സിനിമയിൽനിന്നിറങ്ങിവരുന്ന പ്രതിനായകർ

കലയെപ്പറ്റി പല നിർവചനങ്ങളുണ്ട്. അതിൽ പലതും, ഉയർന്ന, വിശിഷ്ട കലാരൂപമായി വിശേഷിപ്പിക്കപ്പെടുന്ന സിനിമക്കും ബാധകമാണ്. കാലത്തിന്റെ കണ്ണാടിയായാണ് ഒരു നിർവചനം കലയെ വാഴ്ത്തുന്നത്. കണ്ണാടിയിൽ സ്വന്തം പ്രതിബിംബവും കാണും. അതിലെ യഥാർഥ രൂപത്തെ പ്രതിബിംബം പലവിധത്തിൽ സ്വാധീനിക്കുമെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്.
സമകാലിക ഇന്ത്യൻ അവസ്ഥയിൽ ‘വയലൻസ്’ ഒാരോ അണുവിലുമുണ്ട്. ഭരണകൂടത്തിന്റെ അടിച്ചമർത്തൽ, ഗോഗുണ്ടകൾ, ആൾക്കൂട്ട ഹിംസകൾ എന്നിവ മതത്തിനോടും ജാതിയോടും ചേരുന്നു. പണമില്ലായ്മ, തൊഴിൽക്ഷാമം, കോർപറേറ്റ് ചൂഷണം തുടങ്ങി പല കാരണങ്ങൾ ഇൗ ഹിംസയോട് ചേർന്നു നിൽക്കുന്നു. അപരനെ ഹിംസിക്കുക –ഏത് വിധേനയും. അത് ഒരു ഇസമായി പടർന്നപോലുണ്ട്. വാക്കും പ്രവൃത്തിയും എല്ലാം ഹിംസാത്മകമാകുന്നു. അടുത്തിടെ കേരളത്തിൽ നടന്ന, ചെറുപ്പക്കാർ പങ്കാളിയായ നിരവധി ചോരക്കഥകൾ വാർത്തകളായി സമൂഹത്തെ ഞെട്ടിച്ചു. അപ്പോൾ പലയിടത്തുനിന്നും ഉയർന്നുവന്ന വാദങ്ങളിൽ ഒന്ന് വയലൻസിന്റെ പ്രഭവകേന്ദ്രം സിനിമയാണെന്നതായിരുന്നു. സിനിമയിലെ വയലൻസ് ചെറുപ്പക്കാരും യുവതലമുറയും പകർത്തുന്നുവെന്നതാണ് ആക്ഷേപത്തിന്റെ കാതൽ. അത് സത്യമാണോ?
വർത്തമാന ഹിന്ദി സിനിമയും മലയാള സിനിമയും ‘വയലൻസി’ന്റെ പിടിയിലാണ് എന്നത് സത്യമാണ്. ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനംചെയ്ത ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ അവതരിപ്പിക്കപ്പെട്ടത് തന്നെ ഏറ്റവും അധികം വയലൻസ് നിറഞ്ഞ ചിത്രമെന്ന ടാഗ്ലൈനോടെയാണ്. സിനിമ സ്വാഭാവികമായും ഹിറ്റായി. ഹിന്ദിയിലുമിറങ്ങി അതി വയലൻസ് നിറഞ്ഞ ചിത്രങ്ങൾ ^‘കിൽ’, ‘അനിമൽ’ എന്നിവ അടുത്ത കാലത്ത് ഇറങ്ങിയതിൽ ഏറ്റവുമധികം ചോര പുരണ്ട സിനിമകളായി. അപ്പോൾ ചോദ്യം ഉയരുന്നു –സിനിമയാേണാ, സിനിമയെയാണോ വയലൻസ് സ്വാധീനിച്ചിരിക്കുന്നത്?
