Begin typing your search above and press return to search.

ഓ, പീറ്റർമാരിസ്​ബർഗ്!

ഓ, പീറ്റർമാരിസ്​ബർഗ്!
cancel

9 ‘ഇരുണ്ട ഭൂഖണ്ഡം’, ‘വെള്ളക്കാര​ന്റെ ശവകുടീരം’ എന്നിങ്ങനെ എന്തെല്ലാം വിശേഷണങ്ങളായിരുന്നു അരനൂറ്റാണ്ടു മുമ്പുള്ള നമ്മുടെ സാമൂഹികപാഠ പുസ്​തകങ്ങൾ ആഫ്രിക്കൻ ഭൂഖണ്ഡത്തിനു കൽപിച്ചു നൽകിപ്പോന്നത്! അവിടുള്ള മനുഷ്യരാകട്ടെ കറുത്തവരും അപരിഷ്കൃതരും കാപ്പിരികളുമായിരുന്നു. നമ്മുടെ വയനാടി​ന്റെ പിന്നാക്കാവസ്​ഥയെ വിശേഷിപ്പിക്കാൻ, അക്കാലത്ത് എഴുതപ്പെട്ട ശ്രദ്ധേയമായൊരു കൃതിക്കു നൽകപ്പെട്ട പേരുപോലും ‘കേരളത്തിലെ ആഫ്രിക്ക’ എന്നതായിരുന്നു. ഒരു നാടിനെ മോശമായി ചിത്രീകരിക്കാൻ ഇതിലും കൂടുതൽ മറ്റെന്തു താരതമ്യം വേണം? ‘കാപ്പിരികളുടെ നാട്ടിൽ’ എന്ന പേരിൽ ആ ഭൂഖണ്ഡത്തെ പരിചയപ്പെടുത്തിയ പ്രസിദ്ധമായ...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

9

‘ഇരുണ്ട ഭൂഖണ്ഡം’, ‘വെള്ളക്കാര​ന്റെ ശവകുടീരം’ എന്നിങ്ങനെ എന്തെല്ലാം വിശേഷണങ്ങളായിരുന്നു അരനൂറ്റാണ്ടു മുമ്പുള്ള നമ്മുടെ സാമൂഹികപാഠ പുസ്​തകങ്ങൾ ആഫ്രിക്കൻ ഭൂഖണ്ഡത്തിനു കൽപിച്ചു നൽകിപ്പോന്നത്! അവിടുള്ള മനുഷ്യരാകട്ടെ കറുത്തവരും അപരിഷ്കൃതരും കാപ്പിരികളുമായിരുന്നു. നമ്മുടെ വയനാടി​ന്റെ പിന്നാക്കാവസ്​ഥയെ വിശേഷിപ്പിക്കാൻ, അക്കാലത്ത് എഴുതപ്പെട്ട ശ്രദ്ധേയമായൊരു കൃതിക്കു നൽകപ്പെട്ട പേരുപോലും ‘കേരളത്തിലെ ആഫ്രിക്ക’ എന്നതായിരുന്നു. ഒരു നാടിനെ മോശമായി ചിത്രീകരിക്കാൻ ഇതിലും കൂടുതൽ മറ്റെന്തു താരതമ്യം വേണം? ‘കാപ്പിരികളുടെ നാട്ടിൽ’ എന്ന പേരിൽ ആ ഭൂഖണ്ഡത്തെ പരിചയപ്പെടുത്തിയ പ്രസിദ്ധമായ ആ യാത്രാവിവരണഗ്രന്ഥം ഇപ്പോഴും ആവേശപൂർവം വായിക്കപ്പെടുന്നു.

ഇടയ്ക്കെപ്പോഴോ നമ്മൾ ഡേവിഡ് ലിവിങ്സ്റ്റണെക്കുറിച്ചു കേട്ടു. 1831 മാർച്ച് 31ന് കേപ്ടൗണിലുള്ള പോർട്ട് എലിസബത്തിൽ കപ്പലിറങ്ങിയ മിഷ നറി, ഡോക്ടർ, സഞ്ചാരി, പര്യവേക്ഷകൻ! ആഫ്രിക്കൻ ഭൂഖണ്ഡത്തിന് കുറുകെ സഞ്ചരിച്ച ആദ്യ യൂറോപ്യൻ. സാമ്പസി നദിയും വിക്ടോറിയ വെള്ളച്ചാട്ടവുമുൾ​െപ്പടെ ആഫ്രിക്കയിലെ പ്രധാനപ്പെട്ട പല നദികളെക്കുറിച്ചും ലോകത്തിന് ആദ്യമായി വെളിപ്പെടുത്തി കൊടുത്തയാൾ! പിന്നീടാണ് അപാർതൈറ്റിനെക്കുറിച്ചു കേൾക്കുന്നത്. അതിനൊപ്പമാണ് മോഹൻദാസ്​ കരംചന്ദ് ഗാന്ധിയെന്ന യുവ ബാരിസ്റ്ററെക്കുറിച്ചും നാം കേട്ടുതുടങ്ങുന്നത്. മോഹൻദാസി​ന്റെ പരീക്ഷണങ്ങളാകട്ടെ സാമൂഹികപാഠ ക്ലാസുകളിൽ നമ്മൾ കുട്ടികൾക്ക് ഒരു ഫലിതം ആസ്വദിക്കുന്നതി​ന്റെ രസം പകർന്നുനൽകുകയും ചെയ്തു. അപൂർവം ചില അധ്യാപകരെങ്കിലും ആ രസച്ചരട് പൊട്ടിക്കാതെ നിലനിർത്തുന്നതിൽ കൗതുകം കണ്ടെത്തിയവരുമായിരുന്നു... അങ്ങനെ നമ്മൾ നതാളിനെക്കുറിച്ചും ട്രാൻസ്വാളിനെക്കുറിച്ചുമെല്ലാം കേൾക്കുന്നു. ദക്ഷിണാഫ്രിക്കയിലെ ഏതോ റെയിൽവേ സ്റ്റേഷനിൽവച്ച് വെള്ളക്കാരൻ അദ്ദേഹത്തി​ന്റെ ചെകിട്ടത്ത് പൊട്ടിച്ചതിനെക്കുറിച്ചും...

