പൊലീസ് രാജ്

ഇന്ത്യയിലെ പൊലീസ് സംവിധാനം ഒരിക്കലും മാതൃകാപരമല്ല, ശാസ്ത്രീയവുമല്ല. ‘ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം’ എന്ന വിശാലമായ സങ്കൽപത്തിനനുസരിച്ചുമല്ല പൊലീസ് ഇക്കാലമത്രയും പ്രവർത്തിച്ചിട്ടുള്ളത്. അധികാരത്തിന്റെ ഹുങ്കിൽ ജനങ്ങൾക്കുമേൽ തികഞ്ഞ മർദന ഉപകരണമായി പൊലീസ് എന്നും അഴിഞ്ഞാടിയിട്ടുണ്ട്. കേരളംപോലെ സാക്ഷരതയിലും അവകാശങ്ങളിലും ഉയർന്നബോധതലങ്ങൾ പ്രകടിപ്പിക്കുന്ന സമൂഹത്തിൽപോലും പൊലീസ് ഒട്ടും നന്നായി അല്ല പ്രവർത്തിച്ചിട്ടുള്ളത്. അടിയന്തരാവസ്ഥയിലെ പ്രേതം പൊലീസിനെ എന്നും ആവേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചകളിൽ, കേരളത്തിൽ പൊലീസ് നടത്തിയ അതിക്രമങ്ങൾ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കുന്നംകുളത്തുനിന്നാണ് ഒരു അതിക്രമവാർത്ത ആദ്യം വന്നത്. അവിടെ രണ്ടര വർഷം മുമ്പ് നാട്ടുകാരായ ചെറുപ്പക്കാരെ എസ്.ഐയുടെ നേതൃത്വത്തിൽ അകാരണമായി പിടികൂടിയതിനെ പൊതുപ്രവർത്തകൻ എന്ന നിലയിൽ ചോദ്യംചെയ്ത ‘കുറ്റ’ത്തിന് യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവായ സുജിത്തിനെ അന്യായമായി പിടിച്ചുകൊണ്ടുപോയി മർദിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെ മർദനം നടത്തിയ കുന്നംകുളം സ്റ്റേഷനിലെ നാല് പൊലീസ് ക്രിമിനലുകൾ സസ്പെൻഷനിലായിട്ടുണ്ട്. ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചതോടെയാണ് കുന്നംകുളത്ത് നടപടിയെടുക്കാൻ അധികാരികൾ നിർബന്ധിതരായത്. കാമറയുടെ പരിധിയിലല്ലാത്ത സ്ഥലത്ത് വെച്ച് ഇതിലും ഹീനമായാണത്രേ പൊലീസുകാർ അതിക്രമം കാണിച്ചത്. ക്രൂരമർദനത്തിനിരയായ യുവനേതാവ് നാളുകൾ നീണ്ട നിയമ പോരാട്ടത്തിലൂടെ ആ ദൃശ്യങ്ങൾ പുറത്തെത്തിച്ചില്ലായിരുന്നുവെങ്കിൽ അങ്ങനെയൊരു സംഭവമേ നടന്നതായി ആരും അറിയില്ലായിരുന്നു. ഇവിടെ മർദിക്കെപ്പട്ട വ്യക്തി തന്നെ തെളിവുകൾക്കായി ഗതികെട്ട് അലയേണ്ടിവന്നു. പൊതുസമൂഹം അയാൾെക്കാപ്പം നിന്നില്ല എന്നത് കുറ്റകരമായ അനാസ്ഥകൂടിയാണ്.
സുജിത്തിന്റെ നിയമപോരാട്ടം പലരുടെയും കണ്ണുതുറപ്പിച്ചിട്ടുണ്ട്. മാവേലിക്കരയിലും തിരുവനന്തപുരത്തുമടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പൊലീസ് മർദനങ്ങളുടെ കഥകൾ ഇരകൾ തന്നെ വെളിപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു. പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ തേടി നിരവധി അപേക്ഷകൾ വിവരാവകാശ കമീഷന് മുന്നിൽ എത്തുന്നുവെന്നത് നല്ല കാര്യം.
നമുക്ക് മറ്റു സംസ്ഥാനങ്ങളുടെ കാര്യം തൽക്കാലം വിടാം. കേരളത്തിലെ പൊലീസ് സേന ഇങ്ങനെ ആയാൽ പോരാ. ഇങ്ങനെ തുടരാനും പാടില്ല. പൊലീസിലെ നല്ലൊരു ശതമാനം ക്രിമിനലുകളാണ് എന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകൾ നേരത്തേ പുറത്തുവന്നിരുന്നു. സംസ്ഥാന പൊലീസിൽ 828 ക്രിമിനലുകൾ ഉണ്ടെന്ന് രണ്ടു വർഷം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നിയമസഭയിൽ വെളിപ്പെടുത്തിയിരുന്നു. ക്രിമിനലുകളായ പൊലീസുകാരെ പിരിച്ചുവിടുമെന്ന് പിണറായി സർക്കാർ പറഞ്ഞിരുന്നെങ്കിലും പലപ്പോഴും നടപടി ക്രമങ്ങളുടെ നൂലാമാലയിൽ അത് കുടുങ്ങും. ക്രിമിനലുകളായ പൊലീസുകാരെ സംരക്ഷിക്കുന്ന വലിയൊരു ഉദ്യോഗസ്ഥ- രാഷ്ട്രീയ കൂട്ടുകെട്ടും ശക്തമാണ്. ഇവരുടെ ഇടനിലക്കാരോ ബിനാമികളോ ആണ് പല പൊലീസ് ഉദ്യോഗസ്ഥരും.
കേരളം ഭരിക്കുന്നത് നിഷ്ഠുരമായ പൊലീസ് മർദനത്തിന് ഇരയായ ഒരു മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിനാണ് പൊലീസിനെ നിയന്ത്രിക്കുന്ന ആഭ്യന്തര വകുപ്പിന്റെ ചുമതല. വാസ്തവത്തിൽ തന്റെ തന്നെ അനുഭവങ്ങളിൽനിന്ന് മുഖ്യമന്ത്രി മർദിക്കപ്പെടുന്ന ജനങ്ങൾക്കൊപ്പം നിലകൊള്ളുകയാണ് വേണ്ടത്. കുറ്റക്കാരായ പൊലീസുകാരെ മുഖ്യമന്ത്രിയും അധികാരവും സംരക്ഷിക്കരുത്. ക്രിമിനലുകളില്ലാത്ത, ‘ആക്ഷൻ ഹീറോ ബിജു’മാരില്ലാത്ത, ‘സി.െഎ ജോർജു’മാരില്ലാത്ത മാതൃകാ പൊലീസ് സംവിധാനമാണ് വേണ്ടത്. അതിന് അടിമുടി പൊലീസ് സംവിധാനത്തെയും അതിനെ നയിക്കുന്ന നയങ്ങളും തിരുത്തി എഴുതണം.

