വോട്ടുകൊള്ള

ജനാധിപത്യത്തിന്റെ സത്തയാണ് തെരഞ്ഞെടുപ്പ്. ഇന്ത്യപോലെ വിശാലവും ബൃഹത്തുമായ രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രക്രിയ അതിസങ്കീർണവും ഭഗീരഥപ്രയത്നവുമാണ്. അതിൽ തർക്കമില്ല. അതൊക്കെയായിരിക്കുേമ്പാഴും തെരഞ്ഞെടുപ്പ് എന്ന പ്രക്രിയയെക്കുറിച്ച് ഉയരുന്ന ഏതൊരു നേർത്ത ആക്ഷേപവും സംശയവും ഫലത്തിൽ പ്രതിസന്ധിയിലാക്കുക ജനാധിപത്യത്തെ തന്നെയാണ്. തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കപ്പെട്ടുവെന്നാൽ ജനാധിപത്യം ധ്വംസിക്കപ്പെട്ടുവെന്നു തന്നെയാണർഥം. അത് മനസ്സിലാക്കാൻ രാഷ്ട്രതന്ത്രശാസ്ത്രം പഠിേക്കണ്ട ആവശ്യമൊന്നുമില്ല.
ഒരു പതിറ്റാണ്ടായി രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ വലിയ രീതിയിൽ സംശയത്തിന്റെ നിഴലിലാണ്. വോട്ടുയന്ത്രത്തെക്കുറിച്ചുള്ള സംശയങ്ങൾ ഒരുവശത്ത്, പഴയ ബാലറ്റിലേക്ക് മടങ്ങുകയേ നിവൃത്തിയുള്ളൂവെന്ന വാദം മറുവശത്ത്. കുത്തിയാലും സ്വന്തം സ്ഥാനാർഥിക്കല്ലാതെ ബി.ജെ.പി അക്കൗണ്ടിൽ വോട്ടുകൾ ചെന്നുവീഴുന്നുവെന്ന പ്രതിഭാസം വേറെ. ചെയ്തതിനേക്കാൾ വോട്ടുകൾ എണ്ണിയപ്പോൾ മഹാരാഷ്ട്രയിലടക്കം വന്നു. അടുത്തകാലത്തായി ഇലക്ഷൻ കമീഷന്റെ നിലപാടുകളും തുറന്ന പക്ഷപാതിത്വവും ഒാരോ സംഭവത്തിലും കൂടുതലായി തുറന്നുകാട്ടപ്പെട്ടു. കമീഷന്റെ നിയമനംപോലും സംശയത്തിന്റെ നിഴലിലായതും മോദി ഭരണത്തിൻ കീഴിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്തവരുടെ ബൂത്തുതല കണക്കുകൾ ഫോം 17 -സി ഒന്നാം ഭാഗത്ത് രേഖപ്പെടുത്തിയത് പരസ്യമാക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ അങ്ങനെ നിയമപരമായ ബാധ്യതയൊന്നും തങ്ങൾക്കില്ലെന്ന് പറഞ്ഞ് ഇലക്ഷൻ കമീഷൻ ഒഴിഞ്ഞു. ബൂത്തുതല സി.സി.ടി.വി ദൃശ്യങ്ങൾ പൗരന് നൽകാൻ പഞ്ചാബ്-ഹരിയാന ഹൈകോടതി കൽപിച്ചപ്പോൾ അതു നൽകാതിരിക്കാൻ സർക്കാറിനെക്കൊണ്ട് കമീഷൻ നിയമം മാറ്റിയെഴുതിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ വേഗത്തിൽ നശിപ്പിക്കാൻ തീരുമാനമെടുത്തതും കമീഷൻതന്നെ. വിവിപാറ്റ് രേഖകൾ വേണമെന്ന ആവശ്യമാകെട്ട കമീഷൻ ആദ്യമേ തന്നെ നിഷേധിച്ചു.
