Begin typing your search above and press return to search.

ടേബിൾ മൗണ്ടൻ

ടേബിൾ മൗണ്ടൻ
cancel

പതിനഞ്ച് കേപ്ടൗണിലെ ആദ്യപ്രഭാതം. നല്ല തണുപ്പും മൂടൽമഞ്ഞും, സിഗ്നൽ പോയന്‍റുകളിലെ വെളിച്ചങ്ങൾ, എതിർവശത്തുകൂടി പാഞ്ഞുപോകുന്ന വാഹനങ്ങൾ. ആ തണുപ്പിനെ തെല്ലും വകവെക്കാതെ, ഒരു മേൽവസ്​ത്രംപോലുമില്ലാതെ തെരുവോരങ്ങളിലൂടെ തിടുക്കപ്പെട്ടുപോകുന്ന കറുത്ത മനുഷ്യർ. മുന്നിൽ, ദിശയറിയാതെ ആകാശത്തിൽനിന്നും ഇറങ്ങിവരുന്ന മഞ്ഞിന്‍റെ പുകമറ. അതിനെ വകഞ്ഞുമാറ്റി മുന്നേറിക്കഴിയുമ്പോൾ ആ മഞ്ഞ് അത്രയും നമുക്കു പിന്നിൽ വലിയൊരു മതിൽപോലെ. രാവിലെ എട്ടുമണിക്കു മുമ്പ് ലോവർ സ്റ്റേഷനിൽ റിപ്പോർട്ടു ചെയ്താലേ തിരക്കേറും മുമ്പ് ടേബിൾ മൗണ്ടന്‍റെ നെറുകയിൽ എത്താൻ കഴിയൂ. സമുദ്രനിരപ്പിൽനിന്നും 363 മീറ്റർ ഉയരത്തിലാണ്...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

പതിനഞ്ച്

കേപ്ടൗണിലെ ആദ്യപ്രഭാതം. നല്ല തണുപ്പും മൂടൽമഞ്ഞും, സിഗ്നൽ പോയന്‍റുകളിലെ വെളിച്ചങ്ങൾ, എതിർവശത്തുകൂടി പാഞ്ഞുപോകുന്ന വാഹനങ്ങൾ. ആ തണുപ്പിനെ തെല്ലും വകവെക്കാതെ, ഒരു മേൽവസ്​ത്രംപോലുമില്ലാതെ തെരുവോരങ്ങളിലൂടെ തിടുക്കപ്പെട്ടുപോകുന്ന കറുത്ത മനുഷ്യർ. മുന്നിൽ, ദിശയറിയാതെ ആകാശത്തിൽനിന്നും ഇറങ്ങിവരുന്ന മഞ്ഞിന്‍റെ പുകമറ. അതിനെ വകഞ്ഞുമാറ്റി മുന്നേറിക്കഴിയുമ്പോൾ ആ മഞ്ഞ് അത്രയും നമുക്കു പിന്നിൽ വലിയൊരു മതിൽപോലെ. രാവിലെ എട്ടുമണിക്കു മുമ്പ് ലോവർ സ്റ്റേഷനിൽ റിപ്പോർട്ടു ചെയ്താലേ തിരക്കേറും മുമ്പ് ടേബിൾ മൗണ്ടന്‍റെ നെറുകയിൽ എത്താൻ കഴിയൂ. സമുദ്രനിരപ്പിൽനിന്നും 363 മീറ്റർ ഉയരത്തിലാണ് ലോവർ സ്റ്റേഷൻ.

മലനിരകളുടെ അരക്കെട്ടിനെ അള്ളിപ്പിടിച്ചുകിടക്കുന്ന വളവുതിരിവുകൾ നിറഞ്ഞ വഴിത്താര കയറ്റം കയറുന്നു. ചെവിയെ വലം​െവച്ച് ക്രോപ്പുചെയ്ത് നിർത്തിയ ന്യൂജെൻ ചെറുപ്പക്കാരന്‍റെ മുടിപോലെ, പറ്റെ വെട്ടിനിർത്തിയ തലയുയർത്തി കാവൽ നിൽക്കുന്ന ഫിർ മരങ്ങൾ! അപ്രതീക്ഷിതമായുണ്ടാകുന്ന കാട്ടുതീക്കെതിരായ പ്രതിരോധമാണ​െത്ര അത്. നിബിഡവനങ്ങളല്ല, കുറ്റിച്ചെടികളും പൊന്തക്കാടുകളും, ലോകത്ത് അപൂർവമായി മാത്രമുള്ള സസ്യജാലങ്ങളും നിറഞ്ഞ ഈ പർവതസാനുക്കളെ കാട്ടുതീയും വെറുതെ വിടാറില്ല. എന്നാൽ, കാട്ടുതീക്കു ശേഷമുള്ള മഴ കഴിയുമ്പോൾ നാമാവശേഷമെന്നു കരുതിയിരുന്ന അപൂർവയിനം സസ്യങ്ങൾ ഇവിടെ വീണ്ടും പൊട്ടിമുളക്കും. ലോകത്തിലെ അപൂർവയിനം സസ്യജാതികളുടെ കലവറയാണീ മലനിരകൾ.

ഒരേസമയം ഒന്നിലേറെ കേബിൾ കാറുകൾ വന്നും പോയുമിരിക്കുന്ന എങ്കൽബർഗിലെ (സ്വിറ്റ്സർലൻഡ്) ടിറ്റിലസ്​ മലനിരകളായിരുന്നു എന്‍റെ മനസ്സിൽ. ഒരേസമയം ആറോ എട്ടോ പേർക്ക് ഇരുന്നു സഞ്ചരിക്കാൻ കഴിയുന്ന കേബിൾ കാറുകൾ. ഇവിടെയിതാ, ലോവർ സ്റ്റേഷനിൽനിന്നും നോക്കിയാൽ കാണാൻ കഴിയാത്ത, കുത്തനെ നിൽക്കുന്ന ടേബിൾ മൗണ്ടന്‍റെ ഉച്ചിയിലെത്താൻ സിലിണ്ടർ ആകൃതിയിൽ രൂപകൽപന ചെയ്ത കേബിൾ കാർ. ഒരേസമയം മുപ്പതോളം പേർക്ക് അനായാസമായി അതിൽ സഞ്ചരിക്കാം. കുത്തനെയുള്ള കയറ്റം അനുഭവപ്പെടാതിരിക്കാൻ സിലിണ്ടർ സാവകാശം തിരിഞ്ഞുകൊണ്ടിരിക്കുമ്പോൾ, നമുക്കു മുന്നിൽ മഞ്ഞും മലനിരകളും കടലും നഗരവുമെല്ലാം അവിസ്​മരണീയമായ കാഴ്ചകളുടെ പ്രഭാതവിരുന്നൊരുക്കുന്നു. സുതാര്യമായ മഞ്ഞലകൾ മേഘങ്ങൾപോലെ നമ്മുടെ കാഴ്ചകളെ തഴുകി ഒഴുകിയകന്നുപോകുന്നു...

