Begin typing your search above and press return to search.

ഫീനിക്സുകൾ പുനർജനിക്കുന്നു

ഫീനിക്സുകൾ   പുനർജനിക്കുന്നു
cancel

11 നഗരങ്ങളും പട്ടണങ്ങളും പിന്നിട്ട് ഉള്ളിലേക്ക് കടക്കുംതോറും യാത്രകൾ പൊതുവെ മനസ്സിൽ സംഘർഷം ജനിപ്പിക്കുന്നവയായിരുന്നു. തൊഴിലില്ലായ്മയും ദാരിദ്യ്രവുംകൊണ്ട് പൊറുതിമുട്ടുന്ന മനുഷ്യരുടെ കാഴ്ചകൾ വഴിക്കവലകളിലെ സിൽ പോയന്‍റുകൾ മുതൽക്ക് ആരംഭിക്കുന്നു. ഫുൾസ്യൂട്ടിൽ മാന്യമായി തെണ്ടുന്നവർ മുതൽ No home, No job, No food... എന്നെഴുതിയ ബോർഡും നെഞ്ചിൽതൂക്കി കത്തുന്ന മധ്യാഹ്നവെയിലിൽ ഭിക്ഷാടനം നടത്തുന്ന മനുഷ്യരുള്ള പ്രധാന നിരത്തുകൾ പിന്നിട്ട കുറെക്കൂടി അകത്തേക്കു ചെല്ലുമ്പോൾ കഥയാകെ മാറുന്നു. സൗമ്യത അക്രമത്തിനും പിടിച്ചുപറിക്കും വഴിമാറിക്കൊടുക്കുന്നു. ഡർബൻ നഗരത്തിന്‍റെ പ്രാന്തപ്രദേശങ്ങളും...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

11

നഗരങ്ങളും പട്ടണങ്ങളും പിന്നിട്ട് ഉള്ളിലേക്ക് കടക്കുംതോറും യാത്രകൾ പൊതുവെ മനസ്സിൽ സംഘർഷം ജനിപ്പിക്കുന്നവയായിരുന്നു. തൊഴിലില്ലായ്മയും ദാരിദ്യ്രവുംകൊണ്ട് പൊറുതിമുട്ടുന്ന മനുഷ്യരുടെ കാഴ്ചകൾ വഴിക്കവലകളിലെ സിൽ പോയന്‍റുകൾ മുതൽക്ക് ആരംഭിക്കുന്നു. ഫുൾസ്യൂട്ടിൽ മാന്യമായി തെണ്ടുന്നവർ മുതൽ No home, No job, No food... എന്നെഴുതിയ ബോർഡും നെഞ്ചിൽതൂക്കി കത്തുന്ന മധ്യാഹ്നവെയിലിൽ ഭിക്ഷാടനം നടത്തുന്ന മനുഷ്യരുള്ള പ്രധാന നിരത്തുകൾ പിന്നിട്ട കുറെക്കൂടി അകത്തേക്കു ചെല്ലുമ്പോൾ കഥയാകെ മാറുന്നു.

സൗമ്യത അക്രമത്തിനും പിടിച്ചുപറിക്കും വഴിമാറിക്കൊടുക്കുന്നു. ഡർബൻ നഗരത്തിന്‍റെ പ്രാന്തപ്രദേശങ്ങളും ഇതിൽ നിന്നൊട്ടും ഭിന്നമല്ല. അതിൽതന്നെ നമുക്ക് ഗാന്ധിവായനയിലൂടെ സുപരിചിതമായ ക്വാസുലു-നതാൾ പരിസരങ്ങൾ, KZN എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ക്വാസുലു-നതാളിൽ വർധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരിൽ പ്രസിഡന്‍റുതന്നെ നേരിട്ട് ഇടപെടേണ്ടിവന്ന സാഹചര്യമുണ്ടായത് ഈയിടെയാണ്.

ഞങ്ങൾ താമസിക്കുന്ന കടലോരപ്രദേശമായ ഹംഷ്​ലങ്കയിലെ (Umhlanga) മറൈൻ ടെറസ്​ എന്ന വസതിയിൽനിന്നും ഏഴര കി​േലാ​മീറ്റർ മാത്രം അകലെയുള്ള ഫീനിക്സ്​ സെറ്റിൽമെന്‍റിൽ എത്തിച്ചേരാൻ പത്തു മിനിറ്റു മാത്രം മതിയെങ്കിലും അതിലേറെ നേരം വേണ്ടിവന്നു. യാദൃച്ഛികമായിട്ടാണെങ്കിലും ആ സന്ദർശനത്തിനുവേണ്ടി ഞങ്ങൾ തെരഞ്ഞെടുത്തത് ഏപ്രിൽ 15നായിരുന്നു എന്നത് വളരെ ചിന്തനീയമായി തോന്നി. കീഴാള ജനതയുടെ വിമോചനത്തിനുവേണ്ടി സ്വതന്ത്രഭാരതത്തിൽ മുഴങ്ങിക്കേട്ട ഏറ്റവും ഉജ്ജ്വലവും ധീരവുമായ ആ ശബ്ദത്തിന്‍റെ ഉടമയെ സാക്ഷാൽ ഭീം റാവു അംബേദ്കറുടെ ജന്മനാൾ!

പ്രധാനപാതയിൽനിന്നും വലത്തേക്ക് തിരിഞ്ഞ് 500 മീറ്ററിനപ്പുറമുള്ള ലക്ഷ്യസ്​ഥാനത്ത് എത്തുന്നതിനും മുമ്പേ ചുറ്റുപാടുകളുടെ കിടപ്പ് നേരിട്ടറിയാൻ കഴിഞ്ഞു. പൊട്ടിപ്പൊളിഞ്ഞ് മലിനജലമൊഴുകുന്ന ഇടുങ്ങിയ വഴിത്താര. ഇടതുവശത്ത് ഡർബനിന്‍റെ മുഖമുദ്രയായ ഇൻഫോർമൽ സെറ്റിൽമെന്‍റ്. അലക്ഷ്യമായി അലയുന്ന കറുത്ത യുവാക്കളുടെ സംഘങ്ങൾ.

