ഗവർണറുടെ കളികൾ

കേരളത്തിലെ സർവകലാശാലകൾ ഒരിക്കൽകൂടി ഗവർണർ-സർക്കാർ പോരിന് വേദിയാവുകയാണ്. ജൂലൈ 14ന് വന്ന ഹൈകോടതി വിധി ആ പോരിന്റെ ചില ദുഷിച്ച വശങ്ങൾ എടുത്തുകാട്ടുന്നു. ആരിഫ് മുഹമ്മദ് ഖാൻ മടങ്ങിയശേഷം എത്തിയ പുതിയ ഗവർണർ രാജേന്ദ്ര ആർലേക്കറും കൃത്യമായ അജണ്ടയോടെയാണ് മുന്നോട്ടു നീങ്ങുന്നത് എന്ന് സുവ്യക്തം. കേരളത്തിലെ സർവകലാശാലകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹിന്ദുത്വ അജണ്ടകൾ നടപ്പാക്കാനാണ് ഇരുവരും നിയോഗിക്കപ്പെട്ടത് എന്നത് രഹസ്യമല്ല.
കേരള സാങ്കേതിക (കെ.ടി.യു)-ഡിജിറ്റൽ സർവകലാശാലകളിൽ താൽക്കാലിക വി.സിമാരുടെ നിയമനം നിയമപരമല്ലെന്നാണ് ഹൈകോടതി ഡിവിഷൻബെഞ്ച് ജൂലൈ 14ന് വിധിച്ചത്. മേയ് 19ലെ സിംഗിൾബെഞ്ചിന്റെ സമാന ഉത്തരവ് ചോദ്യംചെയ്ത് കെ.ടി.യു വി.സി ഡോ. കെ. ശിവപ്രസാദ്, ഡിജിറ്റൽ സർവകലാശാല വി.സി ഡോ. സിസ തോമസ് എന്നിവരും ഗവർണർ രാജേന്ദ്ര ആർലേക്കറും നൽകിയ അപ്പീൽ ഹരജികൾ തള്ളിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് പുറപ്പെടുവിച്ചത്. സർവകലാശാലയുടെയും വിദ്യാർഥികളുടെയും ഉത്തമ താൽപര്യ സംരക്ഷണത്തിന് സർവകലാശാലകളിൽ വൈസ് ചാൻസലറുടെ സ്ഥിരനിയമനത്തിന് ചാൻസലറും സർക്കാറും എത്രയും വേഗം നടപടിയെടുക്കണമെന്നും കോടതി ഉത്തരവിട്ടു.
നിയമനത്തിനായി സർക്കാർ നൽകിയ പട്ടിക അവഗണിച്ചാണ് ഡോ. കെ. ശിവപ്രസാദ്, ഡോ. സിസ തോമസ് എന്നിവരെ താൽക്കാലിക വി.സിമാരായി അന്നത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമിച്ചത്. നിയമനം നിയമപരമല്ലെങ്കിലും നയപരമായ തീരുമാനങ്ങളെടുക്കരുതെന്ന നിർദേശത്തോടെ മേയ് 27ന് കാലാവധി പൂർത്തിയാകുന്ന ഇരു വി.സിമാർക്കും തൽസ്ഥാനത്ത് തുടരാൻ സിംഗിൾബെഞ്ച് അനുമതി നൽകിയിരുന്നു. സാങ്കേതിക സർവകലാശാല നിയമം വകുപ്പ് 13 (7) പ്രകാരവും ഡിജിറ്റൽ സർവകലാശാല നിയമം വകുപ്പ് 11 (10) പ്രകാരവും സർക്കാർ ശിപാർശയുടെ അടിസ്ഥാനത്തിൽ ആറുമാസത്തേക്കാണ് ചാൻസലർക്ക് താൽക്കാലിക വി.സിമാരെ നിയമിക്കാനാവുകയെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, സ്ഥിരനിയമനം നടക്കാത്ത സാഹചര്യത്തിൽ മറ്റൊരു ഉത്തരവുണ്ടാകും വരെ എന്ന രീതിയിലാണ് രണ്ട് വി.സിമാരെയും നിയമിച്ച് 2024 നവംബർ 27ന് ചാൻസലർ വിജ്ഞാപനം പുറപ്പെടുവിച്ചത്. നിയമങ്ങൾ കാറ്റിൽപറത്തി സ്വന്തക്കാരെ താൽക്കാലിക വി.സിമാരായി വാഴിച്ച് പിൻവാതിലിലൂടെ സർവകലാശാല ഭരണം കൈപ്പിടിയിലൊതുക്കാൻ ഗവർണറെ മുന്നിൽ നിർത്തി സംഘ്പരിവാർ നടത്തിയ നീക്കത്തിനേറ്റ തിരിച്ചടിയാണ് കോടതിവിധി.
സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും സ്ഥിരം വി.സി നിയമനത്തിന് ചാന്സലറായ ഗവർണറും സംസ്ഥാന സർക്കാറും മുൻകൈയെടുത്ത് പ്രവർത്തിക്കണമെന്ന ഹൈകോടതി വിധി സർവകലാശാലകളിൽ പുതിയ പോർമുഖം തുറക്കും. 14 സർവകലാശാലകളിൽ 13ഉം താൽക്കാലിക വി.സി ഭരണത്തിലാണ്. സർക്കാറിന്റെ താൽപര്യത്തിന് ഗവർണറും ഗവർണറുടെ നടപടികൾക്ക് സർക്കാരും വിദ്യാർഥികളും പിന്തുണ നൽകില്ലെന്ന കാര്യം വ്യക്തമാണ്.
ഇതിനിടെ കേരള സർവകലാശാലയിലും അധികാര പോര് മുറുകിയിരിക്കുകയാണ്. രജിസ്ട്രാർക്കെതിരെ വി.സി നടപടിയെടുത്തത് ഗൗരവമായ നിയമവ്യവഹാരങ്ങളിലേക്കാണ് എത്തിച്ചിട്ടുള്ളത്. സർവകലാശാലയിൽ പ്രശ്നങ്ങൾ തുടരുന്നതിനിടെ ഗവർണർ രാജേന്ദ്ര ആർലേക്കറും വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലും തൃശൂരിൽ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അതായത് ഇവിടെയും സംഘ്പരിവാർ താൽപര്യം മുന്നിൽ നിൽക്കുന്നുവെന്നാണ് മനസ്സിലാകുന്നത്. ഫലത്തിൽ എല്ലാ സർവകലാശാലകളിലെയും ഭരണവും നിർവഹണവും പ്രതിസന്ധിയിലാണ്.
കുറച്ചു നാളായി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം പ്രതിസന്ധിയിലാണ്. ഇഷ്ടക്കാരെ ക്രമംവിട്ട് നിയമിക്കുന്നുവെന്ന് ഭരണപക്ഷവും പഴികേൾക്കുന്നുണ്ട്. ആ ആരോപണങ്ങളിൽ പിടിച്ചാണ് മുൻ ഗവർണർ തന്റെ ഹിന്ദുത്വ അജണ്ടകൾ പുറത്തെടുത്തത്. അതിപ്പോൾ പുതിയ ഗവർണറും തുടരുന്നുവെന്ന് മാത്രം. ഇവിടെ ഗവർണർക്കും അദ്ദേഹത്തിന്റെ രാഷ്ട്രീയ അജണ്ടകൾക്കും കേരളം വഴങ്ങിക്കൊടുക്കരുത്. എന്നാൽ, വിദ്യാഭ്യാസരംഗം കലുഷമായി തുടരരുത്. കാരണം, ആത്യന്തികമായി ഇത് ബാധിക്കുക വിദ്യാർഥി സമൂഹത്തെയാണ്, അതുവഴി നമ്മുടെ സംസ്ഥാനത്തെയുമാണ്. നമുക്ക് വേണ്ടത് മികച്ചതും ശാസ്ത്രീയവുമായ വിദ്യാഭ്യാസ സംവിധാനമാണ്.