ട്രംപ് രാജാവല്ല

അമേരിക്കയിൽനിന്ന് വരുന്ന നല്ല വാർത്തകൾ നിങ്ങൾ കേട്ടുവോ? ഇടക്കെങ്കിലും അവിടെനിന്ന് ശുഭോദായകമായ ചില വെട്ടങ്ങൾ ലോകെമങ്ങും പടരുന്നുണ്ട്; നേർത്തതെങ്കിലും. തീർത്തും യുദ്ധക്കൊതിയനും ഫാഷിസ്റ്റും മതിഭ്രമത്തിൽ ജൽപനങ്ങൾ ഉരുവിടുകയുംചെയ്യുന്ന ട്രംപിലേക്ക് അല്ല ഇത്തവണ കാമറ തിരിഞ്ഞിരിക്കുന്നത്. അമേരിക്കയിലെ തെരുവുകളിലേക്കാണ്. അവിടെ പതിനായിരങ്ങളുടെ പ്രകടനം നടക്കുന്നുണ്ട്. അവർ വിളിച്ചു പറയുന്നു, ‘No Kings.’ അമേരിക്കക്ക് രാജാക്കൻമാർ വേണ്ടെന്ന്. ട്രംപ് രാജാവല്ലെന്ന്!
ഒക്ടോബർ 18ന് നടന്ന പ്രതിഷേധ റാലികളിൽ ലക്ഷങ്ങളാണ് പങ്കെടുത്തത്. യു.എസ് ഭരണഘടനയെയും ജനാഭിലാഷങ്ങളെയും ചവിട്ടിമെതിച്ചുള്ള ട്രംപിന്റെ ഏകാധിപത്യ വാഴ്ചക്കെതിരെയുള്ള ഉറച്ച ശബ്ദമാണ് റാലിയിൽ മുഴങ്ങിയത്. ‘അമേരിക്കയിലെ ജനാധിപത്യം സംരക്ഷിക്കാനും’ ‘സ്വേച്ഛാധിപത്യ’ ഭരണം ചെറുക്കാനും ആഹ്വാനംചെയ്താണ് പ്രതിഷേധ റാലികൾ നടന്നത്. റാലികളിൽ ഡെമോക്രാറ്റുകളും ലിബറലുകളും ട്രംപിനെ എതിർക്കുന്ന റിപ്പബ്ലിക്കൻ പാർട്ടിക്കാരും അണിനിരന്നു. തലസ്ഥാനമായ വാഷിങ്ടൺ, ഷികാഗോ, ന്യൂയോർക്, ലോസ് ആഞ്ജലസ് തുടങ്ങി അമ്പത് സ്റ്റേറ്റുകളിലായി 2700ലേറെ പരിപാടികൾ നടന്നു. ന്യൂയോർക് നഗരത്തിലെ പ്രശസ്തമായ ടൈംസ് സ്ക്വയറിൽ രാവിലെ ആരംഭിച്ച റാലിയിൽ ഇരുപതിനായിരത്തിലേറെ ആളുകളാണ് പങ്കെടുത്തത്. സംഘർഷരഹിതവും സമാധാനപരവുമായിരുന്നു പ്രതിഷേധങ്ങളെല്ലാം. ജൂൺ 14ന് അമേരിക്കൻ സേനയുടെ 250ാം വാർഷികം തന്റെ 79ാം ജന്മദിന വാർഷികമായി ട്രംപ് ആചരിച്ചിരുന്നു. അന്നാണ് ‘രാജാക്കന്മാർ വേണ്ട’ എന്ന പ്രക്ഷോഭം രാജ്യവ്യാപകമായി അരങ്ങേറിയത്. ആയിരക്കണക്കിനാളുകൾ പങ്കെടുത്ത ആ റാലികൾ ട്രംപിന്റെ ജന്മദിനാഘോഷത്തിന് മങ്ങലേൽപിച്ചു. അതിന്റെ തുടർച്ചയായാണ് ശനിയാഴ്ച കൂടുതൽ വിപുലമായ രീതിയിൽ നടന്ന ‘നോ കിങ്സ്’ റാലികൾ.
