കഥാകാലം

നമ്മുടേത് കഥയുടെ കാലമാണ്. നിറയെ കഥകൾ. ചെറുതും വലുതുമായ അസംഖ്യം. അത് സ്വാഭാവികമാണ്. കാരണം, മൊത്തം രാജ്യവും കാലവും കഥക്ക് നല്ല പ്ലോട്ടാണ്. കഥകളിലും കെട്ടുകഥകളിലും നടക്കുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങളാണ് രാജ്യത്ത് അരങ്ങേറുന്നത്. ഭയപ്പെടുത്തുന്ന, വിഷമിപ്പിക്കുന്ന, ചോരയൊഴുകുന്ന, അയൽപക്കത്തെ മനുഷ്യർ ഭീകരരൂപികളാകുന്ന, വസ്ത്രത്തിന്റെയും ഭക്ഷണത്തിന്റെയും പേരിൽ
കൊല്ലപ്പെടുന്ന, മനുഷ്യനേക്കാൾ മൃഗങ്ങൾക്ക് പ്രാമുഖ്യം കിട്ടുന്ന, വിസർജ്യങ്ങൾ മഹത്ത്വമാകുന്ന, െഎതിഹ്യങ്ങൾ ശാസ്ത്രമാകുന്ന കാലം. ഇവിടെ കഥകൾ ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ. എല്ലാ കഥയും എഴുതാൻ അനുവാദമുേണ്ടാ, അനുവദിക്കപ്പെടുമോ എന്ന ചോദ്യം ഉന്നയിച്ചാൽ പിന്നെ പ്രശ്നമായി. അപ്പോൾ നിങ്ങൾ തന്നെ ഒരു ‘കഥ’യായി മാറും. അതാണ് വർത്തമാന അവസ്ഥ.
ആഴ്ചപ്പതിപ്പിനോട് അലോസരം തോന്നേണ്ടതില്ല. അയച്ചുകിട്ടുന്ന കഥകൾ ഒരു പ്രസിദ്ധീകരണത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതിന് അപ്പുറമാണ്. പല കഥകളും വായനയെ പിടിച്ചുകുലുക്കുന്നു. സർഗാത്മകതയുടെയും ഭാവുകത്വത്തിന്റെയും മികച്ച രചനകളാണ് പലതും. മാധ്യമം വാർഷികപ്പതിപ്പിലും ഇൗ കഥാപതിപ്പിലുമായി ഏതാണ്ട് 30 കഥകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു നമ്മൾ. മറ്റൊരു പ്രസിദ്ധീകരണത്തിനും കഴിയുന്നതിനേക്കാൾ കൂടുതൽ. പക്ഷേ, ഉൾക്കൊള്ളിക്കാൻ കഴിയാതെ വന്ന കഥകളുടെ എണ്ണം അറിഞ്ഞാൽ ചിലപ്പോൾ ഞെട്ടിയേക്കും. ഒട്ടും അതിശയോക്തി കലർത്തിയല്ല ഇത് എഴുതുന്നത്. പുതിയകാലത്ത് പുതിയ എഴുത്തുകാർ അനുദിനം കടന്നുവരികയാണ്. അവർ വരെട്ട. സ്വാഗതം. മലയാള ഭാവുകത്വവും കഥകളും പുതിയ വഴികൾ വെട്ടെട്ട. ഇൗ കഥാപതിപ്പ് ഒരു തിരഞ്ഞെടുപ്പാണ്. സമകാലിക അവസ്ഥകളുടെ നേർപതിപ്പ്. നിങ്ങൾക്ക് ഇഷ്ടമാകും.