ഗോകുൽ

കേരളം അധികം ശ്രദ്ധിച്ചുവോ എന്ന് വ്യക്തമല്ല. വയനാട്ടിൽനിന്ന് വീണ്ടുമൊരു ‘കസ്റ്റഡി മരണ’ വാർത്തകൂടി ഉണ്ടായി. മരണപ്പെട്ടത് ആദിവാസി യുവാവാണ്. മരിച്ചയാൾക്ക് പ്രായപൂർത്തിയായി എന്ന് പൊലീസും അല്ല എന്ന് സാമൂഹികപ്രവർത്തകരും പറയുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായ സംഭവത്തിൽ കസ്റ്റഡിയിലായ അമ്പലവയൽ നെല്ലാറച്ചാൽ ഒയിലക്കൊല്ലി പാടിവയൽ ഉന്നതിയിലെ ഗോകുലിനെയാണ് ഏപ്രിൽ ഒന്നിന് കൽപറ്റ പൊലീസ് സ്റ്റേഷൻ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
പെൺകുട്ടിയെ കാണാതായ സംഭവത്തിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ മാർച്ച് 31ന് വൈകീട്ടോടെ കോഴിക്കോട്ടുനിന്ന് പെൺകുട്ടിയെയും ഒപ്പമുണ്ടായിരുന്ന ഗോകുലിനെയും കോഴിക്കോട് വനിത സെൽ കണ്ടെത്തി. ൈവദ്യപരിശോധനക്കു ശേഷം തിങ്കളാഴ്ച രാത്രി 11ഓടെ കൽപറ്റ പൊലീസിന് കൈമാറി. സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ‘സഖി’ കേന്ദ്രത്തിലേക്ക് പെൺകുട്ടിയെ മാറ്റിയശേഷം ഇരുവരുടെയും ബന്ധുക്കളെ കൽപറ്റ പൊലീസ് വിവരമറിയിച്ചു. ഗോകുലിനെതിരെ കേസ് എടുക്കുകയോ പ്രതി ചേർക്കുകയോ ചെയ്തിരുന്നില്ല. ആധാറുമായി വന്ന് ഗോകുലിനെ കൂട്ടിക്കൊണ്ടുപോകണമെന്നാണ് തങ്ങളെ പൊലീസ് അറിയിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. രാത്രി മുഴുവൻ സ്റ്റേഷനിലടച്ചു.
ഏപ്രിൽ ഒന്നിന് രാവിലെ 7.45ഓടെ പൊലീസ് സ്റ്റേഷൻ വളപ്പിലെ ശുചിമുറിയിലേക്ക് പോയ ഗോകുലിനെ എട്ടുമണിയായിട്ടും കാണാത്തതിനെ തുടർന്ന് വാതിൽ തകർത്ത് അകത്തുകയറിയപ്പോഴാണ് ധരിച്ചിരുന്ന വസ്ത്രത്തിൽ ശുചിമുറിയിലെ ഷവറിൽ തൂങ്ങിയ നിലയിൽ കണ്ടതെന്നാണ് പൊലീസ് ഭാഷ്യം. ഉടൻ പൊലീസ് ജീപ്പിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചത്രെ. എസ്.എസ്.എൽ.സി വരെ പഠിച്ച ഗോകുലിന് അടക്കപറിയടക്കമുള്ള കൂലിപ്പണിയായിരുന്നു വരുമാനം.
