ദുർബല ചിത്തരേ നിങ്ങൾ പോകേണ്ട ഇവിടങ്ങളിൽ!

ഇതോപ്യയിലെ ഉൾനാടുകളിലൂടെ സഞ്ചരിക്കുകയാണ് ലേഖിക. ഹമർ ഗോത്രക്കാർക്കൊപ്പമുള്ള നിമിഷങ്ങളാണ് എഴുതുന്നത്. ഗുർദാ പോലുള്ള ഗ്രാമങ്ങളിൽഎന്തുതരം കാഴ്ചകളാണ്, ജീവിതമാണുള്ളത്?“മണീ മണീ… ഡോളർ ഡോളർ...” എന്നെ തൊട്ട കുഞ്ഞു കൈയുടെ ഉടമക്ക് ഏഴു വയസ്സു കാണും; മെലിഞ്ഞിരുണ്ട ശരീരം. അവൻ തന്റെ ആവശ്യം ആവർത്തിച്ചു. ഒന്നാലോചിച്ചാൽ ആവശ്യം തികച്ചും ന്യായമാണ്. ഞാൻ ക്ഷണിക്കപ്പെടാത്ത അതിഥിയാണ്. അവന്റെ ഗോത്രമായ ഹമറിനെപ്പറ്റി കൂടുതൽ മനസ്സിലാക്കാനെത്തിയ വഴിപോക്കയായ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ഇതോപ്യയിലെ ഉൾനാടുകളിലൂടെ സഞ്ചരിക്കുകയാണ് ലേഖിക. ഹമർ ഗോത്രക്കാർക്കൊപ്പമുള്ള നിമിഷങ്ങളാണ് എഴുതുന്നത്. ഗുർദാ പോലുള്ള ഗ്രാമങ്ങളിൽഎന്തുതരം കാഴ്ചകളാണ്, ജീവിതമാണുള്ളത്?
“മണീ മണീ… ഡോളർ ഡോളർ...” എന്നെ തൊട്ട കുഞ്ഞു കൈയുടെ ഉടമക്ക് ഏഴു വയസ്സു കാണും; മെലിഞ്ഞിരുണ്ട ശരീരം. അവൻ തന്റെ ആവശ്യം ആവർത്തിച്ചു. ഒന്നാലോചിച്ചാൽ ആവശ്യം തികച്ചും ന്യായമാണ്. ഞാൻ ക്ഷണിക്കപ്പെടാത്ത അതിഥിയാണ്. അവന്റെ ഗോത്രമായ ഹമറിനെപ്പറ്റി കൂടുതൽ മനസ്സിലാക്കാനെത്തിയ വഴിപോക്കയായ യുവതി. അവനു പൈസ കൊടുത്താൽ അതും അപകടം ക്ഷണിച്ചുവരുത്തും. ഇത്യോപ്യയിലെ കുഞ്ഞു യാചകർ സൂത്രശാലികളാണെന്ന കാര്യം ഗൈഡ്ബുക്കുകളിൽ എഴുതിയിട്ടുണ്ട്. ഒരു കുട്ടിക്ക് പൈസ കൊടുത്താൽ നൂറു കുട്ടികൾ ഈയാംപാറ്റകളെപ്പോലെ പൊതിയും. ടൂറിസ്റ്റിന്റെ ബാഗുമായി അവർ നിമിഷനേരംകൊണ്ട് അപ്രത്യക്ഷമാകും. അവനെ സഹായിക്കാൻ രണ്ടുമൂന്നു കുട്ടികൾ മുന്നോട്ടുവന്നു. ഒരുത്തൻ ഞൊടിയിടയില് ബാഗിൽ പിടുത്തമിട്ടു. ഞാൻ ചുണ്ടു കോട്ടി, മുഖത്ത് സങ്കടഭാവം വരുത്തി നോ മണീ, എന്നയർഥത്തിൽ കൈമലർത്തി.
“ഫിരഞ്ചി, ഫിരഞ്ചി, ഡോളർ ഡോളർ.” അവർ വിടാനുള്ള ഉദ്ദേശ്യമില്ല. വിദേശികളെ അധിക്ഷേപിക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന പദമാണ് ഫിരഞ്ചി. ഭാഗ്യത്തിന് എബിയും, ഓയ്തയും എന്റെ രക്ഷക്കെത്തി. അവരെ കണ്ടതും കുട്ടികൾ സ്ഥലം കാലിയാക്കി. തെക്കൻ ഇത്യോപ്യയിലെ കൊച്ചു പട്ടണമായ ജിങ്കയിൽ െവച്ചാണ് ഞാൻ എബിയെ പരിചയപ്പെടുന്നത്. ഓമോ വാലിയിലെ ഗോത്രവർഗക്കാരെ സന്ദർശിക്കാൻ പോകുമ്പോൾ ഇംഗ്ലീഷറിയാവുന്ന ഗൈഡ് നിർബന്ധമാണ്. അതുകൊണ്ട് എബിയെ യാത്രയിൽ ഒപ്പം കൂട്ടി. ഹമർ ഗോത്രവർഗക്കാരനായ ഓയ്തയുടെ ഗ്രാമത്തിലായിരുന്നു എന്റെ താമസം പറഞ്ഞുെവച്ചത്. ജിങ്കയിൽനിന്ന് ഒരു വാനിൽ രാവിലെ തിരിച്ച ഞങ്ങൾ ടുർമിയിലെത്തിയപ്പോൾ ഉച്ചയായി. അവിടെെവച്ച് ഓയ്ത ഞങ്ങളെ സ്വീകരിച്ച് ചന്തയിലേക്കു കൂട്ടിക്കൊണ്ടുപോയി. എല്ലാ തിങ്കളും ശനിയും ഹമർ ഗോത്രവർഗക്കാരുടെ ചന്ത അവിടെയുള്ള വലിയ മൈതാനത്തിൽ നടക്കും. ഇത്യോപ്യയിലെ ലോക്കൽ കറൻസി ബിർ ആണ്. മാർക്കറ്റിലുള്ള ആളുകളുടെ ഫോട്ടോയെടുക്കണമെങ്കിൽ ബിർ കൊടുക്കണം. ഡോളർ മാറാൻ എബിയും ഓയ്തയും പോയപ്പോഴാണ് കുട്ടികൾ എന്നെ വളഞ്ഞത്.
കമ്പോളത്തിൽ വലിയ തിരക്കൊന്നുമില്ല. ഉഗ്രപ്രതാപിയായി നിൽക്കുന്ന സൂര്യനിൽനിന്ന് രക്ഷനേടാനായി കച്ചവടക്കാർ വൃക്ഷങ്ങളുടെ ചുവട്ടിലേക്കും, ദ്രവിച്ച കെട്ടിടങ്ങളുടെ തണലിലേക്കുമായി ഒതുങ്ങിക്കൂടിയിട്ടുണ്ട്. സ്പ്രിങ്ങുപോലുള്ള മുടി തോളറ്റം വെട്ടിയ ഹമർ സ്ത്രീകളെ പെട്ടെന്ന് തിരിച്ചറിയാം. കാവിമണ്ണും നെയ്യും പുരട്ടിയാണ് അവർ മുടി ചുരുട്ടുന്നത്. മുട്ടുവരെയുള്ള പാവാടയും ബനിയനുമാണ് വേഷം. കടും നിറമുള്ള വസ്ത്രങ്ങളാണ് അവർ ധരിച്ചിരുന്നത്. ഇളം നിറങ്ങളുടെ കാഴ്ചക്കായി ഞാൻ കൊതിച്ചു. ഒരു പക്ഷേ അവരുടെ ദരിദ്രജീവിതത്തിൽ നിറങ്ങൾക്ക് ഒരു പ്രസക്തിയുമില്ലായിരിക്കാം.
നാണം മറയ്ക്കാനുള്ള തുണി എന്നതിനപ്പുറമുള്ള പ്രാധാന്യം അവർ വസ്ത്രങ്ങൾക്ക് കൊടുക്കുന്നതായി തോന്നുന്നില്ല. എല്ലാവരും ചെറിയ മുത്തുകൾ കോർത്ത ധാരാളം മാലകൾ കഴുത്തിലും, വെള്ളിയുടെയും ചെമ്പിന്റെയും നേർത്ത വളകൾ കൈകളിലും കൈമുട്ടിനു മുകളിലുള്ള കക്ഷത്തോടു ചേർന്നുള്ള ഭാഗത്തും ധരിച്ചിട്ടുണ്ട്. പ്രായമായ സ്ത്രീകൾ നിറയെ കവടി തുന്നിച്ചേർത്ത ആട്ടിൻതോലുകൊണ്ടായിരുന്നു മാറു മറച്ചിരുന്നത്. പൂർണമായും മറച്ചുവെന്നു പറയാനാവില്ല. ഇടുങ്ങിയ മുലകളും, തൂങ്ങിക്കിടക്കുന്ന വയറുമെല്ലാം പുറത്തുചാടിയിട്ടുണ്ട്. തലയിൽ, കവടികൊണ്ടുണ്ടാക്കിയ നേർത്ത ബെൽറ്റും കെട്ടിെവച്ചിട്ടുണ്ട്. വിൽക്കാനായി നിരത്തിവെച്ചിരിക്കുന്ന സാധനങ്ങൾ ഞാൻ ചുറ്റിനടന്നു കണ്ടു. പ്ലാസ്റ്റിക് ഷീറ്റുകളിൽ ടെഫ് എന്ന ധാന്യം വിൽപനക്കായി കൂട്ടിയിട്ടിട്ടുണ്ട്. അതിന്റെ പൊടി വെള്ളത്തിൽ കലക്കി മൂന്നുദിവസം പുളിപ്പിച്ച ശേഷമാണ് ഇഞ്ചിറ എന്ന ഇത്യോപ്യൻ ദോശയുണ്ടാകുന്നത്. ചോളപ്പൊടിയും മണിച്ചോളപ്പൊടിയും ചാക്കുകളിലാക്കി സ്ത്രീകൾ ചുമന്നുകൊണ്ടുപോകുന്നു.
