വിയോഗങ്ങൾ

എം.ടി,എസ്. ജയചന്ദ്രൻ നായർ
മലയാളത്തെയും സാംസ്കാരിക ലോകത്തെയും സംബന്ധിച്ച് തീരാനഷ്ടങ്ങളുടെ ആഴ്ചകളാണ് കടന്നുപോയത്. മലയാള ഭാഷയുടെ തന്നെ അഭിമാനമായ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർ ഡിസംബർ 25ന് വിടവാങ്ങി. അതിനും രണ്ട് ദിവസം മുമ്പ് ഇന്ത്യൻ സിനിമയുടെ ഭാഷ മാറ്റി എഴുതുന്നതിൽ ശ്രദ്ധേയ പങ്കുവഹിച്ച ബംഗാളി സംവിധായകൻ ശ്യാം ബെനഗൽ വിട്ടുപിരിഞ്ഞു. ജനുവരി ഒന്നിന് പ്രമുഖ സസ്യശാസ്ത്രജ്ഞൻ കെ.എസ്. മണിലാൽ അന്തരിച്ചു. ജനുവരി രണ്ടിന് മലയാള സാംസ്കാരിക പത്രപ്രവർത്തന രംഗത്തെ അതുല്യനായ പത്രാധിപർ എസ്. ജയചന്ദ്രൻ നായരും എഴുത്തിന്റെ ലോകത്ത് നിന്ന് യാത്രാ മൊഴി ചൊല്ലി.
മാധ്യമം ആഴ്ചപ്പതിപ്പിന്റെ സുഹൃത്തും അഭ്യുദയകാംക്ഷിയുമായിരുന്നു എം.ടി. വാസുദേവൻ നായർ. മാധ്യമം ആഴ്ചപ്പതിപ്പിന്റെ ആദ്യ ലക്കത്തിന് തന്റെ ‘കൽപാന്തം’ എന്ന കഥ അദ്ദേഹം സമ്മാനിച്ചു. തൊട്ടടുത്ത ലക്കത്തിൽ അഭിമുഖവും. ‘സുകൃതം’ എന്ന കഥയും ‘മാധ്യമ’ത്തിന് െവച്ചുനീട്ടി. കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടയിൽ പലവട്ടം എം.ടി തന്റെ എഴുത്തുമായി ‘മാധ്യമ’ത്തിനൊപ്പം നിന്നു. ആ സൗഹൃദത്തിൽ കലഹങ്ങളുണ്ടായിരുന്നു. എം.ടിയുടെ എഴുത്തിെലയും സിനിമയിലെയും പലചിത്രീകരണങ്ങളോടും ആഴ്ചപ്പതിപ്പിലെ ലേഖനങ്ങൾ വിയോജിച്ചു. രൂക്ഷമായി വിമർശിച്ചു. ഒരിക്കൽപോലും എം.ടി അതിനോട് അസഹിഷ്ണുതയോ നീരസമോ കാട്ടിയില്ല.
വിയോജിപ്പുകൾ തുടരാൻ ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. ഒരിക്കലും എം.ടിക്കെതിരെ വ്യക്തിയധിക്ഷേപത്തിന് ആഴ്ചപ്പതിപ്പ് കൂട്ടുനിന്നില്ല. ആവിഷ്കാര സ്വാതന്ത്ര്യ പോരാട്ടത്തിലും, രാഷ്ട്രീയത്തടവുകാരുടെ മോചനത്തിനുവേണ്ടിയുള്ള ഇടപെടലിലും പ്ലാച്ചിമട സമരത്തിലും ആണവനിലയ വിരുദ്ധ മുന്നേറ്റത്തിലും മുത്തങ്ങയിലെ പൊലീസ് വേട്ടക്കുമെതിരെയും മുന്നിൽ നിന്ന എം.ടി പല വഴിക്ക് ഞങ്ങൾക്ക് വഴികാട്ടിയായി. ആഴ്ചപ്പതിപ്പിൽ അദ്ദേഹം എഴുതിയ കഥ അതേ രൂപത്തിൽ പുനഃപ്രസിദ്ധീകരിക്കുകയാണ് ഇൗ ലക്കത്തിൽ. ഇൗ പതിപ്പിലും എം.ടിയുടെ സർഗരചനയിലെയും ആവിഷ്കാരത്തിലെയും രൂപങ്ങളോടുള്ള വിയോജിപ്പുകൾ കാണാം. അതാണ് നല്ല യാത്രാമൊഴി. കേവല സ്തുതി പാടലിൽ അർഥമില്ലല്ലോ. അത് ഏറ്റവും കൂടുതൽ അംഗീകരിക്കുക എം.ടി തന്നെയാകുമെന്ന് ഉറപ്പ്.
ശ്യാം ബെനഗൽ,കെ.എസ്. മണിലാൽ
തന്റെ സജീവ പത്രാധിപജീവിതം വിട്ടശേഷം എസ്. ജയചന്ദ്രൻ നായർ തുടർച്ചയായി തന്നെ ആഴ്ചപ്പതിപ്പിൽ എഴുതി. സിനിമയും പുസ്തകങ്ങളും സാഹിത്യവുമായിരുന്നു അതിന്റെ മുഖ്യവിഷയം. ഒരുകാലത്ത്, ഒരു തലമുറയെ എഴുത്തിന്റെയും പ്രസാധനത്തിന്റെയും മികവിൽ ത്രസിപ്പിച്ച പത്രാധിപർ അങ്ങനെ ഞങ്ങളുടെ താളുകൾക്കും പ്രൗഢി നൽകി. അദ്ദേഹം തന്റെ അവസാന ലേഖനം അയച്ചതും ആഴ്ചപ്പതിപ്പിനാകാം. ആശുപത്രിയിലേക്ക് പോകുന്നതിന് തൊട്ടുമുമ്പാണ് അത് ഞങ്ങൾക്ക് തപാലിൽ അയച്ചത്. അഭിമുഖമായും ലേഖനമായും ശ്യാം ബെനഗലും കെ.എസ്. മണിലാലും ആഴ്ചപ്പതിപ്പിലൂടെ പലവട്ടം വായനക്കാരുടെ മുന്നിൽ എത്തിയിട്ടുണ്ട്. ഇൗ വിയോഗങ്ങളിൽ നഷ്ടങ്ങളുടെ വില മനസ്സിലാക്കി ആഴ്ചപ്പതിപ്പ് ആത്മാർഥമായി വേദനിക്കുന്നു, അഗാധമായി സങ്കടപ്പെടുന്നു.