കൊലക്കളം

ഗസ്സയെപ്പറ്റി എഴുതുക, വീണ്ടും വീണ്ടും പറയേണ്ടിവരുക എന്നത് ഒരർഥത്തിൽ വർത്തമാനകാല മാനവികത നേരിടുന്ന നിസ്സഹായതയോ ഗതികേടോ ആണ്. ഈ നൂറ്റാണ്ടു കണ്ട ഏറ്റവും കൊടിയ നൃശംസത ഓരോ ദിവസവും ഗസ്സയിൽ അരേങ്ങറിക്കൊണ്ടിരിക്കുകയാണ്. കൊന്നു തീർക്കുക എന്ന ലക്ഷ്യത്തോടെ സയണിസ്റ്റുകൾ നടത്തുന്ന വംശീയ ഉന്മൂലന നീക്കം അനുദിനം ഗസ്സയിൽനിന്ന് ഉയർത്തുന്നത് കൂട്ടക്കൊലയുടെ വാർത്തകളല്ലാതെ മറ്റൊന്നുമല്ല.
‘തുടക്കം’ എഴുതുന്ന ദിവസത്തെ മാധ്യമ വാർത്ത അനുസരിച്ച് ഗസ്സ സിറ്റി പിടിക്കുകയെന്ന ലക്ഷ്യത്തോടെ 16ന് പുലർെച്ച ഇസ്രായേൽ കരസേന ആക്രമണം തുടങ്ങി. കനത്ത ബോംബിങ്ങും നടക്കുന്ന ഗസ്സ സിറ്റിയിൽ അന്നുമാത്രം 68 മരണം റിപ്പോർട്ട് ചെയ്തു. 386 പേർക്ക് പരിക്കേറ്റു. യുദ്ധത്തിലെ ഏറ്റവും നിർണായക ഘട്ടം ആരംഭിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അവകാശപ്പെട്ടു. 10 ലക്ഷം ഫലസ്തീനികൾ തിങ്ങിക്കഴിഞ്ഞ ഗസ്സ സിറ്റിയിൽ ഇസ്രായേൽ സേന സമ്പൂർണ ഒഴിപ്പിക്കൽ ഉത്തരവ് ഇറക്കിയിരുന്നു. ഇതേത്തുടർന്ന്, ലക്ഷങ്ങൾ ഗസ്സ സിറ്റി വിട്ടുപോയി. ആറു ലക്ഷത്തിലേറെ പേർ പോകാനിടമില്ലാതെ ഇപ്പോഴും ഗസ്സ സിറ്റിയിൽ കഴിയുന്നുണ്ട്. 700 ദിവസത്തിലേറെ നീണ്ട മനുഷ്യക്കുരുതിയിലെ ഏറ്റവും തീവ്രമായ ഘട്ടമാണ് ഇപ്പോഴത്തേത്.
രണ്ടു വർഷമായി ഗസ്സയിൽ ഇസ്രായേൽ തുടരുന്നത് വംശഹത്യ തന്നെയെന്ന് ഒടുവിൽ ഐക്യരാഷ്ട്രസഭയും സ്ഥിരീകരിച്ചു. യു.എന്നിനു കീഴിൽ നവി പിള്ള അധ്യക്ഷയായ സ്വതന്ത്ര അന്താരാഷ്ട്ര കമീഷൻ അന്താരാഷ്ട്ര ചട്ടങ്ങളിലെ അഞ്ച് വംശഹത്യ പ്രവൃത്തികളിൽ നാലും ഇസ്രായേൽ ചെയ്തതായി കണ്ടെത്തി. ഗസ്സ മുനമ്പിൽ ഫലസ്തീനികളെ ഉന്മൂലനംചെയ്യലാണ് ഇസ്രായേൽ ലക്ഷ്യമെന്ന് സുവ്യക്തമാണ്.
ഇസ്രായേൽ ആക്രമണം ഗസ്സയിൽ മാത്രമായി ഒതുക്കിയിട്ടില്ല. വെടിനിർത്തൽ ചർച്ചകൾക്കായി ദോഹയിലെത്തിയ ഹമാസ് നേതാക്കളെ വകവരുത്താൻ സെപ്റ്റംബർ ഒമ്പതിന് ഇസ്രായേൽ നടത്തിയ മിസൈലാക്രമണം അതിനു തെളിവാണ്. ഇസ്രായേലിന്റെ ഗോഡ്ഫാദറായ അമേരിക്കയുടെ തന്നെ പൂർണ പിന്തുണയോടെയും സഹകരണത്തോടെയും ഖത്തറിൽ തുടർന്നുവരുന്ന വെടിനിർത്തൽ ചർച്ചകൾ നിർണായക ഘട്ടത്തിലെത്താൻ പോകുന്നു എന്ന് പ്രതീക്ഷിക്കപ്പെട്ട സന്ദർഭത്തിലായിരുന്നു മിസൈൽ പ്രയോഗം. ലക്ഷ്യം ഹമാസ് നേതാക്കൾ മാത്രമായിരുന്നില്ല. ചർച്ച തന്നെ ഇല്ലാതാക്കി ഗസ്സയിലെ കൂട്ടക്കുരുതി തുടരുക. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ തുടർന്നുള്ള ആക്രോശങ്ങൾ അത് വ്യക്തമാക്കി. ക്യാമ്പ് ഡേവിഡ് കരാർ ഒപ്പിട്ട ഈജിപ്തിനുശേഷം ഇസ്രായേലുമായി സമ്പർക്കം സ്ഥാപിച്ച ആദ്യ അറബ് രാജ്യമാണ് ഖത്തർ എന്നതു മറന്നുകൂടാ.
ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് 2025 സെപ്റ്റംബർ 10 വരെ 65,643 ഫലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്. ശരാശരി ഒരു ദിവസം 28 എന്ന നിലയിൽ കുട്ടികളെ ഇസ്രായേൽ ഫലസ്തീനിൽ കൊലപ്പെടുത്തുന്നതായാണ് യുനിസെഫ് തന്നെ വിലയിരുത്തുന്നത്. ഇതുവരെ 18,000ലധികം കുട്ടികൾ കൊല്ലപ്പെട്ടിട്ടുണ്ട്. കൊടും പട്ടിണിയും ദുരിതങ്ങളും നിരവധിപേരെ പരോക്ഷമായും കൊന്നൊടുക്കുന്നു. ആശുപത്രികൾ തകർത്തതിനാൽ ചികിത്സാ സൗകര്യങ്ങളുമില്ല. അന്താരാഷ്ട്ര സന്നദ്ധ സംഘടനകളുെട സഹായെമത്തിക്കലിനെയും ഇസ്രായേൽ തടസ്സപ്പെടുത്തുകയാണ്. ചുറ്റിവളഞ്ഞു ഒറ്റപ്പെടുത്തുകയും കൊന്നില്ലാതാക്കുകയും ചെയ്യുക എന്ന സയണിസ്റ്റ് തന്ത്രം വൈകാതെ സംഭവിച്ചേക്കും. ഇപ്പോൾ ലോകജനത ഒന്നിച്ചുനിന്ന് ഈ നിഷ്ഠുര വംശഹത്യ നിർത്താൻ ഇസ്രായേലിനോട് പറയേണ്ടതുണ്ട്. ഗസ്സയിൽ സമാധാനം കൊണ്ടുവരണം. ശബ്ദമുയർത്തിയേ മതിയാകൂ.

