മണിപ്പൂരിലെ ചോര

മണിപ്പൂർ പ്രക്ഷുബ്ധവും കലാപകലുഷിതവുമായിത്തീർന്നിട്ട് രണ്ടു വർഷമാകുന്നു. ഒടുവിൽ, നിൽക്കക്കള്ളിയില്ലാതെ ഫെബ്രുവരി 9ന് ബി.ജെ.പി മുഖ്യമന്ത്രി എൻ. ബിരേൻ സിങ് സ്ഥാനമൊഴിഞ്ഞു. വഴിയടഞ്ഞപ്പോഴുള്ള രാജി. ഒരു നാടകം. കലാപം ഇല്ലാതാക്കാൻ ഒന്നും ചെയ്യാതിരുന്ന മുഖ്യമന്ത്രിക്ക് കലാപം തുടങ്ങി 649 ദിവസത്തിനുശേഷം രാജിവെക്കേണ്ടിവന്നു എന്നതുതന്നെ മണിപ്പൂരിന്റെ വർത്തമാന അവസ്ഥ വ്യക്തമാക്കുന്നുണ്ട്. കലാപത്തിലേർപ്പെട്ട കുക്കി-മെയ്തേയ് വിഭാഗങ്ങൾ ഒരുപോലെ രാജി ആവശ്യപ്പെട്ടിട്ടും ബിരേൻ സിങ് തയാറായിരുന്നില്ല.
തിങ്കളാഴ്ച നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങുേമ്പാൾ പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കേ യാണ് തലേന്ന് രാജിനാടകം അരങ്ങേറിയത്. കോൺറാഡ് സാങ്മയുടെ നാഷനൽ പീപ്ൾസ് പാർട്ടി ബി.ജെ.പി സർക്കാറിനുള്ള പിന്തുണ പിൻവലിക്കുകയുംചെയ്തിരുന്നു. ബി.ജെ.പിയിൽ മണിപ്പൂരിന്റെ ചുമതലയുള്ള സംബീത് പത്ര, സംസ്ഥാന ബി.ജെ.പി പ്രസിഡന്റ് എ. ശാർദ ദേവി, ബി.ജെ.പിയുടെയും എൻ.പി.എഫിന്റെയും 14 എം.എൽ.എമാർ എന്നിവർക്കൊപ്പം രാജ്ഭവനിലെത്തി ഗവർണർ അജയ് കുമാർ ഭല്ലയെ കണ്ട് രാജിക്കത്ത് കൈമാറിയത് എന്തായാലും നല്ല മനസ്സോടെയല്ല. ചിലപ്പോൾ മണിപ്പൂർ രാഷ്ട്രപതി ഭരണത്തിലേക്ക് നീളാം. ‘തുടക്കം’ എഴുതുേമ്പാൾ ചിത്രം വ്യക്തമല്ല.
