അവരുടെ മാധ്യമനീതി

13 ഡർബനിൽനിന്നും രണ്ടു മണിക്കൂർ പറക്കാനുള്ള ദൂരമുണ്ട് കേപ്ടൗണിലെത്താൻ. ചുറ്റോടുചുറ്റിലും മലനിരകൾ കാവൽനിൽക്കുമ്പോഴും ഓരോ നാടിന്‍റെയും ഭൂപ്രകൃതിയും അവിടങ്ങളിലെ മനുഷ്യരും തമ്മിലുള്ള വ്യത്യാസം പ്രകടമാണ്. ഡർബനല്ല കേപ്ടൗൺ. കേപ് ടൗണല്ല ജൊഹാനസ്ബർഗ്! എന്തെല്ലാം കേമത്തം അവകാശപ്പെട്ടാലും ഇപ്പോഴും വെള്ളക്കാരന് ശക്തമായ ആധിപത്യമുള്ള കേപ്ടൗണിൽ, നഗരത്തിന്‍റെ തിലകക്കുറിപോലെ എയർപോർട്ടിന്‍റെ തൊട്ടുമുന്നിൽത്തന്നെ ചേരിയാണ്. പുത്തൻവീടിനു കണ്ണുകിട്ടാതിരിക്കാൻ വേണ്ടി പണ്ടൊക്കെ നോക്കുകുത്തിവെക്കും പോലെ! ഡർബനിലും ജൊഹാനസ്ബർഗിലുമൊന്നും കഥകൾ മറിച്ചല്ല.എല്ലാം...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
13
ഡർബനിൽനിന്നും രണ്ടു മണിക്കൂർ പറക്കാനുള്ള ദൂരമുണ്ട് കേപ്ടൗണിലെത്താൻ. ചുറ്റോടുചുറ്റിലും മലനിരകൾ കാവൽനിൽക്കുമ്പോഴും ഓരോ നാടിന്‍റെയും ഭൂപ്രകൃതിയും അവിടങ്ങളിലെ മനുഷ്യരും തമ്മിലുള്ള വ്യത്യാസം പ്രകടമാണ്. ഡർബനല്ല കേപ്ടൗൺ. കേപ് ടൗണല്ല ജൊഹാനസ്ബർഗ്! എന്തെല്ലാം കേമത്തം അവകാശപ്പെട്ടാലും ഇപ്പോഴും വെള്ളക്കാരന് ശക്തമായ ആധിപത്യമുള്ള കേപ്ടൗണിൽ, നഗരത്തിന്‍റെ തിലകക്കുറിപോലെ എയർപോർട്ടിന്‍റെ തൊട്ടുമുന്നിൽത്തന്നെ ചേരിയാണ്. പുത്തൻവീടിനു കണ്ണുകിട്ടാതിരിക്കാൻ വേണ്ടി പണ്ടൊക്കെ നോക്കുകുത്തിവെക്കും പോലെ! ഡർബനിലും ജൊഹാനസ്ബർഗിലുമൊന്നും കഥകൾ മറിച്ചല്ല.
എല്ലാം നാമ്പിട്ടുമുളക്കുന്നത് എയർപോർട്ടുകളോടു ചേർന്നുതന്നെ. നമ്മുടെ നെടുമ്പാശ്ശേരിയോടു ചേർന്നും ഒരെണ്ണം മുളയിട്ടുകൊണ്ടിരിക്കുന്നു. തുടക്കത്തിൽ അവക്കെല്ലാം നൽകാൻ നമ്മുടെ പക്കൽ നല്ല പേരുകളുണ്ട്, ടൗൺഷിപ്! പിന്നെപ്പിന്നെ കാര്യങ്ങൾ കൈവിട്ടുതുടങ്ങുമ്പോൾ... ഏതു വളവു തിരിഞ്ഞുവരുമ്പോഴും കാണാൻ കഴിയുന്ന ഒരുപറ്റം മലനിരകൾ. അവയിലൊന്നിന്‍റെ പ്രത്യേകത എന്നെ സ്പർശിച്ചു. ആകാശം തൊടാൻ മറന്നുപോയതുപോലെ അഗ്രം പരന്ന്...
‘‘അതാണ് ടേബിൾ മൗണ്ടൻ. അടുത്തദിവസം നമ്മളവിടെ പോകുന്നുണ്ട്.’’ മകൻ പറഞ്ഞു.
‘‘മുകളിൽ കയറണോ?’’ ഭാര്യയുടെ സംശയം.
‘‘വേണ്ട; അവർ കൊണ്ടുപോകും.’’
‘‘ഞാനില്ല; നീ പറഞ്ഞ കേബിൾ കാറിലല്ലേ? അതിന്‍റെ കയറെങ്ങാനും പൊട്ടിയാൽ?’’
‘‘അതു തകഴീടെ കയറൊന്നും അല്ലമ്മേ! സായിപ്പിന്‍റെ ഉഗ്രൻ വടമാണ്!’’ മകൻ തമാശ പറഞ്ഞു.
‘‘അതുവേണ്ട. ഞാൻ താഴെയിരുന്നോളാം. നിങ്ങൾ എവിടെയാണെന്നുവച്ചാൽ കയറീട്ടു വന്നാൽമതി.’’
‘‘അതൊന്നും അവർ സമ്മതിക്കില്ല.’’
‘‘എങ്കിൽ ഞാൻ ഹോട്ടൽമുറിയിൽ ഇരുന്നോളാം.’’
‘‘എന്തുവേണമെന്ന് നമുക്ക് ആലോചിക്കാം. രണ്ടുദിവസം കഴിഞ്ഞിട്ടുള്ള കാര്യമല്ലേ?’’
അവർ തമ്മിലുള്ള തർക്കത്തിന് ഞാനൊരു താൽക്കാലിക പരിഹാരം കണ്ടെത്തി. അല്ലെങ്കിൽ അമ്മയും മകനും തമ്മിലുള്ള തർക്കം മൂക്കും. ഒടുവിൽ പരിഭവമാകും. മിണ്ടാട്ടമില്ലാതാകും. എന്തായാലും അതൊഴിവായി.
വൂർട്രെക്കർ മ്യൂസിയത്തിലെ മുന്നൂറു പടികളും ഞാൻ ഒറ്റക്ക് കയറണോ എന്നാദ്യം വേവലാതികൊണ്ടവരാണ്. കയറാൻ ബുദ്ധിമുട്ടിയെങ്കിലും ഇറക്കം എളുപ്പമായിരുന്നു.
എവിടെയും എന്നതുപോലെ ടാക്സി സർവിസുകൾ ഉണ്ടെങ്കിലും ജൊഹാനസ്ബർഗിലേതുപോലെയല്ല; കേപ്ടൗണിലെ പൊതു ഗതാഗത സംവിധാനം ഏറക്കുറെ കാര്യക്ഷമമാണെന്നു പറയാം. ഗോൾഡൻ ആരോ (Golden Arrow) എന്ന പേരിലുള്ള ബസ് സർവിസുകൾ യാത്രക്കാരുടെ ആവശ്യങ്ങൾക്കു പരിഹാരമാകുന്നു.