ഒരുകാലത്ത് കോളനിവാഴ്ചയുടെ കരാളതകൾ വളരെ രൂക്ഷമായിരുന്നു. മാരിസ്​ബർഗ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പീറ്റർമാരിസ്​ബർഗി​ന്റെ ഹൃദയത്തിലൂടെ സഞ്ചരിക്കവെ, യാത്രയാരംഭിക്കും മുമ്പ് ജിജോ പങ്കു​െവച്ച ആശങ്കകൾ സത്യമാണെന്നു തോന്നി.

‘‘പേടിപ്പിക്കാൻവേണ്ടി പറയുന്നതല്ല; ഇവിടെ കാര്യങ്ങളെല്ലാം പണ്ടത്തെപ്പോലെതന്നെയാണ് ഇപ്പോഴും. അന്നു വെളുത്തവരാണ് മുഷ്ക് കാണിച്ചിരുന്നതെങ്കിൽ ഇന്നതു കറുത്തവരാണെന്നു മാത്രം.’’

ഒരു വലിയ സ്​ഫോടനത്തെത്തുടർന്ന് ചിതറിത്തെറിച്ച ആൾക്കൂട്ടംപോലെ എവിടെ നോക്കിയാലും പരക്കം പായുന്ന മനുഷ്യർ. തെരുവി​ന്റെ ഓരം ചേർന്നുപോകുന്ന ഫുട്പാത്തിൽ, വഴിക്കവലകളിൽ, പാർക്കിൽ, സ്​മാരകങ്ങളെ ചുറ്റിയുള്ള മൈതാനങ്ങളിൽ എന്നുവേണ്ടാ എവിടെയും കറുത്തവരുടെ പട. പലപ്പോഴും കൊൽക്കത്തയിലെ സായാഹ്നത്തെരുവുകളെ ഓർമിപ്പിക്കുമാറ്, ഇവിടെയിതാ കത്തുന്ന നട്ടുച്ചയിലും കരിമേഘങ്ങൾപോലെ നീങ്ങുന്ന മനുഷ്യർ. എന്തുവന്നാലും പീറ്റർമാരിസ്​ബർഗ് റെയിൽ സ്​ട്രീറ്റിലുള്ള ആ റെയിൽവേ സ്റ്റേഷൻ എനിക്കൊന്നു കാണണം. മോഹൻദാസ്​ കരംചന്ദ് ഗാന്ധിയെന്ന യുവ ബാരിസ്റ്ററിൽനിന്ന് ഒറ്റരാത്രികൊണ്ട് ആ മനുഷ്യനെ നാമറിയുന്ന മഹാത്മാ ഗാന്ധിയെന്ന വികാരമാക്കി മാറ്റിത്തീർത്ത ഇടം.

ഒന്നാം ക്ലാസ് കമ്പാർട്മെന്റിൽ യാത്ര ചെയ്യാനെത്തിയ ഗാന്ധിജിയെ വംശീയതയുടെ പേരിൽ അതിൽനിന്നും അദ്ദേഹത്തി​ന്റെ ലഗേജുകൾക്കൊപ്പം പുറത്തേക്ക് വലിച്ചെറിഞ്ഞത് ഈ റെയിൽവേ സ്റ്റേഷനിൽ​െവച്ചാണ്, 1893ൽ. അതിനെക്കുറിച്ച് അങ്ങേയറ്റം ഹൃദയസ്​പർശിയായ വിവരണമാണ് ത​ന്റെ ആത്മകഥയിൽ ഗാന്​ധിജി നൽകിയിരിക്കുന്നത്. സംഭവങ്ങൾ, എന്നാൽ ജിജോ മുൻകൂട്ടി കണ്ടതുപോലെതന്നെ നടന്നു. സാഹചര്യങ്ങൾ ഞങ്ങൾക്ക് അനുകൂലമായിരുന്നില്ല. പീറ്റർമാരിസ്​ബർഗ് വരെ കഷ്​ടപ്പെട്ട് വണ്ടിയോടിച്ചുവന്നിട്ടും, 9 മണി രാത്രിയിൽ ഗാന്ധിജിയെ െട്രയിനിൽനിന്നിറക്കിവിട്ട റെയിൽസ്​ട്രീറ്റിലെ ആ പഴയ റെയിൽവേ സ്റ്റേഷൻ കാണാൻ കഴിയാതെ, പകരം ചർച്ച്സ്​ട്രീറ്റിലെ ഗാന്ധിപ്രതിമയുടെ ചിത്രവും പകർത്തി ഞങ്ങൾക്കു മടങ്ങേണ്ടിവന്നു. നെൽസൺ മണ്ടേലയുടെ സാന്നിധ്യത്തിൽ ആർച്ച് ബിഷപ് ഡെസ്​മണ്ട് ടുട്ടു 1993 ജൂൺ 6ന് അനാച്ഛാദനംചെയ്ത പ്രതിമ.

‘‘അച്ഛൻ പ്രയാസപ്പെടേണ്ട; അടുത്തതവണ വരുമ്പോൾ നമുക്ക് പോകാമവിടെ.’’ മകൻ എന്നെ ആശ്വസിപ്പിച്ചു. ‘‘അതുപോലെ തന്നെ പ്രധാനപ്പെട്ട മറ്റൊരിടത്തേക്കാണ് നമ്മളിപ്പോൾ പോകുന്നത്.’’