ബി.ജെ.പിയിൽ ബിരേൻ സിങ്ങിനെതിരെ എതിർപ്പ് ശക്തമാകുകയും എം.എൽ.എമാർക്കിടയിൽ ഭിന്നത രൂക്ഷമാകുകയുംചെയ്ത സാഹചര്യത്തിലാണ് കോൺഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. മഹാകുംഭമേളയിൽ സ്നാനംചെയ്ത് മണിപ്പൂരിൽ മടങ്ങിയെത്തിയ ബിരേൻ അവിശ്വാസപ്രമേയത്തെ ഭയന്ന് രാജിക്ക് തൊട്ടുമുമ്പ് വീണ്ടും ഡൽഹിയിലേക്ക് പാഞ്ഞു. 12 എം.എൽ.എമാർ മുഖ്യമന്ത്രി മാറണമെന്ന് ആവശ്യപ്പെട്ടതും അതിനു കാരണമായി. വിമതപക്ഷത്തെ മൂന്ന് മുതിർന്ന നേതാക്കളെ അമിത് ഷാ ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. 2023 മേയിൽ തുടങ്ങിയ കലാപത്തിന് ശമനംവരുത്താൻ കഴിയാത്ത മുഖ്യമന്ത്രി, കുക്കികൾക്കെതിരെ മെയ്തേയികൾക്കുവേണ്ടി പ്രവർത്തിക്കുകയാണെന്ന ആരോപണത്തിന് വസ്തുതകളുടെ പിൻബലമുണ്ട്. കേന്ദ്ര സർക്കാർ നിയോഗിച്ച സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിങ് പുറത്തുവിട്ട ഔദ്യോഗിക കണക്കുപ്രകാരം പോയവർഷം നവംബർ മൂന്നാം വാരം വരെ 258 പേരാണ് മണിപ്പൂർ വംശീയ കലാപത്തിൽ കൊല്ലപ്പെട്ടത്. അതിനുശേഷവും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി അതിക്രമങ്ങൾ നടന്നു. പലരും കൊല്ലപ്പെട്ടു. സ്ത്രീകൾ തെരുവിൽ കൂട്ട ലൈംഗിക അതിക്രമത്തിനിരയായി.
കേന്ദ്രം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടത് മണിപ്പൂർ ജനതക്ക് നൽകുന്ന നീതിയല്ല, മറിച്ച് ഒരു മുഖംരക്ഷിക്കൽ തന്ത്രം മാത്രമാണ്. സുപ്രീംകോടതി തന്നെ രൂക്ഷമായ പരാമർശങ്ങൾ നടത്തിയിട്ടും കേന്ദ്രത്തിലെ മോദി സർക്കാർ നിർലോഭം രക്ഷാകർതൃത്വം നൽകിയതുമൂലമാണ് ബിരേൻ സിങ് സർക്കാറിന് ആയുസ്സ് ഇവ്വിധം നീട്ടിക്കിട്ടിയത്. മണിപ്പൂരിന്റെ സ്ഥിതി ഇത്രമേൽ രൂക്ഷമായതിൽ ബിരേൻ സിങ് എത്രകണ്ട് ഉത്തരവാദിയാണോ അത്രതന്നെ ബാധ്യത കേന്ദ്ര സർക്കാറിനുമുണ്ട്. കലാപത്തിന്റെ ആദ്യഘട്ടത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി സന്ദർശനവും പ്രഖ്യാപനവും നടത്തി മടങ്ങി എന്നതിലുപരി അതിക്രമം തടയുന്നതിനോ ജനങ്ങളുടെ ആത്മവിശ്വാസം പുനഃസ്ഥാപിക്കാനോ ഒന്നും ചെയ്തില്ല. കലാപം പടർന്ന നാളുകളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പര്യടനങ്ങളുടെ തിരക്കിലായിരുന്നു പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമെല്ലാം. ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിലെങ്കിലും പ്രധാനമന്ത്രി നാട് സന്ദർശിക്കുമെന്ന പ്രതീക്ഷ മണിപ്പൂരിലെ ജനത വെച്ചുപുലർത്തിയിരുന്നു.
ശരിക്കും 21 മാസമായി മണിപ്പൂരിലെ ജനത അനുഭവിക്കുന്ന അതിക്രമങ്ങൾക്ക് കേന്ദ്രവും സംസ്ഥാനത്തെ ബി.ജെ.പി സർക്കാറും സമാധാനം പറയണം. അവിടെ നടന്ന സകല കുറ്റകൃത്യങ്ങളും പക്ഷപാതരഹിതമായി അന്വേഷിക്കപ്പെടണം. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. അതുണ്ടാവാനിടയില്ല. അവിടെ നടക്കുന്നത് മുഖംമിനുക്കൽ തന്ത്രം മാത്രമാണ്. അതിനാൽ, മണിപ്പൂരിൽ ഇനിയും ചോര ഒഴുകാനാണ് സാധ്യത.