Begin typing your search above and press return to search.

ഒറ്റ ലക്ഷ്യം; ഒരുപാട് കാഴ്ചകൾ

ഒറ്റ ലക്ഷ്യം;   ഒരുപാട് കാഴ്ചകൾ
cancel

പതിനേഴ് പകുതിയിലധികം മനുഷ്യരും മുഴുപ്പട്ടിണിയിൽ കഴിയുന്നൊരു രാജ്യത്ത്, മഹാനഗരങ്ങളിലെ അംബരചുംബികളേക്കാളും കൊട്ടാരക്കെട്ടുകളേക്കാളും ദക്ഷിണാഫ്രിക്കയിൽ ഒരാളെ ഏറ്റവുമധികം ആകർഷിക്കുക അതിന്‍റെ ഭൂപ്രകൃതിതന്നെയാണ്. ഏതു കൊടിയ നിരാശയുടെ നടുവിലും ഒരാൾക്കു ജീവിതത്തെക്കുറിച്ചുള്ള പ്രത്യാശ നൽകുന്നതാണ് ആ ഹരിതഭംഗികൾ. ചക്രവാളം മുതൽ ചക്രവാളം വരെ പരന്നുകിടക്കുന്ന അതിവിസ്​തൃതമായ ആ നാടിന്‍റെ പച്ചപ്പ്, അതിനിടയിൽ ഇനിയും പ്രകൃതിജീവിശാസ്​ത്രജ്ഞന്മാരുടെ സൂക്ഷ്മദർശിനിയിൽപ്പെടാതെ മറഞ്ഞുകിടക്കുന്ന ജീവന്‍റെ തുടിപ്പുകൾ. കൊടുങ്കാറ്റിൽപ്പെട്ട് തീരം കാണാതുഴലുന്ന ഏകാകിയായ നാവികനു മുന്നിൽ...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

പതിനേഴ്

പകുതിയിലധികം മനുഷ്യരും മുഴുപ്പട്ടിണിയിൽ കഴിയുന്നൊരു രാജ്യത്ത്, മഹാനഗരങ്ങളിലെ അംബരചുംബികളേക്കാളും കൊട്ടാരക്കെട്ടുകളേക്കാളും ദക്ഷിണാഫ്രിക്കയിൽ ഒരാളെ ഏറ്റവുമധികം ആകർഷിക്കുക അതിന്‍റെ ഭൂപ്രകൃതിതന്നെയാണ്. ഏതു കൊടിയ നിരാശയുടെ നടുവിലും ഒരാൾക്കു ജീവിതത്തെക്കുറിച്ചുള്ള പ്രത്യാശ നൽകുന്നതാണ് ആ ഹരിതഭംഗികൾ. ചക്രവാളം മുതൽ ചക്രവാളം വരെ പരന്നുകിടക്കുന്ന അതിവിസ്​തൃതമായ ആ നാടിന്‍റെ പച്ചപ്പ്, അതിനിടയിൽ ഇനിയും പ്രകൃതിജീവിശാസ്​ത്രജ്ഞന്മാരുടെ സൂക്ഷ്മദർശിനിയിൽപ്പെടാതെ മറഞ്ഞുകിടക്കുന്ന ജീവന്‍റെ തുടിപ്പുകൾ. കൊടുങ്കാറ്റിൽപ്പെട്ട് തീരം കാണാതുഴലുന്ന ഏകാകിയായ നാവികനു മുന്നിൽ ശുഭപ്രതീക്ഷകളുടെ ഒരു മുനമ്പ്!

കേപ്ടൗണിൽ ഞങ്ങൾ താമസിക്കുന്ന വിക്ടോറിയ ജങ്ഷനിൽനിന്നും മുനമ്പിലെത്താൻ ഒരുപാട് ദൂരമില്ല. ഒന്നര മണിക്കൂർ വരുന്ന ൈഡ്രവേയുള്ളൂ. പൊതുവെ തണുത്തുറഞ്ഞ പ്രഭാതത്തിൽ മഞ്ഞലകൾക്കിടയിലൂടെ വണ്ടിയോടിക്കുക രസകരമായ ഒരനുഭവമാണ്. കുട്ടിക്കാലത്ത്, ആനവണ്ടിയുടെ ഇഴയുന്ന വേഗത്തെ പിന്നിലാക്കിക്കൊണ്ട് ഓടിമറയുന്ന വിളക്കുകാലുകൾ ബാല്യത്തിന്‍റെ വിസ്​മയങ്ങളായിരുന്നെങ്കിൽ, ഇപ്പോൾ, കാറിനുമീതെ കൂടി പിന്നിലലിഞ്ഞ് അപ്രത്യക്ഷമാകുന്ന മൂടൽമഞ്ഞ് ഈ വാർധക്യത്തിലെ അത്ഭുതമാകാത്തത് എന്തുകൊണ്ടാണെന്ന് ആരോടാണ് ഞാൻ ആരായുക?

