അമ്പലം വിഴുങ്ങികൾ

ദേവസ്വം മുൻ മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞത് സത്യമാണ് -‘അമ്പലക്കള്ളൻമാർ എന്നുമുണ്ട്’. എന്നാൽ, അമ്പലക്കള്ളന്മാരുടെ ‘േഗ്രഡ്’ ഇപ്പോൾ മറ്റൊന്നാണ്. മുമ്പ്, കാണിക്കയിലെ വരുമാനത്തിൽ കൈയിട്ടുവാരൽ, പുഷ്പാഞ്ജലി അടക്കമുള്ള വഴിപാടുകളിൽ രസീത് വെട്ടിക്കൽ, ക്ഷേത്രത്തിലേക്കുള്ള സാധനങ്ങൾ വാങ്ങുന്നതിൽ കൂട്ടിയെഴുത്ത് എന്നിങ്ങനെയാണ് തട്ടിപ്പുകൾ നടന്നിരുന്നത്. പലതിനും കണക്കില്ല. അമ്പലത്തിലേക്ക് നൽകിയതിന് വിശ്വാസികളും കണക്ക് ചോദിക്കില്ല. ആ തട്ടിപ്പിന് പരിധിയും പരിമിതിയും ഉണ്ടായിരുന്നു.
ശബരിമലയിൽനിന്ന് ഉയർന്നുവന്ന തട്ടിപ്പിന്റെ തലങ്ങൾ ഇതിനെല്ലാം അപ്പുറമാണ്. സങ്കൽപിക്കാൻപോലും കഴിയാത്ത വിധമുള്ള കൊള്ള. ഒരു കാര്യം ഉറപ്പാണ്, പലതരം അവിശുദ്ധ കൂട്ടുകെട്ടില്ലെങ്കിൽ, ഒത്താശയില്ലെങ്കിൽ ഇപ്പോൾ പുറത്തുവരുന്നതുപോലുള്ള തട്ടിപ്പ് അവിടെ നടക്കില്ല. ശബരിമലയിൽ വിശ്വാസികൾ പരിപാവനമായി കരുതുന്ന ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണപ്പാളികൾ ആരാധനാലയത്തിലെ കാവലാളുകളായി രംഗത്തുണ്ടായിരുന്നവർ കടത്തിക്കൊണ്ടുപോയതാണ് സംഭവം. 2019 ജൂലൈ 20ന് ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിലെ 2064.19 ഗ്രാം വരുന്ന സ്വർണപ്പാളികൾ വീണ്ടും സ്വർണം പൂശാനായി സന്നിധാനത്തുനിന്ന് അഴിച്ചെടുത്ത് ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് കൊണ്ടുപോയി. എന്നാൽ, 39 ദിവസം കഴിഞ്ഞാണ് സ്വർണപ്പാളികൾ ചെന്നൈയിൽ എത്തിയതെന്നും അവിടെയെത്തിയത് സ്വർണമല്ല, ചെമ്പുപാളികളാണെന്നുമാണ് വാദം. ഈ കാലയളവിനിടയിൽ ചെന്നൈയിൽ ചില വീടുകളിലേക്കും ഹൈദരാബാദിലേക്കും പാളികൾ കൊണ്ടുപോയി. പലയിടത്തും പൂജയും മറ്റും നടത്തി വരുമാനവും ഉണ്ടാക്കി. പിന്നീട് സ്വർണം പൂശാനായി ചെമ്പുതകിടുകൾ എത്തിച്ചു.