സിനിമയുടെ നായകർ കാഴ്ചക്കാരെ സ്വാധീനിക്കുമെന്നതിൽ തർക്കമില്ല. അതിലെ അതിമാനുഷിക കഥാപാത്രങ്ങൾ കൊന്നരിയുേമ്പാഴും അടിച്ചുതകർക്കുേമ്പാഴും അതേ വയലൻസിനൊപ്പമാണ് കാഴ്ചക്കാരും സഞ്ചരിക്കുന്നത്. സ്വാധീനം ഉറപ്പ്. മലയാളത്തിലെ പുതുതലമുറയുടെ വയലൻസിൽ സിനിമക്ക് പങ്കില്ലെന്നു പറഞ്ഞ് ഒഴിയുക വയ്യ. ‘വയലൻസ് ടാഗോ’ടെ സിനിമ ഇറങ്ങുന്നത് സമകാലിക പ്രതിഭാസമാണെന്നും അതിനും വർഷങ്ങൾക്ക് മുേമ്പ കൊറിയൻ സിനിമ ഇവിടെയുള്ളവർ കാണുന്നതാണെന്നും അപ്പോഴൊന്നുമില്ലാത്ത സ്വാധീനം ഇപ്പോൾ എങ്ങനെ വന്നു എന്നും ചോദിച്ചാൽ കൃത്യമായ ഉത്തരമില്ല. ഇൗ സമൂഹത്തിൽ നടക്കുന്നതേ ഞങ്ങൾ ചിത്രീകരിക്കുന്നുള്ളൂവെന്ന് ഒരു സംവിധായകൻ പറഞ്ഞാലും പരിണതി സമാനം.
അപ്പോഴാണ് കലയെക്കുറിച്ച ശരിയായ നിർവചനങ്ങൾ പ്രസക്തമാകുന്നത്. കാലത്തിന്റെ കേവല ചിത്രീകരണമല്ല കല. സമൂഹത്തിലെ തിന്മകൾ പകർത്തിവെക്കലല്ല കല. അക്രമവും ഹിംസയും പകർത്തിെവച്ച്, അതിന് അനുകൂല മനോഭാവം സൃഷ്ടിക്കലല്ല. കലയിൽ ആവിഷ്കരിക്കപ്പെടുന്ന ഹിംസ കാഴ്ചക്കാരിൽ ഹിംസക്കെതിരായ ചിന്ത ഉയർത്തിവിടുകയാണ് വേണ്ടത്. അല്ലാതെ ഹിംസയിലേക്ക് സമൂഹത്തെ വലിച്ചിഴക്കുകയല്ല. നിർഭാഗ്യകരമെന്ന് പറയാം, നമ്മുടെ വർത്തമാന ‘ഹിംസാ’ പടങ്ങളുടെ ദൗത്യം രണ്ടാമത്തേതാണ്.
അടുത്ത പ്രശ്നം വരുന്നത് സമൂഹത്തിന്റെ മാനസികാരോഗ്യം മെച്ചപ്പെടുത്തലാണ്. വയലൻസിനെ അമിതമായി ഒരു സമൂഹം ഇഷ്ടപ്പെടുന്നുവെങ്കിൽ ആ സമൂഹത്തിന് കാര്യമായ തകരാറുണ്ട്. അത് തിരുത്തപ്പെടണം. ഹിംസയല്ല പരിഷ്കൃത സമൂഹത്തിന്റെ മുഖമുദ്ര. സിനിമയിലെ ഇൗ വയലൻസ് നായകർ ശരിക്കും പ്രതിനായകരാണ് എന്ന് തിരിച്ചറിയുകയാണ് വേണ്ടത്.
നമുക്ക് വേണ്ടത് ശരിക്കും മാനസിക സ്വാസ്ഥ്യമുള്ള സമൂഹമാണ്, സിനിമയാണ്, കലയാണ്. അവിടേക്ക് എത്തണമെങ്കിൽ എളുപ്പവഴിയില്ല. ഹിംസ ഹിംസയാണ് എന്ന് വിളിച്ചുപറയുകയാണ് വേണ്ടത്. അതിനൊപ്പം വയലൻസിനെതിരെ ബദൽ സിനിമയും ബദൽ കലയും ബദൽ കാഴ്ചപ്പാടും ഉയർത്തിക്കൊണ്ടുവന്നേ മതിയാകൂ.