‘‘ചിലപ്പോൾ തിരിച്ചുപോകേണ്ടി വന്നേക്കാം.’’

മകൻ ആശങ്ക പ്രകടിപ്പിച്ചു.

‘‘ഇവിടംവരെ വന്നിട്ടോ?’’

‘‘ഇവർക്ക് ഗാന്ധിയും നെഹ്റുവുമൊന്നും മനസ്സിലാകില്ല; മണ്ടേലയൊഴികെ!’’

എന്‍റെ മുഖം മ്ലാനമാകുന്നത് എനിക്കുതന്നെ കാണാനാകുന്നുണ്ട്.

എന്നാൽ കണ്ടു; പാതയുടെ വലതുവശത്തുള്ള ഇഷ്​ടികച്ചുവരിൽ ഒരു ബോർഡ് ‘കസ്​തൂർബാ ഗാന്ധി ൈപ്രമറി സ്​കൂൾ!’

ഒരു ഭാഗത്ത് ചേരിയും എതിർഭാഗത്ത് നമ്മുടെ നാട്ടിലെ ഒരു ഹയർ സെക്കൻഡറി സ്​കൂളിനുവേണ്ട സൗകര്യങ്ങളുമുള്ള ൈപ്രമറി സ്​കൂളും.

തൊട്ടുമുന്നിൽ ഫീനിക്സ്​ സെറ്റിൽമെന്‍റ്! പ്രവേശനകവാടത്തിന്‍റെ തൊട്ടെതിർഭാഗത്തായി മഹാത്മാഗാന്ധി ‘ഇന്ത്യൻ ഒപ്പീനിയൻ’ എന്ന പ്രതിവാരപത്രിക അച്ചടിക്കാൻ വേണ്ടി സ്​ഥാപിച്ച അച്ചടിശാലയുടെ പഴയ കെട്ടിടം തലയുയർത്തി നിൽക്കുന്നു.

മധ്യഭാഗത്തുതന്നെ, അന്നൊരു നാൾ ഗാന്ധിജിയുണ്ടാക്കിയ കിണറിനെ വലം​െവച്ച് ഞങ്ങൾ വണ്ടിയിൽനിന്നുമിറങ്ങുന്നതി​െനാപ്പം, പഴയ പ്രസിന്‍റെ ഓഫിസിൽനിന്നും ബൊങ്കാനി മത്തേമ്പു (Bongani Mthembu) ഇറങ്ങിവന്നു. ഡർബൻ ടൂറിസത്തിന്‍റെ പ്രമോട്ടർമാരിലൊരാളും ഫീനിക്സിന്‍റെ കാര്യദർശിയും ഗൈഡും എല്ലാമാണയാൾ.

ഡർബനു വെളിയിൽ ഇനാൻഡ (Enanda) എന്നിടത്താണ് ഫീനിക്സ്​ സെറ്റിൽമെന്‍റ് സ്​ഥിതിചെയ്യുന്നത്. ക്വാസുലു-നതാളിലെ പ്രസിദ്ധമായ ഹെറിറ്റേജ് റൂട്ടിൽ. അതിരിക്കുന്ന എൺപത് ഏക്കർ വസ്​തു ഗാന്ധിജി വാങ്ങിയതായിരുന്നു. മറ്റൊരു ഇരുപതേക്കർ സ്​ഥലം ഒരു വ്യക്തിയുടെ സംഭാവനയും.

സത്യഗ്രഹ ഹൗസിന്‍റെയും ടോൾസ്റ്റോയി ഫാമിന്‍റെയും കാര്യത്തിലെന്നപോലെ ഇവിടെയും കല്ലൻബാക്കിന്‍റെ പങ്കാളിത്തം പല കാര്യങ്ങളിലും ഉണ്ടായിരുന്നു. പണം മുടക്കുന്നതിലോ കെട്ടിടങ്ങൾ രൂപകൽപന ചെയ്യുന്നതിലോ മാത്രം അത് ഒതുങ്ങിനിന്നതുമില്ല. 1913ൽ ഫീനിക്സിലെ രണ്ട് അന്തേവാസികളുടെ ധാർമിക അപഭ്രംശത്തിൽ തന്‍റെ മനോവിഷമം പ്രകടിപ്പിച്ചുകൊണ്ട് ഗാന്ധിജി നടത്തിയ ഒരാഴ്ചക്കാലം നീണ്ടുനിന്ന ആദ്യത്തെ ഉപവാസത്തിൽ പങ്കുചേരാൻ ആദ്യം മുന്നോട്ടുവന്നവരിലൊരാൾ ഹെർമൻ കല്ലൻബാക്കായിരുന്നു. (ആ രണ്ട് അന്തേവാസികൾ, മഹാത്മജിക്കു പ്രിയപ്പെട്ട സുഹൃത്തിന്‍റെ വിവാഹിതയായ മകളും പ്രിയപുത്രൻ മണിലാലുമല്ലാതെ മറ്റാരുമായിരുന്നില്ല എന്നതാണ് സത്യം).

ദക്ഷിണാഫ്രിക്കൻ ഭൂപ്രകൃതിയുടെ പ്രത്യേകതയായ പച്ചപ്പിന്‍റെ ഒരു കേദാരം. 1904 മുതൽ 1914ൽ ഇന്ത്യയിലേക്കു മടങ്ങുന്നതുവരെയും ഗാന്ധിജിയും കുടുംബവും ഇവിടെയായിരുന്നു. ‘സകലർക്കും നന്മ’ എന്നർഥം വരുന്ന ‘സർവോദയ’ എന്നു പേരിട്ട ഭവനത്തിൽ. ഇന്നുമിവിടെ അവശേഷിക്കുന്ന ഇന്‍റർനാഷനൽ പ്രിന്‍റിങ് പ്രസ് എന്ന അച്ചുകൂടത്തിൽനിന്നാണ് ‘ഇന്ത്യൻ ഒപ്പീനിയൻ’ എന്ന വാർത്താപത്രിക 1903 ജൂൺ നാലുമുതൽ പ്രസിദ്ധീകരിച്ചുപോന്നത്. അതുകൊണ്ടുതന്നെ ദക്ഷിണാഫ്രിക്കയിലുള്ള മറ്റേതൊരു ഗാന്ധിസ്​മാരകങ്ങളിൽനിന്നും ഭിന്നമായി ഒട്ടനവധി ചരിത്രരേഖകൾ ഇവിടെയാണ് സംരക്ഷിക്കപ്പെട്ടിട്ടുള്ളതും. കത്തുകളും പത്രങ്ങളും ചിത്രങ്ങളും ഫോട്ടോകളുമൊക്കെയായി അതിവിടെയെമ്പാടും നിറഞ്ഞുനിൽക്കുന്നു.