“ഭക്ഷണമുണ്ടാക്കാൻ ചോളവും, മദ്യമുണ്ടാക്കാൻ മണിച്ചോളവും ഞങ്ങൾക്ക് പ്രധാനമാണ്. ഇത്യോപ്യക്കാരുടെ ദേശീയ ഭക്ഷണം ഇഞ്ചിറയാണെങ്കിലും, ടെഫിനു വില കൂടുതലായതിനാൽ ഞങ്ങളാരും വാങ്ങാറില്ല.” ഓയ്ത പറഞ്ഞു. നമ്മുടെ വീട്ടിലെ മഗ് പോലെ പലതരം ഉപയോഗങ്ങളുള്ള ഒന്നാണ്, മത്തങ്ങപോലുള്ള ഏതോ ഒരു കായുടെ ഉണങ്ങിയ പുറന്തോടായ കലബാഷ്. കാപ്പി കുടിക്കാനും, കഞ്ഞി കുടിക്കാനും, വെള്ളം കോരാനുമെല്ലാം കലബാഷ് ഉപയോഗിക്കും. വിറക്, വെളുത്തുള്ളി, കാവിമണ്ണ്, തേൻ, തുടങ്ങിയവ വിൽക്കാൻ െവച്ചിരിക്കുന്നവരും അവിടെ ധാരാളമായുണ്ട്. തേൻ പ്രതീക്ഷിച്ച് ഒരു പാത്രം തുറന്നുനോക്കിയപ്പോൾ കണ്ടത് തേനീച്ചക്കൂടും ചത്ത തേനീച്ചകളെയുമായിരുന്നു; അത് വാങ്ങാനും ആളുകൾ വരുമത്രേ! പച്ചക്കറികളും പഴവർഗങ്ങളും അവിടെങ്ങും വിൽപനക്കില്ലെന്നത് കൗതുകകരമായിരുന്നു. അതുപോലെ, ഒരൊറ്റ പുരുഷന്മാരെയും ആൺകുട്ടികളെയും കച്ചവടസ്ഥലത്ത് കാണാനാവില്ല; അവർ കാലിമേയ്ക്കുന്ന പണിയാണ് ചെയ്യുന്നത്. കച്ചവടം, വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങുക, കുട്ടികളെ നോക്കുക, വെള്ളവും വിറകും ശേഖരിക്കുക തുടങ്ങിയ ജോലികൾ പരമ്പരാഗതമായി സ്ത്രീകളാണ് ചെയ്തുവരുന്നത്.
മാർക്കറ്റിലെ കാഴ്ചകൾ ആസ്വദിച്ചു നിൽക്കുന്നതിനിടെയാണ് ഒരു അർധനഗ്ന നടന്നുപോകുന്നത് ശ്രദ്ധയിൽപെട്ടത്. തടികൊണ്ടുണ്ടാക്കിയ മുത്തുമാലകൾ അവരുടെ കഴുത്തു മുതൽ വയറുവരെ പുറംചട്ടപോലെ ആവരണം ചെയ്തിട്ടുണ്ട്. അവരുടെ മുഖവും പ്രായത്തിന്റെ അവശത തൊട്ടുതീണ്ടാത്ത മുഖഭാവവുമായിരുന്നു എന്നെ ആകർഷിച്ചത്. ആ തിളങ്ങുന്ന കണ്ണുകളും, എന്തിനെയും വെല്ലുന്ന മുഖഭാവവും പകർത്തണമെന്ന ഉദ്ദേശ്യത്തോടെ അമ്മച്ചിയെ സമീപിച്ചു. ഫോട്ടോക്കു വേണ്ടി പോസ് ചെയ്യാൻ അവർക്കു പൂർണസമ്മതമായിരുന്നു. പ്രതിഫലമായി ഞാൻ കൊടുത്ത ബിർ അവർ നിരസിച്ചു. പകരം ദൂരെയുള്ള ഷെഡിലേക്ക് കൈ ചൂണ്ടി.
“അതിവിടത്തെ ലോക്കൽ മദ്യശാലയാണ്. അവർക്ക് മദ്യം വാങ്ങിക്കൊടുത്ത്, നിങ്ങളും ഒപ്പം ചേരണമെന്നാണ് അവർ പറയുന്നത്.” എബി ചിരിച്ചുകൊണ്ട് പറഞ്ഞു. ഞാനാകെ കുഴഞ്ഞു. ലോക്കൽ മദ്യത്തിൽ വല്ല മെഥനോളും കലർത്തിയിട്ടുണ്ടേൽ കണ്ണടിച്ചുപോകും. അവരോട് പറ്റില്ലെന്നു പറയാനും ബുദ്ധിമുട്ട്. എന്തായാലും ആ കടയിൽ പോയി അവർക്കാവശ്യമുള്ള മദ്യം വാങ്ങിക്കൊടുക്കാൻ തീരുമാനിച്ചു. ചിന്തിച്ചുനിൽക്കുന്നതിനിടെ അവരെന്റെ കൈയിൽ മുറുകെപ്പിടിച്ചു.

ഹമർ ഗോത്രക്കാർക്കിടയിൽ നടക്കുന്ന ബുൾ ജംപിങ് ചടങ്ങ്
“അമ്മച്ചീ... എന്റെ മുഖത്തു കള്ളലക്ഷണമുണ്ടെങ്കിലും, നിങ്ങളെ ഞാൻ പറ്റിക്കൂലാ... സാധനം വാങ്ങിത്തന്നിരിക്കും.” മലയാളത്തിൽ അവരോടു പറഞ്ഞു. എന്ത് മനസ്സിലായിട്ടാണെന്നറിയില്ല, അവർ പല്ലു മുഴുവൻ വെളിയിൽ കാണിച്ച് വെളുക്കെച്ചിരിച്ചു.
കടയുടെ മൂലയിൽ മൂന്നാലു സ്ത്രീകളിരുന്നു മദ്യം കുടിക്കുന്നുണ്ടായിരുന്നു. ഓരോരുത്തരുടെ കൈകളിലും വലിയ പ്ലാസ്റ്റിക് ജഗുകളുണ്ട്. അമ്മച്ചി ഒരു ജഗ് മദ്യം വാങ്ങിയശേഷം എന്നെ അടുത്തിരുത്തി അത് കുടിക്കാൻ പ്രേരിപ്പിച്ചു. ഞാൻ ജഗിനുള്ളിലേക്കു നോക്കി; പിണ്ണാക്ക് കലക്കിെവച്ചതുപോലുള്ള നിറവും, അസഹ്യമായ ദുർഗന്ധവുമുള്ള ദ്രാവകം! അമ്മച്ചിയാണെങ്കിൽ എന്റെ മുഖത്തോട്ട് ഉറ്റുനോക്കിയിരിപ്പാണ്. മനസ്സില്ലാമനസ്സോടെ ഞാനതു രുചിച്ചു; വലിയ തരക്കേടില്ലാത്ത രുചി. കൊള്ളാമെന്ന ആംഗ്യം കാണിച്ച് ജഗ് തിരികെക്കൊടുത്തു. അമ്മച്ചി സന്തോഷത്തോടെ അത് കുടിച്ചു. നിമിഷനേരംകൊണ്ട് ജഗ് കാലി! അവർ പ്രതീക്ഷയോടെ വീണ്ടും നോക്കി. ഞാൻ ഒരു ജഗുകൂടി അവർക്ക് വാങ്ങിക്കൊടുത്തു. ഇതിനിടെ ഓയ്ത അവരുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. അമ്മച്ചിക്ക് സ്വന്തം വയസ്സറിയില്ല. പഴയതുപോലെ വെള്ളം കൊണ്ടുവരാനോ, വിറകു കീറാൻ പോകാനോ ഒന്നും വയ്യ. ചന്തയിൽ വന്ന് ആളുകളെ കാണുന്നത് ഇഷ്ടമാണ്. അതുകൊണ്ട് ചന്തയുള്ള ദിവസം രാവിലെ വീട്ടിൽനിന്നിറങ്ങി ചന്തയിൽ കറങ്ങിത്തിരിഞ്ഞു നിൽക്കും. പരിചയക്കാരാരെങ്കിലും അവർക്ക് മദ്യം വാങ്ങി നൽകും. ആദ്യമായാണ് ഒരു ഫിരഞ്ചി അവരെ സൽക്കരിക്കുന്നത്; അതവരുടെ മനസ്സുനിറച്ചു.
വൈകിട്ട് നാലു മണിയോടെ ഞങ്ങൾ അവിടന്നിറങ്ങി. മദ്യത്തിന്റെ പൈസ കൊടുക്കാൻ ചെന്നപ്പോൾ ഞാൻ ഞെട്ടി. ഒരു ജഗിനു വെറും പത്തു രൂപ! ഒരു ഫാക്ടറി തൊഴിലാളിക്ക് കിട്ടുന്ന ശരാശരി മാസശമ്പളം മൂവായിരം രൂപ മാത്രമാണ്.
“ഓയ്ത... ഈ മദ്യത്തിന്റെ പേരെന്താണ്? ഇത് കടകളിൽ മാത്രമാണോ കിട്ടുന്നത്?”