എന്നാൽ, നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വേണ്ടി, അവസാനത്തെ അപ്പാർൈതറ്റ് പ്രസിഡന്‍റായിരുന്ന എഫ്.ഡബ്ല്യു. ഡി ക്ലാർക്കിന്‍റെ (F.W De Clark) പേരിലുള്ള റോഡിൽ അറുപതു വർഷം മുമ്പ് പണിയാൻ തുടങ്ങിയ ആകാശപാതയായ ഫോർഷോർ ഫ്രീവേബ്രിഡ്ജ് രണ്ട് അറ്റങ്ങളും തമ്മിൽ കൂട്ടിമുട്ടാതെ ആകാശത്തിൽ അനാഥമായി നിൽക്കുന്ന കാഴ്ച വലിയൊരു ഫലിതംതന്നെയായിരുന്നു. 2010ൽ ദക്ഷിണാഫ്രിക്കയിൽവെച്ചു നടന്ന ലോകകപ്പ് ഫുട്ബാളിന്‍റെ സമയത്തെങ്കിലും പൂർത്തീകരിച്ചേക്കുമെന്ന് അന്നാട്ടുകാർ പ്രതീക്ഷിച്ച പാലം കനത്ത സാമ്പത്തിക പ്രതിസന്ധികൾമൂലം ഇപ്പോഴും തിരുനക്കരയെത്താതെ!, പക്ഷേ അതിനിടയിലും മറ്റൊരു കാഴ്ചകണ്ടു. ഒരു ചേരിയിലും ഇടംകിട്ടാതെ വന്ന നാല് കുടുംബങ്ങൾ പ്ലാസ്റ്റിക് ഷീറ്റുകൾ വലിച്ചുകെട്ടി അതിന്‍റെ ഒരറ്റത്ത് അഭയം കണ്ടെത്തിയിരിക്കുന്നു.
‘‘ഈ തെരഞ്ഞെടുപ്പു കഴിയുന്നതുവരെയേ അതവിടെ കാണൂ. അതു കഴിയുമ്പോൾ എല്ലാം വലിച്ചുപറിച്ച് ദൂരെ കളയും.’’
മകൻ തന്‍റെ രാഷ്ട്രീയ നിരീക്ഷണം വെളിപ്പെടുത്തി. കൊല്ലത്തുള്ള അഷ്ടമുടിക്കായലിനു മീതെയും ഇങ്ങനെയൊരു പാലം എങ്ങും എത്താതെ കായലിന്‍റെ മധ്യത്തിൽവച്ച് തന്‍റെ ലക്ഷ്യം മറന്നതുപോലെ നിൽപുണ്ടല്ലോ എന്ന കാര്യം ഞാനോർത്തു. കൊല്ലം കെ.എസ്.ആർ.ടി.സിയിൽനിന്നും തേവള്ളിപ്പാലം കടന്ന് തോപ്പിൽക്കടവിൽ എത്തേണ്ടിയിരുന്ന പാലം!
മോണിങ്സൈഡ് സാന്‍റണിലെ ഗാർഡൻകോർട്ട് ഹോട്ടലുകാർ തന്നെയാണ് കേപ്ടൗണിലും ഞങ്ങൾക്കുവേണ്ട താമസസൗകര്യങ്ങൾ ഒരുക്കിയിരുന്നത്. കേപ്പിലെ വിക്ടോറിയ ജങ്ഷനിലുള്ള അതേപേരുള്ള ഹോട്ടലിൽ. കേപിലെത്തുന്ന സഞ്ചാരിക്കായുള്ള ഒരു സന്ദേശം മുറിയിൽ ഞങ്ങളെ കാത്തുകിടന്നിരുന്നു: Cape Town welcomes all visitors to our city. We request you to ignore well dressed fraudsters while walking in the streets... എന്നു തുടങ്ങുന്ന ഒരു മുന്നറിയിപ്പ്.
പുറത്തെ ഇന്ത്യൻ റസ്റ്റാറന്‍റിൽനിന്നുള്ള അത്താഴം എത്തിച്ചേരാൻ വൈകുമെന്നതിനാൽ ദക്ഷിണാഫ്രിക്കൻ ദിനപത്രങ്ങളിലെ വിശേഷങ്ങളിലൂടെ ഒന്നു കടന്നുപോവുകതന്നെ...
ദക്ഷിണാഫ്രിക്കയുടെ ഭരണസാരഥ്യം ആരുടെ കൈകളിൽ എത്തിയാലും അതിൽ നിർണായകമായിരിക്കുന്നത് സുലു ഗോത്രത്തിന്‍റെ വോട്ട് തന്നെയാണ്. പ്രസിഡൻഷ്യൽ ഭരണസമ്പ്രദായമാണ് നിലനിൽക്കുന്നതെങ്കിലും സുലു ഗോത്രത്തിന്‍റെ തലവനാൽ (രാജാവ്) നിർദേശിക്കപ്പെടുന്ന ഒരാൾ പ്രധാനമന്ത്രിയായി അധികാരത്തിലുണ്ടാകും എന്നതാണ് അവിടത്തെ പരമ്പരാഗത കീഴ്വഴക്കം. അതു തകിടംമറിക്കാനും ആ കീഴ്വഴക്കം ഇല്ലാതാക്കാനുമുള്ള ഒരു സംഘടിതനീക്കം എ.എൻ.സിയുടെ ഭാഗത്തുനിന്നും അവർ പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രിയായ തലാസിയേവ് ബുദ്ധലേസി (Thulasizwe Buthelezi) പ്രസംഗിച്ചുകൊണ്ടിരുന്ന പരിപാടിക്കിടയിൽ േപ്രാവിൻസിന്‍റെ ചെയർപേഴ്സനായ സൈബോൻസോ ദ്യൂമ (Sibonso dyuma) അദ്ദേഹത്തിൽനിന്നും മൈക്ക് തട്ടിയെടുത്ത സംഭവത്തെ അവർ ഗുരുതരമായൊരു മുന്നറിയിപ്പായി കണക്കാക്കുന്നു. അതേസമയം, ബുദ്ധലേസിക്കെതിരെ ലൈംഗികാരോപണങ്ങളും എതിർകക്ഷികൾ ഉന്നയിക്കുന്നുണ്ട്.