ദീർഘമായ വഴിത്താരക്കിരുവശവും പൈൻമരക്കാടുകൾ. നമ്മുടെ റബർത്തോട്ടങ്ങൾപോലെ, വരിവരിയായി ഭംഗിയിൽ നട്ടുവളർത്തിയിരിക്കുന്നവ. ദക്ഷിണാഫ്രിക്കയിലെ തടിവ്യവസായത്തിലും കയറ്റുമതിയിലും പ്രധാനസ്​ഥാനമാണ് പൈൻമരങ്ങൾക്കുള്ളത്. ഒരുകാലത്ത് തടി കയറ്റുമതിയിൽ രണ്ടാം സ്​ഥാനത്തായിരുന്നു ഈ രാജ്യം. ഇപ്പോഴത് ഉണ്ടോ എന്നറിയില്ല. എന്നാൽ, ഫർണിച്ചറുകൾ ഉണ്ടാക്കുന്നതിനും മറ്റ് ഗാർഹികാവശ്യങ്ങൾക്കും അവർ വളരെ ഉദാരമായി ആശ്രയിക്കുന്നത് പൈൻമരങ്ങളെയാണ്. ഒരുകാലത്ത് നമുക്ക് വളരെ സുപരിചിതമായിരുന്ന, നമ്മൾ വീഞ്ഞ എന്നു വിളിച്ചിരുന്ന അതേ പൈൻമരങ്ങൾ തന്നെ! പൈൻടൗൺ എന്നപേരിൽ ഒരു പട്ടണത്തിലേക്കുള്ള ദിശാസൂചകം യാത്രക്കിടയിൽ കണ്ടതും ഞാനോർത്തു.

അരമണിക്കൂർ നീളമില്ലാത്തൊരു ൈഡ്രവിനുശേഷം ഹൗവിക്കിനും (Howick) നോട്ടിങ്ഹാം റോഡിനും മധ്യേയുള്ള R.103ാം നമ്പർ തെരുവിലേക്ക് വണ്ടി തിരിയുമ്പോൾ അവിടെയും നിറയെ പൈൻമരങ്ങൾ തന്നെയായിരുന്നു. എതിർവശത്ത് കാമധേനുകൾ മേഞ്ഞുനടക്കുന്ന അതിവിശാലമായ പുൽമേട്. അതി​ന്റെ ഇറക്കത്തിൽ പരവതാനിപോലെ ചുവന്ന ടൈലുകൾ വിരിച്ച പാതയുടെ അങ്ങേയറ്റത്ത് കറുത്തനിറത്തിലുള്ള ഉരുക്കുദണ്ഡുകൾ ഉയർത്തിനാട്ടി ഒരു വേലിപോലെ...

‘‘അതാണ് മണ്ടേല കാപ്ചർസൈറ്റ് (Capture site). ഇവിടെനിന്നുമാണ് 1962 ആഗസ്റ്റ് 5ന് അദ്ദേഹത്തെ പിടികൂടുന്നത്. അപ്പുറത്തു കാണുന്നതാണ് മ്യൂസിയം.’’ മകൻ പറഞ്ഞു.

വഴി അവസാനിക്കുന്നിടത്തുള്ള കഫേയിലേക്ക് വണ്ടിയോടിക്കുന്നതിനിടയിൽ സെക്യൂരിറ്റി ജീവനക്കാരൻ കൈകാണിച്ചുനിർത്തി.

‘‘മ്യൂസിയത്തിലേക്കാണെങ്കിൽ വണ്ടി ഇവിടെയിട്ടാൽ മതി.’’

പുൽമേടി​ന്റെ ഇറക്കത്തിലുള്ള മ്യൂസിയത്തിലേക്ക് അയാൾ ചൂണ്ടിക്കാണിച്ചു.

ചാരനിറത്തിലുള്ള കൊറുഗേറ്റഡ് ഷീറ്റുകൾ മേൽക്കൂരയും ചുമരുമാക്കിയ വലിയൊരു വെയർഹൗസ്​ പോലുള്ള ആ കോട്ടയാണോ മ്യൂസിയം?

എളുപ്പവഴിയെന്നോണം മരവേലിയിൽ കുറുകെ ​െവച്ചിരുന്ന തടിക്കഷണം അയാൾ മാറ്റിത്തന്നു. ചുറ്റിക്കറങ്ങാതെ ഞങ്ങൾക്കിപ്പോൾ മ്യൂസിയത്തിൽ എളുപ്പം എത്തിച്ചേരാൻ കഴിയും.

അവി​ടെ ​െവച്ച് പിടിക്കപ്പെടുന്നതു മുതൽക്കുള്ള കാൽനൂറ്റാണ്ടുകാലത്തെ മണ്ടേലയുടെ പോരാട്ടസ്​മരണകൾ ജീവൻ​െവച്ച് നിൽക്കുന്ന ഒരിടം. ഏതാനും നിമിഷം മുമ്പ് അവിടെ വന്നിറങ്ങി, വണ്ടിയിട്ടതിനുശേഷം മറ്റെവിടെയ്ക്കോ മണ്ടേല മാറിയതാണെന്നേ തോന്നൂ ആ കാറി​ന്റെ കിടപ്പു കണ്ടാൽ. അതുമല്ലെങ്കിൽ ഇപ്പോൾ സർവിസിങ് കഴിഞ്ഞ് ആരോ അവിടെ കൊണ്ടിട്ടതുപോലെ TJ 20791 എന്ന നമ്പറുള്ള ആ കാർ കറുത്തുതിളങ്ങി കിടക്കുന്നു.

