സെർവാന്റസിന്റെ നിഴൽവഴികളിലൂടെ

‘Don Quixote’ എഴുതിയ മിേഗ്വൽ ദെ സെർവാന്റസ് സാവെദ്രയുടെ നഗരത്തിലേക്കും വീട്ടിലേക്കും യാത്രചെയ്യുകയാണ് ലേഖിക. ‘‘ഒരു വശത്ത് ലോകത്തെ മുഴുവൻ കീഴടക്കാൻ പോകുന്ന ക്വിക്സോട്ടിന്റെ നിഴലും മറുവശത്ത് ആധുനിക മഡ്രിഡിന്റെ വെളിച്ചങ്ങളും.’’ സ്പെയിനിലെ കസ്റ്റീലിയൻ സമതലങ്ങളുടെ മീതെ വെയിൽ കനത്തു കിടക്കുകയാണ്. മഡ്രിഡിൽനിന്ന് അര മണിക്കൂർ മാത്രം അകലെയുള്ള അൽക്കലാ ദെ ഏനാറെസ് (Alcala de Henares) എന്ന ചരിത്രനഗരത്തിലേക്ക് കാൽവെക്കുമ്പോൾ, കാലം അറുപതാം നൂറ്റാണ്ടിലെവിടെയോ നിശ്ചലമായി നിൽക്കുന്നതുപോലെ തോന്നി. ആഗോള സാഹിത്യത്തിലെ എക്കാലത്തെയും മഹത്തായ നോവലുകളിലൊന്നായ ‘ഡോൺ ക്വിക്സോട്ടി’ന്റെ (Don Quixote) സ്രഷ്ടാവ് മിേഗ്വൽ ദെ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
‘Don Quixote’ എഴുതിയ മിേഗ്വൽ ദെ സെർവാന്റസ് സാവെദ്രയുടെ നഗരത്തിലേക്കും വീട്ടിലേക്കും യാത്രചെയ്യുകയാണ് ലേഖിക. ‘‘ഒരു വശത്ത് ലോകത്തെ മുഴുവൻ കീഴടക്കാൻ പോകുന്ന ക്വിക്സോട്ടിന്റെ നിഴലും മറുവശത്ത് ആധുനിക മഡ്രിഡിന്റെ വെളിച്ചങ്ങളും.’’
സ്പെയിനിലെ കസ്റ്റീലിയൻ സമതലങ്ങളുടെ മീതെ വെയിൽ കനത്തു കിടക്കുകയാണ്. മഡ്രിഡിൽനിന്ന് അര മണിക്കൂർ മാത്രം അകലെയുള്ള അൽക്കലാ ദെ ഏനാറെസ് (Alcala de Henares) എന്ന ചരിത്രനഗരത്തിലേക്ക് കാൽവെക്കുമ്പോൾ, കാലം അറുപതാം നൂറ്റാണ്ടിലെവിടെയോ നിശ്ചലമായി നിൽക്കുന്നതുപോലെ തോന്നി. ആഗോള സാഹിത്യത്തിലെ എക്കാലത്തെയും മഹത്തായ നോവലുകളിലൊന്നായ ‘ഡോൺ ക്വിക്സോട്ടി’ന്റെ (Don Quixote) സ്രഷ്ടാവ് മിേഗ്വൽ ദെ സെർവാന്റസ് സാവെദ്ര (Miguel de Cervantes Saavedra) ജനിച്ചുവീണ മണ്ണാണിത്.
മധ്യകാല യൂറോപ്പിന്റെ വാസ്തുവിദ്യാ ഭംഗി നെഞ്ചിലേറ്റുന്ന അൽക്കലായുടെ തെരുവുകളിൽ ഇന്നും സെർവാന്റസിന്റെ നിഴലുകൾ സഞ്ചരിക്കുന്നുണ്ട്. കല്ലുപാകിയ പുരാതന പാതകളും കെട്ടിടങ്ങളുടെ വരാന്തകളെ താങ്ങിനിർത്തുന്ന വൻതൂണുകളും ഇവിടത്തെ നിശ്ശബ്ദ സാക്ഷികളാണ്. സാഹിത്യലോകത്തെ ആദ്യത്തെ ആധുനിക നോവലായി വാഴ്ത്തപ്പെടുന്ന ‘ഡോൺ ക്വിക്സോട്ട്’ എന്ന കാവ്യരചനക്ക് സെർവാന്റസിനെ പ്രാപ്തനാക്കിയത് അൽക്കലാ എന്ന കൊച്ചുഗ്രാമത്തിലെ ബാല്യകാല അനുഭവങ്ങളും അവിടത്തെ സാമൂഹിക അന്തരീക്ഷവുമാണെന്ന് തെരുവുകളിലൂടെ നടക്കുമ്പോൾ വ്യക്തമാകും.