ആദിവാസികളും ദലിതരും കസ്റ്റഡിയിൽ കൊല്ലപ്പെട്ടാൽ അത് ആത്മഹത്യയാക്കി മാറ്റാൻ ‘കഴിവു’ള്ളവരാണ് നമ്മുടെ പൊലീസ്. എതിർ ശബ്ദങ്ങളുണ്ടാകില്ലെന്നും ഉണ്ടായാൽ തന്നെ അത് നേർത്തതായിരിക്കുമെന്നും ഭരണകൂടത്തിനറിയാം. ഈ കേസിൽ പൊലീസ് ഭാഷ്യം മുഖവിലക്കെടുത്താലും അതിൽ ഗുരുതരമായ മനുഷ്യാവകാശ-സാമൂഹിക-സാമ്പത്തിക-സാംസ്കാരിക പ്രശ്നങ്ങൾ അടങ്ങിയിട്ടുണ്ട്. ഗോകുലിന് 17 അല്ല 18 വയസ്സ് എന്നുതന്നെ എടുക്കാം. എന്നാൽ, തന്നെ പ്രായംകുറഞ്ഞ, വിഷയങ്ങളെ വൈകാരികമായി സമീപിക്കുന്ന ഒരാളിന്റെ സുരക്ഷ ആരാണ് ഉറപ്പാക്കേണ്ടത്? ശുചിമുറിയിൽ പോകുമ്പോഴും പൊലീസിന്റെ കരുതൽ ഉണ്ടാവേണ്ടതല്ലേ? ഇനി കേസ് ചാർജ് ചെയ്യാതെ ആദിവാസി ചെറുപ്പക്കാരനെ പൊലീസ് സ്റ്റേഷനിൽ അടക്കുന്നതിലെ സാംഗത്യം എന്താണ്? 17 വയസ്സായിരുന്നെങ്കിൽ രാത്രി താമസിപ്പിക്കേണ്ടത് പൊലീസ് സ്റ്റേഷനിൽ അല്ലല്ലോ. പ്രണയിച്ചുവെന്നതിന്റെ പേരിൽ ഒരു രാത്രി പൊലീസ് സ്റ്റേഷനിൽ അടക്കപ്പെടുന്നത് ദുർബലമെന്ന് പരിഗണിക്കപ്പെടുന്ന ഒരു സമൂഹത്തിലെ ഗോകുലിനെപ്പോലൊരു യുവാവിൽ സൃഷ്ടിക്കാനിടയുള്ള മാനസികമായ സമ്മർദത്തെ പരിഗണിക്കേണ്ടതല്ലേ.
ആദിവാസി സമൂഹത്തിനിടയിൽ 16, 17 വയസ്സുകളിൽ വിവാഹം നടക്കുന്നത് പതിവാണ്. അതിന് അതിന്റേതായ സാമൂഹിക-സാംസ്കാരിക വശങ്ങളുണ്ട്. ‘മുഖ്യധാരയുടെ’ വിശകലന, നിയമ രീതികളല്ല ഗോത്രമേഖലകളിൽ ബാധകമാകേണ്ടത്. ചെറുപ്രായത്തിൽ വിവാഹം കഴിച്ചതിന് പോക്സോ കേസ് ചുമത്തിയതും ആദിവാസി ചെറുപ്പക്കാരെ ജയിലിലടച്ചതും വാർത്തയായിരുന്നു. ആദിവാസി സമൂഹത്തിൽ കേവലമായി പോക്സോ ചുമത്തരുതെന്ന സാമൂഹിക ശാസ്്ത്രജ്ഞരുടെ നിർദേശം പോലും അവഗണിക്കപ്പെട്ടു.
വയനാട്ടിലെ ദുരൂഹമായ ആദിവാസി മരണങ്ങളിൽ ഒന്നുകൂടിയാണിത്. കൽപറ്റയിലെ വിശ്വനാഥൻ, കുടകിലെ തോട്ടങ്ങളില് മരിച്ച ശേഖരൻ, ശ്രീധരൻ തുടങ്ങിയ ചെറുപ്പക്കാരുടെ മരണം ചോദ്യചിഹ്നമായി നിലകൊള്ളുന്നുണ്ട്. ഇവിടെ ഗോകുലിന്റെ മരണം കസ്റ്റഡി കൊലപാതകമായി തന്നെയാണ് പരിഗണിക്കേണ്ടത്. സംഭവം ശാസ്ത്രീയമായി അന്വേഷിക്കണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പൊതു സമൂഹത്തിന്റെ ജാഗ്രതയും ഉണ്ടാകണം.