ഈ പ്രശ്നം പറഞ്ഞുതീർക്കാൻ മുൻകൈയെടുത്തിരിക്കുന്നത് ആരെന്നറിയണ്ടേ? ക്വാസുലു-നതാൾ ക്രിസ്ത്യൻ കൗൺസിൽ ഓഫ് ചർച്ചസും. അതോടൊപ്പം റോമൻ കത്തോലിക്കാ സഭയും ചേർന്നതിനെ ഒരു വൈരുധ്യാത്മക ചിന്തയായി അവതരിപ്പിക്കുന്ന മുഖലേഖനവുമായി ‘കേപ് ആർഗ്യൂസ്’ (22 ഏപ്രിൽ 2024) വായനക്കാരുടെ ശ്രദ്ധയാകർഷിക്കുന്നു. അതേസമയം ‘വംശീയത എന്നിലൊടുങ്ങുന്നു’ (Racism ends with me) എന്ന ആമുഖവാക്യവുമായി ഡർബനിൽനിന്നിറങ്ങുന്ന ‘ദ മെർക്കുറി’ (The Mercury) എന്ന ദിനപത്രത്തിൽ ഒരു വായനക്കാരന്‍റെ കത്തിനു നൽകിയിരിക്കുന്ന ശീർഷകം ഒന്നുമതി എ.എൻ.സിയോടുള്ള ജനവികാരം അടയാളപ്പെടുത്താൻ. അത് ഇപ്രകാരമാണ്: Parties should form united front to topple the A.N.C.
കത്ത് എഴുതിയിരിക്കുന്നതാകട്ടെ ദക്ഷിണാഫ്രിക്കയിൽ വർഷങ്ങളായി ജീവിച്ചുവരുന്ന ത്യാഗരാജ് മാരക്കണ്ടൻ (Thyagaraj Marakandan) എന്നയാൾ. ഇവ ലളിതമായ രണ്ടുദാഹരണങ്ങൾ മാത്രം. എന്നാൽ, അവ മുന്നോട്ടുവെക്കുന്ന ദേശീയമായ ഒരു വികാരമുണ്ട്. പ്രത്യേകിച്ചും ഒരു പൊതു തെരഞ്ഞെടുപ്പ് വിളിപ്പാടകലെ നിൽക്കുന്ന പശ്ചാത്തലത്തിൽ. ഒന്ന്: ഒരു ഭൂരിപക്ഷ ഗോത്രസമുദായത്തെ എ.എൻ.സി എപ്രകാരം നോക്കിക്കാണുന്നു എന്ന്. രണ്ട്: എല്ലാം അകന്നുനിന്നു നിരീക്ഷിക്കുന്ന ഒരു സാധാരണ പൗരന് എ.എൻ.സിയോടുള്ള മമത എത്രത്തോളമെന്നും. അതോടൊപ്പം തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച, എ.എൻ.സിയുടെ ഡെപ്യൂട്ടി ചെയർപേഴ്സനായ നോമാഗുഗു സിമിലേഗനെതിരെ (Nomagugu Simelene) പത്തു ലക്ഷം റാൻഡ് നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ബുദ്ധലേസി മാനനഷ്ടക്കേസ് ഫയൽചെയ്ത വിവരം ‘ദ മിറർ’ എന്ന പത്രവും റിപ്പോർട്ട് ചെയ്യുന്നു.
എ.എൻ.സിക്ക് ഇനിയും ഒരവസരത്തിന് അർഹതയുണ്ടെന്ന് അവരുടെ മുഖ്യതെരഞ്ഞെടുപ്പ് ഏജന്‍റായ ഡൂമിസേനി എൻടൂലിയെ (Mdumiseni tNuli) പോലുള്ളവർ അവകാശപ്പെടുമ്പോൾ മുഖ്യ പ്രതിപക്ഷ കക്ഷിയായ ഡെമോക്രാറ്റിക് അലയൻസിന്‍റെ (DA party) ആശങ്ക മറ്റൊന്നാണ്. ചെറിയ ചെറിയ കക്ഷികൾക്കായി വോട്ടുകൾ ചിതറിപ്പോകാനിടയുള്ള സാഹചര്യത്തിൽ ഭരണകക്ഷിയായ എ.എൻ.സിയും തീവ്ര ഇടതുപക്ഷമായ ഇക്കണോമിക് ഫ്രീഡം ഫൈറ്റേഴ്സും (E.F.F) തമ്മിൽ ഒരു സഖ്യം ഉണ്ടാകാനുള്ള സാധ്യതയാണത്.
അതുമല്ലെങ്കിൽ എം.കെ പാർട്ടിയും ഫ്രീഡം ഫൈറ്റേഴ്സും തമ്മിൽ? 46 വർഷം നീണ്ടുനിന്ന അപ്പാർതൈറ്റ് ഭരണത്തിനുശേഷമുള്ള 30ാമത്തെ എ.എൻ.സിയുടെ ജനാധിപത്യ ഭരണത്തിൽ പിഴവുകൾ ഉണ്ടാവുക സ്വാഭാവികമാണ്.
അതുകൊണ്ട് ദക്ഷിണാഫ്രിക്കയിലേത് ഒരു മോശം ജനാധിപത്യമാകുന്നിെല്ലന്ന് എൻടൂലി തന്‍റെ ദീർഘമായ ലേഖനത്തിൽ വാദിച്ചു സമർഥിക്കുന്നു. (കേപ് ടൈംസിന്‍റെ ഞായറാഴ്ചപ്പതിപ്പായ സൺഡേ ടൈംസിൽ (16.4.2024) ‘ദി പേപ്പർ ഫോർ ദി പീപ്ൾ’ എന്നതാണവരുടെ മുദ്രാവാക്യം. ബൊട്സ്വാനയിലും സ്വാസിലൻഡിലും ലസൂട്ടുവിലും പ്രചാരത്തിലുള്ള പത്രം. ദക്ഷിണാഫ്രിക്കക്കകത്ത് തടവിലാക്കപ്പെട്ടപോലെ കിടക്കുന്ന രാജ്യമാണ് ബൊട്സ്വാന. 60 പേജുള്ള ഞായറാഴ്ചപ്പതിപ്പിന്‍റെ വില 35 റാൻഡാണ്, നമ്മുടെ 140 രൂപ).
വാർത്തകളുടെ ബാഹുല്യത്തിലല്ല നൽകുന്ന വാർത്തകളുടെ വിശദാംശങ്ങളിലാണ് പത്രങ്ങൾ പൊതുവെ ശ്രദ്ധചെലുത്തുന്നതെന്നു തോന്നി. ഏതു പത്രം പരിശോധിച്ചാലും നമുക്കതു വ്യക്തമാകും. ഡർബനിൽനിന്നിറങ്ങുന്ന ‘ദി മെർക്കുറി’, ‘ഡെയിലി ന്യൂസ്’, ജൊഹാനസ്ബർഗിലെ ‘ദി സ്റ്റാർ’, കേപ്പിലെ ‘കേപ് ആർഗ്യൂസ്’ മുതലായ പത്രങ്ങൾതന്നെ ഉദാഹരണം. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള പത്രങ്ങളാണ് ഇവയെല്ലാംതന്നെ. വരിക്കാരുടെയല്ല (Subscribers), പകരം വായനക്കാരുടെ (Readers) എണ്ണമാണ് അവർ പറയുന്നതെന്ന വ്യത്യാസം മാത്രം. ഓരോ പത്രത്തിനും ശരാശരി രണ്ടു ലക്ഷം വീതം വായനക്കാർ! മലയാളത്തിലെ പത്രമുത്തശ്ശി എന്ന് അവകാശപ്പെടുന്ന ദിനപത്രത്തേക്കാൾ പഴക്കമുണ്ട് ഡർബനിൽനിന്നുമിറക്കുന്ന ‘ദി മെർക്കുറി’ക്ക്. 1852ലാണ് അതു സ്ഥാപിതമാകുന്നത്.
