ബ്രൂവറി

കേരളം എന്ന കൊച്ചുനാടിനെ സംബന്ധിച്ച് മദ്യം എന്നും സുപ്രധാന വിഷയങ്ങളിൽ ഒന്നാണ്. സംസ്ഥാനത്തിന്റെ വരുമാനം മുതൽ മദ്യപർ സൃഷ്ടിക്കുന്ന പ്രശ്നങ്ങളടക്കം നിരവധി കാര്യങ്ങൾ മദ്യവുമായി കണ്ണിചേർന്നിരിക്കുന്നു. മദ്യനിരോധനം എന്ന രാഷ്ട്രീയ മുദ്രാവാക്യം ഒരിടത്ത്. ഘട്ടംഘട്ടമായി മദ്യനിയന്ത്രണം എന്ന വാദം മറുവശത്ത്. സംസ്ഥാനത്ത് ഇപ്പോഴുയർന്നിരിക്കുന്ന പ്രധാന വിവാദം മദ്യനിർമാണത്തെ ചൊല്ലിയാണ്.
പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി (മദ്യനിർമാണശാല) സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ നീട്ടിയ പച്ചെക്കാടി നിരവധി വിഷയങ്ങളുയർത്തുന്നു. ജീവജലമൂറ്റിയും കുടിവെള്ളം മലിനമാക്കിയും ജനജീവിതം ദുസ്സഹമാക്കിയ കൊക്കകോള കമ്പനിയെ ജനം പ്രക്ഷോഭത്തിലൂടെ ഓടിച്ചുവിട്ട, കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന പാലക്കാട്ടാണ് മദ്യനിർമാണ കമ്പനി വരുന്നത്. ഒയാസിസ് കമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡിനാണ് ബ്രൂവറി സ്ഥാപിക്കാൻ അനുമതി ലഭിച്ചത്. പഞ്ചാബിലെ ശിരോമണി അകാലിദള്‍ നേതാവും ഫരീദ്കോട്ട് മുന്‍ എം.എൽ.എയുമായ ദീപ് മല്‍ഹോത്രയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണിത്.
1987ൽ ദീപ് മല്‍ഹോത്രയുടെ പിതാവ് ഓം പ്രകാശ് മല്‍ഹോത്ര ആരംഭിച്ച സ്ഥാപനം ജ്യത്തെ വലിയ മദ്യനിർമാണക്കമ്പനികളിലൊന്നാണ്. ഇദ്ദേഹത്തിന്റെ മകനും ഡയറക്ടറുമായ ഗൗതം മല്‍ഹോത്രയെ ഡല്‍ഹി മദ്യ അഴിമതിയുടെയും കള്ളപ്പണം വെളുപ്പിക്കലിന്റെയും പേരില്‍ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹിയിലും പഞ്ചാബിലും തട്ടിപ്പും അഴിമതിയും നടത്തിയതിന്റെ പേരില്‍ കമ്പനി അന്വേഷണവും നേരിടുന്നു. സ്ഥിരം വിവാദ സ്ഥാപനമായ ഒയാസിസ് ഗ്രൂപ്പിനെ മന്ത്രിയും എക്സൈസ് കമീഷണറും രാജ്യത്തെ മികച്ച സ്ഥാപനമെന്നാണ് വിശേഷിപ്പിച്ചത്. അതിവേഗ ഉത്തരവിലൂടെയാണ് മദ്യക്കമ്പനിക്ക് അനുമതി നൽകിയതും.
പ്രതിദിനം 10 ലക്ഷം ലിറ്റർ വെള്ളം കമ്പനിക്ക് ആവശ്യമുണ്ട്. ബ്രൂവറിക്കായി മലമ്പുഴ ഡാമിൽനിന്ന് വെള്ളമെത്തിക്കാനുള്ള സർക്കാർ നീക്കം ഹൈകോടതി ഉത്തരവ് ലംഘിച്ചാണെന്ന് വ്യക്തം. പാലക്കാട് ജില്ലയിലെ കർഷകർ മലമ്പുഴ ഡാം വെള്ളത്തെ ആശ്രയിച്ചാണ് രണ്ടാംവിള നെൽകൃഷി ചെയ്യുന്നത്. എല്ലാ വർഷവും കർഷകർ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് മലമ്പുഴ വെള്ളം കൃഷിയാവശ്യങ്ങൾ കഴിഞ്ഞ് മാത്രമേ വ്യവസായങ്ങൾക്ക് ഉപയോഗിക്കാവൂവെന്ന് 2018ൽ ഹൈകോടതി ഉത്തരവിട്ടത്.