 

ക്വാസുലു-നതാൾ മ്യൂസിയം,ഫീനിക്സ് സെറ്റിൽമെന്‍റിൽ ഡർബൻ ടൂറിസത്തിന്‍റെ പ്രമോട്ടറായ ബൊൻഗാനിയോടൊപ്പം ലേഖകൻ

അക്കാലത്ത് ഇവിടെ ന്യൂനപക്ഷമായിരുന്ന ചൈനാക്കാരെ സംഘടിപ്പിക്കാനും ഗാന്ധിജി ശ്രമിച്ചിരുന്നതായി കാണാം. അതിനാധാരമായ ചിത്രങ്ങളും രേഖകളുമെല്ലാം മ്യൂസിയത്തിൽ ഉണ്ടായിരുന്നു. അതി​െനാപ്പം മഹാത്മജി തന്നെ മുൻകൈയെടുത്ത് 1893ൽ രൂപവത്കരിച്ച പാസിവ് റെസിസ്റ്റേഴ്സ്​ സോക്കർ ക്ലബും (Passive Resisters Soccer Club). ഡർബനും പ്രിട്ടോറിയയും ജൊഹാനസ്​ബർഗും കേന്ദ്രമാക്കി മൂന്നു ടീമുകളും. വലിയൊരു സാമ്രാജ്യത്വ ശക്തിക്കെതിരെ പോരാടാനുറച്ച ഒരാൾ സ്വീകരിച്ച പ്രതിരോധമാർഗങ്ങളിൽ ഒന്നായിരുന്നു അതും!

ഫീനിക്സിലെ പ്രവർത്തനങ്ങളെല്ലാം ആദ്യകാലങ്ങളിൽ കസ്​തൂർബായുടെ മേൽനോട്ടത്തിലായിരുന്നു. അനീതിക്കും അധർമത്തിനുമെതിരായ പോരാട്ടങ്ങളിലും, ജയിൽവാസം ഉൾ​െപ്പടെയുള്ള ദാരുണാനുഭവങ്ങളിലുമെല്ലാം അവർ മഹാത്മാവിനൊപ്പം മുൻനിരയിൽത്തന്നെ ഉണ്ടായിരുന്നു. അവർ അന്ത്യശ്വാസം വലിച്ചതുപോലും തടവറക്കുള്ളിലായിരുന്നല്ലോ; 1944 ഫെബ്രുവരി 22ന് പുണെയിലെ ജയിലിൽവെച്ച്.

ഇവിടെയിപ്പോൾ റഫറൻസ്​ ലൈബ്രറിയായി ഉപയോഗിച്ചുവരുന്ന കെട്ടിടം ഒരിക്കൽ ‘കസ്​തൂർബാ ഭവനാ’യിരുന്നു. മണിലാൽ അമ്മക്കുവേണ്ടി നിർമിച്ചു നൽകിയത്. മണിലാൽ തന്‍റെ അവസാനദിനങ്ങൾ ചെലവഴിച്ചതും ഈ ഭവനത്തിലായിരുന്നു.

1980കളിൽ ഈ പ്രദേശത്തുണ്ടായ രാഷ്ട്രീയ കലാപത്തിന്‍റെ അഗ്നികൾ ഒടുവിൽ ഈ ഭവനത്തിലേക്കും പടർന്നുകയറി. അന്നത് പൂർണമായും കത്തിനശിച്ചെങ്കിലും പുനർനിർമിക്കാനായി എന്നതു വേറെ. ചിതയിൽനിന്നും ചിറകുവിരിച്ചു പറന്നുയർന്ന ഫീനിക്സ്​ പക്ഷിയുടെ കഥ അന്വർഥമാക്കുമാറ്, മഹാത്മാവ് മുന്നോട്ടു​െവച്ച അക്രമരാഹിത്യ സിദ്ധാന്തങ്ങളുടെ ഉയിർത്തെഴുന്നേൽപിന്‍റെ വിജയസ്​മാരകമായി നിലകൊള്ളുന്നു അതിപ്പോഴും.

വീണ്ടും 1985ലുണ്ടായ പ്രാദേശിക കലാപത്തിലും സെറ്റിൽമെന്‍റിനു നേർക്ക് ആക്രമണമുണ്ടായി, ദക്ഷിണാഫ്രിക്ക പോലുള്ളൊരു വിശാലമായ രാജ്യത്തിൽ കലാപകാരികൾക്കുവേണ്ടിയിരുന്നത് സെറ്റിൽമെന്‍റിന്‍റെ മണ്ണായിരുന്നു. അടിച്ചാൽ തിരിച്ചടിക്കില്ല എന്നുറപ്പുള്ള അക്രമികൾ അങ്ങനെ ഇരുപതോളം ഏക്കർ സ്​ഥലം കൈവശമാക്കി. ഈ അതിക്രമം ചെയ്തവരൊന്നും പക്ഷേ വെളുത്തവർ ആയിരുന്നില്ല. ഗാന്ധിജി ആരാണെന്നറിയാത്ത കറുത്തവംശജരുടെ പുതുതലമുറയുടെ പ്രതിനിധികളായിരുന്നു അവർ. ഇപ്പോൾ അവശേഷിക്കുന്ന എൺപത് ഏക്കറാണ് ഫീനിക്സിന്‍റെ മൊത്തം സ്​ഥാവരം.

