ഗസ്സയിൽ പ്രതീക്ഷയുടെ ഇത്തിരിവെട്ടം

ഫലസ്തീൻ എന്ന കൊച്ചുരാഷ്ട്രം സയണിസ്റ്റുകളുടെ നിഷ്ഠുരമായ സൈനിക അധിനിവേശത്തിന് വിധേയരാകാൻ തുടങ്ങിയിട്ട് ഒരു വർഷവും മൂന്നുമാസവും കഴിഞ്ഞിരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങളും ആശുപത്രികളുമെല്ലാം തകർക്കപ്പെട്ടിട്ടും കീഴടങ്ങാതെ ഫലസ്തീൻ ജനത പോരാടിക്കൊണ്ടിരിക്കുന്നു. ഇപ്പോഴിതാ ഗസ്സയിലെ വെടിനിർത്തൽ യാഥാർഥ്യമാകാൻ പോകുന്നതായാണ് സൂചനകൾ.
വെടിനിർത്തലും ബന്ദിമോചനവും ഉൾപ്പെടെ മധ്യസ്ഥ കരാറിന്റെ കരട് ഇസ്രായേലിനും ഹമാസിനും ഖത്തർ കൈമാറിയതായാണ് വാർത്തകൾ. വെടിനിർത്തൽ കരാർ ഉടൻ യാഥാർഥ്യമാവുമെന്ന പ്രഖ്യാപനം മധ്യസ്ഥ ദൗത്യങ്ങൾക്ക് നേതൃത്വം നൽകുന്ന ഖത്തർ നടത്തിയിട്ടുണ്ട്.
‘‘ചർച്ച ഇപ്പോൾ അവസാനഘട്ടത്തിലാണ്. അധികം വൈകാതെ കരാറിലെത്തുമെന്നാണ് പ്രതീക്ഷ. മധ്യസ്ഥ ദൗത്യങ്ങൾക്ക് മുന്നിലെ പ്രധാന തടസ്സങ്ങളെല്ലാം കഴിഞ്ഞ ചർച്ചകളോടെ നീങ്ങി. എങ്കിലും ചില വിഷയങ്ങളിൽ കൂടുതൽ വ്യക്തത വരാനുണ്ട്. വരും ദിവസങ്ങളിൽ ഇതുസംബന്ധിച്ച് തീരുമാനങ്ങളാകു’’മെന്നും ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയ വക്താവുമായ ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി ദോഹയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചത് ശുഭസൂചകമാണ്. ഹമാസ് സംഘം ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഗസ്സ വെടിനിർത്തൽ ചർച്ചയുടെ ഭാഗമായാണ് സംഘം ഖത്തറിലെത്തിയത്.
ട്രംപ് അധികാരമേൽക്കുന്ന ജനുവരി 20ന് മുമ്പായി വെടിനിർത്തൽ പ്രഖ്യാപനം സാധ്യമാക്കുകയാണ് അമേരിക്ക ഉൾപ്പെടെ മധ്യസ്ഥ സംഘത്തിന്റെ ലക്ഷ്യം. എന്നാൽ, കരാറിനെപ്പറ്റിയോ, വെടിനിർത്തലിനെപ്പറ്റിയോ അമേരിക്കയോ ഇസ്രായേലോ ‘തുടക്കം’ എഴുതുമ്പോഴും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
സമ്പൂർണ വെടിനിർത്തൽ നടപ്പാക്കുക, ഘട്ടം ഘട്ടമായി സൈന്യത്തെ പിൻവലിക്കുക, ബന്ദി കൈമാറ്റം ഘട്ടംഘട്ടമായി പൂർത്തിയാക്കുക എന്നീ നിർദേശങ്ങൾ കരാറിലുള്ളതായാണ് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. മധ്യസ്ഥ ചർച്ചകളിൽ കാര്യമായ പുരോഗതിയുണ്ടായതായി ഇസ്രായേൽ, ഹമാസ് കേന്ദ്രങ്ങൾ പ്രതികരിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്ന 33 ബന്ദികളുടെ പട്ടിക തയാറാക്കിയതായും ഹമാസിന്റെ സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും ഇസ്രായേൽ ഉദ്യോഗസ്ഥർ ബി.ബി.സിയോട് പ്രതികരിച്ചു.
അതിനിടെ, മധ്യസ്ഥ ചർച്ച നടക്കുമ്പോഴും ഗസ്സയിൽ ഇസ്രായേലിന്റെ കൂട്ടക്കൊല നടന്നുകൊണ്ടിരിക്കുകയാണ്. ജനുവരി 13ന് 24 മണിക്കൂറിനിടെ ഗസ്സ മുനമ്പിലുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 61 പേർ കൊല്ലപ്പെട്ടു. മധ്യ ഗസ്സയിലുണ്ടായ രണ്ട് ആക്രമണങ്ങളിൽ രണ്ട് സ്ത്രീകളും അവരുടെ നാല് മക്കളും കൊല്ലപ്പെട്ടു. ഒന്നുമുതൽ ഒമ്പതു വരെ പ്രായമുള്ളവരാണ് മരിച്ച കുട്ടികൾ. തെക്കൻ നഗരമായ ഖാൻ യൂനിസിലുണ്ടായ ഇരട്ട ആക്രമണങ്ങളിലാണ് 12 പേർ കൊല്ലപ്പെട്ടത്. 2023 ഒക്ടോബർ ഏഴിന് ആരംഭിച്ച ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീൻകാരുടെ എണ്ണം 46,645 ആണ്. 1,10,012 പേർക്ക് പരിക്കേറ്റു.
കേവലമായ ഒരു മധ്യസ്ഥധാരണകൾ ഗസ്സയിൽ ശാശ്വത സമാധാനം കൊണ്ടുവരില്ല. ഫലസ്തീൻ ജനതക്ക് സ്വന്തം മണ്ണിലുള്ള അവകാശം അംഗീകരിക്കുന്ന, ആ ജനതയുടെ മനുഷ്യാവകാശ, ജനാധിപത്യ അവകാശങ്ങൾ വകവെച്ചു നൽകുന്ന മാന്യവും വ്യക്തവുമായ കരാറാണ് ഗുണംചെയ്യുക. ഫലസ്തീൻ ജനതയെ നിത്യദുരിതത്തിൽ ഇനിയും ആഴ്ത്താതിരിക്കാനാണ് ലോകരാഷ്ട്രങ്ങൾ ശ്രമിക്കേണ്ടത്.