സെർവാന്റസിന്റെ ജന്മഗൃഹത്തിലേക്ക് ഒരു യാത്ര
അൽക്കലായുടെ ഹൃദയഭാഗത്തുള്ള ‘കായെ മേയോർ’ എന്ന അതിപുരാതനമായ തെരുവിലാണ് സെർവാന്റസിന്റെ ജന്മഗൃഹം സ്ഥിതിചെയ്യുന്നത്. മനോഹരമായ കൽത്തൂണുകൾ നിറഞ്ഞ വരാന്തകൾക്ക് നടുവിലൂടെ നടന്ന് ‘മൂസിയോ കാസ നാതാൽ ദെ സെർവാന്റീസ്’ എന്ന മ്യൂസിയത്തിന് മുന്നിലെത്തിയപ്പോൾ എന്നെ വരവേറ്റത് ഒരു വെങ്കല ശിൽപമാണ്. കൽബെഞ്ചിൽ പരസ്പരം സംസാരിച്ചിരിക്കുന്ന ഡോൺ ക്വിക്സോട്ടും അദ്ദേഹത്തിന്റെ വിശ്വസ്തനായ വേലക്കാരൻ സാഞ്ചോ പാൻസയും! സാഹിത്യചരിത്രത്തിലെ ഏറ്റവും പ്രശസ്തരായ ഈ രണ്ടു കഥാപാത്രങ്ങൾക്കിടയിൽ അൽപനേരം ഇരിക്കുമ്പോൾ, ഭാവനയുടെയും യാഥാർഥ്യത്തിന്റെയും അതിർവരമ്പുകൾ മാഞ്ഞുപോകുന്നതുപോലെ അനുഭവപ്പെടും.
ഇന്ന് കാണുന്ന കാസ നാതാൽ യഥാർഥ വീട് അതേപടി സംരക്ഷിച്ചെടുത്തതല്ല. പഴയ വീടിനെ മോടി പിടിപ്പിച്ചു, പതിനാറാം നൂറ്റാണ്ടിലെ ഒരു സാധാരണ നവ മധ്യവർഗ സ്പാനിഷ് ഭവനത്തിന്റെ അന്തരീക്ഷം അതേപടി പുനഃസൃഷ്ടിച്ചിരിക്കുകയാണ്. അക്കാലത്തെ തുണി അലക്കാനും മാവ് കുഴക്കാനും ഉപയോഗിച്ചിരുന്ന മൺപാത്രങ്ങളും മരത്തിന്റെ അലക്കുപലകകളും നമ്മെ നാല് നൂറ്റാണ്ട് പിറകിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. വീടിന്റെ സ്വീകരണമുറിയിൽ അതിഥികളെ സ്വീകരിക്കാനും, തണുപ്പുകാലത്ത് വീട് ചൂടാക്കാനും ഉപയോഗിച്ചിരുന്ന വെങ്കലത്തിന്റെ ‘ബ്രസേറോ’യും തയ്യൽ പണികൾക്കായി ഉപയോഗിച്ചിരുന്ന അലങ്കാരക്കസേരകളും കാണാം.
വീടിന്റെ ഒന്നാം നിലയിലെ ചുവരിൽ തൂക്കിയിട്ടിരിക്കുന്ന 1567ലെ ഫ്ലെമിഷ് ശൈലിയിലുള്ള എണ്ണച്ചായ ചിത്രം അക്കാലത്തെ സാധാരണക്കാരായ മനുഷ്യരുടെ വസ്ത്രധാരണത്തെയും ജീവിതരീതിയെയും പ്രതിഫലിപ്പിക്കുന്നു. ഒരു വലിയ കൊട്ടാരത്തിലല്ല, മറിച്ച് നിത്യജീവിതത്തിലെ ചെറിയ ചെറിയ സന്തോഷങ്ങളും പ്രതിസന്ധികളും നിറഞ്ഞ ഒരു സാധാരണ അന്തരീക്ഷത്തിലാണ് സെർവാന്റസ് വളർന്നത് എന്ന് ഈ കാഴ്ചകൾ നമ്മെ ഓർമിപ്പിക്കുന്നു.
പിതാവിന്റെ ചികിത്സാമുറിയും അൽക്കലായുടെ സ്വാധീനവും
സെർവാന്റസിന്റെ പിതാവ് റോഡ്രിഗോ ദെ സെർവാന്റസ് (Rodrigo de Cervantes) ഒരു cirujano sangrador അഥവാ barber-surgeon ആയിരുന്നു. അന്നത്തെ യൂറോപ്പിൽ ഇത്തരത്തിലുള്ള ചികിത്സകർ മുറിവുകൾ കെട്ടലും, ചോരകുത്തിയെടുക്കലും പല്ലുപിഴുക്കലുമൊക്കെ ചെയ്യുന്ന വൈദ്യന്മാരായിരുന്നു. വീട്ടിൽ സജ്ജീകരിച്ചിരിക്കുന്ന റോഡ്രിഗോയുടെ ചികിത്സാമുറിയിൽ വെച്ചിരുന്ന, രോഗിയെ കിടത്താനുള്ള ചരിഞ്ഞ മരക്കസേര; മരുന്നുകൾ സൂക്ഷിച്ചുവെച്ച ഭരണികൾ, ചെറിയ തുലാസുകൾ, വൈദ്യശാസ്ത്ര ഗ്രന്ഥങ്ങൾ എന്നിവ അക്കാലത്തെ വൈദ്യശാസ്ത്രത്തിന്റെ പരിമിതികളെയും പ്രായോഗികതയെയും കാണിച്ചുതരുന്നു.