കേപ്പിലെ പ്രസിദ്ധമായ യൂനിവേഴ്സിറ്റി ഓഫ് കേപ്ടൗണിന് ലോകത്തിലെ ഏറ്റവും മികച്ച അഞ്ഞൂറ് യൂനിവേഴ്സിറ്റികളിൽ 125ാമത്തെ സ്​ഥാനമാണുള്ളത്. അതിന്‍റെ അതിവിശാലമായ കാമ്പസിനെ വലംവെച്ചു പോകുന്ന പാതയോരത്താണ് പ്രസിദ്ധമായ റോഡ്സ്​ മെമ്മോറിയൽ (Rhodes Memorial), ഡെവിൾസ്​ പീക്കിലെ (Devils Peak) കുന്നിൻമുകളിൽ, ഉത്തുംഗമായ സ്​തൂപങ്ങളിൽ യവനശൈലിയിൽ കെട്ടിപ്പൊക്കിയ മെമ്മോറിയലിന്‍റെ ചവിട്ടുപടികളിൽ നിന്നാൽ, താഴെയുള്ള നഗരത്തിന്‍റെ ദൃശ്യഭംഗികൾ കാണാം. ആ നഗരത്തിന്, ഈ കുന്നിൻമുകളിൽ പ്രഭാതവെയിൽ കുളിച്ചുനിൽക്കുന്ന നാല് സഞ്ചാരികളെ കാണാൻ കഴിയില്ലെങ്കിലും!

ഗ്രീക് മിഥോളജിയുമായി ബന്ധപ്പെടുത്തിയാണ് റോഡ്സിന്‍റെ നാമധേയം മനസ്സിൽ ഞാൻ കുറിച്ചിട്ടിരുന്നതെങ്കിലും ആ റോഡ്സായിരുന്നില്ല പക്ഷേ ഈ റോഡ്സ്​. ഇയാൾ സെസിൽ ജോൺ റോഡ്സ്​ (1853-1902). ഇംഗ്ലണ്ടിൽ ജനിച്ച രാഷ്ട്രീയക്കാരനും സാമ്രാജ്യത്വവാദിയും കോളനീകരണത്തിന്‍റെ വക്താവുമായ മനുഷ്യൻ. 1890-96 കാലത്ത് ദക്ഷിണാഫ്രിക്കൻ രാഷ്ട്രീയത്തിലും സാമ്പത്തിക വികസന കാര്യത്തിലും നിർണായക സ്വാധീനം ചെലുത്തിയ വ്യക്തി. വജ്രഖനിയുടമയും പേരുകേട്ട വ്യവസായിയും. അവിടത്തെ വജ്രഖനനത്തിന്‍റെ 90 ശതമാനവും റോഡ്സിന്‍റെ കമ്പനിയുടെ ഉടമസ്​ഥതയിലായിരുന്നു. ഏതു കാലത്തും ഏതു തലമുറക്കും വലിയൊരു പാഠപുസ്​തകമാണ് ആ ജീവിതം. കഠിനാധ്വാനത്തിന്‍റെയും നിശ്ചയദാർഢ്യത്തിന്‍റെയും പ്രതീകം.

പക്ഷേ, നമ്മളറിയുന്ന പ്രസിദ്ധമായ റോഡ്സ്​ യൂനിവേഴ്സിറ്റിയുടെ സ്​ഥാപകനൊന്നുമല്ല സെസിൽ റോഡ്സ്​. യൂനിവേഴ്സിറ്റിയുടെ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലായൊരു ഘട്ടത്തിൽ റോഡ്സ്​ ട്രസ്റ്റിന്‍റെ ഗ്രാന്‍റിനെ നിലനിൽപിനുവേണ്ടി ആശ്രയിക്കേണ്ടിവന്നു എന്നതാണ് അവർ ചെയ്ത പാതകം. പണം മുടക്കുന്നവൻ പാട്ടിന്‍റെ രാഗം തീരുമാനിക്കുന്നു എന്ന ചൊല്ലുപോലെ ഗത്യന്തരമില്ലാതെ യൂനിവേഴ്സിറ്റിക്ക് അതിന്‍റെ പേരുതന്നെ മാറ്റേണ്ടിവന്നു. കാശുകാരന്‍റെ കൈയൂക്കു തന്നെ! ഇപ്പോൾ നമ്മുടെ പത്രങ്ങളിലും റോഡ്സ്​ ഫൗണ്ടേഷന്‍റെ (ഓക്സ്​ഫഡ് യൂനിവേഴ്സിറ്റി) സ്​കോളർഷിപ് വാഗ്ദാനങ്ങൾ ഒരു വമ്പൻ പ്രലോഭനമാണല്ലോ.

റോഡ്സിന്‍റെ അർധകായ പ്രതിമയല്ല, മെമ്മോറിയലിന്‍റെ ചവിട്ടുപടികൾക്കു താഴെ മുന്നോട്ടു കുതിക്കുന്ന അശ്വാരൂഢന്‍റെ വെങ്കലശിൽപമാണ് എന്നെ ആകർഷിച്ചത്. തീക്ഷ്ണമായ സൂര്യപ്രകാശം തന്‍റെ മുഖത്തടിക്കാതിരിക്കാനായി, പുരികങ്ങൾക്കു മീതെ കൈപ്പടംകൊണ്ട് മറതീർത്തു മുന്നേറുന്ന ആ മനുഷ്യന് സെസിലിന്‍റെ മുഖമാണ് ഉള്ളതെന്ന് അവർ പറയുന്നു! പല കോണുകളിൽനിന്നു നോക്കിയിട്ടും വെളിച്ചം നമ്മുടെ കണ്ണുകളിൽ കുത്തിവീഴുന്നതല്ലാതെ പ്രതിമയുടെ മുഖത്ത് പതിക്കുന്നതേയില്ല. ജോർജ് െഫ്രഡറിക് വാട്സ്​ എന്ന ആംഗലേയ ശിൽപിയുടെ പ്രതിഭയെ പ്രണമിക്കാതെ വയ്യ!

