ഇസ്ഫഹാനിലെയും എര്ദാബിലെയും പകലിരവുകൾ

ഇറാനിലെ
നഖ്ശെ ജഹാൻ
മനോഹരമായ നാടാണ് ഇറാൻ. ചരിത്രവും ഇതിഹാസവും മിത്തുമെല്ലാം കൂടിക്കലർന്ന രാജ്യം. ബാഹ്യലോകത്തിലെ പ്രതിച്ഛായയല്ല അവിടെ സഞ്ചരിക്കുന്ന മാധ്യമപ്രവർത്തകൻ കാണുന്നത്. കാഴ്ചകളിലെ സൗന്ദര്യം എഴുത്തിൽ നിറയുന്നു.
ഇസ്ഫഹാനില്‍ സന്ധ്യ മയങ്ങുകയാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള തടിയന് ചിനാര്‍ മരങ്ങളും സൈപ്രസുകളും തീര്‍ക്കുന്ന കമാനങ്ങള്ക്കിടയിലൂടെയാണ് സായന്തരൂദ് നദിക്കരയിലേക്കുള്ള വഴിതിരിയുന്നത്. നവംബറിന്റെ അവസാനമായതുകൊണ്ട് ചിനാര്‍ വൃക്ഷങ്ങളുടെ ഇലകള്‍ രക്തവര്‍ണം പൂണ്ടു തുടങ്ങിയിരുന്നു. നദി എന്നുപറയാന്‍ മാത്രമൊന്നും കാജു പാലത്തിനടിയില്‍ വെള്ളമുണ്ടായിരുന്നില്ല. അതിന്റെ മണപ്പരപ്പിലിറങ്ങിയിരുന്ന് ആളുകള്‍ സൊറ പറയുന്നതു കാണാം. 375 വര്‍ഷങ്ങള്‍ക്ക് മുമ്പേ ഷാ അബ്ബാസിന്റെ ഭരണകാലത്ത് പണികഴിപ്പിക്കപ്പെട്ടതാണ് ഈ പാലം. ഉപയോഗംകൊണ്ട് അതൊരു ഡാം കൂടിയായിരുന്നു.
പ്രസാദാത്മകമായ ഓറഞ്ച് വെളിച്ചത്തില്‍ കുളിപ്പിച്ചുനിര്‍ത്തിയ ഈ പാലത്തിലേക്ക് കമാല്‍ ഇസ്മാഈലീ തെരുവില്‍നിന്ന് താഴേക്ക് പടവുകളിറങ്ങണം. ചരിത്ര സ്മാരകം കാണാന്‍ പോകുന്നവന്റെ ആകാംക്ഷയായിരുന്നില്ല എന്റേത്. ഇസ്ഫഹാനിലെ ക്ഷുഭിത ജീവിതങ്ങള്‍ എല്ലാ സായന്തനങ്ങളിലും ഒത്തുചേരുന്നത് കാജു പാലത്തിന്റെ തൂണുകള്‍ക്കിടയിലുള്ള അറകളിലാണ്. ഭരണകൂടം ഓരോ പൗരനെയും കണ്ണും കാതും തുറന്ന് നിരീക്ഷിക്കുന്ന ഇറാനില്‍ അത്യപൂര്‍വമായി അനുവദിക്കപ്പെടുന്ന സ്വാതന്ത്ര്യത്തിന്റെ ആ തുരുത്ത് കേവലമായ കാഴ്ച എന്നതിലേറെ ഒരു അനുഭവമായിരുന്നു.
ശൈഖ് ലുത്ഫുല്ലാ മസ്ജിദിന്റെ മുൻഭാഗം
കാജുവിന്റെ അടുത്തേക്ക് എത്തുംതോറും ദഫ്മുട്ടിന്റെയും ആര്‍പ്പുവിളികളുടെയും ശബ്ദം കൂടിവരുന്നുണ്ട്. ‘അണ്ടര്‍ ദ മൂണ്‍ ലൈറ്റ്’ എന്ന ഇറാനിയന്‍ സിനിമയിലെ ആ പാലത്തെയാണ് ഒരു നിമിഷം ഓര്‍മവന്നത്. പുരോഹിതനാവാനുള്ള പഠനം പൂര്‍ത്തിയാക്കിയ സയ്യിദ് ഹസന്റെ ളോഹ മോഷണം പോകുന്നിടത്താണ് ഈ സിനിമയുടെ കഥ ആരംഭിക്കുന്നത്. ളോഹ നഷ്ടപ്പെട്ട സയ്യിദ് ഹസന്റെ ആത്മീയ വിചാരങ്ങള്‍ക്കും ഭൗതിക യാഥാര്ഥ്യങ്ങള്ക്കുമിടയിലൂടെ നടത്തുന്ന അന്വേഷണങ്ങളിലൂടെയാണ് കഥാതന്തു വികസിക്കുന്നത്. നഗരത്തിലെ കള്ളന്മാരും പോക്കറ്റടിക്കാരുമൊക്ക ഒത്തുകൂടുന്ന പാലത്തിനടിയില്‍ ഒടുവിലയാള്‍ ളോഹ അേന്വഷിച്ചെത്തുന്നു. പൗരോഹിത്യത്തെയും ഗവണ്മെന്റിനെയുമൊക്കെ സിനിമ കണക്കറ്റ് പരിഹസിക്കുന്നുണ്ടെങ്കിലും അധോലോകത്തേക്കാളുപരി മനുഷ്യജീവിതത്തെ പച്ചയായി പരിചയപ്പെടുത്തുന്ന ഒരിടമായിരുന്നു ‘അണ്ടര്‍ ദ മൂണ്‍ ലൈറ്റി’ലെ പാലം.