മലമുകളിൽ ഇപ്പോൾ സ്വപ്നംപോലെ വെയിൽ പരന്നിരിക്കുന്നു. ലോകത്തിലെ അപൂർവ ജനുസ്സുകളിൽപ്പെടുന്ന ദൃശ്യവും അദൃശ്യവുമായ സസ്യ-ജീവജാലങ്ങളുടെ ഹരിതസമൃദ്ധി അവിടെയെങ്ങും നമുക്ക് സ്വാഗതമോതുന്നു. ആകാശങ്ങളെ ഉമ്മവെക്കുന്ന ഗിരിശൃംഗത്തിനു പകരം അകലെനിന്നു നോക്കുമ്പോൾ ദീർഘചതുരാകൃതിയിലുള്ള ഒരു മേശപോലെ കാണപ്പെടുന്ന ടേബിൾ മൗണ്ടന്‍റെ മുകൾനിരപ്പ് പക്ഷേ പ്രതലസ്വഭാവമുള്ളതല്ല. എങ്കിലും ദുർഗമമല്ലാത്ത പരിസരങ്ങൾ. കുസൃതിക്കുരുന്നുകൾക്ക് ഒളിച്ചും പാത്തും കയറിമറിഞ്ഞും ഉല്ലസിക്കാൻ ഉതകുന്നിടം. അടരടരുകളായി നൂറു നൂറാണ്ടുകൾകൊണ്ട് കാലം കെട്ടിപ്പൊക്കിയ മലമുടിയുടെ അടയാളങ്ങൾ.

പാരിസിലെ ഐഫൽ ഗോപുരത്തിന്‍റെ മൂന്നിരട്ടി ഉയരം അവകാശപ്പെടാൻ കഴിയുമെങ്കിലും മോണ്ട്ബ്ലാങ്ക്, കിളിമഞ്ജാരോ, എവറസ്റ്റ് എന്നീ കൊടുമുടികൾക്കു മുന്നിൽ ടേബിൾ മൗണ്ടൻ വെറുമൊരു കുന്നിക്കുരു മാത്രമായിരിക്കാം. എന്നാൽ, ആൽപ്സും ഹിമാലയവും റോക്കീസും ആൻഡീസുമെല്ലാം ടേബിൾ മൗണ്ടനു മുന്നിൽ കേവല ശിശുക്കൾ മാത്രമാണ്. പത്തും നൂറും അല്ല 260 ദശലക്ഷം വർഷങ്ങളായി ദക്ഷിണാഫ്രിക്കയുടെ ഈ അഭിമാനഗോപുരം പൊട്ടിമുളച്ചിട്ട്! നമുക്ക് വേണ്ടപ്പെട്ട ഹിമാലയത്തിനുപോലും 40 ദശലക്ഷം വർഷത്തിന്‍റെ പ്രായമേയുള്ളൂ.

യുനെസ്​കോയുടെ ലോക പൈതൃകങ്ങളുടെ പട്ടികയിൽ ഇടംനേടിയ ഗിരിശിഖരം മാത്രമല്ല ടേബിൾ മൗണ്ടൻ. ആധുനിക കാലത്തെ പ്രകൃതിയിലെ ഏഴ് മഹാത്ഭുതങ്ങളിൽ ഒന്നാമൻ. ബ്രസീലിലെ ആമസോൺ മഴക്കാടുകളും വടക്കുകിഴക്കൻ വിയറ്റ്നാമിലെ ഹോ ലോങ് ഉൾക്കടലും (Ho long bay) അർജന്‍റീനയിലെ ഇഗ്വാസു (Iguazu) ജലപാത ദ്വീപും ഇന്തോനേഷ്യയിലെ കൊമോഡോയും (Komodo) ഫിലിപ്പീൻസിലെ പ്യൂർട്ടോപ്രിൻസിയ (Puerto Princesa) ഭൂഗർഭ നദിയുമെല്ലാം ടേബിൾ മൗണ്ടനു പിന്നാലെ വരുന്ന വിസ്​മയങ്ങളാണ്.

മഞ്ഞിന്‍റെ നേർത്ത നാരുകളെ വകഞ്ഞുമാറ്റുന്ന പുലരിവെയിലിൽ തളിർത്തുനിൽക്കുന്ന പ്രോട്ടോപ്ലാസത്തിന്‍റെ ആദിമ വിശുദ്ധിയിലേക്ക്, കേബിൾ കാറിൽ നിന്നിറങ്ങി ഞങ്ങൾ തീർച്ചയായും നവ്യമായൊരു വിസ്​മയത്തിന്‍റെ ലഹരിയിൽത്തന്നെയായിരുന്നു. ചുറ്റും ഉറക്കമുണർന്നു കഴിഞ്ഞ അഗോചരങ്ങളായ അസംഖ്യം സൂക്ഷ്മജീവികൾ. പേരറിയാത്ത നാനാതരം സസ്യജാലങ്ങൾ. പാറമടക്കുകളിൽ അലിയാൻ മടിച്ചുനിൽക്കുന്ന മഞ്ഞുകണങ്ങൾ. ദൂരെ​െവച്ചേ, കയറിച്ചെല്ലും മുമ്പേ കണ്ടിരുന്നു ഒരു ദേവാലയത്തിന്‍റേതെന്നു തെറ്റിദ്ധരിപ്പിക്കുന്ന ഒരെടുപ്പ്. നിശ്ചയമായും അങ്ങനെയാകാനേ തരമുള്ളൂ. അവരായിരുന്നല്ലോ പായ്ക്കപ്പലോട്ടി ലിസ്​ബണിലെ തുറമുഖങ്ങളിൽനിന്നും കച്ചവടസംഘങ്ങൾക്കൊപ്പം ഇവിടെ ആദ്യമെത്തിയ പരിഷ്കൃതർ -മിഷനറിമാർ! എന്‍റെ ഊഹം പക്ഷേ തെറ്റായിരുന്നു. ആ മലയിലെ പാറകൾ കൊണ്ടുതന്നെ ഒരു നൂറ്റാണ്ടിനു മുമ്പ് (1928ൽ) നിർമിച്ച ‘ഷോപ് അറ്റ് ദ ടോപ്’ ആണത്. ഷോപ്പും ഭക്ഷണശാലയുമൊക്കെയായി അതു പ്രവർത്തിക്കുന്നു.