സന്ദർശകർ ആരുമില്ലാത്ത റോഡ്സ്​ മെമ്മോറിയലിൽ പ്രവേശനത്തിനു പണം നൽകേണ്ടതില്ല. വേണമെന്നുള്ളവർക്ക് പിന്നാമ്പുറത്തുള്ള വനമേഖലയിലൂടെ ഒരു കാനനസവാരിയാകാം. അവിടെ റസ്റ്റാറന്‍റുകൾ പ്രവർത്തിക്കുന്നുണ്ട്.

മലയുടെ അരക്കെട്ടിനെ വലം​െവച്ചുപോകുന്ന വഴിത്താരയുടെ ഇടതുവശത്ത് താഴെ ജനവാസകേന്ദ്രങ്ങളാണ്. അതിനും താഴെയാണ് വനങ്ങളും കുറ്റിക്കാടുകളും. അപ്പുറത്ത് കടലിന്‍റെ നീല അതിർത്തിരേഖകൾ, പ്രസിദ്ധമായ സൈമൺസ്​ ടൗണും ഒത്തിരി സമുദ്രസഞ്ചാരികളും പര്യവേക്ഷകരും വന്നിറങ്ങിയ സൈമൺസ്​ ബേയും (Simons bay). പാറക്കെട്ടുകൾ അതിരുനിൽക്കുന്ന ബ്ലൂ ലഗൂണുകളും. അവർ ഫാൾസ്​ ബേ (False bay) എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന ചെറുകടലുകൾ. തീരത്തോടു ചേർന്ന് കുറ്റിക്കാടുകൾ. ഇവിടെയാണ് ആഫ്രിക്കൻ പെൻഗ്വിനുകളുടെ ആവാസകേന്ദ്രമായ ബൗൾഡേഴ്സ്​ പെൻഗ്വിൻ കോളനി (Boulders Penguin Colony).

തെക്കേ അമേരിക്കയിലും അന്‍റാർട്ടിക്കയിലും കണ്ടുവരുന്ന പെൻഗ്വിനുകളുടെ വലിപ്പമോ ആകാരഭംഗിയോ ഇവിടെയുള്ള പെൻഗ്വിൻ പക്ഷികളിൽ നമുക്കു കണ്ടെത്താൻ കഴിഞ്ഞില്ലെന്നു വരാം. എങ്കിലും ദക്ഷിണാഫ്രിക്കയിൽ മാത്രം കണ്ടുവരുന്ന, വംശനാശ ഭീഷണി നേരിടുന്ന ഈയിനം പെൻഗ്വിനുകളെ അവയുടെ ആവാസഭൂമിയിൽ നമുക്കു നേരിട്ടു കാണാൻ ഈ കോളനി, അവസരമൊരുക്കുന്നു. അവരുടെ കണക്കുകൾപ്രകാരം ഏതാണ്ട് രണ്ടായിരത്തോളം പക്ഷികൾ, താറാവിൻകുഞ്ഞുങ്ങളെ അനുസ്​മരിപ്പിക്കുന്ന തീരെ ചെറിയ അംഗങ്ങൾ മുതൽ മുതിർന്നവരും മണൽ മാളങ്ങളിൽ മുട്ടയിട്ട് തപസ്സമാധിയിലെന്നോണം അതിനുമീതെ അടയിരിക്കുന്ന അമ്മമാർ വരെയുള്ളവർ. കേരളത്തിലെ കടലോരങ്ങളിൽ കാണാറുള്ളതുപോലെ വെൺമനിറഞ്ഞ മണൽപ്പരപ്പും അതിനുമീതെ പടർന്നുകിടക്കുന്ന അടമ്പിൻവള്ളികളുമെല്ലാം ഇവയുടെ സ്വൈരവിഹാരത്തിനുള്ള ഇടങ്ങളാണ്.

സൈമൺസ്​ ടൗൺ (Simons Town) വഴി മുനമ്പിലേക്ക് പോകുന്ന നീണ്ട ൈഡ്രവിനിടയിൽ പെൻഗ്വിനുകളെപ്പോലെ തന്നെ യൂനിഫോമണിഞ്ഞ മറ്റൊരു കൂട്ടത്തേയും കാണാനിടയായി. ഏതോ സന്യാസസഭയിലെ സന്യാസിനികൾ അവരുടെ സന്യസവസ്​തുവുമണിഞ്ഞ് നീങ്ങുന്ന കാഴ്ചയാണ് പെൻഗ്വിൻ പക്ഷികൾ ഒരുകാലത്ത് എന്നെ ഓർമിപ്പിച്ചിരുന്നതെങ്കിൽ, ഇവിടെയിതാ വേറൊരുകൂട്ടം സഭാസംഘങ്ങൾ. ശിരസ്സുമുതൽ കാൽപാദം വരെ മൂടിക്കിടക്കുന്ന അയഞ്ഞുനീണ്ട വസ്​ത്രമണിഞ്ഞ് മുൾക്കാടുകൾക്കരികിലും പാതയോരത്തും വിജനമായ വഴിയിലുമെല്ലാം. ഈ നീണ്ട യാത്രക്കിടയിൽ ഒന്നിലധികം തവണ ഇക്കൂട്ടരെ പലയിടത്തു​െവച്ചും കാണാനിടയായി. ആഫ്രിക്കയുടെ മാത്രം സ്വന്തമായ നസറേത് ബാപ്റ്റിസ്റ്റ് ചർച്ചിലെ (Nazareth Baptist Church) അംഗങ്ങളാണവർ. പ്രവാചകരായ മോശയിലും യേശുവിലും ബൈബിളിലും വിശ്വസിക്കുന്നവർ.