ഇസ്ഫഹാനിലെ കവികളും സാഹിത്യകാരന്മാരും സംവദിക്കാനെത്തിയിരുന്ന കാജു പാലത്തിന്റെ ചുവട്ടിലും അതുപോലൊരു ഇരുണ്ട അന്തരീക്ഷമാണ് കാണാനുള്ളത്. മുദ്രാവാക്യങ്ങള്‍പോലെ തോന്നുന്ന, അത്രയൊന്നും സംഗീതാത്മകമല്ലാത്ത അവരുടെ പാട്ടുകളില്‍ കത്തിജ്ജ്വലിക്കുന്ന ആശയങ്ങളാണ് ഉള്ളതെന്ന് തോന്നി. ഓരോ വരിയും ആവേശമുണ്ടാക്കുന്നു. ചില വരികള്‍ അവരെല്ലാം കൂടിച്ചേര്‍ന്ന് ആവര്‍ത്തിക്കുന്നു. റുബാബിന്റെ അകമ്പടിയോടെ റൂമിയെയും ഹാഫിസിനെയും സഅ്ദിയെയും കേള്‍ക്കാനായി വന്ന കമിതാക്കളുടെ ഒറ്റപ്പെട്ട ജോടികളും കൂട്ടംതെറ്റിയിരിക്കുന്നുണ്ട്. ഞാനെത്തുമ്പോഴേക്കും ഒട്ടുമിക്ക കമാനങ്ങള്‍ക്കു കീഴെയും ഓരോരോ സംഘങ്ങള്‍ ഇടംപിടിച്ചുകഴിഞ്ഞിരുന്നു. നിങ്ങളുടെ ഇഷ്ടമനുസരിച്ച് ഇതില്‍ ഏത് സംഘത്തോടൊപ്പവും ചേരാം.
ഇറാൻ പെൺകുട്ടികൾ
ഇറാന്റെ സാമൂഹിക ജീവിതത്തിന്റെ ഒന്നാന്തരം പരിച്ഛേദമാണ് ഈ പാലം. അക്കൂട്ടത്തില്‍ രാഷ്ട്രീയക്കാരും ഫെമിനിസ്റ്റുകളും റെബലുകളും കൂടിയിരുന്ന് നടത്തുന്ന ‘കവിയരങ്ങ്’ ആ രാജ്യത്തെ രീതികളനുസരിച്ച് തികച്ചും പ്രകോപനപരമായിരുന്നു. പക്ഷേ, മഹ്സാ അമീനി സംഭവത്തിനു ശേഷമുള്ള ഇറാന് അൽപമൊന്ന് ഒതുങ്ങിയിട്ടുണ്ടെന്ന് തോന്നി. ഇടപെടേണ്ട ഒരു സാഹചര്യമായിട്ടും നഗരപിതാവോ ഇസ്ലാമിക ഭരണകൂടത്തിന്റെ രഹസ്യ പൊലീസുകാരോ ഈ പാലത്തിനടിയിലേക്ക് നോക്കി കണ്ണുരുട്ടുന്നുണ്ടായിരുന്നില്ല.
ഏറിയാല്‍ അര ഫര്ലോംഗിലധികമൊന്നും അവിടെനിന്നുയരുന്ന പാട്ടിന്റെ ആരവം പുറത്തേക്ക് കേള്‍ക്കുന്നില്ല എന്നതായിരിക്കാം അവരുടെ സമാധാനം. തലയില്‍ തട്ടമിടാത്ത പെണ്ണുങ്ങള് ആണുങ്ങള്‍ക്കൊപ്പം ഇതുപോലെ ഒന്നിച്ചിരിക്കുന്നത് ഇറാനില്‍ നിങ്ങള്‍ക്ക് പ്രതീക്ഷിക്കാന്‍ കഴിയാത്ത കാഴ്ചയാണ്. ചൂളം വിളിയും സഗാറീത്തിന്റെ ഒച്ചയും ഇടക്കിടെ ഉയരുന്ന കൂക്കിവിളിയുമൊക്കെയായി വലിയ ‘അച്ചടക്ക’ത്തോടെ നടന്നുകൊണ്ടിരുന്ന സംഗീത-നൃത്ത സദസ്സില്‍ പരദേശിയായ എനിക്കും അവര്‍ ഇടം തന്നു. ഇരിപ്പിടമെന്നുവെച്ചാല് കല്‍ത്തൂണുകള്‍ക്കിടയില്‍ ഒന്ന് തിക്കിയിരിക്കാം. ഒറ്റ വ്യവസ്ഥയേ വെച്ചുള്ളൂ. സ്ത്രീകള്‍ പാട്ടുപാടുന്നതോ നൃത്തം വെക്കുന്നതോ ആയ ദൃശ്യങ്ങളൊന്നും കാമറയില്‍ പകര്‍ത്തരുത്.