ഭാരതസർക്കാറിൽനിന്നു സഹായധനം സ്വീകരിക്കുകയും മ്യൂസിയം ക്യൂറേറ്റു ചെയ്യുകയും മാത്രമല്ല തങ്ങളുടെ ജോലിയെന്ന് ബോൻഗാനി പറഞ്ഞു. ചുറ്റുപാടുമുള്ള സമൂഹത്തിന്‍റെ ആവശ്യങ്ങളറിഞ്ഞു പ്രവർത്തിക്കുന്ന കാര്യത്തിലും ട്രസ്റ്റ് എന്നും മുന്നിൽതന്നെയുണ്ട്. 2022 ഏപ്രിൽ മാസത്തിൽ ക്വാസുലുവിലുണ്ടായ പ്രളയത്തിൽ മരണമടഞ്ഞവരുടെയും ഭവനരഹിതരായവരുടെയും കുടുംബങ്ങൾക്ക് സഹായവും അഭയവുമായി ട്രസ്റ്റ് ഓടിയെത്തി. അതുപോലെതന്നെ ആ വർഷം ജൂലൈ മാസത്തിലുണ്ടായ അഗ്നിബാധയിലും.

അതോടൊപ്പം യുവജനങ്ങൾക്കായി മഹാത്മാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്പ്യൂട്ടർ ഇൻഫർമേഷൻ ആൻഡ് െട്രയ്നിങ്, ഒക്കുപേഷനൽ തെറപ്പിയിലുള്ള പരിശീലനം, െട്രയ്നിങ് വർക്ക്ഷോപ്പുകൾ തുടങ്ങിയവയും പ്രവർത്തനങ്ങളുടെ ഭാഗമാണ്. പണ്ട് ‘ഇന്ത്യൻ ഒപ്പീനിയന്‍റെ’ അച്ചടിശാലയായി പ്രവർത്തിച്ചിരുന്ന കെട്ടിടം കാലാന്തരങ്ങളിലുണ്ടായ പല രൂപപരിണാമങ്ങൾക്കുശേഷം ഇന്നിപ്പോൾ അതൊരു കമ്പ്യൂട്ടർ സെന്‍ററും ഇന്‍റർനെറ്റ് കഫേയുമായി പ്രവർത്തിച്ചുവരുന്നു. ശനിയാഴ്ചകളിൽ അതു കുട്ടികൾക്കായുള്ള ബുക്ക് ക്ലബായി രൂപാന്തരപ്പെടും. മഹാത്മാവിന്‍റെ 150ാം ജന്മദിനാഘോഷ ഭാഗമായി ഒക്ടോബർ രണ്ടിന് ‘മഹാത്മാ ഗാന്ധി ഇന്‍റർനാഷനൽ അവാർഡ് ഫോർ പീസ്​ ആൻഡ് നോൺ വയലൻസ്​’ പുരസ്​കാരം നൽകപ്പെട്ടത് ‘കില’യുടെ (KILA) മുൻ ഡയറക്ടർ ഡോ. ബാലനായിരുന്നു.

മഹാത്മാവിനൊപ്പം, അദ്ദേഹത്തിൽനിന്നു പ്രചോദനമുൾ​െക്കാണ്ട മാർട്ടിൻ ലൂഥർ കിങ്ങിനെയും നെൽസൺ മണ്ടേലയെയും അവർ മറന്നുകളയുന്നില്ല. കഴിഞ്ഞ 20ാമത് നെൽസൺ മണ്ടേല സ്​മാരകപ്രഭാഷണം നടത്താൻ ഫീനിക്സ്​ സെറ്റിൽമെന്‍റിലെത്തിയത് ബാർബഡോസയുടെ പ്രധാനമന്ത്രി മിയ മോട്ടിലെ (Mia Mottley) ആയിരുന്നു.

ബോൻഗാനി ആവേശഭരിതനായി. Enanda Communtiy Newspaper എന്ന പേരിൽ ഒരു പ്രതിമാസ പത്രികയും കഴിഞ്ഞ അഞ്ചു വർഷമായി ഫീനിക്സിൽനിന്നും പ്രസിദ്ധീകരിച്ചുവരുന്നു. ഒപ്പം ജനാധിപത്യ ദക്ഷിണാഫ്രിക്കൻ ഭരണകൂടം സ്​ഥാപിതമായതിന്‍റെ 30ാം വാർഷികം ആഘോഷിക്കാനുള്ള ഒരുക്കങ്ങളിലാണ് അവർ.

2022-23 വർഷത്തിൽ ആയിരത്തിലേറെ വിദേശ ടൂറിസ്റ്റുകളും 1800 സ്വദേശികളും ഫീനിക്സ്​ സെറ്റിൽമെന്‍റ് സന്ദർശിക്കുകയുണ്ടായി എന്നത് അഭിമാനാർഹമായ കാര്യമാണ്. മഹാത്മാവിന്‍റെ പൗത്രിയായ ഇളാ ഗാന്ധി നേതൃത്വം നൽകുന്ന ഫീനിക്സ്​ സെറ്റിൽമെന്‍റും ഗാന്ധി ഡെവലപ്പ്മെന്‍റ് ട്രസ്റ്റും ദക്ഷിണാഫ്രിക്കക്ക് ഇപ്പോഴും നൽകിക്കൊണ്ടിരിക്കുന്ന സന്ദേശം വളരെ വലുതാണ്.

ജോൺപോൾ രണ്ടാമൻ മാർപാപ്പയിൽനിന്ന് അനുഗ്രഹങ്ങൾ സ്വീകരിക്കുന്ന ഇളാ ഗാന്ധിയുടെ ചിത്രം മ്യൂസിയത്തിൽ കാണുകയുണ്ടായല്ലോ എന്ന് മി. ബൊൻഗാനിയോടൊപ്പം അദ്ദേഹത്തിന്‍റെ ഓഫിസിലിരിക്കെ ഞാനോർത്തു.