മ്യൂസിയമാകെ മുഖരിതമാണ്. മണ്ടേലയുമായി ബന്ധപ്പെട്ട ഓഡിയോകൾ, വിഡിയോകൾ, ഡോക്യുമെന്ററികൾ എന്നുവേണ്ടാ ചരിത്രമപ്പാടെ അവിടെ സ്​പന്ദിക്കുന്നു. ചിത്രങ്ങൾ, ഫോട്ടോഗ്രാഫുകൾ, പത്രവാർത്തകൾ എന്നിങ്ങനെയുള്ള രേഖകൾ ഓരോന്നായി അനാവൃതമാക്കപ്പെട്ടിരിക്കുന്നു. ആറു വർഷം നീണ്ടുനിന്ന രാജ്യ​േദ്രാഹ വിചാരണ (Treason Trial), തെളിവുകളുടെ അഭാവത്തിൽ മണ്ടേലയെയും 156 സഹപ്രവർത്തകരെയും 1961 മാർച്ച് 29ന് കോടതി കുറ്റമുക്തമാക്കിയെങ്കിലും വെള്ളക്കാര​ന്റെ വർണവെറിപൂണ്ട ഭരണകൂടം സദാ ജാഗരൂകമായിരുന്നു. എന്നാൽ, മണ്ടേലയാകട്ടെ അതി​ന്റെ പേരിൽ അടങ്ങിയൊതുങ്ങി കഴിയാൻ ആഗ്രഹിച്ചതുമില്ല. ഇതിനിടെ, 1962 ഫെബ്രുവരിയിൽ അഡിസ്​ അബബയിൽ (ഇ​േത്യാപ്യ) നടന്ന പാൻ ആഫ്രിക്കൻ ഫ്രീഡം മൂവ്മെന്റ് ഓഫ് ഈസ്റ്റ് ആൻഡ് സെൻട്രൽ ആഫ്രിക്കൻ കോൺഫറൻസിൽ അദ്ദേഹം സംബന്ധിക്കുകയുണ്ടായി. ആഫ്രിക്കൻ നാഷനൽ കോൺഗ്രസിന്റെ അർധസൈനിക വിഭാഗമായ ‘ഉംഖോണ്ടോ വിസീസ്​വെ’ക്ക് (Umkhonto We Sizwe) പിന്തുണ ശേഖരിക്കുക എന്നതായിരുന്നു മണ്ടേലയുടെ യാത്രാലക്ഷ്യം. നിയമവിരുദ്ധമായി സമരം സംഘടിപ്പിച്ചതിനും യാത്രാരേഖകളില്ലാതെ രാജ്യം വിട്ടുപോയതിനും ഭരണകൂടം അദ്ദേഹത്തിനെതിരെ കേസെടുക്കുകയും അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു.

ആർക്കും പിടികൊടുക്കാതെ ത​ന്റെ അധോലോക പ്രവർത്തനങ്ങളുമായി നെൽസൺ റോഹിലാല മണ്ടേല (Nelson Rolihlahla Mandela) മുങ്ങിനടന്നത് പതിനേഴുമാസം! റോഹിലാല എന്ന ഖോസ (Xhosa) വാക്കി​ന്റെ അർഥംതന്നെ ‘കുഴപ്പക്കാരൻ’ (trouble maker) എന്നാണല്ലോ. ഇത്തവണ അദ്ദേഹത്തിന് മറ്റൊരു പേരുകൂടി വീണുകിട്ടി: ബ്ലാക്ക് പിമ്പേർണർ (Black Pimpernel). (അവരുടെ The Most wanted fugitive ആയിരുന്നു മാഡിബ). ‘സ്​കാർലെറ്റ് പിമ്പേർണൽ’ എന്ന വിഖ്യാതമായ കഥാപാത്രത്തെ ഓർമിപ്പിക്കും വിധം. എമ്മ ഓർക്സി എന്ന ഫ്രഞ്ച് എഴുത്തുകാരിയുടെ കുറ്റാന്വേഷണ നോവലാണല്ലോ ‘സ്​കാർലെറ്റ് പിമ്പേർണർ’ (Scarlet Pimpernel).

കമ്യൂണിസ്റ്റ് പ്രവർത്തകനായ സെസിൽ വില്യംസി​ന്റെ കാർ ​ൈഡ്രവറായി ഹൗവിക്ക് (Howick) പരിസരങ്ങളിലൂടെ മണ്ടേല സഞ്ചരിക്കുന്നുണ്ടെന്ന വിവരം ഒരു സി.ഐ.എ ചാരനാണ് അധികാരികളെ അറിയിക്കുന്നത്. കൃത്രിമമായി സൃഷ്​ടിച്ച റോഡ് ബ്ലോക്കിലൂടെയാണ് ഇപ്പോൾ നാം കാണുന്ന കാപ്ചർസൈറ്റിൽ​െവച്ച് 1962 ആഗസ്റ്റ് 5ന് അദ്ദേഹത്തെ പിടികൂടുന്നതും. ഡോണൾഡ് റിക്കാർഡ് (Donald Rickard) എന്ന ആ ഒറ്റുകാരൻ 2016ൽ അയാളുടെ അന്ത്യനാളുകളിൽ ഇതുസംബന്ധിച്ചു നടത്തിയ കുറ്റസമ്മതത്തി​ന്റെ ശബ്ദരേഖ കാപ്ചർ മ്യൂസിയത്തിലെ റിസീവറിൽനിന്നും നമ്മുടെയും ചെവിയിലെത്തുന്നു... മ്യൂസിയത്തിനു പിൻഭാഗത്ത് പുൽമേടുകൾക്കു മധ്യത്തിലൂടെ ചുവന്ന ടൈലുകൾ വിരിച്ച നീണ്ടൊരു വഴിത്താര താഴേക്കുള്ള ഒരിറക്കത്തിൽ ചെന്നവസാനിക്കുന്നിടത്ത് അതാ വിഖ്യാതമായ ആ ശിൽപം, നമ്മുടെ ബിനാലേക്കാരുടെ ഭാഷയിൽ പറഞ്ഞാൽ മനോഹരമായ ഒരു ഇൻസ്റ്റലേഷൻ. ആറു മുതൽ പത്തു മീറ്റർ വരെ ഉയരത്തിൽ ദീർഘചതുരാകൃതിയിലുള്ള അമ്പത് ലേസർകട്ട് ഉരുക്കുദണ്ഡുകൾകൊണ്ട് നിർമിച്ച ത്രിമാനസ്വഭാവമുള്ള മണ്ടേലയുടെ രൂപശിൽപം! മാർക്കോ സിയാൻഫാനെല്ലി (Marco Cianfanelli) എന്ന ജൊഹാനസ്​ബർഗുകാരൻ ശിൽപിയുടെ ഭാവന. അവിടെനിന്നും മണ്ടേലയെ പിടികൂടിയതി​ന്റെ അമ്പതാം വാർഷികദിനമായ 2012 ആഗസ്റ്റ് 5ന് പ്രസിഡന്റ് ജേക്കബ് സുമ ശിൽപം അനാവരണംചെയ്തു. അമ്പതാണ്ടുകളെ പ്രതിനിധാനംചെയ്യാൻ അമ്പതു തൂണുകൾ. നന്മമോളെയും കൂട്ടി ഇറക്കത്തിലൂടെ ഞാൻ ശിൽപത്തിനടുത്തേക്കു നടന്നു. മണ്ടേലയുടെ പ്രസിദ്ധമായ ആത്മകഥയുടെ പേര് മനസ്സിൽ ഓർമിച്ചുകൊണ്ട്, കാലുകൾ നീട്ടി​െവച്ചുതന്നെ. എ ലോങ് വാക് ടു ഫ്രീഡം!