ഇറാനിലെ അലി കാപ്പു കൊട്ടാരം
ഒരിക്കലെങ്കിലും യാത്ര പോകേണ്ട ഇറാനിയന്‍ നഗരമാണിത്. ദുനിയാവിന്റെ പകുതിയും ഇസ്ഫഹാനിലുണ്ടെന്നാണ് ഈ പട്ടണത്തെ കുറിച്ച സങ്കൽപം. പേര്‍ഷ്യന്‍ ഭാഷയില്‍ പറയുമ്പോള്‍ ‘ഇസ്ഫഹാന് നിസ്ഫ് ഏ ജഹാന് എസ്ത്’ എന്നാണ് പഴമൊഴി. ഇങ്ങനെ പറയപ്പെടുന്ന ഒരുപാട് നഗരങ്ങള്‍ ലോകത്ത് വേറെയുമുണ്ട്. ‘ലാഹോര്‍ ജിനേ നഹീ വേഖ്യാ, വോ ജിമ്മയ്യാ ഹീ നഹീം’ എന്നാണ് ലാഹോര്‍ കണ്ടിട്ടിട്ടില്ലാത്തവരെ കുറിച്ച് പഞ്ചാബികള്‍ പറയാറുള്ളത്. ലാഹോറില്‍ പോകാത്തവന് ജീവിച്ചിരുന്നിട്ടേയില്ല. മുഗളന്മാരുടെ ആ ലാഹോറും ഡല്‍ഹിയും ഉസ്മാനിയാക്കളുടെ ഇസ്തംബൂളും തൈമൂറിന്റെ സമര്‍ഖന്ദും അബ്ബാസികളുടെ ബഗ്ദാദും കൂട്ടിച്ചേര്ന്നാലും ഇസ്ഫഹാനിലുള്ളവരുടെ കണക്കില്‍ ദുനിയാവിന്റെ കുഴിക്കൂറു ചമയങ്ങളുടെ പകുതിയേ ആകുന്നുള്ളൂ. ബാക്കി മുഴുവനുമുള്ളത് അവരുടെ നഗരത്തിലാണ്.
സഫാവിദുകള്‍ 16ാം നൂറ്റാണ്ടില്‍ പണിത ഈ പട്ടണം സാങ്കേതികാര്‍ഥത്തില്‍ ഒരു കോട്ടനഗരിയല്ല. അതിമനോഹരമായ കൊട്ടാര സമുച്ചയമാണ്. അതിന്റെ ഒരറ്റത്തുനിന്ന് നോക്കുമ്പോള്‍ അലി കാപ്പു കൊട്ടാരത്തിന്റെ മതിൽക്കെട്ടിന് മുകളിലൂടെ സോഹെ പർവതത്തിന്റെ മകുടഭാഗം കാണുന്നുണ്ട്. ഈ കൊട്ടാരത്തിന്റെ ചാരത്താണ് ലോകത്തെ അതി സുന്ദര മസ്ജിദുകളിലൊന്നായ ശൈഖ് ലുത്ഫുല്ല. കൊട്ടാരത്തിലെ പെണ്ണുങ്ങള്ക്കുവേണ്ടിയായിരുന്നുവത്രെ അത് പണികഴിപ്പിച്ചത്. ആണുങ്ങള്‍ക്ക് മാത്രമായി അത്രയും ഭംഗിയുള്ള ഒരു പള്ളിയും ലോകത്തില്ല എന്നാണ് എന്റെ വിശ്വാസം. സ്ത്രീകള്‍ക്ക് മസ്ജിദിലേക്ക് വരാനായി കൊട്ടാരത്തില്‍നിന്ന് ഭൂമിക്കടിയിലൂടെയുള്ള തുരങ്കവും ഉണ്ടായിരുന്നു. പള്ളിയുടെ മകുടത്തില്‍ ഹഫ്ത് രംഗ എന്നറിയപ്പെടുന്ന സപ്തവര്‍ണ ശിൽപവേലയുടെ കണ്ണഞ്ചിപ്പിക്കുന്ന ധാരാളിത്തം. ഈ മസ്ജിദിന്റെ മേലാപ്പിലെ ചിത്രപ്പണികളാണ് ഇറാനില്‍ നെയ്തെടുക്കുന്ന പരവതാനികളില്‍ കൂടുതലും കണ്ടുവരാറുള്ളത്.
