തെരഞ്ഞെടുപ്പ് കമീഷന്റെ 75 വർഷം

ചരിത്രത്തിന്റെ ചില നിമിഷങ്ങളിലെങ്കിലും ഒരു പിന്തിരിഞ്ഞ് നോക്കൽ ആവശ്യമാണ്. ഇതുവരെ വന്ന വഴി ശരിയാേണാ എന്ന ഒരു വിശകലനം. ഇത് ആരുടെ ചരിത്രമാണോ അവർ മാത്രം പുനർചിന്ത നടത്തിയാൽ പോരാ. ആരെയൊക്കെയാണ് ഇൗ ചരിത്രം ബാധിക്കുക അവരെല്ലാം തന്നെ ഇൗ പര്യാലോചനകളിലൂടെ കടന്നുപോകണം. തെരഞ്ഞെടുപ്പ് കമീഷനെക്കുറിച്ച് അത്തരം ചില ആലോചന നടത്താൻ പറ്റിയ സമയമാണിത്. ആദ്യ തെരഞ്ഞെടുപ്പ് കമീഷണർ ചുമതലയേറ്റിട്ട് മാർച്ച് 21ന് 75 വർഷം തികയും.
ഒരു സ്ഥിരം ഭരണഘടനാ സ്ഥാപനമായ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷൻ 1950 ജനുവരി 25നാണ് ഭരണഘടന അനുസരിച്ച് സ്ഥാപിതമായത്. ആദ്യ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ സുകുമാര്‍ സെൻ 1950 മാര്‍ച്ച് 21 മുതല്‍ 1958 ഡിസംബര്‍ 19 വരെ ആ പദവി വഹിച്ചു. തെരഞ്ഞെടുപ്പ് കമീഷന് എന്ന സ്ഥാപനം കെട്ടിപ്പടുക്കുന്നതിലും ഒന്നുമില്ലായ്മയില്‍നിന്ന് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ രണ്ട് പൊതു തെരഞ്ഞെടുപ്പുകള്‍ വിജയകരമായി നടത്തിയതിനുമുള്ള ബഹുമതി അദ്ദേഹം നേടി. അതിനുശേഷമുള്ള ചരിത്രത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ എന്ന പദവിയില്‍ വിജയിച്ചവരുടെ എണ്ണം ചുരുക്കം. ടി.എന്‍. ശേഷനാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ എന്ന പദവി ഏറ്റവും കരുത്തുറ്റതും ജനകീയവുമാക്കിയത്. ഇന്നുവരെയുള്ള 25 മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍മാരില്‍ തിളങ്ങിയത് എസ്.വൈ. ഖുറൈശി, ഡോ. എം.എസ്. ഗില്‍ എന്നിങ്ങനെ ചുരുക്കം ചിലര്‍ മാത്രമാണ്.
വാസ്തവത്തിൽ ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിൽ തീർത്തും പവിത്രമായൊരു പദവിയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടേത്. രാഷ്ട്രപതിയാണ് നിയമിക്കുക. ഒരു സുപ്രീംകോടതി ജഡ്ജിയെ നീക്കാവുന്ന കാരണത്താലും രീതിയിലുമല്ലാതെ ഒരു മുഖ്യ തെരഞ്ഞെടുപ്പു കമീഷണറെ തൽസ്ഥാനത്തുനിന്ന് നീക്കംചെയ്യാനും കഴിയില്ല. എന്നാൽ, ഏഴര പതിറ്റാണ്ടിലധികമായി രാജ്യം തുടർന്നുപോരുന്ന മുഖ്യ തെരഞ്ഞെടുപ്പു കമീഷണറുടെയും മറ്റു തെരഞ്ഞെടുപ്പു കമീഷണർമാരുടെയും നിയമനരീതി ആകെ മാറിയിരിക്കുന്നു. മോദി സർക്കാർ തങ്ങളുടെ സ്വന്തക്കാരനായ ഗ്യാനേഷ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി നിയമിച്ചുകൊണ്ട് പാതിരാ വിജ്ഞാപനം പുറത്തിറക്കി.