 

വിർജിൻ –ഉല്ലാസക്കപ്പൽ

‘‘അവരിപ്പോൾ എവിടെയുണ്ട്?’’

ഞാൻ അന്വേഷിച്ചു.

‘‘ഇവിടെ അടുത്തുതന്നെയുണ്ടല്ലോ, ജൊഹാനസ്​ബർഗിൽ.’’ അദ്ദേഹം പറഞ്ഞു.

‘‘ഒരുപാട് പ്രായം കാണുമല്ലോ ആ അമ്മക്ക്; അവരിപ്പോഴും സന്ദർശകരെ സ്വീകരിക്കാറുണ്ടോ?’’

‘‘ഞാൻ നമ്പർ തരാം. നിങ്ങൾ ഒന്നു ശ്രമിച്ചുനോക്കൂ.’’

ബൊൻഗാനി നമ്പർ എഴുതിത്തന്നു. ഒപ്പം മെയിൽ ഐഡിയും. അദ്ദേഹത്തിന്‍റെ ഓഫിസിനോടു ചേർന്ന ഹാളിൽ കുറേയധികം ആളുകൾ ഇരിപ്പുണ്ട്. അവിടെന്തോ ക്ലാസോ സെമിനാറോ നടക്കുന്നു.

മകൻ ഇളാ ഗാന്ധിയുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു.

‘‘കിട്ടുന്നില്ല. നമ്മുടെ നാട്ടിലെ അതേ പല്ലവിതന്നെ: നമ്പർ നിലവിലില്ല!’’

‘‘ഞാൻ കഴിഞ്ഞ ദിവസവും വിളിച്ചതാണല്ലോ!’’

ബൊൻഗാനി അത്ഭുതം പ്രകടിപ്പിച്ചു.

സാരമില്ല, ചില യാത്രകൾ അങ്ങനെയാണ്. ഞാൻ മനസ്സിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. ആഗ്രഹിച്ചുപോകുന്ന പലതരം കാഴ്ചകളും സ്വപ്നങ്ങളും കാണാൻ കഴിയാതെ, സഫലമാകാതെ ബാക്കി കിടക്കും. അങ്ങനെതന്നെ വേണം താനും! എല്ലാം കണ്ടുകഴിഞ്ഞാലോ, ഇനിയൊന്നും കാണാൻ ബാക്കിയില്ലല്ലോ എന്ന തോന്നൽ അവശേഷിക്കും. എന്തെല്ലാമോ ഇനിയും കാണാൻ ബാക്കിയുണ്ടല്ലോ എന്ന വിചാരമാണ് ഒരു സഞ്ചാരിയെ എപ്പോഴും മുന്നോട്ടു നയിക്കുക.

 

ജെ.ആർ. മറൈൻ കപ്പൽ –ഇപ്പോൾ ഇത് മ്യൂസിയമാണ്

12

എവിടെ ഗാമ? എവിടെ ഗാന്ധി?

കാഴ്ചകൾ സത്യമാണ്. നിശ്ചല തടാകംപോലെ ശാന്തമായി കിടക്കുന്ന ഇന്ത്യൻ സമുദ്രത്തിനുള്ളിലെ നതാൾ ഉൾക്കടൽ (Natal bay) പോലെ. ദക്ഷിണാഫ്രിക്കയുടെ കിഴക്കൻ തീരം. അവിടത്തെ രണ്ടാമത്തെ ഏറ്റവും വലിയ തുറമുഖ പട്ടണമായ ഡർബന്‍റെ പ്രാന്തപ്രദേശങ്ങൾ. കടലോരത്തുനിന്നും പത്തു മീറ്റർപോലും അകലെയല്ലാതുള്ള ഞങ്ങൾ താമസിക്കുന്ന ‘മറൈൻ ടെറസും’ അതുപോലുള്ള അനവധി അപ്പാർട്മെന്‍റുകളും. അതിനൊപ്പം തന്നെ എവിടെയും പച്ചപ്പിന്‍റെ സമൃദ്ധി. അവയിലെല്ലാം കയറിമറിഞ്ഞു കൂത്താടുന്ന ബബൂൺ കുരങ്ങുകളുടെ േപ്രാട്ടോടൈപ്പുകൾ പോലുള്ള കുട്ടിക്കുരങ്ങന്മാരും.

തമിഴ്നാട്ടിൽനിന്നും വരുന്ന എൻഡോസൾഫാനടിച്ച കറിവേപ്പിലയിൽനിന്നെങ്കിലും രക്ഷപ്പെടാൻ വേണ്ടി, ഒരു വേപ്പുമരം നട്ടിട്ടുപോലും പച്ചപിടിക്കാത്ത, കടൽത്തീരത്തുനിന്നും 50 മീറ്റർ മാത്രം അകലെ മാറി ജീവിക്കുന്ന എന്‍റെ(യും) ഭാര്യയുടെ സങ്കടം അതായിരുന്നു; ഇതെന്തു മറിമായം എന്‍റീ​േശായെ? തീരുന്നില്ല, രണ്ടും മൂന്നും വർഷം കൂടുമ്പോഴെങ്കിലും മുടങ്ങാതെ പെയിന്‍റടിക്കുന്ന ഞങ്ങളുടെ ജനാലക്കമ്പികൾപോലും കുഴിത്തുരുമ്പുകയറി ചീങ്കണ്ണിയുടെ പുറന്തോടുപോലെയാകുമ്പോൾ, ഇവിടെ കടലിലേക്ക് കെട്ടിയിറക്കിയ ഈ ബാൽക്കണിയുടെ ഇരുമ്പഴികളിൽപ്പോലുമില്ല ലവലേശം തുരുമ്പ്! എന്‍റെ അറബിക്കടലും, ഇവിടെ ഇന്ത്യൻ സമുദ്രത്തിലെ ഈ നതാൾ ബേയും രണ്ടും രണ്ടല്ലേ എന്നായിരിക്കാം ഡർബൻകാരുടെ വാദം!