തൊട്ടടുത്ത് തന്നെ സ്ഥിതിചെയ്യുന്ന അന്തിഗ്വോ ഹോസ്പിറ്റൽ ദെ അന്റെസാന എന്ന 1483ൽ സ്ഥാപിക്കപ്പെട്ട ചാരിറ്റബ്ൾ ആശുപത്രിയിലാണ് റോഡ്രിഗോ ജോലി ചെയ്തിരുന്നത്. യൂറോപ്പിലെ തന്നെ ഏറ്റവും പഴയ ഈ ആശുപത്രിയുടെ കവാടവും ചരിത്രവും സെർവാന്റസിന്റെ സാഹിത്യജീവിതത്തെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്ന് ആലോചിക്കേണ്ടതാണ്. അച്ഛന്റെ കൂടെ ആശുപത്രി സന്ദർശിച്ചും, സാധാരണക്കാരായ രോഗികളുടെ ദുരിതങ്ങൾ കണ്ടും വളർന്ന ബാലനായ സെർവാന്റസ്, മനുഷ്യസഹജമായ ബലഹീനതകളെയും വേദനകളെയും വളരെ അടുത്തറിഞ്ഞു. ഈ അനുഭവങ്ങളാണ് പിൽക്കാലത്ത് അദ്ദേഹത്തിന്റെ കൃതികളിൽ മനുഷ്യത്വത്തിന്റെ കടുപ്പമേറിയ യാഥാർഥ്യങ്ങളായി മാറിയത്. വീടിന്റെ അടുക്കളയിലേക്ക് കടക്കുമ്പോൾ വലിയ അടുപ്പും അതിൽ തൂങ്ങിക്കിടക്കുന്ന ചെമ്പുപൂശിയ പാത്രങ്ങളും ധാന്യങ്ങൾ സൂക്ഷിക്കുന്ന മൺകലങ്ങളും കാണാം. ‘ഡോൺ ക്വിക്സോട്ടി’ൽ പ്രതിപാദിക്കുന്ന ‘ഓയ പോദ്രിദ’ എന്ന പരമ്പരാഗത സ്പാനിഷ് സ്റ്റൂ വെന്തെരിയുന്ന മണം ഈ അടുക്കളയിൽനിന്ന് ഒരുകാലത്ത് ഉയർന്നു കാണണം.

കാസ്റ്റീലിയൻ മൺപാത്രങ്ങളും സാഹിത്യത്തിലെ രൂപകങ്ങളും
സെർവാന്റസിന്റെ മ്യൂസിയത്തിൽ ഒരുക്കിയിട്ടുള്ള ‘ലാ മഞ്ചയിലെ അൽഫാരെറിയ’ (നാടൻ മൺപാത്ര നിർമാണം) എന്ന പ്രത്യേക പ്രദർശനം കൗതുകമുണർത്തുന്ന ഒന്നാണ്. ലാ മഞ്ചയിലെ കാർഷിക സംസ്കാരവും അവിടെയുള്ള സാധാരണക്കാരുടെ ജീവിതവും മൺപാത്ര നിർമാണവുമായി എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഈ വിഭാഗം വ്യക്തമാക്കുന്നു. വെള്ളം കോരാൻ ഉപയോഗിക്കുന്ന ‘ആർക്കാദുസ്’ എന്ന മൺകലങ്ങളും മൃഗങ്ങൾക്ക് തീറ്റ കൊടുക്കുന്ന പാത്രങ്ങളും പരമ്പരാഗത കുലാൽപ്പക്രവും അവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.
ഈ പ്രദർശനത്തിന് മുകളിലായി ഡോൺ ക്വിക്സോട്ടിൽനിന്നുള്ള പ്രശസ്തമായ ഒരു വരി എഴുതിവെച്ചിട്ടുണ്ട്:
‘‘...അതുകൊണ്ട് ഇന്നുമുതൽ നമ്മൾ പരസ്പരം കൂടുതൽ ബഹുമാനത്തോടെ പെരുമാറണം, കളിയാക്കരുത്. കാരണം ഞാൻ കോപിച്ചാൽ, അത് മൺകലത്തിന് മാത്രമായിരിക്കും കേടുവരുത്തുക.’’