“ഞങ്ങളിതിനെ ബോറെയ്ഡോ എന്നാണ് വിളിക്കുന്നത്. മണിച്ചോളത്തിന്റെ പൊടി, വെള്ളം ചേർത്ത് കുഴച്ച് ഉരുളകളാക്കിയശേഷം വെള്ളത്തിലിട്ട് പത്തു പന്ത്രണ്ടു മണിക്കൂർ തിളപ്പിക്കും. എന്നിട്ട് മൂന്നു ദിവസം അനക്കാതെ െവച്ചശേഷം ഉരുളയെല്ലാം ഉടച്ച് ആ വെള്ളത്തിൽത്തന്നെ കലക്കും; അതാണ് ബോറെയ്ഡോ. വിശേഷ ദിവസങ്ങളിൽ മാത്രമാണ് വീടുകളിൽ ഇവയുണ്ടാക്കുന്നത്. ആവശ്യക്കാർ ചന്തയുള്ള ദിവസങ്ങളിൽ കടയിൽ വന്നു വാങ്ങും. ഇവിടെയുള്ള മനുഷ്യർക്ക് ഭക്ഷണം കിട്ടിയില്ലെങ്കിലും പരാതിയില്ല. എന്നാൽ ബോറെയ്ഡോ ഇല്ലാത്ത ദിവസത്തെക്കുറിച്ച് ചിന്തിക്കാൻപോലുമാകില്ല.”
തുടർന്നുള്ള ദിവസങ്ങളിൽ ഉൾനാടൻ ഗ്രാമങ്ങളിലേക്ക് താമസിക്കാൻ പോകുന്നതിനാൽ, ഹമർ ഭാഷയായ ബന്നയിലെ രണ്ടു മൂന്നു വാചകങ്ങൾ ആദ്യമേ പഠിച്ചുെവച്ചു. നഗയാ എന്നു പറഞ്ഞാണ് ആളുകളെ അഭിസംബോധന ചെയ്യേണ്ടത്. ഹത്തേനെ എന്നാൽ സുഖമാണോ? നന്ദി പറയാൻ ബാർജോയ്മി എന്നു പറയണം. ഓയ്തയുടെ ബൈക്കിൽ ട്രിപ്പിൾസടിച്ചാണ് ഞങ്ങൾ ഗുര്ദാ എന്ന അവന്റെ ഗ്രാമത്തിലേക്കു പോയത്. വരണ്ട ഭൂമിയിലൂടെ അര മണിക്കൂറോളമുള്ള ആ യാത്രക്കിടെ ദുർലഭമായി കുറ്റിച്ചെടികളും മരുഭൂമിയിൽ കാണുന്നതരം മരങ്ങളും കണ്ടു. കമ്പോളത്തിൽനിന്നു സാധനങ്ങളുമായി വീട്ടിലേക്കു പോകുന്ന ധാരാളം സ്ത്രീകൾ വഴിയിലുടനീളമുണ്ടായിരുന്നു. മനസ്സിലുണ്ടായിരുന്ന ഗ്രാമസങ്കൽപവുമായി യഥാർഥ ഗുര്ദാക്ക് ഒരു സാമ്യവുമില്ലായിരുന്നു. വിജനവും വിശാലവുമായ പറമ്പിൽ അങ്ങിങ്ങായി ഏഴെട്ടു കുടിലുകൾ. ഉണങ്ങിയ കുറ്റിച്ചെടികൾ കൂട്ടിെവച്ചാണ് അതിരുകളുണ്ടാക്കിയിട്ടുള്ളത്. വൃത്താകൃതിയിൽ കമ്പുകൾ ചേർത്തുണ്ടാക്കിയ അവരുടെ കുടിൽ പുല്ലു മേഞ്ഞതാണ്. കതകില്ലാത്ത ആ കുടിലിന്റെ അകത്തേക്കു കടക്കാൻ കമ്പുകൾക്കിടയിലൂടെ ചെറിയൊരു ദ്വാരമുണ്ട്.

ഹമർ ഗോത്രക്കാർ അവരുടെ വീടിന് മുന്നിലിരിക്കുന്നു, ലഹരിയുടെ നിമിഷത്തിൽ ഗോത്രത്തിലെ രണ്ടുപേർ
“ചന്തയിൽ പോയ പെണ്ണുങ്ങളെല്ലാം ആറു മണിയാകുമ്പോൾ തിരികെയെത്തും. ഏതാണ്ട് അതേ സമയത്തുതന്നെ കാലിമേയ്ക്കാൻ പോയവരും വീടണയും. തൽക്കാലം ഇവിടെയെവിടെയെങ്കിലും ഇരിക്കാം.” ഓയ്ത മുന്നിൽ നടന്നു.
കുറച്ചപ്പുറത്തു മാറി ആളനക്കം കേട്ടതും ഞങ്ങൾ അങ്ങോട്ടേക്കു പോയി. ഒരു വീടിന്റെ മുറ്റത്ത് പ്രായമായ ഒരു സ്ത്രീയെയും രണ്ടു ചെറുപ്പക്കാരികളെയും, അവരുടെ തൊട്ടടുത്തായി നിലത്ത് വെറും തറയിൽ സുഖമായി കിടന്നുറങ്ങുന്ന രണ്ടു കൈക്കുഞ്ഞുങ്ങളെയും കണ്ടു. സ്ത്രീകൾ മാറു മറച്ചിട്ടില്ല. മുലകൾ കാണിച്ചുള്ള അവരുടെ ഇരിപ്പ് എന്നെ അസ്വസ്ഥയാക്കി. എബിയും ഒായ്തയും അവരുടെ അടുത്ത് പോയി ഇരുന്നു. ഒരു സ്ത്രീ എനിക്കിരിക്കാൻ നിലത്ത് ആട്ടിൻതോൽ വിരിച്ചു. സ്ത്രീകൾ മൂന്നുപേരും എന്നെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. അവരുടെ നഗ്നത എന്നിലുണ്ടാക്കിയ അസ്വസ്ഥത മറച്ചുപിടിക്കാൻ ഞാൻ ഓയ്തയോട് സംസാരിച്ചുകൊണ്ടിരുന്നു.
“നിങ്ങളുടെ ബന്ധുക്കളാണോ ഇവർ?”
“അതെ. പണ്ട് ഞങ്ങൾ ഇവിടെയായിരുന്നു താമസിച്ചിരുന്നത്. ഞാൻ ഗൈഡായി ജോലിചെയ്യാൻ ആരംഭിച്ചപ്പോൾ എന്റെ കുടുംബം ടൗണിലേക്ക് താമസം മാറ്റി. ഈ ഇരിക്കുന്ന ഗിർമയെ മറ്റൊരു ഗ്രാമത്തിലേക്ക് വിവാഹം കഴിച്ചയച്ചതാണ്. അടുത്തയാഴ്ച അവളുടെ സഹോദരിയുടെ കല്യാണമാണ്. അതിൽ പങ്കെടുക്കാനാണ് അവൾ വന്നത്.”
രണ്ടു സ്ത്രീകളുടെയും കഴുത്തിൽ കിടക്കുന്ന മാല അപ്പോഴാണ് ശ്രദ്ധിച്ചത്. ഒരു വിരൽ വീതിയുള്ള രണ്ടു വെള്ളിവളയങ്ങൾ കഴുത്തിൽ ഒട്ടിക്കിടക്കുന്നു. ഗിർമയുടെ കഴുത്തിലും ഇത്തരമൊരു മാലയും അതുകൂടാതെ രണ്ടു വിരൽ വീതിയുള്ള തടിയും ലോഹവുംകൊണ്ടുണ്ടാക്കിയ മറ്റൊരു വളയവുമുണ്ട്. ഗിർമയുടെ കഴുത്തു കാണാൻ പറ്റുന്നില്ല. ഞാൻ നോക്കുന്നതു കണ്ട് ഗിർമ തന്റെ തടിയൻ തടിവളയം തടവി എന്നെ നോക്കി പുഞ്ചിരിച്ചു. അവൾ ഓയ്തയോട് എന്തോ പറഞ്ഞു.
“ഗിർമ തന്റെ പുരുഷന്റെ ആദ്യ ഭാര്യയാണെന്ന് പറയാൻ പറഞ്ഞു. അതുകൊണ്ടാണ് അവൾ കഴുത്തിൽ തടികൊണ്ടുള്ള വളയം അണിഞ്ഞിരിക്കുന്നത്. പുരുഷന്മാർക്ക് മൂന്നോ നാലോ ഭാര്യയെ സ്വീകരിക്കാം. സ്ത്രീധനം കൊടുക്കാൻ കന്നുണ്ടാകണം എന്നുമാത്രം.”
“എന്നുവച്ചാൽ?”
“പെണ്ണിന്റെ കുടുംബത്തിന് സ്ത്രീധനമായി കന്നുകാലികളെ കൊടുത്താൽ മാത്രമേ പെണ്ണിനെ കിട്ടൂ.”

ഹമർ ഗോത്രക്കാർക്കിടയിൽ നടക്കുന്ന ബുൾ ജംപിങ് ചടങ്ങിനിടെ സ്ത്രീകളെ തല്ലുന്നു
“ഗിർമയുടെ കുടുംബത്തിന് എത്ര കിട്ടി?”
“നാൽപത് ആടുകൾ.”
“രണ്ടാമത്തെ ഭാര്യയാകുമ്പോൾ സ്ത്രീധനം കുറയുമോ?”
“ഇല്ല. പെണ്ണിന്റെ കുടുംബമാണ് എത്ര സ്ത്രീധനം വേണമെന്നത് തീരുമാനിക്കുന്നത്. അതു കൊടുക്കാൻ തയാറായി പുരുഷൻ മുന്നോട്ടു വന്നാൽ അവർ കെട്ടിച്ചു കൊടുക്കും. വരന്റെ വയസ്സോ, ഭാര്യമാരുടെ എണ്ണമോ ഒന്നും പ്രശ്നമല്ല. പൊതുവെ സ്ത്രീകൾ പതിനേഴു പതിനെട്ടു വയസ്സാകുമ്പോൾ കല്യാണം കഴിക്കും. സ്ത്രീധനം തയാറാക്കണമെന്നുള്ളതിനാൽ ആണുങ്ങൾ വൈകിയാണ് കല്യാണം കഴിക്കുക.”