ഹംഷ്​ലങ്കയിൽനിന്നു കേവലം പതിനേഴു കിലോമീറ്റർ മാത്രം ദൈർഘ്യം വരുന്ന ആ യാത്രയിലും കണ്ടു. ദക്ഷിണാഫ്രിക്കൻ ജീവിതത്തിൽ ഇപ്പോൾ മറ്റൊരാളുടെയും ആമുഖം കൂടാതെ തന്നെ തിരിച്ചറിയാൻ കഴിയുന്ന ആ കാഴ്ച. അതിവിശാലമായി നീണ്ടുകിടക്കുന്ന, തകരമേൽക്കൂര മേഞ്ഞ ചേരികൾ അഥവാ ഇൻഫോമൽ സെറ്റിൽമെന്‍റുകൾ. എല്ലാത്തിന്‍റെയും മുകളിലുണ്ട് റഡാറുകൾപോലെ ഓരോ ഡിഷ് ആന്‍റിനകൾ. ചില പാർപ്പിടങ്ങളോടു ചേർന്ന് കാറുകൾ. അവിടങ്ങളിൽ പൊതുഗതാഗതത്തിനുപയോഗിക്കുന്ന ടാക്സി വാനുകൾ. ചേരിയിലെ നേതാവിന്‍റെ അനുമതിയും കാത്ത് അടുത്ത കുടിപ്പാർപ്പുകാരനുവേണ്ടി ഒഴിച്ചിട്ടിരിക്കുന്ന ചെറിയ വേലിക്കെട്ടുകൾ. ജൊഹാനസ്​ബർഗിലെത്തിയ ആദ്യ സായാഹ്നത്തിൽതന്നെ നഗരത്തിനു വെളിയിൽ കാണാനിടയായ സൺസ്​ൈപ്രറ്റ് (Zansdprti) ചേരിയും അവിടത്തെ തെരുവു കച്ചവടവുമെല്ലാം നിരീക്ഷിച്ചപ്പോൾ തോന്നിയത്, പഠനാർഹവും സാമൂഹികപ്രസക്തിയുള്ളതുമായ ഒരു വിഷയമാണല്ലോ ഇത്തരം ഇൻഫോമൽ സെറ്റിൽമെന്‍റുകൾ മുന്നോട്ടുവെക്കുന്നതെന്നാണ്!

ഒരുകാലത്ത് കരിമ്പിൻ തോട്ടങ്ങളിലും കൽക്കരിപ്പാടങ്ങളിലും റെയിൽവേയിലുമൊക്കെ പണിയെടുത്തിരുന്ന ഇന്ത്യക്കാർ ധാരാളമുണ്ടായിരുന്ന പ്രദേശമാണ് ഡർബൻ. അന്ന് ദക്ഷിണാഫ്രിക്കയിലെ മൊത്തം ജനസംഖ്യയിൽ പത്തു ലക്ഷത്തോളം ഇന്ത്യക്കാരായിരുന്നു. ഇന്ന് അവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുന്നു. ഒരായിരം പേർക്കപ്പുറം അവരിൽ മലയാളികൾ ഉണ്ടോയെന്നും സംശയിക്കണം. മഹാത്മാ ഗാന്ധി അദ്ദേഹത്തിന്‍റെ ആത്മകഥയിൽ എഴുതിയതുപോലെ ‘‘ആത്മാഭിമാനമുള്ള ഒരാൾക്കു ജീവിക്കാൻ പറ്റുന്ന രാജ്യമല്ല ദക്ഷിണാഫ്രിക്ക’’ എന്നതും ഒരു കാരണമാകാം. (‘‘ഞാനിപ്പോൾ എന്തായിരിക്കുന്നുവോ അതു ദക്ഷിണാഫ്രിക്കയിൽ പോയതിനാൽ മാത്രമാണ്’’ എന്ന ഗാന്ധിവചനം ഫീനിക്സ്​ സെറ്റിൽമെന്‍റിലെ മ്യൂസിയത്തിൽ കോറി​െവച്ചിട്ടുള്ളതും അതിനൊപ്പം ഞാനോർത്തു). കരിമ്പു കൃഷിയും മഝ്യബന്ധനവും തന്നെയാണ് ഡർബന്‍റെ വരുമാന ​േസ്രാതസ്സിൽ പ്രധാനമായിട്ടുള്ളത്.

നമ്മുടെ കൊച്ചിയിലേതുപോലെ പ്രകൃതിദത്തമായ തുറമുഖമാണ് ഡർബനിലേതും. എന്നാൽ വേലിയിറക്കസമയത്ത് എക്കലും ചളിയും കയറി നിറഞ്ഞ അതിന്‍റെ തീരങ്ങൾ പൊതുവെ മലിനമാണ്. ഹാർബറിനോടു ചേർന്ന് ഡർബൻ തുറമുഖത്തിന്‍റെയും അവരുടെ കപ്പലോട്ട ചരിത്രത്തിന്‍റെയും നേർസാക്ഷ്യങ്ങൾ കാഴ്ചക്കാരുമായി പങ്കുവെക്കാനായി മ്യൂസിയംതന്നെ ഒരുക്കി​െവച്ചിട്ടുണ്ട്. പഴയ ആവിക്കപ്പലുകളും (J.R. More) ബാർജുകളും സന്ദർശകർക്കും കയറിക്കാണാൻ പാകത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു. അപ്പുറത്തുമാറി പതിനൊന്നു നിലകളുള്ള ‘വിർജിൻ’ എന്നു പേരായ ഒരുല്ലാസക്കപ്പൽ നങ്കൂരമിട്ടു കിടക്കുന്നു. ലോകത്തിലെ ഏറ്റവും ചെലവേറിയതും പ്രായപൂർത്തിവന്നവർക്കുമാത്രം പ്രവേശനമുള്ളതുമായ ഉല്ലാസലോകം!