നമ്മുടെ ചിന്തക്ക് വരുന്ന വിഷയം പക്ഷേ അതൊന്നുമല്ല. ദക്ഷിണാഫ്രിക്ക ആരു ഭരിച്ചാലും അതു നമുക്കൊരു വിഷയമല്ല. എന്തായാലും നിഷ്പക്ഷമതികളായ അവിടത്തെ ജനസമൂഹം ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട് എന്നതു വ്യക്തമാണ്. അത് ആരെയായിരിക്കണം എന്ന കാര്യത്തിൽ മാത്രമേ സംശയമുള്ളൂ. പക്ഷേ, ഇന്ത്യയിലെ ദേശീയ പത്രമാധ്യമങ്ങൾക്കൊന്നുമില്ലാത്ത ധാർമികത നാം പലപ്പോഴും പുച്ഛിച്ചുതള്ളുന്ന ഇരുണ്ട ഭൂഖണ്ഡത്തിലെ പ്രസ് കൗൺസിലിന് ഉണ്ടെന്നുള്ളത് എത്രയോ ആദരണീയമാണ്. തങ്ങൾ കൈകാര്യം ചെയ്യുന്ന മാധ്യമത്തോടും അതുവഴി അതിന്‍റെ ലക്ഷക്കണക്കിനുള്ള വായനക്കാരോടുമുള്ള പ്രതിബദ്ധത നോക്കുക; അവിടത്തെ എല്ലാ പത്രങ്ങളും പ്രസ് കൗൺസിലിന്‍റെ FAIR മുദ്രയുമായി എഡിറ്റോറിയൽ പേജിൽ നൽകാറുള്ള ആ അണ്ടർടേക്കിങ്:
“The Mercury proudly displays the ‘FAIR’ stamp of the Press Council of South Africa, including our commitment to adhere to the Code of Ethics for print and online media, which prescribes that our reportage is truthful, accurate, and fair. Should you wish to lodge a complaint about our news coverage, please lodge a complaint on the Press Council's website -www.presscouncil.org.ZA, or e-mail the complaint to enquiries@ombudsman.org.ZA. Contact the Press Council on 0114843612.’’
(ഞങ്ങളുടെ റിപ്പോർട്ടുകൾ സത്യനിഷ്ഠവും കൃത്യതയുള്ളതും മാന്യമായതും ആണെന്നു സാക്ഷ്യപ്പെടുത്തുന്ന, അച്ചടി-ഓൺലൈൻ മാധ്യമങ്ങൾക്കായുള്ള ധാർമിക മാർഗരേഖകളോടു ചേർന്നുനിൽക്കുന്നതിൽ ഞങ്ങളുടെ പ്രതിബദ്ധത സൂചിപ്പിക്കുന്ന, പ്രസ് കൗൺസിൽ ഓഫ് സൗത്ത് ആഫ്രിക്കയുടെ ‘ഫെയർ’ മുദ്ര അഭിമാനപൂർവം ദി മെർക്കുറി പ്രദർശിപ്പിക്കുന്നു. ഞങ്ങളുടെ വാർത്താ ഉള്ളടക്കത്തെക്കുറിച്ച് പരാതി സമർപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്ന പക്ഷം പ്രസ് കൗൺസിൽ... എന്ന വെബ്സൈറ്റിലോ... എന്ന ഇ-മെയിൽ വഴിയോ അതു ചെയ്യാവുന്നതാണ്. പ്രസ് കൗൺസിലുമായി ബന്ധപ്പെടേണ്ട ഫോൺനമ്പർ...)
ഇതു കേവലം ‘അതിക്രമിച്ചു കടക്കുന്നവരെ േപ്രാസിക്യൂട്ടു ചെയ്യും’ എന്ന മുന്നറിയിപ്പുപോലുള്ള ഒരു വഴിപാട് പരസ്യമാണെന്നു വാദിക്കുന്നവരുണ്ടാകാം. എന്നാൽ നമ്മുടെ ഏതെങ്കിലും മാധ്യമത്തിനുണ്ടാകുമോ ഇപ്രകാരമുള്ള ഒരു ധാർമികത? അങ്ങനെ വേണമെന്നു നിർബന്ധിക്കാൻ തന്‍റേടമുള്ളൊരു പ്രസ് കൗൺസിൽ?
ഏറിപ്പോയാൽ ഒരു ഡിസ്ക്ലെയ്മർകൊണ്ട് കാര്യങ്ങൾ അവസാനിപ്പിക്കും. അതിനപ്പുറം പോകാനുള്ള കരുത്തൊന്നും നമ്മുടെ മാധ്യമ വിചാരിപ്പുകാർക്ക് ഉണ്ടാവില്ലെന്നതു സത്യം!
14
കറുത്ത എഴുത്ത്
നൂറു പുസ്തകങ്ങൾ വായിക്കുന്നതിനേക്കാൾ അറിവും അനുഭവവും പകർന്നുനൽകുന്നതാണ് ഓരോ യാത്രയുമെങ്കിലും ഓരോ യാത്രക്കൊപ്പവും ഞാൻ അന്വേഷിച്ചുനടന്നത് പുസ്തകങ്ങളെത്തന്നെയായിരുന്നു. നമുക്കാവശ്യമുള്ള ഏതൊരു പുസ്തകവും വിരൽത്തുമ്പുകളുടെ ചലനത്തിലൂടെ വീട്ടിൽ എത്തിച്ചുകിട്ടുന്നൊരു കാലത്ത് ഇത്തരം അന്വേഷണംപോലും അർഥരഹിതമാകാം. എങ്കിലും വളരെ പ്രിയപ്പെട്ടൊരു പുസ്തകം തേടി പല ലോകങ്ങളിൽ അന്വേഷിച്ചലഞ്ഞ് അവസാനം അതു കണ്ടെത്തുമ്പോഴുണ്ടാകുന്ന ആനന്ദമാകട്ടെ ആ പുസ്തകത്തിന്റെ വായന നൽകുന്ന ലഹരിയേക്കാൾ അനുഭൂതിദായകമാണ്. ഈ യാത്രയും അപ്രകാരമുള്ള പുസ്തകാന്വേഷണങ്ങളുടെ കൂടി ഭാഗമായിരുന്നു എനിക്ക്.