അതേസമയം, ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളിലൊരാൾ എഴുന്നേറ്റു. അമ്മയതിനെ മുലയൂട്ടുന്നതിനിടെ കുഞ്ഞ് പച്ചനിറത്തിലുള്ള ദ്രാവകംപോലുള്ള അപ്പിയിട്ടു. സ്ത്രീയുടെ തുടയിലൂടെ അത് ഒലിച്ചിറങ്ങി. അടുത്തു കിടന്ന ചുള്ളിക്കമ്പുകൊണ്ട് അപ്പി വടിച്ചുകളഞ്ഞശേഷം അവർ മുലയൂട്ടുന്നത് തുടർന്നു. അതേസമയം ഞങ്ങളുടെ മുന്നിലൂടെ രണ്ടു സ്ത്രീകൾ മഞ്ഞനിറത്തിലുള്ള വലിയ കന്നാസുകൾ പുറത്ത് കെട്ടിെവച്ച് നടന്നു പോകുന്നതു കണ്ടു.
“ഇവിടെയുള്ള ആളുകൾ വരാൻ ഇനിയും സമയമെടുക്കും. നമുക്ക്, വെള്ളമെടുക്കാൻ പോകുന്ന ഈ സ്ത്രീകളോടൊപ്പം പുഴക്കടവിലേക്കു പോകാം.” എബി പറഞ്ഞു. അവിടെപ്പോയി തണുത്ത കാറ്റുകൊള്ളാം എന്ന ചിന്തയിൽ ഞാൻ സമ്മതം മൂളി; ഓയ്ത വന്നില്ല. ഞങ്ങൾ രണ്ടാളും സ്ത്രീകളുടെ പിറകെ െവച്ചുപിടിച്ചു. മഴക്കാലത്ത് ഓമോ നദി കരകവിഞ്ഞൊഴുകുന്ന ഇടങ്ങളെല്ലാം പൂഴിമണ്ണുകൊണ്ട് നിറഞ്ഞിരിക്കുകയാണ്. അതുവഴി ഷൂ ഇട്ടു നടക്കുക അത്ര എളുപ്പമായിരുന്നില്ല. ഞങ്ങളും മുന്നേ നടക്കുന്ന സ്ത്രീകളുമായുള്ള അകലം കൂടിക്കൂടി വന്നു. ഇടക്കെപ്പോഴോ ആ സ്ത്രീകൾ അപ്രത്യക്ഷരായി. ഞങ്ങൾ അവിടെയെത്തിയപ്പോൾ, ഉണങ്ങി വരണ്ടുപോയ വീതിയുള്ള നദിയാണ് കണ്ടത്. നദീതടത്തിൽ മൂന്നു റിങ് ആഴത്തിൽ ഒരു കിണർ കുഴിച്ചിട്ടുണ്ട്.
നേരത്തേ കണ്ട സ്ത്രീകൾ അതിനകത്തിറങ്ങി കലബാഷ് ഉപയോഗിച്ച് മണ്ണും വെള്ളവും കലർന്ന മിശ്രിതം പുറത്തേക്ക് കോരിയിട്ടുകൊണ്ടിരുന്നു. കുറച്ചു നേരത്തെ അധ്വാനത്തിനു ശേഷം തവിട്ടുനിറത്തിൽ വെള്ളം കണ്ടുതുടങ്ങി. അവരത് ആർത്തിയോടെ കുടിച്ചു. അവരിലൊരാൾ കിണറ്റിനകത്തുനിന്നും പുറത്തേക്കു വന്നു. കിണറ്റിലുള്ള സ്ത്രീ കലബാഷിൽ വെള്ളം കോരി മുകളിലുള്ള സ്ത്രീക്ക് കൊടുത്തു. അവരത് മുപ്പതു ലിറ്ററോളം വരുന്ന വലിയ കന്നാസിൽ നിറച്ചു. കന്നാസ് നിറഞ്ഞതിനു ശേഷം അത് പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് ഉണ്ടാക്കിയ തുണിത്തൊട്ടിലുപോലെ തോന്നിക്കുന്ന ഒന്നിൽ ഇറക്കിെവച്ച് ചുമലിൽ തൂക്കി അവർ നടന്നകന്നു. അത് കണ്ടു നിന്ന എനിക്ക് ശ്വാസംമുട്ടി. ഒരു ഭാരവും ചുമക്കാതെ അര മണിക്കൂർ മണലിലൂടെ ആയാസപ്പെട്ടാണ് നടന്നത്. അപ്പോഴാണ് മുപ്പതു കിലോ ഭാരവുമായി ഈ സ്ത്രീകൾ നടക്കുന്നത്.
ഇതിനിടെ, അവരുടെ ചുമലിലുള്ള പാടുകൾ ഞാൻ ശ്രദ്ധിച്ചു. തോളിനോടു ചേർന്ന് വൃത്താകൃതിയിലുള്ള മുറിവുണങ്ങിയ പാടുകളും, നട്ടെല്ലിന്റെ കുറുകെ മറ്റെന്തോ വികൃതമായ പാടുകളും കണ്ടു.
“ഈ പാടുകൾ എന്തിന്റെയാണ്?” ഞാൻ എബിയോടു ചോദിച്ചു.

ലഹരി കൂട്ട് തയാറാക്കുന്ന ഗോത്ര വനിത,ഹമർ ഗോത്രക്കാരുടെ വീടുകളിലൊന്ന്
“തോളിൽ കണ്ട പാടുകൾ സൗന്ദര്യവർധനത്തിന്റെ ഭാഗമായി ചെയ്യുന്നതാണ്. മുള്ളുപയോഗിച്ച് തൊലി പൊക്കി വെട്ടിമാറ്റിയാണ് ആ പാടുകളുണ്ടാക്കുന്നത്. ആണും പെണ്ണും ഇത് ചെയ്യാറുണ്ട്.”
“വികൃതമായ ആ പാടുകളോ?”
“അത്... ഇവിടങ്ങളിൽ ഭാര്യമാരെ ചമ്മട്ടികൊണ്ടു പ്രഹരിക്കാൻ ഭർത്താക്കന്മാർക്ക് അധികാരമുണ്ട്. കൂടാതെ, ചില ആചാരങ്ങളുടെ ഭാഗമായും സ്ത്രീകൾ ചാട്ടയടിയേൽക്കാൻ സ്വയം തയാറാകാറുണ്ട്.”
“എന്ത്? അടികൊണ്ട് പുറംപൊളിയാൻ സ്ത്രീകൾ നിന്നുതരുമെന്നോ?”
“നിങ്ങൾ ക്ഷോഭിക്കരുത്. ഇങ്ങനെയുള്ള ചില കാര്യങ്ങൾ ഇവിടെയുണ്ട്. പുറം പൊളിഞ്ഞ സ്ത്രീകളെയാണ് പുരുഷന്മാർ കല്യാണം കഴിക്കാൻ താൽപര്യപ്പെടുക. ആ പാടുകൾ സ്ത്രീയുടെ ശാരീരികക്ഷമതയുടെയും, സഹിഷ്ണുതയുടെയും അടയാളമായിട്ടാണ് കണക്കാക്കപ്പെടുന്നത്.”
എനിക്ക് തല കറങ്ങുന്നതുപോലെ അനുഭവപ്പെട്ടു. ഗോത്രസമൂഹങ്ങളിൽ സ്ത്രീയുടെ അവസ്ഥ ദയനീയമാണെന്നത് പലയിടത്തും വായിച്ചതാണെങ്കിലും, മാറുമറയ്ക്കാതെ നടക്കുന്നതും, ചാട്ടയടി കൊള്ളുന്നതുമൊക്കെ എന്റെ ചിന്താശേഷിക്കു പുറത്തായിരുന്നു.

കുഴിയിൽനിന്ന് വെള്ളം ശേഖരിക്കുന്നവർ,ഹമർ ഗോത്രക്കാർ കഞ്ഞി കുടിക്കാനും വെള്ളം കോരാനുമെല്ലാം ഉപയോഗിക്കുന്ന കലബാഷം പിടിച്ച് ലേഖിക
ഞങ്ങൾ ഗ്രാമത്തിലേക്ക് തിരികെ നടക്കുന്നതിനിടെ കൂടുതൽ ആളുകളെ കണ്ടുതുടങ്ങി. ഞാൻ അവരെ കാണുന്നതിലുമധികം കൗതുകത്തോടെയായിരുന്നു അവർ എന്നെ നോക്കിയത്. വിദേശികൾ സാധാരണ ആ ഗ്രാമത്തിൽ പോകാറില്ല. ഗ്രാമത്തിൽ താമസിക്കണമെന്ന് ഞാൻ കടുംപിടിത്തം പിടിച്ചതുകൊണ്ടാണ് സുഹൃത്തായ ഓയ്ത ഇത്തരമൊരു യാത്ര ഏർപ്പാടാക്കിയത്. വിറകു പെറുക്കി പോകുന്ന സ്ത്രീകൾ, കന്നിനെ മേയ്ക്കാൻ പോയ കൊച്ചുകുട്ടികൾ, തേനെടുക്കാൻ പോയ മുതിർന്നവർ എന്നിങ്ങനെ പലരെയും വഴിയിൽ കണ്ടുമുട്ടി. ചില കുട്ടികൾ എന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ ഓരോ വികൃതികൾ കാണിച്ചു. തലകുത്തിമറിയുകയും പശുവിന്റെ വാലു പിടിച്ചു വലിക്കുകയും ആടിന്റെ കൊമ്പു പിടിച്ചു വലിക്കുകയുമൊക്കെ ചെയ്തു.