നഖ്ശെ ജഹാൻ മൈതാനം
അലികാപ്പു കൊട്ടാരത്തിന്റെ അങ്കണത്തിന് സഫാവിദുകള്‍ നല്കിയ പേരാണ് ‘നഖ്ശെ ജഹാന്’. വിശ്വപ്രപഞ്ചത്തിന്റെ പ്രതിരൂപമാണ് ഈ മുറ്റമെന്നര്ഥം. പേര്‍ഷ്യന്‍ നാഗരികതയുടെ അഹങ്കാരമായിരുന്നു നഖ്ശെ ജഹാനും അതിന്റെ ചുറ്റിലുമുള്ള നിർമിതികളും. ജഹാന് സ്ക്വയറിന്റെ അങ്ങേയറ്റത്താണ് കയ്സരെ ബസാര്‍. അങ്ങോട്ടേക്ക് കയറുന്ന കമാനത്തിന്റെ മുകളില്‍ സീമുര്ഗ് എന്ന പേര്‍ഷ്യന്‍ മാന്ത്രികപ്പക്ഷിയുടെ ചിത്രം കൊത്തിവെച്ചിട്ടുണ്ട്. മയിലിന്റെ ഉടലും മനുഷ്യന്റെതാണോ പട്ടിയുടേതാണോ എന്ന് തീര്‍ത്തുപറയാന്‍ കഴിയാത്ത വിധം പ്രതീകാത്മകമായ തലയുമുള്ള ഈ പക്ഷി ചൈനീസ് ഐതിഹ്യമായ ഡ്രാഗണെ പോലെ, ആംഗലേയ യക്ഷിക്കഥകളിലെ യൂണിക്കോണിനെയോ മത്സ്യകന്യകയെയോ പോലെ പേര്‍ഷ്യന്‍ സാഹിത്യത്തിലുള്ള മായിക സങ്കൽപമാണ്. ദീര്‍ഘായുസ്സിന്റെ വൃക്ഷമായ ഗാവോകരാനയില് സീമുര്ഗ് 1700 കൊല്ലം കഴിച്ചുകൂട്ടിയെന്നാണ് വിശ്വാസം. പോയകാലത്തെ ശിൽപികളുടെ കൈയൊപ്പ് പതിഞ്ഞ ജ്യാമിതീയ രൂപങ്ങളാണ് താഴെനിന്നും മുകളിലേക്ക് നോക്കുമ്പോള്‍ ഐവാനകളുടെ മുഖര്ണകള്.
അതിലേക്ക് പതിക്കുന്ന കൃത്രിമ വെളിച്ചത്തിന്റെ ഓരോ തെല്ലും തട്ടിത്തെറിച്ച് താഴേക്കുതന്നെ വരുന്നതുപോലെയുണ്ട്. വൈകുന്നേരങ്ങളില്‍ നഖ്ശെ ജഹാന് വെളിച്ചത്തിന്റെ ഒരു ലോകമായി മാറുന്നുണ്ട്. നഗരത്തിന്റെ ബഹളത്തില്‍നിന്നും രക്ഷപ്പെടാനെത്തുന്ന ആള്‍ക്കൂട്ടത്തിലൊരാളായി ഞാനാ പുല്ത്തകിടിയിലിരിക്കുകയാണ്. മനോഹരമായി അലങ്കരിച്ച കുതിരവണ്ടികളുടെ കുളമ്പടിയൊച്ചകളല്ലാതെ കാറോ മോട്ടാര്‍ വാഹനങ്ങളോ ആ സ്ക്വയറിന്റെ നിശ്ശബ്ദതയെ ഭഞ്ജിക്കുന്നില്ല. കാലത്തെ പിടിച്ചുനിര്‍ത്താനുള്ള ബോധപൂര്‍വമായ ഒരു ശ്രമം. ഇതിനിടയില്‍ അതീവ സുന്ദരികളായ ഏതാനും പെണ്കിടാങ്ങള് അടുത്തേക്ക് വന്നു. അവര്‍ക്ക് എന്റെ കാമറകൊണ്ടുള്ള ഫോട്ടോകള്‍ വേണം. ഞാനവിടത്തുകാരനല്ല എന്നതൊന്നും വിഷയമല്ല. സാരമില്ല, താങ്കള്‍ അയച്ചുതന്നാല്‍ മതി. എല്ലാവരും സ്മാര്‍ട്ട് ഫോണുകളിലേക്ക് മാറിയ പുതിയ കാലത്ത് കാമറ എന്ന പഴയ യന്ത്രത്തെ വിശ്വസിക്കുന്ന ഒരു തലമുറ ബാക്കിയുണ്ടല്ലോ. സന്തോഷം തോന്നി. അതില്‍ അവരുടെ നിഷ്കളങ്കതയും ഇനിയും മാറാത്ത ഇറാന്റെ ശീലങ്ങളുമുണ്ട്.
കാജു പാലം മുകളിൽനിന്നുള്ള കാഴ്ച
ഗീലാന്‍ പ്രവിശ്യയുടെ തലസ്ഥാന നഗരിയായ റഷ്ത്തിന്റെ പ്രധാന കവലകളിലൊന്നില് ഇബ്രാഹീം ദേരാവിപോര് എന്ന ഫോട്ടോഗ്രാഫറുടെ പ്രതിമ തലയുയര്‍ത്തി നില്‍ക്കുന്നത് കാണാം. കാമറയും സിനിമയുമൊക്കെ ഇറാന്റെ നിത്യജീവിതത്തില്‍ എന്തുമാത്രം പ്രധാനപ്പെട്ടതാണെന്ന് ഓർമപ്പെടുത്തുന്ന ശിൽപം. അദ്ദേഹത്തിന്റെ സ്റ്റുഡിയോ ഇറാനില്‍ ആദ്യത്തേതായിരുന്നു. കാര്‍ഷിക സംസ്കൃതിയില്‍ ഒരു കാലത്ത് ഇറാനിലെങ്ങും പേരുകേട്ട റഷ്ത്ത് പുതിയ കാലത്ത് ലിബറല്‍ സംസ്കാരത്തിന്റെയും ഓപണ്‍ മാര്‍ക്കറ്റുകള്‍ തീര്‍ക്കുന്ന കള്ളക്കടത്ത് ചരക്കുകളുടെയും നഗരമായാണ് അറിയപ്പെടുന്നത്. പാശ്ചാത്യന്‍ വേഷങ്ങളും രീതികളും നിറയുന്ന തെരുവുകള്‍. ഭൂഗോളത്തില്‍ മനുഷ്യന് വീടുവെച്ച് പാര്‍ക്കുന്ന ഏറ്റവും അവസാനത്തെ സ്ഥലമെന്ന് ഇറാനിലുള്ളവര്‍ വിശ്വസിക്കുന്ന മസൂലെയിലേക്ക് വഴിതിരിയുന്നത് ഈ നഗരത്തില്‍നിന്നാണ്. മസൂലെയുടെ പിന്നിലുള്ള പർവതത്തിന്റെ പേരാണ് തലേഷി.