വിവാദങ്ങൾ സൃഷ്​ടിക്കുന്നതിലും ഇവർ ഒട്ടും പിന്നിലല്ല. 2010ലെ ലോകകപ്പ് ഫുട്ബാളിന്‍റെ സമയത്ത് ഗാലറികളിൽനിന്നും ഉയർന്നുകേട്ട വാവുസേല (Vavuzela) എന്ന കുഴൽവാദ്യം ചിലരെങ്കിലും ഓർക്കുന്നുണ്ടാകും. ആ ‘വാവുസേല’ തങ്ങളുടെ സഭാപരമായ കുഴൽവാദ്യമാണെന്നും ലോകകപ്പിൽ അതിന്‍റെ ഉപയോഗം നിരോധിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഇവർ കോടതിയെ സമീപിക്കുകയുണ്ടായെങ്കിലും അതു ഫലിച്ചില്ല. കത്തുന്ന നട്ടുച്ചക്ക് മരുഭൂമിയുടെ വിജനതയിൽനിന്നുകൊണ്ട് അവർ ആരോട് എന്താണ് വിളിച്ചുപറയുന്നതെന്ന് ആർക്കറിയാം! ആളിപ്പടർന്ന കാട്ടുതീയിൽ വെന്തുപോയ മൊട്ടക്കുന്നുകളുടെ ശിരസ്സുകൾ. മുണ്ഡനം ചെയ്യപ്പെട്ട ശിരസ്സോടെ പാതികത്തിയ മരനിരകൾ. അവക്കരികിൽ അഗ്നിക്കു പൂർണമായും കവർന്നെടുക്കാൻ കഴിയാത്തതിലുള്ള അഹങ്കാരത്തോടെ വഴിയരികിൽനിന്നെത്തിനോക്കുന്ന ഒരു കാറ്റാടി, മരമല്ല; വിൻഡ്മിൽ (Wind Mill).

ഒരുകാലത്ത് ഹോളണ്ടിലെമ്പാടും സർവസാധാരണമായ കാഴ്ചയായിരുന്നു കാറ്റാടിയന്ത്രങ്ങളെങ്കിൽ, ഇന്നത്തെ ഡച്ച് ജനതയുടെ ജീവിതത്തിൽ അവക്കൊരു മ്യൂസിയം പീസിന്‍റെ സ്​ഥാനം മാത്രമേയുള്ളൂവെന്ന് അന്നാട്ടിലൂടെയുള്ള യാത്രകൾക്കിടയിൽ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒരിക്കൽ ആ നാടിന്‍റെ തന്നെ അടയാളമായിരുന്നു കാറ്റാടികൾ. എന്നാൽ, മൂന്നു വർഷങ്ങൾക്കുമുമ്പ് കാട്ടുതീയിൽ കത്തിയമർന്നുപോയൊരു കാറ്റാടിയന്ത്രത്തെ വീണ്ടെടുക്കാൻ കൈയയച്ചു സഹായിക്കുന്നത് അതേ ഹോളണ്ടിലെ ജനങ്ങൾതന്നെയാണെന്ന് ‘മോസ്റ്റേർട്സ്​ മില്ലിന്‍റെ (Mosterts Mill) പുനരുത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന എൻജിനീയറായ ജോൺ പറഞ്ഞപ്പോൾ അത്ഭുതം തോന്നിയില്ല. 1789ൽ നിർമിച്ചതും ഏറ്റവും പഴക്കം ചെന്നതുമായ കാറ്റാടികളിലൊന്നാണ് ‘മോസ്റ്റേർട്സ്​ മിൽ’. ദക്ഷിണാഫ്രിക്കയിലുള്ള അത്തരത്തിൽപ്പെട്ട ഏക കാറ്റാടിയും.

അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്നെങ്കിലും അതിനകത്തും മേൽത്തട്ടിലുമെല്ലാം കയറിക്കാണാൻ അനുവദിക്കുക മാത്രമല്ല, അതിന്‍റെ പ്രവർത്തനം വിശദീകരിച്ചു തരാൻ ജോൺ ഒപ്പം കൂടുകയുംചെയ്തു. വിൻഡ് മിൽ എന്നാൽ ഫാൻപോലെ പുറത്തു കാണപ്പെടുന്ന, കുരിശാകൃതിയിലുള്ള നാല് വലിയ പങ്കകൾ മാത്രമാണെന്നും ശക്തമായ കാറ്റിൽ അവ താനേ കറങ്ങിക്കോളും എന്നുമായിരുന്നു അതുവരെയും എന്‍റെ വിശ്വാസം.

