വിട, പ്രിയ സലിംകുമാർ

വേദനയോടെയാണ് ‘തുടക്കം’ എഴുതുന്നത്. ആഴ്ചപ്പതിപ്പിന്റെ ആദ്യകാലം മുതൽക്കേയുള്ള സുഹൃത്തും അഭ്യുദയകാംക്ഷിയുമായ കെ.എം. സലിംകുമാർ ജൂൺ 29ന് വിടപറഞ്ഞു. ആഴ്ചപ്പതിപ്പിന്റെ വായനക്കാർക്ക് കെ.എം. സലിംകുമാർ ഒട്ടും അപരിചിതനല്ല. അദ്ദേഹത്തിന് ഒരു മുഖവുര അനുചിതമായിരിക്കും. ചിന്തകനും സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ അദ്ദേഹം കാൽനൂറ്റാണ്ടിലേറെക്കാലമായി ആഴ്ചപ്പതിപ്പിന്റെ താളിൽ എഴുതിയ ലേഖനങ്ങളും പ്രതികരണങ്ങളും എത്രയോ അധികം വരും. ജാതി, ദലിത് മുന്നേറ്റം, സംവരണം, ആദിവാസി ജീവിതം, ഭൂ സമരം, ഭാഷ, ദേശീയത, ഹിന്ദുത്വ എന്നിങ്ങനെ എത്രയോ വിഷയങ്ങളിൽ അദ്ദേഹം നമ്മളുമായി സംവദിച്ചു.
വിമർശനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും നടത്തി. ഏതാനും ആഴ്ചകൾക്കു മുമ്പ് ഉപസംവരണ വിഷയവുമായി ബന്ധപ്പെട്ട ലേഖനം രണ്ട് ലക്കങ്ങളിലായി ആഴ്ചപ്പതിപ്പിൽ വന്നു. ആ ലേഖനങ്ങളോടുള്ള വിയോജിപ്പുകളും തുടർലക്കങ്ങളിൽ വന്നപ്പോൾ സന്തോഷിച്ചത് മറ്റാരേക്കാളും സലിംകുമാർ തന്നെയായിരിക്കും. കാരണം, സംവാദത്തിന്റെ മനുഷ്യനായിരുന്നു എന്നും അദ്ദേഹം. മുഖം നോക്കാതെ ധീരമായി അദ്ദേഹം പറയാനുള്ളത് പറഞ്ഞു. വിമർശനങ്ങളെ സഹിഷ്ണുതയോടെ നേരിട്ടു. ഒരിക്കലും വ്യക്തിയെ അദ്ദേഹം വിമർശിച്ചതേയില്ല. നിലപാടുകളുമായാണ് അദ്ദേഹം ഇടഞ്ഞത്. സലിംകുമാർ ധീരനായ പോരാളിയായിരുന്നു; എന്നും. അടിയന്തരാവസ്ഥയെ എതിർത്തതിൽ മാത്രമല്ല, മനുസ്മൃതി കത്തിച്ചതുപോലുള്ള സമരങ്ങളുടെ മുഖത്ത് നിറഞ്ഞുനിന്നപ്പോൾ മാത്രമല്ല, ജീവിതത്തിലും. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി അദ്ദേഹം അർബുദത്തോടും വിട്ടുവീഴ്ചയില്ലാതെ പോരാടി. ആ പോരാട്ട കിടക്കയിൽ വെച്ചാണ് ‘കടുത്ത’ എന്ന ആത്മകഥ അദ്ദേഹം എഴുതിത്തീർത്തത്.
രണ്ടു മാസങ്ങൾക്കു മുമ്പ് ആത്മകഥ വാങ്ങാനായി എറണാകുളം വാഴക്കാലയിലെ വീട്ടിൽ ചെന്നു. അപ്പോൾ ആദ്യ അധ്യായം മാത്രം എഴുതിയിട്ടില്ല. അത് താൻ ആശുപത്രിയിൽ പോയി അടുത്ത കീമോ ഡോസ് കഴിഞ്ഞു വന്നശേഷം എഴുതും എന്നതായിരുന്നു മറുപടി. അദ്ദേഹം ആ വാക്കു പാലിച്ചു. മരണത്തിന് തൊട്ടുമുമ്പ് ആ അധ്യായവും അദ്ദേഹം പൂർത്തിയാക്കിയിരുന്നു. ഫൂൾസ്കാപ് പേജ് നീളത്തിൽ നാലായി മടക്കി, കുനുകുനെയുള്ള ചെറിയ അക്ഷരങ്ങളിൽ അദ്ദേഹം തന്റെ ജീവിതം പകർത്തി. അതിൽ നല്ലപങ്കും ആശുപത്രിക്കിടക്കയിൽ വെച്ചായിരുന്നു. ആത്മകഥ ‘മാധ്യമ’ത്തിൽ അച്ചടിച്ചുവരുന്നതു കാണാൻ അദ്ദേഹം അതിയായി ആഗ്രഹിച്ചു. മറ്റാർക്കും, ഞാൻ ആത്മകഥ കൊടുക്കില്ല എന്ന് അദ്ദേഹം പലവട്ടം നേരിട്ടും അല്ലാതെയും പറഞ്ഞു. മരണത്തിന്റെ മൂന്നാം നാൾ മകൾ ബുദ്ധയും മകൻ ഭഗതും ആത്മകഥ ആഴ്ചപ്പതിപ്പിന് കൈമാറി.
കേരളത്തിന്റെ ചരിത്രമാണ് ‘കടുത്ത’. ഒരു സാമൂഹികപ്രവർത്തകന്റെ പോരാട്ടജീവിതം മാത്രമല്ല അതിലുള്ളത്. പലതരം വെളിപ്പെടുത്തലുകൾ, തിരുത്തലുകൾ, അറിയാതെ പോയ സംഭവങ്ങളുടെ വെളിപ്പെടുത്തലുകൾ, കൂട്ടിച്ചേർക്കലുകൾ എന്നിവ ഈ ആത്മകഥയിലുണ്ട്. അതിനേക്കാൾ എല്ലാമുപരി കെ.എം. കടുത്ത എന്തുകൊണ്ട് കെ.എം. സലിംകുമാർ ആയി എന്നതാണ് പ്രധാനം. പിന്നെ എന്തുകൊണ്ട് വർഷങ്ങൾക്കു ശേഷം ‘കടുത്ത’ എന്ന പേര് അദ്ദേഹം തന്റെ ആത്മകഥക്ക് ഇട്ടു? അവിടെയാണ് ചരിത്രവും കാലവും വിമർശിക്കപ്പെടുന്നത്. ഇത്തരമൊരു ആത്മകഥ മലയാളത്തിൽ തന്നെ അപൂർവമാണ്. അത് പ്രസിദ്ധീകരിക്കാനാകുന്നതിൽ ‘മാധ്യമ’ത്തിന് തീർച്ചയായും അഭിമാനമുണ്ട്. നന്ദി, പ്രിയ കെ.എം. സലിംകുമാർ.