“കുട്ടികൾക്ക് ഇന്ന് സ്കൂളില്ലേ?” ഞാൻ എബിയോടു ചോദിച്ചു.
“ഇന്നെന്നല്ല, അവർക്കൊരിക്കലും സ്കൂളില്ല. മാതാപിതാക്കൾ കുട്ടികളെ പഠിക്കാൻ വിടില്ല. ആണായാലും പെണ്ണായാലും ഇതേ സ്ഥിതിയാണ്. ഏഴെട്ടു വയസ്സുമുതൽ ആൺകുട്ടികൾ കന്നിനെ മേയ്ക്കുകയും, പെൺകുട്ടികൾ വീട്ടുജോലിയിലേർപ്പെടുകയും ചെയ്യും.
“സർക്കാർ ഇതിനെതിരെ ഒന്നും ചെയ്യില്ലേ? നിർബന്ധിത വിദ്യാഭ്യാസം എന്നൊന്നില്ലേ?”
“ഗോത്രവർഗക്കാർക്കിടയിൽ അവരുടെ നിയമം മാത്രമേ നടക്കൂ. അല്ലാതെത്തന്നെ സർക്കാറിന് നൂറുകൂട്ടം പ്രശ്നങ്ങളുണ്ട്; ഇതിൽ അവർ ഇടപെടില്ല. ചില വിദേശ സംഘടനകൾ കുട്ടികളെ പഠിപ്പിക്കുവാനുള്ള ശ്രമങ്ങൾ നടത്തിയത് അമ്പേ പരാജയപ്പെട്ടു. ഓയ്തയുടെ വീട്ടുകാർ അവനെ ഒരു വിദേശിക്കൊപ്പം അഡിസിൽ വിട്ടു പഠിപ്പിച്ചു. അതിന്റെ മെച്ചം അവന്റെ ജീവിതത്തിലുണ്ടായി. പക്ഷേ, ബാക്കിയുള്ളവരുടെ ചിന്തകളെ സ്വാധീനിക്കാൻ അവനു സാധിച്ചില്ല. ഹമർ വർഗക്കാരെ സംബന്ധിച്ച് കന്നുകാലിയാണ് അവരുടെ അമൂല്യ നിധി. കന്നുകാലികളുടെ എണ്ണം കൂട്ടുക എന്നതിനപ്പുറമുള്ള ഒരു സ്വപ്നവും അവർക്കില്ല.”
ഗ്രാമത്തിലെത്തിയപ്പോൾ നിറയെ സ്ത്രീകളെ കണ്ടു. അവരെ പഠിക്കാൻ പോയ ഞാൻ അവസാനം അവരുടെ പഠനത്തിനു വിധേയയായി. ഇതിനിടെ ഗിർമ വന്നെന്റെ കൈപിടിച്ച് കുടിലിലേക്ക് കൊണ്ടുപോയി. ഇന്നു രാത്രി ഗിർമയുടെ വീട്ടിൽ തങ്ങാമെന്ന് ഓയ്ത പറഞ്ഞു. ഒരു കുടിലിനുള്ളിൽ പതിനഞ്ചോളം പേരാണ് ഉറങ്ങുന്നത്. അതുകൊണ്ട് വീട്ടുമുറ്റത്ത് ടെന്റടിക്കുന്നതാവും നന്നാവുക, എന്ന അഭിപ്രായം എബി പറഞ്ഞു. ഏതായാലും ഗിർമയുടെ കുടിലിൽ പോയി. അവിടെവച്ച് അവളുടെ സഹോദരിയും കല്യാണപ്പെണ്ണുമായ ആച്ചെയെ പരിചയപ്പെട്ടു. അവളെ കണ്ടപ്പോൾ എനിക്ക് കരച്ചിലാണ് വന്നത്. എന്റെ മകളുടെ പ്രായം മാത്രമുള്ള ഒരു കൊച്ചുപെണ്ണ് മുലയും കാണിച്ചു നിൽക്കുന്നത് എങ്ങനെ സഹിക്കാനാവും?
“എന്തിനാണ് കൊച്ചു പെൺകുട്ടികളെ ഇങ്ങനെ നഗ്നരാക്കി നിർത്തുന്നത്? എന്താണ് ഇതിനൊരു മാറ്റം കൊണ്ടുവരാൻ ആരും ശ്രമിക്കാത്തത്?
“ആചാരത്തിന്റെ ഭാഗമാണത്. ഞാൻ എന്തു ചെയ്യാനാണ്? പെൺകുട്ടികൾ ഗ്രാമത്തിൽ മാറു മറച്ചു നടന്നാൽ ചമ്മട്ടികൊണ്ടുള്ള പ്രഹരമേൽക്കും.”
“അപ്പോൾ ആൺകുട്ടികൾ ബനിയനിട്ടു നടക്കുന്നതോ? അവർക്ക് ആചാരമില്ലേ?”
“ഉടുപ്പിട്ടു നടക്കുന്നതാണ് ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ള ആചാരം.”
“സ്ത്രീകളുടേത് ആചാരമല്ല, ദുരാചാരമാണ്.” ഞാൻ ദേഷ്യത്തോടെ പിറുപിറുത്തു.
എന്നെ ഗിർമയുടെ വീട്ടിലാക്കി അവർ രണ്ടാളും ടെന്റ് വാടകക്കെടുക്കാൻ ടുർമിയിലേക്കു പോയി. ഭാഷ അറിയാത്ത ഒരുകൂട്ടം സ്ത്രീകൾക്കു നടുവിൽ ഞാൻ ഒറ്റയ്ക്കായി. ഗിർമ എന്നെ കുടിലിന്റെ ഉള്ളിലേക്കു ക്ഷണിച്ചു. ചെറിയ കവാടത്തിലൂടെ ഉള്ളിലെത്താൻ പാടുപെട്ടു. ഉള്ളിൽ കളിമണ്ണുകൊണ്ടുണ്ടാക്കിയ ഉറച്ച തറ. മൂലയിൽ കത്തുന്ന അടുപ്പിനരികെ വിരിച്ചുെവച്ച ആട്ടിൻതോലിൽ ഞാൻ ഇരുന്നു. അടുപ്പത്തുെവച്ച തിളക്കുന്ന വെള്ളത്തിലേക്ക് ഗിർമ കാപ്പിക്കുരുവിന്റെ തോട് വാരിയിട്ടു. ആച്ചെ അടുത്തുണ്ടായിരുന്ന അരകല്ലിൽ ധാന്യം പൊടിക്കാൻ തുടങ്ങി. മുട്ടുകുത്തിനിന്നാണ് അരകല്ലിലുള്ള അഭ്യാസം. കാപ്പി തിളച്ചപ്പോൾ കലബാഷിലൊഴിച്ച് എനിക്കു െവച്ചുനീട്ടി. കാപ്പിയുടെ യാതൊരു ഗുണവും മണവുമില്ലാത്ത, കഷായവെള്ളംപോലുള്ള ഒരു ദ്രാവകമായിരുന്നു അത്. കഷ്ടപ്പെട്ട് കാപ്പി കുടിച്ചതിനുശേഷം ഞാൻ പുറത്തേക്കിറങ്ങി.

ഹമർ ഗോത്രക്കാർക്കിടയിൽ നടക്കുന്ന ബുൾ ജംപിങ് ചടങ്ങിനിടെ പുറത്ത് അടിയേറ്റ സ്ത്രീകൾ,ഹമർ ഗോത്രവാസികൾ കുടിലിനു മുന്നിൽ
നേരം ഇരുട്ടി തുടങ്ങിയിട്ടും ടെന്റിനു പോയവരുടെ വിവരമൊന്നുമില്ല. ഗ്രാമത്തിൽ റേഞ്ച് ഇല്ലാത്തതുകൊണ്ട് ബന്ധപ്പെടാൻ വഴിയൊന്നുമില്ല. റേഞ്ച് പോയിട്ട് കറന്റുപോലുമില്ല. ശരിക്കും പ്രാകൃതമായ ജീവിതം നയിക്കുന്ന ഗോത്രവർഗം. വീടിനു വെളിയിൽ അടുപ്പു കൂട്ടിയിട്ടുണ്ട്. അവിടെ വലിയൊരു പാത്രത്തിൽ വെള്ളം തിളക്കുന്നുണ്ട്. എന്തിനായിരിക്കും? ഞാൻ സ്വയം ചോദിച്ചു. കുടിക്കാനല്ല, കുളിക്കാനാകാനും വഴിയില്ല. കാരണം, മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമേ ഇവർ കുളിക്കാറുള്ളൂ. കുളിക്കാനായി, വെള്ളം കോരിയ കിണറുപോലുള്ള മറ്റൊരു കിണറുണ്ടെന്നാണ് എബി പറഞ്ഞത്. ആച്ചെ, നേരത്തേ പൊടിച്ചുകൊണ്ടിരുന്ന പൊടി നിറച്ച പരന്ന പാത്രവുമായി പുറത്തേക്കു വന്നു. കൂടെ വന്ന സ്ത്രീകളിലൊരാൾ ആച്ചെയുടെ കൈയിൽനിന്നു പാത്രം വാങ്ങിച്ചശേഷം അതിൽ വെള്ളം ചേർത്തു കുഴക്കുവാൻ തുടങ്ങി. കുഴച്ചു കഴിഞ്ഞപ്പോൾ എല്ലാവരും ചേർന്ന് അത് വലിയ ഉരുളകളാക്കി വെള്ളത്തിലേക്കു തട്ടി. രാവിലെ കുടിച്ച ബോർഡേയ് മദ്യമായിരിക്കും അവർ ഉണ്ടാക്കുന്നതെന്ന് മനസ്സു പറഞ്ഞു.