അന്നാട്ടിലെ 700ഓളം മാത്രമുള്ള ജനങ്ങള്‍ സംസാരിക്കുന്ന ഭാഷയുടെ പേരും അതുതന്നെ. തലേഷി മലയുടെ അങ്ങേപ്പകുതിയിലാണ് കാസ്പിയന്‍ സമുദ്രം. ആ മലയുടെ അക്കരെ ഇനിയൊരു ഗ്രാമമില്ലെന്ന് ആളുകള്‍ വിശ്വസിക്കാനുള്ള കാരണം അതാണ്. ഏതാണ്ടെല്ലാ മാസങ്ങളിലും മഞ്ഞിന്റെ തണല്‍ കിട്ടുന്ന അതിമനോഹരമായ ഗ്രാമം. അവിടത്തെ വീടുകളില്‍ മിക്കവയിലും ഹോംസ്റ്റേ സൗകര്യമുണ്ട്. ചന്നം പിന്നം മഴ പെയ്യുന്ന തണുത്തുറഞ്ഞ ദിവസമാണ് ഞാന്‍ മസൂലെയില് ചെല്ലുന്നത്. കുന്നിന്‍ചരിവിലെ ഒരു ചെറിയ കോണില്‍ തൂങ്ങിനില്‍ക്കുന്നതുപോലെയുള്ള അവിടത്തെ ജമാമസ്ജിദ് വളരെ ദൂരത്തുനിന്നേ കാണാനാവും. അകത്തുചെന്നു നോക്കിയപ്പോള്‍ അഞ്ചാറ് സ്ത്രീകള്‍ അവിടെയിരുന്ന് കമ്പളം തുന്നുന്നുണ്ട്. പള്ളിക്കകത്തെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് അവരായിരുന്നു. മഴകൊണ്ട് നനഞ്ഞ തലതുവര്‍ത്താന്‍ എനിക്കൊരു മുണ്ട് എടുത്തുതരുകയും ചായയിട്ടു തരുകയുമൊക്കെ ചെയ്തു. ഖാദിയുടേതെന്ന് നമുക്ക് തോന്നുന്ന ഒരു മുറി പള്ളിക്കകത്തുണ്ട്. അവിടെയിരുന്നാണ് ഇവര്‍ മസ്ജിദിന്റെ പരിപാലനം നടത്തിക്കൊണ്ടിരുന്നത്. സ്ത്രീകള്‍ ഒരു മസ്ജിദിനകത്ത് ഇത്രയും സ്വാതന്ത്ര്യത്തോടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന കാഴ്ച മുമ്പൊരിക്കലും ഞാന്‍ കണ്ടിട്ടില്ല.
അങ്ങാടിയും വീടുകളുമൊക്കെ ഒന്നിനൊന്ന് കൂടിക്കുഴഞ്ഞതാണ് മസൂലെ ഗ്രാമം. ഒരു വീടിന്റെ മുറ്റം തുറക്കുന്നത് മറ്റേതെങ്കിലും കെട്ടിടത്തിന്റെ ടെറസിലേക്കാവും. തെഹ്റാനില്നിന്നെത്തിയ നാലഞ്ച് സ്ത്രീകള്‍ അവിടെയൊരു തട്ടുകടയിലിരുന്ന് ആഷ് സൂപ്പ് കുടിക്കുന്നുണ്ട്. നമ്മുടെ മരുന്ന് കഞ്ഞിയുടെ അപരരൂപമാണ് ഈ സൂപ്പ്. മഴയത്ത് ആഷ് കുടിക്കണമത്രെ. അതിനിടയിലും അവര്‍ക്ക് കാമറകൊണ്ട് ഫോട്ടോ എടുക്കണം. എന്തിനെന്നോ അതെപ്പോള്‍ കിട്ടുമെന്നോ എന്നതൊന്നും വിഷയമല്ല. മഴ അൽപമൊന്ന് തോര്‍ന്ന് ഗ്രാമത്തിലൂടെ കറങ്ങാനിറങ്ങിയപ്പോള്‍ കണ്ടത് രണ്ട് പെണ്‍കുട്ടികള്‍ അവരുടെ ഫോണിന്റെ കാമറ തുറന്നുവെച്ച് രസകരമായി നൃത്തം ചെയ്യുന്നതാണ്. ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും യൂട്യൂബുമൊക്കെ ഈ രാജ്യത്ത് നിരോധിച്ചിട്ടും വി.പി.എന്‍ ഓണാക്കി അവര്‍ സോഷ്യല്‍ മീഡിയയില്‍ സ്റ്റോറികള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്.