മുഖ്യ തെരഞ്ഞെടുപ്പു കമീഷണറെയും മറ്റു കമീഷണർമാരെയും നിയമിക്കേണ്ട ഉത്തരവാദിത്തം രാഷ്ട്രപതിക്കാണെന്ന് ഭരണഘടന സുവ്യക്തമായി പറയുന്നുണ്ട്. 2023ൽ നരേന്ദ്ര മോദി സർക്കാർ നടത്തിയ നിയമനിർമാണത്തോടെയാണ് കാര്യങ്ങൾ കൈവിടുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറും മറ്റു കമീഷണർമാരും (നിയമന-സേവന-കാലയളവ്) ബിൽ 2023 എന്ന ഭരണഘടനാ ഭേദഗതി ബിൽ മോദി സർക്കാർ കൊണ്ടുവന്നു. തെരഞ്ഞെടുപ്പ് കമീഷൻ നിയമനവുമായി ബന്ധപ്പെട്ട ഭരണഘടനയുടെ 324 (5) അനുച്ഛേദത്തിലെ സർക്കാറിന്റെയും പാർലമെന്റിന്റെയും ആദ്യ ഇടപെടലായി അത്.
വാസ്തവത്തിൽ തെരഞ്ഞെടുപ്പ് കമീഷനും തെരഞ്ഞെടുപ്പ് സംവിധാനവും വലിയ വിമർശനങ്ങൾ നേരിടുന്ന കാലമാണിത്. വോട്ടുയന്ത്രത്തിൽ ക്രമക്കേടു നടക്കുന്നതായി പല കോണുകളിൽനിന്നും വാദം ഉയരുന്നു. പല തെരഞ്ഞെടുപ്പുകളും അട്ടിമറിക്കപ്പെട്ടതായി മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് തന്നെ തെളിവുകൾ നിരത്തി സ്ഥാപിക്കുന്നു. 2014ൽ നരേന്ദ്ര മോദി അധികാരമേറ്റെടുത്തതിൽ പിന്നെയാണ് ഇത്ര വ്യാപകമായ പരാതികൾ തെരഞ്ഞെടുപ്പ് സംവിധാനത്തെപ്പറ്റി ഉയരുന്നത്. ഏത് ചിഹ്നത്തിൽ അമർത്തിയാലും താമരവിരിയുന്ന പ്രതിഭാസം രാജ്യത്തിന്റെ പല കോണുകളിൽ ആവർത്തിച്ചു. യു.പി.എ കാലത്ത് വോട്ടുയന്ത്രത്തിനെതിരെ ബി.ജെ.പിയാണ് പ്രചാരണം തുടങ്ങിെവച്ചതെന്നും ഒാർക്കണം.
2014നു ശേഷം തെരഞ്ഞെടുപ്പ് ക്രമക്കേടുകളിലും പെരുമാറ്റച്ചട്ട ലംഘനങ്ങളിലും തെരഞ്ഞെടുപ്പ് കമീഷൻ കൈക്കൊണ്ട വിവേചനപരമായ നടപടികളും നിസ്സംഗതയും ആ ഭരണഘടന സ്ഥാപനത്തിന്റെ വിശ്വാസ്യതക്ക് പരിക്കേൽപിച്ചിട്ടുണ്ട്. ഇപ്പോൾ തെരഞ്ഞെടുപ്പ് കമീഷനെ നിയമിക്കുന്നതും പ്രധാനമന്ത്രിയാകുന്നതോടെ എല്ലാ വിശ്വാസ്യതയും ഒന്നുകൂടി ഇല്ലാതാവുകയാണ്. വേണ്ടത്, തെരഞ്ഞെടുപ്പ് കമീഷനെ സ്വതന്ത്രമായി വിടുകയാണ്. ഭരണഘടനാ സ്ഥാപനമെന്നനിലയിൽ അതിന്റെ പദവികൾ വഹിക്കാൻ അനുവദിക്കലാണ്. അതാണ് ജനാധിപത്യം. തെരഞ്ഞെടുപ്പ് കമീഷൻതന്നെ സംശയത്തിന്റെ മുനയിലായാൽ പിന്നെ തെരഞ്ഞെടുപ്പിനു തന്നെ എന്തു വിശ്വാസ്യത? പ്രസക്തി?