സ്പാനിഷ് പഴഞ്ചൊല്ലായ ‘‘കല്ല് പോയി മൺകലത്തിൽ അടിച്ചാലും, മൺകലം പോയി കല്ലിൽ അടിച്ചാലും കേട് മൺകലത്തിനു തന്നെ’’ എന്ന തത്ത്വത്തെയാണ് സെർവാന്റസ് ഇവിടെ പരാമർശിക്കുന്നത്. ലാ മഞ്ചയിലെ സാധാരണക്കാരായ മനുഷ്യരുടെ ദൈനംദിന ജീവിതത്തിലെ ഉപകരണങ്ങളെയും ഭാഷയെയും തന്റെ നോവലിൽ എത്രത്തോളം തന്മയത്വത്തോടെയാണ് അദ്ദേഹം ഉപയോഗിച്ചതെന്നതിന് തെളിവാണിത്.
ഭാവനയുടെ അരങ്ങുകൾ: മയെസെ പെദ്രോയുടെ പാവക്കൂത്ത്
മ്യൂസിയത്തിലെ മറ്റൊരു മനോഹരമായ കാഴ്ചയാണ് ഡോൺ ക്വിക്സോട്ടിലെ രണ്ടാം ഭാഗത്തിൽ (അധ്യായം 25, 26) വരുന്ന ‘മയെസെ പെദ്രോയുടെ പാവക്കൂത്ത്’ പുനഃസൃഷ്ടിച്ചിരിക്കുന്ന പ്രദർശനം. അൽക്കലാ ദെ ഏനാറെസിലെ പഴയ നഗരദൃശ്യങ്ങളുടെ പശ്ചാത്തലത്തിൽ വലുപ്പമുള്ള പാവകളെ ക്രമീകരിച്ചിരിക്കുന്നു. നോവലിൽ, മയെസെ പെദ്രോ നടത്തുന്ന പാവക്കൂത്ത് കണ്ടുകൊണ്ടിരിക്കുന്ന ഡോൺ ക്വിക്സോട്ട്, പാവ നാടകത്തിലെ നായികയെ ശത്രുക്കൾ ഓടിക്കുന്നത് കണ്ട് അത് സത്യമാണെന്ന് തെറ്റിദ്ധരിക്കുകയും, വാളൂരി പാവകളെ വെട്ടിനുറുക്കി നാടകവേദി തകർക്കുകയും ചെയ്യുന്നുണ്ട്! നാടകവും യാഥാർഥ്യവും തമ്മിലുള്ള അതിർവരമ്പുകൾ മാഞ്ഞുപോകുന്ന ക്വിക്സോട്ടിന്റെ മാനസികാവസ്ഥയെ സെർവാന്റസ് ആവിഷ്കരിച്ച രീതി തികച്ചും അതിശയകരമാണ്. അൽക്കലാ നഗരത്തിലെ നാടകപ്രേമികളും അക്കാലത്തെ നാടോടി പാവക്കൂത്തുകളുമാണ് ഇത്തരമൊരു രംഗം സൃഷ്ടിക്കാൻ സെർവാന്റസിന് പ്രചോദനമായത്.
വീടിന്റെ മുകൾനിലയിലെ എഴുത്തുമുറിയിൽ സെർവാന്റസിന്റെ വിഖ്യാതമായ ഛായാചിത്രത്തിന് താഴെ മനോഹരമായ ഐവറി അലങ്കാരങ്ങളുള്ള ഒരു ‘ബർഗെന്യോ’ (എഴുത്തുപെട്ടി) വെച്ചിട്ടുണ്ട്. അതിന് മുകളിലിരിക്കുന്ന പുസ്തകങ്ങളും മെഴുകുതിരിയും, യുദ്ധങ്ങളിലും തടവറകളിലും അലഞ്ഞുതിരിഞ്ഞ ശേഷം സാഹിത്യത്തിലേക്ക് മടങ്ങിയെത്തിയ ആ മഹാപ്രതിഭയുടെ ഏകാന്ത നിമിഷങ്ങളെ ഓർമിപ്പിക്കുന്നു.
പ്ലാസ ദെ സെർവാന്റസും നഗരത്തിന്റെ ജീവത്തുടിപ്പുകളും
ജന്മഗൃഹത്തിൽനിന്ന് പുറത്തിറങ്ങി കായെ മേയോറിലൂടെ മുന്നോട്ട് നടക്കുമ്പോൾ നഗരത്തിന്റെ കേന്ദ്രചത്വരമായ ‘പ്ലാസ ദെ സെർവാന്റസി’ൽ എത്തിച്ചേരും. നഗരസഭാ കാര്യാലയവും ക്ലോക്ക് ടവറും അതിരിടുന്ന വിശാലമായ ചത്വരത്തിന്റെ മധ്യത്തിൽ സെർവാന്റസിന്റെ കൂറ്റൻ വെങ്കല പ്രതിമ തലയുയർത്തി നിൽക്കുന്നു. കൈയിൽ തൂലികയും കടലാസുമായി നിൽക്കുന്ന സെർവാന്റസിന്റെ പ്രതിമക്ക് താഴെ, അദ്ദേഹത്തിന്റെ മാസ്റ്റർപീസായ ‘ഡോൺ ക്വിക്സോട്ടി’ലെ പ്രധാന രംഗങ്ങൾ വെങ്കല ഫലകങ്ങളിൽ കൊത്തിവെച്ചിട്ടുണ്ട്.