തുറമുഖത്തേക്ക് പുറപ്പെടുമ്പോൾതന്നെ രണ്ട് മഹാരഥന്മാരുടെ ചിത്രവും ചരിത്രവുമായിരുന്നു മനസ്സിൽ. ഒരാൾ സഞ്ചാരിയും അപരൻ സത്യാന്വേഷിയും. ദാദാ അബ്ദുല്ല ആൻഡ് കമ്പനിയുടെ കേസ്​ വാദിക്കുന്നതിനുവേണ്ടി ബാരിസ്റ്ററുടെ കുപ്പായമണിഞ്ഞ് മോഹൻദാസ്​ ഗാന്ധിയെന്ന യുവ അഭിഭാഷകൻ 1893 ഏപ്രിൽ 24നാണല്ലോ ദക്ഷിണാഫ്രിക്കയിലെ ഡർബൻ തുറമുഖത്ത് വന്നിറങ്ങിയത് എന്ന ഓർമ സമ്മാനിക്കുന്ന ചരിത്രത്തിന്‍റെ ഉന്മേഷം! മറ്റേയാൾ വാസ്​കോ ഡ ഗാമയായിരുന്നു. കോഴിക്കോട്ടെ കാപ്പാടും പിന്നീട് കൊച്ചിയിലും വന്നിറങ്ങുംമുമ്പ് ഇന്ത്യയിലേക്കുള്ള വഴിയന്വേഷിച്ച് അദ്ദേഹം വന്നിറങ്ങിയത് ഏതോ ദക്ഷിണാഫ്രിക്കൻ തുറമുഖത്താണെന്നു വായിച്ചിട്ടുണ്ട്. അപ്പോൾ അതു ഡർബനല്ലെങ്കിൽ പിന്നെ എവിടെ?

പൊരിയുന്ന നട്ടുച്ച വെയിലിൽ തുറമുഖ പരിസരങ്ങളിലെല്ലാം ഞാനും ഭാര്യയും മക്കളും ചേർന്ന് ഗാമയെ അന്വേഷിച്ചുനടന്നു. ലക്ഷ്യം തെറ്റിയില്ല; തുറമുഖത്തിന്‍റെ വിദൂരമായൊരു കോണിൽ തിരക്കൊഴിഞ്ഞ മൂലയിലിരിക്കുന്ന ക്ലാവു പിടിച്ചൊരു അർധകായ പ്രതിമ അകലെ ​െവച്ചേ ഞാൻ കണ്ടു.

‘‘ഞാൻ വണ്ടിയെടുക്കാം. ഒത്തിരി ദൂരമുണ്ട്. വെറുതെ വെയിലു കൊള്ളണ്ട.’’ മകൻ പറഞ്ഞു.

തുറമുഖത്തെ തിരക്കിനിടയിലൂടെ, കറുത്ത യാചകവീരന്മാരുടെ ശല്യത്തിൽനിന്നു രക്ഷപ്പെട്ട് വണ്ടിയെടുത്ത് വെങ്കലപ്രതിമയെ വലം​െവച്ചു. പീഠത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ആ പേര് വിജയശ്രീലാളിതനെപ്പോലെ ഞാൻ വായിച്ചെടുത്തു: BARTOLOMEU DIAS: 1450-1500.

ഉച്ചവെയിലിൽ വിയർക്കുന്ന എന്‍റെ മുഖത്ത് നിരാശ നിറയുന്നത് മകൻ ശ്രദ്ധിച്ചു.

‘‘സാരമില്ല; ഗാമാ എവിടെയുണ്ടെങ്കിലും നമുക്കു കണ്ടുപിടിക്കാം.’’ ജിജോ എന്നെ സമാധാനിപ്പിച്ചു.

 

ഇള ഗാന്ധിയെ അനുഗ്രഹിക്കുന്ന മാർപാപ്പ

ശരിയാണ്. സാരമില്ല. പുലിയെ അന്വേഷിച്ചു ചെന്ന ഞാൻ തല​െവച്ചുകൊടുത്തത് സിംഹത്തിന്‍റെ മടയിൽ ആയിരുന്നെന്ന് അവനോടു പറയുന്നതെങ്ങനെ?

അതെ, ഒരു സിംഹം തന്നെയായിരുന്നു ബർത്തലോമിയോ ഡയസ്​. സമുദ്രസഞ്ചാരി, കൊടുങ്കാറ്റുകളുടെ മുനമ്പ് (Cape of Storms) എന്ന ദുഷ്പേരുണ്ടായിരുന്ന ഒരപകട മുനമ്പിനെ വരുതിയിൽ കൊണ്ടുവന്ന കപ്പലോട്ടക്കാരൻ. വാസ്​കോ ഡ ഗാമക്ക് മലബാറിലേക്കുള്ള വഴി (Asian sea route) തുറന്നുകൊടുത്ത നീചൻ. എന്നിട്ടോ, പിന്നീടൊരു സാഹസിക സഞ്ചാരമധ്യേ നാല് പായ്ക്കപ്പലുകൾക്കൊപ്പം ‘സുപ്രതീക്ഷാ മുനമ്പിൽ’ (Cape of Good hope) ജീവൻ ഹോമിക്കേണ്ടിവന്ന ഇതിഹാസ പുരുഷൻ. അങ്ങനെ എ​ന്തൊക്കെ വിശേഷണങ്ങൾ!

ഡർബനിൽ വന്നിറങ്ങിയ ഗാന്ധിജിയുടെ പാദമുദ്രകൾ തേടിവന്ന ഞങ്ങൾ ഡയസിനെ കണ്ടു. വാസ്​കോ ഡ ഗാമയെ കണ്ടതുമില്ല.

പക്ഷേ എന്‍റെ ഗാന്ധി? ഇവിടെ ഒരു പാതക്ക് ഞാനദ്ദേഹത്തിന്റെ പേരു കാണുകയുണ്ടായല്ലോ!

അത് ഈയിടെ ഉണ്ടായതാണ്. ഡർബന്‍റെ മധ്യഭാഗത്തുകൂടിയുള്ള പോയന്‍റ്സ് റോഡ് മഹാത്മാവിനോടുള്ള ആദരസൂചകമായി അവ പുനർനാമകരണംചെയ്തു: മഹാത്മാ ഗാന്ധി റോഡ്! അതു ചെന്ന് അവസാനിക്കുന്നത് ‘ഉഷാകാ മറൈൻവേൾഡ്’ (Ushaka Marine World) എന്ന അത്ഭുത ലോകത്തിലും.