ഞാൻ അവിടെയുണ്ടായിരുന്ന തടിക്കഷണത്തിന്റെ പുറത്ത് കയറിയിരിപ്പായി. ചുറ്റും കൂരാകൂരിരുട്ട്, അടുപ്പിൽ പുകയുന്ന തീയുടെ വെളിച്ചവും ആകാശത്തുദിച്ച ചന്ദ്രനുമില്ലായിരുന്നെങ്കിൽ തികച്ചും അന്ധകാരമായി പോയേനെ. ഓരോന്നാലോചിച്ചിരുന്നപ്പോൾ ഏഴെട്ടു പേരടങ്ങുന്ന കുട്ടിപ്പട്ടാളം എന്നെ പൊതിഞ്ഞു. അവരുടെ നേതാവെന്നു തോന്നിക്കുന്ന എട്ടു വയസ്സുകാരനായ ഒരു പീക്കിരിപ്പയ്യൻ അവരുടെ ഭാഷയിൽ എന്നോട് എന്തൊക്കെയോ ചോദിച്ചു. എനിക്ക് ഒന്നിനും ഉത്തരമില്ലെന്നു കണ്ടപ്പോൾ മൊബൈലിനു നേരെ വിരൽ ചൂണ്ടി, അതിലുള്ള ഫോട്ടോസ് കാണിക്കാൻ ആംഗ്യത്തിലൂടെ പറഞ്ഞു. ഞാൻ ഫോട്ടോ കാണിക്കാൻ ആരംഭിച്ചതോടെ കുട്ടികൾ ആർത്തുവിളിക്കാനും ബഹളം വെക്കാനും തുടങ്ങി. മൊബൈൽ എല്ലാവരും ചേർന്ന് വലിക്കാൻ തുടങ്ങിയപ്പോൾ ഞാൻ പെട്ടെന്ന് അതെടുത്ത് ബാഗിലേക്കു വെച്ചു.

ഹമർ സ്ത്രീകൾ
ഇതിനിടെ സമയം നോക്കാൻ സ്മാർട്ട് വാച്ചിലെ ബട്ടൺ ഞെക്കിയപ്പോൾ വെളിച്ചം വന്നത് കണ്ട കുട്ടികളുടെ ശ്രദ്ധ അതിലേക്കായി. കുറേ നേരം അവരത് ഓൺ ചെയ്തു കളിച്ചപ്പോൾ ഞാൻ കൈ സ്വെറ്ററിനുള്ളിൽ ഒളിപ്പിച്ചു. കുട്ടികൾ വിടാനുള്ള ഉദ്ദേശ്യമില്ല. അവർ ഓരോ സാധനങ്ങൾ കാണിച്ച് അതിന്റെ പേര് അവരുടെ ഭാഷയിൽ പറയും; ഞാനത് ഏറ്റുപറയണം. തേസി (ചന്ദ്രൻ), അർഫി (സൂര്യൻ), ഉഷ (പട്ടി) തുടങ്ങിയ വാക്കുകൾ എന്നെ പഠിപ്പിച്ചു. അപ്പോഴേക്കും എബി തിരിച്ചെത്തി. ഫോണിൽ പാട്ടുെവച്ചതോടെ കുട്ടികൾ എന്നെ ഉപേക്ഷിച്ച് പാട്ടിനൊത്ത് തുള്ളാനാരംഭിച്ചു. പിള്ളേരുടെ ശ്രദ്ധതിരിഞ്ഞപ്പോൾ എബി എന്റെ ടെന്റ് തയാറാക്കി. ഞാൻ കുറ്റിക്കാട്ടിൽ പോയി മൂത്രമൊഴിച്ചു വന്ന് ടെന്റിൽ കയറിക്കിടന്നു. പുറത്തു പാട്ടും ഡാൻസും പൊടിപൊടിക്കുന്നുണ്ട്. ക്ഷീണം കാരണം ഞാൻ പെട്ടെന്നുറങ്ങിപ്പോയി.
രാവിലെ ആറു മണിക്ക് കോഴി കൂവുന്നതു കേട്ടാണ് എഴുന്നേറ്റത്. ഞാൻ ടെന്റിൽനിന്നു പുറത്തിറങ്ങി. എബിയും ഓയ്തയും മുറ്റത്ത് ഒരു പായപോലും വിരിക്കാതെ വെറും നിലത്ത് കിടന്നുറങ്ങുന്നു. കുടിലിനുള്ളിൽനിന്ന് അനക്കമൊന്നും കേൾക്കുന്നില്ല, എല്ലാവരും നല്ല ഉറക്കമാണ്. ഞാൻ പ്രഭാതകൃത്യങ്ങൾ ചെയ്ത് തിരിച്ചെത്തി. മുറ്റത്തുള്ള തടിക്കഷണത്തിലിരുന്ന് ആച്ചെ, നിലത്തിരിക്കുന്ന ഗിർമയുടെ മുടി ശരിയാക്കുന്നു. സ്പ്രിങ്ങുപോലെ തൂങ്ങിക്കിടന്ന മുടിക്കെട്ടുകളിൽ വെണ്ണ തേച്ച് നന്നായി പിരിച്ചു. ശേഷം കാവിമണ്ണ് വിതറി വീണ്ടും പിരിച്ചു. സ്പ്രിങ്ങിനെല്ലാം ഒരേ നീളം വരുത്താനായി ഒരു ചെറിയ കല്ലെടുത്ത് മുടിയോടു ചേർത്തു പിടിച്ച് കത്തികൊണ്ട് മുടി വെട്ടി. ഹമർ സ്ത്രീകളുടെ മുടിയുടെ സ്റ്റൈലിനെ ഗോശ്ച എന്നാണ് പറയുക. കല്യാണം കഴിച്ച സ്ത്രീകൾക്ക് മാത്രമേ ഇങ്ങനെ മുടി അലങ്കരിക്കാനാവൂ. എബി എന്റെയരികിൽ വന്നു.
“ഇന്നലെ രാത്രി ഓയ്തക്ക് വയറുവേദന വന്നു. പാതിരാത്രിയിൽ ടൗണിൽ പോയെങ്കിലും ഡോക്ടറില്ലായിരുന്നു. രാവിലെ എനിക്ക് അവനെ ആശുപത്രിവരെ കൊണ്ടുപോകണം. ഗിർമയും ആച്ചെയും നിങ്ങളുടെ കാര്യങ്ങൾ നോക്കും. ആച്ചെയുടെ ചെക്കൻവീട്ടുകാർ വൈകിട്ട് വരും. രാവിലെ ആടിനെ അറുക്കുന്നുണ്ട്. നിങ്ങൾ അതെല്ലാം കണ്ടുനിൽക്കുമ്പോഴേക്കും ഞാൻ തിരികെ വരാം.” ഭാഷ അറിയാത്തതിന്റെ പ്രശ്നമൊഴിച്ചാൽ എനിക്ക് വേറെ ബുദ്ധിമുട്ടൊന്നുമില്ല. ഞാൻ അവിടെ നിന്നോളാമെന്നേറ്റു.
ഒമ്പതു മണിയായപ്പോൾ എല്ലാവരും സജീവമായി. കുട്ടികൾ കന്നുകളെയും തെളിച്ചു പൊയ്ക്കഴിഞ്ഞിരുന്നു. മൂന്നാലാണുങ്ങൾ ഒരു ആടിനെയുംകൊണ്ട് അങ്ങോട്ടു വന്നു. ഒരാളുടെ കൈയിൽ മെലിഞ്ഞു നീണ്ട കത്തിയുണ്ട്. അവർ കുടിലിന്റെ പിറകുവശത്തേക്കു പോയപ്പോൾ ആച്ചെ ഒരു കലബാഷും എടുത്ത് അവരുടെ പിന്നാലെ നടന്നു. ആടിനെ കൊല്ലുന്നത് കാണാനുള്ള ധൈര്യമില്ലാത്തതുകൊണ്ട് ഞാൻ അങ്ങോട്ടേക്കു പോയില്ല. ആടിന്റെ നിലവിളി നിമിഷങ്ങൾക്കകം പരിപൂർണ നിശ്ശബ്ദതയിലേക്ക് വഴിമാറി. കുറച്ചുകഴിഞ്ഞ് ആച്ചെ തിരികെവന്ന് കലബാഷ് എന്റെ കൈയിൽ വെച്ചുതന്നു; അതിൽ ചൂടുരക്തമായിരുന്നു. ഞാൻ അറിയാതെ ഒരടി പുറകോട്ടു മാറി. അവൾ അതു കുടിക്കാൻ എന്നെ നിർബന്ധിച്ചെങ്കിലും ഞാൻ നിരസിച്ചു. ധൈര്യം സംഭരിച്ച് പുറകുവശത്തു പോയി നോക്കിയപ്പോൾ, കശാപ്പുകാരൻ ആടിന്റെ വയറു കീറുന്നതാണ് കണ്ടത്. ഒരു സ്ത്രീ പത്തു വയസ്സുകാരിയായ മകളുമായി അവിടെയെത്തി.