വർത്തമാനകാല ലോകസാഹിത്യത്തിലെ ശ്രദ്ധേയരായ എഴുത്തുകാരുടെ കൃതികൾ അന്വേഷിച്ചു നടന്നാൽ ഏത് എയർപോർട്ടിലെയും പുസ്തകശാലകൾ നമ്മെ നിരാശപ്പെടുത്തുകതന്നെ ചെയ്യും. ആഡിസ് അബബയിലും ജൊഹാനസ്ബർഗിലും ഡർബനിലും കേപ്ടൗണിലുമെല്ലാം ഇതുതന്നെയായിരുന്നു അനുഭവം. റോബിൻ ശർമയുടെയും ചേതൻ ഭഗതിന്‍റെയും പുസ്തകങ്ങൾ അവിടെയും ബെസ്റ്റ് സെല്ലറുകളായി വിറ്റുപോകുന്നത് അറിയാഞ്ഞിട്ടുമല്ല. പുലിറ്റ്സർ സമ്മാനിതർക്കോ നൊബേൽ ജേതാക്കൾക്കോ ഒരു യാത്ര തീരുംമുമ്പ് വായിച്ചവസാനിപ്പിക്കാൻ പാകത്തിലുള്ള കൃതികൾ സമ്മാനിക്കാൻ കഴിയാഞ്ഞിട്ടും ആവില്ല, അവിടേക്കുള്ള പ്രവേശനം നിഷേധിക്കപ്പെടാൻ കാരണം. പിന്നല്ലേ നമ്മുടെ നാട്ടിലെ പെൻഗ്വിനെഴുത്തുകാർ! കൂട്ടത്തിൽ പറയട്ടെ മലയാളിയായ എബ്രഹാം വർഗീസിന്‍റെ ‘കവനെന്‍റ് ഓഫ് വാട്ടർ’ എന്ന തടിയൻ നോവലിന്‍റെ രണ്ടു കോപ്പികൾ ഷെൽഫിൽ കണ്ടു.
‘‘വേണമെങ്കിൽ എടുത്തോ?’’
എഴുത്തുകാരനെക്കുറിച്ചു പറഞ്ഞപ്പോൾ മകനിൽ താൽപര്യമുണർന്നു.
‘‘ഞാനും കേട്ടിട്ടുണ്ട്.’’ അയാൾ പറഞ്ഞു. ‘‘മോരുംവെള്ളം ഉണ്ടാക്കാനുള്ള റെസിപ്പി അതിലുണ്ടെന്ന്!’’
‘‘അരുന്ധതീ റോയിയുടെ ‘പെപ്പര പെരപെര പേരയ്ക്കാ’ പോലെ അല്ലേ?’’
‘‘പുസ്തകം എടുക്കുന്നോ?’’
‘‘ഇല്ല; അതു വായിക്കാനുള്ള ആരോഗ്യമില്ല. നൂറു പേജ് പിന്നിട്ടു കഴിയുമ്പോഴേക്കും ആദ്യപുറങ്ങളിൽ വായിച്ചതെന്തെന്ന് ഓർക്കാൻ കഴിയുന്നില്ല.’’
ഞാനൊരു സത്യം പറഞ്ഞു.
എവിടെയും, എന്നാൽ മോട്ടിവേഷനൽ ഗ്രന്ഥങ്ങളുടെ വിൽപനക്ക് ഒരു കുറവും കാണുന്നില്ല. നമ്മുടെ നാട്ടിലെപ്പോലെ തന്നെ. എനിക്കു വേണ്ടത് പക്ഷേ കഥയോ നോവലോ ഒന്നുമായിരുന്നില്ല. നാട്ടിൽനിന്നു പോരുമ്പോൾതന്നെ മനസ്സിൽ കരുതിെവച്ചിട്ടുള്ള ചില പുസ്തകങ്ങളുണ്ട്. ആധുനിക ആഫ്രിക്കൻ കവിതകളുടെ ഒരു സമാഹാരം. അതുമല്ലെങ്കിൽ ആഫ്രിക്കൻ കവിതകളുടെ ആന്തോളജി. വിന്നി മണ്ടേലയുടെ പ്രസിദ്ധമായ ആത്മകഥ. പിന്നെ ഒറ്റനോട്ടത്തിലും ബ്ലർബ് വായനയിലും ഇഷ്ടം തോന്നുന്നതെന്തും. ആ തിരച്ചിലിനിടയിൽ ആഫ്രിക്കൻസ് ഭാഷയിലുള്ള ചില പുസ്തകങ്ങളിലും ചെന്നു കൈെവച്ചു. കാരണം ആ ഭാഷയുടെ എഴുത്തുലിപികൾ ഇംഗ്ലീഷാണല്ലോ; ഭാഷ നമുക്ക് മനസ്സിലാവില്ലെങ്കിലും.
എയർപോർട്ടുകളിലല്ലാതെ എക്സ്ക്ലൂസിവ് ബുക്സിന്‍റെയും റീഡേഴ്സ് വെയർഹൗസിന്‍റെയും (Readers Warehouse) പുസ്തകശാലകളിലും പലപ്രാവശ്യം കയറിയിറങ്ങി. എയർപോർട്ടുകളിലൊഴികെ മറ്റെല്ലായിടത്തും ആവശ്യക്കാരന്‍റെ ആഗ്രഹമനുസരിച്ച് പുസ്തകങ്ങൾ കണ്ടെത്തിത്തരാൻ ഒരു മടിയും കാണിക്കാത്തവരാണ് അവർ. ആവശ്യപ്പെടുന്ന പുസ്തകമില്ലെങ്കിൽ തത്തുല്യമായ മറ്റ് ഒന്നിലധികം ടൈറ്റിലുകളെങ്കിലും അവർ തേടിപ്പിടിച്ചു കൊണ്ടുവരും.
‘‘ആർ യു ഇന്‍ററസ്റ്റഡ് ഇൻ ബുദ്ധ?’’
ഇന്ത്യക്കാരാണെന്ന് അറിഞ്ഞതുകൊണ്ടാകണം പെട്ടെന്ന് അയാൾ ചോദിച്ചു. ഞാനൊരു മറുപടി പറഞ്ഞില്ലെങ്കിലും എന്‍റെ കണ്ണുകളിൽനിന്ന് അയാൾക്ക് ഒരുത്തരം കിട്ടിയിരിക്കണം. അതിനുള്ള മറുമരുന്നെന്നോണം എവിടെയെല്ലാമോ തിരഞ്ഞ് നാലഞ്ചു പുസ്തകങ്ങളുമായി അയാൾ തിരിച്ചുവന്നു. അവർക്കു മാത്രമുള്ള ആ ലാസ്യഭാവത്തോടെ.
