ഗവർണറുടെ അധികാരം

ജനപ്രതിനിധികളുടെ ഭരണനിർവഹണമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ സൗന്ദര്യം. ജനങ്ങൾ തങ്ങൾക്കുവേണ്ടി തെരഞ്ഞെടുത്തവരാൽ ഭരിക്കപ്പെടുന്നു എന്നതാണതിനർഥം. അവിടെ ഗവർണർമാരുെട റോളെന്താണ് എന്ന ചോദ്യം മുമ്പും ‘തുടക്ക’ത്തിൽ പലതവണ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച്, കേരള ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിന്റെ കാര്യസ്ഥനായി അന്യായമായി കേരള രാഷ്ട്രീയത്തിൽ ഇടപെട്ടപ്പോൾ.
ഇപ്പോഴിതാ, ഏപ്രിൽ 9ന് സുപ്രീംകോടതി ഗവർണറുടെ അധികാരത്തെ വീണ്ടും നിർവചിച്ചിരിക്കുന്നു. ഭരണഘടന ഗവർണർമാർക്ക് വീറ്റോ അധികാരം നൽകുന്നില്ല എന്ന് വ്യക്തമായി പറഞ്ഞ പരമോന്നത കോടതി നിയമസഭ പാസാക്കിയ ബില്ലുകളിൽ മൂന്നുമാസത്തിനകം തീരുമാനമെടുക്കണമെന്നും നിർദേശിച്ചു. തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലുകൾ തടഞ്ഞുവെച്ച തമിഴ്നാട് ഗവർണർ ആർ.എൻ. രവിയുടെ നടപടി ചോദ്യം ചെയ്ത ഹരജിയിലായിരുന്നു ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി. 2020 ജനുവരി മുതൽ പരിഗണനയിലുള്ള 10 ബില്ലുകൾക്ക് അനുമതി നിഷേധിക്കുകയും നിയമസഭ വീണ്ടും പാസാക്കിയതോടെ രാഷ്ട്രപതിയുടെ പരിഗണനക്ക് വിടുകയുംചെയ്ത ഗവർണറുടെ നടപടി നിയമവിരുദ്ധവും തെറ്റുമാണെന്ന് കോടതി വിലയിരുത്തി. 10 ബില്ലുകളിൽ രാഷ്ട്രപതിയുടെ ഏത് അനന്തര നടപടിയും അസാധുവാക്കി. രണ്ടാം തവണയും നിയമസഭ പാസാക്കി അയച്ചതോടെ 10 ബില്ലുകൾക്കും ഗവർണറുടെ അനുമതി ലഭിച്ചതായി കണക്കാക്കപ്പെടുമെന്നും കോടതി വിധിച്ചു.
ഭരണഘടനയുടെ 200ാം അനുച്ഛേദ പ്രകാരമാണ് ഗവർണർമാർ തീരുമാനമെടുക്കേണ്ടത് എന്ന് തറപ്പിച്ചു പറഞ്ഞു കോടതി. ഭരണഘടന പോക്കറ്റ് വീറ്റോ അധികാരമോ, സമ്പൂർണ വീറ്റോ അധികാരമോ ഗവർണർക്ക് നൽകുന്നില്ല എന്ന് വ്യക്തമാക്കി. ബില്ലുകൾക്ക് അനുമതി നൽകുക, നിഷേധിക്കുക അല്ലെങ്കിൽ രാഷ്ട്രപതിക്ക് വിടുക എന്നീ നടപടികളാണ് ഗവർണർമാർക്ക് സ്വീകരിക്കാനാവുക. ഇതിൽ ആദ്യഘട്ടത്തിൽ മാത്രമേ ബിൽ രാഷ്ട്രപതിക്ക് അയക്കാനാവൂ. ആർട്ടിക്കിൾ 200 പ്രകാരമുള്ള അധികാരങ്ങൾ വിനിയോഗിക്കുമ്പോൾ ഗവർണർ മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ച് പ്രവർത്തിക്കണം. ബില്ലുകൾ വീണ്ടും നിയമസഭ പാസാക്കി അയച്ചാൽ ഗവർണർക്ക് വിവേചനാധികാരവുമുണ്ടാവില്ല. ആർട്ടിക്കിൾ 200ലെ രണ്ടാമത്തെ വ്യവസ്ഥ (ഹൈകോടതിയുടെയും സുപ്രീംകോടതിയുടെയും അധികാരങ്ങളെ ബാധിക്കുന്ന ബില്ലുകൾ) മാത്രമാണ് ഇതിന് അപവാദമെന്നും കോടതി വ്യക്തമാക്കി. തിരിച്ചയച്ച ബില്ലുകൾ നിയമസഭ വീണ്ടും പാസാക്കി അയച്ചാൽ ഗവർണർ ഒരു മാസത്തിനകം അംഗീകാരം നൽകണം.
എല്ലാ കാലത്തും ഗവർണർമാർ കേന്ദ്രസർക്കാറിന്റെ ചട്ടുകമാകാറാണ് പതിവ്. അവരുടെ റോൾതന്നെ കേന്ദ്രനയം നടപ്പാക്കുക അല്ലെങ്കിൽ ‘ഇടങ്കോലിടുക’ എന്നതാണ്. ആ അർഥത്തിലും സുപ്രീംകോടതി വിധി കേന്ദ്രസർക്കാറിനേറ്റ കനത്ത തിരിച്ചടിയാണ്. ഗവർണർമാരെ ഉപയോഗിച്ച് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ഒതുക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. അതിനാൽതന്നെ വിധി പ്രതിപക്ഷം ഭരിക്കുന്ന തമിഴ്നാട്, കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് പ്രതീക്ഷയാണ്. വിധി ബില്ലുകൾ അനന്തമായി പിടിച്ചുവെക്കുന്ന ഗവർണറുടെ നടപടി ചോദ്യംചെയ്യാൻ ബി.ജെ.പി ഇതര സംസ്ഥാനങ്ങൾക്ക് കോടതിവിധി കരുത്താവും. തമിഴ്നാടിന് പുറമെ കേരളം, തെലങ്കാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളും ഈ വിഷയത്തിൽ സുപ്രീംകോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ടിരുന്നു. മൂന്ന് ബില്ലുകൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പക്കൽ രണ്ട് വർഷത്തിലേറെയായി കെട്ടിക്കിടക്കുകയാണെന്നും മറ്റു മൂന്ന് ബില്ലുകൾ ഒരു വർഷത്തിലേറെയായി ഇതേ നിലയിലാണെന്നും കേരളം ഹരജിയിൽ പറഞ്ഞിരുന്നു.
സംസ്ഥാനത്തിന്റെ ഭരണഘടനാ തലവൻ എന്ന നിലയിൽ ഗവർണർ സംസ്ഥാനത്തെ ജനങ്ങളുടെ ഇച്ഛക്കും ക്ഷേമത്തിനും പ്രാധാന്യം നൽകുകയും ഭരണസംവിധാനത്തോട് ചേർന്ന് പ്രവർത്തിക്കുകയും വേണം. കോടതിയുടെ നിർദേശം വരുംകാല ഗവർണർമാർ പാലിക്കുമെന്ന് പ്രതീക്ഷിക്കാം.