ചെറുപ്പത്തിന്റെ ചോരക്കളി

തിരുവനന്തപുരം വെഞ്ഞാറമൂടിൽനിന്ന് ഫെബ്രുവരി 24ന് വന്ന വാർത്ത ശരിക്കും, അക്ഷരാർഥത്തിൽതന്നെ കേരളത്തെ ഞെട്ടിച്ചു. 23കാരനായ അഫാൻ മണിക്കൂറുകൾക്കിെട ബൈക്കിൽ സഞ്ചരിച്ച് മൂന്നിടത്ത് ആറുപേരെ ആക്രമിച്ചു. അഞ്ചുപേരെ കൊന്നു. ഒമ്പതാം ക്ലാസ് വിദ്യാർഥിയായ സഹോദരൻ, പിതൃസഹോദരൻ, പിതൃസഹോദര ഭാര്യ, പിതൃമാതാവ്, പെൺസുഹൃത്ത് എന്നിവരെയാണ് കൊന്നത്. അർബുദ രോഗിയായ മാതാവ് ഗുരുതരാവസ്ഥയിലാണ്. ചുറ്റികകൊണ്ട് തലക്കടിച്ചായിരുന്നു കൊലകൾ. പൊലീസ് സ്റ്റേഷനിൽ ഹാജരായി യുവാവ് തന്നെ വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
പാങ്ങോട്, വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ പരിധിയിൽ മൂന്നിടങ്ങളിലായാണ് കൊലപാതകങ്ങൾ നടന്നത്. അഫാൻ താമസിക്കുന്ന പേരുമലയിലെ വീട്ടിലാണ് സഹോദരൻ അഫ്സാന്റെയും ഫർസാനയുടെയും മൃതദേഹം കണ്ടെത്തിയത്. 10 കിലോമീറ്ററിലേറെ അകലെ എസ്.എൽ പുരത്തെ വീട്ടിലാണ് പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവർ കൊല്ലപ്പെട്ടത്.
പേരുമലയിൽനിന്ന് 20 കി.മീറ്ററിലേറെ അകലമുള്ള പാങ്ങോട്ടെ വീട്ടിലാണ് പിതൃമാതാവ് സൽമാബീവി കൊല്ലപ്പെട്ടത്. ക്രൂരകൃത്യത്തിനു ശേഷം എലിവിഷം കഴിച്ച് ജീവനൊടുക്കാനും ഇയാൾ ശ്രമിച്ചു. അഫാന്റെ പിതാവ് റഹീം സൗദി അറേബ്യയിൽ ഫർണിച്ചർ വ്യാപാരിയാണ്. അഫാനും മാതാവും രണ്ടു മാസം മുമ്പാണ് പിതാവിന്റെ അടുത്തുപോയി തിരിച്ചുവന്നത്. കൊടുംക്രൂരതക്ക് 23കാരനെ പ്രേരിപ്പിച്ച കാരണം വ്യക്തമല്ല. സാമ്പത്തിക പ്രതിസന്ധിയും മാതാവിന്റെ രോഗവുമൊക്കെയാണ് ചോദ്യംെചയ്യലിൽ യുവാവ് പറഞ്ഞ കാരണങ്ങൾ.
ജനുവരി രണ്ടാം വാരത്തിലാണ് എറണാകുളം ചേന്ദമംഗലത്ത് 28കാരൻ അയൽവാസികളായ മൂന്നുപേരെ തലക്കടിച്ചു കൊന്നത്. കഴിഞ്ഞ കുറച്ചുനാളുകായി ഇത്തരം അറുകൊലയുടെ വാർത്തകൾ പെരുകുകയാണ്. കൂട്ടത്തോടെയും അല്ലാതെയുമുള്ള സ്വയംഹത്യകളുടെ എണ്ണം കുറയുകയല്ല, വർധിക്കുകയാണ്. പ്രണയനൈരാശ്യത്തിലുള്ള കൊലകൾ വേറെ. എന്തുകൊണ്ട് ചെറുപ്പക്കാർ നടത്തുന്ന ഇത്തരം കൊലപാതകങ്ങളും അക്രമങ്ങളും പെരുകുന്നുവെന്നതാണ് പ്രധാന ചോദ്യം. കേരളത്തിന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന ചോദ്യം പലയിടത്തുനിന്നായി ഉയർന്നുകൊണ്ടിരിക്കുകയാണ്. ചോര വീഴ്ത്താനും ജീവനെടുക്കാനും ഒരു മടിയും ഇല്ലാതായിരിക്കുന്ന അതീവ ഭയാനകമായ അവസ്ഥ. ഇത് സമൂഹ മനഃസാക്ഷിയുടെ ആഴത്തിലുള്ള ചിന്തകളും പഠനങ്ങളും പരിഹാര മാർഗങ്ങളും ആവശ്യപ്പെടുന്നതാണ്.
സാമൂഹിക ശാസ്ത്രജ്ഞർ പല കാരണങ്ങൾ നിരത്തുന്നുണ്ട്. കുടുംബബന്ധങ്ങളിലെ ശൈഥില്യം, ഒറ്റപ്പെടൽ, മയക്കുമരുന്ന് അടക്കമുള്ള ലഹരി, സമൂഹമാധ്യമങ്ങളുടെ സ്വാധീനം, സാമൂഹിക ബന്ധങ്ങളിൽ വന്ന വിള്ളലുകൾ, വയലൻസ് സിനിമകളുണർത്തുന്ന സ്വാധീനം, സാമൂഹിക പ്രതിബദ്ധത ഇല്ലായ്മ, പഠന സമ്പ്രദായത്തിലെ വീഴ്ചകൾ, പണത്തിന്റെ ആധിപത്യം, മെച്ചപ്പെട്ട ജീവിതരീതിയോടുള്ള ആസക്തി എന്നിങ്ങനെ കാരണങ്ങൾ പലതാണ്. അതെന്തായാലും സമൂഹത്തിന്റെ മൊത്തത്തിലുള്ള മാനസികാരോഗ്യം വലിയ തോതിൽ അപകടത്തിലായിരിക്കുന്നു. അതിെന്റ രോഗലക്ഷണമാണ് ഇപ്പോഴുള്ള ‘വയലൻസുകൾ’.
ലളിതമായി വിട്ടുകളയാവുന്നതല്ല ഈ അറുകൊലകൾ. ഗൗരവമായ ചിന്തകളും ഇടപെടലും സമൂഹബന്ധത്തിന്റെ മൊത്തത്തിലുള്ള പുനർവാർക്കലുമെല്ലാം അടിയന്തര ആവശ്യമായി മാറിയിരിക്കുന്നു. ഈ വയലൻസുകളെ മറികടന്നേ മതിയാവൂ.