മലമ്പുഴ അണക്കെട്ട് ജലദൗർലഭ്യം നേരിടുന്നുണ്ട്. ചളി അടിഞ്ഞതും സംഭരണശേഷിയെ ബാധിച്ചു. വേനലിൽ കുറച്ച് വെള്ളം മാത്രമാണ് ശേഷിക്കുക. 2016-17ൽ 27 ദിവസം മാത്രമാണ് മലമ്പുഴയിൽനിന്ന് കൃഷിക്കായി വെള്ളമെടുത്തത്. രണ്ടാം വിളക്ക് 120 ദിവസമെങ്കിലും വെള്ളം കിട്ടിയാലേ വിളവ് ലഭിക്കൂ. ഇത്തവണ കിട്ടിയത് 100 ദിവസം. കൂടാതെ, പാലക്കാട് നഗരസഭയിലും ആറ് പഞ്ചായത്തുകളിലും കുടിവെള്ളമെത്തുന്നതും മലമ്പുഴയിൽനിന്നാണ്. പ്രതിദിനം 70-75 ദശലക്ഷം ലിറ്റർ വെള്ളമെങ്കിലും ഇതിനു വേണം.
വെള്ളത്തിനായി വിവാദ കമ്പനി ജല അതോറിറ്റിയെയും തെറ്റിദ്ധരിപ്പിച്ചതായി തെളിഞ്ഞു. കഞ്ചിക്കോട് കിൻഫ്ര വ്യവസായ പാർക്കിൽ തുടങ്ങുന്ന ഓയിൽ കമ്പനിക്ക് വെള്ളത്തിന് 2023ലാണ് ജല അതോറിറ്റിയെ സമീപിച്ചത്. എഥനോൾ യൂനിറ്റ് സ്ഥാപിക്കാനുള്ള ടെൻഡറിൽ പങ്കെടുക്കാൻ ജലലഭ്യത ഉറപ്പാക്കാനുള്ള അനുമതിപത്രം വേണമെന്നിരിക്കെയായിരുന്നു നടപടി. മലമ്പുഴ വെള്ളമുപയോഗിച്ച് പ്രതിദിനം 12.5 ദശലക്ഷം ലിറ്റർ വെള്ളം നൽകാവുന്ന തരത്തിൽ കിൻഫ്രക്കുവേണ്ടി പ്ലാന്റ് നിർമിക്കാനുള്ള അനുമതിയായിരുന്നു ആവശ്യം.
ആദ്യഘട്ടമായി ഇന്ത്യൻ നിർമിത വിദേശമദ്യ ബോട്ട്ലിങ് യൂനിറ്റ്, രണ്ടാംഘട്ടം എഥനോൾ ഉൽപാദനം, മൂന്നാംഘട്ടം മാൾട്ട് സ്പിരിറ്റ്-ബ്രാൻഡി-വൈനറി പ്ലാന്റ്, നാലാംഘട്ടം ബ്രൂവറി എന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. മദ്യക്കമ്പനിക്ക് സര്‍ക്കാര്‍ വെള്ളം നല്‍കുമെന്ന് പറയുന്ന ജലസംഭരണി ഇനിയും നിർമിച്ചിട്ടില്ല. മദ്യനിര്‍മാണ യൂനിറ്റിന് അനുമതി നൽകിയത് നിയമവും ചട്ടവും അനുസരിച്ചുതന്നെയാണെന്നും ഒരു തരത്തിലുള്ള ജലചൂഷണവും അവിടെ നടക്കില്ല എന്നും മന്ത്രി എം.ബി. രാജേഷ് വാദിക്കുന്നു. 1500 പേർക്ക് നേരിട്ടും അതിലേറെ പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്നും പദ്ധതിയെ പിന്താങ്ങുന്നവർ പറയുന്നു. ഇതിനിടെ, ബ്രൂവറിക്കായി സർക്കാർ നൽകിയ അനുമതി പിൻവലിക്കണമെന്ന് എലപ്പുള്ളി ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടിട്ടുണ്ട്.
മദ്യംപോലെ തന്നെ നാറുന്ന, ലക്കുകെട്ട ഒരു വിഷയമായി ഇത് മാറരുത്. ഒന്നാമത്തെ പരിഗണന പാലക്കാെട്ട ജനങ്ങളുടെ കുടിവെള്ളത്തിനുതന്നെയാണ്. ആേരാഗ്യമാണ് അടുത്ത വിഷയം. ഇൗ ചീഞ്ഞ വിഷയത്തിൽനിന്ന് എത്രയും വേഗം പിന്മാറുന്നതാണ് സർക്കാറിന് നല്ലത്.