കേപ്പിലെ കൊടുങ്കാറ്റിലകപ്പെട്ട് ഒപ്പമുണ്ടായിരുന്ന രണ്ടു കപ്പലുകളിൽനിന്നും കൂട്ടംതെറ്റിയ പോർചുഗീസ്​ നാവികനും പര്യവേക്ഷകനുമായ അന്‍റോണിയ ഡി സൽദാനയാണ് (Antonio de Saldanha) ടേബിൾ മൗണ്ടിൽ കാലുകുത്തിയ ആദ്യ യൂറോപ്യൻ, 1503ൽ. വേർപിരിഞ്ഞ കപ്പലുകളെക്കുറിച്ച് അവിടെനിന്നും നോക്കിയാൽ എന്തെങ്കിലും വിവരം കിട്ടാതിരിക്കില്ലെന്ന് അയാൾ വിചാരിച്ചു കാണണം. നല്ല കാലാവസ്​ഥയാണെങ്കിൽ അവിടെ നിന്നാൽ, കാൽനൂറ്റാണ്ടുകാലം നെൽസൺ മണ്ടേലയെ തടവിൽ പാർപ്പിച്ചിരുന്ന, 27 കിലോമീറ്റർ അകലെയുള്ള റോബൻ ഐലൻഡ് കാണാൻ കഴിയും. ഞങ്ങൾക്കു പക്ഷേ അതിനുള്ള ഭാഗ്യം ഉണ്ടാകാതെപോയി. മഞ്ഞിന്‍റെ പുതപ്പു മാറ്റി അറ്റ്​ലാന്‍റിക് സമുദ്രം അപ്പോഴും ഉണർന്നിട്ടില്ലാതിരുന്നതിനാൽ. കുറ്റിച്ചെടികളും നാനാതരം ചെറുസസ്യങ്ങളും വളവുതിരിവുകൾ നിറഞ്ഞ വഴിത്താരകളോടുകൂടിയ കല്ലടുക്കുകൾപോലുള്ള പാറക്കെട്ടുകളും, അവിടെയെത്തുന്ന ഏതൊരു സഞ്ചാരിയെയും മോഹിപ്പിക്കുന്ന അത്ഭുതവിഭവങ്ങൾ നിറഞ്ഞ ‘മെനുകാർഡു’കളുമായി ആ വിരുന്നുമേശ കാത്തുകിടക്കുന്നു. മലയെയും താഴെയുള്ള നഗരത്തെയും പശ്ചാത്തലമാക്കി ഭാര്യക്കൊപ്പം ഒരു സെൽഫിയെടുക്കാൻ, അതിൽ പരിചയസമ്പന്നനല്ലാത്ത ഞാൻ ക്ലേശിക്കുന്നതു കണ്ട്, സഞ്ചാരികളിൽ ഒരുവളായ ആ പെൺകുട്ടി നേർത്തൊരു മന്ദഹാസത്തോടെ അടുത്തേക്കു വന്നു.

‘‘ഞാൻ സഹായിക്കണോ?’’

മൊബൈൽ ഫോൺ ഞാൻ അവൾക്കു നീട്ടി.

മലയുടെ പശ്ചാത്തലത്തിൽ ഒന്നോ രണ്ടോ ക്ലിക്കുകൾ. ഞങ്ങൾ നന്ദി പറഞ്ഞു.

ലക്ഷ്വറി ക്രൂസിൽ ലോകം ചുറ്റിക്കാണാൻ ഇറങ്ങിത്തിരിച്ച സഞ്ചാരിയാണവൾ.

‘‘വിർജിൻ എന്ന ക്രൂസിൽ, അല്ലേ? കഴിഞ്ഞ ദിവസം ഞങ്ങൾ അതു ഡർബനിൽ കാണുകയുണ്ടായി.’’

‘‘അതെ.’’

നേപ്പാളുകാരിയായ അവൾ പറഞ്ഞു.

‘‘നമ്മളപ്പോൾ അയൽക്കാരുമാണ്.’’

ഇന്ത്യയുടെ പ്രദേശങ്ങൾകൂടി ചേർത്ത് ഭൂപടമുണ്ടാക്കി അതു കറൻസിയിൽ അച്ചടിച്ചുവിടുന്ന അയൽക്കാരി എന്നു ഞാൻ പൂരിപ്പിച്ചില്ല. ആ ഹ്രസ്വദർശനം അവിടെ അവസാനിച്ചു. ഞങ്ങൾ ഓരോരുത്തരും അവരവരുടെ കാഴ്ചകളിലേക്ക് മടങ്ങി. പിന്നീടാണ് ഓർത്തത് ഉല്ലാസനൗകയിൽ ലോകം കാണാൻ ഇറങ്ങിത്തിരിച്ച ആ യുവസുന്ദരി നേപ്പാളിലെ ഏതു ശതകോടീശ്വരന്‍റെ മകളാണെന്നു ചോദിക്കാൻ മറന്നല്ലോ എന്ന്!

 

ലേഖകനും ഭാര്യയും ടേബിൾ മൗണ്ടനിൽ

കൂട്ടംതെറ്റിയ പായ്ക്കപ്പലുകളെ അന്വേഷിച്ചുള്ള യാത്രയാണ് അന്‍റോണിയ ഡി സൽദാനയെ ടേബിൾ മൗണ്ടന്‍റെ മണ്ടയിൽ എത്തിച്ചതെങ്കിൽ, പടക്കപ്പലിൽനിന്നും ചാടിപ്പോന്നൊരാൾ തികച്ചും ഏകാകിയായി നീണ്ട പതിനാലു മാസക്കാലം ആ മലയടുക്കുകളിൽ വസിച്ചതിന്‍റെ വീരചരിത്രവും അവിടങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജോഷ്വാ പെന്നി (Joshua Penny) എന്ന അമേരിക്കൻ നാവികനെ മ്യൂസെൻബർഗ് കലാപത്തിനു പുറപ്പെട്ട ബ്രിട്ടീഷ് പടയോടൊപ്പം നിർബന്ധിച്ച് പറഞ്ഞയക്കുകയായിരുന്നു. 1795ൽ ഫാൾസ്​ബേയിൽ (Falsebay) വെച്ച് ഡച്ചുകാരുടെ സഹായത്തോടെ ജോഷ്വാ എങ്ങനെയോ കരപറ്റി. ബ്രിട്ടീഷുകാരുടെ കണ്ണിൽപ്പെടാതെ രക്ഷപ്പെടാനായി, രണ്ടു കൂട് റൊട്ടിയും ഒരു ചുരക്കാത്തൊണ്ടിൽ ബ്രാണ്ടിയും കുത്തിനടക്കാൻ ഒരു വടിയുമായി അയാൾ നേരെ മലയിലേക്ക് കയറി.

പർവതത്തിന്‍റെ മൂന്നിൽ രണ്ടുഭാഗം കയറിക്കഴിഞ്ഞപ്പോഴേക്കും അവിടെ കണ്ട ഗുഹകളിലൊന്നിൽ അയാൾ തന്‍റെ താവളമുറപ്പിച്ചു. അരികിലൂടെ ഒഴുകിപ്പോകുന്ന നീരുറവകൂടിയായപ്പോൾ ജോഷ്വാക്ക് അവിടം ഒരു സ്വർഗംതന്നെയായി (ടേബിൾ മൗണ്ടന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുമായി അഞ്ചോളം നീരുറവകൾ താഴേക്ക് ഒഴുകുന്നുണ്ട്. കേപ്ടൗണിനെ ഒരു വ്യാപാരകേന്ദ്രവും സമുദ്രസഞ്ചാര താവളവുമാക്കി തീർത്തതിനു പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് ഈ നീരുറവയിൽനിന്നും ഒഴുകിയെത്തുന്ന ശുദ്ധജലമായിരുന്നു. ‘മധുരജലത്തിന്‍റെ ഉറവിടം’ എന്നർഥം വരുന്ന ‘കമ്മീസാ’ (Cammisa) എന്നൊരു പേരും പ്രാചീനമായ ‘ഖോയി’ (Khoi) ഭാഷയിൽ ടേബിൾമൗണ്ടനുണ്ടായിരുന്നു. അറുപതിനായിരം വർഷങ്ങൾക്കു മുമ്പ് ദക്ഷിണാഫ്രിക്കയിലെ ‘ഖോയിസാൻ’ (Khoisan) വംശത്തിൽപെട്ട ആളുകൾ ഉപയോഗിച്ചിരുന്ന ഭാഷയാണ് ‘ഖോയി’).