തലമറയ്ക്കാതെയും പർദ ധരിക്കാതെയും സര്‍ക്കാറിനെ വെല്ലുവിളിച്ച് നടക്കുന്ന എത്രയോ സ്ത്രീകളെ റഷ്ത്തിന്റെ തെരുവുകളില്‍ കാണാം. ബന്ധങ്ങളിലെ ലിബറല്‍ സ്വഭാവം കാരണം ഈ നഗരത്തിലേക്ക് വരുന്ന വിദേശികളെക്കുറിച്ച് പൊതുവെ ചില തെറ്റിദ്ധാരണകളുമുണ്ട്. ഷാര്ദരി സ്ക്വയറിലൂടെ കാറ്റുംകൊണ്ട് നടക്കാനിറങ്ങിയപ്പോള്‍ ചിലരത് എന്നോടും തിരക്കി. ഗേള്‍ഫ്രണ്ടിനെ വേണോ എന്ന്. ഇറാനില്‍ രാത്രിയില്‍ ഏറ്റവും കൂടുതല്‍ സമയം മാര്‍ക്കറ്റുകള്‍ തുറന്നുവെച്ചത് റഷ്ത്തിലായിരുന്നു കണ്ടത്. ഇടതടവില്ലാതെ മഴപെയ്യുന്ന ഈ ഇറാനിയന്‍ നഗരത്തിലാണ് ആ രാജ്യത്തെ ഏറ്റവും വലിയ ഓപണ്‍ മാര്‍ക്കറ്റ് സ്ഥിതിചെയ്യുന്നത്. മേല്‍ക്കൂരയില്ലാത്ത അത്തരമൊരു മാര്‍ക്കറ്റും അവിടത്തെ കാലാവസ്ഥയും പരസ്പര വിരുദ്ധമായിരുന്നു.
ഇറാനിലെ കാജു പാലം
എര്ദാബില് നഗരത്തിലേക്ക് പോകാനായി ടാക്സി കാത്തുനില്‍ക്കുമ്പോഴാണ് എനിക്കും ബിലാലിനും മുഹമ്മദ് റസയെ കൂട്ടിന് കിട്ടിയത്. ഇറാനില്‍ നഗരങ്ങളിലേക്ക് സഞ്ചരിക്കാന്‍ ഏറ്റവും എളുപ്പം ഷെയറിങ് ടാക്സികളാണ്. പെട്രോളിന് ഒരു ലിറ്റര്‍ വെള്ളത്തേക്കാളും കുറഞ്ഞ വിലയുള്ള രാജ്യമാണിത്. ടാക്സികളും മറ്റും അങ്ങേയറ്റം പഴഞ്ചനാണെങ്കിലും മൂന്നോ നാലോ പേര് ഒന്നിച്ചുപോകുമ്പോള്‍ വളരെ ചെറിയ കൂലിക്ക് യാത്ര തരപ്പെടും. അങ്ങനെയാണ് തിബ്രീസില്‍ യൂനിവേഴ്സിറ്റി വിദ്യാര്‍ഥിയായ മുഹമ്മദ് റസയോടൊപ്പം പുറപ്പെട്ടത്. റസ അവിടത്തെ പക്കാ റെബലുകളില് ഒരാളാണ്. ബാഹ്യവും ആന്തരികവുമായ രണ്ടുതരം കാഴ്ചകളിലൂടെയാണ് ഈ യാത്ര മുന്നോട്ടുപോകുന്നത്. റോഡിന്റെ ഇരുവശത്തുമുള്ള അങ്ങാടികളും വാഹനങ്ങളും ആള്‍ക്കൂട്ടങ്ങളും കൃഷിയിടങ്ങളും ഫാക്ടറികളും നോക്കിയിരിക്കുന്തോറും ആവര്‍ത്തനവിരസമായി തുടങ്ങിയപ്പോഴാണ് ഞങ്ങള്‍ ഇറാനെ കുറിച്ചുതന്നെ സംസാരിക്കാന്‍ തുടങ്ങിയത്.
ടാക്സിയുടെ ഓഡിയോ ചാനലില്‍ കേട്ടുകൊണ്ടിരുന്ന പാട്ടുകളില്നിന്നായിരുന്നു അതിന്റെ തുടക്കം. രിസാ ഷാ പഹ്ലവി എന്ന പഴയ ഇറാനിയന്‍ സ്വേച്ഛാധിപതിയുടെ കാലത്തെ പാട്ടുകള്‍ എന്തുകൊണ്ടാണ് ആളുകള്‍ ഇപ്പോള്‍ വീണ്ടും കേള്ക്കുന്നതെന്നറിയുമോ? ആ കാലഘട്ടംപോലും ഇപ്പോഴത്തേതിനേക്കാള്‍ ഭേദമാണെന്നാണ് മഹാഭൂരിപക്ഷവും വിശ്വസിക്കുന്നത്. അവരുടെ അങ്ങാടികളില്‍ കാലം നമ്മുടേതിനേക്കാള്‍ ഒരുപാട് വര്‍ഷങ്ങള്‍ പിന്നിലെവിടെയോ കാലിടറി നില്‍ക്കുന്നത് റസയുടെ പല വാദങ്ങളെയും ശരിവെച്ചു. മുഷിഞ്ഞുണങ്ങിയ ഒറ്റമുറി പീടികകളും ഋഷി കപൂര്‍ ചിത്രങ്ങളില്‍ കണ്ടുമറന്ന വാഹനങ്ങളും. അവയില്തന്നെയും ഒട്ടു മിക്കവയും ഡ്യൂപ്ലിക്കേറ്റുകളാണെന്നും ഇറാന് മെയ്ഡ് മെഴ്സിഡസ് ബെന്‍സിന്റെ കാറുകള്‍പോലും കിട്ടാനുണ്ടെന്നുമാണ് റസ പറയുന്നത്.
