ആസാദിയുടെ നിരോധനം

വർത്തമാന ഇന്ത്യയിലെ ഭരണകൂട-ഭരണവർഗ പ്രേരിതമായ ഒാരോ നിരോധനത്തിനും ഒറ്റ സ്വഭാവമാണുള്ളത് -ഭയം. സ്വതന്ത്രമായി ചിന്തിക്കുന്ന, ചോദ്യംചെയ്യുന്ന ജനത ഫാഷിസ്റ്റ് കാലത്ത് ഭരണകൂടത്തിന് സങ്കൽപിക്കാൻ പോലുമാകില്ല. അപ്പോൾ ചിന്തയെ, നിലപാടിനെ തളച്ചിടാൻ ഏറ്റവും എളുപ്പമുള്ള മാർഗം നിരോധനം തന്നെ.
സമീപകാലത്തെ ആദ്യ നിരോധനം ജമ്മു-കശ്മീരിലാണ്. ബുക്കർ സമ്മാന ജേതാവും മനുഷ്യാവകാശ പ്രവർത്തകയുമായ അരുന്ധതി റോയി എഴുതിയ ‘ആസാദി’യടക്കം 25 പുസ്തകങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രലായം നിരോധനം ഏർപ്പെടുത്തി. ഭരണഘടന വിദഗ്ധനും ചരിത്ര പണ്ഡിതനുമായ എ.ജി. നൂറാനിയുടെ ‘ദ കശ്മീർ ഡിസ്പ്യൂട്ട്: 1947-2012’ഉം നിരോധന പട്ടികയിലുണ്ട്. ഇനി ഈ പുസ്തകങ്ങളിലൊന്നിന്റെ കോപ്പി കൈവശം വെച്ചുവെന്ന കുറ്റത്തിനാണ് ചെറുപ്പക്കാരും ചിന്തിക്കുന്നവരുമായ കശ്മീരി ജനത ജയിലിലടക്കപ്പെടുക. ‘ആസാദി’ പുസ്തകത്തേക്കാൾ ആ വാക്കും മോദി ഭരണകൂടത്തെ ഭയപ്പെടുത്തുന്നുണ്ടാവും. ഫാഷിസത്തിൽനിന്നും വർഗീയതയിൽനിന്നും ‘ആസാദി’ വേണമെന്ന് മുദ്രാവാക്യം മുഴക്കിയ വിദ്യാർഥികളെ വേട്ടയാടിയത് അധികം മുമ്പല്ല.
മറ്റൊരു നിരോധനം ലോകപ്രശസ്ത സാമ്പത്തിക വിദഗ്ധൻ അമർത്യസെന്നിനാണ്. 91കാരനായ ആ പണ്ഡിതനെ ‘വിലക്കി’യത് വിശ്വഭാരതി സർവകലാശാലയാണ്. ബംഗാളി മാഗസിൻ ആയ ‘അനുസ്തൂപ്’ ആഗസ്റ്റ് 14ന് അമർത്യസെന്നിന് ആദരമായി ലൈബ്രറി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിക്കാണ് സർവകലാശാല അനുമതി നിഷേധിച്ചത്. പരിപാടിയിൽ വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞൻ ഴാങ് ഡ്രെസും പ്രഭാഷണം നടത്തേണ്ടിയിരുന്നു. സർവകലാശാല തടഞ്ഞതിനെ തുടർന്ന് നിശ്ചയിച്ച തീയതിയിൽതന്നെ മറ്റൊരു സ്വകാര്യ ഓഡിറ്റോറിയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. സർവകലാശാലയുടെ സാമ്പത്തിക-ശാസ്ത്ര-രാഷ്ട്രീയ വകുപ്പുമായും എ.കെ. ദാസ് ഗുപ്ത സെന്റർ ഫോർ പ്ലാനിങ് ആൻഡ് ഡെവലപ്‌മെന്റുമായും സഹകരിച്ച് സെന്നിനെക്കുറിച്ച് മാഗസിൻ അടുത്തിടെ ഒരു പ്രത്യേക പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഇൗ പ്രത്യേക പതിപ്പ് അധികാരികളെ ചൊടിപ്പിച്ചു എന്നുവേണം കരുതാൻ. സ്വകാര്യ വേദിയിലെ െഡ്രസിന്റെ പ്രഭാഷണത്തിന് തൊട്ടുപിന്നാലെ സംഘാടകരിൽ ഉൾപ്പെട്ടിരുന്ന എ.കെ. ദാസ്ഗുപ്ത സെന്ററിന്റെ ചെയർപേഴ്‌സൻ പ്രഫസർ അപുർബ കുമാർ ചതോപാധ്യായയെ നീക്കം ചെയ്ത് സർവകലാശാല വിജ്ഞാപനം പുറപ്പെടുവിക്കുകയുംചെയ്തു.