കാറ്റാടിയന്ത്രങ്ങളെ രാക്ഷസന്മാരായി തെറ്റിദ്ധരിച്ച് കുതിരപ്പുറത്ത് പാഞ്ഞടുക്കുന്ന ക്വിക്സോട്ടും, ചെമ്മരിയാട്ടിൻ കൂട്ടത്തെ ശത്രുസൈന്യമായി കണ്ട് ആക്രമിക്കുന്ന രംഗവും പരാജയത്തിന്റെ നിരാശയിൽ കുതിരപ്പുറത്തിരിക്കുന്ന ക്വിക്സോട്ടും സാഞ്ചോ പാൻസയും പീഡിപ്പിക്കപ്പെടുന്ന ആന്ദ്രെസ് എന്ന ബാലനെ രക്ഷിക്കാൻ ശ്രമിക്കുന്ന രംഗവും ഈ ശിൽപങ്ങളിൽ ജീവൻവെക്കുന്നു. യഥാർഥ ലോകത്തിലെ അനീതികൾക്കെതിരെ പോരാടാനിറങ്ങുന്ന, എന്നാൽ യാഥാർഥ്യ ബോധമില്ലാത്തതിനാൽ നിരന്തരം പരിഹസിക്കപ്പെടുന്ന ഒരു കഥാപാത്രത്തിലൂടെ സ്പാനിഷ് സമൂഹത്തിന്റെ അന്ധവിശ്വാസങ്ങളെയും വ്യവസ്ഥാപിത രീതികളെയും പരിഹസിക്കുകയായിരുന്നു സെർവാന്റസ്.
അൽക്കലാ നൽകിയ ജീവിതപാഠങ്ങൾ
മിഗ്വേൽ ദെ സെർവാന്റസിന്റെ ജീവിതം സങ്കീർണവും ദുരിതങ്ങൾ നിറഞ്ഞതുമായിരുന്നു. ലെപാന്റോ യുദ്ധത്തിൽ പരിക്കേറ്റ് കൈ തളർന്നതും അൽജിയേഴ്സിൽ അഞ്ചു വർഷത്തോളം കടൽക്കൊള്ളക്കാരുടെ തടവുകാരനായി കഴിഞ്ഞതും സാമ്പത്തിക ബാധ്യതകൾ കാരണം ജയിലിലടക്കപ്പെട്ടതുമെല്ലാം അദ്ദേഹത്തിന്റെ ജീവിതത്തിലെ കറുത്ത ഏടുകളായിരുന്നു. എന്നാൽ ഈ ദുരന്തങ്ങളെയെല്ലാം അതിജീവിക്കാനുള്ള മനോബലം അദ്ദേഹത്തിന് നൽകിയത് അൽക്കലാ എന്ന ജന്മനാട്ടിലെ അനുഭവങ്ങളാണ്.
അൽക്കലാ യൂനിവേഴ്സിറ്റിയുടെ ബുദ്ധിജീവി അന്തരീക്ഷവും, തെരുവുകളിലെ സാധാരണക്കാരായ മനുഷ്യരുടെ കഷ്ടപ്പാടുകളും ഒരുപോലെ ഉൾക്കൊള്ളാൻ സെർവാന്റസിന് കഴിഞ്ഞു. ഒരു വശത്ത് ഉന്നതമായ നവോത്ഥാന ആശയങ്ങളും മറു വശത്ത് പച്ചയായ ഗ്രാമീണ ജീവിതവും -ഈ രണ്ടു ധാരകളുടെ സംയോജനമാണ് ‘ഡോൺ ക്വിക്സോട്ട്’ എന്ന വിശ്വമഹാകാവ്യം. ക്വിക്സോട്ടിന്റെ അപ്രായോഗികമായ ആദർശധീരതയും സാഞ്ചോ പാൻസയുടെ പ്രായോഗികമായ ഗ്രാമീണ ബുദ്ധിയും തമ്മിലുള്ള വൈരുധ്യം വാസ്തവത്തിൽ അൽക്കലായുടെ തെരുവുകളിൽനിന്ന് സെർവാന്റസ് കണ്ടെത്തിയതാണ്. അൽക്കലാ ദെ ഏനാറെസിലെ തെരുവുകളിലൂടെയുള്ള യാത്ര അവസാനിപ്പിച്ച് മടങ്ങുമ്പോൾ, സാഹിത്യം എങ്ങനെയാണ് ഒരു മനുഷ്യന്റെ ആത്മാവിനെ അമരമാക്കുന്നത് എന്നതിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. സെർവാന്റസ് എന്ന മനുഷ്യൻ പോയിമറഞ്ഞിരിക്കാം, എന്നാൽ, അദ്ദേഹം നടന്ന വഴികളിൽ ഇന്നും ‘ഡോൺ ക്വിക്സോട്ട്’ തോളിൽ കുന്തവുമേന്തി തന്റെ വിശ്വസ്തനായ വേലക്കാരനൊപ്പം സഞ്ചരിക്കുന്നുണ്ട്.