കമ്യൂണിസ്റ്റ് മാതൃകയില്‍ വൃത്തികെട്ട ദേശസാത്കരണമാണ് ഈ രാജ്യത്ത് നടന്നത്. എന്നാല്‍, ഫാക്ടറികള്‍ എങ്ങനെയാണ് നടത്തിക്കൊണ്ടുപോകേണ്ടതെന്ന് മതപുരോഹിതന്മാര്ക്ക് വല്ല വിവരവുമുണ്ടോ? എല്ലായിടത്തും തലേക്കെട്ടുകാര്‍ വന്ന് രാജ്യത്തെ കുട്ടിച്ചോറാക്കി. ഞങ്ങളെ പോലുള്ള യുവാക്കള്‍ക്ക് ബിരുദാനന്തര ബിരുദം ഉണ്ടായാല്‍പോലും തുച്ഛമായ ശമ്പളം മാത്രമാണ് കിട്ടുന്നത്. പറഞ്ഞുപറഞ്ഞ് അയാള്‍ സകല അതിരുകളും വിട്ട് ഗവണ്മെന്റിനെ ചീത്ത വിളിക്കാന്‍ തുടങ്ങി. ഞാന്‍ മതം മാറും. സൗരാഷ്ട്ര മതത്തിലാണ് ഇറാനിലെ പൂര്‍വികര്‍ വിശ്വസിച്ചത്. അറബ് ദേശീയതയല്ല പേര്‍ഷ്യന്‍ ദേശീയത. ഇസ്രായേലിനെയും അമേരിക്കയെയും മറ്റും അറബ് ദേശീയതയുടെ കാഴ്ചപ്പാടിലൂടെ നോക്കുന്നതാണ് എതിര്‍ക്കപ്പെടേണ്ടത്. പേര്‍ഷ്യന്‍ ദേശീയതയില്‍ വിശ്വസിക്കുമ്പോള്‍ നിങ്ങളെന്തിന് ഈ വിഷയങ്ങളില്‍ തലയിട്ട് രാജ്യത്ത് ഉപരോധം ചോദിച്ചുവാങ്ങണം?
ഇറാനിലെ പരവതാനി നെയ്ത്തുകാരിലൊരാൾ
അകമേ ക്ഷുഭിതനായിരുന്നുവെങ്കിലും മുസ്ലിം ലോകത്ത് പൊതുവെ കാണാനാവുന്ന സൗമ്യമായ പെരുമാറ്റരീതികളായിരുന്നു അയാളുടേത്. എര്ദാബിലില് കാത്തുനില്ക്കുന്ന പിതാവിനോട് എന്നെക്കുറിച്ച് വിവരം നല്കിയെന്നു തോന്നുന്നു. ഞങ്ങളെ ഹോട്ടലില്‍ കൊണ്ടുവിടാനും പിറ്റേ ദിവസം നഗരം ചുറ്റിക്കാണിക്കാനുമൊക്കെ ഓഫിസില്‍നിന്നും ലീവെടുത്ത് അദ്ദേഹം ഒപ്പം വന്നു. നിങ്ങള്‍ നഗരത്തില്‍ ഞങ്ങളുടെ അതിഥികളാണ്. നേരത്തേ ഹോട്ടല്‍ ബുക്ക് ചെയ്തതുകൊണ്ടു മാത്രമാണ് അവിടെ താമസിക്കാന്‍ സമ്മതിക്കുന്നത്. എന്റെ വീട്ടിലായിരുന്നു നിങ്ങള്‍ തങ്ങേണ്ടിയിരുന്നത്. ആ വാക്കുകളിലെ അവകാശബോധം എന്നെ അത്ഭുതപ്പെടുത്തി. ബസ് സ്റ്റാൻഡില്‍ വന്നിറങ്ങിയ വെറുമൊരു പരദേശി എന്ന നിലയിലല്ല അദ്ദേഹം എന്നെ കാണുന്നത്. ആതിഥേയ മര്യാദ പൊതുവേ ലോകത്തെല്ലായിടത്തുമുണ്ടെങ്കിലും മുസ്ലിം രാജ്യങ്ങളില്‍ അതിന് ഒരുതരം ആത്മീയ ഭാവം കണ്ടുവരാറുണ്ട്. റസയുടെ പിതാവിനൊപ്പം പിറ്റേ ദിവസം നെയ്ത്തുകാരുടെ ഗ്രാമമായ അംബരാന് കാണാനായി ചെന്നപ്പോള്‍ അവിടെയുമുണ്ടായി അതീവ ഹൃദ്യമായ ഒരനുഭവം.