മാൻകിടാങ്ങളെ വേട്ടയാടിയും തേൻ ശേഖരിച്ചും പച്ചിലകൾ തിന്നും അയാൾ തന്‍റെ ഒളിവുജീവിതം അവിടെ ഉല്ലാസകരമാക്കി. നരാധമന്മാരായ ഇംഗ്ലീഷുകാരേക്കാൾ ഭേദമായിരുന്നു മലയിലെ ക്രൂരജീവികൾക്കൊപ്പമുള്ള ജീവിതമെന്ന് അയാൾ പിന്നീടെഴുതിയിട്ടുണ്ട്. അവിടെയായിരുന്നപ്പോൾ താൻ അനുഭവിച്ച ജീവിതാനന്ദം പിന്നീടൊരിക്കലും തനിക്ക് അനുഭവിക്കാൻ കഴിഞ്ഞിട്ടില്ലെന്നും.

ബ്രിട്ടന്‍റെ കപ്പലുകളൊന്നും കടലിൽ ഇല്ലാതിരുന്ന ഒരവസരത്തിൽ ടേബിൾബേയിൽ (Table bay) നങ്കൂരമിട്ടു കിടന്നിരുന്ന ഒരു അമേരിക്കൻ പായ്ക്കപ്പലിനെ ലക്ഷ്യമാക്കി ജോഷ്വാ മലയിറങ്ങി. ആരുടെയും കണ്ണിൽപ്പെടാതിരിക്കാൻ ബോധപൂർവം ശ്രമിച്ചുകൊണ്ട് ബീഭത്സരൂപിയായ അയാൾ അമേരിക്കൻ കപ്പലിന്‍റെ കപ്പിത്താനെന്നു കരുതിയയാളെ സമീപിച്ച് തന്‍റെ ആവശ്യമറിയിച്ചു. ഭയന്നുപോയ ആ ക്യാപ്റ്റൻ ജോഷ്വായെക്കണ്ട് ഞെട്ടിത്തരിച്ചു.

‘‘ആരാണു നിങ്ങൾ? മൃഗമോ അതോ മനുഷ്യനോ?’’

അയാളുടെ അജ്ഞാതവാസത്തിന് അതോടെ വിരമമായി (Table Mountains mystery man: Joshua Penny എന്ന പേരിൽ ഇയാളുടെ കഥകൾ പ്രസിദ്ധമാണ്).

പിന്നെയും എത്രയോ വർഷങ്ങൾ കഴിഞ്ഞാണ് ജീവിവർഗങ്ങളുടെ ഉത്ഭവമന്വേഷിച്ച് മഹാനായ ചാൾസ്​ ഡാർവിൻ, സൈമൺസ്​ ബേയിൽ (Simons bay) കപ്പലിറങ്ങുന്നത്. ഗാലപ്പഗോസു മുതൽ അഞ്ചുവർഷക്കാലം നീണ്ടുനിന്ന തന്‍റെ പര്യവേക്ഷണങ്ങളുടെ ഒടുവിലത്തെ 19 ദിവസം, 1836 മേയ് 31 മുതൽ അദ്ദേഹം ഈ പരിസരങ്ങളിൽ ഉണ്ടായിരുന്നു.

1929 ഒക്ടോബർ നാലിന് ടേബിൾ മൗണ്ടനു മുകളിൽ ആദ്യത്തെ കേബിൾകാർ വന്നിറങ്ങിയതു മുതൽ നാളിതുവരെ അവിടെയെത്തിയവർ ഇരുപതു ദശലക്ഷത്തിലേറെപ്പേർ! അവർക്കൊപ്പം കേരളത്തിലെ ഓണംകേറാമൂലയായൊരു കടലോരഗ്രാമത്തിൽ നിന്നിതാ ഞങ്ങളും. ഈ നാലുജോടി കാൽപാടുകളുടെ കുറവും 20 ദശലക്ഷത്തിൽ ഒരു കുറവുതന്നെയാണല്ലോ!

പതിനാറ്

ഡിസ്​ട്രിക്ട് സിക്സിലെ കാഫ്ക!

ദക്ഷിണാഫ്രിക്കയുടെ മാതൃനഗരം എന്ന വിശേഷണം വെസ്റ്റേൺ കേപ് പ്രോവിൻസിലെ കേപ്ടൗണിനു മാത്രം അവകാശപ്പെട്ടതാണ്. പ്രകൃതിരമണീയം എന്നതിനപ്പുറം വൈവിധ്യമാർന്ന സംസ്​കാരധാരകളുടെ ഉറവിടം. ഏറ്റവും മികച്ചതിനെക്കുറിച്ചുള്ള ഏതൊരു വിശേഷണവും കേപ്ടൗണിനു ചേരുന്നു. ഏറ്റവും വികസിത നഗരം. ഏറ്റവും വാസയോഗ്യവും ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്നിടവും. അതിസമ്പന്നർ താമസിക്കുന്ന ഒരിടമായതിനാലോ എന്നറിയില്ല ജീവിതച്ചെലവിന്‍റെ കാര്യത്തിലും കേപ് ഇതരസംസ്​ഥാനങ്ങളേക്കാൾ മുന്നിലാണ്. വീഞ്ഞ് ഉൽപാദനത്തിലും മത്സ്യസമ്പത്തിലും ആർക്കും പിന്നിലല്ല അവർ. എന്നാൽ, ഭൂരിപക്ഷം ജനസംഖ്യയിൽ കറുത്തവർ തന്നെയാണു മുന്നിൽ; 81.4 ശതമാനം. ഇംഗ്ലീഷുകാരും പോർചുഗീസുകാരും ഡച്ചുകാരുമുൾപ്പെടുന്ന വെള്ളക്കാർ വെറും 7.39 ശതമാനം മാത്രമാണെങ്കിലും അവരാണ് വെസ്റ്റേൺ കേപ്പിന്‍റെ ഭരണാധികാരികൾ. എന്നുവെച്ചാൽ ഡെമോക്രാറ്റിക് അലയൻസ്​ നേതൃത്വം നൽകുന്ന പ്രൊവിൻഷ്യൽ ഭരണം. കോളനിവാഴ്ചക്കും അപ്പാർതൈറ്റ്സിനും തുടക്കമിട്ട പഴയ തമ്പുരാക്കന്മാർ! അതുകൊണ്ടായിരിക്കണം ദക്ഷിണാഫ്രിക്ക എന്ന മുഖ്യധാരയിൽനിന്നു വിട്ട് കേപ്ടൗൺ ആസ്​ഥാനമാക്കി സ്വതന്ത്രമായൊരു രാജ്യസൃഷ്​ടിക്കായി ഒരിക്കൽ അവർ ശ്രമങ്ങൾ നടത്തിയത്. (നമ്മുടെ പണ്ടത്തെ സ്വതന്ത്ര തിരുവിതാംകൂർ മോഹം പോലെ!) അതിനു പകരം നഗരങ്ങൾക്കും നടക്കാവുകൾക്കും അവർ ഇംഗ്ലീഷുകാരുടെയും ഡച്ചുകാരുടെയും പേരുകൾ നൽകി സായുജ്യമടഞ്ഞു.

