ഉത്തരാഖണ്ഡിലെ ഏകീകൃത സിവിൽകോഡ്

രാജ്യത്തിന്റെ സൗന്ദര്യവും ഉൾക്കാമ്പുമായ ബഹുസ്വരതയെയും നാനാത്വത്തെയും ഇല്ലാതാക്കി ഏകത്വം സ്ഥാപിക്കുക എന്നതുതന്നെ ഫാഷിസ്റ്റ് നടപടിയാണ്. അധികാരത്തിലെത്തിയ കാലം മുതൽക്ക് ബി.െജ.പി കൊണ്ടുപിടിച്ചു ശ്രമിക്കുന്നതും ഏക സിവിൽകോഡ് നടപ്പാക്കാനാണ്. ഇൗ മൂന്നാം വട്ട അധികാര കാലയളവ് അവസാനിക്കും മുമ്പ് രാജ്യമാകെ ഏക സിവിൽ കോഡ് നടപ്പാക്കാനാണ് മോദി ഭരണകൂടത്തിന്റെ ശ്രമം. അതിന്റെ ആദ്യനീക്കം ഉത്തരാഖണ്ഡിൽ നടന്നു.
ആശങ്ക നിലനിൽക്കെ, ജനുവരി 27 തിങ്കളാഴ്ച മുതൽ ഉത്തരാഖണ്ഡ് സംസ്ഥാനത്ത് ഒരുമിച്ചുള്ള ജീവിതം, വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, അനന്തരാവകാശം എന്നിവയടക്കമുള്ള വിഷയങ്ങളിൽ ഏകീകൃത മാനദണ്ഡങ്ങൾ നിലവിൽവന്നു. രാജ്യത്ത് ഏകീകൃത സിവിൽ കോഡ് (യു.സി.സി) നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്.
സംസ്ഥാനത്ത് മുഴുവന്‍ ബാധകമായ നിയമം, സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്ന ഉത്തരാഖണ്ഡുകാര്‍ക്കും ബാധകമാണ്. ആദിവാസി വിഭാഗങ്ങളെയും മറ്റു ചില പ്രത്യേക വിഭാഗങ്ങളെയും പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിവാഹവും വിവാഹമോചനവുമടക്കം രജിസ്റ്റര്‍ചെയ്യാൻ പുതിയ യു.സി.സി പോര്‍ട്ടലും തുടങ്ങി. അതിന്റെ ഉദ്ഘാടനം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി നിർവഹിച്ചു.
2022 നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസമാണ് ബി.ജെ.പി അധികാരം നിലനിർത്തിയാൽ സംസ്ഥാനത്ത് യു.സി.സി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. മാർച്ചിൽ പുതിയ സർക്കാർ നിലവിൽവന്നതിന് പിന്നാലെ നടന്ന മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ ഇതിനായി വിദഗ്ധ സമിതി രൂപവത്കരിക്കാൻ തീരുമാനിച്ചിരുന്നു.
മുൻ ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ അധ്യക്ഷതയിലായിരുന്നു അഞ്ചംഗ വിദഗ്ധ സമിതി. സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ‘യൂനിഫോം സിവിൽകോഡ് ഉത്തരാഖണ്ഡ് -2024’ ബിൽ ഫെബ്രുവരി ഏഴിന് നിയമസഭ പാസാക്കി. രാഷ്ട്രപതിയുടെ അനുമതിക്കുശേഷം മാർച്ച് 12ന് നിയമം വിജ്ഞാപനംചെയ്തു.
ഇതോടെ ഒരുമിച്ച് ജീവിക്കാൻ രജിസ്ട്രേഷന് ബാധകമായി. വിവാഹിതരാവാതെ ഒരുമിച്ച് കഴിയുന്ന (ലിവ് ഇന്‍ റിലേഷന്ഷിപ്) പങ്കാളികൾക്ക് രജിസ്ട്രേഷന് നിര്‍ബന്ധമാക്കി. ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് നിയമപരമായി വിവാഹിതരായ മാതാപിതാക്കളില്‍നിന്നുള്ള അതേ അവകാശങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കും.
ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ഒരു സ്ത്രീയെ അവരുടെ പങ്കാളി ഉപേക്ഷിച്ചാല്‍ വിവാഹത്തില്‍ ബാധകമായ നഷ്ടപരിഹാരം കൊടുക്കേണ്ടിവരും. ഉത്തരാഖണ്ഡുകാരല്ലാത്തവർക്കും സംസ്ഥാനത്ത് ഒരുമിച്ച് താമസിക്കുന്നുണ്ടെങ്കിൽ രജിസ്ട്രേഷൻ നിർബന്ധമാവും. ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെട്ടവരാണെന്ന സത്യപ്രസ്താവന രജിസ്ട്രാർക്ക് നൽകുന്ന അപേക്ഷക്ക് ഒപ്പം ചേർക്കണം. രജിസ്ട്രേഷനില്‍ തെറ്റായ വിവരം നല്‍കുകയോ ഒരു മാസംവരെ കാലതാമസം വരുത്തുകയോ ചെയ്താല്‍ ആറുമാസം വരെ തടവും 25,000 രൂപ പിഴയും. വിവാഹവേളയിൽ സ്ത്രീകൾക്ക് 18ഉം പുരുഷന്മാർക്ക് 21 വയസ്സും പൂർത്തിയായിരിക്കണം.
വിവാഹസമയത്ത് മറ്റൊരു പങ്കാളിയുണ്ടാവരുത്. ബഹുഭാര്യത്വത്തിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തി. മതപരമായ ആചാരപ്രകാരം നടത്തുന്ന വിവാഹങ്ങൾ 60 ദിവസത്തിനകം രജിസ്റ്റർചെയ്യണം. 2010 മാര്‍ച്ച് 26ന് മുമ്പോ ഉത്തരാഖണ്ഡിന് പുറത്തോ നടന്ന വിവാഹങ്ങൾ നിയമം നടപ്പിൽ വന്ന് 180 ദിവസത്തിനകം രജിസ്റ്റർ ചെയ്യണം.
വിവാഹമോചനത്തിന് പരിഗണിക്കുന്ന വസ്തുതകൾ ദമ്പതികൾക്ക് ഒരുപോലെയാവും. വിവാഹമോചന നടപടികളില്‍ ലിംഗ നിഷ്പക്ഷത ഉറപ്പാക്കുക ലക്ഷ്യമെന്നും പരാമർശം. വിവാഹബന്ധം വേര്‍പെടുത്തിയ മുസ്ലിം ദമ്പതിമാര്‍ തമ്മില്‍ പുനര്‍വിവാഹം കഴിക്കണമെങ്കില്‍ വനിത പങ്കാളി മറ്റൊരാളെ വിവാഹം ചെയ്തശേഷം ബന്ധം വേര്‍പെടുത്തണമെന്ന വ്യവസ്ഥ റദ്ദാക്കി.
പല കോണുകളിൽനിന്നും പുരോഗമനപരമായി നിയമത്തിലെ വ്യവസ്ഥകൾ തോന്നാം. എന്നാൽ, യഥാർഥ ലക്ഷ്യം അപരവത്കരണംതന്നെയാണ്. രാജ്യത്താകെ ഏകീകൃതമായ വ്യവസ്ഥ അടിച്ചേൽപിക്കുന്നതിലൂടെ വ്യത്യസ്തമായ ആചാര, വിശ്വാസ രീതികളിൽ തുടരുന്ന ജനങ്ങൾക്ക് അത് സാധ്യമല്ലാതാകും. നാനാത്വത്തിൽ ഏകത്വമെന്ന സുന്ദരമായ സങ്കൽപം ഇല്ലാതാകും. ഫലത്തിൽ ഇന്ത്യയെന്ന സങ്കൽപത്തിനുതന്നെ മാരകമായ മുറിവുകൾ ഏൽക്കും. മഹത്തായ മൂല്യങ്ങളാണ് തകരാൻ പോകുന്നത്.