’ കണ്ടില്ല എന്നുമാത്രം. ഇഞ്ചോടിഞ്ചു പോരാട്ടമായിരുന്നു കിക്കോഫിൽനിന്നങ്ങോട്ട്.

മത്സരത്തിന്റെ ഇടവേളയിൽ ഡിക്രൂസിനെയും ആന്റണിയെയും പീറ്റർ തങ്കരാജിനെയും പോലുള്ള പഴയ പടക്കുതിരകളുടെ കളികാണാൻ ആവേശത്തോടെ പോയിരുന്ന കാലം ഓർത്തെടുത്തു നമ്പ്യാർ. ‘‘ഞങ്ങൾ കണ്ണൂർക്കാർക്ക് ഫുട്‍ബാൾ എന്നാൽ ജീവിതത്തിന്റെ ഭാഗമാണ്. ലോകത്തിന്റെ ഏത് കോണിൽ ചെന്നാലും ഫുട്‍ബാളും ഉണ്ടാകും കൂടെ....’’ -നമ്പ്യാരുടെ വാക്കുകൾ. അഭിമുഖം കഴിഞ്ഞ് യാത്രപറയുമ്പോൾ ഒന്നുകൂടി പറഞ്ഞു നമ്പ്യാർ: ‘‘കളി കാണാൻ ഇങ്ങോട്ടുവരാം. ഒറ്റക്കിരുന്ന് ഫുട്‍ബാൾ കാണുന്നതോളം മുഷിപ്പനായി മറ്റൊരു ഏർപ്പാടുമില്ല...’’ ലോകകപ്പ് നേടിയ സന്തോഷമായിരുന്നു എനിക്ക്.

 

എം.എൻ. നമ്പ്യാർ

പതിറ്റാണ്ടുകളോളം തമിഴ് സിനിമയിൽ നിറഞ്ഞുനിന്ന വില്ലനാണ് ക്ഷണിക്കുന്നത്. ചുണ്ടയിലെ ഞങ്ങളുടെ ഒരേയൊരു സിനിമാശാലയായിരുന്ന രോഷൻ ടാക്കീസിന്റെ മുൻബെഞ്ചിൽ സുഹൃത്ത് ഹുസൈനോടൊപ്പം ചെന്നിരുന്ന് എം.എൻ. നമ്പ്യാരെയും അശോകനെയും മനോഹറിനെയുമൊക്കെ വകവരുത്താൻ എം.ജി.ആറിനോട് നിശ്ശബ്ദമായി വിളിച്ചപേക്ഷിച്ച കാലം ഓർമവന്നു അപ്പോൾ. സിനിമ കണ്ട് ഹരം മൂത്ത് വി.കെ.എന്നിന്റെ ‘പയ്യൻ’ പുരക്ഷിതലൈവർക്ക് വെള്ളിത്തിരയിലേക്ക് വാളെറിഞ്ഞുകൊടുത്തതും ഇതേ വില്ലന്റെ കഥകഴിക്കാൻ വേണ്ടിയായിരുന്നില്ലേ?

കാലമേറെ മാറി; കളിയും. ലോകകപ്പുകൾ പിന്നെയും അഞ്ചെണ്ണം കൂടി വന്നുപോയി. താരങ്ങൾ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തു. എന്നിട്ടും അമേരിക്കയും ഇറാനും തമ്മിലുള്ള സ്പർധ ഇന്നും പഴയപടി തന്നെ; കളിക്കളത്തിൽ മാത്രമല്ല, പുറത്തും.

യു.എസിലും മെക്സിക്കോയിലും കാനഡയിലുമായി നടക്കുന്ന ഈ ലോകകപ്പിലുമുണ്ട് ഇറാനിയൻ സാന്നിധ്യം. ബെൽജിയം, ന്യൂസിലൻഡ്, ഈജിപ്ത് ടീമുകൾക്കൊപ്പം ഗ്രൂപ് ഡിയിലാണ് അവർ. മത്സരങ്ങൾ നടക്കുക ലോസ്ആഞ്ജലസിലും സിയാറ്റിലിലും. ടൂർണമെന്റിന്റെ ഏതെങ്കിലും ഘട്ടത്തിൽ യു.എസ്-ഇറാൻ പോരാട്ടം ആവർത്തിക്കപ്പെടുമോ? കണ്ടറിയണം.

നടന്നാൽതന്നെ ആ പോരാട്ടം കാണാൻ എം.എൻ. നമ്പ്യാർ ഉണ്ടാവില്ല. 2008 നവംബർ 19നായിരുന്നു നമ്പ്യാരുടെ വിയോഗം. ഇന്നും ലോകകപ്പ് മത്സരങ്ങൾ കാണാൻ ടെലിവിഷനു മുന്നിൽ തപസ്സിരിക്കുമ്പോൾ 28 വർഷം മുമ്പത്തെ ആ ദിവസം ഓർമവരും; കാതിൽ ആ അലർച്ച വീണ്ടും മുഴങ്ങും: ‘‘സ്വാമീ, എല്ലാം പോച്ച്‌...’’

News Summary - 1998 World Cup: When MN Nambiar Watched Iran vs USA