ഇപ്പോൾ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയിലെ വലിയ ക്രമക്കേടുകൾ എടുത്തുകാട്ടിയിരിക്കുന്നു. തികഞ്ഞ ഉത്തരവാദിത്തത്തോടെ, തെളിവുകളുടെ പിൻബലത്തോടെ, തെരഞ്ഞെടുപ്പ് കമീഷനെതിരെ അദ്ദേഹം ഉന്നയിച്ചത് ഗുരുതരമായ ‘വോട്ടുമോഷണ’ ആരോപണമാണ്. കമീഷന്റെ തന്നെ രേഖകളും ഡേറ്റയും പരിശോധിച്ച്, ആറുമാസമെടുത്ത് തയാറാക്കിയ വിശദവിവരണം വാർത്താസമ്മേളനത്തിലൂടെ രാജ്യത്തിന് മുമ്പാകെ രാഹുൽ ഗാന്ധി മുന്നോട്ടുെവച്ചു. അദ്ദേഹം മുഖ്യമായി എടുത്തത് കർണാടക ബംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിലെ മഹാദേവപുര നിയമസഭാ മണ്ഡലമാണ്. അവിടെ ആറര ലക്ഷം വോട്ടുകളിൽ ഒരുലക്ഷത്തിലധികം വ്യാജമാണെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. കള്ളപ്പേര്, കള്ളവിലാസം, കള്ള ഫോട്ടോകൾ തുടങ്ങി പലതരം കൃത്രിമങ്ങൾ വഴി വോട്ടർപട്ടിക പെരുപ്പിച്ചു എന്നിങ്ങനെയാണ് രാഹുൽ ഗാന്ധിയുടെ ആരോപണം തെളിവുകളുടെ പിൻബലത്തിൽ മുന്നേറിയത്.
എന്നാൽ, ഇൗ ആരോപണത്തോട് ഇലക്ഷൻ കമീഷന്റെയും മോദി സർക്കാറിന്റെയും സമീപനമെന്താണ്? രാഹുൽ പറഞ്ഞത് തെറ്റാണെന്ന് പറയാനോ വിശദീകരിക്കാനോ കമീഷൻ തയാറായിട്ടില്ല. പകരം രാഹുൽ ഗാന്ധി തെളിവ് നൽകണമെന്നുള്ള രീതിയിലാണ് കാര്യങ്ങൾ. രാഹുൽ ഗാന്ധിയെ കേസിൽ കുടുക്കാനുള്ള നീക്കവും മറുവശത്ത് നടക്കുന്നു. രാഹുൽ ഗാന്ധിയുടെ ആരോപണം ബി.ജെ.പി ജയിച്ച തൃശൂരിലടക്കം വാസ്തവമാണെന്നുള്ള സൂചനകളും തെളിവുകളും ‘തുടക്ക’മെഴുതുന്ന ആഴ്ചയിൽ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ ബാധിക്കുന്ന ഗുരുതരമായ പ്രശ്നത്തെ ആർക്കും കണ്ടില്ലെന്ന് നടിക്കാനാവില്ല. തെരഞ്ഞെടുപ്പ് കമീഷനെ സർക്കാർ നിയന്ത്രണത്തിൽനിന്ന് സ്വതന്ത്രമായ സ്വയംഭരണ സ്ഥാപനമായി ഭരണഘടന വിഭാവനംചെയ്ത രീതിയിൽതന്നെ പുനഃക്രമീകരിക്കണം. തെരഞ്ഞെടുപ്പ് സുതാര്യവും സത്യസന്ധവുമായി നടത്താൻ ഒാരോ പൗരനും ശബ്ദമുയർത്തേണ്ട സമയമാണിത്. ഇലക്ഷൻ കമീഷനും തെരഞ്ഞെടുപ്പുകളും ഇങ്ങനെയായാൽ പോരാ എന്ന് ഉച്ചത്തിൽതന്നെ പറയണം. അത് ഒാരോ ജനാധിപത്യ വിശ്വാസിയുടെയും കടമയാണ്; ബാധ്യതയും.