അടുത്ത ‘വിലക്ക്’ അസമിൽനിന്നാണ്. ബി.ജെ.പിയാണ് അവിെട ഭരിക്കുന്നത്. മുതിർന്ന മാധ്യമപ്രവർത്തകരായ സിദ്ധാർഥ് വരദരാജൻ, കരൺ ഥാപ്പർ എന്നിവർക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് അസം പൊലീസ് സമൻസ് അയച്ചിരിക്കുകയാണ്. ആഗസ്റ്റ് 22ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാനാണ് നിർദേശം. നിലവിലെ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളറിയാൻ ചോദ്യംചെയ്യാനുണ്ടെന്നാണ് സമൻസിലുള്ളത്. വരദരാജന് ആഗസ്റ്റ് 14നും കരൺ ഥാപ്പറിന് 18നുമാണ് സമൻസ് ലഭിച്ചത്. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ സൗമർജ്യോതി റേയുടെ മുന്നറിയിപ്പുണ്ട്.
രാജ്യത്തിന്റെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ അപകടത്തിലാക്കുന്ന പ്രവൃത്തികൾക്കെതിരെയാണ് സെക്ഷൻ 152 ചുമത്തുക. അസമിലെ മോറിഗാവ് പൊലീസ് സ്റ്റേഷനിൽ നേരത്തേ ഫയൽ ചെയ്യപ്പെട്ട രാജ്യദ്രോഹ കേസിൽ ജൂലൈ 11ന് സുപ്രീംകോടതി ‘ദ വയർ’ മാധ്യമപ്രവർത്തകർക്ക് അറസ്റ്റിൽനിന്ന് സംരക്ഷണം നൽകിയിരുന്നതാണ്. ‘രാഷ്ട്രീയ നേതൃത്വത്തിന്റെ നിയന്ത്രണങ്ങൾ കാരണം ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ പാകിസ്താനിൽവെച്ച് നഷ്ടമായി: ഇന്ത്യൻ പ്രതിരോധ അറ്റാഷെ’ എന്ന തലക്കെട്ടിൽ ‘ദ വയറി’ൽ ജൂൺ 28ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവർത്തകൻ നൽകിയ പരാതിയിൽ ജൂലൈ 11ന് വരദരാജനെതിരെ മൊറിഗാവ് സ്റ്റേഷനിൽ മറ്റൊരു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. അതായത് ഒരുതരത്തിലുള്ള വിമത-എതിർ ശബ്ദവും കേൾക്കാൻ ഭരണകൂടം ഇഷ്ടപ്പെടുന്നില്ല എന്ന് ചുരുക്കം. ഫലത്തിൽ വായന പാടില്ല, പ്രസംഗം പാടില്ല, സ്വതന്ത്ര മാധ്യമപ്രവർത്തനവും ഒട്ടും പാടില്ല. സൗകര്യമില്ല. ആസാദി തന്നെയാണ് മറുപടി.