 

ബൗൾഡേഴ്സ്​ പെൻഗ്വിൻ കോളനിയിൽനിന്നുള്ള കാഴ്ച

2021 ഏപ്രിൽ 18നുണ്ടായ കാട്ടുതീ അതിശക്തമായിരുന്നു. ഒപ്പംതന്നെ ദിവസങ്ങളോളം നീണ്ടുനിന്ന കാറ്റ് അതിന്‍റെ തീവ്രത ഇരട്ടിപ്പിക്കുകയുംചെയ്തു. പങ്കകളിൽനിന്നും പടർന്ന തീ താഴെയുള്ള കാബിനിലേക്ക് ഇറങ്ങിച്ചെന്ന്, തടിയിൽ നിർമിച്ച നൂറ്റാണ്ടുകൾ പഴക്കംചെന്ന അതിന്‍റെ യന്ത്രഭാഗങ്ങളെയെല്ലാം ദഹിപ്പിച്ചു കളഞ്ഞു. ഇരുമ്പുകൊണ്ടുള്ള ചങ്ങലകളൊഴിച്ചാൽ പങ്കകളും ചക്രങ്ങളും അവയുടെ കറക്കം എളുപ്പമാക്കുന്ന പൽച്ചക്രങ്ങളുമെല്ലാം തടിയിൽ നിർമിച്ചവയായിരുന്നു. നമ്മൾ വിചാരിക്കുന്നതിനും അപ്പുറം വലുപ്പവും ഭാരവുമുള്ള മരച്ചക്രങ്ങൾ! ജോണും കൂട്ടാളികളും ചേർന്ന് അവയെല്ലാം പുനർനിർമിക്കുകയാണ്. പെരുത്ത ശമ്പളം വാങ്ങി, കോളറുടയാതെനിന്ന് വെറും വാക്ക് പറയാൻമാത്രം നിയോഗിക്കപ്പെട്ട നിരവധി എൻജിനീയർമാരെ നിത്യവും കണ്ടുവരുന്ന നമുക്ക് അറക്കപ്പൊടിയിലും ഗ്രീസിലും മെഴുകിനിൽക്കുന്ന ജോൺ ഒരു വിസ്​മയമാണ്. കാരണം, അയാൾ ഒരു ഡച്ചുകാരനാണ് എന്നതുതന്നെ. ആ പടുകൂറ്റൻ പങ്കകളെ കറക്കി അടിത്തട്ടിൽ കിടക്കുന്ന ധാന്യമണികളെ പൊടിയാക്കി മാറ്റുന്നതാകട്ടെ, ഡച്ചുകാരുടെ പായ്ക്കപ്പലുകളെ കേരളതീരങ്ങളിലെത്തിച്ച ആ ആഫ്രിക്കൻ കാപ്പിരിക്കാറ്റുകൾതന്നെ.

ഈ മില്ലിൽനിന്നു പൊടിച്ചുവിടുന്ന ധാന്യങ്ങൾ ഒരു ബ്രാൻഡ് ഉൽപന്നമായി വിപണികളെ കീഴടക്കിയ ഒരു കാലമുണ്ടായിരുന്നു. വില അൽപം കൂടുതലാകുമെങ്കിലും മോസ്റ്റേർട്സ്​ മില്ലിന്റെ പ്രതാപകാലവും വീണ്ടെടുത്തേക്കുമെന്നു കരുതാം. ഇനിയൊരു ഡോൺ കിക്സോട്ടും തീയുടെ രൂപത്തിൽ ഈ കാറ്റാടിയന്ത്രത്തിനെതിരെ യുദ്ധപ്രഖ്യാപനവുമായി വരാതിരിക്കട്ടെയെന്നും! ദക്ഷിണാഫ്രിക്കൻ നാവികസേനയുടെ ഹെഡ്ക്വാർട്ടേഴ്സാണ് സൈമൺസ്​ ടൗൺ! അതിനാലാണോ എന്നറിയില്ല, പതിവിനു വിപരീതമായി മൂന്നു സേനാവിഭാഗങ്ങളുടെയും മേധാവിമാരുടെ ഒന്നിച്ചുള്ള ചിത്രങ്ങൾ പലയിടങ്ങളിലായി വിളക്കുകാലുകളിൽ പ്രദർശിപ്പിച്ചിരിക്കുന്നതു കണ്ടു. നിയമിക്കപ്പെടുമ്പോഴും വിരമിക്കുമ്പോഴും മാത്രമാണല്ലോ നാം നമ്മുടെ സേനാമേധാവികളുടെ ചിത്രങ്ങൾ സാധാരണയായി കാണാറ്! അവിടെയും ഒരു മ്യൂസിയമുണ്ടായിരുന്നു. അവരുടെ വാർ മ്യൂസിയം. അതിനോടകംതന്നെ ഒന്നിലധികം വാർ മ്യൂസിയങ്ങൾ കണ്ട് മനസ്സുമടുത്തിരുന്നതിനാൽ ആ വഴി പോകണമെന്നേ തോന്നിയില്ല. നമുക്ക് എന്നാണിനി പട്ടിണിക്കാരന്‍റെയും പാവപ്പെട്ടവന്‍റെയും അതിജീവനത്തിന്‍റെ ചരിത്രം പറയുന്ന ഒരു മ്യൂസിയം കെട്ടിപ്പൊക്കാൻ കഴിയുക?