നന്മക്ക് ഹാർപ്പർ ലീയുടെ പ്രസിദ്ധമായ ബെസ്റ്റ് സെല്ലർ ‘ടു കിൽ എ മോക്കിങ് ബോർഡും’ സ്റ്റിഫാൻ എബർട്ടിന്‍റെ ‘ഹൗ ടു സ്റ്റോപ് എ െട്രയിൻ’ എന്ന പുസ്തകവും. ജിജോക്ക് റോബിൻ ശർമയുടെ ‘വെൽത്ത് മണി കാണ്ട് ബൈ’, എനിക്കായി രണ്ടു പുസ്തകങ്ങൾ. സിങ് യൂവിന്‍റെ ‘ദി ബയോഗ്രഫി ഓഫ് ശാക്യമുനിബുദ്ധ’ എന്ന ജീവചരിത്രം. ഒപ്പം ദലൈലാമയെയും ആർച്ച് ബിഷപ് ഡെസ്മണ്ട് ടുട്ടുവിനെയും ധരംശാലയിൽെവച്ച് രണ്ടാഴ്ചക്കാലം അഭിമുഖം ചെയ്ത് തയാറാക്കിയ ‘ദി ബുക്ക് ഓഫ് ജോയ്’ എന്ന മനോഹര ഗ്രന്ഥവും!
മദ്യപാനിയുടെ മുന്നിൽ വിവിധ ബ്രാൻഡുകളിലുള്ള മുന്തിയ ഇനം മദ്യങ്ങൾ നിരത്തിെവച്ചതുപോലെ. പുസ്തകവും മദ്യവും രണ്ടും ഓരോതരം ലഹരികളാണല്ലോ. തിരഞ്ഞെടുക്കുന്നവന്‍റെ താൽപര്യമനുസരിച്ച് ഏതു വേണമെങ്കിലും ഒഴിവാക്കാം. എന്നാൽ, എനിക്കു പുസ്തകം ഒഴിവാക്കാൻ കഴിയാത്തൊരു ലഹരിയാണല്ലോ!
‘‘മമ്മായ്ക്കുള്ള പുസ്തകവും ഞാൻ കൊണ്ടുവന്നിട്ടുണ്ട്.’’
എന്‍റെ ഭാര്യയോടാണ്.
ഒരു കൂറ്റൻ പുസ്തകവുമായിട്ടാണ് അയാൾ വന്നത്. അറുനൂറ് പേജുള്ള ഒരു നോവൽ. അപ്പാർതൈറ്റാനന്തര കാലത്തെ ശ്രദ്ധേയനായ യുവ നോവലിസ്റ്റ് കെ സെല്ലോ ഡ്യൂക്കറിന്‍റെ (K.S. Duiker) ‘ദി ക്വയറ്റ് വയലൻസ് ഓഫ് ഡ്രീംസ്’ (The quiet violence of dreams).
ഡ്യൂക്കറിനെക്കുറിച്ച് നേരത്തേ മകൻ പറഞ്ഞു ഞാൻ കേട്ടിരുന്നു. അയാളുടെ രണ്ടാമത്തെ നോവലായ ‘തേർട്ടീൻ ഡെയ്സ് (Thirteen Days) മകന്‍റെ പുസ്തകശേഖരത്തിൽ കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ വാങ്ങിക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.
നാൽപതു തികയും മുമ്പേ അത്ഭുതപ്പെടുത്തുന്ന മൂന്നു നോവലെഴുതി ജീവിതത്തിന്‍റെ പടിയിറങ്ങിപ്പോയ ഡ്യൂക്കറിന്‍റെ ജീവിതം അയാളുടെ നോവലുകളേക്കാൾ വിസ്മയം നിറഞ്ഞ കഥകളുടെ സമാഹാരമായിരുന്നു.
1987ൽ പതിമൂന്നാമത്തെ വയസ്സിൽ തന്‍റെ സ്കൂൾ േപ്രാജക്ടിന്‍റെ ഭാഗമായി ഡ്യൂക്കർ എഴുതിയ ‘എന്‍റെ ജീവിതകഥ’ (My Life story) തുടങ്ങുന്നത് ഇങ്ങനെയാണ്: ‘‘ഭാർഗവനാഥ് ആശുപത്രിയിലാണ് ഞാൻ ജനിച്ചത്. ജൂദായും മെയ്കി ഡ്യൂക്കറുമായിരുന്നു എന്‍റെ മാതാപിതാക്കൾ, കബേലോ സെല്ലോ ഡ്യൂക്കർ (Kabelo Sello Duiker) എന്നതായിരുന്നു എനിക്കു നൽകിയ പേര്. ദൗർഭാഗ്യവശാൽ ഞാൻ ജനിക്കുന്നതിനും നാലുമാസം മുമ്പ് മരണമടഞ്ഞ മുത്തച്ഛന്‍റെ പേരാണ് സെല്ലോ എന്നത്. 1974 ഏപ്രിൽ 13നാണ് ഞാൻ പിറന്നത്...’’നന്നായി പൊതിഞ്ഞ് മനോഹരമാക്കിയ പുസ്തകത്തിന്റെ പുറംപേജിൽ’’ Author and Publisher: K.S. Duiker എന്ന് വലിയ അക്ഷരങ്ങളിൽ എഴുതിവെക്കാനും അവൻ മറന്നില്ല.

‘വയലൻസ് ഓഫ് ഡ്രീംസ്’ -ഡ്യൂക്കറുടെ ആദ്യ നോവൽ
റോഡ്സ് യൂനിവേഴ്സിറ്റിയിലെ പഠനകാലത്ത് കവിതാ തൽപരരായ സുഹൃത്തുക്കളുമായി ചേർന്ന് സീഡ്സ് (Seeds) എന്ന സൊസൈറ്റിക്കു രൂപം നൽകുന്നു. ഡ്യൂക്കറുടെ ആദ്യകാല കവിതകളും ചില ആന്തോളജിയുമൊക്കെ ‘സീഡ്സി’ലൂടെ പുറത്തുവന്നു. പ്രതിഭാധനരായ കറുത്ത ചെറുപ്പക്കാരെ അന്വേഷിച്ചു നടക്കുകയായിരുന്ന കേവ്ല ബുക്സിന്‍റെ (Kewla Books) പ്രസാധകനുമായി ബന്ധം സ്ഥാപിക്കുന്നത് ഇക്കാലത്താണ്. അയാൾ അയച്ചുകൊടുത്ത കൃതികളൊന്നും അവർ പ്രസിദ്ധീകരിച്ചില്ലെങ്കിലും ഡ്യൂക്കറിന്‍റെ പുതിയ പദ്ധതിയായ ‘വയലൻസ് ഓഫ് ഡ്രീംസി’ൽ പ്രസാധകർക്കു വലിയ പ്രതീക്ഷയായിരുന്നു.