പീറ്റർ മാരിസ് ബർഗ് റെയിൽവേ സ്റ്റേഷൻ,മണ്ടേലയുടെ ആത്മകഥ ‘എ ലോങ് വാക്ക് ടു ഫ്രീഡം’ പുസ്തകത്തിന്‍റെ കവർ

 

10. ചേരികളുടെ മ്യൂസിയം

നെതർലൻഡ്സിനെക്കുറിച്ചുള്ള ഏറ്റവും വലിയ വിശേഷണം അതു മ്യൂസിയങ്ങളുടെ നാടാണ് എന്നുള്ളതാണ്. എവിടെ തിരിഞ്ഞാലും മ്യൂസിയങ്ങൾ മാത്രം. ആൻഫ്രാങ്കിനും വിൻസെന്റ് വാൻഗോഗിനും മാത്രമല്ല, തെരുവുപുത്രിമാരുടെ ചരിത്രം പറഞ്ഞുതരാനും അവർ നമുക്കുവേണ്ടി മ്യൂസിയങ്ങൾ പണിതുവെച്ചിട്ടുണ്ട്. ഡർബനിലെ യാത്രക്കിടയിൽ എ​ന്റെ മനസ്സിൽ തോന്നിയ സംശയങ്ങൾ രണ്ടായിരുന്നു. മ്യൂസിയങ്ങളുടെ കാര്യത്തിൽ നെതർലൻഡ്സ് ഡർബനെ പിന്നിലാക്കില്ലെങ്കിലും ചേരികളുടെ എണ്ണത്തിൽ ഡർബൻ ഡച്ചുകാരെ പിന്നിലാക്കുകതന്നെ ചെയ്യും! അതുമല്ലെങ്കിൽ ദക്ഷിണാഫ്രിക്കയിൽ ഏറ്റവും കൂടുതൽ ചേരികളുള്ള പ്രദേശമെന്ന ഖ്യാതിയിലെങ്കിലും (കോളനിവാഴ്ചയുടെ ചരിത്രമെടുക്കുമ്പോൾ നെതർലൻഡ്സുകാർ എന്ന ഡച്ചുകാരുമായി വലിയൊരു ബന്ധമാണല്ലോ ദക്ഷിണാഫ്രിക്കക്കുള്ളത്. നാം ഇന്ത്യക്കാരെ വട്ടംചുറ്റിച്ച ആ മൂന്നു കാറുകളുടെയും –പോർചുഗീസുകാർ, ഡച്ചുകാർ, ഇംഗ്ലീഷുകാർ– അവരുടെ ആദ്യതാവളങ്ങളിലൊന്ന് ഈ വൻകരയായിരുന്നു).

യാത്രയിലൂടെ മനസ്സിൽ വേരുറച്ചുകഴിഞ്ഞതെങ്കിലും എ​ന്റെ ഊഹം ശരിതന്നെയായിരുന്നു. ക്വാസുലു നതാൾ (Kwa Zulu Natal) േപ്രാവിൻസിലാണ് നാമറിയുന്ന ഡർബനെങ്കിലും അതിവിശാലമായ തെക്വിൻ (eThekwin) മെേട്രാപൊളിറ്റൻ മുനിസിപ്പാലിറ്റിയുടെ ഒരുഭാഗം മാത്രമേ ആകുന്നുള്ളൂ ഈ ഡർബൻ. ദക്ഷിണാഫ്രിക്കയിൽ ഏറ്റവുമധികം ചേരികൾ ഇവിടെത്തന്നെ. അവരുടെ ഭാഷയിൽ പറഞ്ഞാൽ 590 ഇൻഫോമൽ സെറ്റിൽമെന്റുകൾ. അവയിലെല്ലാംകൂടി 3,16,000 മനുഷ്യർ! നഗരജനസംഖ്യയുടെ നേർപകുതി! ഇതുപോലെയോ ഇതിനോടു തോൾചേർന്നോ, കണക്കുകളിൽ ചെറിയ വ്യത്യാസങ്ങളോടെയോ എല്ലാ േപ്രാവിൻസുകളിലുമായി എത്രയോ ചേരിപ്രദേശങ്ങൾ. അവിടെയെല്ലാമായി എത്രയോ ലക്ഷം മനുഷ്യർ. ദക്ഷിണാഫ്രിക്കൻ സർക്കാറിന്റെ കണക്കുകൾ പ്രകാരംതന്നെ ആറര മില്യൺ മനുഷ്യർ ചേരികളിൽ കഴിയുന്നവരാണ്.

