യോസ

‘ആടിന്റെ വിരുന്ന്’ (ഫീസ്റ്റ് ഓഫ് ദ ഗോട്ട്) നിങ്ങൾ വായിച്ചിട്ടുണ്ടോ?
ഒരുപക്ഷേ, ലോകസാഹിത്യത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ നോവലുകളിൽ ഒന്നായിരിക്കും അത്. നോവലിലെ ഉറാനിയ കബ്രാളും സ്വേച്ഛാധിപതി ട്രൂജിലോയും നമ്മെ പിന്തുടരും. ഭയപ്പെടുത്തുന്ന അധികാരം നമ്മെ അടിമുടി കശക്കിയെറിയും. ഭരണകൂടങ്ങളുടെയും അതിന് വിധേയപ്പെട്ടു നിൽക്കുന്നവരുടെയും ഭീതിദമായ കഥ പറയുകയായിരുന്നു ആ നോവലിലൂടെ മരിയോ വർഗാസ് യോസ. രാജ്യാന്തരതലത്തിൽ ഏറ്റവും തലയെടുപ്പുള്ള എഴുത്തുകാരനായി കണക്കാക്കപ്പെട്ട യോസ ഏപ്രിൽ 14ന്, 89ാം വയസ്സിൽ വിടവാങ്ങി.
പെറുവിന്റെ ഭൂമികയിൽനിന്ന്, ലാറ്റിനമേരിക്കൻ ജീവിത യാഥാർഥ്യങ്ങളെ ലോകത്തിന് പരിചയപ്പെടുത്തിയ പ്രതിഭകളിലൊരാളായിരുന്നു യോസ. വലതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രേയാക്താവ് എന്ന് വിലയിരുത്തപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ കൃതികളെ ആ ത്രാസിൽ അളക്കാൻ പറ്റില്ല. അവിടെ തികഞ്ഞ ‘ഇടതു’പക്ഷക്കാരനായിരുന്നു അദ്ദേഹം.
1936 മാർച്ച് 28ന് പെറുവിലെ അറെക്വിപ്പയിലാണ് യോസയുടെ ജനനം. 1958ൽ സാഹിത്യത്തിൽ ബിരുദം നേടി. ഡോക്ടറേറ്റിനായി സ്കോളർഷിപ്പോടെ മഡ്രിഡിലെത്തി. പതിനഞ്ചാം വയസ്സിൽ ‘ലാ ക്രോണിക്ക’ എന്ന പത്രത്തിൽ പാർട്ട് ടൈം ക്രൈം റിപ്പോർട്ടറായി. പിന്നീട് പാരിസിലെ സ്കൂളിൽ അധ്യാപകനായും പെറുവിലെ സെമിത്തേരിയിലും ജോലി നോക്കി. വാർത്ത ഏജൻസി എ.എഫ്.പിയിലും ചെറിയകാലം പണിയെടുത്തു. രണ്ടു മാസത്തിലൊരിക്കൽ ‘ടച്ച്സ്റ്റോൺസ്’ എന്ന പേരിൽ എഴുതിയ രാഷ്ട്രീയ നിരീക്ഷണ കുറിപ്പ് നിരവധി പത്രങ്ങളിൽ വെളിച്ചം കണ്ടു. 1959ൽ ആദ്യ കഥാസമാഹാരമായ ‘ദി കബ്സ് ആൻഡ് അദർ സ്റ്റോറീസ്’ പ്രസിദ്ധീകരിച്ചു. 1963ൽ ആദ്യ നോവലായ ‘ദി ടൈം ഓഫ് ദി ഹീറോ’ പുറത്തിറങ്ങിയതോടെ ശ്രദ്ധേയനായി. പെറുവിയൻ മിലിട്ടറി അക്കാദമിയിലെ അനുഭവങ്ങൾ ഇതിവൃത്തമായ നോവൽ സൈന്യത്തെ പ്രകോപിപ്പിച്ചു. പിന്നാലെ വന്ന ‘കോൺവർസേഷൻ ഇൻ ദി കത്തീഡ്രൽ’, ‘വാർ ഓഫ് ദി എൻഡ് ഓഫ് ദി വേൾഡ്’ തുടങ്ങിയ നോവലുകൾ ലോകം കീഴടക്കി. 16 വർഷം യൂറോപ്പിൽ കഴിഞ്ഞശേഷം 1974ൽ പെറുവിൽ തിരിച്ചെത്തി. മഡ്രിഡ്, ന്യൂയോർക്, പാരിസ് നഗരങ്ങളിലായി പലവട്ടം താമസിച്ചപ്പോഴും രചനകൾക്ക് ഇതിവൃത്തം ജന്മനാടായ പെറുവായിരുന്നു.