1998ൽ മദ്യവ്യവസായി വിജയ് മല്യയുടെ യു.ബി ഗ്രൂപ് സ്വർണം പൊതിഞ്ഞുവെന്ന് അവകാശപ്പെടുന്ന ചെമ്പുതകിടുകൾ കൈപ്പറ്റിയതും കൈകാര്യം ചെയ്തതും ഉണ്ണികൃഷ്ണൻ പോറ്റി എന്നയാളാണ്. ദ്വാരപാലക ശിൽപങ്ങളിലും തെക്കുവടക്ക് മൂലകളിലും ഘടിപ്പിച്ച സ്വർണമാണ് പോറ്റി വഴി നഷ്ടമായിരിക്കുന്നത്. എട്ടു വർഷം മുമ്പ് മണ്ഡലകാലത്ത് ശബരിമലയിൽ കീഴ്ശാന്തിയുടെ പരികർമികളിലൊരാളായാണ് പോറ്റി തുടങ്ങിയത്. പിന്നീട് പോറ്റി വലിയ കളികളിൽ ഏർപ്പെട്ടു. അമ്പലത്തിലെ സ്വർണപ്പാളികൾ വ്യക്തമായ രേഖകളില്ലാതെയും മറ്റും കേരളത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ തക്കവിധം ഇയാളുടെ സ്വാധീനം വളർന്നുവെന്നു വേണം അനുമാനിക്കാൻ. ‘സ്വർണം കുറഞ്ഞ് ചെമ്പ് തെളിഞ്ഞതിനാൽ സ്വർണം പൂശാൻ’ ഏൽപിച്ച സ്വർണപ്പാളികൾ രേഖകളിൽ ചെമ്പുതകിടുകളാക്കി കാണിച്ചു. യു.ബി ഗ്രൂപ് 2064.19 ഗ്രാമിൽ പൊതിഞ്ഞുവെന്ന് പറയുന്ന പാളി ചെന്നൈയിലെത്തുമ്പോൾ 394.900 ഗ്രാമായി ചുരുങ്ങി. ഉണ്ണികൃഷ്ണൻ പോറ്റി, സുഹൃത്ത് കൽപേഷ് എന്നിവർക്കുപുറമെ 2019ലെ ദേവസ്വം കമീഷണർ, തിരുവാഭരണ കമീഷണർ, എക്സിക്യൂട്ടിവ് ഓഫിസർ, അസി. എൻജിനീയർ എന്നിവരാണ് ഇപ്പോൾ ഈ കേസിൽ പ്രതികൾ. കൂടുതൽ പേർ കേസിൽ ഉൾപ്പെടുമെന്ന് കരുതുന്നു.
ശബരിമലയിൽ നടന്ന തട്ടിപ്പ് കേവലം ചില വ്യക്തികളിൽ മാത്രം ഒതുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ, ക്ഷേത്രഭരണം നിർവഹിക്കുന്ന ദേവസ്വം ബോർഡിനും അതിനെ നിയന്ത്രിക്കുന്ന സംസ്ഥാന സർക്കാറിനും അങ്ങനെ എളുപ്പത്തിൽ കൈയൂരാൻ കഴിയില്ല. തീർഥാടനകേന്ദ്രത്തെ വൻകവർച്ചയുടെയും തട്ടിപ്പിന്റെയും കേന്ദ്രമാക്കി മാറ്റിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. കടുത്ത ശിക്ഷ ഉറപ്പാക്കുകയും വേണം. അതേസമയം, സൂക്ഷ്മതയോടെ കൈകാര്യംചെയ്യേണ്ട ഒന്നുകൂടിയാണ് ശബരിമല. മുൻ അനുഭവങ്ങൾ അത് വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ശബരിമല സ്വാഭാവികമായും ചർച്ചയാകും. വിഷയം ആളിക്കത്തിക്കാൻ ഹിന്ദുത്വവാദികളും രംഗത്തിറങ്ങും. ധ്രുവീകരണത്തിലൂടെയും മറ്റും ഹിന്ദുവോട്ടുകൾ സമാഹരിക്കാനുള്ള ശ്രമങ്ങൾ എവിടെയെത്തുമെന്നും ആർക്കു ഗുണംചെയ്യുമെന്നും ഓർക്കണം. ഇക്കാര്യത്തിലും വലിയ ഉത്തരവാദിത്തങ്ങൾ സംസ്ഥാന സർക്കാറിന് മുന്നിലുണ്ട്. െതറ്റുകൾ തിരുത്തിയേ മതിയാകൂ.