ടേബിൾ മൗണ്ടനിൽനിന്നും ഡിസ്​ട്രിക്ട് സിക്സിലേക്കുള്ള വഴിത്താരയിലുടനീളം വെള്ളക്കാരന്‍റെ ഇനിയും ശമിച്ചിട്ടില്ലാത്ത അധികാരമോഹത്തിന്‍റെ അടയാളങ്ങൾ കാണാം. ഇടക്കെപ്പോഴോ നെൽസൺ മണ്ടേലയുടെയും വാൾട്ടർ സിസിലുവിന്‍റെയും പേരിലുള്ള ബൊളിവാഡുകൾ കടന്നുപോയതൊഴിച്ചാൽ മറ്റുള്ളവയെല്ലാം കോളനിഭരണത്തിന്‍റെ ബാക്കിപത്രങ്ങളായ പേരുകൾ മാത്രമായിരുന്നു. ഡിസ്​ട്രിക്ട് സിക്സിലെ ഡാർലിങ് സ്​ട്രീറ്റിലൂടെ (എന്തു നല്ലൊരു പേര്!) ഉച്ചവെയിലിലും വിയർക്കാതെ കാല് വെന്തുനടക്കുമ്പോൾ ‘ഫ്രീ ഫലസ്​തീൻ’ എന്ന പ്ലക്കാർഡും കൈയിലേന്തി ഫലസ്​തീൻ പതാകയും പുതച്ച് മൗനമായി നീങ്ങുന്ന ഏതാനും മുസ്​ലിം സഹോദരന്മാർക്കു മുന്നിലാണ് ചെന്നുപെട്ടത്. എന്തു പറഞ്ഞാണ് ഞാനവരെ അഭിവാദ്യംചെയ്യുക?

മുന്നിൽ കാസിൽ ഓഫ് ഗുഡ്ഹോപ്! (അതും എത്രയോ മധുരതരമായൊരു പേരാണ്!) ശുഭപ്രതീക്ഷകളുടെ കോട്ട. ദൃശ്യവും അദൃശ്യവുമായ എല്ലാ അധികാരകേന്ദ്രങ്ങളുടെയും ആൾരൂപങ്ങളാണ് ഓരോ കാസിലുമെന്ന് ആദ്യം പറഞ്ഞയാൾ ഫ്രാൻസ്​ കാഫ്കയാകണം. ഇവിടെയിതാ ഞാനും കാഫ്കയുടെ കഥാപാത്രമായ ‘കെ’യെപ്പോലെ, എന്നെ ഇവിടേക്ക് നിയോഗിച്ചത് ആരെന്നറിയാൻ അന്വേഷിച്ചു നടക്കുന്ന വെറുമൊരു ഭൂമിയളവുകാരൻ മാത്രം. ഞാനിതാ കീറിപ്പൊളിഞ്ഞ രാഷ്ട്രീയ ഭൂപടങ്ങളുമായി അജ്ഞാതമായ ഭൂഭാഗങ്ങളിലൂടെ അതിന്‍റെ എല്ലുകളന്വേഷിച്ച്, കണ്ണാടിക്കല്ലുകൾ തേടി നടക്കുന്നു. അവിടെ, ഡി-സിക്സിൽ എല്ലാവരുമുണ്ടായിരുന്നു. മതം, ഭാഷ, സമ്പത്ത്, ജന്മനാട് എന്നീ വിഭാഗീയ ചിന്താഗതികളൊന്നും കൂടാതെ മനുഷ്യർ ഒത്തൊരുമയോടെ ജീവിച്ചൊരു പ്രദേശം. വൈവിധ്യത്തിലെ കൂട്ടായ്മ ശക്തിയാണെന്ന് അവർ തെളിയിച്ചു. ഇന്ത്യയിലെ ഡച്ച് കോളനികളിൽനിന്നും വന്നവർ. വെള്ളക്കാരന്‍റെ ഭാഷയിൽ പറഞ്ഞാൽ ‘കളേഡ് പീപ്ൾ’ (Coloured People).

കറുത്തവർ അടിമകളാണെങ്കിലും വെളുത്തവരും കറുത്തവരും കൂടാതെ മൂന്നാമതൊരു ജനതതിയുടെ സൗഭ്രാത്രം! വെള്ളക്കാരന് ഉൾക്കൊള്ളാൻ കഴിയുന്നതിനും അപ്പുറത്തായിരുന്നു അത്. മനസ്സിൽ വർണവിവേചനം അതിന്‍റെ ഇറുകിയ അടിവസ്​ത്രങ്ങൾ തുന്നാൻ തുടങ്ങിയതിന്‍റെ തുടക്കം ഒരുപക്ഷേ ഇവിടം മുതൽക്കായിരിക്കണം.

നന്മയിൽ ആകാശംമുട്ടെ വളർന്ന മഹാബലിയെക്കണ്ട് അസഹിഷ്ണുക്കളായ ദേവഗണത്തെപ്പോലെ വെള്ളക്കാരൻ ഡിസ്​ട്രിക്റ്റ് സിക്സിലെ ജനങ്ങൾക്കെതിരെ തിരിഞ്ഞു. അവിടത്തെ ഭൂമി കൈമാറ്റം ചെയ്യുന്നതു തടഞ്ഞുകൊണ്ട് 1965ൽ ആദ്യത്തെ ഉത്തരവിറങ്ങി. അതോടൊപ്പം അടുത്തൊരു പത്തു വർഷത്തേക്ക് എല്ലാവിധ നിർമാണ പ്രവർത്തനങ്ങളും വിലക്കുകയുംചെയ്തു. സോദരത്വേന ജീവിച്ചുപോന്ന D-6ലെ മനുഷ്യർക്കെതിരായ ഓരോ തീരുമാനവും വളരെ വേഗത്തിലാണ് അവർ കൈക്കൊണ്ടത്. തൊട്ടടുത്ത വർഷം ഗ്രൂപ് ഏരിയാസ്​ ആക്ട് (Group Areas Act) പ്രകാരം അതു വെളുത്തവർക്കു മാത്രമുള്ള ഒരിടമായി പ്രഖ്യാപിക്കപ്പെട്ടു. അതിന്‍റെ പരിണതഫലമായ ഒഴിപ്പിക്കൽ നടപടികൾ 1968 മുതൽ ആരംഭിക്കുകയുംചെയ്തു. 1970കൾ ആയപ്പോഴേക്കും അവർ ആ ജില്ലയുടെ പേരുതന്നെ തുടച്ചുമാറ്റി. പകരം അവരതിനെ സൂര്യകാന്തി എന്നർഥം വരുന്ന ‘ഷോനെ ബ്ലോം’ (Zonnebloem) എന്നാക്കി. ഒരുപറ്റം മനുഷ്യരുടെ അധ്വാനത്തിന്‍റെയും അതിജീവനത്തിന്‍റെയും അടയാളങ്ങളെ എന്നേക്കുമായി ചരിത്രത്തിൽനിന്നും ഇല്ലാതാക്കാനുള്ള ശ്രമം...