വയലൻസിന്‍റെ എഡിറ്റിങ് ജോലികൾ പുരോഗമിക്കുമ്പോൾതന്നെ ഉത്സാഹിയായ ആ ചെറുപ്പക്കാരൻ മറ്റൊരു പുതിയ നോവലിന്‍റെ പണി പൂർത്തിയാക്കിക്കഴിഞ്ഞിരുന്നു. വേണമെങ്കിൽ അതു മറ്റൊരു പ്രസാധകനെ ഏൽപിക്കുന്നതിലും ‘കേവ്ല’ ബുക്സിനു വിരോധമില്ലായിരുന്നു. അങ്ങനെ തന്‍റെ ആദ്യ നോവലായ ‘വയലൻസ് ഓഫ് ഡ്രീംസ്’ പുറത്തുവരുന്നതിനും മുമ്പേ ‘തേർട്ടീൻ സെന്‍റ്സ്’ എന്ന രണ്ടാമത്തെ നോവൽ ഒന്നാമതായി 2000ൽ പുറത്തുവന്നു. മാത്രമല്ല, ആഫ്രിക്കൻ റീജണിൽനിന്നുള്ള ഒരാളുടെ മികച്ച ആദ്യ കൃതിക്കുള്ള ‘കോമൺവെൽത്ത് റൈറ്റേഴ്സ് ൈപ്രസ്’ ലഭിക്കുകയും ചെയ്തു. പണിക്കുറ്റം തീർത്ത് 2001ൽ പ്രസിദ്ധീകരിച്ച ആദ്യ നോവൽ രചനയായ ‘വയലൻസ് ഓഫ് ഡ്രീംസി’ന് വിചാരിച്ചതിലും വലുതായ അനുവാചകശ്രദ്ധയാണ് ലഭിച്ചത്. ഹെർമൻ ചാൾസ് ബോസ്മാൻ പുരസ്കാരം ലഭിച്ചതിനൊപ്പം 2002ലെ സൺഡേ ടൈംസ് ലിറ്റററി അവാർഡിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടുകയുംചെയ്തു. അതോടെ അപ്പാർതൈറ്റിനുശേഷമുള്ള ആഫ്രിക്കൻ നോവൽ സാഹിത്യത്തിൽ ഒരു താരോദയം സംഭവിച്ചുവെന്നും പറയാം.

ഫെയർ മുദ്ര: പത്രപ്രവർത്തനത്തിലെ മാന്യത, തീവണ്ടി നിർത്തേണ്ടതെങ്ങനെ? -മഹാത്മാവിനെക്കുറിച്ചുള്ള ബാലസാഹിത്യകൃതി
ജെ.എം. കൂറ്റ്സിയും വൊളെ സോയിങ്കയും ചിനുവ അച്ചെബയും എഴുതിയതുപോലായിരുന്നില്ല നവ ആഫ്രിക്കൻ യുവാക്കളുടെ എഴുത്തുരീതികൾ. ഉയിരിൽനിന്നും അപ്പാർതൈറ്റിന്‍റെ വിഷാണുക്കളെ അവർക്കു കുടഞ്ഞെറിയേണ്ടതുണ്ടായിരുന്നു. ആഫ്രിക്കൻ ദേശീയത കൈവെടിഞ്ഞ്, വർണവെറിയുടെ കാലത്ത് ആഫ്രിക്കക്കാരനായിത്തീരേണ്ടിവന്ന ഒരു തലമുറയുടെ ആത്മരോഷം. അതിനാൽതന്നെ എഴുത്തിൽ അവർ സ്വീകരിച്ച പ്രമേയങ്ങൾ അന്നേവരെയുള്ള എഴുത്തുശീലങ്ങളുടെ എല്ലുകൾക്കു പുറത്തായിരുന്നു. അതുകൊണ്ടാണവർ ഗോത്രഭാഷകളോ ആഫ്രിക്കൻസോ തിരഞ്ഞെടുക്കുന്നതിനു പകരം തങ്ങളുടെ വികാരവിക്ഷോഭങ്ങളുടെ വിനിമയത്തിനായി ഇംഗ്ലീഷ് തന്നെ സ്വീകരിച്ചത്. ഡ്യൂക്കർ പറഞ്ഞുവെക്കാൻ തുടങ്ങിയതും നടപ്പുശീലങ്ങളിൽനിന്നുള്ള വഴിമാറി നടക്കലിന്‍റെ ആ കഥയായിരുന്നു.
നമ്മളറിയുന്ന പ്രധാനപ്പെട്ട ആഫ്രിക്കൻ എഴുത്തുകാരെക്കുറിച്ചുള്ള ആക്ഷേപങ്ങളിലൊന്ന്, ആഫ്രിക്കൻ ദേശീയത എന്ന പൊതുധാരയിൽനിന്നും അകന്നുമാറി നിന്ന് അവർ എഴുതാൻ ശ്രമിച്ചു എന്നതാണത്. കറുത്ത എഴുത്തിന്‍റെ വക്താക്കളെന്ന നിലയിൽ വ്യാപകമായ അംഗീകാരവും ലോകശ്രദ്ധയും തങ്ങളിലേക്ക് എത്തിച്ചേർന്നു കഴിഞ്ഞു എന്നു തിരിച്ചറിഞ്ഞ നിമിഷത്തിൽ അപ്പാർതൈറ്റിന്‍റെയോ തൊഴിലിന്‍റെയോ പേരും പറഞ്ഞ് രാജ്യം വിട്ടുപോയ ബുദ്ധിമാന്മാർ!
റോഡ്സ് യൂനിവേഴ്സിറ്റിയിലെ മാനസിക വെല്ലുവിളി നേരിടുന്ന ഒരു വിദ്യാർഥിയുടെ മനോവ്യാപാരങ്ങൾ ആവിഷ്കരിക്കപ്പെടുന്ന ‘വയലൻസ് ഓഫ് ഡ്രീംസി’ന്‍റെ രചനക്ക് വേണ്ടിവന്ന വർഷങ്ങൾ നീണ്ട അധ്വാനം പുസ്തകത്തിന്റെ വലുപ്പത്തിൽനിന്നുതന്നെ ഏതൊരാൾക്കും ബോധ്യമാകും.
‘‘ചുറ്റുപാടും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് കറുത്തവനായൊരു യുവാവിലൂടെ നോക്കിക്കാണുന്നതിനുള്ള ശ്രമമാണ് ഇതിൽ.’’ ഡ്യൂക്കർ എഴുതി: ‘‘ഒരുപക്ഷേ അതായിരിക്കാം നോവലിന്‍റെ ജനപ്രിയതക്കുള്ളൊരു പ്രധാന കാരണവും. വെളുത്ത എഴുത്തുകാർക്കില്ലാതെ പോകുന്ന വിമർശനബുദ്ധിയാണിത്. ഇതൊരു ‘ഗേ’ (Gay) നോവലാണെന്ന് വിമർശിക്കുന്നവരുണ്ട്. അവർ നോവലിന്‍റെ മുഖ്യപ്രമേയം എന്തെന്നു മനസ്സിലാക്കാത്തവരാണ്. നോവലിലെ പ്രധാന കഥാപാത്രം ഒരു സ്വവർഗാനുരാഗി ആണെന്നതാകാം കാരണം.’’