മഡ്രിഡിലെ സാഹിത്യ സൗഹൃദം
സെർവാന്റസിന്റെ ജീവിതത്തിന്റെ അവസാന നാളുകൾക്കും, ‘ഡോൺ ക്വിക്സോട്ട്’ എന്ന മഹദ്ഗ്രന്ഥത്തിന്റെ പൂർത്തീകരണത്തിനും സാക്ഷ്യം വഹിച്ച മഡ്രിഡ് നഗരം ഒരു സാഹിത്യ യാത്രികക്ക് നൽകുന്ന അനുഭൂതി വാക്കുകൾക്ക് അതീതമാണ്. എന്നാൽ, ഈ യാത്രയെ കൂടുതൽ അർഥവത്താക്കിയത് കൗച്ച് സർഫിങ്ങിലൂടെ പരിചയപ്പെട്ട കർലോസ് എന്ന മഡ്രിഡെന്യോ കൂട്ടുകാരനായിരുന്നു.
സ്പാനിഷ് സാഹിത്യത്തിലും ചരിത്രത്തിലും അളവറ്റ കമ്പമുള്ള കർലോസ്, പ്ലാസ ദെ സന്റ ആനയിൽ വെച്ചാണ് എന്നെ സ്വാഗതം ചെയ്തത്. ‘‘സാഹിത്യം പുസ്തകങ്ങളിൽ മാത്രമല്ല, മഡ്രിഡിന്റെ കല്ലുപാകിയ തെരുവുകളിൽ പോലുമുണ്ട്. നമുക്കത് ഒന്നിച്ചു കണ്ടെത്താം,’’ ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞു.
ബാരിയോ ദെ ലാസ് ലെത്രാസിലെ സാഹിത്യവഴികൾ
സ്പാനിഷ് സാഹിത്യത്തിന്റെ സുവർണ യുഗത്തിന്റെ ഹൃദയഭൂമിയായ ബാരിയോ ദെ ലാസ് ലെത്രാസിലേക്കാണ് കർലോസ് എന്നെ ആദ്യം കൂട്ടിക്കൊണ്ടുപോയത്. പുരാതനമായ തെരുവുകളിലൂടെ നടക്കുമ്പോൾ, വഴിയോരത്തെ കൽപ്പാതകളിൽ സ്പാനിഷ് സാഹിത്യത്തിലെ പ്രശസ്തമായ വരികൾ വെങ്കല അക്ഷരങ്ങളിൽ തിളങ്ങിനിൽക്കുന്നത് കാണാമായിരുന്നു.
‘‘നോക്കൂ മിത്ര,’’ ഒരു തെരുവിന്റെ കോണിൽ വെച്ച് കാൽച്ചുവട്ടിലേക്ക് വിരൽ ചൂണ്ടി കർലോസ് പറഞ്ഞു. ‘‘ഇത് ഡോൺ ക്വിക്സോട്ടിലെ പ്രശസ്തമായ അധ്യായങ്ങളിലൊന്നിലെ വരികളാണ്.’’
കായെ ദെ സെർവാന്റസിന്റെയും കായെ ദെൽ ലിയോണിന്റെയും കവലയിൽ, റോഡിൽ പതിപ്പിച്ചിരുന്ന ആ സ്വർണ വരികൾ ഞാൻ വായിച്ചു:
‘‘Que aposento o que nada busca vuestra merced? Ya no hay aposento ni libros en esta casa, porque todo se lo llevo el mesmo diablo.’’
-El Quijote, I, cap. VII
(‘‘എന്ത് മുറിയാണ് അങ്ങ് തിരയുന്നത്? ഈ വീട്ടിൽ ഇനി മുറിയോ പുസ്തകങ്ങളോ ബാക്കിയില്ല; പിശാച് വന്ന് എല്ലാം എടുത്തുകൊണ്ടുപോയി!’’)
ക്വിക്സോട്ടിന്റെ വീട്ടുതടങ്കലിൽനിന്ന് പുസ്തകങ്ങൾ കത്തിച്ചു ചാമ്പലാക്കിയ രംഗം അനുസ്മരിപ്പിക്കുന്ന ആ വരികൾക്ക് തൊട്ടുതാഴെ മറ്റൊരു ചരിത്രസത്യം കുറിച്ചിട്ടുണ്ടായിരുന്നു: 1616 ഏപ്രിൽ 23ന് മിഗ്വേൽ ദെ സെർവാന്റസ് തന്റെ അവസാന ശ്വാസം വലിച്ച വീട് ഇവിടെയായിരുന്നു സ്ഥിതിചെയ്തിരുന്നത്!