പിന്നീടുള്ള പത്തു കിലോമീറ്റർ അവസാനിക്കുന്നിടത്ത് കേപ് ഓഫ് ഗുഡ്ഹോപ്പിലേക്ക് സന്ദർശകരെ സ്വാഗതംചെയ്തുകൊണ്ടുള്ള കൂറ്റൻ കവാടം ഉയർന്നുനിൽക്കുന്നു. അവിടുന്നങ്ങോട്ട് പർവതപംക്തികളുടെയും അവക്ക് വളമിടുന്ന കുറ്റിക്കാടുകളുടെയും സ്വഭാവം മാറുന്നു. അവ കുറെക്കൂടി ദുർഗമങ്ങളും നിബിഡവുമാകുന്നു. ബബൂൺ കുരങ്ങുകളുടെ ചെറിയ കൂട്ടങ്ങൾ നമ്മെ കടന്നുപോകുന്നു. അവക്ക് തീറ്റ നൽകുന്നതും അവയുമായി ഇടപഴകാൻ ശ്രമിക്കുന്നതും അപകടകരമാണെന്നു കാണിക്കുന്ന മുന്നറിയിപ്പ് ബോർഡുകൾ. വഴിയരികിൽ, കൊടുംപാതയോരത്ത്, വെള്ളമോ വെളിച്ചമോ എത്തിച്ചേരാത്ത ഒരിടത്ത് വനപാലകനു താമസിക്കാനുള്ള, ഒരു നൂറ്റാണ്ടു പഴക്കമുള്ള ഒറ്റമുറി വീട്. അതിനു മുന്നിൽ ഉപേക്ഷിക്കപ്പെട്ട ശിലാവിഗ്രഹംപോലൊരു മനുഷ്യനും. എത്രയോ കാലമായി അയാൾ അവിടെയിരുന്ന് ഉണങ്ങുന്നതാകണം!

കണ്ടുകണ്ടിരിക്കെ പെട്ടെന്ന് വെയിൽ മാഞ്ഞു. വീശിയടിക്കാൻ തുടങ്ങിയ ശീതക്കാറ്റിൽ പുകമഞ്ഞിന്‍റെ വലിയ ഒരാവരണം ഞങ്ങളുടെ വാഹനത്തെ വന്നു വിഴുങ്ങി. പിന്നീട് അതു സാവധാനം പിന്നിലേക്ക് പറന്നകന്നു. മറ്റൊരിടത്ത് വീണ്ടും മഞ്ഞ് വന്നുമൂടുന്നു. വെയിലിൽ മഞ്ഞിൻമറ മായുന്നു. താഴ്വരകളെ വെളുത്ത കടൽപോലെ മഞ്ഞിന്‍റെ തൂവലുകൾ പൊതിയുന്നു. മനോഹരവും സ്വപ്നസമാനവുമായ ഒരനുഭവത്തിലൂടെ മനസ്സ് ഊളിയിടുന്നു.

‘‘കേപ്പിലെ കാലാവസ്​ഥയുടെ പ്രത്യേകതയാണത്. എപ്പോൾ വേണമെങ്കിലും മാറിമറിയാം.’’ മകൻ പറഞ്ഞു.

ആ മാറ്റം തിരിച്ചറിഞ്ഞിട്ടാണോ എന്നറിയില്ല, കാളക്കുട്ടികളുടെ വലുപ്പമുള്ള ബബൂൺ കുരങ്ങുകളുടെ ഒരു സംഘം താഴ്വരകൾ വിട്ട് മുകളിലുള്ള കുറ്റിക്കാടുകളിലേക്ക് ഓടിമറയുന്നതു കണ്ടു.

മഞ്ഞ് മാറി. പെട്ടെന്ന് വെയിൽ തെളിഞ്ഞു.

‘‘നമ്മൾ കേപ്പിൽ എത്താറായി.’’

റോഡിൽ വാഹനങ്ങളുടെ തിരക്ക് കൂടിവന്നു. കേപ്പിൽനിന്നു മടങ്ങുന്നവരും അവിടേക്ക് പോകുന്നവരും.

ഇന്ത്യൻ മഹാസമുദ്രവും അറ്റ്​ലാന്‍റിക് സമുദ്രവും തമ്മിൽ മുത്തമിടുന്ന കേപ്. കേപ്പിലെ ഉയർന്ന മലയുടെ മുകളിൽ കയറിനിന്നു നോക്കിയാൽ ആ രണ്ടു മഹാസമുദ്രങ്ങൾ തമ്മിലുള്ള ആശ്ലേഷം തിരിച്ചറിയാൻ കഴിയുമ​േത്ര! ഇന്നാകട്ടെ ഇന്ത്യൻ സമുദ്രം പൊതുവെ പ്രക്ഷുബ്ധമാണ്.

‘‘എവിടെ മഡഗാസ്​കർ?’’

എന്‍റെ ചോദ്യം അതായിരുന്നു.

മുനമ്പിൽനിന്ന് ഒരു പോൾവാൾട്ടിൽ കുത്തിച്ചാടിയാൽ ചെന്നുനിൽക്കാൻ കഴിയുന്ന ഒരിടമായിരുന്നല്ലോ മഡഗാസ്​കർ നമ്മുടെ രാഷ്ട്രീയ ഭൂപടങ്ങളിൽ!

‘‘അച്ഛനിപ്പൊഴും എഡിസൺ സാറിന്‍റെ സോഷ്യൽ സ്റ്റഡീസ്​ ക്ലാസിൽനിന്നും പുറത്തുകടന്നില്ലേ?’’

മകന്‍റെ സ്​നേഹം നിറഞ്ഞ പരിഹാസം.

‘‘അച്ഛന് ആദ്യം കാണേണ്ടത് ഏതാണ്? കേപ്പോ അതോ മഡഗാസ്​കറോ? രണ്ടാമത്തേതിനാണെങ്കിൽ ഇവിടെനിന്നും രണ്ടു മൂവായിരം കിലോമീറ്റർ ദൂരമുണ്ട്.’’