അംബരാനില് അദ്ദേഹത്തിന് ചില സുഹൃത്തുക്കളുണ്ട്. ആ ടൗണിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനുവേണ്ടി ഞങ്ങളെ ഒരു കവലയിലിറക്കി അദ്ദേഹം അവരിലൊരാളെ തപ്പിയെടുക്കാനായി പുറപ്പെട്ടു. ഇറാനിയന്‍ സിനിമകളില്‍ പൊതുവെ കണ്ടുവരുന്ന മട്ടിലുള്ള ഗ്രാമമാണ് അംബരാന്. ഒറ്റനോട്ടത്തില്‍ വയസ്സന്മാര് മാത്രമുള്ള ഒരു കൊച്ചുപട്ടണം. വന്‍ നഗരങ്ങളിലേക്ക് തൊഴിലും തേടി പോയതാണ് അവരുടെ മക്കള്‍. അതിനിടെ ഒരു ചായ കുടിക്കണമെന്ന് തോന്നി ഞാനും ബിലാലും ആ ഗ്രാമത്തിലെ തട്ടുകടയിലേക്ക് കയറിച്ചെന്നു.
ഇളകിയാടുന്ന അവിടത്തെ ബെഞ്ചില്‍ അഞ്ചെട്ടു പേര് ഇരിക്കുന്നുണ്ട്. അവരിലൊരാള്‍ എഴുന്നേറ്റുനിന്ന് പേര്‍ഷ്യൻ ഭാഷയിലുള്ള ഒരു പദ്യശകലത്തിന്റെ അകമ്പടിയോടെ ഞങ്ങള്‍ക്ക് സ്വാഗതം പറഞ്ഞു. പരദേശികളായ അതിഥികളേ, വന്നാലും ഞങ്ങളുടെ ഈ എളിയ ആതിഥ്യത്തിലേക്ക്. ചായ പകര്ന്നുതരുന്നയാളുടെ തലയില്‍ ഇംഗ്ലീഷ് സിനിമകളിലുള്ളതു പോലെയുള്ള ഡിയര്സ്റ്റാക്കര് തൊപ്പിയും ഹാഫ് ജാക്കറ്റും. അയാളുടെ കടയുടെ നിലവാരത്തില്‍നിന്നും എത്രയോ ഉയര്ന്നുനില്ക്കുന്ന വേഷമായിരുന്നു അത്. എഴുപതുകള്‍ക്ക് മുകളില്‍ പ്രായമുള്ള ആ മനുഷ്യനൊപ്പം വളര്‍ന്നതാവണം അവിടെ ചായ കുടിക്കാന്‍ എത്തിയവരുടെ ശീലങ്ങളും. ചായയുടെ വില അവര്‍ വാങ്ങാന്‍ കൂട്ടാക്കിയില്ല. എന്നു മാത്രമല്ല അപ്പോഴും പേര്‍ഷ്യന്‍ ഭാഷയില്‍ എന്തോ ഒരു കവിതാശകലം ചൊല്ലിയാണ് ഞങ്ങളെ യാത്രയാക്കിയത്.
അംബരാനിലെ ചായ മക്കാനി
സ്ത്രീകളാണ് അംബരാനിലെ നെയ്ത്തുമേഖലയില്‍ കൂടുതലുമുള്ളത്. പരവതാനിയില്‍ വിരിയുന്ന രൂപങ്ങളെ നിശ്ചയിക്കുന്ന പൂക്കളുടെയും കിളികളുടെയും പൂമ്പാറ്റകളുടെയും വര്‍ണങ്ങള്‍ അവരുടെ മനസ്സില്‍നിന്നായിരുന്നു പൊട്ടിമുളച്ചത്. സവിശേഷമായ നെയ്ത്തു പാരമ്പര്യം തലമുറകളായി പരവതാനികളിലേക്ക് പകര്ത്തിവെക്കുന്നവര്. പക്ഷേ, അസാധാരണമായ ഗുണനിലവാരമുള്ള ആ പരവതാനികള്‍ പുതിയ കാലത്ത് മറ്റെവിടത്തെയും മാര്‍ക്കറ്റുകളിലേക്ക് കടല്‍ കടന്ന് എത്തിപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. അമേരിക്കന്‍ ഉപരോധം ജീവിതത്തിന്റെ ഊടും പാവും തകര്‍ക്കുമ്പോഴും ആ തൊഴിലില്‍ പിടിച്ചുനില്‍ക്കുകയാണ് പാവങ്ങള്‍. വീടുകള്‍ കേന്ദ്രീകരിച്ചാണ് പരവതാനി നെയ്ത്ത് കൂടുതലും മുന്നോട്ടുപോകുന്നത്. ഞാന്‍ ചെന്നുപെട്ട വീട്ടിനോടുചേര്ന്ന് മനോഹരമായ ഒരു തോട്ടമുണ്ടായിരുന്നു. അവിെടനിന്നും പൊട്ടിച്ചെടുത്ത ആപ്പിളും പീച്ചുമൊക്കെയാണ് ചായയോടൊപ്പം കഴിക്കാന്‍ കിട്ടിയത്. പെട്ടെന്നൊന്നും കാമറക്ക് പിടിതരില്ലെന്ന് എനിക്ക് തോന്നിയ ആ വീട്ടിലെ രണ്ട് സുന്ദരികളും അവരുടെ കൂബക്കുകള് പെറുക്കിയെടുത്ത് തറികള്‍ ചവിട്ടി ത്തുടങ്ങി. കാമറയോട് ആ ഗ്രാമീണ വനിതകള്ക്കുമുണ്ടായിരുന്നു വല്ലാത്ത പ്രണയം.