എന്നാൽ, ദക്ഷിണാഫ്രിക്ക നേരിടുന്ന ഏറ്റവും വലിയ ധാർമിക പ്രതിസന്ധി അവിടത്തെ കറുത്ത ചെറുപ്പക്കാർക്കിടയിലെ അതിരുവിട്ട ലൈംഗികതയാണെന്നു ഡ്യൂക്കറും സമ്മതിക്കുന്നു. അതും കടന്ന് ഏറ്റവും ഭീകരമായ അവസ്ഥയിലേക്ക് -സ്വവർഗരതിയിലേക്ക് കടന്നുകഴിഞ്ഞുവെന്ന് ഈ യുവനോവലിസ്റ്റ് കൂട്ടിച്ചേർക്കുന്നു.
ഡ്യൂക്കറുടെ രംഗപ്രവേശവും എഴുത്തും നവാഗതരായ കറുത്ത എഴുത്തുകാർക്ക് എന്തെന്നില്ലാത്ത ആവേശവും പ്രചോദനവുമായി. മാത്രമല്ല, പുതുതലമുറയുടെ കൃതികൾ പ്രസിദ്ധീകരിക്കാൻ സന്നദ്ധരായി, തങ്ങളുടെ കടുംപിടിത്തം ഉപേക്ഷിച്ച് ജക്കാന മീഡിയ (Jacana Media), പാൻ മാക്മിലൻ തുടങ്ങിയ പ്രസാധകരും മുന്നോട്ടുവന്നു.
‘ദി ഹിഡൻ സ്റ്റാർ’ (The Hidden Star) എന്ന മൂന്നാമത്തെ നോവലിന്‍റെ എഴുത്തുജോലികളിൽ മുഴുകിയിരിക്കെ, തന്‍റെ വായന ലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് ഡ്യൂക്കർ ‘ഇരുളിൽ തന്നെത്തന്നെ ആഞ്ഞെറിച്ചുടച്ചു’ കളഞ്ഞു; 2005 ജനുവരി അഞ്ചിന്. എന്തിനുവേണ്ടിയായിരുന്നു ആ ധൃതിയെന്ന് ഡ്യൂക്കറിനെ അടുത്തറിയാവുന്നവർക്കുപോലും മനസ്സിലാക്കാൻ കഴിയാതെ പോയി.
ഡ്യൂക്കറിന്‍റെ മരണശേഷം 2006ൽ ‘ദി ഹിഡൻ സ്റ്റാർ’ പുറത്തുവന്നു. തൊട്ടടുത്ത വർഷം ഗോത്രഭാഷകളിൽവരെ അതിനു വിവർത്തനങ്ങളുണ്ടായി. ഫ്രഞ്ച്, ഡച്ച്, ജർമൻ ലിപികളിലും ‘ഒളിവിലെ നക്ഷത്ര’ത്തിന് ഭാഷാന്തരങ്ങൾ വന്നു. ദക്ഷിണാഫ്രിക്കൻ സാഹിത്യത്തിന്‍റെ നവീനമുഖമായി ആഘോഷിക്കപ്പെട്ട ചെറുപ്പക്കാരനായൊരു നോവലിസ്റ്റിന്‍റെ ക്ഷണികജീവിതം ഇന്നും അവിടത്തെ സാഹിത്യവൃത്തങ്ങളിൽ ചർച്ചചെയ്യപ്പെടുന്നൊരു വിഷയമെന്ന നിലക്കാണ് ഡ്യൂക്കറിനെക്കുറിച്ച് ഇത്രയും എഴുതാനിടയായത്.
മഹാത്മാവിന്‍റെ ഓർമകൾക്കു മുന്നിൽ ദക്ഷിണാഫ്രിക്കയർപ്പിക്കുന്ന ഒരു വലിയ പ്രണാമമെന്നു വിശേഷിപ്പിക്കാവുന്ന ഒന്നാണ് കുട്ടികൾക്കുവേണ്ടി എഴുതപ്പെട്ടിട്ടുള്ള ‘ഒരു തീവണ്ടി നിർത്തേണ്ടത് എങ്ങനെ’ (How to Stop a Train) എന്ന കൊച്ചു പുസ്തകം. സ്റ്റിഫാൻ എൽബർട്ടും കാതറീൻ പിള്ളയുമാണ് ഇതിന്‍റെ ഗ്രന്ഥകർത്താക്കൾ. യാത്രക്കിടയിൽ തീവണ്ടിയിൽനിന്നും പുറത്തേക്ക് എറിയപ്പെട്ട നിമിഷം മുതൽ മറ്റൊരു നീണ്ടയാത്ര ആരംഭിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാർ നേരിടുന്ന വിവേചനങ്ങൾക്ക് അന്ത്യംകുറിക്കാനുള്ള യാത്ര. ലോകത്തെ മെച്ചപ്പെട്ട ഒരിടമാക്കി മാറ്റാൻവേണ്ടിയുള്ള യാത്ര. ഒരു ചെറിയ ‘നോ’ (No) എന്ന വാക്കിൽനിന്നും തുടങ്ങിയ യാത്ര. മനോഹരങ്ങളായ രേഖാചിത്രങ്ങളാണ് പുസ്തകത്തിന്റെ ഏറ്റവും വലിയ ആകർഷണം.
ദക്ഷിണാഫ്രിക്കക്കാരായ പുതുതലമുറക്ക് ഗാന്ധിജി തീർത്തും അപരിചിതമായൊരു നാമമായി മാറിക്കഴിഞ്ഞ ഇക്കാലത്ത് കുട്ടികൾക്കുവേണ്ടി തയാറാക്കപ്പെട്ട ഇതുപോലൊരു പുസ്തകത്തിന്റെ പ്രസക്തി വളരെ വലുതാണ്. കാരണം, ഇന്നവർക്ക് എഴുന്നള്ളിച്ചു നടക്കാൻ ബിംബങ്ങൾ ഒത്തിരിയുണ്ട്. ഒ.ആർ. ടാംബോയും നെൽസൺ മണ്ടേലയും ഡെസ്മണ്ട് ടുട്ടുവും വിന്നി മണ്ടേലയുമുൾപ്പെടെ പുത്തൻകൂറ്റുകാരായ നിരവധിപേർ. അവർക്കറിയില്ല, ഈ മനുഷ്യൻ കുറച്ചുകാലംകൂടി അവിടെ തങ്ങിയിരുന്നെങ്കിൽ ഇതിനും എത്രയോ മുമ്പേതന്നെ ദക്ഷിണാഫ്രിക്ക ഒരു ജനാധിപത്യ റിപ്പബ്ലിക്കായിത്തീരുമായിരുന്നു എന്ന സത്യം!