റോഡിൽനിന്നും വലത്തേക്ക് ഒതുക്കി അവൻ വണ്ടിനിർത്തി.

‘‘ഇറങ്ങിക്കോ; നമ്മൾ കേപ്പിൽ എത്തിക്കഴിഞ്ഞു.’’

ദൈവമേ!

എത്രയോ ആയിരം കിലോമീറ്ററുകൾ താണ്ടി അവസാനം ഞാനിതാ ശുഭപ്രതീക്ഷകളുടെ ആ മുനമ്പിൽ എത്തിച്ചേർന്നിരിക്കുന്നു! എന്നെ ഇവിടെ കൊണ്ടെത്തിച്ച ആ മഹാകാരുണ്യത്തെക്കുറിച്ച് ഓർത്തപ്പോൾ മഞ്ഞുകാറ്റിലും എന്‍റെ കണ്ണുകൾ നനഞ്ഞു! ബർത്തലോമിയോ ഡയസും വാസ്​കോ ഡ ഗാമയും തുടങ്ങി നമ്മുടെ അഭിലാഷ് ടോമിയും ഉൾ​െപ്പടെയുള്ളവർ കപ്പലോട്ടിപ്പോയ ആ കടൽ മുന്നിൽ നിസ്സാരനായ ഈ ഞാനും!

“CAPE OF GOOD HOPE” The most South-Western Point of the African Continent എന്നിങ്ങനെ രേഖപ്പെടുത്തി​െവച്ചിരിക്കുന്ന ഫലകത്തിനു മുന്നിൽനിന്നെടുത്ത ചിത്രങ്ങൾ മാത്രമാണ് ഇനി ഓർമയുടെ പുസ്​തകത്തിൽ ബാക്കിയുണ്ടാവുക.

മുനമ്പിൽ സഞ്ചാരികളുടെ തിരക്ക് വർധിച്ചുവന്നു. വാഹനങ്ങളും മനുഷ്യരും.

ആപൽക്കരമാകയാൽ പ്രവേശനം വിലക്കിയ മലയുടെ മുകളിലേക്ക് ആരെല്ലാമോ കയറിപ്പോകുന്നതു കാണാം. കുറേ ഉയരം വരെ വീതികുറഞ്ഞ കൽപ്പടവുകളുണ്ട്. പിന്നെയങ്ങോട്ട് പ്രകൃതിയും കാലവും കല്ലിന്മേൽ കല്ലു​െവച്ച് പണിതുയർത്തിയ പാറക്കെട്ടുകളാണ്. ജിജോയും നന്മയും കൂടി കുറേ പടവുകൾ മുകളിലേക്ക് കയറി, പ്രവേശനം വിലക്കിയ മുള്ളുവേലികൾക്കടുത്തുവരെ. കാരണം, ഇനിയൊരിക്കൽക്കൂടി ഒരവസരം വീണുകിട്ടുമെന്ന് പ്രതീക്ഷിക്കാൻ വയ്യല്ലോ!

 

കത്തിയമർന്ന വിൻഡ്മിൽ പുനരുദ്ധരിച്ചപ്പോൾ

ഞാനും നന്മയും അവിടെനിന്നും ഓരോ വെള്ളാരങ്കല്ലുകൾ പെറുക്കിയെടുത്തു. എത്രയോ നൂറ്റാണ്ടുകളുടെ കാലപ്പഴക്കങ്ങൾ ചേർന്ന് മിനുസപ്പെടുത്തിയെടുത്ത കല്ലുകൾ. പ്രത്യാശകളുടെ മുനമ്പിലെത്തി നിൽക്കാൻ കഴിഞ്ഞ ഹൃദയഹാരിയായ ആ നിമിഷത്തിന്‍റെ നിത്യമായ ഓർമക്ക്!

തിരിച്ചു പോരാനൊരുങ്ങുമ്പോൾ വളരെ യാദൃച്ഛികമായിട്ടായിരുന്നു കടലോരത്തെ കറുത്ത പാറക്കെട്ടുകളിൽ വെയിൽ കാഞ്ഞുകിടക്കുന്ന ഏതോ ജീവികളുടെ ചലനങ്ങൾ ശ്രദ്ധയിൽപെടുന്നത്. ഏതാനും ദിവസങ്ങൾക്കു മുമ്പ് ഡർബനിലെ ‘ഉഷാകാ മറൈൻ വേൾഡി’ൽ വിലകൂടിയ ടിക്കറ്റുകളെടുത്ത് ഞങ്ങൾ ഇവയുടെ അഭ്യാസപ്രകടനങ്ങൾ കാണുകയുണ്ടായി. ആ സീലുകൾ (Zeal)! ഇതാ അവയുടെ സ്വന്തം ആവാസഭൂമിയിൽ, പാറപ്പുറത്ത് വെയിലിൽ കെട്ടിമറിഞ്ഞ് ഉല്ലസിക്കുന്നു. തെല്ലകലെ ആഫ്രിക്കൻ പെൻഗ്വിനുകൾ, നീർക്കാക്കകൾ. നമ്മുടെ കടലോരങ്ങളിൽനിന്നും എന്നോ അപ്രത്യക്ഷമായ താറാവിനെ അനുസ്​മരിപ്പിക്കുന്ന കടൽക്കാക്കകൾ, ദേശാടനപ്പക്ഷികൾ...