എന്തുകൊണ്ടാണ് ട്രംപിനെതിരെ ഇത്രയേറെ പ്രതിഷേധം? ഒന്നാമതായി അമേരിക്ക സാമ്പത്തിക പ്രതിസന്ധിയിലാണ്. സർക്കാർ സേവനങ്ങൾക്ക് ഒക്ടോബറിനപ്പുറം ഫണ്ടുകൾ അനുവദിക്കാനുള്ള ബില്ലുകൾ പാസാക്കിയെടുക്കുന്നതിൽ ട്രംപ് പരാജയപ്പെട്ടിരിക്കുന്നു. തൊഴിലാളികൾ കടുത്ത അക്ഷമരാണ്. 14 ലക്ഷം സർക്കാർ ജീവനക്കാർ ശൂന്യവേതനാവധിയിലോ ശമ്പളമില്ലാ ജോലിയിലോ ആയിക്കഴിഞ്ഞു. വിവിധ സേവനമേഖലകളിൽ ജീവനക്കാരുടെയും തൊഴിലാളികളുടെയും പിരിച്ചുവിടൽ, നിർബന്ധിത ശൂന്യവേതനാവധി, അടച്ചിടൽ എന്നിവ ഗവൺമെന്റ് നടപ്പാക്കിവരികയാണ്. നേരത്തേ സാധാരണക്കാർക്ക് ആതുരസേവനം പ്രാപ്യമാക്കുന്ന ആരോഗ്യപരിരക്ഷക്കുള്ള സാമ്പത്തികസഹായങ്ങൾ ചെലവ് ചുരുക്കലിന്റെ ഭാഗമായി ട്രംപ് വെട്ടിക്കുറച്ചിരുന്നു. യു.എസ് സൈനികരുടെ ശമ്പളംപോലും അനിശ്ചിതത്വത്തിലായി, സർക്കാർ ഏജൻസികൾക്കുവേണ്ടി പണിയെടുക്കുന്ന കരാറുകാർക്കുള്ള പ്രതിഫലം മുടങ്ങി. രോഗപ്രതിരോധ കേന്ദ്രങ്ങളും ഗവൺമെന്റിന്റെ ഭക്ഷണവിതരണ പദ്ധതികളുമൊക്കെ മുടങ്ങിക്കിടക്കുന്നു.
കുടിയേറ്റക്കാർക്കെതിരായ വംശീയാതിക്രമം, തെരഞ്ഞെടുപ്പ് അട്ടിമറി, ആരോഗ്യസുരക്ഷ, വിദ്യാഭ്യാസം, പരിസ്ഥിതി പരിരക്ഷ തുടങ്ങിയ അടിസ്ഥാനാവശ്യങ്ങൾക്ക് ചെലവ് വെട്ടിച്ചുരുക്കൽ, ശതകോടീശ്വരന്മാരുമൊത്തുള്ള ചങ്ങാത്ത മുതലാളിത്ത കൂട്ടുകെട്ടിന് വേണ്ടിയുള്ള ജനദ്രോഹ നയപരിപാടികൾ എന്നിവക്കെതിരെയാണ് വിവിധ വിഭാഗം ജനങ്ങളുടെ കൂട്ടായ പ്രക്ഷോഭം ഉയർന്നുവരുന്നത്. ജനശ്രദ്ധ തിരിച്ചുവിടാൻ കുടിയേറ്റക്കാരെ പുറത്താക്കൽപോലുള്ള നാടകങ്ങൾ ഒരുവശത്ത് ട്രംപ് നടത്തുന്നു. തെരഞ്ഞെടുപ്പിൽ പറഞ്ഞ വാഗ്ദാനങ്ങൾ ഒന്നുപോലും പാലിക്കാൻ പ്രസിഡന്റിനായിട്ടുമില്ല.
ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തകർ ഇത്തരം പ്രതിഷേധങ്ങൾ ‘ ട്രംപ് നോ കിങ്’ പ്രതിഷേധങ്ങളല്ല ‘ഹേറ്റ് അമേരിക്ക’ റാലികൾ ആണെന്ന് വിമർശിക്കുന്നുണ്ട്. പ്രതിഷേധക്കാർ തീവ്ര ഇടതുപക്ഷ പ്രസ്ഥാനവുമായി ബന്ധമുള്ളവർ എന്നാണ് കുറ്റപ്പെടുത്തൽ. പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് ഭരണകൂട നീക്കം. അമേരിക്കയിലെ ഈ പ്രതിഷേധം ട്രംപിനെ കടപുഴക്കുമെന്ന് കരുതുക വയ്യ. പക്ഷേ, സമഗ്രാധിപത്യത്തിന്റെ, ലോക പൊലീസിന്റെ ഉച്ചിയിൽ ചെറു പ്രഹരമേൽക്കുമ്പോൾ മർദിത രാഷ്ട്രങ്ങളിലെ ജനത്തിന് സന്തോഷിക്കുകയല്ലാതെ മറ്റെന്ത്?

