പത്മനാഭം

ടി. പത്മനാഭൻ
മലയാള കഥയിൽ തലയെടുപ്പിന്റെ ആൾരൂപമാണ് ടി. പത്മനാഭൻ. ആരെയും കൂസാതെ, വരുംവരായ്കകളെപ്പറ്റി ചിന്തിക്കാതെ തന്റെ അഭിപ്രായങ്ങളും നിലപാടുകളും വെട്ടിത്തുറന്നു പറഞ്ഞ് എന്നും ധിക്കാരിയായി അദ്ദേഹം നിലകൊണ്ടു. വിമർശനങ്ങളിൽ പതറിയില്ല; മറിച്ച് അദ്ദേഹം വിമർശിച്ചവർ നിന്നു വിറച്ചു; ചൂളി.
ഒരുപിടി നല്ല കഥകൾകൊണ്ട് ടി. പത്മനാഭൻ സ്വയം നേടിയെടുത്തതാണ് മലയാള സാഹിത്യത്തിന്റെ ഒന്നാംനിര. അവിടെ വാഴ്ത്തച്ഛൻമാർ അദ്ദേഹത്തിനുണ്ടായിരുന്നില്ല. സ്വയം വലിച്ചിട്ട കസേരയിലാണ് ടി. പത്മനാഭൻ ഇരുന്നത്. കഥകളിലെന്നപോലെ ജീവിതത്തിലും നിഷേധിക്കാനാവാത്ത സ്നേഹമാണ്, സത്യസന്ധതയാണ് ടി. പത്മനാഭൻ. നിങ്ങൾക്ക് അദ്ദേഹത്തോട് പലതരത്തിൽ വിയോജിക്കാം. പക്ഷേ, അതിനപ്പുറം വ്യക്തിയെന്ന നിലയിൽ, എഴുത്തുകാരനെന്ന നിലയിൽ ടി. പത്മനാഭന് ഒപ്പമുള്ള വേറിട്ട സവിശേഷതകളെ നിഷേധിക്കാൻ നിങ്ങൾക്കാവില്ല. സ്നേഹത്തെയും സത്യസന്ധതയെയും വിലമതിക്കാതെ നിങ്ങൾക്ക് വിമർശനംപോലും സാധ്യമാവില്ല.
എന്നും മാധ്യമം ആഴ്ചപ്പതിപ്പിന്റെ അഭ്യുദയകാംക്ഷിയും നല്ല സുഹൃത്തുമാണ് ടി. പത്മനാഭൻ. ആഴ്ചപ്പതിപ്പിന്റെ തുടക്കനാളിൽതന്നെ അദ്ദേഹം ഒപ്പം നിന്നു; സഹകരിച്ചു. നിശിതവിമർശനത്തിലെ ഒരു വാക്കുപോലും വെട്ടിമാറ്റാതെ അച്ചടിച്ചത് അദ്ദേഹത്തെയും വിസ്മയിപ്പിച്ചിട്ടുണ്ടാകും. അത് അദ്ദേഹം തന്നെ എഴുതിയിട്ടുമുണ്ട്. സ്നേഹത്തിന്റെ നിമിഷങ്ങൾപോലെ തന്നെ ആഴ്ചപ്പതിപ്പുമായി അദ്ദേഹം കലഹിച്ചു, വിമർശിച്ചു, നിർദേശങ്ങൾ നൽകി മുന്നേ നടന്നു. ഞങ്ങൾ ഒരിക്കലും അച്ചടക്കമുള്ള നല്ല കുട്ടികളായിരുന്നില്ല. വിമർശനത്തിന്റെ നാവുകൾ ഞങ്ങൾക്കും മൂടിവെക്കാനാവുമായിരുന്നില്ല. അതെന്തായാലും നല്ല സുഹൃത്തുക്കളായിരുന്നു ഞങ്ങൾ എക്കാലവും.
മാധ്യമം ആഴ്ചപ്പതിപ്പിന്റെ 25ാം വാർഷികം കോഴിക്കോട് സംഘടിപ്പിച്ചപ്പോൾ അതിന്റെ മുഖ്യാതിഥിയായിരുന്നു പത്മനാഭൻ. തിരുവനന്തപുരത്ത് മാധ്യമം ബുക്സിന്റെ ഉദ്ഘാടനം നടന്നപ്പോൾ ശാരീരികാവസ്ഥകളെ മറന്നും അവിടെയും അദ്ദേഹം എത്തി.
ഒൗദ്യോഗിക രേഖകൾ പ്രകാരം ടി. പത്മനാഭന് ഫെബ്രുവരിയിൽ 95 തികഞ്ഞു. എന്നാൽ, തന്റെ ജന്മദിനം കഴിഞ്ഞ നവംബറിലാണെന്നും ഇപ്പോൾ 96ന്റെ മധ്യത്തിലാണെന്നും അദ്ദേഹം പറയുന്നു. എഴുത്തിന്റെ ഏഴര പതിറ്റാണ്ടും അദ്ദേഹം പിന്നിട്ടിരിക്കുന്നു. കൃത്യമായി പറഞ്ഞാൽ ഇത് 77ാം വർഷം.
ടി. പത്മനാഭന് 90 തികഞ്ഞപ്പോൾ ആഴ്ചപ്പതിപ്പ് പ്രത്യേക പതിപ്പ് ഇറക്കിയത് വായനക്കാർ ഒാർക്കുന്നുണ്ടാകും. അന്ന് അനുകരണങ്ങൾ വേറെയുമുണ്ടായി. ഇത് ആ പതിപ്പിന്റെ മറ്റൊരു തരം തുടർച്ചയാണ്. അന്നത്തെപ്പോലെ ഇൗ പതിപ്പിലും അദ്ദേഹം കഥ തന്നു –‘കൊച്ചനിയത്തി’. 96ാം വയസ്സിലും നല്ല അക്ഷരങ്ങളിൽ കഥയെഴുതുന്ന മറ്റൊരാൾ മലയാളത്തിൽ ഇല്ലെന്നും അറിയുക. അതാണ് ടി. പത്മനാഭനെ വേറിട്ടുനിർത്തുന്നതും.
ആഴ്ചപ്പതിപ്പിന് ടി. പത്മനാഭനോടുള്ള ആദരവാണ് ഇൗ പതിപ്പ് –സ്നേഹത്തിന്റെ മറ്റൊരു പൂച്ചെണ്ട്. സദയം സ്വീകരിക്കുക.