‘‘ഈ കാണുന്ന കെട്ടിടത്തിന്റെ ഭിത്തിയിലെ ഫലകം കണ്ടോ?’’ ഭിത്തിയിലെ വലിയ മാർബ്ൾ ഫലകത്തിലേക്ക് ചൂണ്ടി കർലോസ് വിശദീകരിച്ചു. ‘‘AQUI VIVIO Y MURIO MIGUEL DE CERVANTES SAAVEDRA...’’ ഈ ലോകം മുഴുവൻ ആദരിക്കുന്ന ആ സാഹിത്യപ്രതിഭ ഇവിടെയാണ് ജീവിച്ചതും മരിച്ചതും. എന്നാൽ, രസകരമായ ഒരു ചരിത്ര വൈരുധ്യമുണ്ട് മിത്ര! സെർവാന്റസ് മരിച്ച വീട് സ്ഥിതിചെയ്യുന്ന ഈ തെരുവിന് അദ്ദേഹത്തിന്റെ പേരാണ് (‘കായെ ദെ സെർവാന്റസ്’) നൽകിയിരിക്കുന്നത്. എന്നാൽ, അദ്ദേഹത്തിന്റെ ഏറ്റവും വലിയ സാഹിത്യ വൈരിയായിരുന്ന ലോപെ ദെ വേഗ (Lope de Vega) ജീവിച്ച വീട് തൊട്ടടുത്തുണ്ട്! സെർവാന്റസിനെ അടക്കംചെയ്ത കന്യാസ്ത്രീ മഠം സ്ഥിതിചെയ്യുന്നത് ‘കായെ ദെ ലോപെ ദെ വേഗ’യിലുമാണ്!’’
കർലോസിന്റെ ആ വാക്കുകളിൽ മഡ്രിഡിന്റെ സാഹിത്യ വൈരികളുടെ രസകരമായ കഥകൾ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. തൊട്ടടുത്ത് തന്നെ സ്ഥിതിചെയ്യുന്ന ‘കാസ അൽബെർട്ടോ’ എന്ന ചരിത്രപ്രസിദ്ധമായ ഹോട്ടലിനു മുന്നിൽ ഞങ്ങൾ നിന്നു. 1613-1614 കാലഘട്ടത്തിൽ സെർവാന്റസ് ഇവിടെ താമസിക്കുമ്പോഴാണ് ‘ഡോൺ ക്വിക്സോട്ടി’ന്റെ രണ്ടാം ഭാഗവും ‘വിയാഹെ ദെൽ പർനാസോ’യും (Viaje del Parnaso) എഴുതിത്തീർത്തത്.

ലാ മാഞ്ചയിലെ ഗ്രാമീണ ജീവിതവും ആചാരങ്ങളും ഗാർഹിക ഇടങ്ങളും. നൂറ്റാണ്ടുകൾക്ക് മുമ്പ് സെർവാന്റസ് വിവരിച്ച പരമ്പരാഗത ലോകവുമായി ഇവ ബന്ധം നിലനിർത്തിയിരുന്നു
ട്രിനിറ്റേറിയൻ മഠവും കണ്ടെത്താത്ത അസ്ഥിത്തറയും
അവിടെനിന്ന് ഏതാനും അടി മാത്രം അകലെയുള്ള ‘കോൺവെന്റോ ദെ ലാസ് ട്രിനിറ്റേറിയസ് ദെസ്കാൽസാസ്’ എന്ന ചുവന്ന ഇഷ്ടികക്കെട്ടിടത്തിന് മുന്നിൽ കർലോസ് എന്നെ നിർത്തി.
‘‘ഇത് വെറുമൊരു മഠമല്ല. സെർവാന്റസിന്റെ ആത്മാവിനോട് ഏറ്റവും കടപ്പെട്ടിരിക്കുന്ന ഇടമാണ്,’’ കർലോസിന്റെ ശബ്ദത്തിൽ വലിയൊരു ആദരവ് നിറഞ്ഞുനിന്നു. ‘‘അൽജിയേഴ്സിൽ കടൽക്കൊള്ളക്കാരുടെ കസ്റ്റഡിയിൽ അഞ്ചുവർഷത്തോളം അടിമയായി കഴിഞ്ഞ സെർവാന്റസിനെ, മോചനദ്രവ്യം നൽകി രക്ഷപ്പെടുത്തിയത് ഈ ട്രിനിറ്റേറിയൻ സന്യാസിമാരായിരുന്നു. ആ നന്ദിസൂചകമായാണ് തന്റെ മരണശേഷം ഇവിടെതന്നെ അടക്കം ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചത്. ‘‘2015ൽ പുരാവസ്തു ഗവേഷകർ ഈ മഠത്തിന്റെ തറക്കടിയിൽനിന്ന് സെർവാന്റസിന്റെയും ഭാര്യയുടെയും അവശിഷ്ടങ്ങൾ കണ്ടെത്തിയ കഥ കർലോസ് വിവരിച്ചുതരുമ്പോൾ, സാഹിത്യചരിത്രത്തിലെ ഏറ്റവും വലിയൊരു വീണ്ടെടുപ്പിന്റെ സാക്ഷിയാകുകയായിരുന്നു ഞാൻ.