ആടിന്റെ വയറു മുറിച്ച് അയാൾ കുട്ടിയുടെ അമ്മയ്ക്കു കൊടുത്തു. അമ്മ തന്റെ മകളുടെ തല ആടിന്റെ വയറിനുള്ളിൽ കടത്തി കുറച്ചു നേരം അങ്ങനെ പിടിച്ചുനിന്നു. ആ കുട്ടിയുടെ തലവേദന മാറാനാണ് ഇപ്രകാരം ആടിന്റെ ആമാശയത്തിനകത്തെ മണം ശ്വസിച്ചതെന്ന് പിന്നീടറിഞ്ഞു! കശാപ്പുകാരൻ ആടിന്റെ ഹൃദയം, കരൾ, വൃക്ക തുടങ്ങിയവയെല്ലാം മുറിച്ചു കഷ്ണങ്ങളാക്കി ഒരു ഇലയിൽ വെച്ചു. ആണുങ്ങൾ അതുമെടുത്ത് വട്ടത്തിലിരുന്ന് പച്ചക്ക് ഭക്ഷിക്കാൻ തുടങ്ങി. ഒപ്പം ആച്ചെ എനിക്ക് െവച്ചുനീട്ടിയ രക്തവും അവർ മാറി മാറി കുടിച്ചു. എല്ലിനോടു ചേർന്ന ഭാഗം വെട്ടി അവിടെയുണ്ടായിരുന്ന അടുപ്പിന്റെ മുകളിൽ ചുടാനും ബാക്കിഭാഗങ്ങളെല്ലാം കൊത്തിയരിഞ്ഞു വലിയ പാത്രത്തിലാക്കി തിളപ്പിക്കാനും വെച്ചു. ആണുങ്ങൾ കുടിച്ചശേഷം മിച്ചം വന്ന ആട്ടിൻ രക്തവും, മൈദ വെള്ളത്തിൽ കുഴച്ചു ചെറിയ ഉരുളയാക്കിയതും അതിൽ ചേർത്തു. അപ്പോഴേക്കും എബി തിരികെയെത്തി. അവിടെ കണ്ട കാഴ്ചകൾ മനംപിരട്ടലുണ്ടാക്കിയതിനാൽ, എത്രയും വേഗം അവിടന്ന് തിരിക്കാമെന്നു തീരുമാനിച്ചു. പോകുന്നതിനുമുമ്പ് കുറച്ചു പൈസയും, എന്റെ രണ്ടു കമ്മലും ആച്ചെക്ക് വിവാഹസമ്മാനമായി നൽകി.

വെള്ളം ശേഖരിക്കാൻ പോകുന്ന ഹമർ ഗോത്ര സ്ത്രീ,ഗോത്ര സ്ത്രീകൾ മാർക്കറ്റിൽ വെച്ച് കണ്ടുമുട്ടിയപ്പോൾ
ടുർമിയിലെ ഒരു ഭക്ഷണശാലയിൽ പോയി കുറേനേരം വെറുതെ ഇരുന്നു. കഴിക്കാനൊന്നും തോന്നിയില്ല. എബി നിർബന്ധിച്ചപ്പോൾ ഒരു ബൺ വാങ്ങി കഴിച്ചു. അന്ന് ഉച്ചക്ക് അടുത്തുള്ള ഗ്രാമത്തിൽ ഹമർ ഗോത്രക്കാരുടെ ബുൾ ജംപിങ് ചടങ്ങ് നടക്കുന്നുണ്ടെന്നറിഞ്ഞു. ലോകത്തിലെ തന്നെ വിചിത്രമായ ചടങ്ങുകളിലൊന്നാണിത്. കല്യാണപ്രായമായെന്ന് തെളിയിക്കാൻ ഹമർ ഗോത്രത്തിലെ ആൺകുട്ടികൾ, നിരത്തി നിർത്തിയിരിക്കുന്ന പശുക്കളുടെയും കാളകളുടെയും മുകളിലൂടെ നാലു തവണ നഗ്നരായി ഓടണം. ഓട്ടം പിഴച്ചാൽ കല്യാണം കഴിക്കാൻ സാധിക്കില്ലെന്നു മാത്രമല്ല വലിയ നാണക്കേടുമാണ്. ആൺകുട്ടികൾക്ക് നാട്ടുകാർക്കു മുന്നിൽ തന്റെ ആണത്തം തെളിയിക്കാൻ വീട്ടുകാർക്ക് ധാരാളം പണം ചെലവാകും. ചടങ്ങിനായി ദൂരെയുള്ള ബന്ധുക്കൾ കിലോമീറ്ററുകൾ നടന്ന് ദിവസങ്ങൾക്കു മുമ്പ് വന്നുചേരും. അവർക്കെല്ലാം ഭക്ഷണവും മദ്യവും നൽകേണ്ടത് ചെക്കന്റെ വീട്ടുകാരുടെ ഉത്തരവാദിത്തമാണ്. കുറച്ചധികം പൈസ സ്വരൂപിച്ചശേഷം മാത്രമേ ചടങ്ങു നടത്താൻ സാധിക്കൂ. വല്ലപ്പോഴും നടക്കുന്ന ചടങ്ങായതുകൊണ്ട് ബുൾ ജംപിങ് കാണാൻ അവസരം ലഭിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല.
വയ്യായ്ക മാറാത്തതുകൊണ്ട് ഓയ്തക്ക് ഞങ്ങളുടെ കൂടെ വരാൻ സാധിച്ചില്ല. അവസാനം, അങ്ങോട്ടേക്കുള്ള വഴിയറിയാവുന്ന ഒരു പയ്യനെ ഓയ്ത ഏർപ്പാടാക്കി; പത്തു പന്ത്രണ്ടു വയസ്സുള്ള ഒരു ചെക്കൻ. ഞങ്ങൾ മൂവരും ബൈക്കിൽ യാത്ര തുടങ്ങി. അതിവിജനമായ പ്രദേശങ്ങളിലൂടെയായിരുന്നു സഞ്ചാരം. എനിക്കൽപം പേടി തോന്നി. പോകുന്തോറും വഴി കൂടുതൽ മോശമായി. പലയിടങ്ങളിലും എനിക്കിറങ്ങി നടക്കേണ്ടിവന്നു. ചെക്കന് തിരിച്ചുപോകാനുള്ള വഴിയറിയാമോ എന്ന ആശങ്ക തോന്നി. ഫോണിലാണേൽ റെയ്ഞ്ചുമില്ല. രണ്ടു മൂന്നുവട്ടം വഴിതെറ്റി. അൽപം ചുറ്റിയശേഷം ഞങ്ങൾ ചടങ്ങു നടക്കുന്ന സ്ഥലത്തെത്തി. ഗ്രാമത്തിലല്ല, വരണ്ട നദിയുടെ കരയിലാണ് ചടങ്ങു നടക്കുക.
ബൈക്ക് പാർക്ക് ചെയ്ത് ഒരു കിലോമീറ്ററോളം നടക്കണം. ദൂരെ പാട്ടും ബഹളവും കേൾക്കാം. ഞങ്ങൾ പൂഴിമണ്ണിലൂടെ നടന്ന് അവിടെയെത്തി. നൂറോളം ഹമർ സ്ത്രീകളും പുരുഷന്മാരും അവിടെയുണ്ട്. സ്ത്രീകളുടെ കൈയിൽ ലോഹത്തിന്റെ പീപ്പി കണ്ടു. കാലിലും അരയിലും കിലുക്ക് തൂക്കിയിട്ടുണ്ട്. അവർ നടക്കുമ്പോൾ ആന ചങ്ങലയുമായി നടക്കുന്നതുപോലുള്ള ശബ്ദമുണ്ടാകുന്നു. കുറച്ചു സ്ത്രീകൾ വട്ടത്തിൽനിന്ന് പാട്ടു പാടി നടക്കാൻ തുടങ്ങി. രണ്ടുവരി പാടിക്കഴിയുമ്പോൾ നടത്തം നിർത്തി രണ്ടു ചാട്ടം ചാടി പീപ്പിയൂതും. ഒരു മണിക്കൂറോളം ഈ ചാട്ടവും പീപ്പിയൂത്തും തുടർന്നു. ഇടക്ക് എബി വഴി ഞാൻ കഥാനായകനായ ചൂനയെ പരിചയപ്പെടുകയും സംസാരിക്കുകയുംചെയ്തു. നല്ല ഉയരമുള്ള മെലിഞ്ഞ ശരീരം. ലുങ്കിപോലത്തെ ഒന്നാണ് അവന്റെ വേഷം.
“കാളകളുടെ മുകളിലൂടെ താഴെ വീഴാതെ ഓടാൻ പറ്റുമെന്ന് നിനക്ക് ഉറപ്പാണോ?”
“തീർച്ചയായും. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാനും കൂട്ടുകാരും അതിന്റെ തയാറെടുപ്പുകളിലായിരുന്നു. എന്നും കാളയുടെ പുറത്തു ചാടി പരിശീലിക്കും.”
“ഇത്രയും പേരുടെ മുന്നിൽ ഇതു ചെയ്യുമ്പോൾ പേടി തോന്നില്ലേ.”
“ഇതെല്ലാം എന്റെ ബന്ധുക്കളാണ്. അവരെല്ലാം എനിക്കു വേണ്ടി പ്രാർഥിക്കും. ഈ കൂട്ടത്തിലെ ഒരു പെൺകുട്ടിയാവും എന്റെ ഭാവി വധു. അതുകൊണ്ട് ഞാൻ ധൈര്യം കാണിച്ചല്ലേ പറ്റൂ.”