അവരുടെ സമ്പദ് വ്യവസ്​ഥയെ നിയന്ത്രിച്ചു നിർത്തുന്നതിൽ വളരെ നിർണായകമായൊരു പങ്ക് ഈ ചേരികൾക്കോരോന്നിനും ഉണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ നിരീക്ഷിച്ചിട്ടുള്ളത്. ഒരുദിവസം ചേരികളിൽ നടക്കുന്ന ക്രയവിക്രയങ്ങളുടെ നാലിലൊന്നുപോലും വരില്ല നഗരങ്ങളിൽ നടക്കുന്ന മൊത്തം വ്യാപാരമൂല്യമെന്ന് അവർ കണക്കുകൂട്ടുന്നു. എവിടെയുമെന്നപോലെ മദ്യവും മയക്കുമരുന്നും വ്യഭിചാരവും അക്രമവും ഗുണ്ടായിസവും കുറ്റകൃത്യങ്ങളും ഓരോ ചേരിയിലും അരങ്ങുതകർക്കുന്നു. നിയമപാലകരാകട്ടെ ബോധപൂർവം അതു കണ്ടില്ലെന്നു നടിക്കുന്നു. കാരണം ചേരികൾക്കോരോന്നിനും അതിന്റേതായ നിയമങ്ങളും നിയമപരിപാലനവുമുണ്ട്.

ചേരികളെ വിട്ട് ഞങ്ങൾ മ്യൂസിയങ്ങളിലേക്ക് കടന്നു. യുദ്ധമ്യൂസിയങ്ങൾ. അതിന് ഇവിടെയൊരു കുറവുമില്ല. എല്ലാ നഗരങ്ങളിലുമുണ്ടാകും അത്തരത്തിലുള്ള ഒന്നിലധികം ഇടങ്ങൾ. അക്കൂട്ടത്തിൽ വൂർ​െട്രക്കർ മ്യൂസിയം വേറിട്ടുനിൽക്കുന്നു എന്നുപറയാം. അതു വെള്ളക്കാര​ന്റെ (ഇംഗ്ലീഷുകാര​ന്റെ) വീഴ്ചകൾ തുടങ്ങിവെക്കുന്നതി​ന്റെ ചരിത്രമാണു പറയുന്നതെങ്കിൽ മറ്റ് നഗരങ്ങളിലെല്ലാമുള്ള വാർ മ്യൂസിയങ്ങൾ അവ​ന്റെ പടയോട്ടങ്ങളുടെ വീരേതിഹാസങ്ങൾ പറയാൻ മാത്രമായി നീക്കി​െവച്ചിട്ടുള്ളവയാണ്. സൂര്യനസ്​തമിക്കാത്ത സാമ്രാജ്യം നേടിയെടുത്ത വിജയങ്ങൾ. അവനു ജയിക്കാൻവേണ്ടി മനുഷ്യകവചങ്ങളായി മാറിപ്പോയ ആഫ്രിക്കൻ ഗോത്രസമൂഹങ്ങൾ.

ഡർബനിലെ എൻ.എം.ആർ അവന്യുവിൽ എല്ലാം തകർന്നടിഞ്ഞു കിടപ്പുണ്ടായിരുന്നു. കാടുപിടിച്ച കോട്ടകൾ. തകർന്ന കൊത്തളങ്ങൾ. ശിഥിലമായ വഴിത്താരകൾ. പണ്ട് പട്ടാളബാരക്കുകളായിരുന്നിടത്ത് ഇപ്പോൾ വാടകക്കാർ നിരങ്ങുന്നു. തകർച്ചകളുടെ ചരിത്രം പൂർത്തിയാക്കാനെന്നോണം. കാടുകൾക്കു നടുവിൽ കളങ്കസ്​മരണകളുമായി ജീർണിച്ചുനിൽക്കുന്ന 1858ൽ നിർമിച്ച ‘ചങ്ങലക്കിടപ്പെട്ട വിശുദ്ധ പ​േത്രാസി’ന്റെ (St. Peter in Chains) പേരിലുള്ള പള്ളി. അതിനുള്ളിൽനിന്നും ഇലക്ട്രിക് ഗിത്താറി​ന്റെ നാദം ഉയർന്നുകേട്ടു. അതിനൊപ്പം ഉച്ചസ്​ഥായിയിൽ പാടുന്നൊരു സ്​ത്രീയുടെ ശബ്ദവും. ഇന്നു ഞായറാഴ്ചയാണല്ലോ; അതി​ന്റെ മേളം.