ലോപെ ദെ വേഗയുടെ ഭവനവും പ്രശസ്ത കവിയായ ഫ്രാൻസിസ്കോ ദെ കേവെദോയുടെ (Francisco de Quevedo) വീടിന്റെ സ്ഥാനവും പിന്നിട്ട് ഞങ്ങൾ നടന്നത് ‘പ്ലാസ ദെ ലാസ് കോർതെസി’ലേക്കായിരുന്നു. സ്പാനിഷ് പാർലമെന്റിന് മുന്നിൽ തലയുയർത്തി നിൽക്കുന്ന സെർവാന്റസിന്റെ കൂറ്റൻ വെങ്കല ശിൽപത്തിന് താഴെ നിൽക്കുമ്പോൾ, 1835ൽ നിർമിക്കപ്പെട്ട ഈ ശിൽപപീഠത്തിന് താഴെ ‘ഡോൺ ക്വിക്സോട്ടി’ന്റെ പുരാതന പതിപ്പുകൾ അടങ്ങിയ ഒരു ടൈം കാപ്സ്യൂൾ നിക്ഷേപിച്ചിട്ടുണ്ടെന്ന കാര്യം കർലോസ് ഓർമിപ്പിച്ചു.
പ്ലാസ ദെ എസ്പാനയിലെ വെങ്കല ബിംബങ്ങൾ
സന്ധ്യ മയങ്ങുന്നതോടെ ഞങ്ങൾ മഡ്രിഡിന്റെ വെസ്റ്റ് എൻഡിലുള്ള ‘പ്ലാസ ദെ എസ്പാന’യിലേക്ക് നടന്നു. ആധുനികമായ വാനംമുട്ടികളുടെ നടുവിൽ, പച്ചപ്പുനിറഞ്ഞ വിശാലമായ ആ ചത്വരത്തിൽ സ്പെയിനിന്റെ ഏറ്റവും വലിയ ദേശീയ സ്മാരകം ഉയർന്നുനിൽക്കുന്നു. വെള്ള മാർബിളിൽ കൊത്തിയെടുത്ത സെർവാന്റസിന്റെ കൂറ്റൻ ശിൽപം സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്നു. അദ്ദേഹത്തിന്റെ കാൽക്കലായി, വെങ്കലത്തിൽ വാർത്തെടുത്ത ഡോൺ ക്വിക്സോട്ട് തന്റെ വിശ്വസ്ത കുതിരയായ റോസിനാന്തെയുടെ പുറത്ത് കുന്തവും ഏന്തിനിൽക്കുന്നു! തൊട്ടടുത്ത് കഴുതപ്പുറത്തിരിക്കുന്ന വിശ്വസ്തനായ സാഞ്ചോ പാൻസ.
‘‘ഇതാണ് ഭാവനയുടെ ശക്തി!’’ പ്ലാസ ദെ എസ്പാനയിലെ ശിൽപങ്ങളിലേക്ക് നോക്കി കർലോസ് പറഞ്ഞു: ‘‘സെർവാന്റസ് എന്ന എഴുത്തുകാരൻ ഒരു പാവപ്പെട്ട മനുഷ്യനായി, കടക്കെണിയിലായി, അനാഥനായി മരിച്ചുപോയിരിക്കാം. എന്നാൽ അദ്ദേഹത്തിന്റെ തലച്ചോറിൽനിന്ന് ജനിച്ച ഈ രണ്ടു കഥാപാത്രങ്ങൾ ഇന്നും ഈ ലോകത്തെ മുഴുവൻ നയിക്കുന്നു. ഭ്രാന്തമായ ആദർശധീരതയും (Quixotism), പച്ചയായ പ്രായോഗികതയും തമ്മിലുള്ള ഈ പോരാട്ടമാണ് മനുഷ്യജീവിതം!’’
കർലോസിന്റെ ആ വാക്കുകൾ എന്റെ മനസ്സിൽ തട്ടി. ഒരു വശത്ത് ലോകത്തെ മുഴുവൻ കീഴടക്കാൻ പോകുന്ന ക്വിക്സോട്ടിന്റെ നിഴലും മറുവശത്ത് ആധുനിക മഡ്രിഡിന്റെ പലവിധ വെളിച്ചവും. പ്ലാസ ദെ എസ്പാനയിലെ ലൈറ്റുകൾ തെളിയുമ്പോൾ, വെങ്കലത്തിൽ തീർത്ത ഡോൺ ക്വിക്സോട്ടും സാഞ്ചോ പാൻസയും നിഴലുകളിൽ വീണ്ടും ജീവൻവെക്കുന്നതുപോലെ തോന്നി. മാഡ്രിഡിന്റെ തെരുവുകളിൽനിന്ന് മടങ്ങുമ്പോൾ, ഡയറിയിൽ കുറിക്കാൻ ഒരുവരി മാത്രമായിരുന്നു ബാക്കി: സെർവാന്റസ് മരിച്ചിട്ടില്ല, അദ്ദേഹം ഡോൺ ക്വിക്സോട്ടിലൂടെ ഓരോ യാത്രികന്റെയും ആത്മാവിൽ ജീവിക്കുന്നു.


