ആരോഗ്യ മോഡലിലെ പാളിച്ചകൾ

കേരളത്തിന്റെ ആരോഗ്യ രംഗത്തെക്കുറിച്ചുള്ള വാഴ്ത്തുപാട്ടുകളിൽ നല്ലപങ്കും സത്യമാണ്. പതിറ്റാണ്ടുകൾകൊണ്ട് ആരോഗ്യത്തിന്റെ പല മേഖലയിലും സംസ്ഥാനം കുതിച്ചുചാട്ടം നടത്തിയിട്ടുണ്ട്. നിപയെ നേരിടുേമ്പാൾ നമ്മളത് കണ്ടതുമാണ്. എന്നാൽ, ഇൗ മോഡൽ പൂർണവും വിമർശനങ്ങൾക്കതീതവും കോട്ടങ്ങളില്ലാത്തതുമാണെന്ന് ധരിക്കരുത്. പലതരം വീഴ്ചകൾ, േപാരായ്മകൾ, പരിമിതികൾ, പിഴവുകൾ, പാളിച്ചകൾ നമ്മൾ ഇതിനകം പലപ്പോഴായി കണ്ടു.
അതിന്റെ മറ്റൊരുതരം തുടർച്ചയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ഹസന്‍ ചിറക്കൽ ഉയർത്തിയത്. ഉപകരണങ്ങളില്ലാത്തതിനാൽ പാവപ്പെട്ട രോഗികളുടേതടക്കം ശസ്ത്രക്രിയകൾ പ്രതിസന്ധിയിലാകുന്നു എന്നാണ് ഡോ. ഹാരിസ് പറഞ്ഞത്. ഉപകരണക്ഷാമം ഒരു വർഷം മുമ്പേ ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ അറിയിച്ചിരുന്നെന്നും തുടർനടപടികൾ ഉണ്ടായില്ലെന്നും ഡോ. ഹാരിസ് വാർത്താസമ്മേളനത്തിലും ആവര്‍ത്തിച്ചു. ഉപകരണങ്ങൾക്കായി സന്നദ്ധ സംഘടനകൾക്ക് മുന്നിൽ ഇരക്കാറുണ്ടെന്ന് ഹാരിസ് ഹസൻ പറഞ്ഞു. ഡോക്ടർ രോഗികളിൽനിന്ന് പണം പിരിവിട്ട് ഉപകരണങ്ങൾ വാങ്ങിയെന്ന ഗുരുതര വെളിപ്പെടുത്തലും നടത്തി. പ്രത്യാഘാതങ്ങൾ കൂസാതെയായിരുന്നു വെളിപ്പെടുത്തലുകൾ. ആദ്യം ഒറ്റപ്പെടുത്തി നേരിടാനായിരുന്നു അധികാരികളുടെ നീക്കം. പിന്നെ തിരിഞ്ഞ്, ഹാരിസ് സത്യസന്ധനും കഠിനാധ്വാനിയുമാണെന്ന് ആരോഗ്യമന്ത്രി വരെ പറഞ്ഞു.
തിരുവനന്തപുരം െമഡിക്കൽ കോളജിൽ മാത്രമല്ല ഡോ. ഹാരിസ് പറഞ്ഞ അവസ്ഥ. സംസ്ഥാനത്തെ വിവിധ ആശുപത്രികളിലും സമാനമായ പ്രതിസന്ധി കൂടിയോ കുറേഞ്ഞാ അളവിലുണ്ട്. ആേരാഗ്യമേഖലയിലെ ഫണ്ട് വെട്ടിക്കുറക്കപ്പെട്ടതും മറ്റും ഇൗ കുഴപ്പങ്ങളെ മൂർച്ഛിപ്പിച്ചുവെന്നതാണ് സത്യം. മെഡിക്കല്‍ കോളജുകളില്‍ ഉപകരണങ്ങളും മരുന്നും വാങ്ങാനായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബജറ്റില്‍ വകയിരുത്തിയ 401.24 കോടി രൂപ ഗുരുതര സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി 254.35 കോടി രൂപയാക്കി വെട്ടിക്കുറച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആരോഗ്യവകുപ്പിന് വകയിരുത്തിയ 152.13 കോടിയുടെ ബജറ്റ് വിഹിതം 90.02 കോടി രൂപയാക്കി വെട്ടിക്കുറച്ചു.
വൈദ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മികവിൽ 24ാം സ്ഥാനത്തുള്ള തിരുവനന്തപുരം മെഡിക്കൽ കോളജ് അപൂർവ രോഗചികിത്സയിൽ മികവുപുലർത്തിയ രാജ്യത്തെ 11 സ്ഥാപനങ്ങളിൽ ഒന്നാണ്. ആ സ്ഥാപനം നേരിടുന്ന പ്രതിസന്ധികളാണ് മൂത്രാശയക്കല്ല് പൊടിക്കാനുള്ള പ്രോബ് ഇല്ലാത്തതിനാൽ ശസ്ത്രക്രിയ മുടങ്ങുന്ന അവസ്ഥയും മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയുടെ വൃക്ക ഏറ്റുവാങ്ങാൻ ആളില്ലാത്തതിനാൽ ആശുപത്രി ഇടനാഴിയിൽ ആംബുലൻസ് ഡ്രൈവർക്ക് കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയും ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലുമെല്ലാം വ്യക്തമാകുന്നത്. മികവിന്റെ കേന്ദ്രത്തിന് ഇതാണവസ്ഥയെങ്കിൽ മറ്റിടങ്ങളിലോ? പലപ്പോഴും സ്വകാര്യ മേഖലയെ സഹായിക്കാനെന്ന മട്ടിലാണ് പലയിടങ്ങളിലും പ്രവർത്തനം. അടിസ്ഥാന ജനവിഭാഗങ്ങൾക്ക് ഇപ്പോഴും സർക്കാർ ആശുപത്രികൾതന്നെയാണ് ആശ്രയം.
‘‘ഡോക്ടറുടെ പരാമർശം ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യമേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായി’’ എന്നാണ് ഡോ. ഹാരിസ് ചിറക്കലിന്റെ പരാമർശത്തിൽ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. അതിൽ വലിയ കാര്യമില്ല. ചിലപ്പോഴെങ്കിലും മുഖ്യമന്ത്രിയടക്കം എല്ലാവർക്കും സ്വയം വിമർശനത്തിനും കണ്ണുതുറന്നു കാഴ്ചകൾ കാണുന്നതിനും ഇത്തരം പരാമർശങ്ങൾ കൂടിയേ തീരൂ.
കേരളത്തിന്റെ ആരോഗ്യ മോഡലിനെക്കുറിച്ച ചർച്ചകൾ കൂടുതൽ ഗൗരവത്തോെട നടത്തേണ്ടതുണ്ട്. പോരായ്മകൾ പരിഹരിച്ചേ പറ്റൂ. കാസർകോട്, വയനാട്, ഇടുക്കി, പത്തനംതിട്ട പോലുള്ള ജില്ലകൾ ചികിത്സാരംഗത്ത് നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ‘തുടക്കം’ തന്നെ പലവട്ടം എഴുതിയിട്ടുണ്ട്. കാര്യക്ഷമമായ, ശാസ്ത്രീയമായ, കുറ്റമറ്റ ആരോഗ്യസംവിധാനം കെട്ടിപ്പടുത്തേ മതിയാകൂ.