വ്യക്തിസ്വാതന്ത്ര്യവും സാമ്പത്തിക സ്വാതന്ത്ര്യവും ഒരുപോലെ പ്രധാനമായി യോസ കണ്ടു. അതിനാൽ യോസ ലാറ്റിനമേരിക്കയിലെ ഇടത് നേതാക്കളെ രൂക്ഷമായി വിമർശിച്ചു. ക്യൂബൻ വിപ്ലവത്തെ തുടക്കത്തിൽ പിന്തുണച്ചെങ്കിലും പിന്നീട് എതിരായി. 1980 ആയപ്പോഴേക്കും വികസ്വര രാജ്യങ്ങൾക്കുള്ള പരിഹാരമായി സോഷ്യലിസത്തിൽ താൻ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 1990ൽ പെറു പ്രസിഡന്റ് പദവിയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. സ്വതന്ത്ര വിപണിയുടെ വക്താവായി യോസ നിലകൊണ്ടത് ശക്തമായ വിമർശനത്തിന് ഇടയാക്കി. ഒരുകാലത്ത് ഉറ്റ സുഹൃത്തായിരുന്ന നൊബേൽ ജേതാവ് ഗബ്രിയേൽ ഗാർസ്യ മാർകേസിനെ 1976ൽ മാർകേസിനെ ശാരീരികമായി നേരിട്ടു. 2003ൽ ‘വേ ടു പാരഡൈസും’ 2010ൽ ‘ഡ്രീം ഓഫ് ദ സെൽറ്റും’ എഴുതി. 2019ൽ പുറത്തിറങ്ങിയ ‘ഹാർഷ് ടൈംസ്’ ആണ് അവസാന കൃതി.
ബന്ധുവായ ജൂലിയ ഉർക്വിഡിയുമായുള്ള വൈവാഹിക ജീവിതമാണ് ‘വോണ്ട് ജൂലിയ ആൻഡ് ദ സ്ക്രിപ്റ്റ് റൈറ്റർ’ എന്ന കൃതിയായി പിറന്നത്. പിന്നീട് പാട്രീസിയ യോസ പത്നിയായി. 50 വർഷത്തെ ദാമ്പത്യത്തിനു ശേഷം 2022ൽ ഇവരുമായി പിരിഞ്ഞു. 1994ൽ റോയൽ സ്പാനിഷ് അക്കാദമി അംഗമായി. നിരവധി കോളജുകളിലും യൂനിവേഴ്സിറ്റികളിലും വിസിറ്റിങ് പ്രഫസറായിരുന്നു. പലവട്ടം പരിഗണിക്കപ്പെട്ടതിനൊടുവിൽ സാഹിത്യ നൊബേൽ സമ്മാനം 2010ൽ യോസയെ തേടിയെത്തി. ആ പുരസ്കാരത്തിലൂടെ നൊേബൽ സമ്മാനം തന്നെ പുരസ്കൃതമായി. യോസയുടെ വിടവാങ്ങലിലൂടെ ലോകസാഹിത്യത്തിന് തീരാനഷ്ടം സംഭവിച്ചിരിക്കുകയാണ്. അദ്ദേഹം തെളിച്ച വഴികൾ പക്ഷേ ശുഭോദായകവും പ്രതീക്ഷാഭരിതവുമാണ്.