അതിനകത്തു കടന്നതോടെ നന്മ ഉന്മേഷവതിയായി. അവൾക്കുവേണ്ടത് ഇത്തരം വിനോദങ്ങളും വിസ്​മയങ്ങളുമാണ്. അല്ലാതെ ഗാമയും ഗാന്ധിജിയുമൊന്നുമല്ല.

നിരവധിയായ ഷോപ്പിങ് സെന്‍ററുകൾ കടന്നുവേണം മറൈൻ വേൾഡിന്‍റെ പ്രവേശനകവാടത്തിലെത്താൻ. വിവിധ ദേശക്കാരും ഭാഷക്കാരുമായ മനുഷ്യർ ഒഴുകിനീങ്ങുന്ന അനവധിയായ വളവുകളും തിരിവുകളും പിന്നിട്ട് ധൃതിയിൽ നടന്നകലുന്ന ജിജോക്കും നന്മക്കുമൊപ്പമെത്താൻ ഞങ്ങൾ ഒത്തിരി ക്ലേശിച്ചു. കുറേ നടന്നു മുന്നേറിയതിനുശേഷം എന്നെയും ഭാര്യയെയും കാണാതാകു

മ്പോൾ അവർ എവിടെയെങ്കിലും ഒരിടത്തു കാത്തുനിൽക്കും. ഞങ്ങൾ നടന്ന് അവർക്കൊപ്പം ചേർന്നുകഴിയുമ്പോൾ പിന്നെയും അതേ നടത്തം. ഭാര്യയും ഞാനും നടന്നു ഊപ്പാടുവന്നു. എന്നു​െവച്ചാൽ കുഴഞ്ഞു... എല്ലാ കാഴ്ചകളുടെയും അവസാനം മനസ്സിൽ ശൂന്യതമാത്രം നിറയുന്നു.

സീലുകളുടെയും ഷാർക്കുകളുടെയും അഭ്യാസപ്രകടനം കണ്ടിരുന്നാൽ നേരം പോകുന്നതറിയില്ല. കുട്ടികൾക്കു പ്രത്യേകിച്ചും. നമുക്കങ്ങനെ കാണാൻ കിട്ടുന്ന കടൽജീവികളല്ലല്ലോ സീലുകൾ!

 

‘ഇന്ത്യൻ ഒപ്പീനിയൻ’ അച്ചടിക്കാൻ ഗാന്ധിജി സ്ഥാപിച്ച അച്ചടിശാല

ഡർബനിലെ യാത്രക്കിടയിൽ ഒരുച്ചനേരത്ത്, സിഗ്നൽ പച്ചതെളിഞ്ഞ ഒരു വഴിത്തിരിവിൽ ​െവച്ച് ഇന്‍റർനാഷനൽ ലൈറ്റ് ഹൗസ്​ ചർച്ച് എന്ന പേരിൽ ഒരു പള്ളി കടന്നുപോയി. അത്രക്ക് ഉയരമൊന്നും അവകാശപ്പെടാനില്ലെങ്കിലും അതിന്‍റെ ചരിഞ്ഞ മേൽക്കൂരയുടെ മധ്യഭാഗത്തായി ഉൾഭാഗം വെള്ളത്തുണിയിട്ടു മറച്ച ലൈറ്റ് ഹൗസിന്‍റെ ആ ഗ്ലാസ്​ സിലിണ്ടർ!

പലയിടത്തു​െവച്ചും പലപ്പോഴും കണ്ണിൽപ്പെട്ട രസകരമായൊരു ബോർഡ് DEBT COLLECTORSന്‍റേതാണ്. അവരെ ബന്ധപ്പെടേണ്ട നമ്പറും. വെറും കലക്ടേഴ്സല്ല, ഇന്‍റർനാഷനൽ! നിങ്ങൾക്ക് ആരിൽനിന്നെങ്കിലും ഏതെങ്കിലും ഇടപാടിൽ പണം കിട്ടാനുണ്ടെങ്കിൽ അവരെ ബന്ധപ്പെട്ടാൽ മതി. ബാക്കി കാര്യം അവർ ഏറ്റെടുത്തു നടപ്പാക്കിക്കൊള്ളും. ഒന്നുകിൽ കടക്കാരന്‍റെ കാര്യം. അല്ലെങ്കിൽ കടം കൊടുത്തവന്‍റെ കാര്യം. എന്തായാലും പരസ്യക്കാർക്ക് ഒരിക്കലും നഷ്​ടം വരില്ലെന്നു വ്യക്തം. ‘പണയത്തിലിരിക്കുന്ന സ്വർണം പത്രവിലക്ക് എടുത്തു വിൽക്കാൻ സഹായിക്കുന്നു’ എന്ന് നമ്മുടെ നാട്ടിലെ പത്രങ്ങളിലും ചുവരുകളിലും കാണാറുള്ള പരസ്യങ്ങളുടെ ജ്യേഷ്ഠൻ തന്നെ. വരും നാളുകളിൽ മേൽപറഞ്ഞ തരത്തിലുള്ള പരസ്യങ്ങൾ നമ്മുടെ നാട്ടിലും പ്രത്യക്ഷപ്പെട്ടു കൂടായ്കയില്ല.

ഇതൊന്നുമില്ലാതെ തന്നെ വായ്പയായി നൽകിയതെന്തോ, അതു പണമായാലും വാഹനമായാലും തിരിച്ചുപിടിക്കാനുള്ള സംവിധാനങ്ങൾ (Seizure എന്ന പേരിൽ) ഇപ്പോൾതന്നെ ഇവിടെ നിലവിലുണ്ടല്ലോ –പൊലീസിന്റെയോ കോടതിയുടെയോ കാരുണ്യമൊന്നും കൂടാതെ തന്നെ.

(തുടരും)

News Summary - Johannesburg travel