നന്മയുടെ കാമറ അവയെ പകർത്തിയെടുക്കാൻ മറന്നില്ല. ഇന്ത്യൻ സമയം നാലുമണിയോടടുക്കുന്നു. രാവിലെ ഹോട്ടലിൽനിന്നു കഴിച്ച പ്രഭാതഭക്ഷണത്തിന്‍റെ ബലത്തിലായിരുന്നു ഇതുവരെയും. പിന്നെ കൂടെ കരുതിയ കുപ്പിവെള്ളവും.

വെസ്റ്റ് ലെയ്കിലെ (West Lake) കടലോരത്തുകൂടിയുള്ള മടക്കയാത്ര അതിന്‍റെ ആസ്വാദ്യതകൊണ്ട് കുറച്ചുനേരത്തേക്ക് വിശപ്പിനെ പിടിച്ചുനിർത്തി. മലനിരകളുടെ അരക്കെട്ടിനെ കെട്ടിപ്പിടിച്ചു വട്ടംചുറ്റിപ്പോകുന്ന ഞെട്ടിപ്പിക്കുന്ന ൈഡ്രവുകൾ. എങ്കിലും മനോഹരങ്ങളായ വഴിത്താരകൾ. കോളനിവത്കരണത്തിന്‍റെയും അപ്പാർതൈറ്റിന്‍റെയും പേരിൽ വെള്ളക്കാരനെ കുറ്റം പറയുമ്പോഴും, അവർ കണ്ടെത്തുകയും രൂപകൽപന ചെയ്യുകയുംചെയ്ത ഇടങ്ങളും അവിടെ എത്തിച്ചേരേണ്ട മാർഗങ്ങളും വിസ്​മയകരംതന്നെ.

 

ഗുഡ്ഹോപ് മുനമ്പിൽ ലേഖകനും ഭാര്യയും

കേപ്പിലെ ബേ ഹാർബറിലുള്ള (Bay Harbour) കാൽകിലെ (Kalk) മീൻമണമുള്ള റസ്റ്റാറന്‍റിലെ മീൻവിഭവങ്ങൾ കൂട്ടിയുള്ള ഉച്ചഭക്ഷണം. റസ്റ്റാറന്‍റിൽ തിരക്കില്ലെങ്കിലും വിശന്നു പൊരിഞ്ഞു ചെല്ലുമ്പോൾ ഭക്ഷണത്തിനുവേണ്ടിയുള്ള കാത്തിരിപ്പാണു ദുസ്സഹം. ലൈൻഫിഷ് (Line fish), സാൽമൺ, ഒമസല എന്നിവയാണ് പ്രധാന വിഭവങ്ങൾ. പുറത്തെ ഹാർബറിൽനിന്നും അകത്തെ പാചകപ്പുരയിൽനിന്നും ഒരേപോലെ മീൻമണമുയർന്നപ്പോൾ എന്‍റെ ഭാര്യ അസ്വസ്​ഥത പ്രകടിപ്പിക്കാൻ തുടങ്ങി. പിടിയില്ലാത്തൊരു വാൾ അവരുടെയുള്ളിൽ ഉറയൂരാൻ തുടങ്ങുന്നു. കൂന്തൾകൊണ്ടുള്ള വിഭവവും ഫിങ്കർചിപ്പ്സും ഒരേപോലെ പുഴുങ്ങി​െവച്ചിരിക്കുന്നു. ഹാക്ക് മത്സ്യം ഏത്തപ്പഴം പൊരിക്കുന്നതുപോലെ മാവിൽ മുക്കി പൊരിച്ചു​െവച്ചിരിക്കുന്നു. അതിനോടൊപ്പം ലൈൻഫിഷ് അപ്പാടെ വേവിച്ചെടുത്തതും.

കത്തിനിന്ന വിശപ്പ് അതോടെ കെട്ടടങ്ങി. അന്യനാട്ടിൽ ചെന്നാൽ അവിടത്തെ ഭക്ഷണരീതിയുമായി പരിചയപ്പെട്ടിരിക്കണമെന്ന ന്യായവാദവും. ബില്ലും ഗ്രാറ്റ്വിറ്റിയും കൊടുത്ത് മടുപ്പോടെ പുറത്തിറങ്ങി. ഹാർബർ ബേയിൽ കരുമാടിക്കുട്ടന്മാർ നീന്തിത്തിമിർക്കുന്നു. ഉച്ചവെയിലിൽ അവരുടെ ശരീരങ്ങൾ എണ്ണയിട്ടതുപോലെ തിളങ്ങുന്നു.വെസ്റ്റ് ലേക്കിലെ കടലോര വസതികൾക്ക് വിസ്​മയിപ്പിക്കുന്ന ഭംഗിയുണ്ട്; അവിടത്തെ കടലോരക്കാഴ്ചകൾക്കും. ഒരു നാടിനെക്കുറിച്ചും അവിടത്തെ മനുഷ്യരെക്കുറിച്ചും പാഠപുസ്​തകങ്ങൾ നിറയെ അബദ്ധവിശേഷങ്ങൾ എഴുതി​െവച്ചു പഠിപ്പിച്ചു തന്നവർക്ക് എവിടെനിന്നുമാണ് ആ വിവരങ്ങളെല്ലാം വീണുകിട്ടിയത്? അന്ധന്മാരുടെ ഐതിഹ്യമാലയിൽനിന്നോ, അതോ വണക്കമാസ പുസ്​തകങ്ങളിലെ ദൃഷ്​ടാന്ത കഥകളിൽനിന്നോ?

(തുടരും)

News Summary - Johannesburg Travel