വിദ്യാർഥികളെ ശിക്ഷിക്കരുത് !

ചരിത്രം വിദ്യാർഥികളുടേതാണ്. എല്ലാ കാലത്തും, എല്ലായിടത്തും. അവർ നിവർന്നു നിന്ന്, മുഖത്തു നോക്കി ചോദ്യങ്ങൾ ഉന്നയിക്കും. കോപ്പിസ്റ്റൈൽ പുസ്തകത്തിലേതുപോലാകില്ല കാര്യങ്ങൾ. അവർ ശരിയെന്ന് തോന്നുന്ന രീതിയിൽ സർഗാത്മകമായും അതല്ലെന്ന് മറ്റുള്ളവർക്ക് തോന്നുന്ന അവസ്ഥയിലും സമരം ചെയ്യും. ചിലപ്പോൾ തെറ്റും പറ്റും. ആ തെറ്റിനെ മുതിർന്ന പൗരർ ചെയ്യുന്ന അതേ അളവിലോ തൂക്കത്തിലോ അല്ല പരിഗണിക്കേണ്ടത്. വിദ്യാർഥികളോട് സമരം നടത്തേണ്ടതിന്റെയോ കലാപം ചെയ്യുന്നതിന്റെയോ പാഠപുസ്തകങ്ങളുമായി ആരും പോകാതിരിക്കുന്നതാവും നല്ലത്. തികഞ്ഞ അക്രമം കാണിക്കാത്തിടത്തോളം അവരാണ് ശരി. എന്തിനോടാണ് അവർ കലാപം ചെയ്യുന്നത്, പോരാടുന്നത് എന്നതാണ് മറ്റുള്ളവർ നോക്കേണ്ടത്.
കാലടി സർവകലാശാലയിൽ 18 അടിസ്ഥാന ആവശ്യങ്ങൾ ഉന്നയിച്ച് വിദ്യാർഥികൾ സർഗാത്മകമായി സമരംചെയ്തു. എന്നാൽ, സമരം ചെയ്തതിന്റെയും നാടകം കളിച്ചതിന്റെയും നൃത്തംചെയ്തതിന്റെയും പേരിൽ സർവകലാശാലയിലെ 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിട്ട് 60 ദിവസങ്ങളിലേറെയായി. പരീക്ഷ എഴുതാൻ കഴിയാതെ സെമസ്റ്റർ നഷ്ടപ്പെടുന്ന അവസ്ഥ വന്നു. കോടതി സിംഗിൾ െബഞ്ച് ഇടപെട്ട് പരീക്ഷ എഴുതാൻ മാത്രം അനുമതി നൽകി. എന്നാൽ, വിദ്യാർഥികൾക്ക് വേണ്ടത്ര ഹാജരില്ലെന്ന് കാണിച്ച് ഡിവിഷൻ െബഞ്ചിൽ അപ്പീൽ നൽകി ആ അവസരം വൈസ് ചാൻസലർ മുടക്കി. സസ്പെൻഷന് മുന്നേ 98 മുതൽ 86 വരെ ശതമാനം അറ്റൻഡൻസ് ഉണ്ടായിരുന്ന വിദ്യാർഥികളാണ് ഈ 16 പേരുമെന്ന് ഓർക്കണം. എല്ലാവരും തന്നെ അവരവരുടെ മേഖലകളിലെ കഴിവുറ്റവർ.
ആദ്യം വിദ്യാർഥികൾ ശുദ്ധ വെള്ളം, മതിയായ അധ്യാപകർ, പഠനസൗകര്യം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 30 ദിവസം കുടിലു കെട്ടി സമരം നടത്തി. വി.സിയോ ബന്ധപ്പെട്ട അധികാരികളോ അത് ഗൗനിച്ചില്ല. തുടർന്ന് ഗത്യന്തരമില്ലാതെ വിദ്യാർഥികൾ മാർച്ച് നടത്തി, കത്താത്ത ലൈറ്റിനെ പ്രതീകവത്കരിച്ച് നാടകം കളിച്ചപ്പോൾ കുറ്റം പലതായി. വി.സിയെ ശാരീരികമായി ആക്രമിച്ചുവെന്ന് കള്ളക്കഥ പ്രചരിപ്പിക്കപ്പെട്ടു. ‘ലൈറ്റേ മരിച്ചേ’ എന്ന, തിയറ്റർ ഡിപ്പാർ ട്മെന്റിലെ ലൈറ്റുകളെ കുറിച്ചുള്ളതായിരുന്നു നാടകം. അത് വി.സിയുടെ ശവമഞ്ചമാക്കി വിദ്യാർഥികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി.
വിദ്യാർഥികൾ ശത്രുക്കളല്ല. അവരെ ശിക്ഷിക്കലല്ല ഒരു സർവകലാശാലയുടെ ദൗത്യം. പകപോക്കേണ്ട ഇരകളല്ല വിദ്യാർഥികൾ എന്ന് സർവകലാശാല അധികൃതർ മനസ്സിലാക്കണം. വിദ്യാർഥികൾ തെറ്റുചെയ്തുവെന്ന് കരുതുന്നുവെങ്കിൽതന്നെ അവരുെട ഭാവി നഷ്ടപ്പെടാത്ത വിധത്തിൽ വേണം നടപടികളുണ്ടാവാൻ. സസ്പെൻഷന്റെ പേരിൽ നഷ്ടപ്പെട്ട ക്ലാസ്, പ്രാക്ടിക്കൽസ്, ഇന്റേണൽ, ഗവേഷകരുടെ നഷ്ടപ്പെട്ട ഫെലോഷിപ് ഇവക്കൊക്കെ ആര് സമാധാനം പറയുമെന്ന പ്രശ്നമുണ്ട്. സസ്പെൻഷനിലായ 16 വിദ്യാർഥികളിൽ 12 പേർ മാപ്പപേക്ഷ നൽകിയാൽ തിരികെ പ്രവേശിപ്പിക്കാമെന്നാണ് സിൻഡിക്കേറ്റ് യോഗം തീരുമാനം എന്നാൽ, സസ്പെൻഷൻ കാലയളവിൽ കാമ്പസിനുള്ളിൽ പ്രവേശിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടി ബാക്കി നാലു വിദ്യാർഥികളുടെ സസ്പെൻഷൻ നീട്ടാനുമായിരുന്നു സിൻഡിക്കേറ്റ് തീരുമാനം.
രാജ്യത്തെ സർവകലാശാലകൾ എല്ലാം തന്നെ ഹിന്ദുത്വവാദികൾ പിടിമുറുക്കുന്നതാണ് വർത്തമാന അവസ്ഥ. കാലടി സർവകലാശാല അതിൽ ഒന്നാം സ്ഥാനത്തുണ്ട്. അടുത്തിടെ സർവകലാശാലയിൽ, അധ്യാപകരും ജീവനക്കാരും രാഷ്ട്രീയ പ്രകടനം നടത്തരുതെന്ന് ഉത്തരവിറങ്ങി. സർവകലാശാലയെ അടിമുടി അരാഷ്ട്രീയവത്കരിച്ച് സംഘ്പരിവാറിന് ദാനംചെയ്യുകയാണ് വി.സിയും സിൻഡിക്കേറ്റുമെന്ന ശക്തമായ ആരോപണം നിലനിൽക്കുന്നു. കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്കൊപ്പം, അവരുെട ഭാവിക്കൊപ്പം നിലകൊള്ളുകയാണ് ജനാധിപത്യ കേരളം ഇപ്പോൾ ചെയ്യേണ്ടത്.