എന്നാൽ, വെള്ളക്കാരന്‍റെ അധികാരഭ്രമത്തെയും ധാർഷ്ട്യത്തെയും കവച്ചു​െവച്ചുകൊണ്ട് ചരിത്രം മുന്നേറിപ്പോവുകതന്നെ ചെയ്തു. ഇന്നാരും ‘ഷോനെ ബ്ലോ’മിനെ ഓർക്കാറില്ല. അറുപതിനായിരത്തിലേറെ മനുഷ്യർ ഒഴിഞ്ഞുപോയ ഒരിടത്തിന്‍റെ, അവരെ കുടിയിറക്കിയ അധികാരകേന്ദ്രത്തിന്‍റെ ഓർമയും പേറി നോക്കുകുത്തിപോലെ ആ കാഫ്കേയൻ കാസിൽ പൊരിവെയിലിൽ കുളിച്ചുനിൽക്കുന്നു. അത്തരം ഒരിടത്തിന് എങ്ങനെയാണ് ‘കാസിൽ ഓഫ് ഗുഡ് ഹോപ്’ എന്ന പേരു വിളിക്കാനാവുക?

 

സെറ്റിൽമെന്‍റിലെ വർണാഭമായ പാർപ്പിടങ്ങൾ

ദക്ഷിണാഫ്രിക്കയിലെ എന്‍റെ ഔദ്യോഗിക ആതിഥേയനായ അഗസ്റ്റസ്​ ഗുന്തർ എന്ന ജർമൻകാരന് അതിനുത്തരമില്ല. 86കാരനായ ആ മനുഷ്യൻ ബാബേലിനു മുന്നിലെന്നപോലെ എന്‍റെ മുന്നിലിരുന്നു ചിരിക്കുന്നു.

‘‘അതൊന്നും എനിക്കറിയില്ല. പക്ഷേ ഒന്നുപറയാം. എന്നേക്കാൾ മൂന്നുവയസ്സിനു മൂത്ത കാമുകിയെ ഞാൻ ആദ്യമായി കണ്ടുമുട്ടിയത് അവിടെ​െവച്ചായിരുന്നു. എന്‍റെ ഗുഡ്ഹോപ്പിന്‍റെ കാസിൽ!’’

‘‘എന്നിട്ടും അവർ നിങ്ങളെ ഉപേക്ഷിച്ചുപോയി; രണ്ടു മക്കളെ സമ്മാനിച്ചതിനുശേഷം?’’

‘‘ഇതൊക്കെ നിങ്ങൾക്ക് എങ്ങനെ അറിയാം?’’

എങ്ങനെ അറിയാമെന്നു ഞാൻ പറഞ്ഞില്ല.

‘‘കഥകൾ ഒരുപാടുണ്ട് പറയാൻ. നമുക്കിതുപോലെ ഒന്നുകൂടി ഇരിക്കണം. എന്നിട്ടുവേണം അതൊക്കെ പറയാൻ.’’

അതു ഞങ്ങളുടെ ഒടുവിലത്തെ കൂടിക്കാഴ്ച ആയിരുന്നില്ലെങ്കിലും ഓരോ കാപ്പിക്കപ്പുകൾക്ക് ഇരുവശത്തുമായി വീണ്ടും ഒരിക്കൽക്കൂടി ഇരിക്കാൻ ഞങ്ങൾക്ക് ഇടവേള കിട്ടിയില്ല.

‘‘കാസിലിന് അടുത്തുതന്നെയാണ് മ്യൂസിയം. അതൊഴിവാക്കരുത്. ഇറങ്ങാൻ നേരം ഗുന്തർ ഓർമിപ്പിച്ചു.

കാസിൽ, പക്ഷേ നാലുപാടും അടച്ചുകെട്ടിയ ഒരു കോട്ട മാത്രമായിരുന്നില്ല. അതു വെള്ളക്കാരന്‍റെ കോളനിവാഴ്ചയുടെ ചരിത്രം പറയുന്ന മ്യൂസിയംതന്നെയായിരുന്നു. ബർത്തലോമിയോ ഡയസ്​ എന്ന സമുദ്രസഞ്ചാരിയിൽ തുടങ്ങുന്ന ചരിത്രം. വെട്ടിപ്പിടിച്ചവരുടെ മാത്രം കഥകൾ, ചിത്രങ്ങൾ, ചെപ്പേടുകൾ. അവരുടെ ഭക്ഷണമേശകൾക്ക് അലങ്കാരമിയറ്റിയ വിലയേറിയ പാനപാത്രങ്ങൾ, ബാൻക്വിറ്റ് ഹാളുകൾ. അതിനിടക്ക്, വാസ്​കോ ഡ ഗാമയുടെ, നിറം മങ്ങിയതെങ്കിലും അപൂർവമായൊരു പെയിന്‍റിങ് കണ്ടുകിട്ടി.

ദണ്ഡനമുറികളും പീഡനയന്ത്രങ്ങളും ഇരുട്ടറകളും ഒരുക്കിവെക്കാനും അവർ മറന്നിട്ടില്ല. ചരിത്രത്തോട് അനീതിയാകരുതല്ലോ എന്ന ഭയം മൂലമാകാം. വിഴുപ്പുഗന്ധവും മരണമൂകതയും തളംകെട്ടിനിൽക്കുന്ന ചരിത്രത്താളുകൾ...

മ്യൂസിയത്തിന്‍റെ തുടർച്ചയാണ് കോട്ടയെന്നോ കോട്ടയുടെ തുടർച്ചയാണ് മ്യൂസിയമെന്നോ വേർതിരിച്ചെടുക്കാൻ കഴിയാത്ത ക്രൂരമായൊരു കാലഘട്ടത്തിന്‍റെ ഓർമപ്പെടുത്തൽ. പിന്നീട് കറുത്തവർഗക്കാർക്കെതിരെ അഴിച്ചുവിട്ട അപ്പാർ​ൈതറ്റിന്‍റെ ഡ്രസ് റിഹേഴ്സൽ ആയിരുന്നിരിക്കണം ഡിസ്​ട്രിക്ട് സിക്സിൽ സംഭവിച്ചിരിക്കുക. അന്യദേശങ്ങളിൽനിന്നും കുടിയേറിയ ‘നിറമുള്ള മനുഷ്യർ’ക്കെതിരെ വിദേശിയായ വെളുത്ത കുടിയേറ്റക്കാരൻ നടത്തിയ കുടിയൊഴിക്കൽ, മറ്റൊരു ദശാസന്ധിയിൽ, ഇതിലും ദാരുണമായ ചുറ്റുപാടുകളിൽ തങ്ങളും ഇവിടെനിന്നും നിഷ്കരുണം പുറത്തെറിയപ്പെടുന്നൊരു ദിവസം വന്നുചേരുമെന്ന യാഥാർഥ്യം മുൻകൂട്ടി കാണാനുള്ള കഴിവില്ലാതെ.