ഒരു സ്ത്രീ വലിയ വായിൽ എന്തോ വിളിച്ചുപറഞ്ഞതും സ്ത്രീകൾ ഡാൻസ് നിർത്തി അവരുടെ പിറകെ ഓടി. ഞാനും അവർക്കൊപ്പം ഓടി. ഒരു പയ്യൻ, നീളമുള്ള നേർത്ത വടിയുടെ കെട്ടുമായി വരുന്നു. സ്ത്രീകൾ വടി കിട്ടാനായി അടിപിടികൂടി. വടി കിട്ടിയ സ്ത്രീകൾ പുരുഷന്മാരുടെ പിന്നാലെ ഓടിത്തുടങ്ങി. സ്ത്രീകൾ വരുന്നത് കണ്ട പുരുഷന്മാർ അവരിൽനിന്നു രക്ഷപ്പെടാൻ ഓടിയൊളിച്ചു. ഞാൻ ആൾക്കൂട്ടത്തിൽനിന്ന് എബിയെ കണ്ടുപിടിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

കാലികളെ മേച്ച് കുടിലുകളിലേക്ക് മടങ്ങുന്നവർ,കാവി മണ്ണും നെയ്യും പുരട്ടി കുഞ്ഞിന്റെ മുടി സ്പ്രിങ് പോലെയാക്കുന്നു
“ബുൾ ജംപിങ് ചടങ്ങ് വിജയകരമായി പൂർത്തീകരിച്ച പുരുഷന്മാരെ മാസ എന്നാണ് വിളിക്കുക. കല്യാണം കഴിയുന്നതുവരെ അവർ മാസകളാണ്. മാസകളുടെ കൈയിൽനിന്ന് ചാട്ടയടി കിട്ടുന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ കാര്യമാണ്. അടി വാങ്ങുമ്പോൾ ഒഴുകുന്ന രക്തമാണ് ചെറുക്കനും, അവന്റെ വീട്ടുകാർക്കുമുള്ള സ്ത്രീകളുടെ സമ്മാനം. ചോരയൊഴുക്കിയ സ്ത്രീജനങ്ങളോട് ചെറുക്കനും വീട്ടുകാരും എന്നും കടപ്പെട്ടിരിക്കും. അടിക്കാനായി പ്രേരിപ്പിക്കാനാണ് സ്ത്രീകൾ മാസയുടെ പിറകെ ഓടുന്നത്.”
എന്തൊക്കെ ഭ്രാന്തൻ പരിപാടികളാണ് ഓരോ നാട്ടിലും അരങ്ങേറുന്നത്. സ്ത്രീകളുടെ നിർബന്ധത്തിനു വഴങ്ങി മാസകൾ അടി ആരംഭിച്ചു. വടിയുടെ അറ്റം അവരുടെ പുറത്തു വന്നു പതിഞ്ഞപ്പോൾ മുറിവുണ്ടായി. രണ്ടുമൂന്ന് അടി കഴിഞ്ഞപ്പോഴേക്കും രക്തം പൊടിഞ്ഞുതുടങ്ങി. വല്ലാത്തൊരു കാഴ്ചയായിരുന്നു അത്. അടി കിട്ടുമ്പോൾ സ്ത്രീകൾ പുളയുകപോലും ചെയ്യുന്നില്ലായിരുന്നു. തൊട്ടു മുന്നെ നടത്തിയ പാട്ടും ഡാൻസും അവരെ ഒരു ട്രാൻസ് സ്റ്റേറ്റിൽ എത്തിച്ചിട്ടുണ്ടാകണം. അതുമല്ലെങ്കിൽ ആവശ്യത്തിലധികം മദ്യം അകത്താക്കിയിട്ടുണ്ടാകണം. അല്ലെങ്കിലെങ്ങനെയാണ് പുറം പൊളിഞ്ഞു ചോര വരുമ്പോൾ ഒന്നും സംഭവിക്കാത്തതുപോലെ നിൽക്കാൻ സാധിക്കുക? അടി വാങ്ങിക്കുന്ന കൂട്ടത്തിൽ ഒരു ചെറിയ പെൺകുട്ടിയുമുണ്ടായിരുന്നു. എബിയുടെ സഹായത്തോടെ ഞാൻ അവളോടു സംസാരിച്ചു.
“നിനക്ക് അടി കൊള്ളുമ്പോൾ വേദനിക്കില്ലേ?”
“ഇല്ല.”
“നീ കള്ളമാണ് പറയുന്നത്. നിന്റെ കണ്ണിൽ വെള്ളം നിറയുന്നുണ്ടല്ലോ.” അൽപം ചമ്മലോടെ അവൾ പറഞ്ഞു.
“ചെറിയ വേദനയുണ്ട്. ആദ്യമായിട്ടാണ് ഞാൻ ചടങ്ങിൽ പങ്കെടുക്കുന്നത്.”
“നിന്റെ വീട്ടുകാർ നിർബന്ധിച്ചതുകൊണ്ടാണോ നീ ഇതിനു തയാറായത്?”
“അല്ല. ഞാൻ സ്വമേധയാ മുന്നോട്ടുവന്നതാണ്.”
“എന്തിന്?”
“അടിയേൽക്കുന്നതോടെ എന്റെ സഹോദരനോടും വീട്ടുകാരോടുമുള്ള സ്നേഹമാണ് ഞാൻ പ്രകടിപ്പിക്കുന്നത്. മാത്രമല്ല, ഞാൻ വലുതായ കാര്യം മറ്റുള്ളവരെ അറിയിക്കാൻ ഇതേ മാർഗമുള്ളൂ. ആണുങ്ങൾ ശ്രദ്ധിക്കണമെങ്കിൽ എന്റെ പുറത്ത് അടിയുടെ പാടുകൾ കാണണം.” ഇത്രയും പറഞ്ഞ് അവൾ ബാക്കി അടി വാങ്ങിക്കാൻ ഓടി. കണ്മുന്നിൽ അരങ്ങേറിയ പൈശാചികമായ ചടങ്ങുകൾ ഞാൻ നിസ്സംഗഭാവത്തോടെ നോക്കിനിന്നു. ഈ കാഴ്ചകളെല്ലാം കണ്ട രണ്ടു വിദേശ വനിതകൾ മാറിനിന്ന് ഏങ്ങിക്കരയുന്നുണ്ടായിരുന്നു. ദുർബല ചിത്തർക്ക് സന്ദർശിക്കാൻ പറ്റിയ ഇടമല്ല ആഫ്രിക്ക. പ്രത്യേകിച്ച് ഗോത്രഗ്രാമങ്ങൾ!

ഹമർ ഗോത്ര സ്ത്രീകൾ മാർക്കറ്റിൽ വെച്ച് കണ്ടുമുട്ടിയപ്പോൾ
അടിമാല കഴിഞ്ഞപ്പോൾ ആളുകളെല്ലാം കുറ്റിക്കാടുകൾക്കിടയിലൂടെ നടന്നുനീങ്ങി അവസാനമൊരു മൈതാനത്തിൽ എത്തിച്ചേർന്നു. അവിടെ കുറേ പശുക്കളെയും കാളകളെയും നിർത്തിയിട്ടുണ്ട്. ആളുകളെ കണ്ട് ഭയന്ന് അവ ചിതറിയോടാതിരിക്കാൻ പുരുഷന്മാർ വളഞ്ഞുനിൽക്കുന്നു. പൂർവാശ്രമത്തിലെ പാപങ്ങൾ കഴുകിക്കളയുന്നതിനായി ചൂനയുടെ ദേഹത്തു മുഴുവൻ മണ്ണു പുരട്ടി. അവൻ ഉടുത്തിരുന്ന ലുങ്കി മാറ്റി, ആട്ടിൻതോലുകൊണ്ടുള്ള ഒരു നേർത്ത പൂണൂലുപോലുള്ള ബെൽറ്റ് മാത്രം ധരിപ്പിച്ചു. ആണുങ്ങൾ അവനു ചുറ്റുംനിന്ന് എന്തൊക്കെയോ പൂജകൾ ചെയ്തു. അപ്പോഴേക്കും കാളകളെയും പശുക്കളെയും നിരത്തിനിർത്തിക്കഴിഞ്ഞിരുന്നു. പശുവിന്റെ വാലിലും കൊമ്പിലും ഓരോരുത്തർ പിടിച്ചിട്ടുണ്ട്. പൂജ കഴിഞ്ഞതും, ചൂന അതിന്റെ പുറത്തേക്കു ചാടാൻ തയാറായി നിന്നു.
സ്ത്രീകൾ വട്ടത്തിൽ ഓടുകയും പാട്ടു പാടുകയും പീപ്പി ഊതുകയും ചാടുകയും ചെയ്യുന്നുണ്ട്. പശുക്കളിൽനിന്ന് നൂറു മീറ്റർ അകലെ മാറിനിന്നിരുന്ന ചൂന പെട്ടെന്ന് ഓടിവന്ന് ആദ്യത്തെ പശുവിന്റെ മുതുകിൽ ചാടിക്കയറി. കയറിയ അതേ വേഗത്തിൽ, പശുക്കളുടെ മുതുകിലൂടെ ഓടി അപ്പുറത്തെത്തി. എന്താണ് സംഭവിക്കുന്നതെന്ന് പശുക്കൾക്ക് മനസ്സിലാകുന്നതിനു മുമ്പ് അവൻ തിരികെ അടുത്ത റൗണ്ടും ഓടി. ആളുകൾ ആവേശത്തോടെ ആർപ്പുവിളിച്ചു. അവൻ അതൊന്നും ശ്രദ്ധിക്കാതെ മൂന്നാമതും നാലാമതും ഓടി ചടങ്ങു തീർത്തു. അഭിനന്ദിക്കാൻ ഓടിയെത്തിയ ആളുകൾ തന്നെ എടുത്തുയർത്തിയപ്പോൾ അവൻ വെളുക്കെച്ചിരിച്ചു. ആ പരീക്ഷണത്തെ അതിജീവിച്ചു എന്നതിലുപരി സമൂഹത്തിൽ തനിക്ക് സ്വീകാര്യത ലഭിച്ചുവെന്നതാകാം അവന്റെ തുറന്ന ചിരിയുടെ കാരണം. സന്ധ്യയുടെ ചെഞ്ചുവപ്പിനെ വെല്ലുന്ന ചോരപ്പാടുകളുമായി സ്ത്രീകൾ അപ്പോഴും അവനു ചുറ്റും നൃത്തം ചെയ്തുകൊണ്ടിരുന്നു. കഠിനവ്യഥകൾ സഹിച്ചുകൊണ്ടുള്ള ആ നൃത്തം ലോകാവസാനംവരെ തുടരുമെന്നു തോന്നി!