ഞങ്ങൾ അവിടേക്കു ചെന്ന് അതി​ന്റെ വാതിൽക്കൽ നിന്നു. ഗിത്താർ വായന നിർത്തി​െവച്ച് ആ സ്​ത്രീ ഞങ്ങളുടെ അടുത്തേക്ക് വന്നു. അറുപതുകൾ പിന്നിട്ട ശുഭ്രവസ്​ത്രധാരിയായ ഒരിംഗ്ലീഷുകാരി. അവരും സ്​നേഹിതനും മാത്രമേ ഇപ്പോൾ അവിടെയുള്ളൂ. ഗാനശുശ്രൂഷ കഴിഞ്ഞ് പള്ളി പൂട്ടി അവർ തിരിച്ചുപോകും. വേറാരും വരാറില്ല, വരാനില്ല. ഇന്ത്യയിൽനിന്നുള്ള ക്രിസ്​ത്യാനികളാണ് ഞങ്ങൾ എന്നറിഞ്ഞപ്പോൾ അവർക്കു സന്തോഷമായി. കാട്ടുപൊന്തകൾ വകഞ്ഞുമാറ്റി, പൊളിഞ്ഞ കല്ലൊതുക്കുകളിലൂടെ ഞങ്ങൾ മ്യൂസിയത്തിലെത്തി. നിലംപൊത്താറായ പഴയൊരു ബംഗ്ലാവാണ് യുദ്ധമ്യൂസിയം. 1936ൽ സ്​ഥാപിതമായ Memorable Order of Tin Hats (M.O.T.H) Museum of Militaria! എങ്കിലും അകത്ത് ഒരു പ്രാചീന ബംഗ്ലാവി​ന്റെ എല്ലാ പ്രൗഢികളും, ഒപ്പം പൊളിച്ചടുക്കി​െവച്ചതുപോലൊരു ക്യൂറേറ്റർ സായിപ്പും.

ദക്ഷിണാഫ്രിക്കയുടെയും ഒന്നും രണ്ടും ലോകയുദ്ധങ്ങളുടെയും പുരാവസ്​തുക്കളുടെ ആധികാരിക ശേഖരമെന്ന് അവർതന്നെ വിശേഷിപ്പിക്കുന്ന ആ സ്​മാരകം ചോരപുരണ്ടൊരു ചരിത്രപുസ്​തകംതന്നെയായിരുന്നു. ആംഗ്ലോ-സുലു കലാപങ്ങൾ, ബോവർ യുദ്ധം, റൊഡേഷ്യൻ കലാപം, സമുദ്രാതിർത്തിയുമായി ബന്ധപ്പെട്ട എസ്​.ഡബ്ല്യു.എ. (S.W.A) കലാപം എന്നിവയുടെ അവശേഷിപ്പുകൾ കിങ്സ് ​മീഡ് (Kingsmead) ക്രിക്കറ്റ് സ്റ്റേഡിയത്തിനു നേരെ എതിർവശത്തുള്ള കുറ്റിക്കാട്ടിൽ സന്ദർശകരെ കാത്തുകിടക്കുന്നു.

ചിത്രങ്ങൾ, ഫോട്ടോഗ്രാഫുകൾ, പത്രവാർത്തകൾ, അംഗീകാരത്തി​ന്റെ നക്ഷത്രമുദ്രകൾ, ചെറിയ വെടിയുണ്ടകൾ മുതൽ പീരങ്കിയുണ്ടകൾവരെ. കൈത്തോക്കുകൾ തുടങ്ങി പീരങ്കികൾ വരെ. എല്ലാം കൃത്യമായ വിശദാംശങ്ങളോടെ. ആര്, എപ്പോൾ, എവിടെ എന്നുപയോഗിച്ചു എന്ന രേഖകൾ സഹിതം. ഒന്നും രണ്ടും എലിസബത്ത് രാജ്ഞിമാരുടെ സെപിയാടോണിലുള്ള വലിയ ഛായാപടങ്ങൾ, യുദ്ധവേഷങ്ങൾ, ഗോത്രജനതയുടെ കുന്തങ്ങളും നീളൻ പരിചകളും... യുദ്ധം എവിടെയും ഏതുകാലത്തുമുള്ള മനുഷ്യരെ മടുപ്പിച്ചിരുന്നു. സായിപ്പിന് അതൊരു മൃഗയാവിനോദം മാത്രമായിരുന്നെങ്കിലും! മടുപ്പുളവാക്കുന്ന ആ അന്തരീക്ഷത്തിൽനിന്ന് ഞങ്ങൾ പുറത്തുകടന്നു. ഏറ്റവും മോശമായി സംരക്ഷിക്കപ്പെടുന്ന യുദ്ധമ്യൂസിയങ്ങളിലൊന്ന് ഒരുപക്ഷേ ഇതായിരിക്കണം. യു.കെയിൽനിന്നും ധനസഹായമൊന്നുമില്ല. ദക്ഷിണാഫ്രിക്കൻ സർക്കാറിൽനിന്നാണെങ്കിൽ ഇല്ലേയില്ല.

ഡർബനിലെ വാർ മ്യൂസിയത്തിനോടു ചേർന്നുള്ള ചാപ്പലിന് മുന്നിലെ ഫലകം

 

‘‘പിന്നെ?’’

‘‘ഡൊണേഷൻസ്​!’’

ക്യൂറേറ്റർ പറഞ്ഞു.

സായിപ്പി​ന്റെ ചോരക്കൊതിയുടെ സ്​മാരകം നിലനിർത്താൻ സന്ദർശകരുടെ സംഭാവനകൾ മാത്രം.

വൻകിട റസ്റ്റാറന്റുകളിലെല്ലാം ഏതു നേരത്തും തിരക്കാണ്. വെളുത്തവരേക്കാൾ കൂടുതലും കറുത്തവർ. കറുത്തവരിലും സമ്പന്നരും ശതകോടീശ്വരന്മാരുമുണ്ട്. ഇപ്പോഴത്തെ പ്രസിഡന്റ് സിറിൽ റാമഫോസ തന്നെയും ഒരു ശതകോടീശ്വരനാണല്ലോ! പണമുണ്ടാക്കാനും അതു ചെലവഴിക്കാനും ആരിലും മുമ്പനാണ് കറുത്തവർഗക്കാരൻ.