25 എ ബ്യൂട്ടന്‍റ് കാന്‍റ് സ്​ട്രീറ്റിലെ പഴയ മെത്തഡിസ്റ്റ് ദേവാലയമാണ് പിന്നീട് മ്യൂസിയമായി രൂപാന്തരം പ്രാപിക്കുന്നത്. ഡി-6ൽനിന്നും പറിച്ചെറിയപ്പെട്ട 60,000 മനുഷ്യർക്കുള്ള സ്​മാരകം. അതിന്‍റെ ഒന്നാം നിലയുടെ തറയിൽ വിരിച്ചിരിക്കുന്നത് ഡിസ്​ട്രിക്ട് സിക്സിന്‍റെ ഭൂപടംതന്നെയാണ്. സന്ദർശകരുടെ കാൽച്ചവിട്ടേറ്റ് നിറം മങ്ങിയ, കീറിത്തുടങ്ങിയ ഭൂപടം! അതിൽ ചവിട്ടി നടക്കവെ അറിഞ്ഞോ അറിയാതെയോ എന്‍റെയും ഉള്ളം തേങ്ങി.

കാഴ്ചക്കാരിൽ ചിലർ അതിലുള്ള ഇടങ്ങൾ പരിശോധിക്കുന്നുണ്ട്. തങ്ങളുടെ പൂർവികരിൽ ആരെങ്കിലുമൊക്കെ ജീവിച്ചിരുന്ന പരിസരങ്ങളാകണം.

‘നിറമുള്ള മനുഷ്യർ’ പിന്നീട് ദക്ഷിണാഫ്രിക്കൻ സംസ്​കാരത്തിന്‍റെ മുഖ്യധാരയിലെങ്കിലും അന്യവത്കരിക്കപ്പെട്ടൊരു സമൂഹമായി അലിഞ്ഞുചേർന്നു. ഒന്നുകിൽ ഏഷ്യക്കാർ, അല്ലെങ്കിൽ ഇന്ത്യക്കാർ. എന്നാൽ അപരരോ? ഇംഗ്ലീഷുകാരും ഡച്ചുകാരും പോർചുഗീസുകാരുമായവർ.

ദക്ഷിണാഫ്രിക്കയിൽ ജനിച്ചുവളർന്ന അവരുടെ പിൻഗാമികൾ ഈ മൂന്നു ധാരകളും ഒന്നിച്ചുചേരുന്ന ‘മുക്കൂട്ട്’ സംസ്​കാരത്തിന്‍റെ സ്രഷ്​ടാക്കളായി. ‘ആഫ്രിക്കാനർ’ എന്ന പേരിൽ അവർ അറിയപ്പെട്ടു. അവർക്കൊരു ഭാഷയുണ്ടായി: ആഫ്രിക്കാൻസ്​! ഇംഗ്ലീഷും പോർചുഗീസും ഡച്ചും അതിനിടയിൽ തദ്ദേശീയരുടെ പ്രധാന ഭാഷയായ സുലുവും ചേർന്ന ഒന്ന്. ആ ഭാഷയിൽ അവർ സംസാരിച്ചു. ഇംഗ്ലീഷ് അക്ഷരമാലകൾകൊണ്ട് അവരതിനു ലിപികൾ സൃഷ്​ടിച്ചു. സാഹിത്യം ചമച്ചു. പുസ്​തകശാലകളിലെല്ലാം ആഫ്രിക്കാൻസ്​ സാഹിത്യം നിരത്തിയിരിക്കുന്ന പ്രത്യേകം ഷെൽഫുകൾ; ഇംഗ്ലീഷാണെന്നു കരുതി നമ്മൾ തെറ്റിദ്ധരിക്കാതിരിക്കാൻവേണ്ടി. ഞങ്ങളുടെ സ്​നേഹിത ഡച്ച് വംശജ എൽമേരി കോപ്ലറും അങ്ങനെയൊരു ആഫ്രിക്കാനറായിരിക്കുന്നു.

ജീവനും കൈയിൽപ്പിടിച്ചുകൊണ്ട് D-6 ഉപേക്ഷിച്ചു പോകാൻ നിർബന്ധിതമായ നിമിഷത്തിൽ ഓരോ കുടുംബത്തിനും അവിടെ ഉപേക്ഷിക്കേണ്ടിവന്നത് എന്തൊക്കെയാവാം? തങ്ങളുടെ വിലപിടിച്ച സമ്പാദ്യങ്ങൾ. ആഭരണങ്ങൾ. വിലപ്പെട്ട രേഖകൾ. വിശേഷവസ്​ത്രങ്ങൾ. അങ്ങനെ എന്തൊക്കെ...

അവിടെ അട്ടിയിട്ടു​െവച്ചിരിക്കുന്ന പെട്ടികളും സ്യൂട്ട്കേസുകളും നമ്മോടു വിളിച്ചുപറയുന്ന സത്യം എന്താവാം? മനുഷ്യജന്മത്തിന്‍റെ വ്യർഥതയോ? നേട്ടങ്ങളുടെ അർഥമില്ലായ്മയോ? അതിനും അതീതമായ മറ്റെന്തെല്ലാമോ? ആർക്കറിയാം!

പുറത്ത് 23 ഡിഗ്രിയിൽ ഉച്ചവെയിൽ. പക്ഷേ ചൂടില്ല. കേരളത്തിലപ്പോൾ 37ഉം 40ഉം ഒക്കെയാണ് ചൂട്.

എങ്കിലും എന്നും 11 മണിക്ക് പതിവുള്ള ഒരു ചായ കുടിച്ചാൽ കൊള്ളാമെന്നുണ്ട്. ദക്ഷിണാഫ്രിക്കയിൽ എത്തിയിട്ടും ഞങ്ങൾ ആ ശീലം തെറ്റിച്ചിരുന്നില്ല. യാത്രക്കിടയിൽ ഷെല്ലിന്‍റെയോ (Shell) എൻജിനിന്‍റെയോ (Engene) ഏതെങ്കിലും പെട്രോൾ പമ്പുകളുടെ കഫേകളിൽ ആ കർമം നിർവഹിച്ചുപോന്നു (ഒരുകാലത്ത് കേരളത്തിലുണ്ടായിരുന്ന ‘ബർമാഷെല്ലി’ന്‍റെ പെേട്രാൾ പമ്പുകൾ വായനക്കാരിൽ ചിലരെങ്കിലും ഓർക്കുന്നുണ്ടാകും).

