കൊന്നു തീർക്കൽ

മധ്യ ഇന്ത്യയിലെ വനങ്ങളിൽ ആദിവാസി സമൂഹത്തെ വംശഹത്യ നടത്തി മാവോവാദത്തിനെതിരെ ഭരണകൂടം നടത്തുന്ന കൂട്ടക്കൊലകളെക്കുറിച്ച് ‘തുടക്ക’ത്തിൽ മുന്നേ എഴുതിയിട്ടുണ്ട്. ഇപ്പോൾ ഭരണകൂടനീക്കം കൂടുതൽ ശക്തമായിരിക്കുന്നു. മാവോവാദികളാകട്ടെ വൻ തിരിച്ചടി നേരിടുകയുമാണ്. 2026 മാർച്ച് 31ഓടെ രാജ്യത്തെ മാവോവാദി മുക്തമാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചാണ് ഒാപറേഷൻ കഗാർ എന്ന ഉന്മൂലന പദ്ധതിയുമായി ഭരണകൂടം മുന്നോട്ടുപോകുന്നത്. ഛത്തിസ്ഗഢ് സംസ്ഥാനങ്ങളിലെ കരേഗുട്ടാലു കുന്നിൻ പ്രദേശങ്ങളിലെ, നിബിഡവനങ്ങളിൽ കഴിയുന്ന മാവോവാദികളെ ഇല്ലാതാക്കാൻ 2025 ഏപ്രിൽ 21നാണ് ഒാപറേഷൻ കഗാർ തുടങ്ങിയത്.
ഈ സൈനിക നീക്കത്തിൽ സി.പി.ഐ (മാവോയിസ്റ്റ്) ജനറൽ സെക്രട്ടറി ബസവരാജു എന്ന നമ്പാല കേശവറാവുവിനെ മേയ് 21ന് ഇല്ലാതാക്കി. ബസ്തറിൽ 26 മാവോവാദികൾക്കൊപ്പമാണ് അദ്ദേഹം കൊല്ലപ്പെട്ടത്. മാവോവാദി പ്രസ്ഥാനത്തിന്റെ നാല് പതിറ്റാണ്ടിനിടയിൽ ആദ്യമായാണ് ഒരു ജനറൽ സെക്രട്ടറി ‘ഏറ്റുമുട്ടലി’ൽ കൊല്ലപ്പെട്ടത്. സെപ്റ്റംബർ 22ന് ഛത്തിസ്ഗഢിലെ നാരായൺപൂരിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ സി.പി.ഐ -മാവോയിസ്റ്റ് വിഭാഗത്തിലെ രണ്ട് ഉന്നത നേതാക്കൾ കൊല്ലപ്പെട്ടു. രാജു ദാദ എന്ന കട്ട രാമചന്ദ്ര റെഡ്ഡി (63), കോസ ദാദ എന്ന കദരി സത്യനാരായണ റെഡ്ഡി (67) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും സി.പി.ഐ -മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ്. ഈ രണ്ടു പേരുടെയും മരണം മാവോവാദികളെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ഇവർ കൊല്ലപ്പെടുന്നതിനുമുമ്പ് സി.പി.ഐ മാവോയിസ്റ്റ് വക്താവ് അഭയ്, വെടിനിർത്താനും കീഴടങ്ങാനുള്ള മാവോവാദികളുടെ സന്നദ്ധത അറിയിച്ചും സർക്കാറിന് കത്ത് അയച്ചിരുന്നു. എന്നാൽ, വെടിനിർത്താനും ആയുധങ്ങൾെവച്ച് കീഴടങ്ങാനുമുള്ള ആഹ്വാനം അഭയ് എന്ന സോനുവിന്റെ വ്യക്തിപരമായ തീരുമാനം മാത്രമാണ് എന്നും സായുധ പോരാട്ടം തുടരുമെന്നും അറിയിച്ച് വിമതശബ്ദം പുറപ്പെടുവിച്ചവരായിരുന്നു കൊല്ലപ്പെട്ട കോസയും രാജുദാദയും. ഇവർ എതിർ കത്ത് പുറത്തുവിട്ട് മണിക്കൂറുകൾക്കകമായിരുന്നു ഭരണകൂടം ഇവരെ ഇല്ലാതാക്കിയത്. സി.പി.ഐ (മാവോയിസ്റ്റ്) കേന്ദ്ര സമിതിയുടെയും അതിന്റെ ദണ്ഡകാരണ്യ സ്പെഷൽ സോണൽ സമിതിയുടെയും വക്താക്കളായിരുന്നു ഇരുവരും. സംയുക്ത പ്രസ്താവനയാണ് പുറപ്പെടുവിച്ചിരുന്നതും.
ഫലത്തിൽ, മാവോവാദികൾക്കുള്ളിൽതന്നെ വൈരുധ്യവും ആശയക്കുഴപ്പവുമുണ്ടായിരിക്കുന്നു. ഇത് ഭരണകൂടത്തിന് ലഭിക്കുന്ന വലിയ അവസരമായി മാറും. അതായത് ഭരണകൂടം ഇനിയുള്ള ദിവസങ്ങളിൽ ഏകപക്ഷീയമായ ഇല്ലാതാക്കലുകളാണ് അനുവർത്തിക്കാൻ പോകുന്നതെന്ന് അനുമാനിക്കാം. ഇൗ വർഷം അഞ്ചു മാസം മാത്രം പിന്നിട്ടപ്പോൾ 230 നക്സലുകൾ കൊല്ലപ്പെട്ടതായി ‘സൗത്ത് ഏഷ്യ ടെററിസം പോർട്ടൽ’ സാക്ഷ്യപ്പെടുത്തിയിരുന്നു. ഛത്തിസ്ഗഢിൽ 2024ൽ 296 മാവോവാദികൾ ഉൾപ്പെടെ 397 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. അതായത് മരണനിരക്ക് അതിഭീകരമാണ്. കൂട്ടക്കൊലയാണ് അരങ്ങേറുന്നത്. മധ്യ ഇന്ത്യയിലെ ധാതുസമ്പുഷ്ടമായ മേഖലയിൽ ഇനി ഒരു പ്രതിഷേധവും ഇല്ലാതെ നോക്കുകയാണ് ഭരണകൂടത്തിന്റെ ലക്ഷ്യം. വംശ ഉന്മൂലനത്തിലൂടെ ആദിവാസികളുടെ എതിർപ്പ് ഇല്ലാതാക്കുന്നതിനെതിരെ ഇനിയെങ്കിലും രാജ്യം ശബ്ദമുയർത്തേണ്ടതുണ്ട്.