മൊസാംബീക് ഭക്ഷണം ഒരു പരീക്ഷണമായിരുന്നെങ്കിലും അതു വിജയിച്ചു. പുഴുങ്ങിയെടുത്ത ചെമ്മീനി​ന്റെ മുതുകു പിളർന്ന് അതിനുള്ളിലെ ചളിക്കുടൽ മാത്രമേ നീക്കംചെയ്തിരുന്നുള്ളൂ. കാലുകളും കണ്ണും കൊമ്പുമെല്ലാം അതേപോലെ. അതിനൊപ്പം കണവ (Squid) കൊണ്ടുള്ള ചിപ്സ്​. ഏതൊരു ഭക്ഷണവിഭവത്തിനുമൊപ്പം ആവശ്യപ്പെടാതെ തന്നെ കയറിയിരിക്കാറുള്ള നമ്മുടെ ഉഴുന്നുവടപോലെ എല്ലാ ഭക്ഷണത്തിനും അകമ്പടിപോകാറുള്ള പൊട്ടറ്റൊ ഫിങ്കർ ചിപ്സി​ന്റെ ഒരു കൂമ്പാരവും. കുടിക്കാൻ എന്താവശ്യപ്പെട്ടാലും, ചൂടുവെള്ളമുൾപ്പെടെ അതിനകത്തു കയറി സൗജന്യ യാത്ര നടത്തുന്ന സിട്രസി​ന്റെ ഒരു കഷണം! (ഇവിടത്തെ ഏറ്റവും വലിയ കാർഷികോൽപന്നങ്ങളിൽ ഒന്നാണീ നാരങ്ങ)

ആവശ്യപ്പെടുന്ന ഇഷ്​ടഭക്ഷണം നൽകി നമ്മുടെ വിശപ്പകറ്റുന്ന ഇവർക്ക് ഔദാര്യംപോലെ ‘ടിപ്’ നൽകി മാന്യന്മാരാകാമെന്ന് ഇനി വിചാരിക്കേണ്ട. ആ കാലമപ്പാടെ മാറിപ്പോയിരിക്കുന്നു. ‘ടിപ്’ എന്ന പേരും. ഇന്നതിപ്പോൾ ഗ്രാറ്റ്വിറ്റിയാണ്! അതും ആകെ ബിൽത്തുകയുടെ പത്തു ശതമാനം. ഒടുവിൽ തർക്കമുണ്ടാകാതിരിക്കാൻ മെനുകാർഡിൽ ആ വിവരം വിശദമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. എട്ടോ അതിൽകൂടുതൽ ആളുകളോ ഭക്ഷണം കഴിക്കുന്നുണ്ടെങ്കിൽ 10 ഗ്രാറ്റ്വിറ്റി നൽകിയിരിക്കണമെന്ന്!

അത്ഭുതകരം തന്നെ!

എണ്ണം എട്ടുപേരിൽ കുറഞ്ഞിരുന്നാലും അതൊരാൾ മാത്രമായാലും ഗ്രാറ്റ്വിറ്റിയുടെ കാര്യത്തിൽ കുറവുണ്ടാവില്ലെന്നതുവേറെ!

കൈവശം ചില്ലറയില്ലാതിരുന്നതിനാൽ ബിൽതുകയിലും വലിയൊരു തുക ഒന്നിച്ചു കൊടുത്തപ്പോൾ, അവർക്കിഷ്​ടമുള്ള തുക ടിപ്പായി മുൻകൂർ എടുത്തതിനുശേഷം ബാക്കിനൽകിയ അനുഭവവും എനിക്കുണ്ടല്ലോ! നമ്മുടെ സ്വന്തം ഇന്ത്യയിൽതന്നെ; വാരാണസിയിലേക്കുള്ള യാത്രക്കിടയിൽ പ്രയാഗ് രാജിലെ ഹോട്ടലിൽനിന്നും.

‘‘അതിനു തർക്കിച്ചിട്ടു കാര്യമൊന്നുമില്ല.’’


 


ഡർബനിലെ വാർമ്യൂസിയം

മകൻ എന്നെ സമാധാനിപ്പിച്ചു.

‘‘നമ്മൾ കൊടുത്താലല്ലേ അവർ വാങ്ങൂ.’’

ദക്ഷിണാഫ്രിക്ക കൈവെള്ളയിലെ രേഖകൾപോലെ പരിചിതമായ അയാൾക്ക് ആ സാഹചര്യത്തെയും കൈകാര്യംചെയ്യാനറിയാം.

താമസസ്​ഥലത്തേക്ക് മടങ്ങുമ്പോഴാണ് ഞങ്ങളെ കടന്നുപോയ ചില കാറുകളുടെ നമ്പർപ്ലേറ്റിൽനിന്നും നമുക്കു പരിചിതമല്ലാത്ത ആ രജിസ്​േട്രഷൻ ശ്രദ്ധയിൽപെടുന്നത്. സംസ്​ഥാനത്തി​ന്റെയും രജിസ്​േട്രഷൻ അധികാരിയുടെയും കോഡുകളുടെ സ്​ഥാനത്ത് വ്യക്തിയുടെ പേരുകൾ. ഉദാഹരണം നോക്കുക:

HANNA N ZN

YANTRA ZN

RANDIP ZN

അതെ; വ്യക്തിനാമങ്ങൾതന്നെ. പേരിനു ശേഷമുള്ള കോഡ് സംസ്​ഥാനത്തെ സൂചിപ്പിക്കുന്നു. ZN എന്നാൽ Zulu Natal എന്നും.

ഇഷ്​ടപ്പെട്ട ഫാൻസി നമ്പറുകൾ നേടാൻ ലക്ഷങ്ങൾ മുടക്കാൻ മടിയില്ലാത്ത നമുക്കും പരീക്ഷിക്കാവുന്നതാണ് ഇത്തരം പരിഷ്‍കാരങ്ങൾ എന്നു തോന്നി.

(തുടരും)

News Summary - Johannesburg travel