ഈ ചായകുടി ശീലത്തെക്കുറിച്ച് മുമ്പൊരു യാത്രാപുസ്​തകത്തിൽ ഞാൻ എഴുതുകയുണ്ടായി. തെൽ അവീവിലെ ഹൈഫയിൽ ​െവച്ച് 400 രൂപ മുടക്കി ഒരു കട്ടൻചായ വാങ്ങി ഞാനും ഭാര്യയും ചേർന്നു കുടിക്കാൻ ഇടയായ സംഭവം. അതു വായിക്കാനിടയായ മുണ്ടക്കയംകാരനായ മറ്റൊരു സെബാസ്റ്റ്യൻ ഒരു കിലോ മൂന്നാർ തേയില വാങ്ങി എനിക്കു കൊറിയർ ചെയ്തതിന്‍റെ ഓർമ. അരമണിക്കൂറോളം നീണ്ട വിരസമായ കാത്തിരിപ്പിനൊടുവിൽ വലിയ മൂന്നാല് കൂജകളിൽ ആവി പറക്കുന്ന ടർക്കിഷ് മസാലച്ചായ എത്തി. എനിക്കെന്നാൽ അതിൽ പാൽ ചേർക്കണമെന്ന് വെറുതെ ഒരു നിർബന്ധം. വെയ്ട്രസിനു പക്ഷേ പരാതിയില്ല. ഒരു കോപ്പ നിറയെ തിളച്ച പാലുമായി അവർ എത്തി. പാൽ ആ ചായയുടെ സകല രുചിയും നശിപ്പിച്ചുകളഞ്ഞു. മകന്‍റെ കൂജയിൽനിന്നും പാൽ ചേർക്കാത്ത മസാലച്ചായ രുചിച്ചു നോക്കിയപ്പോഴാണ് ആ വ്യത്യാസം മനസ്സിലാകുന്നത്. അവനവന്‍റെ ഓരോ ദുശ്ശാഠ്യങ്ങൾക്കുള്ള ഫലം. നാക്ക് വെന്തതുമാത്രം മിച്ചം!

കാസിൽ ഓഫ് ഗുഡ്ഹോപ്പിൽനിന്നും അധികം ദൂരത്തല്ല ക്ലൂഫ് സ്​ട്രീറ്റിലുള്ള (Kloof street) മലയ സെറ്റിൽമെന്‍റ് എന്ന് ഒരുകാലത്ത് അറിയപ്പെട്ടിരുന്ന ‘ബോ കാപ്’ (Bo Caap) മ്യൂസിയം. ‘ബോ കാപ്’ എന്ന ഫ്രഞ്ച് വാക്കിന് ‘മനോഹരം’ എന്നേ അർഥമുള്ളൂ. സമുദ്രതീരത്തുനിന്നും അകലെയല്ലാതുള്ളൊരു കുന്നിൻപ്രദേശം. മുസ്​ലിംകൾമാത്രം പാർക്കുന്ന ഒരിടമെന്നു പറഞ്ഞാൽ തെറ്റില്ല. കടുംവർണങ്ങൾ വാരിപ്പൂശിയ ഒറ്റനില വീടുകൾ. ഇടുങ്ങിയ തെരുവുകൾ. പുറം മതിലുകളിൽ ‘ഫ്രീ ഫലസ്​തീൻ’ മുദ്രാവാക്യങ്ങൾ. ചുമലിൽ ഫലസ്​തീൻ പതാക മേൽമുണ്ടുപോലെ പുതച്ചുനീങ്ങുന്നവർ. തെരുവുകളിലെമ്പാടും അലഞ്ഞുനടക്കുകയും, വേഗം കുറക്കുന്ന ഓരോ വണ്ടിക്കരികിലേക്കും ഓടിയടുത്ത് ഭിക്ഷ യാചിക്കുകയുംചെയ്യുന്ന തൊഴിൽരഹിതരായ ചെറുപ്പക്കാർ.

കടൽ അടുത്തായതുകൊണ്ടുതന്നെ പ്രധാന ഉപജീവനമാർഗം മീൻപിടിത്തമാണ്. തയ്യൽക്കാർ, ചെരിപ്പുകുത്തികൾ, നിർമാണ തൊഴിലാളികൾ, മരപ്പണിക്കാർ, കൊല്ലന്മാർ എന്നിങ്ങനെ നീണ്ടതാണ് അവിടത്തെ മറ്റ് തൊഴിൽ മേഖലകൾ. ഏതാണ്ട് ആറായിരത്തോളം ആളുകൾ താമസിക്കുന്ന ഒരു സെറ്റിൽമെന്‍റിന് പുലരാൻ ഇതൊക്കെത്തന്നെ ധാരാളമാണ്.

 

കാസിൽ ഓഫ് ഗുഡ് ഹോപ് –പ്രവേശനകവാടം

1760-1840 കാലഘട്ടത്തിൽ നിർമിച്ച, അന്നത്തെ ‘മലയ ക്വാർട്ടർ’ പ്രധാനമായും മോചിപ്പിക്കപ്പെട്ട അടിമകളുടെയും മുസ്​ലിംകളുടെയും അഭയസങ്കേതമായിരുന്നു. പ്രധാനമായും കേപ് മുസ്​ലിംകളുടെ താവളം. മറ്റൊരു തരത്തിൽ അപ്പുറത്തെ കാസിലിലും ഡി സിക്സ്​ മ്യൂസിയത്തിലും കാണാനിടയായ ചരിത്രത്തിന്‍റെ ഒരു വകഭേദം. അന്നവിടെ (1960ൽ) നടപ്പിൽ വന്ന ഗ്രൂപ് ഏരിയ ആക്ടിന്‍റെ രക്തസാക്ഷികൾ.

‘ബോ കാപ്’ മ്യൂസിയത്തിൽ രസിപ്പിക്കുകയോ ത്രസിപ്പിക്കുകയോ ചെയ്യുന്ന കാഴ്ചകളൊന്നുമില്ല. ഭൂതകാലത്തിന്‍റെ പ്രതാപം വിളിച്ചുപറയുന്ന ചിത്രങ്ങൾ. ചരിത്രത്തിൽനിന്നുമിറങ്ങി വരുന്ന മനുഷ്യർ. പരിശുദ്ധ ഖുർആന്‍റെ പ്രാചീനമായ പതിപ്പുകൾ. പഴയ വെങ്കല പാത്രങ്ങൾ, ഹുക്കകൾ.

തിരിച്ചു ചെല്ലുന്ന ഞങ്ങളെയും കാത്ത് വണ്ടിക്കരികിൽ ഒരു കറുത്ത ചെറുപ്പക്കാരൻ നിന്നിരുന്നു. താൻ ഇത്രനേരവും വണ്ടി സൂക്ഷിക്കുകയായിരുന്നു എന്ന ഭാവത്തിൽ. വണ്ടി പാർക്കു ചെയ്യാൻ ആദ്യം ഞങ്ങൾക്ക് ഇടം കാണിച്ചു തന്നവൻ.

എല്ലാറ്റിനുംകൂടിയുള്ള പ്രതിഫലമായി 10 റാൻഡ് ചോദിച്ചു വാങ്ങിയതിനുശേഷമേ അവിടെനിന്നും വണ്ടിയെടുക്കാൻ അവൻ ഞങ്ങളെ അനുവദിച്ചുള്ളൂ.

(തുടരും)

(കുറിപ്പ്: മ്യൂസൻബർഗ് കലാപം (Battle of Muizenberg): കേപ് കോളനി പിടിച്ചെടുക്കാനായി 1795ൽ ബ്രിട്ടീഷുകാർ നടത്തിയ യുദ്ധം) 

News Summary - Johannesburg Travel